കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -10)

Published on 05 May, 2019
കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -10)
(കേശവന്‍നായരുടെ വീട്. മഴ തുടരുകയാണ്. രംഗത്ത് കേശവന്‍നായരും അശോകനും. അശോകന്‍ മഴയിലേക്ക് നോക്കി നില്‍ക്കുന്നു. കേശവന്‍നായര്‍ അസ്വസ്ഥതയോടെ നടക്കുന്നു. ഒപ്പം ടി.വി. വാര്‍ത്ത ശ്രദ്ധിച്ചിരിക്കുന്നധടി.വി. വാര്‍ത്തയിലൂടെ വെള്ളപ്പൊക്കത്തില്‍ കേരളത്തിലെ പതിനാല് ജില്ലകളിലേയും ഭീകരത വിവരിക്കുന്നത് കേള്‍ക്കാംപ മാര്‍ത്താണ്ഡനെ നോക്കി ഇരിക്കുമ്പോള്‍.)
അശോകന്‍    :    അച്ഛാ, മഴ കനക്കുകയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ ജില്ലയിലൊക്കെ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
മാര്‍ത്താണ്ഡന്‍    :    പല പ്രദേശങ്ങളിലും ഉരുള്‍ പൊട്ടി വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുകയാ.. ദേ നമ്മുടെ മുറ്റത്തുവരെ വെള്ളമെത്തി.
അശോകന്‍    :    ഇവിടുന്ന് നമ്മള്‍ സുരക്ഷിതമായ മറ്റൊരിടത്തേയ്ക്ക് എത്രയും വേഗം മാറി താമസിക്കണം.
കേശവന്‍നായര്‍    :    വെള്ളമല്ല, ഇനി ആകാശം ഇടിഞ്ഞുവീഴുമെന്നു പറഞ്ഞാലും ഞാനെന്റ് വീട് വിട്ടെങ്ങോട്ടും ഇല്ല. സ്വന്തം വീടിനേക്കാള്‍ സുരക്ഷിതമായ വേറെ ഏത് സ്ഥലമാ ഉള്ളത്...
മാര്‍ത്താണ്ഡന്‍    :    അടുത്ത ഒരാഴ്ച കനത്ത മഴ പെയ്യുമെന്നാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്...
കേശവന്‍നായര്‍    :    മാര്‍ത്താണ്ഡാ, കാലാവസ്ഥക്കാരു പറയുന്നത് എന്തെങ്കിലുമൊന്ന് ഫലിച്ചിട്ടുണ്ടോ...
അശോകന്‍    :    ഇതങ്ങനല്ല, അച്ഛാ.. കേരളത്തിലെ മുഴുവന്‍ ഡാമുകളും നിറഞ്ഞിരിക്കുകാ...
മാര്‍ത്താണ്ഡന്‍    :    ചിലതൊക്കെ തുറന്നുവിട്ടു, ഇടുക്കി ഉള്‍പ്പെടെ തുറന്നുവിടാന്‍ സാധ്യതയുമുണ്ട്...
കേശവന്‍നായര്‍    :    ഈ പ്രായത്തിനിടയില്‍ കേശവന്‍നായര് എന്തോരം മഴ കണ്ടേക്കുന്നു.. എന്തോരം ഉരുള്‍ പൊട്ടല്‍ കണ്ടേക്കുന്നു.. മഴയെ പേടിച്ച് വീടും സ്വത്തുക്കളും ഇട്ടെറിഞ്ഞിട്ട് പോവുകാ എന്നു പറഞ്ഞാല്‍, ബുദ്ധി ഉള്ളവരാരെങ്കിലും ചെയ്യുമോ...
അശോകന്‍    :    അച്ഛാ സ്വത്തിനേക്കാളും വീടിനേക്കാളുമൊക്കെ പ്രധാനമാണ് മനുഷ്യജീവന്‍.
കേശവന്‍നായര്‍    :    അത് നിങ്ങള്‍ക്ക്... കഷ്ടപ്പെട്ട് ഈ മൊതലുണ്ടാക്കിയ എന്നെപ്പോലുള്ളവര്‍ക്കങ്ങനല്ല...
മാര്‍ത്താണ്ഡന്‍    :    മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേട്ടില്ലേ... ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. എല്ലാവരും സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് രക്ഷപ്പെടണം എന്നാ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കേശവന്‍നായര്‍    :    മുഖ്യമന്ത്രിയ്ക്കങ്ങനെ പലതും പറയാം. അതു കേട്ടോണ്ട് നമുക്ക് വീടും കൂടും വിട്ടെറിഞ്ഞ് പോകാനൊക്കുമോ?
        (അകത്തുനിന്നും അംബിക പ്രവേശിക്കുന്നു)
അശോകന്‍    :    അമ്മേ, ദേ അച്ഛന്‍ വരുന്നില്ലെന്നാ,
മാര്‍ത്താണ്ഡന്‍    :    ഏതു നിമിഷവും വീട്ടിനകത്തേയ്ക്ക് വെള്ളം കയറാം., ഉരുള്‍പൊട്ടലിനും സാദ്ധ്യതയുണ്ടെന്ന.് അംബികാമ്മ ഒന്നു പറഞ്ഞ് മനസ്സിലാക്കണം.
അംബിക    :    ഇനിയും സ്വത്തുക്കളുടെ പേരും പറഞ്ഞ് ഇവിടെ കഴിയാനാണ് തീരുമാനമെങ്കില്‍ ദേ, ഞാനും ഇവിടെത്തന്നെ കഴിയും.
കേശവന്‍    :    മണ്ണിന്റെ, അദ്ധ്വാനത്തിന്റെ വിലയറിയണം. അത് മനസ്സിലാക്കണം.
മാര്‍ത്താണ്ഡന്‍    :    ദേ, അശോകനൊരു മുനിസിപ്പാലിറ്റിയുടെ സെക്രട്ടറിയാ. രാപ്പകലില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടാളാ... കുറച്ചുകൂടികഴിഞ്ഞാല്‍  റോഡുകള്‍ മുഴുവന്‍ മുങ്ങും. യാത്ര അസൗകര്യമാകും..
അശോകന്‍    :    നിങ്ങളെയെല്ലാവരേയും സുരക്ഷിതമായി എവിടെങ്കിലും എത്തിച്ചിട്ട് പോകണം. അതിനാ ഞാന്‍ വന്നത്.
കേശവന്‍നായര്‍    :    അതിഥിമോളെവിടെ...
        (അതിഥി ബാഗുമായി വരുന്നു)
കേശവന്‍നായര്‍    :    അശോകാ, ഇവരേകൂട്ടി നീ പൊയ്‌ക്കോളൂ...
അംബിക    :    നമ്മുടെ മോന്‍ പറയുന്നത് കേള്‍ക്കണം. വെള്ളമിറങ്ങുമ്പോള്‍ നമുക്ക് മടങ്ങിവരാം.. വീടാരും എടുത്തോണ്ടുപോകില്ല.
കേശവന്‍നായര്‍    :    എന്റെ അഞ്ചര ഏക്കറിലെ കൃഷി, നിസാര കാര്യമാണോ, ഈ കാണുന്നതൊക്കെ ഇട്ടെറിഞ്ഞിട്ട് മഴയെ പേടിച്ച് പോകാനോ.. നല്ല കാര്യമായി, കേശവന്‍നായര് ചാകണം ഈ മണ്ണ് വിട്ടുപോകണമെങ്കില്‍... അന്നേരോം പോകില്ല. ഈ മണ്ണിലെരിഞ്ഞുതീരും.. എത്രയും വേഗം നിങ്ങള്‍ സുരക്ഷിത സ്ഥാനത്തെത്തിച്ചേരണം.. എനിക്കെന്റെ ഈ വീടാ വലുത്.
അതിഥി    :    (അസ്വസ്ഥതയോടെ)  അച്ഛനെ ഇവിടെ തനിച്ചാക്കി ഞങ്ങളെങ്ങനെ മനസ്സമാധാനത്തോടെ പോകും...
കേശവന്‍നായര്‍    :    പോകണം... പറഞ്ഞതു കേട്ടില്ലേ, ഇതൊക്കെ ഇട്ടെറിഞ്ഞ് ഞാന്‍ വരില്ല.
അശോകന്‍    :    അതിഥി... അമ്മയേയും കൂട്ടി ഇറങ്ങ്... അച്ഛന്‍ വീടും കെട്ടിപ്പിടിച്ചിരിയ്ക്കട്ടെ.
അംബി    :    ഇദ്ദേഹമെന്റെ ഭര്‍ത്താവ് മാത്രമല്ല, കണ്‍കണ്ട ദൈവകൂടിയാണ്. അച്ഛനില്ലാതെ വരില്ല ഞാന്‍.
അതിഥി    :    അമ്മേ, തര്‍ക്കിച്ചു നില്‍ക്കാനുള്ള നേരമല്ല.. എന്തുതന്നെയായാലും ഇപ്പോ തീരുമാനിയ്ക്കണം. രണ്ടാളും അശോകേട്ടന്‍ പറയുന്നതനുസരിയ്ക്കണം എന്നാ എന്റെ അപേക്ഷ.
കേശവന്‍നായര്‍    :    അംബികേ, നീയിപ്പോള്‍ ഇവരോടൊപ്പം പോകണം.. എന്റെ ജീവനേക്കാള്‍ എനിക്ക് വലുത്, ഈ മണ്ണും നിന്റെ ജീവനുമാ പെണ്ണേ...
അംബിക    :    കേശവന്‍നായരേ...
കേശവന്‍നായര്‍    :    വെള്ളപ്പൊക്കവും, ഉരുള്‍പ്പൊട്ടലുകളും അതിജീവിച്ചവനാ ഞാന്‍.. ദേ ചുറ്റും ശത്രുക്കളാ.. ഞാനിവിടെ ഉണ്ടാകണം.. നല്ലതുമാത്രം ചിന്തിച്ചിറങ്ങൂ...
        (മനസ്സില്ലാ മനസ്സോടെ പുറത്തേയ്ക്ക് നടന്ന അംബിക മടങ്ങിവന്ന് കേശവന്‍നായരുടെ കാല്‍ വന്ദിച്ച് കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക്, ഒപ്പം അതിഥിയും മാര്‍ത്താണ്ഡനും)
കേശവന്‍നായര്‍    :    (വല്ലാത്ത മാനസിക പിരിമുറുക്കത്തോടെ) ജനിച്ചാലൊരിക്കല്‍ മരിക്കും.. മൂന്ന് തലമുറകളായി കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കള്‍ നഷ്ടമായാല്‍  അടുത്ത തലമുറ എന്തുചെയ്യും... ഇതെല്ലാം ഇട്ടെറിഞ്ഞ ഞാനില്ല എങ്ങോട്ടും.
        (ഭ്രാന്തമായ മനസ്സോടെ നില്‍ക്കുമ്പോള്‍...)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക