Malabar Gold

നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ! (അനുഭവക്കുറിപ്പുകള്‍: ജയന്‍ വര്‍ഗീസ്)

Published on 12 November, 2018
നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ! (അനുഭവക്കുറിപ്പുകള്‍: ജയന്‍ വര്‍ഗീസ്)
നഷ്ടപ്പെട്ട കയ്യെഴുത്തു പ്രതികള്‍ എല്ലാം കൂടി പത്തോ പന്ത്രണ്ടോ നോട്ടു ബുക്കുകള്‍ ഉണ്ടായിരുന്നു. ഒന്നോ, രണ്ടോ നോവലുകളും, ബാക്കി ചെറുകഥകളും ആയിരുന്നു അത്. ഇതില്‍, ഇന്നും മനസിനെ വേദനിപ്പിക്കുന്ന ഒരോര്‍മ്മയുണ്ട്. ഈ ബുക്കുകളില്‍ പകുതിയിലധികവും 'പുതിയിടത്ത് ജോസ് ' എന്ന എന്റെ കൂട്ടുകാരന്റെ മനോഹരമായ കൈപ്പടയില്‍ ഉള്ളതായിരുന്നു. ജോസിന് എന്നെക്കാള്‍ ഒരു വയസ് കൂടുതലുണ്ട്. എന്റെ കൈപ്പടയും നല്ലതായിരുന്നുവെങ്കിലും വേഗത്തില്‍ ആശയങ്ങള്‍ എഴുതിപ്പോകുന്‌പോള്‍ അക്ഷരങ്ങളുടെ ഭംഗി കാത്തു സൂക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. നല്ല ബുക്കിലേക്ക് ഇത് പകര്‍ത്തി എഴുതിയിരുന്നത് ജോസായിരുന്നു. ജോസ് അന്ന് കടവൂര്‍ ഹൈസ്കൂളില്‍ പഠിക്കുകയാണ്. അത്താഴമൂണും കഴിഞ് അയല്‍ക്കാരായ ഞങ്ങള്‍ സമീപത്തുള്ള ഒരു വലിയ പാറപ്പുറത്ത് ഇരുന്നാണ് എഴുത്ത്. പലപ്പോഴും ഈ പാറപ്പുറത്ത് ഉണങ്ങാനിട്ട വാട്ടു കപ്പക്കും, ചുക്കാക്കാനുള്ള ചുരണ്ടിയ ഇഞ്ചിക്കും കാവലിരുന്നു കൊണ്ടുമാണ് ഞങ്ങളുടെ എഴുത്ത്. ഞാന്‍ വായിച്ചു കൊടുക്കും, ജോസ് തന്റെ മനോഹര അക്ഷരങ്ങളില്‍ അത് ബുക്കിലേക്ക് പകര്‍ത്തും. അതായിരുന്നു രീതി. അപ്പന്‍ ഈ നോട്ടുബുക്കുകള്‍ കിണറ്റിലിരുന്നതിന് കുറച്ചു മുന്‍പ് ജോസ് ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു.

ഒരു വൈകുന്നേരം ഞാനും ജോസും കൂടി നടക്കാനിറങ്ങിയതാണ്. കാര്‍മേഘം മൂടിക്കെട്ടി നില്‍ക്കുന്ന ആകാശം. അന്ന് ഞങ്ങളുടേതു ടാറിടാത്ത മണ്‍റോഡാണ്. ഈ റോഡില്‍ ലോറി ഓടിയതിന്റെ വീല്‍പ്പാടുകളുണ്ട്. നിരപ്പില്‍ നിന്നും അല്‍പ്പം താഴ്ന്നുള്ള ഈ വീല്‍പ്പാടുകളില്‍ ഒന്നിലൂടെ ഞാനും, മറ്റേതിലൂടെ ജോസും നടക്കുകയാണ്. ഞങ്ങള്‍ തമ്മിലുള്ള അകലം അഞ്ചോ, ആറോ അടിയാണ്.. രണ്ടു വശത്തും നെല്‍ വയലുകളുള്ള ഒരിടത്ത് ഞങ്ങളെത്തി. പെട്ടെന്നൊരു മിന്നല്‍. ഞാന്‍ നോക്കുന്‌പോള്‍ പൊതിച്ച തേങ്ങയുടെ വലിപ്പത്തിലുള്ള ഒരു പുകക്കട്ട മാനത്തു നിന്ന് ഉരുണ്ടുരുണ്ടു താഴേക്ക് വരികയാണ്. അത് വന്ന് ജോസിന്റെ തലയില്‍ അടിച്ചുടക്കും പോലെ ഒരു പൊട്ടല്‍. അന്ന് ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധം നടക്കുന്ന കാലമാണ്. പാക്കിസ്ഥാന്‍ ബോംബിട്ടതാണ് എന്നാണ് പെട്ടന്ന് ഞാന്‍ ധരിച്ചത്. ' ഓടിക്കോ ' എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ഒരൊറ്റയോട്ടം. ഒരു ഇരുപതടി മുന്നിലെത്തി തിരിഞ്ഞു നോക്കുന്‌പോള്‍ ജോസ് വരുന്നില്ല; നിശ്ചലനായി നില്‍ക്കുകയാണ്. ഞാന്‍ നോക്കി നില്‍ക്കുന്‌പോള്‍ ജോസ് നിന്ന നില്‍പ്പില്‍ മുന്നോട്ട് മറിഞ്ഞു വീണു. ഞാന്‍ തിരിച്ചോടിച്ചെന്ന് ജോസിനെ പൊക്കി തലയെടുത്ത് എന്റെ മടിയില്‍ വച്ചു. ജോസേ, ജോസേ എന്ന് കരഞ്ഞു വിളിച്ചു. അപ്പോള്‍ ജോസിന്റെ തൊണ്ടയില്‍ നിന്ന് കഫം കുറുകുന്നത് പോലെ ഒരു ചെറിയ ശബ്ദം കേട്ടു.

സമീപത്തെ പറന്പുകളില്‍ ഉണ്ടായിരുന്നവര്‍ " പിള്ളേരെ ഇടി വെട്ടി " എന്നും പറഞ്ഞു കൊണ്ട് ഓടിയെത്തി. " ആശുപത്രിയില്‍ കൊണ്ട് പോകണം വേഗം ഒരു വണ്ടി വിളിച്ചു കൊണ്ട് വാ " എന്നാരോ പറഞ്ഞു. അഞ്ചു മൈല്‍ ദൂരെ പോത്താനിക്കാട്ടാണ് ജീപ്പുകള്‍ ഉള്ളത്. സൈക്കിളില്‍ പോയി വേണം ജീപ്പ് വിളിക്കേണ്ടത്. അപ്പോള്‍ വന്നവരുടെ കൂട്ടത്തില്‍ സൈക്കിള്‍ അറിയാവുന്നത് ഞാന്‍ മാത്രം. അടുത്തുള്ള ചായക്കടക്കാരന്‍ ചാത്തംകണ്ടം മാത്തച്ചന്‍ ചേട്ടന്‍ സൈക്കിള്‍ വാടകക്ക് കൊടുക്കുന്നുണ്ട്. മുന്‍പും ഇത്തരം എമെര്‍ജെന്‍സികള്‍ക്കു ഞാന്‍ സൈക്കിള്‍ എടുത്തിട്ടുള്ളതാണ്. സൈക്കിള്‍ കിട്ടിയതേ അസാമാന്യ വേഗതയില്‍ ഞാന്‍ പോത്താനിക്കാട്ടേക്ക് പറക്കുകയാണ്. വഴിയിലുള്ള പൈങ്ങോട്ടൂര്‍ ഉദയാ ടാകീസിന്റെ മുന്നിലൂടെ പാഞ്ഞു പോകുന്‌പോള്‍ അവിടുത്തെ മൈക്കിലൂടെ ഒരു ഗാനം ഒഴുകി വരികയാണ്. " ഇനിയും പുഴയൊഴുകും, ഇത് വഴിയിനിയും കുളിര്‍ കാറ്റോടി വരും."

ജീപ്പ് വിളിച്ചു സൈക്കിളും അതിന്റെ പിറകില്‍ കയറ്റി തിരിച്ചു പൈങ്ങോട്ടൂര്‍ എത്തിയപ്പോളേക്കും ഒരു ഈസി ചെയറില്‍ കോലുകള്‍ വച്ചുകെട്ടി നാലുപേര്‍ ചേര്‍ന്ന് ജോസിനെ ചുമന്നു കൊണ്ട് വരികയാണ്. ജീപ്പ് കണ്ടപ്പോള്‍ പിന്നെ ജീപ്പിലായി യാത്ര. പോത്താനിക്കാട് ഗവര്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞു: " വളരെ നേരത്തേ മരിച്ചു പോയി." ഞാന്‍ കേട്ട ആ മൃദു കുറുകല്‍?അതായിരുന്നിരിക്കാം മരണം ?എന്റെ കാലില്‍ റബ്ബര്‍ ചപ്പല്‍സ് ഉണ്ടായിരുന്നത് കൊണ്ടാണ് കേവലം അഞ്ചടി മാത്രം ദൂരത്തിലായിരുന്ന ഞാന്‍ രക്ഷപ്പെട്ടത് എന്ന് ശാസ്ത്രീയമായി ചിലരൊക്കെ വിലയിരുത്തിയെങ്കിലും, എന്നെ കരുതുന്ന ദൈവ സാന്നിധ്യം ഒരിക്കല്‍ക്കൂടെ ഞാന്‍ തിരിച്ചറിഞ്ഞു.!

ശവമടക്കിനുള്ള ഒരുക്കങ്ങള്‍ നടക്കുന്‌പോള്‍ ജോസിനെ അണിയിക്കാന്‍ ഒരു ഷര്‍ട്ടില്ല. മുണ്ടും സാന്‍ഡോ ബനിയനും ധരിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ഏതോ ഭാഗ്യത്തിന് എനിക്കൊരു വെള്ള ഷര്‍ട്ടുണ്ടായിരുന്നു. ഞാന്‍ തന്നെ അത് കഴുകി ഇസ്തിരിയിട്ടു കൊണ്ട് വന്നു. അതും ധരിപ്പിക്കപ്പെട്ട് എന്റെ പ്രിയ കൂട്ടുകാരന്‍ പൈങ്ങോട്ടൂര്‍ ഫൊറാനാ പള്ളിയുടെ സെമിത്തേരിയില്‍ പതിനാറാം വയസ്സില്‍ മുതല്‍ ശാന്തമായി ഉറങ്ങുകയാണ്. എനിക്ക് വേണ്ടി എഴുതിയിരുന്ന ആ അതി സുന്ദരമായ കൈയക്ഷരങ്ങള്‍ ഇനി ഞാന്‍ കാണുകയില്ല.

( ആത്മകഥയില്‍ നിന്ന്.)

അവലോകനം :

അഞ്ചടി അകലത്തില്‍ നടന്നുപോയിക്കൊണ്ടിരുന്ന രണ്ടുപേര്‍ക്കു നേരെ ഇടി വെട്ടുന്നു. ഒരാള്‍ സ്‌പോട്ടില്‍ മരിച്ചു വീഴുന്നു. മറ്റെയാള്‍ ഇതെഴുതാനായി ഇന്നും ജീവിച്ചിരിക്കുന്നു. തിരിച്ചു കിട്ടിയ എന്റെ ജീവിതത്തിന് വേണ്ടി എനിക്കൊന്ന് നന്ദി പറയണമല്ലോ? മനസ്സാണ് എല്ലാത്തിന്റെയും കേന്ദ്രം എന്ന് ചില വിഡ്ഢികള്‍ പറയുമെങ്കിലും, ഇവിടെ എന്റെ മനസ്സ് എനിക്ക് വേണ്ടി ഒന്നും ചെയ്തതായി എനിക്ക് പോലും ബോധ്യമില്ല. എല്ലാ മനസിന്റെയും കേന്ദ്രമായി നില്‍ക്കുന്ന ഒരു വലിയ മനസുണ്ടാവണമല്ലോ? ആ മനസ്സല്ലേ പ്രപഞ്ച മനസ്സ്? ഈ പ്രപഞ്ച മനസ്സ് തന്നെയല്ലേ ദൈവം? എന്നിലും, നിന്നിലും സര്‍വ പ്രപഞ്ചത്തിലുമായി നിറഞ്ഞു നില്‍ക്കുന്ന ആ പ്രപഞ്ച മനസെന്ന പ്രപഞ്ചാത്മാവിനോട് ഇന്നും സജീവമായി നില നില്‍ക്കുന്ന എന്റെ ജീവിതത്തിന്റെ പേരില്‍ ഈ താങ്ക്‌സ് ഗിവിങ്ങ് ദിനത്തില്‍ ഒന്നുകൂടി ഞാന്‍ നന്ദി പറഞ്ഞു കൊള്ളട്ടെ പ്ലീസ് !
Jyothylakshmy Nambiar 2018-11-13 04:25:18

ഒരിയ്ക്കലും മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത, വ്യത്യസ്തമായ ഒരു ജീവിത അനുഭവം ലേഖകനിലൂടെ  വായനക്കാരുടെ മനസ്സിലും ഇപ്പോൾ ജീവിയ്ക്കുന്നു

Your god 2018-11-12 21:41:47

 I Really can understand how you feel and how you escaped from a tragedy. Some choose tragedy but for some it falls on them. I had several incidents in my life like this. I am aware of several incidents like this which happened to several people whom I know. Your story is very touching but the conclusion you reached is not rational.

 What make you think you are better than your friend? Remember in one of your articles in e Malayalee on ‘god element’ you made a song and a dance = throwing foolish notions out to the readers!  A god who choose you above your friend is your own imagination. In fact, god was always an escapism for the rich, the privileged. Hope you expand your horizon of thought, means rational thought. Then you will see Millions & Millions of people starving, homeless, sick, handicapped, sleeping on the streets; all for reasons of not theirs.  They have done nothing wrong to suffer all life; like this. And the rich, very few became rich from the slums. Most are born into richness, they know they don’t deserve the richness, so what they do, their mind is seeking a refuge a justification, so they say god gave it to them. What kind of a god is that? If god gave it, don’t keep it for yourself, give it to the poor. That is what god wants you to do.

 We as humans has to work to wipeout poverty, homelessness, sickness from the Earth. The Earth has enough resources to feed and protect all humans. But greed, corporate greed, religious greed, political greed forces us to keep the privileges for our own. Isn’t it being selfishness? Yes, god won’t do anything to safeguard the welfare of all humans. We, humans have to take care of them. So, the time you spend praying to and praising god; go help the poor. That is true worship.

I heard you are a good human, so I hope, you will change and work to uplift the poor.

andrew

Joseph 2018-11-15 07:34:14
ശ്രീ ജയൻ വർഗീസ് തന്റെ സ്വന്തം അനുഭവകഥ വളരെ തന്മയത്വമായി വിവരിച്ചിട്ടുണ്ട്. ചെറുപ്പകാലങ്ങളിൽ നമ്മെ സഹായിച്ചിട്ടുള്ള കൂട്ടുകാരുടെ ഓർമ്മകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കും. സുഹൃത്തിന്റെ ജീവനെ രക്ഷിക്കാനുള്ള ശ്രീ ജയന്റെ നല്ല മനസിനെയും തീവ്ര പരിശ്രമങ്ങളെയും അഭിനന്ദിക്കുന്നു. 

ദൈവ വിശ്വാസിയായ ശ്രീ ജയന്റെ വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. സ്വന്തം ജീവൻ രക്ഷപെടുമ്പോൾ 99 ശതമാനം പേരും ദൈവത്തിന്റെ കൃപകൊണ്ടു രക്ഷപ്പെട്ടുവെന്നേ പറയുള്ളൂ. ജീവിച്ചു കൊതി തീരാതെ കൗമാരത്തിന്റെ സൗരഭ്യ കാലങ്ങളിൽ മരിച്ചുപോയ കൂട്ടുകാരന്റെ ദാരുണമായ മരണത്തിന് ആരാണ് ഉത്തരവാദി? മതവാദികൾ പറയും, ദൈവം തന്നു, ദൈവം എടുത്തുവെന്ന്? ഏതു ദൈവം? ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ദൈവം അത്ര ക്രൂരനോ? 

ഇക്കാര്യത്തിൽ ശ്രീ ആൻഡ്രുസിന്റെ ലോജിക്കായ മറുപടി തന്നെയാണ് ഉത്തരം. കൊടുങ്കാറ്റും പേമാരിയും പ്രകൃതി ക്ഷോപവും മൂലവും പ്രതീക്ഷിക്കാതെ ഈ ഭൂമിയിൽ വർഷം തോറും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ മുതൽ വൃദ്ധരായ മനുഷ്യർ വരെ മരിച്ചു വീഴുന്നു. ഇങ്ങനെയുള്ള ഒരു ദൈവത്തെ സാഡിസ്റ്റായിട്ടല്ലേ കാണണ്ടത്? തെരുവിൽ കിടക്കുന്ന പട്ടിണി പാവങ്ങളെ കണ്ടാലും അമ്പാനിമാരെ കണ്ടാലും ഈ ദൈവം ചിരിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാനും ചിലർ കോഴ കൊടുക്കുന്നു. അവരുടേതല്ലാത്ത ദൈവത്തെ വിശ്വസിക്കുന്നവരെ തോക്കിൻ മുനകളിൽ ഇല്ലാതാക്കുന്നു. എന്നിട്ടും മനുഷ്യന്റെ ദൈനംദിന പ്രാർത്ഥനകളിൽ ഈ ദൈവത്തെ ഹല്ലേലിയാ വെച്ച് നാം പാടി പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്യണം പോലും! 

ആറു വയസുള്ള ഒരു ബാലനായിരുന്നപ്പോൾ എനിക്ക് അപസ്മാര ബാധിതനായ ഒരു ചെറുക്കൻ, കൂട്ടുകാരനായുണ്ടായിരുന്നു. അന്ന് വീട്ടിൽ പശുക്കൾ ഇല്ലാതിരുന്നതിനാൽ വൈകുംന്നേരങ്ങളിൽ പാല് മേടിക്കാൻ ഒരു കുപ്പിയുമായി അയൽവക്കത്തുള്ള ഒരു പണക്കാരന്റെ വീട്ടിൽ പോവുമായിരുന്നു.  കൂട്ടായിട്ട് കൂടെക്കൂടെ അപസ്മാരം വന്നിരുന്ന ഈ ചെറുക്കനും ഒപ്പം വരുമായിരുന്നു. ഈ ധനികന്റെ വീടിന്റെ പുറകുവശത്ത് ഒരു പേര നിറയെ, കൈ എത്തുന്ന പൊക്കത്തിൽ, 'പേരക്കാ' പഴുത്തു കിടക്കുന്നതു കാണുമ്പോൾ അത് തിന്നാനുള്ള മോഹവും ഉണ്ടാകുമായിരുന്നു. ഒരിക്കൽ ആ വീട്ടിൽ പാല് മേടിക്കാൻ പോകവേ പേരയിൽ നിന്ന് 'പേരക്ക' കട്ടു പറിച്ചുകൊണ്ടു വരാൻ ഞാൻ കൂട്ടുകാരനോട് ആവശ്യപ്പെട്ടു. വീടിന്റെ മറുപുറത്തു ചെന്ന് അവരുടെ വേലക്കാരോട് എന്റെ കൂട്ടുകാരൻ ചെറുക്കൻ പേരക്ക കട്ടുപറിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഞാൻ ആ വീട്ടുകാരുടെ മുമ്പിൽ ഒരു 'ഹീറോ' ആകാനായിരുന്നു കൂട്ടുകാരനോട് ഈ ചതി ചെയ്തത്. അവരുടെ ജോലിക്കാർ ദരിദ്ര കുടുംബത്തിൽ പിറന്ന ആ കുട്ടിയെ മൃഗീയമായി വടികൊണ്ട് തല്ലുന്നതും ഇന്നലെപോലെ എന്റെ ഓർമ്മയിലുണ്ട്. 

ഒരു മാസത്തിനുള്ളിൽ കൂട്ടുകാരൻകുട്ടി അപസ്മാരം മൂലം വെള്ളത്തിൽ വീണു അപകടപ്പെട്ടു മരിച്ചു പോവുകയും ചെയ്തു. കുറ്റബോധം ഇന്നും എന്നെ അലട്ടുന്നുണ്ട്. എനിക്കു തോന്നിയ ദുർബുദ്ധിയിൽ ആരെയാണ് ഞാൻ പഴിക്കേണ്ടത്, ദൈവത്തെയോ പിശാചിനെയോ? മത വാദികൾ പറയും ബാലനായിരുന്ന എന്നിൽ പിശാച് പ്രവർത്തിപ്പിച്ചതെന്ന്? അപ്പോൾ ശക്തിയാർക്ക്, ദൈവത്തിനോ പിശാചിനോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക