കോട്ടയം: പ്രളയത്തെ ഒരു മനസോടെ നേരിട്ട കേരളസമൂഹത്തില്‍ ബോധപൂര്‍വമായി വിടവ് സൃഷ്ടിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മാര്‍ത്തോമ്മ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ്.
മാര്‍ത്തോമ്മ തിയോളജിക്കല്‍ സെമിനാരിയില്‍ എബ്രഹാം മല്‍പാന്‍ സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. എബ്രഹാം മാര്‍ പൗലോസ്. കേരളത്തെ മറ്റൊരു ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതില്‍നിന്ന് നാം മുക്തി നേടണമെന്ന് അദ്ദേഹം പറഞ്ഞു.
നവകേരളസൃഷ്ടിയില്‍ വീടുകളുടെ പുനര്‍നിര്‍മാണം മാത്രമല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി. ജോയി ഉമ്മന്‍ പറഞ്ഞു. ജീവിത ശൈലിയിലുള്ള മാറ്റം, വ്യവസായിക മേഖലയ്ക്കുണ്ടാകുന്ന പുത്തന്‍ ഉണര്‍വ്, വിഷരഹിത കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനം എന്നിവയിലൂടെ പുതിയ ഒരു കേരളം സൃഷ്ടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ത്തോമ്മ സഭ സെക്രട്ടറി റവ. കെ.ജി.ജോസഫ്, സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ. പ്രകാശ് കെ.ജോര്‍ജ്, റവ. എബ്രഹാം സ്‌കറിയ പി. എന്നിവര്‍ സംസാരിച്ചു.