സിനിമയുടെയും സിനിമാ പ്രവര്‍ത്തകരുടെയും ജാതകം ഒറ്റ വെള്ളിയാഴ്ച കൊണ്ട് മാറിമറിയാം. ക്വീന്‍ എന്ന ആദ്യചിത്രം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ബാലു എന്ന നായക കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തപ്പോള്‍ സിനിമാ മോഹികളായ ചെറുപ്പക്കാര്‍ ഒരുപക്ഷേ ആഗ്രഹിച്ചിരിക്കാം ധ്രുവന്റെ പോലൊരു തലയിലെഴുത്ത് നമുക്ക് കിട്ടിയിരുന്നെങ്കിലെന്ന്. മാലാഖ വന്ന് മാന്ത്രികവടി ചലിപ്പിച്ച് നീ ഒരു നായകനാകട്ടെ, ആ സിനിമ ഹിറ്റ് ആകട്ടെ എന്ന് പറഞ്ഞ് നേടിയതല്ല ആ വിജയം.
യുവതാരങ്ങളെ അണിനിരത്തി റാഫി തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കിലെ മൂന്ന് നായകന്മാരില്‍ ഒരാളായ ത്രില്ലില്‍ നിന്നുകൊണ്ട് സിനിമയിലേക്ക് എത്തിയ വഴികള്‍ ഓര്‍ത്തെടുക്കയാണ് ധ്രുവന്‍.
കോടമ്പാക്കത്തെ ഒറ്റമുറിയില്‍ താമസിച്ച്, പൈപ്പ് വെള്ളം കുടിച്ച് തള്ളിനീക്കിയ അനുഭവങ്ങളാണ് പഴയകാല നടന്മാര്‍ക്ക് ഉള്ളത് . ഇപ്പോള്‍ സിനിമയില്‍ എത്തപ്പെടാന്‍ താരതമ്യേന എളുപ്പമാണെന്ന് തോന്നുന്നുണ്ടോ?
മമ്മൂക്ക നായകനായ ദാദാസാഹിബില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. ഡയലോഗോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, സിനിമ എന്ന സ്വപ്നം ഉള്ളില്‍ കടന്നുകൂടാന്‍ അതൊരു നിമിത്തമായി. സ്‌കൂളിലായാലും പഠനത്തേക്കാള്‍ തിളങ്ങിയത് കലയിലും സ്‌പോര്‍ട്‌സിലുമാണ്. മിമിക്രി, മോണോ ആക്ട് ...അങ്ങനെ എല്ലാത്തിനും പങ്കെടുക്കും. കോയമ്പത്തൂരാണ് ഡിഗ്രി പഠിച്ചത്. അതിനിടയില്‍ മോഡലിങ് ചെയ്തു. പിജി ചെയ്യാന്‍ കൊച്ചിയില്‍ എത്തിയതോടെയാണ് മോഡലിംഗിനോടൊരു പ്രൊഫഷണല്‍ സമീപനം ഉണ്ടായത്. അതിലൂടെ സിനിമയിലേക്ക് കയറാനുള്ള സാധ്യത തെളിഞ്ഞുവരും എന്നായിരുന്നു പ്രതീക്ഷ.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ചശേഷം, ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യുകയും ഓഡിഷനുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ തേടിപ്പിടിച്ച് പോകാനും തുടങ്ങി. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയതോടെ തടവറയില്‍പെട്ട അവസ്ഥയായി. നമ്മുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കുന്ന സുഹൃത്തുക്കള്‍ ഇല്ലാത്തതിന്റെ അസ്വസ്ഥത അപ്പോഴാണ് അറിയുന്നത്. അങ്ങനെയിരിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് ഭീമ ജ്വല്ലറിക്കുവേണ്ടി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം ലഭിച്ചു. റിച്ച് അടക്കം പലരും ഭീമയുടെ പരസ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട് സിനിമയിലെത്തിയവരാണല്ലോ, ഇതായിരിക്കും എന്റെ വഴിയെന്ന് മനസ്സ് മന്ത്രിച്ചു . ജോലി രാജിവെച്ച് രണ്ടും കല്‍പ്പിച്ച് സിനിമ സ്വപ്നവുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു. പക്ഷേ പ്രതീക്ഷിച്ചതു പോലെ സിനിമയിലേക്കുള്ള വിളി വന്നില്ല. ആറുവര്‍ഷത്തോളം സ്ഥിരവരുമാനമുള്ള ജോലിക്ക് ശ്രമിക്കാതെ എന്നെ തേടി വരാത്ത സിനിമയ്ക്കു പിന്നാലെ ഭ്രാന്തമായി ഓടി.
കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നത് കൊണ്ട് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. എങ്കിലും ആത്മവിശ്വാസം വല്ലാതെ താഴ്ന്നു. മറ്റു ജില്ലകളില്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാന്‍ യാത്ര ചെലവിനുള്ള വക കണ്ടെത്താന്‍ എന്തെങ്കിലും ജോലി ചെയ്യണമെന്ന് ചിന്തയായി. ലിസമ്മയുടെ വീട് , പട്ടംപോലെ , 1971 Beyond the Borders, തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി.
പരമ്പരാഗതമായി ഞങ്ങള്‍ ചെണ്ടകൊട്ടുകാരാണ്. അമ്മാവന്മാര്‍ക്കൊപ്പം ഉത്സവങ്ങള്‍ക്ക് ചെണ്ട കൊട്ടാന്‍ പോകുമ്പോള്‍ ചെറിയൊരു തുക കിട്ടും. വേനല്‍ക്കാലത്ത് മാത്രമാണ് ഉത്സവം. മറ്റു മാസങ്ങളില്‍ പ്രൈവറ്റായി ടാക്‌സി ഓടിച്ചും ഓഡിഷനുകളില്‍ പങ്കെടുക്കാനുള്ള പണം സ്വരുക്കൂട്ടി. പണം ലാഭിക്കാന്‍ മിക്കവാറും നൂഡില്‍സ് മാത്രമാണ് കഴിച്ചിരുന്നത്. പോഷകാഹാരക്കുറവ് കൊണ്ട് ആരോഗ്യപ്രശ്‌നങ്ങളും മുടികൊഴിച്ചിലും ഉണ്ടായി. ഒറ്റപ്പാലത്തെ സിനിമ പാരമ്പര്യമില്ലാത്ത ഇടത്തരം കുടുംബത്തില്‍ ജനിച്ച എന്നെ സംബന്ധിച്ച് സിനിമ ഒരിക്കലും കയ്യെത്തും ദൂരത്ത് ആയിരുന്നില്ല.
സിനിമയോടുള്ള ഭ്രാന്തമായ ആവേശം കൊണ്ട് കഴിവിനൊത്ത ഒരു ജോലി ലഭിക്കാത്തതിന്റെ പേരില്‍ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടോ?
കുറ്റപ്പെടുത്തല്‍ അല്ല, അങ്ങനെ ഒരനുഭവം പറയാം. സുഹൃത്ത് വഴി ശരിയായ ഒരു ജോലിയുടെ ഭാഗമായി നടത്തിയ ഇന്റര്‍വ്യൂവിന് ഇടയില്‍ എന്റെ ഇഷ്ടങ്ങള്‍ എന്താണെന്ന് അവര്‍ ചോദിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു. സിനിമ കിട്ടിയാല്‍ ജോലി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് സത്യസന്ധമായ ഉത്തരം പറഞ്ഞതോടെ 'ജോലി ഗോവിന്ദ'. ജോലി ശരിയാക്കിയ സുഹൃത്തിന്റെ വായില്‍നിന്ന് നല്ല ചീത്തയും കേട്ടു.
വിലങ്ങുതടിയായതുപോലെ തന്നെ സിനിമ മോഹങ്ങള്‍ക്ക് ചിറകു വിരിച്ച് തന്നതിനും കിട്ടിയ ജോലിക്ക് പങ്കുണ്ട്. പുല്ലേപ്പടിയില്‍ ഉള്ള നവരസ് റസ്റ്റോറന്റിലായിരുന്നു രസകരമായ ആ ജോലി. ചിരിച്ചുകൊണ്ട് കസ്റ്റമറെ സ്വീകരിക്കുക എന്നതായിരുന്നു എന്നെ ഏല്‍പ്പിച്ച ദൗത്യം. സ്യൂട്ടും കോട്ടും ഒക്കെ ഇട്ട് എപ്പോഴും ചിരിച്ച മുഖത്തോടെ നില്‍ക്കുക, അത്രമാത്രം. ലീവ് ഇല്ലാതെ ജോലി ചെയ്യാമെന്നും സിനിമയില്‍ അവസരം ലഭിച്ചാല്‍ പോകാന്‍ അനുവദിക്കണമെന്നും മുമ്പേ പറഞ്ഞിരുന്നു.
മുടിയും താടിയും വെട്ടാന്‍ കഴിയില്ലെന്നും പറഞ്ഞു. അതിനൊരു കാരണമുണ്ട്. ചില കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഓഡിഷന്‍ വെക്കുമ്പോള്‍ താടിയും മുടിയും ഉള്ളവര്‍ക്ക് മുന്‍ഗണന എന്ന് പറയുമ്പോള്‍ പെട്ടെന്ന് വളര്‍ത്താന്‍ കഴിയില്ലല്ലോ. സെലക്ട് ആയശേഷം താടി വേണ്ടെന്നു പറഞ്ഞാല്‍ എടുത്തുകളയാം എന്ന മെച്ചമുണ്ട് താനും.
എന്തുകൊണ്ടോ അവര്‍ എന്റെ നിബന്ധനകളെല്ലാം അംഗീകരിച്ചു. ഉച്ചയ്ക്കത്തെ തിരക്ക് കഴിഞ്ഞാല്‍ രാത്രി 7 മണി വരെ വെറുതെയിരിക്കാം. പുല്ലേപ്പടി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ . അങ്ങനെ റിലീസാകുന്ന എല്ലാ ചിത്രങ്ങളും
കാണാനുള്ള അവസരമാക്കി ഫ്രീ ടൈം മാറ്റി.
അതിനിടയില്‍, നേവി സ്‌കൂളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂര്‍ ആക്ടിങ് വര്‍ക്ക്‌ഷോപ്പ് നടത്താനും ഓഫര്‍ ലഭിച്ചു. അഭിനയത്തെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം എന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്താന്‍ ഉപകരിച്ചു. പക്കാ വെജിറ്റേറിയനായ എനിക്ക് മീനിന്റെ പേര് തന്നെ അറിയില്ലായിരുന്നു. ഒരിക്കല്‍ പോലും മീന്‍ രുചിച്ചിട്ടില്ലാത്ത ഞാന്‍ സീഫുഡ് റസ്റ്റോറന്റില്‍ ജോലിചെയ്തശേഷം അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് അത്ഭുതമാണ്. പോസിറ്റീവ് ആയ ഒരുപാട് മാറ്റങ്ങള്‍ അവിടെവച്ച് ജീവിതത്തില്‍ ഉണ്ടായി. ഗാങ്സ്റ്ററില്‍ അത്യാവശ്യം സീനുകളുള്ള റോള്‍ കിട്ടിയതും അവിടെ ജോലി ചെയ്യുമ്പോളാണ്. ആ പരിചയംവച്ച് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള അദ്ദേഹത്തിന്റെ ഡോണട്ട് ഫാക്ടറിയില്‍ ജോലി തന്നു. അവിടെ ഒരുപാട് സെലിബ്രിറ്റികള്‍ വരും. എല്ലാവരെയും കാണും സംസാരിക്കും എന്നല്ലാതെ അവസരം ചോദിച്ചിട്ടില്ല. ഇടിച്ചുകയറുന്ന സ്വഭാവം പണ്ടേ ഇല്ല. കഴിക്കാന്‍ എത്തുന്നവര്‍ പ്രൈവസി ആഗ്രഹിക്കുമല്ലോ എന്ന് ഊഹിക്കാനുള്ള വകതിരിവ് കാണിച്ചിരുന്നു.
ക്വീനിലേക്കുള്ള വാതില്‍?
ഡോനട്ട് ഫാക്ടറിയില്‍ വെച്ച് ഓഡിഷനെക്കുറിച്ച് അറിയുമ്പോള്‍ നല്ല ചുമയും പനിയും ആയിരുന്നു. അതൊന്നും വകവയ്ക്കാതെ പങ്കെടുത്തു. ഓഡിഷനുള്ള ഫോം പൂരിപ്പിക്കുന്നതിനിടയില്‍ ഡിജോ എന്ന പഴയ സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടി. ഞാന്‍ നായകനായും അവന്‍ വില്ലന്‍ വേഷവും ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം ഉണ്ട്. അവന്‍ ഇങ്ങോട്ട് എന്തെങ്കിലും പറയും മുന്‍പ് ഫോം കയ്യില്‍ എടുത്തു കൊടുത്ത് 'അളിയാ പിന്നെ കാണാം' എന്നൊക്കെ പറഞ്ഞു ഞാന്‍ അകത്തു കയറി. എന്നെപ്പോലെ സിനിമ സ്വപ്നവുമായി നടക്കുന്ന ഡിജോയും അഭിനയിക്കാന്‍ വന്നതാണെന്നാണ് കരുതിയത്. അവനാണ് സംവിധായകന്‍ എന്നറിഞ്ഞപ്പോള്‍ ഞെട്ടിയെങ്കിലും ചെറിയൊരു വേഷം സൗഹൃദത്തിന്റെ പേരില്‍ ലഭിക്കുമെന്ന് പ്രതീക്ഷയായി.
പക്ഷേ ഓഡിഷന്‍ നടത്തിയത് അവന്‍ ആയിരുന്നില്ല, തിരക്കഥാകൃത്തുക്കളായ ഷാരിസും ജെബിനുമായിരുന്നു. ഒഡിഷന്റെ ഫൈനലില്‍ എത്തിയപ്പോള്‍ മാത്രമാണ് ചെറിയ വേഷം പ്രതീക്ഷിച്ച എനിക്ക് ബാലു എന്ന നായക വേഷം വച്ചു നീട്ടുന്നത്. ബംപര്‍ ലോട്ടറി അടിച്ചാല്‍ പോലും അത്ര സന്തോഷം തോന്നില്ല. റിലീസിന് മുന്‍പുള്ള രണ്ടു ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല. പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു എന്നറിഞ്ഞ നിമിഷം ഞാന്‍ ഡിജോയെ ഫോണില്‍ വിളിച്ചു പരസ്പരം ഒന്നും സംസാരിക്കാന്‍ കഴിയാതെ ഞങ്ങള്‍ പൊട്ടിക്കരഞ്ഞു. സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രാര്‍ത്ഥന ദൈവം കൈക്കൊണ്ടതുപോലൊരു വിജയമാണ് ക്വീനിന് ലഭിച്ചത്.
പെരുന്നാള്‍ റിലീസിനൊരുങ്ങുന്ന ഷാഫി ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍?
ഷാഫിക്കയെ പോലൊരു ഹിറ്റ്‌മേക്കര്‍ എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. റാഫി സര്‍ ഋഷി എന്ന എന്റെ കഥാപാത്രത്തെക്കുറിച്ച് വിവരിച്ചുതന്നപ്പോഴും നെഞ്ചിടിപ്പ് കൊണ്ട് എനിക്കൊന്നും മനസ്സിലായില്ല. എന്റെ പരിഭ്രമം മനസ്സിലാക്കി, ക്ഷമയോടെ കാര്യങ്ങള്‍ വീണ്ടും വ്യക്തമാക്കിത്തന്നു. ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, മാനസ, സൗമ്യ മേനോന്‍, ഗായത്രി സുരേഷ് എന്നിവര്‍ക്കൊപ്പമുള്ള ഷൂട്ടിംഗ് സെറ്റ് അടിപൊളിയായിരുന്നു. കോമഡി സിനിമ ഒരുക്കുന്നവര്‍ സീരിയസ് ആയിരിക്കും എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. ഷാഫിക്ക പക്ഷേ ആ ധാരണ പൊളിച്ചടുക്കി. അദ്ദേഹത്തോട് അങ്ങനെ ഒരു പേടി തോന്നാത്തത് കൊണ്ട് എന്ത് സംശയങ്ങളും ചോദിക്കാനുള്ള ധൈര്യം ഉണ്ടായി. അത് അഭിനയം മെച്ചപ്പെടുത്താന്‍ ഉപകരിച്ചു.
പലവട്ടം മൂന്നാറില്‍ പോയിട്ടുണ്ടെങ്കിലും മൂന്നാറിന് ഇത്ര ഭംഗി ഉണ്ടെന്ന് മനസ്സിലാക്കിത്തന്ന ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഓര്‍ഡിനറി ഇറങ്ങിയപ്പോള്‍ ഗവിയിലേക്കും ചാര്‍ലി വന്നപ്പോള്‍ മീശപ്പുലിമലയിലേക്കും ആളുകള്‍ ഒഴുകി എത്തിയത് പോലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഇറങ്ങുന്നതോടെ മൂന്നാറിലേക്ക് കൂടുതലായി പോയി തുടങ്ങും എന്നാണ് എനിക്ക് തോന്നുന്നത്. പറഞ്ഞു കേള്‍ക്കാത്ത കഥാപശ്ചാത്തലവും വ്യത്യസ്തവും രസകരവുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആഗ്രഹിക്കുന്ന കഥാപാത്രം?
സിനിമയോട് മൊത്തത്തില്‍ ആഗ്രഹമാണ്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ആത്മാര്‍ത്ഥമായി ഏതറ്റം വരെയും കഷ്ടപ്പെട്ട് ചെയ്യാന്‍ ഒരുക്കമാണ്.' പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ' കണ്ട് പലരും എന്നെ കാണുമ്പോള്‍ അതിലെ യേശു ക്രിസ്തുവിനെ ഓര്‍മ്മ വരുമെന്നും എനിക്ക് ആ ഛായ ഉണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട് .
മലയാളത്തില്‍ എപ്പോഴെങ്കിലും അങ്ങനെ ഒരു ചിത്രം ഒരുങ്ങിയാല്‍ ആ റോള്‍ ലഭിക്കണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്.