പുതുമുഖ നടിമാരില്‍ അധികമാര്‍ക്കും കിട്ടാത്ത ലോട്ടറി അമല പോള്‍ കൈവശപ്പെടുത്തുകയാണ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ പോവുകയാണ് അമല. ക്രിസ്ത്യന്‍ ബ്രദേഴിസിനു ശേഷം മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലാണ് അമല മോഹന്‍ ലാലിന്റെ നായികയാവുന്നത്. അമല ആദ്യമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയാകുന്നത്, ഒപ്പം ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി- സേതു ടീമിലെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ആദ്യ ചിത്രം കൂടിയാണ് റണ്‍ ബേബി റണ്‍.
രഞ്ജിത് സംവിധാനം ചെയ്യുന്ന സ്പിരിറ്റിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം മോഹന്‍ലാല്‍ ജോഷി ചിത്രത്തില്‍ അഭിനയിക്കും. പ്രമുഖ വാര്‍ത്താ ചാനലിലെ കാമറാമാനായിട്ടാണ് റണ്‍ ബേബി റണില്‍ മോഹന്‍ലാല്‍ എത്തുന്നത്. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തമിഴകത്തിന്റെ ഹൃദയം കീഴടക്കിയ അമലയ്ക്ക് മോഹന്‍ലാലിന്റെ നായികാപട്ടം കരിയറില്‍ ഏറെ ഗുണ ചെയ്തേക്കും. ഇതുവരെയും മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ ആരുടെയും നായികയായിട്ടില്ലാത്ത അമല റണ്‍ ബേബി റണില്‍ ചാനലിലെ സീനിയര്‍ എഡിറ്റര്‍ ആയിട്ടാണ് അഭിനയിക്കുന്നത്.
ഹ്യൂമറിനും ആക്ഷനും ഏറെ പ്രാധാന്യമുളള ചിത്രം ജോഷിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഒരു ത്രില്ലര്‍ ചിത്രമായിരിക്കും. ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന് ജലീലാണ് ചിത്രം നിര്‍മിക്കുന്നത്. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന ചിത്രമാണ് അമലയുടേതായി അവസാനം റീലീസ് ചെയ്ത മലയാള ചിത്രം. സെവന്‍സിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്‍ ഹോളിവുഡ് ചിത്രം റണ്‍ ലോല റണ്‍ പോലെ ആവേശം ജനിപ്പിക്കുന്നതാണോയെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.