മാര്‍ത്തോമ്മാക്കുരിശെന്ന
അടയാളവും മാര്‍ത്തോമ്മയുമായുള്ള ബന്ധം വളരെ നേര്‍ത്തതാണെന്നു മാത്രമല്ല, അതിലേറെ സൂചനകള്‍ ഇതു പാഷണ്ഡതയുടെ അടയാളമായിരുന്നുവെന്നതിലേക്കും നീളുന്നു. മാര്‍ത്തോമ്മാശ്‌ളീഹാ ഭാരതത്തില്‍ വന്നിരുന്നുവെന്നോ വന്നില്ലായെന്നോ ചരിത്രപരമായി തെളിയിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. വത്തിക്കാന്‍ രേഖകളോട് ഒത്തു ചേരുന്നതല്ല നമ്മുടെ പല ഐതിഹ്യാധിഷ്ഠിത വാദങ്ങളും. എന്തായാലും സഭക്ക് ഒരടയാളം എന്നതിനപ്പ്പുറത്തേക്ക് ഈ താമരക്കുരിശ് ഉപയോഗിക്കപ്പെട്ടു കൂടാ. എല്ലാ രൂപതകളിലും ഇതുപയോഗിക്കപ്പെടുന്നില്ലായെന്നു മാത്രമല്ല സ്വന്തം രൂപതയില്‍ ഇതുപയോഗിക്കാന്‍ പാടില്ലായെന്നു സര്‍ക്കുലര്‍ ഇറക്കിയ മെത്രാന്മാരും ഉണ്ട്. അള്‍ത്താരയില്‍ വെച്ച് ആരാധിക്കപ്പെടാനുള്ള യോഗ്യത ഈ കുരിശിനില്ല, അതെടുത്തു മാറ്റിയാല്‍ സഭയോടുള്ള അനേകരുടെ പക കുറയും. അതിന്റെ പേരില്‍ വെഞ്ചരിപ്പു മാറ്റിവെച്ച പള്ളികള്‍ വളരെ, പല പള്ളികളിലും ഒളിച്ചും പാത്തുമാണിത് സ്ഥാപിച്ചതും. അമേരിക്കയിലെ ഒരു പള്ളിയില്‍ ഇതു പരസ്യമായി വിശ്വാസികള്‍ കത്തിക്കുക വരെ ചെയ്തു.
രണ്ടാമത്തെ അതിപ്രധാനമായ ഭാഗം സഭാധികാരികളും അത്മായനുമായുള്ള ബന്ധമാണ്. അത്മായന്‍ ഒരു കത്തയച്ചാല്‍ അതു കിട്ടിയെന്നുപൊലും മറുപടിയയക്കാനുള്ള സന്മനസ്സുകാണിക്കുന്ന മെത്രാന്മാര്‍ കുറവ്. ഇതില്‍ പെരുത്ത ദിവ്യന്മാരും പെടും. മര്യാദകേട് ഇത്രക്കു വേണോയെന്നാണെന്റെ ചോദ്യം. അത്മായന്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങളില്‍ അവനു പ്രവേശനമില്ലെന്നു കൂടി വന്നാല്‍? ലോകം മുഴുവനുമുള്ള കത്തോലിക്കര്‍ മാര്‍പ്പാപ്പാ വിളിച്ചു കൂട്ടിയ കുടുംബസംബന്ധിയായ സിനഡിലേക്കുള്ള അഭിപ്രായസര്‍വ്വേയില്‍ പങ്കെടുത്തെങ്കില്‍ അതിനുള്ള അവകാശം പോലും ഈ സഭാ മക്കള്‍ക്കു നിഷേധിച്ചതാര്? വെറും ഉപദേശകസമിതിയായി അത്മായരെ ചുരുക്കി! അയ്യായിരം പേര്‍ക്കിരിക്കാവുന്ന വലിപ്പത്തിലുള്ള പള്ളി, അതില്‍ കയറുന്നവര്‍ എവിടെയിരിക്കണമെന്ന് അച്ചന്‍ പോലീസ് തീരുമാനിക്കും. എങ്ങിനെയെല്ലാം അവനെ പിഴിയാമെന്നും നിയന്ത്രിക്കാമെന്നുമുള്ളതാണ് വൈദികരുടെ നോട്ടം. പള്ളിക്കുള്ളില്‍ നടക്കുന്ന സ്‌ത്രോത്രക്കാഴ്ച്ച 25000 ല്‍ കുറയ്യാന്‍ പാടില്ലെന്ന് ഒരു വികാരി കല്‍പ്പിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. ഈ ചിന്താഗതിയേ മാറണം. തിരിച്ചറിവ് സിനഡുകാഴ്ചയിലൂടെയെന്ന നിലപാടു മാറ്റി തനത് ഉള്‍ക്കാഴ്ചയിലൂടെയെന്ന ചിന്തയിലേക്ക് നാം വരണം. അത്മായരുടെ നിലപാട് എപ്പോഴും ഒന്നായിരിക്കണമെന്നില്ല, അതിനെയും ബഹുമാനത്തോടെ കാണാന്‍ എല്ലാവര്‍ക്കും കഴിയണം. അങ്ങിനെയായിരുന്ന കഴിഞ്ഞ കാലത്തില്‍ സഭ വളരുകയായിരുന്നുവെന്നത് മറക്കരുത്.
അടുത്തത്, ആരാധനാക്രമമാണ്. വികലമായ വ്യഖ്യാനങ്ങളാണ് സര്‍വ്വത്ര! ഇവിടെ, തിരിഞ്ഞു നില്‍ക്കണോ കുനിഞ്ഞു നില്‍ക്കണോയെന്നതല്ല അത്മായന്റെ പ്രശ്‌നം - ശാന്തമായി മന:സമാധാനത്തോടെ പള്ളിക്കുള്ളില്‍ ആയിരിക്കാന്‍ കഴിയുന്നുണ്ടൊയെന്നതാണ്. 75% സാമ്പാറും 25% ചോറുമായി ഭക്ഷിക്കുന്നതിനെ ചോറുണ്ടുവെന്നല്ല സാമ്പാറു കുടിച്ചുവെന്നാണ് പറയുക. ഇടയലേഖനമായും, അറിയിപ്പുകളായും മുക്കാല്‍ മണിക്കൂര്‍ തോന്ന്യാസമാണ് മിക്ക ഞായറാഴ്ചകളിലും.
ഗാനങ്ങളുടെ പേരില്‍ നടക്കുന്ന പ്രകടനങ്ങളേയും ഞാന്‍ സാമ്പാറിന്റെ ഗണത്തില്‍ പെടുത്തും - അതും വരും എക്‌സ്ട്രാ 15 മിനിറ്റ്. കാതടപ്പിക്കുന്ന ഈ പ്രകടനം മനുഷ്യനെ കോരിത്തരിപ്പിക്കുകയല്ല, അലോസരപ്പെടുത്തുകയാണു ചെയ്യ്യുക. ലത്തീന്‍ കുര്‍ബാന (പ്രത്യ്യേകിച്ചു വിദേശങ്ങളില്‍ നടക്കുന്നത്) കണ്ടിട്ടുള്ളവര്‍ക്ക് ഇതിന്റെ വ്യത്യാസം മനസ്സിലാകും. ശരിക്കും പറഞ്ഞാല്‍, കുര്‍ബ്ബാനക്ക് വളരെ കുറച്ചു പ്രാധാന്യമേ നാം പള്ളികളില്‍ കൊടുക്കുന്നുള്ളൂ.
ഇതുപോലെ പ്രാധാന്യമേറിയതാണ് സഭാ നടപടികളുടെ പേരില്‍ നടക്കുന്ന തോന്ന്യാസങ്ങള്‍. ഓരോന്നിനും സിനഡു കാണാത്ത മാനങ്ങളുണ്ടെന്നു മനസ്സിലാക്കുക. അടുത്ത കാലത്ത് നടപ്പാക്കിയ ഒരു പരിഷ്‌കാരമാണ് കല്യാണത്തിനു തലേന്ന് വധൂ വരന്മാരുടെ വീട്ടില്‍ അച്ചന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയെന്നത്.
മലബാറിലെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ പിരിവെടുത്ത നടത്തിയ കല്യാണത്തിന്റെ കഥ കേട്ടു. അച്ചന്‍ പ്രാര്‍ത്ഥനക്കു വരുമ്പോള്‍ വാര്‍ഡിലുള്ള എല്ലാവരെയും വിളിക്കുന്ന പതിവായി. അവര്‍ക്കു സദ്യകൊടുക്കാനുള്ള ക്രമീകരണങ്ങളും പതിവായി, ഈ വീട്ടുകാരനും ചിലവായി 50,000 രൂപാ ആ വകയില്‍. വേദപാഠമായിരുന്നു പണ്ടു പഠിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് മതപഠനമാണ്. കുട്ടികള്‍ ഭയന്നാണ് ഇതില്‍ പങ്കെടുക്കുന്നത് - അത്ര ചിട്ടകളാണിവിടെ. സിനഡെടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാന്‍ പാടില്ല, വിവാഹത്തിനു വൈദികനാണു കാര്‍മ്മികന്‍ തുടങ്ങിയ യുക്തിക്കോ സത്യത്തിനോ നിരക്കാത്ത തനതു വസ്തുതകളാണ് പിഞ്ചു മനസ്സിലേക്കു തള്ളി വിടുന്നത്. അപ്രമാദിത്യം മാര്‍പ്പാപ്പാ തന്നെ തള്ളിക്കളഞ്ഞു. സത്യത്തിനൊരു നിര്‍വ്വചനമുണ്ട് - സത്യമായതിനു മാറ്റമില്ല, മാറുന്നതു സത്യവുമല്ലെന്ന്. എന്റെ ചെറുപ്പത്തിലുള്ളതൊന്നുമല്ല ഇപ്പോള്‍ പള്ളിയില്‍ കാണുന്നത്. അപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, എന്തായിരുന്നു സത്യം? അവധിക്കാലം കുട്ടികളുടെ അവകാശമാണ്, അവരുടെ ക്രിയേറ്റിവിറ്റി അവര്‍ക്കു പ്രകടിപ്പിക്കാനുള്ള ഒരവസരം. ഉത്ഥാനോല്‍സവത്തിന്റെയും ഇന്റന്‍സീവിന്റെയും പേരില്‍ അതവര്‍ക്കു നിഷേധിക്കുന്നത് തെറ്റാണ്.
വൈദിക വിദ്യാര്‍ത്ഥികള്‍ക്കു കൊടുക്കുന്ന പരിശീലനത്തിലും കാതലായ തെറ്റുണ്ട്. ഇല്ലായിരുന്നെങ്കില്‍ ആര്‍ഭാടപ്രിയരും അധികാര മോഹികളുമായ ഒരു വൈദിക സമൂഹം ഇവിടുണ്ടാകുമായിരുന്നില്ല. അറിവു സഭാഗ്രന്ഥങ്ങളില്‍ മാത്രമാണെന്നു വിശ്വസിച്ചുവശായിരിക്കുന ഒരു തലമുറയാണവിടെ കാണുന്നത്.
സെമിത്തേരികളുടെയും അതില്‍ അടക്കപ്പെടാന്‍ ആവശ്യമുള്ള വികാരിയുടെ അനുവാദത്തിന്റെയും പേരില്‍ ഇവിടെ നടക്കുന്ന കൊള്ള അപ്പാടെ നിര്‍ത്തണം. ശവസംസ്‌കാരം പോലും എത്ര നീട്ടാമെന്നുള്ളതാണ് സഭാധികാരികളുടെ ചിന്ത. അത്മായന്‍ മരിച്ചാല്‍ അവനെ സംസ്‌കരിക്കാനുള്ള കടമ സഭയുടേതാണ്, അതിനു പോലും കഴിയുന്നില്ലെങ്കില്‍ എന്തിനീ സംവിധാനം? വിശുദ്ധന്മാരുടെ പേരില്‍ ഓരോ പള്ളികളിലും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും പൂര്‍ണ്ണമായും നിര്‍ത്തിയേ മതിയാവൂ. ഒന്നും തന്നെ യേശു കേന്ദ്രീകൃതമല്ലെന്നു കാണുക. പുണ്യവാന്മാരല്ല സ്വര്‍ഗ്ഗം നിയന്ത്രിക്കുന്നത്. മാത്രവുമല്ല, യേശുവിന്റെ സമീപത്തേക്ക് ചെല്ലുവാന്‍ ഒരു മാധ്യമത്തിന്റെയും ആവശ്യവുമില്ല - കൂദാശകളൊന്നും അത്മായനു വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതുമല്ല.