കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -10)

Published on 12 May, 2019
കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -10)
        (മഴ തിമിര്‍ക്കുകയാണ്. സണ്ണി പുരയ്ക്കകത്തുനിന്ന് പുറത്തേയ്ക്ക് ചൂണ്ടയിടുന്നു. ചാണ്ടിമാപ്പിള അസ്വസ്ഥതയോടെ നടക്കുന്നു. ചാണ്ടി ദേഷ്യത്തോടെ മുകളിലേയ്ക്ക് നോക്കി.)
ചാണ്ടി    :    കര്‍ത്താവെ, മുടിയാനെക്കൊണ്ട് നീ ആകാശത്തിന്റെ വാതിലുകൊട്ടി അടയ്ക്കില്ലേ... സൂര്യനെ കണ്ടിട്ടെത്ര ദിവസമായി.. അതിയാനിതെവിടെപ്പോയി.. ഇതിനൊരന്തോം കുന്തോമില്ലെ... എന്റെ കൃഷി മൊത്തം നശിച്ചു...
        (സണ്ണി അയാള്‍ക്കടുത്തെത്തി)
സണ്ണി    :    വല്യപ്പച്ചാ പഴയ നിയമത്തില്‍ നോഹയുടെ കാലത്ത് എത്ര ദിവസം മഴ പെയ്‌തെന്നോ...
ചാണ്ടി    :    നാല്‍പ്പതു രാവും പകലും..
സണ്ണി    :    നോഹ ഉണ്ടാക്കിയതുപോലൊരു പെട്ടകം നമുക്കുണ്ടാക്കിയാലോ...
ചാണ്ടി    :    എടാ മുറ്റത്തുവരെ വെള്ളം വന്നു. രണ്ടോ മൂന്നോ അടികൂടി വെള്ളം പൊങ്ങിയാല്‍ അത് പൊരയ്ക്കകത്തുകേറും..
സണ്ണി    :    മണ്ടത്തരമായിപ്പോയി വല്യപ്പച്ഛാ... നമുക്കും ഒരു പെട്ടകം ഉണ്ടാക്കേണ്ടതായിരുന്നു.
ചാണ്ടി    :    നോഹയ്ക്ക് യഹോവാ മുന്നറിയിപ്പ് കൊടുത്തു. മഴ വരാന്‍പോകുന്നു. പെട്ടകമൊണ്ടാക്കണമെന്ന്...
സണ്ണി    :    നമ്മളോട് കാണിച്ചത് ചതിയാ... ഒരു മുന്നറിയിപ്പ് നമുക്കും തരാമായിരുന്നു...
ചാണ്ടി    :    എടാ നോഹ നീതിമാനായിരുന്നു....
സണ്ണി    :    നമുക്ക് നീതി ഇല്ലല്ലോ... ഇങ്ങനെ പോയാല്‍ വെള്ളപ്പൊക്കത്തില്‍ ലോകം അവസാനിക്കുമോ വല്യപ്പച്ചാ...
ചാണ്ടി    :    യഹോവാ അന്നൊരുടമ്പടി ചെയ്തിട്ടൊണ്ട്. പ്രളയത്താല്‍ ഇനി ലോകം അവസാനിപ്പിക്കില്ലെന്ന്...
സണ്ണി    :    അതൊക്കെ പഴയ വാക്കല്ലെ, മൂപ്പിലു മറന്നുപോയി കാണും..       
        (ഈ സമയം ഫോണില്‍ സംസാരിച്ചുകൊണ്ട് അകത്തുനിന്നും രംഗത്തേക്കുവരുന്ന റോസി. മറുതലയ്ക്കല്‍ ചാര്‍ളിയുടെ സംസാരംപ്രേക്ഷകര്‍ക്ക് കേള്‍ക്കാവുന്ന രീതിയില്‍)
റോസി    :    അതേന്നേ.... ഇപ്പോള്‍തന്നെ ഏതു നിമിഷവും പൊരക്കകത്ത് വെള്ളം കേറും എന്ന അവസ്ഥയാ.. വണ്ടി വെള്ളത്തിനകത്തായി. പ്രതീക്ഷിക്കാത്ത നിലയിലാ വെള്ളമുയരുന്നത്..
ചാര്‍ളി    :    ഇനി ഒന്നും ആലോചിക്കാനില്ല. ഞാന്‍ പറയുന്നതങ്ങ് അനുസരിച്ചാല്‍മതി.. കുന്നേലെ പാപ്പച്ചന്‍ വലിയ വണ്ടിയുമായി ഇപ്പോള്‍ റോഡിലെത്തും. നിങ്ങളു മൂന്നും അതില്‍ കയറി സുരക്ഷിതമായ സ്ഥലത്തെത്തുക.
റോസി    :    അതിന് നിങ്ങടെ അപ്പച്ചന്‍ വരുമോ...
ചാര്‍ളി    :    ഇപ്പോ തര്‍ക്കിച്ചു നില്‍ക്കാനുള്ള നേരമല്ല. നീ അപ്പച്ചന്റെ കയ്യില്‍ ഫോണ്‍ കൊടുക്കെടീ... ഞാന്‍ പറയാം..
റോസി    :    (ഫോണ്‍ നീട്ടിയിട്ട്) അപ്പച്ചാ ചാര്‍ളിച്ചായനാ...       
        (ചാണ്ടി ഫോണ്‍ വാങ്ങിയിട്ട്)
ചാണ്ടി    :    ഹലോ.. മക്കളേ, അമേരിക്കേല്‍ മഴ ഉണ്ടോടാ...
ചാര്‍ളി    :    അപ്പച്ചനെന്ത് മണ്ടത്തരമാ കാണിക്കുന്നത്.. എത്രയും പെട്ടെന്ന് രക്ഷപ്പെടണം. കുന്നേലെ പാപ്പച്ചന്‍ വണ്ടിയുമായി കവലയില്‍ വരും, മൂന്നാളും അതേല്‍ കേറി ഉടനെ രക്ഷപ്പെടണം.
ചാണ്ടി    :    എടാ, ചാര്‍ളിമോനേ, ഇക്കണ്ട മൊതലൊക്കെ ഇട്ടിട്ട്....
ചാര്‍ളി    :    പണം കൊടുത്താല്‍ ജീവന്‍ നിലനിര്‍ത്താനൊക്കുമോ... ഞാന്‍ പറയുന്നതങ്ങനുസരിച്ചാല്‍ മതി... ഇനി സമയം കളയണ്ടാ... ഫോണ്‍ റോസീടെ കയ്യില്‍കൊടുക്ക്....
        (ചാണ്ടി ഫോണവള്‍ക്ക് കൊടുത്തു)
റോസി    :    അച്ചായാ പറ...
ചാര്‍ളി    :    എടീ, വാര്‍ത്തകള്‍ കേട്ടിട്ട് മനുഷ്യനൊരു സമാധാനവുമില്ല... അതെങ്ങനാ അന്യ നാട്ടില്‍ നില്‍ക്കുന്ന എന്നെപ്പോലുളളവരുടെ അവസ്ഥ നിങ്ങള്‍ നാട്ടിലുള്ളവര്‍ക്ക് മനസ്സിലാകില്ലല്ലോ... ഉടനെ തയ്യാറായി ഇറങ്ങിക്കോളൂ... ഞാന്‍ പിന്നാലെ വിളിച്ചോളാം... നീ ഫോണ്‍ കട്ട് ചെയ്യ്...
        (അവന്‍ ഫോണ്‍ വച്ചു)
        അത്യാവശ്യം ഉടുക്കാനൊള്ള തുണിയൊക്കെ എടുത്താല്‍ മതി.. അരയറ്റം വെള്ളമായി, നീന്തിയെങ്കിലേ റോഡിലെത്താനൊക്കൂ... അപ്പോള്‍ ഇറങ്ങുകല്ലേ അപ്പച്ചാ...
ചാണ്ടി    :    വൈകണ്ടാ.. നീ സണ്ണിമോനേം കൊണ്ട് വേഗം ഇറങ്ങിയ്‌ക്കോ...
റോസി    :    അപ്പച്ചന്‍ വരുന്നില്ലേ...
ചാണ്ടി    :    ഇക്കണ്ട സ്വത്തും മൊതലുമൊക്കെ ഇട്ടിട്ടു എന്തു ധൈര്യത്തിനിറങ്ങിപ്പോകും...
റോസി    :    അപ്പച്ചാ സ്വത്തും മൊതലുമല്ലിവിടെ പ്രധാനം. ജീവനാ...
ചാണ്ടി    :    മൂന്നാലു തലമുറ അദ്ധ്വാനിച്ച മുതലാ.. എന്റെ കാപ്പി, കുരുമുളക്,  ഏലം.. എന്റെ പൊന്നു വിളയുന്ന മണ്ണ്, കഷ്ടപ്പെട്ടുണ്ടാക്കിയ ഈ വീട്... ഇതൊക്കെ ഇട്ടെറിഞ്ഞിട്ട് എങ്ങോട്ട് പോണമെന്നാ.. എങ്ങോട്ടുമില്ല... എങ്ങോട്ടുമില്ല ചാണ്ടി. ചാണ്ടീടെ ജീവനാ ഇത്...
റോസി    :    അപ്പാ.. പൊരക്കകത്തിപ്പം വെള്ളം കേറും...
ചാണ്ടി    :    എടീ.. തലക്കുമീതെ വെള്ളം വന്നാല്‍ അതുക്കുമീതേ തോണി... തീയില്‍ കുരുത്തവനാ ചാണ്ടി.. ഇത്തിരി വെയിലൊന്നും കൊണ്ടാല്‍ വാടത്തില്ല...
സണ്ണി    :    വല്യപ്പച്ചാ തീയും വെയിലുമൊന്നുമല്ല..ഇത് പെരുമഴയാ...
ചാണ്ടി    :    എടാ ചാണ്ടീ.. ഈ പ്രായത്തിനകം എത്ര മഴ കണ്ടതാ..  (റോസിയോട്) നീ സണ്ണിമോനേം കൂട്ടി വേഗം പോണം... ഞാനെന്റെ വീടിനു കാവലിരിക്കും.. മോളേ.. ആരേം വിശ്വിക്കാനൊക്കില്ല.. ചുറ്റും ശത്രുക്കളാ.. നമ്മുടെ മൊതല് നമ്മളു നോക്കണം. കോടികളുടെ സ്വത്താ...
റോസി    :    ചാര്‍ളിച്ചായന്‍ ചോദിക്കുമ്പോള്‍ ഞങ്ങളെന്തു പറയും...
ചാണ്ടി    :    അപ്പച്ചന്‍ വീട്ടിലുണ്ടെന്ന് പറയണം... സമയം കളയണ്ടാ... നിങ്ങളു വേഗം പൊയ്‌ക്കോ... (അവള്‍ മടിച്ചു നിന്നു) എടീ പാപ്പച്ചന്‍ കവലേല്‍ വന്ന കാത്തുകിടക്കും വേഗം പോകാന്‍...
        (റോസി അകത്തേയ്ക്ക്)
പാപ്പച്ചന്‍     :    (പുറത്ത് വാഹനത്തില്‍നിന്ന്) ഏയ് ചാണ്ടിച്ചായോ, ഇറങ്ങിവായോ, ചാര്‍ളിച്ചായന്‍ വിളിച്ചിരുന്നു.. വേഗം...
ചാണ്ടി    :    ദേ വരുന്നു, താനവിടെ നില്‍ക്ക്...
സണ്ണി    :    വല്യപ്പച്ചനില്ലാതെ ഞാന്‍ പോകില്ല.
ചാണ്ടി    :    എടാ വല്യപ്പച്ചനു നീന്തറിയാം... പൊരക്കകത്തു വെള്ളം വന്നാല്‍ ടെറസിന്റെ മണ്ടക്കു കേറും.. ഒരു മഴയും വെയിലുമൊന്നും എന്നെ ബാധിക്കില്ല.. നിങ്ങളങ്ങനല്ല.. നിങ്ങളു മഴ നനയാത്ത മക്കളാ... വെയിലേറ്റാല്‍ വാടിപ്പോകുന്ന മക്കളാ... അമ്മച്ചീടെ കൂടെ പൊയ്‌ക്കോ... നിന്റെ മൊതലാ ഇത്...അത് കാത്ത് നിധി കാക്കുന്ന ഭൂതംപോലെ വല്യപ്പച്ചനിവിടെ കാണും...
        (ബാഗും തൂക്കി വന്ന റോസി. അവള്‍ സങ്കടത്തോടെ വിളിച്ചു)
റോസി    :    അപ്പച്ചാ...
ചാണ്ടി    :    സൂക്ഷിച്ചു പോണം... എന്റെ കുഞ്ഞിനെ നോക്കിക്കോണം കേട്ടോ... വീടും കാത്ത് ഞാനിവിടൊണ്ടാകും കൊച്ചേ... വൈകണ്ടാ.. പൊയ്‌ക്കോ...
        (സണ്ണി മൂപ്പിലാനെ കെട്ടിപ്പിടിച്ചു കരഞ്ഞു)
സണ്ണി    :    വല്യപ്പച്ചാ ഞാന്‍ പോകില്ല, വല്യപ്പച്ചനില്ലാതെ സണ്ണി പോകില്ല..
ചാണ്ടി    :    എടാ മക്കളേ, വല്യപ്പച്ചനിതൊന്നും ഒരു പ്രശ്‌നമല്ലെന്ന് പറഞ്ഞില്ലേ... മോന്‍ പൊയ്‌ക്കോ...
        (അവനും റോസിയും മഴയിലേക്കിറങ്ങി.. ചാണ്ടിമാപ്പിള അസ്വസ്ഥതയോടെ അത് നോക്കിനിന്നു... മഴ അതിന്റ സംഹാര താണ്ഡവം തുടരുന്നു...)   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക