Image

സൗരയൂഥത്തിലെ പ്രണയം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 05 February, 2019
സൗരയൂഥത്തിലെ പ്രണയം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
സപ്തവര്‍ണ്ണങ്ങള്‍ ചുറ്റും ചിതറിച്ചീടുന്നൊരാ
സപ്താശ്വനാം നീയെന്തേ ഭൂമിയെ പ്രണയിച്ചു
എത്രയോ ഗ്രഹങ്ങള്‍ നിന്‍ ചുറ്റിലുണ്ടെന്നാകിലും
എന്തിനീ ധരണിയെ ഏറെ നീ സ്‌നേഹിക്കുന്നു!

ചോദ്യങ്ങളിതു പലവട്ടമെന്‍ ഹൃദയത്തില്‍
നിറഞ്ഞീടവെ കേട്ടു ഞാനൊരു മൃദുസ്വരം;
പ്രണയം തുളുമ്പുമാ ഹൃദയത്തോടെ സൂര്യന്‍
പ്രിയയാം അനന്തയോടൊരുനാള്‍ ഓതി ഏവം:

മലകള്‍ താഴ്‌വാരങ്ങള്‍ ചെടികള്‍ ജലാശയം
നിറയും വസുംധരേ നീയെത്ര മനോഹരി
ഉര്‍വിയില്‍ വസിച്ചീടും പക്ഷികള്‍ മൃഗങ്ങളും
ഉന്നതന്‍ മനുഷ്യനും എത്ര സുന്ദരം, സഖീ,
ദേവീ നിന്‍ വിനീതയാം, സന്തതം വിശുദ്ധയാം
ദേവതേ പ്രിയതമേ നീയെനിക്കെന്നും സ്വന്തം!

ഇത്രമേല്‍ സ്‌നേഹിക്കുന്നുവെങ്കിലും ചിലനേരം
നിന്നെഞാന്‍ പിരിയുന്നുവെന്നതില്‍ ഖേദിക്കല്ലേ
ഇരവും പകലിതും ഋതുഭേദങ്ങള്‍ സര്‍വ്വം
പ്രിയേ നിന്‍ അലംഘ്യമാം ചലനങ്ങള്‍ ഹേതുവാം,
ഇതു നീ അറിയുന്നില്ലെങ്കിലും പ്രിയ സഖീ
സര്‍വ്വദാ എന്‍ സമീപ്യം, സ്പര്‍ശനം നിനക്കില്ലേ
ഈ സൗരയൂഥം നിലനിന്നിടും കാലം വരെ
ഈവിധം നമുക്കെന്നും സ്‌നേഹബന്ധത്തില്‍ വീഴാം.!!
Join WhatsApp News
P R Girish Nair 2019-02-05 23:35:40
കാല്പനികതയിൽ നിന്നും കടഞ്ഞെടുത്തിരിക്കുന്ന ശ്രീ പൂമൊട്ടിൽ സാറിന്റെ കാവ്യരീതി നന്നായി ആവിഷ്കരിച്ചിരിക്കുന്നു. അഭിനന്ദനം സർ.
amerikkan mollakka 2019-02-06 16:18:02
ഡോക്ടർ പൂമൊട്ടിൽ സാഹിബ്  ഈ കബിത 
ഞമ്മടെ അറിവിന് മേലെയാണ്. അതുകൊണ്ട് 
എന്ത് അഭിപ്രായം എയതും . എന്തായാലും 
സൂര്യനും ഭൂമിയും പ്രേമിക്കുന്ന പോലെ 
മനുസന്മാരും പ്രേമിക്കട്ടെ. ഭൂമി സുന്ദരി തന്നെ.
സൗരയൂഥത്തിലെ ഒരു ഹൂറി. അസ്സലാമു 
അലൈക്കും.
Sudhir Panikkaveetil 2019-02-06 19:44:21
ഭൂമി പ്രേമാര്ദ്രയായി സൂര്യനെ പ്രദിക്ഷണം 
വയ്ക്കുന്നത്കൊണ്ട് സൗരയൂഥം 
നിലനിൽക്കും കാലം വരെഅവർ തമ്മിലുള്ള 
 പ്രണയം അഭംഗുരം തുടരാമെന്ന്  
ഒരു കാമുകനെ പോലെ പറയുമ്പോൾ 
എല്ലാ കാമുക മനസ്സിലും പ്രണയിനിമാർ 
അവർക്ക് ചുറ്റുംവലം വയ്ക്കണമെന്ന 
ഒരു മോഹം ഉണ്ടാകുമെന്നു വിവക്ഷിക്കാം.
അനിവാര്യമായ വേര്പിരിയലുകൾ 
ഉണ്ടാകുമ്പോഴും വീണ്ടും കണ്ടുമുട്ടുമ്പോൾ 
പ്രണയം കുറയുന്നില്ല.  ഭൂമിയുടെ 
അച്ചുതണ്ടിനു ഒരു ചെരിവ് ഉള്ളതുകൊണ്ട് 
ഋതുക്കൾ ഉണ്ടാകുന്നതും സൂചനയാണ്.
പ്രണയദേവന്മാരെ തൊഴാൻ പ്രണയദേവതമാർക്ക് 
ഒന്ന് ചെരിയാം. അല്ലെങ്കിലും ഒളികണ്ണാൽ 
നോക്കുന്നത് ഒരു പ്രണയ വഴക്കമല്ലേ.
Jyothylakshmy Nambiar 2019-02-06 23:24:16

പ്രണയമെന്ന അനുരാഗിയായ വികാരം മനുഷ്യനിൽ മാത്രമല്ല ഗൃഹങ്ങളിലും ഉണ്ടെന്ന ഭാവന വിശേഷം തന്നെ. പ്രണയ വാരത്തിൽ എല്ലാവരും മനുഷ്യമനസ്സിലെ പ്രണയത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ അതിൽ നിന്നും ഒരു ചുവടു മാറി ചിന്തിച്ചിരിയ്ക്കുന്നത് ശ്രദ്ധേയമാണ്

Easow Mathew 2019-02-09 09:53:56
കവിത വായിച്ച് പ്രോത്സാഹന വാക്കുകളിലൂടെ പ്രതികരിച്ച ബഹുമാന്യരായ ഗിരിഷ് നായര്‍, അമേര്‍ക്കന്‍ മൊല്ലാക്ക, സുധീര്‍ പണിക്കവീട്ടില്‍, ജ്യോതിലക്ഷ്മി നമ്പിയാര്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക