മനുഷ്യ മനസ്സിനെ ഞെട്ടിപ്പിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുമ്പോള്‍ മനുഷ്യന് എവിടെ, മനുഷ്യത്വം എവിടെ, ധാര്‍മ്മികത എവിടെ, എന്ന ചോദ്യങ്ങള്‍ നാം സ്വയം ചോദിച്ചു പോകുന്നു.
സിനോപ്പിലെ ഡിയോജിനസ് എന്ന ഗ്രീക്ക് തത്വചിന്തകന്‍ സത്യസന്ധരായ മനുഷ്യരെ തേടി അതെന്‍സിലെ പൗരന്മാരുടെ മുഖത്തേക്ക് വിളക്കു തെളിച്ചു നോക്കുമായിരുന്നു എന്നാണ് ഐതിഹ്യം. ആധുനിക യുഗത്തിലും മാനവ സംസ്കാരത്തിന്റെ മുഖ മുദ്രയായി നാം കാണുന്നത് മാനവികതയുടെ അഥവാ മനുഷ്യ സ്നേഹത്തിന്റെ അഭാവമാണ്. സാങ്കേതിക വിദ്യയുടെ പുരോഗതിയിലും മനുഷ്യന് അധപ്പതിക്കുകയാണ് എന്ന് തോന്നുന്നു. ഉദാഹരണങ്ങളായി ചൂണ്ടി കാണിക്കാനുള്ളത് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന യുദ്ധങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, എന്നിവ കൂടാതെ ജാതിയുടെയും, മതത്തിന്റെയും, വിശ്വാസങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ കേരളത്തിലും ഇന്ത്യയിലും നടക്കുന്ന വിവേചനം, വിദ്വേഷം, വെറുപ്പ്, തീവ്രവാദം, കൊലപാതകങ്ങള്‍, പെണ് വര്‍ഗവും ആണ് വര്‍ഗ്ഗവും പരസ്പരം നേരിടുന്ന ലൈംഗീക ചൂഷണങ്ങളും പീഠനങ്ങളും, വിശ്വാസ സംഹിതകള്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക അടിമത്തം, അധികാരങ്ങളില്‍ ഇരിക്കുന്നവരുടെ അധികാര ദുര്‍വിനിയോഗം, അഴിമതി, ബിസിനസ്സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പു, വഞ്ചന.ചൂഷണം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അന്തരം എന്നിങ്ങനെ പലതും.
ഇവിടെ ധാര്‍മ്മികതയും, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധവും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
1 . ധാര്‍മ്മികത
നന്മയും തിന്മയും
മനുഷ്യ മനസ്സിന്റെ അഗാധതയിലേക്ക് ചൂഴ്ന്നിറങ്ങിയാല്‍ മനസ്സിലാകാത്ത ഒരു കാര്യമാണ് മനുഷ്യന് നന്മയിലേക്ക് എന്നതിനേക്കാള്‍ തിന്മയിലേക്കുള്ള ചായ്വ് കൂടുതലാണെന്ന കാര്യം. മനുഷ്യന് ഒരു സാമൂഹ്യ ജീവി ആണെങ്കിലും സഹജീവികളോട് വെറുപ്പും, വിദ്വേഷവും പ്രകടിപ്പിക്കുക, അക്രമത്തില്‍ ഏര്‍പ്പെട്ട് ശാരീരികമായി ഉപദ്രവിക്കുക, കൊല്ലുക , കള്ളം പറയുക, മോഷ്ടിക്കുക, നിയന്ത്രണമില്ലാത്ത ലൈംഗീകാസക്തി, സ്വാര്‍ത്ഥത ഇവ പ്രകടിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നിവയെല്ലാം മനുഷ്യനില്‍ അന്തര്‍ലീനമായ തൃഷ്ണ അല്ലെങ്കില്‍ ആസക്തി ആണ് എന്നു കാണാം.
1924 ല്‍ ബോബി ഫ്രാങ്ക്സ് എന്ന 14 വയസ്സുകാരന്റെ തട്ടിക്കൊണ്ടുപോകലും
കൊലപാതകവും ചിക്കാഗോ നഗരത്തെയും അമേരിക്കയെയും ഞെട്ടിച്ചു. കൊല നടത്തിയ ലിയോപോള്‍ഡ് നൈതന്‍ (19 ) , റിച്ചാര്‍ഡ് ലോഎബ് (18 ) എന്നീ യുവാക്കള്‍ ബുദ്ധിപരമായും, സാമൂഹ്യ നിലവാരത്തിലും ഉയര്‍ന്ന നിലയിലായിരുന്നു. എന്നിട്ടും എന്തു കൊണ്ട് നിഷ്കളങ്കനായ അവരുടെ കൂട്ടുകാരനെ വഞ്ചിച്ചു നിഷ്കരുണം തട്ടിക്കൊണ്ടുപോയി അവര്‍ അവനെ കൊന്നു? ഫ്രഡറിക് നീഷേയുടെ അതിമാനുഷന്‍ എന്ന സങ്കല്പം അവരെ സ്വാധീനിച്ചു. നിയമങ്ങള്‍ക്കും സാന്മാര്‍ഗികതയുടെ അതിര്‍വരമ്പുകള്‍ക്കും അതീതമാണ് ഈ അതിമാനുഷന്‍. അതിമാനുഷന്‍ ആകാന്‍വേണ്ടി അവര്‍ എല്ലാ പഴുതുകളും അടച്ചുകൊണ്ടു നിഷ്ഠൂരമായ ആ കുറ്റകൃത്യം കൊലപാതകം ആറു മാസത്തോളം നീണ്ടുനിന്ന ആസൂത്രണത്തിനു ശേഷം നടപ്പിലാക്കി.
ക്ലാരന്‍സ് ഡാരോ എന്ന പ്രസിദ്ധനായ വക്കീല്‍ അവരെ തൂക്കുമരത്തില്‍നിന്നും രക്ഷപെടുത്തി. അവര്‍ ചെയ്തതിനെക്കുറിച്ചു പൂര്‍ണബോധം അവര്‍ക്ക് ഇല്ലായിരുന്നു എന്ന വാദം അദ്ദേഹം ഉന്നയിച്ചു. നീഷേയുടെ ചിന്തകള്‍ കോളേജിലെ പഠനത്തില്‍നിന്നും ആ യുവ മനസ്സുകളെ സ്വാധീനിച്ചു. യുദ്ധത്തിലും മറ്റും ആയിരക്കണക്കിനു മനുഷ്യരെ കൊല്ലുന്നത് നീതീകരിക്കുന്ന മനുഷ്യ സമ്പ്രദായം വക്കീല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. കുറ്റവാളികളുടെ പ്രായം കണക്കിലെടുത്തു അവര്‍ക്കു ജീവപര്യന്തം കൂടാതെ 99 വര്‍ഷത്തേക്ക് തടവ് വിധിക്കപ്പെട്ടു. ലോഎബ്നെ ജയിലില്‍ വച്ച് ഒരു സഹതടവുകാരന് കൊല ചെയ്തു. 1958 ല്‍ പരോളില്‍ ഇറങ്ങിയ നൈതന്‍ പോര്‍ട്ടോ റിക്കോയിലേക്ക് ഒളിവില്‍ കടന്നു. അവിടെ ഒരു മാത്തമാറ്റിക്സ് പ്രൊഫസര്‍ ആയി ജീവിതകാലം കഴിച്ചു. അദ്ദേഹം ഒരു പക്ഷിനിരീക്ഷകനും ആയിരുന്നു. 1971 ല്‍ നിര്യാതനായി
മാനുഷിക മൂല്യങ്ങള്‍
മൃഗീയ വാസനകളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ചു സത്യസന്ധത, അച്ചടക്കം, സാമൂഹ്യ പ്രതിപദ്ധത, കരുണ, ദാനം, സൗഹൃദം, എന്നീ മനുഷ്യനെ മനുഷ്യനാക്കുന്ന ഗുണങ്ങള്‍ നേടാന്‍ ശിക്ഷണം കൂടിയേ തീരൂ. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിദ്യാര്‍ത്ഥികളിലും യുവതീ യുവാക്കളിലും ഈ സാമൂഹ്യ അവബോധവും മൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് സംശയമാണ്. നിയമങ്ങളും, നീതിയും, ധര്‍മ്മവും, സദാചാരവും വ്യക്തിജീവിതത്തിലും, സാമൂഹ്യജീവിതത്തിലും മനുഷ്യന് ആവശ്യമാണ് എന്ന് വ്യക്തമാണ്. പണ്ട് മൂല്യങ്ങള്‍ക്കുവേണ്ടി നമ്മള് മതങ്ങളെ ആശ്രയിച്ചിരുന്നു ഇന്ന് മതങ്ങള്‍ക്ക് സമ്പത്തും അധികാരവും കൈക്കലാക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ. മതങ്ങളും വിശ്വാസ സംഹിതകളും ആചാരങ്ങളും കാലത്തിനൊത്തു സമൂഹത്തിനും വ്യക്തി ജീവിതത്തിനും ഉപകരിക്കുമാറ് മാറേണ്ടിയിരിക്കുന്നു.
2. വ്യക്തിയും സമൂഹവും
സ്വകാര്യതത്പരതയും സ്വാര്‍ത്ഥതയും
മനുഷ്യനെ അലട്ടുന്ന ഒരു പ്രശ്നം വ്യക്തിജീവിതവും, സാമൂഹ്യ ജീവിതവും എങ്ങനെ സമീകരിക്കും എന്നുള്ളതാണ്. സ്വന്തം വ്യക്തിത്വവും വ്യക്തിതാത്പര്യങ്ങളും കാത്തു സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. ഒരു മനുഷ്യനും സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നും മാറി നില്‍ക്കാനാവില്ല. സ്വന്തം കാര്യം നോക്കിയതിനു ശേഷമേ മറ്റുള്ളവരെ നന്നാക്കാന്‍ പറ്റുകയുള്ളൂ. വ്യക്തിമാഹാത്മ്യവാദത്തിന്റെ പ്രവാചകയാണ് ആയിന് റാന്‍ഡ് . ''ഫൗണ്ടന്‍ഹെഡ്'', ''അറ്റ്ലസ് ഷ്രഗ്ഗ്ഡ്'' എന്നീ നോവലുകളില്‍ ഈ ദര്‍ശനം വളരെ വിശദമായി അവര്‍ പ്രതിപാദിക്കുന്നുണ്ട്. സ്വാര്‍ത്ഥതയ്ക്ക് വേറൊരു മാനദണ്ഡം അവര്‍ കൊടുക്കുന്നു, ധാര്‍മ്മികമായ അഹന്തയും, യുക്തി ചിന്തയും കലര്‍ന്ന ആത്മാഭിമാനം അല്ലെങ്കില്‍ യുക്തിസഹജമായ സ്വകാര്യതത്പരത 'ഒബ്ജെക്റ്റിവിസം' എന്ന പേരില്‍ ഒരു ദാര്‍ശനിക സിദ്ധാന്തമായി അവര്‍ മുന്നോട്ടു വച്ചു . . മുതലാളിത്ത വ്യവസ്ഥിതിയുടെയും, സാമ്പത്തിക വിപണി മത്സരങ്ങളുടെയും സ്വതന്ത്ര വിപണിയുടെയും അടിസ്ഥാനതത്വവും ഇതു തന്നെയാണ്. കാര്യക്ഷമത, പ്രാപ്തി, നൈപുണ്യം ഇവ നേടാന്‍ ഈ ഒബ്ജെക്റ്റിവിസം മനുഷ്യ ജീവിതത്തില്‍ ആവശ്യമാണ് എന്ന സന്ദേശം അവരുടെ നോവലുകളില്‍ കാണാം
ജാതി, മതം, രാഷ്ട്രീയം
മനുഷ്യവര്‍ഗം ഇന്നും പല മതില്‍ക്കെട്ടുകളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ജാതിയും മതവും, രാഷ്ട്രീയവും, സമ്പത്തും ഇന്ന് മനുഷ്യനെ മനുഷ്യനില്‍ നിന്നും വേര്‍തിരിക്കുന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, എല്ലാവരുടെയും ക്ഷേമം എന്നീ തത്വങ്ങള്‍ പ്രായോഗിക തലത്തില്‍ വരാന്‍ ഇനിയും നാം കാത്തിരിക്കേണ്ടിയിരിക്കുന്നു
വയലാര്‍ രാമവര്‍മ്മ ''കടല്‍പ്പാലം'' എന്ന ചിത്രത്തിനുവേണ്ടി എഴുതിയ വരികള്‍ അര്‍ത്ഥഗര്‍ഭമായി ചൂണ്ടി കാണിക്കുന്നതും ഇതു തന്നെ.
''ഇവിടെ മനുഷ്യന് ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങള്‍ നുണ പറഞ്ഞു..
ഈശ്വരനെ കണ്ടു. .. ഇബിലീസിനെ കണ്ടു..
ഇതുവരെ മനുഷ്യനെ കണ്ടില്ല ..
....ഹിന്ദുവിനെ കണ്ടു. .. മുസല്‍മാനെ കണ്ടു..
ഇതുവരെ മനുഷ്യനെ കണ്ടില്ല...'
ദൈവത്തിന്റെ സ്വന്തം നാട്ടിലും ഇബിലീസുകളെ കാണാന്‍ എളുപ്പം, മനുഷ്യനെ കാണാന്‍ മഷിയിട്ടു നോക്കണം. ഇവിടെയാണ് മനുഷ്യനെ തേടിയുള്ള അന്വേഷണത്തിന്റെ പ്രസക്തി.
പരിഹാരം എന്ത്?
ദത്തം, ദയത്വം, ദാമ്യത
കാമം (ധനത്തോടും, ലൈംഗീകതയോടും ഉള്ള അഭിനിവേശം) മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയേണ്ടിയിരിക്കുന്നു അന്തിമമായി മനുഷ്യ ജീവിതത്തിന് അര്‍ദ്ധം നല്‍കുന്നത് ധര്‍മ്മവും നീതിയും ആത്മനിയന്ത്രണവുമാണ്. ഇതു തന്നെയാണ് ടി എസ് എലിയട്ട് തന്റെ വിശ്വവിഖ്യാതമായ ' വേസ്റ്ലാന്‍ഡ്' എന്ന മഹാകാവ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് അദ്ദേഹം ബൃഹദാരണ്യകോപനിഷദ് ആസ്പദമാക്കി എഴുതി:
ദത്തം (നീ ദാനം ചെയ്യൂ)
ദയത്വം (നീ ദയ കാണിക്കൂ),
ദാമ്യത (നീ ആത്മനിയന്ത്രണം പാലിക്കൂ).
ഈ മൂല്യങ്ങള്‍ നിയമ സംഹിതയിലും സാന്മാര്ഗികതയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥിതിയിലേക്കുള്ള സാമൂഹ്യ പരിഷ്കരണത്തിന്റെ ചൂണ്ടു പലകകളായി തീരും എന്ന് പ്രതീക്ഷിക്കാം, മനുഷ്യനെയും, മനുഷ്യത്വത്തെയും, മാനവികതയെയും തേടിയുള്ള പ്രയാണവും സാമൂഹ്യ മാറ്റങ്ങളും വിജയിക്കേണ്ടത് മനുഷ്യവര്‍ഗ്ഗത്തിന്റെ സുസ്ഥിരതക്കു ആവശ്യമാണ് എന്ന് നമ്മള് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു