Image

ഓര്‍മ്മയിലെ കടത്തുകാരന്‍ (ബിന്ദു ടിജി)

Published on 04 September, 2018
ഓര്‍മ്മയിലെ കടത്തുകാരന്‍ (ബിന്ദു ടിജി)
സ്മൃതിപഥത്തില്‍ കുഞ്ഞു നുള്ളുകള്‍ തരുന്ന പനിനീര്‍ മുള്ളുകള്‍ ഉണ്ട്, ഓര്‍മ്മകളുടെ പടവുകള്‍ ഭാരമില്ലാതെ ഊര്‍ന്നിറങ്ങാന്‍ എന്നെ നിര്‍ബന്ധിക്കുന്ന നോവുകള്‍. പണ്ട് മനസ്സ് മഥിച്ച ഒരു ഗാനം അല്ലെങ്കില്‍ പഴയ സഹപാഠികളുടെ വാട്‌സ് ആപ്പ് സന്ദേശം അങ്ങനെ പോകും ആ നുള്ളുകള്‍. ഒരു ദിവസം അമ്മ യുടെ ഫോണ്‍ വിളി യാണ് ആ കുഞ്ഞു നോവായി എന്നെ വിളിച്ചുണര്‍ത്തിയത് .

അമ്മ വീട് ഭാഗം വെക്കാന്‍ തീരുമാനിച്ചു . ഒന്നുകില്‍ പ്ലോട്ട്കളായി മുറിച്ചു വില്‍ക്കാം അല്ലെങ്കില്‍ ഒന്നിച്ചു ആര്‍ക്കെങ്കിലും വാങ്ങാം. 

അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ അങ്ങനെ തല്ലും വഴക്കും കൂടാതെ അതവസാനിച്ചു. 

ഇനി വാങ്ങാന്‍ ഒരാള്‍ വന്നാല്‍ കൊടുത്തു കയ്യൊഴിക്കണം. തിരിഞ്ഞും മറിഞ്ഞും എങ്ങനെയോ അമ്മയുടെ പേരില്‍ ആയി പോയ ഇരുപത്തിയഞ്ചു സെന്റ് സ്ഥലം, ഒരു കൊച്ചു വീട,് അതിനോട് ചേര്‍ന്ന് കഷ്ടി ഒരു ഏക്കറോളം വരുന്ന തെങ്ങിന്‍ തോപ്പും പഴയ നെല്‍ വയലും. 

അമ്മക്ക് അത് ഒരു വെറും കയ്യൊഴിയാല്‍ ആയതെങ്ങനെ? അറിയാതെ ഒരു ചോദ്യം എന്നില്‍ നിന്ന് വീണു 

'ഇപ്പൊ ഭൂമിക്കു അവിടെ എന്ത് വിലയുണ്ട്'?
എല്ലാം നഷ്ടപ്പെടുന്നു എന്ന് പറയുമ്പോള്‍ ഒരു വിഷമം .കാത്തു നില്‍ക്കേണ്ടി വന്നില്ല മറുചോദ്യം കിട്ടി
'അത് എന്റെ വീടല്ലേ നിനക്കെന്തിനാ വിഷമം?' . 

ചോദ്യങ്ങള്‍ക്കൊണ്ട് ഉത്തരം തുന്നാന്‍ 'അമ്മ പണ്ടേ മിടുക്കി. ഞങ്ങള്‍ സമാന്തര രേഖകള്‍. 

തുറന്ന ചോദ്യം അവിടെ നിര്‍ത്തി കുശലം പറഞ്ഞു ഫോണ്‍ വെച്ചു. അറിയാതെ ഞാന്‍ അപ്പൂപ്പന്‍ താടിയായി പറന്നിറങ്ങി നീറി നീലിച്ച ഓര്‍മ്മകളിലേയ്ക്ക് 

ഒരു പുഴയോരത്തായിരുന്നു അമ്മ വീട്. പുറകില്‍ മനോഹരമായ നെല്‍വയല്‍ അതിനോട് ചേര്‍ന്ന് തെങ്ങിന്‍ തോപ്പ്, പുഴയില്‍ നിന്നും കൈവഴിയായി തളര്‍ന്നൊഴുകുന്ന ചെറു തോടുകള്‍. വേലി പത്തലുകളില്‍ ഊഞ്ഞാലാടുന്ന കുഞ്ഞു തുമ്പികള്‍

ഇങ്ങനെ പ്രകൃതി അവളുടെ ചിത്രകലാചാതുര്യം പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത കൊച്ചു പ്രദേശം.

അംഗസംഖ്യ കൂടിയ, ഒരു മുന്തിയതെന്ന് ജനം പറയുന്ന തറവാട്ടിലെ മൂത്ത പുത്രിയായിരുന്നു എന്റെ അമ്മ. പിന്നാലെ അമ്മാവന്മാര്‍ ചെറിയമ്മമാര്‍. ആത്മാഭിമാനത്തില്‍ എത്ര പൊതിഞ്ഞാലും മുഴച്ചു നില്‍ക്കുന്ന ദാരിദ്ര്യം.
അത് കഞ്ഞി മുക്കി വടിവൊപ്പിച്ച കോട്ടണ്‍ സാരികളില്‍ പൊതിഞ്ഞു മറക്കാന്‍ ചെറിയമ്മമാര്‍ നന്നേ പാടുപെട്ടു.

അവിടെ ആദ്യത്തെ പേരക്കുട്ടിയായി ഞാന്‍ അപ്പൂപ്പന്റെ സ്വന്തം 'തത്തക്കിളി'.

അപ്പൂപ്പനെ പാടത്തും പറമ്പിലും സഹായിച്ച കോരന്‍ അപ്പൂപ്പന്‍ ആണ് ആദ്യം എന്നെ തത്തക്കിളി എന്ന് വിളിച്ചതത്രെ. 

പിന്നെ അപ്പൂപ്പനും അത് പതിവാക്കി. ആ വീട്ടില്‍ എന്തോ മെയ്യഴകുള്ള ചെറിയമ്മമാരേക്കാള്‍, സദാ ദുരിതം പിറുപിറുക്കുന്ന അമ്മൂമ്മയെക്കാള്‍ ഞാന്‍ ഈ രണ്ടു അപ്പൂപ്പന്‍മാരുടെ കൂടെ എന്റെ പകലുകള്‍ ചിലവഴിച്ചു. വാഴത്തേനും, കരിക്കുവെള്ളവും ഇളം തേങ്ങയും ഇത് എന്റെ തത്തക്കിളിക്ക് എന്ന മുഖവുരയോടെ ചെളിപുരണ്ട കൈകള്‍ കൊണ്ട് കോരന്‍ അപ്പൂപ്പന്‍ എനിക്ക് സമ്മാനിക്കുമായിരുന്നു.

'പെണ്ണ് സ്ഥിരം പാടത്തും പറമ്പിലും അയാളുടെ കൂടെയാ. വന്നു വന്നു അവള്‍ക്കിപ്പോ അയാളുടെ നാറ്റം കൂടിയായി' .
ആഴ്ചയുടെ അവസാനം എന്നെ കാണാന്‍ വരുന്ന അമ്മയോട് ചെറിയമ്മമാര്‍ ബോധിപ്പിക്കും.

എന്റെ അമ്മയിലും ചെറിയമ്മമാരിലും ഒന്നും കാണാത്ത വാഴത്തേന്‍ മധുരമുള്ള സ്‌നേഹം ഞാന്‍ കോരന്‍ അപ്പൂപ്പനില്‍ കണ്ടിരുന്നു.

അമ്മയ്ക്ക് ജോലിക്കു പോകാന്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഞാന്‍ അപ്പൂപ്പന്റെ വീട്ടില്‍ താമസിക്കും. വെള്ളിയാഴ്ചകള്‍ എനിക്ക് പേടിസ്വപ്നം. അമ്മ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍. വരും. 

'ഞാന്‍ ഒരു നല്ല കുട്ടിയല്ല' എന്ന് ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ തുടര്‍ച്ചയായി കേള്‍ക്കേണ്ടി വരും. മറ്റൊരു കടമ്പ ബസ് സ്റ്റോപ്പ്ല്‍ എത്താനുള്ള ദുഷ്‌കരമായ നടത്തം.
ചെറുതോടു മുറിച്ചു കടക്കല്‍ എന്ന ഭീകര പ്രക്രിയ. തോടിനു കുറുകെ ഒരു കാല്‍ മാത്രം വെക്കാന്‍ ഇടമുള്ള ഒരു തെങ്ങിന്‍ തടി ഇട്ടിരിക്കും . അതില്‍ ചവുട്ടി ഒരു സര്‍ക്കസ്സ് കാരന്റെ പാടവത്തോടെ മറുകര എത്തണം
അമ്മയും ചെറിയമ്മമാരും നിഷ്പ്രയാസം ചെയ്യുന്ന ഒരു കടത്ത് . ഈ കുഞ്ഞുടുപ്പുകാരിക്ക് പേടിസ്വപ്നം . വെറും നാല് അടി മാത്രം വെള്ളമുള്ള ആ കൊച്ചു തോട്ടില്‍ വീണാലും ഒന്നും സംഭവിക്കാനില്ല എന്ന് അവര്‍ക്കറിയാം.
പക്ഷെ താഴോട്ട് നോക്കുമ്പോള്‍ കാണുന്ന മരണക്കിണര്‍ എന്നെ അന്ധയാക്കും . 

മോള് കരയേണ്ട 'അമ്മ കൈ പിടിക്കാം' എന്ന് അമ്മയോ ..സാരല്യ ചെറിയമ്മ ഉണ്ടല്ലോ 'പൊന്നുമോള് വന്നോളൂ ' എന്ന് ചെറിയമ്മയോ സൗമ്യമായി പറയില്ല. 

അച്ഛനുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ പറയുമായിരുന്നോ. അറിയില്ല അമ്മയും അച്ഛനും കൂടെ നടന്നു കണ്ടിട്ടില്ല.
എപ്പോഴോ ആ പ്രകൃതി രമണീയമായ പാടവരമ്പത്തു ഉച്ചയൂണിനു ശേഷം അച്ഛന്‍ പോയി കിടന്നു. അതുകണ്ട ഒരു സാമൂഹ്യ പ്രമാണി അമ്മയെ കളിയാക്കി. ഭര്‍ത്താവു പാടവരമ്പത്തു ഭ്രാന്തനെപ്പോലെ കിടക്കുന്നു . 

അതിനുശേഷം അമ്മയും ചെറിയമ്മമാരും ഒറ്റ കെട്ടായി. മേലാല്‍ ഞങ്ങള്‍ക്കൊപ്പം വേണ്ട. ആ കാര്യം പരിഹാസച്ചുവയില്‍ ആവര്‍ത്തിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (സദാ സമയവും പുസ്തകം വായിക്കുക. രാത്രി ഇരുന്നെഴുതുക, നാടകം കാണുക ഇങ്ങനെ അച്ഛന്‍ ചെയ്യുന്ന പലതും. തറവാട്ടില്‍ പിറന്നവര്‍ക്കു ചേര്‍ന്ന കാര്യമല്ല എന്ന് മാത്രം എനിക്കന്ന് മനസ്സിലായി. 

പിന്നീടെപ്പോഴോ അതേപ്പറ്റി ചോദിച്ചപ്പോള്‍ അന്ന് ഉച്ചക്ക് അപ്പൂപ്പനോടൊത്തു സേവിച്ച മധുര കള്ളിന്റെ ആലസ്യത്തില്‍ തെങ്ങോലകളുടെ തണലില്‍ പുഴയുടെ സ്വരം കേട്ട് അല്‍പനേരം സ്വസ്ഥമായി ഇരിക്കാന്‍ പോയതാണെന്നും അന്ന് മലയാള നാട് എന്ന വാരികയിലേക്കു ഒരു കഥ എഴുതുക യായിരുന്നു എന്നും അച്ഛന്‍ എന്നോട് പറഞ്ഞു).

ഞാന്‍ തോടിനടുത്ത് നിന്ന് വാവിട്ടു കരയും 'അമ്മ നിര്‍ത്താതെ ശകാരിക്കും
'നിനക്ക് ഇങ്ങോട്ടു നടന്നാല്‍ എന്താടീ' എന്ന് ചെറിയമ്മയും ചോദിക്കും ഒടുവില്‍ ഇരുട്ടില്‍ ഞാനൊരു നടത്തം.
എങ്ങനെയോ മറുകര എത്തും .'ഇപ്പോേ നീ നടന്നു കയറിയലോ, അപ്പൊ ഒക്കെ നിന്റെ അടവായിരുന്നു'എന്ന് 'അമ്മ. 

അതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും എനിക്ക് പിടി കിട്ടില്ല. മരണക്കിണര്‍ ഞാന്‍ കാണുന്നതുകൊണ്ട് മാത്രമാണ് ഞാന്‍ കരയുന്നത്. അവരെ പോലെ ധീരയായ് നടന്നു മറുകര പറ്റാന്‍ എനിക്കും കൊതിയുണ്ട്.

അമ്മയും ചെറിയമ്മയും അവരുടെ ലോകത്തു വര്‍ത്തമാനങ്ങളായി നടക്കും.
ഒപ്പം പിന്നാലെ ഓടിയെത്താന്‍ ഞാനും പാടുപെടും . ഇടയിലുള്ള തോടുകള്‍, കരഞ്ഞും പേടിച്ചും നടന്നു കടക്കും.

പതിവുപോലെ ഒരു വെള്ളിയാഴ്ച . തോട്ടുവക്കില്‍ ഞാന്‍ നിലയുറപ്പിച്ചു
വാവിട്ടു കരച്ചിലും. അമ്മയും ചെറിയമ്മയും മറുകര എത്തി. അമ്മയുടെ പതിവ് ശകാരം. ചെറിയമ്മയുടെ ചിരി. 

പ്രതീക്ഷിക്കാതെ ഒരു മനുഷ്യന്‍ തലയില്‍ നെല്ല് നിറച്ച ചാക്കും കയ്യില്‍ ഒരു നേന്ത്രക്കുലയും ആയി എതിരെ വരുന്നു. ഞാന്‍ നോക്കി നില്‍ക്കെ ഈ ഭാരവും എടുത്തു ഒറ്റയടി തടിപ്പാലം ഓടി മറുകര എന്റെ അടുക്കല്‍ എത്തി .
'ആ അപ്പൂപ്പന്റെ തത്തക്കിളി എന്തിനാ കരയുന്നേ
മുട്ടിപ്പാലം കടക്കാന്‍ എന്തിനാ പേടിക്കണേ? 

തത്തക്കിളി കണ്ടോ ഇപ്പൊ ഒരു സൂത്രം കാട്ടിത്തരാം' . കോരന്‍ അപ്പൂപ്പന്‍. എന്റെ അടുത്ത് ആ നെല്ലിന് ചാക്കും നേന്ത്രക്കുലയും വെച്ചു . എന്നെ പൊക്കിയെടുത്തു
ഒരു ഓട്ടം.. ആ മുട്ടിപ്പാലത്തിലൂടെ. ഒരു നിമിഷം കൊണ്ട് മറുകരയെത്തിച്ച് അതേ വേഗത്തില്‍ തിരിച്ചുപോയീ. നിറഞ്ഞ കണ്ണുകൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വീണ്ടും ആ ചാക്കും നേന്ത്രക്കുലയുമായി അപ്പൂപ്പന്‍ നിമിഷം കൊണ്ട് നിഴല്‍ പോലെ ഓടിമറയുന്ന കാഴ്ച.

കണ്ണ് തുടച്ചു അമ്മയെ നോക്കി . കനത്ത മുഖം . 'ഇപ്പൊ സമാധാനമായല്ലോ. ആ നല്ല ഉടുപ്പില്‍ അയാളുടെ കയ്യിലെ ചെളിയാക്കി 

നേന്ത്രക്കയുടെ കറ കഴുകിയാല്‍ പോകുമോ? അവളുടെ ഒരു പൂങ്കണ്ണീരും പേടിയും'. 

'ബസില്‍ കയറുമ്പോള്‍ നാണക്കേടാവും ആ കെട്ട വിയര്‍പ്പുനാറ്റവും ഉണ്ടാകും' ചെറിയമ്മ കൂട്ടിച്ചേര്‍ത്തു . 'എന്താ ചെയ്യാടീ അപ്പന്റെ തനിപ്പകര്‍പ്പാണ് ഈ ക്ടാവ് ' എന്ന 'അലാഹയുടെ പെണ്മക്കള്‍ ' സ്‌റ്റൈലില്‍ അമ്മയുടെ മറു നിശ്വാസം . 

ആ നിമിഷം ആദ്യമായി ഒരുതരം പ്രതികാരം എന്നില്‍ രൂപം കൊണ്ടു.

ജീവിതത്തില്‍ ഒരു ദിവസം ഈ ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും വിലകൂടിയ വേഷം ധരിച്ച്, ഏഴുകടലും ആവാഹിച്ച സ്‌നേഹത്തോടെ പാടത്തു ചേറില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ആ മനുഷ്യനെ എന്നിലേക്ക് ചേര്‍ത്ത് പിടിക്കണം
കഴുത്തിലൂടെ കയ്യിട്ടു അദ്ദേഹത്തിന്റെ മടിയില്‍ എനിക്കിരിക്കണം

അമ്മയും ചെറിയമ്മമാരും കണ്ട് നില്‍ക്കെ തന്നെ!

ഒന്നുകൂടെ കണ്ണ് തുടച്ചു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ നോക്കെത്താത്ത ദൂരത്തേക്ക് അയാള്‍ ഓടി മറഞ്ഞിരുന്നു.

ജീവിതത്തില്‍ നൂല്പാലങ്ങള്‍ കടത്തിവിട്ട സുമനസ്സുകള്‍ , പാതിവഴിയില്‍ പാലം തകര്‍ത്ത് ചിലരെ ആഴക്കയത്തിലേക്കെറിഞ്ഞവര്‍!
--------------------------------------------
ഈ നീറുന്ന ഓര്‍മ്മ ഉറങ്ങുന്ന ആ ചെറുതോട് ഇന്നില്ല . അത് മണ്ണിട്ട് നികത്തി ഒരു ഹര്‍മ്മ്യം തീര്‍ത്തിരിക്കുന്നു. ഒടുങ്ങിയില്ല ഓര്‍മ്മകളിലെ ഓളം. അത് വാങ്ങിയത് പണ്ട് അമ്മയെ കളിയാക്കിയ ആ സാമൂഹ്യ പ്രമാണിയുടെ മകന്‍! എന്റെ ഫെസ്ബുക് സുഹൃത്ത് .

ഒരിക്കല്‍ ഇന്‍ ബോക്‌സ് ഇല്‍ എനിക്കൊരു മെസ്സേജ്. ബിന്ദു എന്നെ അറിയോ . വിന്‍സെന്റ്. ബിന്ദുന്റെ അമ്മയെ ഞാന്‍ അറിയും .

കവിത കാണാറുണ്ട് . എനിക്ക് കവിതകള്‍ ഇഷ്ടമാണ് . അപ്പന്‍ പറഞ്ഞു ബിന്ദുന്റെ പപ്പ പണ്ട് എഴുതാറുണ്ടായിരുന്നു എന്ന്.
അതിനുത്തരം പറയാനുള്ള ഇമോജി ഐ - ഫോണ്‍ കീ പാഡില്‍ ഞാന്‍ തിരഞ്ഞു തളര്‍ന്നു.

തീര്‍ന്നില്ല പ്രളയത്തില്‍ താഴ്ന്നു പോയ സൗധങ്ങളില്‍ ഇതും ഉള്‍പ്പെട്ടിരിക്കുന്നു എന്ന മെസ്സേജും ഇന്ന് ഇന്‍ബോക്‌സ് വരവ് വെച്ചിരിക്കുന്നു!

ഓര്‍മ്മയിലെ കടത്തുകാരന്‍ (ബിന്ദു ടിജി)
Join WhatsApp News
P R Girish Nair 2018-09-05 11:16:29

Feeling nostalgic all the time

Nostalgia is a bittersweet longing for the past where a person keeps remembering old times, mostly happy ones and as a result feels better.... Congrats ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക