Image

എഴുത്തിന്റെ ലോകത്ത് വിനയാന്വിതനായി ജോസഫ് ഏബ്രഹാം-ഇ-മലയാളിയുടെ കഥ അവാര്‍ഡ് ജേതാവ്

Published on 16 June, 2019
എഴുത്തിന്റെ ലോകത്ത് വിനയാന്വിതനായി ജോസഫ് ഏബ്രഹാം-ഇ-മലയാളിയുടെ കഥ അവാര്‍ഡ് ജേതാവ്
ശ്രീ ജോസഫ് എബ്രഹാം - ഇമലയാളി കഥ അവാര്‍ഡ് 2018. മേരിലാന്‍ഡിലെ ബാള്‍ട്ടിമൂര്‍ കൌണ്ടിയില്‍ കുടുംബമായി താമസിക്കുന്നു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശി. തിരുവന്തപുരം ലാ കോളേജില്‍ നിന്ന് നിയമബിരുദം നേടിയശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. പിന്നീടു ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ ലീഗല്‍ എക്‌സിക്യൂട്ടീവായി ഉദ്യോഗം. 2009 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസം. ഇപ്പോള്‍ മേരിലാന്‍ഡ് സ്റ്റേറ്റ് ഗവര്‍മെന്റ് സര്‍വീസില്‍ ഉദ്യോഗം.

1. അവാര്‍ഡ് ജേതാവിനു അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം.

ഉ: തീര്‍ച്ചയായും ഈ പുരസ്‌കാരം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഞാന്‍ ഒരു എഴുത്തുകാരന്‍ ആണെന്നോ കഥാകൃത്ത് ആണെന്നോ അല്ലെങ്കില്‍ എന്തെങ്കിലും പുരസ്‌കാരത്തിനര്‍ഹനെന്നോ ഇപ്പോഴും വിശ്വസിക്കുന്നില്ല.

ഈ അടുത്ത കാലത്താണ് ഞാന്‍ എഴുതുവാന്‍ തുടങ്ങിയത്. കഥ എഴുതുന്നതിന്റെ സങ്കേതമോ കൈയ്യടക്കമോ ഒന്നും തന്നെ എനിക്കു വശവുമില്ല. ഇപ്പോഴത്തെ ചെറുപ്പക്കാരുടെ എഴുത്തിന്റെ മികവു കണ്ടു ഞാന്‍ അത്ഭുതപ്പെടാറുണ്ട് അതുപോലെയൊക്കെ എന്നെങ്കിലും എനിക്കും എഴുതുവാന്‍ കഴിയണമെന്ന് ഞാന്‍ ആശിക്കുന്നുണ്ട്. എഴുത്തിന്റെ മേഖലയില്‍ ഇനിയും ഒരുപാടു വളരുവാന്‍ ഉണ്ടെന്ന ബോധ്യമാണ് ഓരോ എഴുത്തും കഴിയുമ്പോള്‍ എനിക്ക് തോന്നാറുള്ളത്. അവാര്‍ഡു ലഭിച്ചുവെന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് വിശ്വാസം വന്നില്ല. പിന്നീട് എന്റെ ഫോട്ടോ ആവശ്യപ്പെട്ടുകൊണ്ടുള്ള മെയില്‍ വന്നപ്പോഴാണ് എനിക്ക് ആ കാര്യത്തില്‍ ബോധ്യം തന്നെ വന്നത്

2. അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു. നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയെ എങ്ങനെ സഹായിക്കും.

ഉ: മലയാള സാഹിത്യം എന്നത് ഒന്ന് മാത്രമേയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. അതിനു അമേരിക്കന്‍ മലയാള സാഹിത്യമെന്നോ, യൂറോപ്പ്യന്‍ മലയാള സാഹിത്യം എന്നൊക്കെ പറഞ്ഞു വേറിട്ടു നില്‍ക്കാന്‍ കഴിയില്ല അങ്ങിനെ നില്‍ക്കുന്നത് അഭിലക്ഷണീയവുമല്ല എന്നാണ് ഞാന്‍ കരുതുന്നത്.
യൂറോപ്പിലും അമേരിക്കയിലുമുള്ള മലയാളി പ്രവാസികളെ മറ്റു നാടുകളിലുള്ള മലയാളി പ്രവാസികളില്‍ നിന്ന് വിത്യസ്തമാക്കുന്നത് അവര്‍ എല്ലാവരും തന്നെ വന്നെത്തിയ നാട്ടിലേക്കു പറിച്ചുനടപ്പെട്ടു എന്നതാണ്. ബഹുഭൂരിപക്ഷത്തിനും ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണ്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ ജീവിക്കുന്ന നാടിന്റെ രീതികളില്‍ പലതും അവരുടെ ജീവിതത്തിന്റെ ഭാഗമായി അറിയാതെതന്നെ വന്നു കഴിഞ്ഞു. അത് അവരുടെ ചിന്തകളിലും കാഴ്ചപ്പാടിലും ഭാഷയിലും വലിയ മാറ്റം വരുത്തും. അപ്പോള്‍ സ്വാഭാവികമായും സാഹിത്യ രചനകളിലും അവയെല്ലാം പ്രതിഫലിക്കും. ഈ വ്യത്യസ്തത വായിച്ചറിയാന്‍ വായനക്കാര്‍ക്കും താല്‍പ്പര്യമുണ്ട്. അത്തരം സൃഷ്ട്ടികള്‍ മൊത്തത്തിലുള്ള മലയാളസാഹിത്യത്തില്‍ ഒരു മുതല്‍ കൂട്ട് ആവുക തന്നെയാണ് ചെയ്യുന്നത്. ഞാന്‍ മാത്രമല്ല വ്യത്യസ്തതകള്‍ സമ്മാനിച്ചുകൊണ്ട് മുഴുവന്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരും ആത്യന്തികമായി സഹായിക്കുന്നത് മലയാള സാഹിത്യലോകത്തെ ഒന്നാകെയാണ്

3. നിങ്ങള്‍ ആദ്യമെഴുതിയ കഥ ഏത്, എപ്പോള്‍. അതേക്കുറിച്ച് ചുരുക്കമായി പറയുക. ഒരു എഴുത്തുകാരനാകാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക.

ഉ: പഠിക്കുന്ന കാലത്ത് ഒരു കഥാരചനാ മത്സരത്തില്‍ പങ്കെടുക്കുകയും അതില്‍ രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്തതാണ് ഈ രംഗത്തെ ആദ്യത്തെ ഒരു സംഗതിയെന്നു പറയാവുന്നത്. പിന്നീടു അതിലേക്കൊന്നും ചിന്തിച്ചതേയില്ല. പിന്നീടു മൂന്ന് വര്‍ഷം മുന്‍പ് ഒരു കഥയെഴുതി അതൊരു നോവെലെറ്റായി ''ഡിംപിള്‍ മറിയ പറഞ്ഞത് ' എന്നപേരില്‍ മൂന്ന് ലക്കങ്ങളിലായി കേരള കൌമുദി വാരികയില്‍ അച്ചടിച്ചു വന്നു. നാല്‍പ്പത്തഞ്ചു വയസുള്ള ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മയ്ക്ക് ഒരു ദിവസം ഒരു കത്തു കിട്ടുകയാണ്. ആരും തന്നെ കത്തുകള്‍ അയയ്ക്കാത്ത ഈ കാലത്ത് തന്റെ പേരില്‍ ഒരു കത്തു വന്നതില്‍ അവര്‍ക്ക് വലിയ ആകാംഷതോന്നി.

ഗ്രാമത്തിലെ മേല്‍വിലാസത്തില്‍ ചെന്ന കത്ത് ഇപ്പോള്‍ അവര്‍ താമസിക്കുന്ന പട്ടണത്തിലെ മേല്‍വിലാസത്തിലേക്ക് 'റീ ഡയറക്റ്റ് ' ചെയതു വന്നതാണ്. ആ കത്ത് അവര്‍ക്കു വല്ലാത്ത ആത്മസംഘര്‍ഷം ഉണ്ടാക്കി. കാരണം ആ കത്ത് അയച്ചത് കോളേജില്‍ അവരുടെ കൂടെ പഠിച്ച സഹപാഠിയായിരുന്നു. പഠിക്കുന്ന കാലത്ത് പരസ്പരം അറിയിച്ചില്ലെങ്കിലും അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. പത്തിരുപതു വര്‍ഷം മുന്‍പ് കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കുകള്‍ ഈ അസമയത്ത് കേട്ടതില്‍ അവര്‍ക്കു ആത്മസംഘര്‍ഷവും ഭയവും തോന്നി. കൂട്ടത്തില്‍ അണയാതെ കിടന്ന പ്രണയചിന്തകളും അറിയാതെ ഉള്ളില്‍ നിറഞ്ഞു. അവള്‍ ഒരു കൂട്ടുകാരിയോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. അവര്‍ ഒരുമിച്ചു കത്തെഴുതിയ ആളെ നേരിട്ട് കാണാന്‍ ഒരു യാത്ര പോകുന്നതും അയാളെ കാണുന്നതുമൊക്കെയാണ് കഥ. ഒരു കത്ത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അതിന്റെ മേല്‍ വിലാസക്കാരനെ തേടിയെത്തിയെന്ന ഒരു പത്ര വാര്‍ത്തയാണ് ഈ കഥയ്ക്കുള്ള പ്ലോട്ടായി മാറിയത്.

ഈ കഥ അച്ചടിച്ചു വരുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം പത്രാധിപരുടെ ഒരു ഇ -മെയില്‍ എന്നെ തേടി വന്നു. കഥ നിരസിച്ചു എന്നതായിരിക്കും ഉള്ളടക്കമെന്നു കരുതി ഇ- മെയില്‍ തുറന്ന എനിക്ക് കഥ അച്ചടിച്ചു വരാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കിയത് വല്ലാത്ത ആനന്ദമായിരുന്നു. നമ്മുടെ ഒരു കഥ ഒരു കലാകാരന്‍ വരച്ച ചിത്രം സഹിതം അച്ചടിച്ച് വരിക എന്നതൊക്കെ വലിയ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.

4. ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ.

ഉ : മറ്റു ഓണ്‍ ലൈന്‍ പത്രങ്ങളില്‍ നിന്ന് ഇ- മലയാളിയെ വിത്യസ്തമാക്കുന്നത് അതിന്റെ (ശരിയായ പദം ആണോന്നറിയില്ല) ലേ ഔട്ട് തന്നെയാണ്. ഒറ്റ നോട്ടത്തില്‍ എല്ലാ വിഭവങ്ങളും കാണാന്‍ കഴിയും എന്നതാണ്. അത് പോലെ തന്നെ പുതിയതായി ഉള്‍ക്കൊള്ളിക്കുന്ന ആര്‍ട്ടിക്കിളുകള്‍ക്കു നല്‍കുന്ന ഹൈലൈറ്റും.
എഴുതുന്ന ഒരാളിന്റെ കാഴ്ചപ്പാടില്‍ നിന്ന് പറയുകയാണെങ്കില്‍ നമ്മുടെ എഴുത്തുകള്‍ എത്ര ആളുകള്‍ വായിക്കുന്നുണ്ട് എന്ന് കൂടി അറിയുവാന്‍ കഴിയുകയായിരുന്നെങ്കില്‍ നന്നെന്നു തോന്നുന്നു. അതുപോലെ അമേരിക്കയിലെതന്നെ പ്രസക്തമായ പ്രാദേശിക വാര്‍ത്തകള്‍ കുറച്ചുകൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ നന്നായിരിക്കുമെന്ന് അഭിപ്രായമുണ്ട്.

5. ഇ-മലയാളിയുടെ വായനക്കാരന്‍ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.

ഉ: 'സമഗ്രം' എന്നു തന്നെ പറയാന്‍ ഇഷ്ട്ടം. എടുത്തു പറയേണ്ട മറ്റൊരു നല്ലകാര്യം പല ഓണ്‍ ലൈന്‍ പത്രങ്ങളിലും ഉള്ളപോലെ ഗോസിപ്പുകളും ഇക്കിളികളും ഇ- മലയാളിയെ തീണ്ടിയിട്ടില്ല എന്നത് ശ്ലാഘനീയമാണ്

6. കഥകള്‍ കൂടാതെ നിങ്ങള്‍ എഴുതുന്ന രചനകള്‍ എന്തൊക്കെ? എന്തുകൊണ്ട് കഥകളില്‍ നിങ്ങള്‍ തുടരുന്നു.

ഉ: കഥകള്‍ കൂടാതെ ലേഖനങ്ങള്‍ എഴുതാറുണ്ട്. അത്ര ഗൗരവമുള്ള വിഷയങ്ങള്‍ അല്ല എഴുതാറ്, അല്പം കൌതുകവും നര്‍മ്മവും ഉള്ള വിഷയങ്ങളാണ് അതിനായി തിരഞ്ഞെടുക്കാറ്. അതാകുമ്പോള്‍ അതില്‍ അല്പം ഫിക്ഷന്റെ മേമ്പൊടികൂടി ചേര്‍ന്നുപോകും. അപ്പോള്‍ വായിക്കുന്നവര്‍ക്കും വല്യ മുഷിച്ചില്‍ തോന്നില്ല.

കവിതകള്‍ ശ്രമിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ കവിതക്ക് വേണ്ടത് സംഗീതം തുളുമ്പുന്ന കാച്ചിക്കുറുക്കിയ വാക്കുകളാണ്. ഒരു പേജു കഥ എന്നത് കവിതയില്‍ ഒരു വരിയില്‍ തുളുമ്പി നില്‍ക്കണം. കവിത എനിക്ക് വഴങ്ങില്ലെന്നു തോന്നി. ഈണത്തില്‍ പാടാന്‍ കഴിയാത്ത ഗദ്യ കവിതകളോട് എനിക്കൊട്ടും അടുപ്പവും തോന്നിയിട്ടില്ല, എന്നു വച്ചാല്‍ അത് മോശമാണെന്നല്ല. കഥകള്‍ എഴുതാന്‍ കുറഞ്ഞ സമയം മതി എന്നുള്ളതാണ് അതിനോടുള്ള അടുപ്പത്തിന് കാരണം. നോവല്‍ എഴുതാന്‍ വളരെ കൂടുതല്‍ റിസര്‍ച്ച് ചെയ്യേണ്ടതും ഏറെ സമയം വേണ്ടതുമാണ്. ജോലിത്തിരക്കില്‍ എഴുതുവാനും വായിക്കുവാനും സമയം കണ്ടെത്തുക എന്നതും ഏറെ ശ്രമകരമാണ്

7. കഥകള്‍ എഴുതാന്‍ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍. എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ ആ സ്വാധീനത്തില്‍ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ?

ഉ: അറിഞ്ഞോ അറിയാതെയോ എന്നെ സ്വാധീനിച്ച വ്യക്തിയാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദു ബഷീര്‍. വൈയെക്തിക അനുഭവങ്ങളുടെ അരികു പറ്റി കാല്പനികമായ കഥപറച്ചില്‍ എന്ന രീതിയിലാണ് അദ്ദേഹം എല്ലാ കഥകളുംതന്നെ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ സമകാലീനരെ വച്ചുനോക്കുമ്പോള്‍ ഒരു പണ്ഡിതേതര എഴുത്തുകാരന്‍ ആയിരുന്നു അദ്ദേഹം. അതുതന്നെ ആയിരുന്നു അദ്ദേഹത്തെ ഏവരുടെയും കഥാകാരനാക്കിയി മാറ്റിയകാരണവും.

സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ മാത്രം കഥ പറയുക എന്നതായിരുന്നു അദ്ധേഹത്തിന്റെ രീതി. ഒരു പക്ഷെ ബേപ്പൂര്‍ സുല്‍ത്താന് ലളിതമല്ലാത്ത ഭാഷയും വശമായിരിക്കും പക്ഷെ സംസാര ശൈലിയില്‍ കഥ പറയണമെന്നു അദ്ധേഹത്തിന് നിര്‍ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തു ശൈലി അദ്ധേഹത്തിന്റെതു മാത്രമാണ്. അത് വേറെ ആരെങ്കിലും കടം കൊണ്ടാല്‍ അത് അരോചകമായി തോന്നും.

ഞാന്‍ ഇതുവരേക്കും പൂര്‍ണ്ണമായും ഫാന്റസിയായ ഒരു കഥയും പറഞ്ഞിട്ടില്ല എല്ലാത്തിലും തന്നെ എനിക്ക് അനുഭവവേദ്യമായിരുന്ന ഒരു തലം അറിഞ്ഞോ അറിയാതയോ കടന്നു വരാറുണ്ട്. എനിക്ക് ലളിതമായ ഭാഷയല്ലാതെ മറ്റൊന്നും വഴങ്ങില്ല. അമേരിക്കന്‍ ജീവിതം ഭാഷയെ കൂടുതല്‍ ലളിതവല്ക്കരിക്കുന്നുവെന്നാണ് എന്റെ അനുഭവം.

8. നിങ്ങളുടെ നിരീക്ഷണത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം നാട്ടിലെ മുഖ്യധാര സാഹിത്യവുമായി കിടപിടിക്കുന്നോ? എന്തുകൊണ്ട് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നന്നല്ലെന്നു പരാതി ഉയരുന്നു.

ഉ: അമേരിക്കന്‍ മലയാള സാഹിത്യത്തിനു നാട്ടിലെ മുഖ്യധാര സാഹിത്യവുമായി പദാനുപദം കിടപിടിക്കാന്‍ സാധ്യമല്ല. നാട്ടിലെ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങളും സമയവും ഒന്നും ഇവിടെ ലഭ്യമല്ല. നാട്ടില്‍ ഒരു പാട് പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഒക്കെ ലഭ്യമാണ്. ഗള്‍ഫ് രാജ്യങ്ങളിലും അവയെല്ലാം ലഭിക്കാറുണ്ട്.

അമേരിക്കയിലുള്ളവര്‍ക്കറിയാം ഓണ്‍ ലൈന്‍ പത്രങ്ങള്‍ ലഭ്യമാകുന്നതിന് മുന്‍പ് മലയാളം വായിക്കാന്‍ ലഭിക്കുക എന്നത് ഒരു കിട്ടാക്കനിയായിരുന്നുവെന്നത്. അതുപോലെ പുസ്തകങ്ങള്‍ നാട്ടില്‍ നിന്ന് അയച്ചു വരുത്തിക്കാം. പക്ഷെ പലപ്പോഴും പുസ്തകത്തേക്കള്‍ വിലയാണ് തപാല്‍ കൂലി. എന്തായാലും ഇപ്പോള്‍ കുറച്ചു വാരികകള്‍ ഓണ്‍ ലൈനില്‍ വാങ്ങാന്‍ പറ്റും. ഞാന്‍ പറഞ്ഞു വരുന്നത് മലയാളം പുസ്തകങ്ങളും വാരികകളും സഹിത്യലോകത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ നാട്ടില്‍ എത്തിക്കും. പക്ഷെ നമുക്ക് അതൊക്കെ ഇപ്പോഴും ഒരു കിട്ടാക്കനിയാണ്. അത് തീര്‍ച്ചയായും നമ്മുടെ ഭാഷയിലും സാഹിത്യത്തിലുമുള്ള അറിവില്‍ ഒരു പോരായ്മ തീര്‍ക്കുന്നുണ്ട്. വായനയുടെ കുറവ് എഴുത്തുകാരെന്റെയും വായനക്കാരന്റെയും സംവേദന ക്ഷമതയെ ഒരു പോലെ ബാധിക്കും.

മറ്റൊന്ന് നാട്ടില്‍ മലയാള സാഹിത്യത്തില്‍ പുതു തലമുറകള്‍ ഉണ്ടാകുന്നു. അമേരിക്കയില്‍ എപ്പോഴും ഇവിടെ എത്തുന്ന ഒന്നാമത്തെ തലമുറയില്‍തന്നെ മലയാളം സാഹിത്യം അവസാനിക്കുന്നു, ഇതു സാഹിത്യത്തിന്റെ ചലനാത്മകയെ ബാധിക്കും, എഴുത്തിലെ സാഹസികതയ്ക്കും പുതുമയ്ക്കും കുറവു വരുത്തും. അമേരിക്കയില്‍ ഇരുന്നുകൊണ്ട് കേരളത്തിന്റെ കഥ പറയുമ്പോളാണ് ഈ പോരായ്മ വല്ലാതെ മുഴച്ചുനില്‍ക്കുന്നത്. പകരം നാട്ടിലെ വായനക്കാര്‍ക്ക് അറിയാന്‍ കൌതുകമുള്ള ഈ നാട്ടിലെ സാഹചര്യങ്ങളു ജീവിതങ്ങളും ചേര്‍ത്തു വച്ചു കഥ പറയുമ്പോള്‍ അതിനു ഒരു പൊതു സ്വീകാര്യത ലഭിക്കും.

9. ഇ-മലയാളിയുടെ വായനക്കാരന്‍ എന്ന നിലക്ക് നിങ്ങള്‍ ഇ- മലയാളിയില്‍ വായിച്ച ഏറ്റവും നല്ല രചന. ഒരു ദിവസത്തെ ആയുസ്സില്‍ അവയെല്ലാം വിസ്മരിക്കപ്പെട്ടു പോകാതെ എങ്ങനെ അവയെ അമേരിക്കന്‍ മലയാള സാഹിത്യ ഭണ്ഡരത്തില്‍ സൂക്ഷിക്കാം.

ഉ: ഈ ചോദ്യത്തിന്റെ രണ്ടാം ഭാഗത്ത് തന്നെ അതിന്റെ ഉത്തരവുമുണ്ട്. ഒരു ദിവസത്തിന്റെ വാര്‍ത്തകള്‍ പോലെ ഇന്റര്‍നെറ്റിന്റെ കാണാക്കയങ്ങളിലേക്ക് വീണു മരിക്കുകയാണ് നല്ല നല്ല ഓണ്‍ ലൈന്‍ രചനകള്‍ മിക്കതും. എന്നിരുന്നാലും ഈ കഴിഞ്ഞ ദിവസം വായിച്ച 'പാടുന്ന പാഴ്മുളം തണ്ടുപോലെ' എന്ന ജയന്‍ വര്‍ഗീസിന്റെ അനുഭവക്കുറിപ്പ് വളരെ ഹൃദ്യമായി തോന്നി.

നാട്ടിലൊക്കെ പല പ്രസിദ്ധീകരണ സ്ഥാപനങ്ങളും ചെയ്യുന്നപോലെ വായനക്കാരുടെ ഒരു ക്ലബ് രൂപികരിച്ചു മുന്‍കൂട്ടി പണം സ്വീകരിച്ചുകൊണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം എന്നൊരു നിര്‍ദ്ധേശമാണ് എനിക്ക് ഇക്കാര്യത്തില്‍ മുന്‍പോട്ടു വയ്ക്കാനുള്ളത്. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെയും, നാട്ടിലെ എഴുത്തുകാരുടെയുമൊക്കെ തിരഞ്ഞെടുക്കുന്ന രചനകള്‍ ചേര്‍ത്ത് വര്‍ഷത്തില്‍ മൂന്നോ നാലോ പുസ്തകം വീതം ഇറക്കിയാല്‍ ഇതു പരിഹരിക്കാവുന്നതാണ്. ഇ-മലയാളിക്ക് ഇത്തരം ഒരു പ്രൊജക്റ്റ് ഏറ്റെടുത്തു പ്രസിദ്ധീകരണ രംഗത്ത് സജീവമാകാനും എഴുത്തുകാരുടെ സൃഷ്ട്ട്ടികള്‍ അടയാളപ്പെടുത്തി സൂക്ഷിക്കാനും കഴിയുമെന്ന് കരുതുന്നു.

10. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഥകളെ എങ്ങനെ വിലയിരുത്തുന്നു. അവാര്‍ഡ് ജേതാവ് എന്ന നിലക്ക് അവര്‍ക്കായി എന്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും.

ഉ: അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഥകളെ വിലയിരുത്താനുള്ള അറിവോ യോഗ്യതയോ എനിക്കില്ല. എങ്കിലും ഒരു സാധാരണ വായനക്കാരന്‍ എന്ന നിലയില്‍ പറയുവാനുള്ളത് ഞാനുള്‍പ്പടെയുള്ള എല്ലാവരും കൂടുതല്‍ വായിക്കാന്‍ ശ്രമിക്കണം എന്ന ഒരു കാര്യമാണ്. പിന്നെ ബേപ്പൂര്‍ സുല്‍ത്താന്‍ പോഞ്ഞിക്കര റാഫിക്ക് നല്കിയ ഒരു ഉപദേശമുണ്ട്, ഒരെഴുത്തുകാരന്‍ കഥ എഴുതി പൂര്‍ത്തീകരിച്ച ഉടനെ അത് പ്രസിദ്ധീകരിക്കാനായി അയച്ചു കൊടുക്കരുത്. കുറച്ചുകാലം കയ്യില്‍ വച്ച് വീണ്ടും വീണ്ടു വായിച്ച് തിരുത്തലുകള്‍ വരുത്തണം. ബാല്യകാലസഖി എഴുതികഴിഞ്ഞു രണ്ടു വര്‍ഷത്തോളം അതില്‍ തിരുത്തലുകള്‍ വരുത്തി ഇനി ഒരു വാക്കുപോലും തിരുത്താന്‍ ഇല്ലായെന്നു തോന്നിയപ്പോഴാണ് അച്ചടിക്കാനായി അദ്ദേഹം നല്‍കിയത്.

11. നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഉ: പുസ്തകങ്ങള്‍ ഇതുവരെ ഇറക്കിയില്ല. ഒരു പുസ്തകം ഇറക്കണമെന്ന് സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നുണ്ട്. അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നല്ലേ മഹത്തുക്കള്‍ പറയുന്നത് അപ്പോള്‍ അത് അങ്ങിനെ സംഭവിക്കുമായിരിക്കും

12. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

ഉ: തീര്‍ച്ചയായും. അനുകൂലമായ അഭിപ്രായങ്ങള്‍ മനസ്സിനു സന്തോഷം തരുമെങ്കിലും പ്രതികൂലമായ അഭിപ്രായങ്ങള്‍ ദീര്‍ഘകാലാടിസ്ഥനത്തില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.

13. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നോ? ഇ-മലയാളിയുടെ താളുകള്‍ അതിനു നിങ്ങള്‍ക്ക് സഹായകമായോ?

ഉ. അങ്ങിനെയൊരു സ്വപ്നമൊന്നും ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഒരു സ്വപ്നവും എന്റെ ജീവിതത്തില്‍ ഇതുവരേക്കും സാക്ഷാല്‍കാരിച്ചിട്ടുമില്ല, കണ്ടതെല്ലാം പാഴായിരുന്നു. ഓരോന്നും അങ്ങിനെ സംഭവിക്കുന്നു എന്നു മാത്രം. എഴുതുവാന്‍ തുടങ്ങിയപ്പോള്‍ ഒരു എഴുത്തുകാരനായി മാറണമെന്ന് ആഗ്രഹമുണ്ടായി. അതിനായി ഇപ്പോഴും പരിശ്രമിക്കുന്നു. അമേരിക്കയില്‍ ഇരുന്നുകൊണ്ട് മലയാളത്തില്‍ എഴുതി മുന്നോട്ടു പോകുവാന്‍ ഇ- മലയാളി എപ്പോഴും ഒപ്പം നിന്നുവെന്നത് ജീവിതത്തില്‍ എന്നും നന്ദിയോടെ സ്മരിക്കുന്ന ഒരു സംഗതിയായിരിക്കുമെന്നതിനു സംശയമിമില്ല. ഇന്ന് ഈ അഭിമുഖത്തിനു പോലും കാരണമായത് ഈ- മലയാളിയാണല്ലോ.

14. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതണം. എങ്കില്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കുവെന്ന ചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നോ ?

ഉ : ആ അഭിപ്രായത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴമ്പില്ല എന്നു പറയാനാവില്ല. അതൊരു സ്റ്റാറ്റിസ്റ്റിക്റ്റു കൂടിയാണ്. ഒരു എഴുത്തുകാരന്‍ സാഹിത്യലോകത്തില്‍ അടയാളപ്പെടണമെങ്കില്‍ അവന്‍ വായിക്കപ്പെടണം. കൂടുതല്‍ വായിക്കപ്പെടുമ്പോള്‍ കൂടുതല്‍ സ്വീകാര്യനാകുന്നു. ഇതുതന്നെയാണ് ഞാന്‍ ആദ്യം പറഞ്ഞത് അമേരിക്കന്‍ മലയാള സാഹിത്യം എന്ന് പറഞ്ഞു ഒരു പ്രത്യേക ശാഖയ്ക്ക് യാതൊരു പ്രസക്തിയുമില്ല ഇതെല്ലാം മലയാള സാഹിത്യമെന്ന വട വൃക്ഷത്തിന്റെ പരസ്പരം തണല്‍ നല്‍കുന്ന ശാഖകളും അതില്‍ നിന്നങ്കുരിക്കുന്ന താങ്ങു വേരുകളുമാകണം.

15. ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനില്‍ക്കണമെന്നു പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?

ഉ: അമേരിക്കന്‍ മലയാളി സമൂഹം മാത്രമല്ല മലയാളികള്‍ക്ക് പൊതുവേയുള്ള ഒരു പ്രശ്‌നമാണ് മറ്റുള്ളവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള മടി. അതിനെ അത്ര ഗൌരവമായി കാണേണ്ടതില്ല. ഒരാള്‍ എഴുത്തില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ വളരെപ്പെട്ടെന്നുതന്നെ അയാളോടുള്ള സമൂഹത്തിന്റെ ഈ നിലപാടും തനിയെ മാറും
എഴുത്തിന്റെ ലോകത്ത് വിനയാന്വിതനായി ജോസഫ് ഏബ്രഹാം-ഇ-മലയാളിയുടെ കഥ അവാര്‍ഡ് ജേതാവ്
Join WhatsApp News
Sudhir Panikkaveetil 2019-06-16 15:28:57
അഭിനന്ദനങ്ങൾ. ഇ- മലയാളിയിൽ നിങ്ങളുടെ 
നല്ല കഥകൾ വായിക്കാറുണ്ട്. ഇനിയും എഴുതുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക