Image

ദര്‍ശനം (ഭാഗം: 2- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 16 October, 2018
ദര്‍ശനം  (ഭാഗം: 2- ജോണ്‍ വേറ്റം)
ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണ് വിവര്‍ത്തനം. അതിനെക്കുറിച്ചുള്ള ദേശീയവും അന്തര്‍ദ്ദേശീയവുമായ നിയമങ്ങളെന്തെന്ന് വിവര്‍ത്തകന്‍ അറിയണം. ഒരു ദേശത്ത് ഒന്നിലധികം ഭാഷയുണ്ടെങ്കില്‍, അവയിലെ വിരുദ്ധതകള്‍ വേര്‍തിരിച്ചറിയണം. ആത്മീയഭാഷ, ഗ്രാമീണഭാഷ, ജാതീയഭാഷ, ദേശീയഭാഷ, പഴഞ്ചൊല്ലുകള്‍ എന്നിവയില്‍ പൊന്തിനില്‍ക്കുന്ന അര്‍ത്ഥവ്യത്യാസങ്ങളും ഓര്‍ക്കണം. വിവിധഭാഷകളില്‍ എഴുതാനുള്ള പടുത്വവും, പദസമ്പത്തും, പര്യായപദങ്ങളിലുള്ള പരിചയവും, എഴുത്തിലെ വ്യക്തതയും, വ്യാകരണനിയമം സംബന്ധിച്ച അറിവും വിവര്‍ത്തകനെ സഹായിക്കും. 

തര്‍ജ്ജമക്ക്ക യോഗ്യമല്ലാത്ത വാക്കുകളും ശൈലികളുമുള്ള അസംസ്‌കൃതഭാഷയെപ്പറ്റിയുള്ള സാമാന്യബോധവും തര്‍ജ്ജമക്കാരന് ഉണ്ടായിരിക്കണം. അതിനുമുപരി, പരിഭാഷക്ക് പോഷണം നല്‍കുന്ന, വായന ഒരു ശീലമാക്കണം. വായനാ പ്രാപ്തിയിലൂടെ ലഭിക്കുന്ന പദലാളിത്യവും സ്വരോച്ചാരണവും തീര്‍ച്ചായ്യും എഴുത്തിനെ സഹായിക്കും. ഭാഷാന്തരത്തിന്റെ സാമുദായികവും സാമൂഹികവുമായ ചട്ടങ്ങളും പൊതുജന താല്‍പര്യങ്ങള്‍ സംബന്ധിച്ച ജ്ഞാനവും നിയമനത്തിനുള്ളില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കുന്ന ജോലിയുടെ ഗുണമേന്മ നിശ്ചയിക്കാനുള്ള കഴിവും വിവര്‍ത്തകനു വേണം.

ലോകരാഷ്ട്രങ്ങളുടെ നയതന്ത്രബന്ധങ്ങളും ലോകമെമ്പാടുമുള്ള വാണിജ്യമേഖലകളും പൂര്‍വ്വാധികം മെച്ചപ്പെടുന്നതിന് ആശ്യവിനിമയവിദ്യ വഴിതെളിച്ചതോടെ വിവര്‍ത്തനവും വിപുലവ്യാപകമായ തൊഴിലായി. അത് നിര്‍മ്മാണ രംഗത്ത് മത്സരം പടര്‍ത്തി. അവയില്‍ അഴിമതിയും ചൂഷണവും ഇടകലര്‍ന്നു. ചതിയും വഞ്ചനയും ഉപകരണങ്ങളായി. അപഹരണം തൊഴിലായി. കലാസാഹിത്യസൃഷ്ടികളുടെ ഉടമകള്‍ അപഹാസ്യമാംവിധം കൊള്ളയടിക്കപ്പെട്ടു. 

ആര്‍ട്ടിസ്റ്റ് രചനകള്‍, കലാസൃഷ്ടികള്‍, ഔദ്യോഗികരേഖകള്‍, ഡിസൈനുകള്‍, ഗാനങ്ങള്‍, പാട്ടുകള്‍, പാഠപുസ്തകങ്ങള്‍, ഫോട്ടോ ഉല്പന്നങ്ങള്‍, പ്രഭാഷണങ്ങള്‍ രൂപകല്പനകള്‍, സിനിമ, സംഗീതം തുടങ്ങിയ സൃഷ്ടികള്‍ നിരന്തരം മോഷ്ടിക്കപ്പെട്ടു. അതുകൊണ്ട്, ജനസമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന്റെ മുഖ്യഘടനകമായ കലാസാഹിത്യസൃഷ്ടികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ആവശ്യമായി. ആയതിനാല്‍, അവകാശവും ഉടമസ്ഥതയും തെളിയിക്കുന്നതിനും അവ സുരക്ഷിതമാക്കുന്നതിനും വേണ്ടി, ഗവണ്‍മെന്റ് സംവിധാനം ചെയ്ത രേഖാമൂലമായ ഉപകരണമാണ് കോപ്പിറൈറ്റ് അഥവാ പകര്‍പ്പവകാശം. ഇത്, സൃഷ്ടാക്കള്‍ക്കും സൃഷ്ടിയുടെ ഉടമസ്ഥര്‍ക്കും നിയമം മൂലം നല്‍കുന്ന രേഖാമൂലമായ അവകാശവും സംരക്ഷണയുമാണ്.

എഴുത്തുകാരന്‍, കവി, ചെറുകഥാകൃത്ത്, നാടകകൃത്ത്, നോവലിസ്റ്റ്, ചരിത്രകാരന്‍, ജീവചരിത്രകാരന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍, പുസ്തകപ്രകാശകന്‍, ശാസ്ത്രസാങ്കേതിക വിഷയങ്ങളെക്കുറിച്ച് എഴുതി പ്രസിദ്ധീകരിക്കുന്നവന്‍, പ്രസിദ്ധീകരണ ഏജന്റ് എന്നിവര്‍ പകര്‍പ്പവകാശം സംബന്ധിച്ച് അറിഞ്ഞിരിക്കണം. പകര്‍പ്പവകാശമുള്ള ഒരു ഉടമയുടെ കൃതി അനുമതി കൂടാതെ മറ്റൊരാള്‍ ഏത് തരത്തില്‍ ഉപയോഗിച്ചാലും അത് അവകാശലംഘനമായി കരുതപ്പെടും. മറ്റ് ഉല്‍പന്നങ്ങള്‍ എന്നപോലെ, പകര്‍പ്പവകാശവും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഇന്‍ഡ്യയില്‍ കോപ്പിറൈറ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, മലയാള സാഹിത്യലോകത്തിന്റെ അതിരുകള്‍ വിസ്തൃതമല്ലാത്തതിനാല്‍ സാഹിത്യചൂഷണം സംബന്ധിച്ച പരാതികളും നിയമനടപടികളും അപൂര്‍വ്വമാണ്. എല്ലാ രാഷ്ട്രങ്ങളുടെയും പകര്‍പ്പവകാശനിയമങ്ങള്‍ സമാനമല്ല. അവയുടെ കാലാവധിക്കും വ്യ്ത്യാസം ഉണ്ട്. ഒരു കൃതിയുടെ നിര്‍മ്മാതാവിന്റെ ആയുഷ്‌ക്കാലപര്യന്തവും, അതിനുശേഷം അമ്പത് വര്‍ഷക്കാലവും, അയാളുടെ നിയമപ്രകാരമുള്ള അവകാശികളിലും പകര്‍പ്പവകാശം നിക്ഷിപ്തമായിരിക്കും. ചില രാഷ്ട്രങ്ങളില്‍ ഈ കാലാവധി ഏഴുപത് വര്‍ഷമാണ്. പകര്‍പ്പവകാശം കൈമാറ്റം ചെയ്താലും പ്രസ്തുത കാലാവധിക്ക് മാറ്റമില്ല. കൃതിയുടെ പുനര്‍നിര്‍മ്മാണത്തിനും, പുനപ്രസിദ്ധീകരണത്തിനും, പ്രദര്‍ശനങ്ങള്‍ക്കും മറ്റും പകര്‍പ്പവകാശം ഉപയോഗിക്കാം. കൂട്ടുചേര്‍ന്നു നിര്‍മ്മിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ അവകാശവും ഉടമസ്ഥതയും ഒരു വ്യക്തിയില്‍ മാത്രം നിക്ഷിപ്തമാക്കണമെങ്കില്‍, ഉഭയസമ്മതപ്രകാരമുള്ള ആവിഷ്‌ക്കാരവിഹിതവും പങ്കാളിത്തവും സംബന്ധിച്ച ഉടമ്പടിയും ഉണ്ടാക്കണം.

പകര്‍പ്പവകാശനത്തിനുവേണ്ടി നല്‍കുന്ന സകല സാഹിത്യസൃഷ്ടികളും അംഗീകരിക്കപ്പെടണമെന്നില്ല. കോപ്പിറൈറ്റ് ഓഫീസിന്റെ നിയമവും നിയന്ത്രണവുമനുസരിച്ച്, യോഗ്യമല്ലാത്തവ നിരാകരിക്കപ്പെടും. തക്കതായ കാരണങ്ങള്‍ കണ്ടെത്തിയാല്‍ നല്‍കപ്പെട്ട പകര്‍പ്പവകാശം റദ്ദാക്കും. അതിനാല്‍, മാറുന്ന പകര്‍പ്പവകാശം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എന്തെന്ന് സൃഷ്ടികര്‍ത്താക്കള്‍ അറിഞ്ഞിരിക്കണം. പ്രയത്‌നഫലവും സ്വകാര്യസ്വത്തും ഭാഗികമായിട്ടോ പൂര്‍ണ്ണമായിട്ടോ, സാങ്കേതിത വിദ്യകള്‍ ഉപയോഗിച്ചും അല്ലാതെയും, മോഷ്ടിക്കപ്പെട്ടാല്‍, പ്രസ്തുത സൃഷ്ടിയിന്മേലുള്ള അവകാശവും ഉടമസ്ഥതയും തെളിയിക്കുവാന്‍ സ്രഷ്ടാവിന് കഴിയണം. മലയാള സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രന്ഥകര്‍ത്താക്കള്‍ പ്രവാസിസമൂഹത്തിലും ഉണ്ട്. അവരില്‍ ഭൂരിപക്ഷം പകര്‍പ്പവകാശം വാങ്ങാത്തവരെന്ന് കരുതപ്പെടുന്നു. 

ഒരു പുസ്തകം എഴുതി, ഒരു പ്രാവശ്യം പ്രസിദ്ധീകരിച്ചശേഷം ഉപേക്ഷിക്കുന്നവരും, പ്രസിദ്ധീകരണ ചുമതല ഏറ്റെടുക്കുന്നവര്‍ക്ക് വ്യവസ്ഥ കൂടാതെദാനം ചെയ്യുന്നവരും വിരളമല്ല. വിതരണം ചെയ്യാനുള്ള വിഷമവും വിഘ്‌നവുമാണ് അതിന്റെ ഹേതു. എന്നിരുന്നാലും, പ്രസിദ്ധീകരിക്കപ്പെട്ട ഏതൊരു ഗ്രന്ഥത്തിനും പകര്‍പ്പവകാശം ആവശ്യമെന്ന് വിശ്വസിക്കാം. സാഹിത്യചൂഷണം ചെയ്തു എന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനും, സാഹിത്യചൂഷണത്തെ ജയിക്കുന്നതിനും പകര്‍പ്പവകാശം ഉണ്ടായിരിക്കണം. ഔദ്യോഗിക പകര്‍പ്പവകാശസൂചിക കോപ്പിറൈറ്റ് ഓഫീസില്‍ ലഭ്യമാണ്.

സാഹിത്യം ബൃഹത്തായ അറിവിന്റെ ഘടകമായതിനാലും, സാഹിത്യത്തിന് നമ്മുടെ ചിന്താരീതികളെ പരിവര്‍ത്തനപ്പെടുത്തുകയോ നവീകരിക്കുകയോ ചെയ്യുന്നതിന് ശക്തിയുള്ളതിനാലും, ലോകത്തെ പൂര്‍വ്വാധികം സുരക്ഷയിലേക്ക് നയിക്കുന്നതിനുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിലും, സാഹിത്യസൃഷ്ടികളെ സംരക്ഷിക്കുന്ന അവകാശങ്ങളെ ഗ്രന്ഥകര്‍ത്താക്കള്‍ കൈവരുത്തേണ്ടതാണ്.
(അവസാനിച്ചു)

see part-1

ദര്‍ശനം  (ഭാഗം: 2- ജോണ്‍ വേറ്റം)
Join WhatsApp News
ഫിലോസഫി 2018-10-16 08:55:36
ഫിലോസഫി (Philosophy) എന്ന വാക്കിന് തുല്യമായി ഭാരതീയ ഭാഷയിലുള്ള പദമാണ് ദർശനം. തപസ്സിലൂടെയും ധ്യാനത്തിലൂടെയും തെളിഞ്ഞ ദർശനങ്ങളുടെ അടിത്തറയിലാണ് ഭാരതീയ സംസ്കൃതി പുരോഗതിപ്രാപിച്ചത്. ബുദ്ധനു മുൻപ് എഴുതപ്പെട്ട കണാദന്റെ വൈശേഷികസൂത്രം എന്ന ഗ്രന്ഥത്തിലാണ് തത്ത്വശാസ്ത്രം എന്ന അർത്ഥത്തിൽ ഈ പദം ആദ്യമായി പ്രയോഗിക്കപ്പെട്ടു കാണുന്നത്.  (വിക്കിപീഡിയ)

വിവർത്തനം, കോപ്പിറൈറ്റ്, മുതലായ, അറിവില്ലെങ്കിൽ ആർക്കും നിഷ്പ്രയാസം കണ്ടുപിടിക്കാവുന്ന, കാര്യങ്ങളിൽ എന്ത് ‘ദർശനം’?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക