ബെംഗളൂരു: രാഷ്ട്രീയപ്രവര്‍ത്തകരെ പരിഹാസ്യരായി അവതരിപ്പിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.ഇത്തരം പരിപാടികള്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും കുമാരസ്വാമി ചോദിച്ചു.ഉറക്കം നഷ്ടപ്പെടുത്താന്‍ മാത്രമേ ഇത്തരം പരിപാടികള്‍
സഹായിക്കൂവെന്നും അതിനാല്‍ താന്‍ ഇത്തരം പരിപാടികള്‍ ഒഴിവാക്കുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരുവില്‍ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കുമാരസ്വാമിയുടെ ഈ അഭിപ്രായം .
രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒരു പണിയുമില്ലാത്തവരാണോയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.കര്‍ണാടകത്തിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ് തന്റെ സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട് പോകുന്നതെന്നും മാധ്യമങ്ങളുടെ സഹായം കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.