ഫഹദ്- അമല്‍ നീരദ് ചിത്രം വരത്തന് കോടതി കയറാന്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ പാപ്പാളി കുടുംബത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍.]
സിനിമയുടെ സംവിധായകന് അമല്‍ നീരദ്, നിര്‍മ്മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കെതിരെയാണ് പരാതി. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തവരുടെ കുടുംബപ്പേരായി ഉപയോഗിച്ചത് പാപ്പാളി എന്ന പേരായിരുന്നു. സംസ്ഥാനം ഒട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുളള കുടുംബത്തെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സിനിമയില്‍ കുടുംബത്തിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി.
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല എന്ന പ്രസ്താവന വരത്തന് സിനിമയില്‍ നല്‍കിയിട്ടില്ലെന്നും അതിനാല്‍ കുടുംബ പേര് കളങ്കപ്പെടാന്‍ ഇത് കാരണമായെന്നും പരാതില്‍ ചൂണ്ടിക്കാട്ടുന്നത്.
സെപ്റ്റംബര്‍ 20 ന് പുറത്തിറങ്ങിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് പരാതി.വരത്തന് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ കഥയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് പരാതിയുടെ അടിസ്ഥാനം.