വാപ്പച്ചിയും ഉമ്മച്ചിയുമാണ് വീട്ടിലെ റൊമാന്റിക് കപ്പിളെന്ന് അടുത്തിടെ ദുല്‍ഖര്‍ സല്മാന് സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ കെമിസ്ട്രി അപാരമാണ്. സെറ്റില്‍ ഒരു ബ്രേക്ക് കിട്ടിയാല്‍ വാപ്പച്ചി അപ്പോള്‍ത്തന്നെ ഉമ്മച്ചിയെ വിളിക്കുമെന്നും താരപുത്രന് പറഞ്ഞിരുന്നു. മമ്മൂട്ടി ഫോണ്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും ആരെയാണെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. ആരും അതേക്കുറിച്ച് ചോദിക്കാറുമില്ലായിരുന്നു. വാപ്പച്ചിയുടെ കൈയ്യില്‍ ഫോണുണ്ടെങ്കില് ഉറപ്പിച്ചോളൂ മറുവശത്ത് ഉമ്മച്ചിയായിരിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞതോടെയാണ് ഇവരുടെ പ്രേമത്തെക്കുറിച്ചുള്ള രഹസ്യം പരസ്യമായത്. മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് 40 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയിലെത്തിയത്. സിനിമാജീവിതത്തില്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്കി സുല്‍ഫത്ത് എന്നും ഒപ്പമുണ്ടായിരുന്നു.
മമ്മൂട്ടിയെ സ്വാധീനിക്കാനയി ചില സിനിമാപ്രവര്‍ത്തകര്‍ സുലു എന്ന സുല്‍ഫത്തിനെ സമീപിക്കാറുണ്ടായിരുന്നു. മുന്‍പ് അത്തരത്തില്‍ അദ്ദേഹം നിരസിച്ച സിനിമ ഏറ്റെടുക്കാന്‍ സുലു നിമിത്തമായിട്ടുണ്ട്. കുടുംബത്തിനായി സമയം കണ്ടെത്തുന്ന കാര്യത്തില്‍ മെഗാസ്റ്റാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചില സെറ്റുകളില്‍ അദ്ദേഹം കുടുംബസമേതമാണ് പോയിരുന്നതും. അതുകൊണ്ട് തന്നെ ദുല്‍ഖറിനും സുറുമിക്കും സിനിമാപ്രവര്‍ത്തകരെയെല്ലാം നേരത്തെ തന്നെ അറിയാം. മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യത തന്നെയാണ് താരപുത്രന് ലഭിച്ചത്. മമ്മൂട്ടിയുടെ മകന് എന്ന ലേബലില്ലാതെയാണ് ദുല്‍ഖര്‍ അരങ്ങേറിയത്. പിന്നീടും അത് നിലനിര്‍ത്താന്‍ ഈ താരപുത്രന് കഴിഞ്ഞിട്ടുമുണ്ട്. സിനമാലോകവും ആരാധകരുമെല്ലാം മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ മകളായ മറിയം അമീറ സല്‍മാന്റെ രണ്ടാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. അതിന് പിന്നാലെയാണ് കുടുംബത്തിലെ അടുത്ത ആഘോഷവും. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും 40ാമത്തെ വിവാഹ വാര്‍ഷിക ദിനമാണ് മെയ് ആറിന്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.