-->

America

മണി മുഴങ്ങുമ്പോള്‍(ചെറുകഥ: ജോണ്‍ മാത്യു)

ജോണ്‍ മാത്യു

Published

on

മണി മുഴക്കത്തിന്റെ ആരവം തുടര്‍ന്നുകൊണ്ടേയിരുന്നു, മൂന്നാമത്തെ മണി! പള്ളിയിലേക്ക് കേറാനുള്ള മുന്നറിയിപ്പുമായി. അതു അവസാനിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് കുഞ്ഞാണ്ടമ്മ ധൃതിയില്‍ നടന്നു. മണിയുടെ നാക്കുചലനം അവസാനിച്ചെങ്കിലും ശബ്ദവീചികള്‍ പ്രതിധ്വനികളായി. അതിന്റെ തുമ്പത്തുനിന്ന് മ്യൂസിക്, ഓര്‍ഗന്റെ ശാസ്ത്രീയഗാന തുടര്‍ച്ചയും!  
മടക്കിയ കുട കക്ഷത്തില്‍ മുറുകെ തിരുകി, ഒരു ഫാന്‍സിഡ്രസ് മത്സരത്തിലെന്നപോലെ, ഞൊറിയിട്ട മുണ്ടും ചട്ടയും നേര്യതും ധരിച്ച, പണ്ട് വാളികയിട്ട് തൂങ്ങിയ ചെവികളുമായി. ആ വേഷത്തിലേക്ക് ജനം തുറിച്ചുനോക്കി, അവരെ അവഗണിച്ച ഇരുവശവും നോക്കാതെ കുഞ്ഞാണ്ടമ്മ മുന്നോട്ടു നടന്നു. 
പരിശുദ്ധത്രിത്വത്തിന്റെ പ്രതീകമായ ഫ്‌ളോറെ-ഡി-ലിസ രൂപം വശങ്ങളില്‍ കൊത്തിവെച്ച ബഞ്ചിന്റെ ഒന്നാമത്തെ ഇരിപ്പിടത്തില്‍ത്തന്നെ കുഞ്ഞാണ്ടമ്മ പഴയ അഭിമാനത്തോടെ ഇരുന്നു. 
നിമിഷങ്ങള്‍ക്കുള്ളിലാണ് അവിടത്തെ സ്ഥിരക്കാരിയായ ഒരു കൊച്ചമ്മ ആര്‍ഭാടപൂര്‍വ്വമെത്തി മാറിയിരിക്കാന്‍ കുഞ്ഞാണ്ടമ്മയോട് വര്‍ത്തമാനകാല അവകാശത്തിന്റേതായ ആംഗ്യം കാട്ടിയത്. 
പക്ഷേ, കുഞ്ഞാണ്ടമ്മയുടെ വിളറിയ മഞ്ഞനിറമുള്ള മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. പേടിപ്പെടുത്ത ഞെട്ടലോടെ, നിശബ്ദമായി, ഒരടി അകലമിട്ട് അവര്‍ മാറിയിരുന്നു. 
അപ്പോള്‍ കുഞ്ഞാണ്ടമ്മ കഴിഞ്ഞകാല കഥകള്‍ ഓര്‍ക്കുകയായിരുന്നു. 
പള്ളിയിലെ ബഞ്ചുകളില്‍ അലങ്കാരത്തിനും പിന്നെ ഭക്തിയുടെയും അടയാളമായി ഫ്‌ളോറെ-ഡെ-ലിസ രൂപങ്ങള്‍ വേണം. വിശുദ്ധിയുടെ സ്വര്‍ഗ്ഗത്തിന്റെ, ത്രിത്വത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ചിത്രം. അത് രൂപപ്പെടുത്തിയത് നാട്ടിന്‍പുറത്തിന്റെ രാജശില്പി നീലകണ്ഠനാശാരി. 
വെറുതെയല്ല ആ കരവിരുതുകാരനായ നീലകണ്ഠന്‍ പ്രചോദനവുമായി മുന്നില്‍വന്നു നില്ക്കുന്നതുപോലെ. 
വര്‍ദ്ധിച്ച ആവേശത്തോടെയായിരുന്നു എഴുന്നള്ളത്ത്, തുടര്‍ന്ന് ഗാനങ്ങളും പ്രാര്‍ത്ഥനകളും. ചെറുപ്പക്കാരെല്ലാം പുഷ്ടിയുള്ളവര്‍, ഭംഗിയുള്ള ഉടുപ്പുകള്‍. പുതിയ ഭാഷ, വാക്കുകള്‍ അന്യം. 
അടക്കം പറച്ചില്‍ ഊഹിച്ചെടുത്തു. 
''ആരാ..........?''

പ്രഭാഷണത്തിനു മുന്നോട്ടുവന്ന അച്ചന്‍ പടികള്‍ ചവിട്ടി ഉയരത്തിലുള്ള പുല്‍പ്പിറ്റിലേക്ക് കയറി. അദ്ദേഹത്തിന്റെ നോട്ടം തന്നിലേക്കുതന്നെയെന്ന് കുഞ്ഞാണ്ടമ്മക്കും തോന്നി.
സന്ദര്‍ഭോചിതമായി, അപരിചിതരെ ബഹുമാനിക്കുന്നതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. തന്റെ മുന്നിലിരിക്കുന്ന അപരിചിതയായിരിക്കണം മനസ്സിലുണ്ടായിരുന്നത്. 
സൗകര്യമായി കാണാം, ആ കൗതുകം പരിചയപ്പെടാം. ആകാംക്ഷ! ചോദ്യങ്ങള്‍ തുടര്‍ച്ചയായി തിളച്ചുമറിഞ്ഞു, അദ്ദേഹം അത് ചേര്‍ത്തുവെച്ചുകൊണ്ടിരുന്നിരിക്കണം. 
പ്രഭാഷണം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി, ആദ്യപടിയായി.... അദ്ദേഹം നാടകീയമായി കിഴക്കോട്ടു തിരിയുകയും 'ഇപ്പോള്‍ പിതാവായ ദൈവത്തിനും......' എന്ന സ്തുതി വാചകം ചൊല്ലുകയും, ഒപ്പം ഉറക്കത്തില്‍ നിന്നെന്നപോലെ ജനം ചാടിയെഴുന്നേല്ക്കുകയും ചെയ്തു. അതിനൊപ്പം തന്നെ ഓര്‍ഗന്‍ പല മടങ്ങായി 'ആമേനും' ചൊല്ലി. തുടര്‍ന്ന് ഭക്തിയുടെയും തത്തയുടെയും സ്വരത്തിലും വൈഭവത്തിലും ഭാവത്തിലും സര്‍വ്വശക്തിയുള്ള പിതാവായി.............
ആ ആരവത്തിനിടയില്‍ നേരം നഷ്ടപ്പെടുത്താതെ ജനത്തിന്റെ ശ്രദ്ധയില്‍ നിന്ന് തെന്നി കുഞ്ഞാണ്ടമ്മ പുറത്തേക്കിറങ്ങി. പൂച്ചയുടെ കാല്‌വെയ്പ്! കുന്നിന്‍മുകളില്‍ നിന്ന് പടികളിറങ്ങി അതിവേഗം പ്രധാനവീഥിയിലെത്തി. 

ജനം പിന്തുടരുന്നില്ലെന്ന് ഉറപ്പുവരുത്തി, ഇല്ല, തീര്‍ച്ച!
നിരത്തില്‍ നടപ്പുകാരില്ലെന്നുതന്നെ പറയാം. ധാരാളം വാഹനങ്ങള്‍. തങ്ങളാണ് റോഡിന്റെ അധികാരികളെന്ന ഭാവേന ഹോണ്‍ മുഴക്കുന്നു. 
കാലവര്‍ഷക്കാലം കഴിഞ്ഞതുകൊണ്ട് നദിയില്‍ പ്രളയമില്ല, നടന്നുകേറാം, അതാണ് പതിവ്, പഴയ ഓര്‍മ്മ. 
അടുത്തു ചെന്നപ്പോഴാണ് കുഞ്ഞാണ്ടമ്മ കണ്ടത് ഇറങ്ങാന്‍ പാകത്തനു വഴിയില്ല, റോഡ് നേരെ പോകുന്നത് ഉയരമുള്ള പാലത്തിലേക്കാണ്. എങ്കിലും പഴമക്കാരുടെ പതിവ് തെറ്റിക്കേണ്ട, നദിയിലേക്ക് ഇറങ്ങുക, മുട്ടറ്റം വെള്ളത്തിലൂടെ നടക്കുക. 
ഊഹം തെറ്റി. മണലൊരു ലേശമില്ല, പായലുപിടിച്ച ഒഴുക്കില്ലാത്ത, കെട്ടിക്കിടക്കുന്ന വെള്ളം. അറപ്പു തോന്നി. എങ്കിലും വന്നതല്ലേ, കഷ്ടിച്ചു നിലംതൊടാതെ മറുകരെയെത്തി. 
ഏറെ ആവേശത്തോടെയാണ് വാഹനങ്ങള്‍, വിവിധ ദിശകളിലേക്ക് വഴികള്‍, സര്‍ക്കസ് കളിക്കാരനേപ്പോലെ ഒറ്റ നില്പില്‍ തിരിയുന്ന നീളന്‍ബസ്സുകള്‍. അതിനിടയില്‍ അരിച്ചരിച്ച് നോക്കിയപ്പോള്‍ മറന്നുകിടന്ന വഴിത്താര കണ്ടെത്തി. അടയാളങ്ങളുടെ അവശിഷ്ടങ്ങളും!
കുറേ നടന്നപ്പോള്‍ ഓര്‍മ്മയിലെ ചിത്രങ്ങള്‍, പക്ഷേ, ഏറെ നിറപ്പകിട്ട്.  കണ്ണാടിക്കൂടിനകത്തെ കറങ്ങുന്ന കസേരകളിലേക്ക് നോക്കി നിന്നു. മുഖവും തലയും മിനുക്കാന്‍ അവധിദിനമായ ഞായറാഴ്ച തന്നെ ചിലര്‍ക്ക് നല്ലനേരം. 
കാലങ്ങളിലൂടെ പിന്നോട്ടു പോയപ്പോള്‍ ആനന്ദക്കുട്ടനെയാണ് ഓര്‍ത്തത്. പൊന്തക്കാടുപോലുള്ള മുടിയും വരയന്‍ മീശയുമുണ്ടായിരുന്ന ആനന്ദക്കുട്ടന്‍!
പത്തിരുപതു വയസ്സുണ്ടായിരുന്നപ്പോള്‍ത്തന്നെ പരമ്പരാഗതമായ സ്വന്തം തൊഴില്‍ അവന്‍ അഭ്യസിച്ചു. മാസത്തിലൊരിക്കല്‍ രാവിലെ അവന്‍ വരുമ്പോള്‍ ഒരു ചൈനാക്കോപ്പയില്‍ നാടന്‍ ചക്കരക്കാപ്പി. 
''നിക്കട്ടെ, അമ്മച്ചീ......''
പിള്ളാരുടെ മുടി വെട്ടുന്നതിനു പ്രതിഫലം തേങ്ങയും അരിയും........ പിന്നെ വീണ്ടും തൊണ്ടു കാപ്പി. ചിലപ്പോള്‍ അവന്‍ പറയും 'കടുപ്പം ആയിക്കോട്ടെ'. 
പറമ്പില്‍ പണിയുന്നവര്‍ക്കും പ്രായമുള്ളവര്‍ക്കും താല്പര്യം ഉണങ്ങിയ കാപ്പിത്തൊണ്ട്. കടും നിറത്തില്‍ കാപ്പി!

അപ്രതീക്ഷിതമായിരുന്നു,
ഉണര്‍ന്നുവന്ന ജീവനില്‍ നിന്ന്, കാലത്തിന്റെ തുടര്‍ച്ചപോലെ ഒരു നേരിയ സ്വരം 'അമ്മച്ചീ...........' കടയുടെ മുന്നില്‍ കീറച്ചാക്കും പുതച്ച് ഒരു രൂപം. അയാള്‍ തുടര്‍ന്നു ''അമ്മച്ചീ, ഇത് ആനന്ദക്കുട്ടനാ..............'' 
''നീയിവിടെ.........?''
''ഞാനെവിടെപ്പോകാനാ............. ഞാന്‍ തുടങ്ങിയതല്ലിയോ ഇത്. ഇന്നിപ്പം കണ്ടില്ലേ വല്യേടങ്ങളിലെ തമ്പ്രാട്ടിക്കൊച്ചുങ്ങളാ, അമ്മച്ചീ, ഇപ്പം മുടി വെട്ടുന്നേ............ അല്ല. അമ്മച്ചി വീട്ടിലേക്കായിരിക്കും............?''
''ഉം......, എനിക്കെന്റെ കൊച്ചുമോളെ ഒന്നു കാണണം....................''
''ചെല്ല്, കാണാം................. അവിടം മുഴുവനിപ്പം അമേരിക്കക്കാരും പേര്‍ഷ്യാക്കാരുമല്ലിയോ....... നെറഞ്ഞ്.''
അമ്മച്ചി മിഴിച്ചു നില്ക്കുന്നതിനിടയില്‍ ആനന്ദക്കുട്ടന്‍ തുടര്‍ന്നു ''കേക്കാം............ വര്‍ത്തമാനം............... അതിനെ കഷ്ടപ്പെടുത്താതെ കൊണ്ടുപൊയ്‌ക്കോ.........കൊച്ചുമോളല്ലിയോ, ഇപ്പം വയസ്സെത്രയാന്നാ അമ്മച്ചീടെ വിചാരം............?''
വീട്ടുകാരുടെ പ്രതികരണം മുന്നില്‍ക്കണ്ടുകൊണ്ട് വീണ്ടും : ''....................ഒരു തെണ്ടിത്തള്ള വന്നിരിക്കുന്നു.............., ഗ്രാമായെ കാണാനായിരിക്കും............ കുഴീലോട്ട് കാലും നീട്ടിയിരിക്കുന്നോരില്‍ നിന്ന് വല്ലോം കിട്ടുമോന്ന് നോക്കി.............'' ആനന്ദക്കുട്ടന്റെ വിലയിരുത്തല്‍. 

കുടയും കക്ഷത്തില്‍ ഇറുക്കിപ്പിടിച്ച് കുഞ്ഞാണ്ടമ്മ വീടിനെ ലക്ഷ്യമാക്കി നടന്നു. പഴയ അടയാളങ്ങള്‍ മായാതെ വഴികാട്ടിയായി. ഉയരമുള്ള തെങ്ങുകള്‍ മേഘങ്ങള്‍ക്കപ്പുറം, ഇടതൂര്‍ന്നു വളരുന്ന കുറ്റിക്കാടുകളും പാഴ്മരങ്ങളും. അതിന്റെയിടയിലൂടെ അടര്‍ന്നുവീണുകൊണ്ടിരിക്കുന്ന പടവുകളും, നാളുകളായി ചവിട്ടിക്കേറി, വഴിനടന്നു, തേഞ്ഞുപോയവ!
മറുനാടുകളില്‍ നിന്ന് വരുന്നവര്‍ക്ക് നിലംതൊടാതെ നേരെയങ്ങ് കേറിചെല്ലാന്‍ നിരപ്പായ വഴിയും സുരക്ഷിതമായ ഇരുമ്പു ഗേറ്റും ഒരു വശത്ത്. 
സ്വര്‍ഗ്ഗ-പാതാളങ്ങളുടെ ആചാരമര്യാദ നിയമപ്രകാരം കുഞ്ഞാണ്ടമ്മ അതൊഴിവാക്കി. കാലത്തിന്റെ നടപ്പുകളുടെ മുദ്ര പേറിയ വീട്, ഏറെ ചായം പൂശിയിട്ടുണ്ടെങ്കിലും യുഗങ്ങളുടെ തുടര്‍ച്ചയുടെ പാടുകള്‍. മുറ്റത്ത് പൂച്ചെടികള്‍, തഴച്ചു വളരുന്നവ!
ആരുടെയും അനുവാദത്തിനു കാത്തുനില്ക്കാതെ അവകാശമായിത്തന്നെ പാതകത്തില്‍ ഇരുന്നു. അവിടെ കാലത്തിലൂടെ കടന്നുവന്ന രീതികളുടെ പ്രതീകമായ ഓട്ടുപാത്രങ്ങള്‍. അന്നത്തെപ്പോലെതന്നെ ഓട്ടുപാത്രങ്ങള്‍, വെള്ളം നിറച്ച മൊന്തയും കിണ്ടിയും, ഭംഗിയായി, വരിവരിയായി വെച്ചിരിക്കുന്നു. പാരമ്പര്യമായി. അന്ന് ആഗതര്‍ക്ക് കാലും മുഖവും കഴുകാന്‍, ഇന്ന് അത് ആവശ്യമില്ലെങ്കിലും. 
നിറങ്ങള്‍ നിറഞ്ഞു നില്ക്കുന്ന, കൃത്യമായ വശങ്ങളില്ലാത്ത രൂപങ്ങളിലുള്ള, അര്‍ത്ഥമില്ലാത്ത വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുപോലെയെന്തോ വാരിച്ചുറ്റിയ ചെറുപ്പക്കാരി അലക്ഷ്യമായി നടക്കുന്നതിനിടയില്‍ ആരോടെന്നില്ലാതെ പറഞ്ഞു: 
''ഒരു വല്യമ്മ വന്നിരിക്കുന്നു.....''
അപ്പോള്‍ കുഞ്ഞാണ്ടമ്മ ഓര്‍ത്തു ''.............കാലം ഒരിടത്തും ചടഞ്ഞിരിക്കുന്നില്ല........''

കിഴക്കോട്ട് ദര്‍ശനമുള്ള വീടിന്റെ വരാന്തയുടെ തെക്കേയറ്റത്ത് വട്ടമേശക്കു ചുറ്റുമിരുന്ന് പ്രപഞ്ചത്തിന്റെ അളവെടുക്കുന്നവര്‍ക്ക് ആ ചെറുപ്പക്കാരി വറുത്ത ഇറച്ചിയുമായി ധൃതിയില്‍ വീണ്ടും വന്നു. 
അപ്പോള്‍ കണക്കെടുപ്പുകാര്‍ ചിന്തിച്ചിരുന്നത്
ഭൂമി
സ്പിരിറ്റ്
കൊണ്യാക്ക്
റഷ്യന്‍ വോഡ്ക
ബോംബെ ജിന്‍
ത്രീ എക്‌സ്
തീയും ആത്മാവും
''കടിക്കാനൊരു മൊളക്........ ലൈലാമ്മേ''

വാക്കുകളുടെ പ്രവാഹം
മാര്‍ക്കറ്റ്
തിരുമ്മ്
ആകാശം
കാറ്റ്
രൂപാ, റിയാല്‍, ഡോളര്‍
''................ചുറ്റുപാടുകള്‍ ആസ്വദിക്കുക. ഒറ്റയടിക്ക് മോന്തരുത്.........'' നിര്‍ദ്ദേശം ഒന്നു നിര്‍ത്തിയിട്ട് ''ലൈലാമ്മേ, ആ വല്യമ്മക്കും എന്തെങ്കിലും കൊടുക്ക്.''
''പിന്നെയേ, ഈ കിച്ചനില്‍ വേവുകാ......... ഇറച്ചി വറക്കുന്നത് വല്ലോര്‍ക്കും കൊടുക്കാനല്ല. പോയി ബാര്‍ബിക്യൂ വാങ്ങിക്കൊണ്ടു വാ............. ഇന്നലത്തെ ബിരിയാണീടെ ബാക്കിയൊണ്ട്........''
''ഉച്ചനേരത്ത് വെശന്നു കേറി വന്നതല്ലിയോ, ഇന്നലത്തേതാണെങ്കില്‍ ഇന്നലത്തേത്.''
നിക്ഷേപങ്ങളുടെ വളര്‍ച്ചയുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ അവഗണിച്ച് മനസ്സ് മറ്റെങ്ങോ ആണെന്ന് പ്രകടിപ്പിക്കാന്‍ സ്വയം: ''അവസാന സത്യം, അങ്ങനെയൊന്നില്ല.........''
ഗ്ലാസിന്റെ വക്കത്തു അലങ്കാരമായി കുത്തിവെക്കാന്‍ കൃത്യ അളവോടെ നാരങ്ങ മുറിച്ചുകൊണ്ടിരുന്നവന്‍ പിന്താങ്ങി ''ശരിയാ അളിയാ, ഇപ്പോഴത്തേതാണ് സത്യം, ഈ നിമിഷത്തിന്റെ ആഘോഷം ഇപ്പോഴത്തെ നേര്.''
അയാള്‍ ഓരോ കഷണവും സൂക്ഷ്മതയോടെ ചെറിയ കത്തികൊണ്ട് ചെത്തിമിനുക്കിയെടുത്തു. വെളിച്ചത്തിന്റെ നേരെ ഉയര്‍ത്തി, ക്വാളിറ്റി ഇന്‍സ്‌പെക്ഷന്‍ അല്ലികള്‍ നീരുമായി നിറഞ്ഞുനില്ക്കുന്നുണ്ടോയെന്ന്. ഉന്നം പിഴയ്ക്കുമ്പോള്‍ ശാപവാക്കുകളും. 
കവിഹൃദയമായി നടക്കുന്നയാള്‍ വക്രിച്ച സ്വരത്തില്‍ പാടി: 'ഈ പൂനിലാവും മട്ടനും റൊട്ടിയും മരത്തണലും..............'
തലമുറകളിലൂടെ ഒഴുകിയെത്തിയ കുട്ടികള്‍, അവര്‍ അപൂര്‍വ്വമായ കൂടിവര് ആസ്വദിക്കുകയായിരുന്നു. 
രഹസ്യങ്ങള്‍ ഒളിച്ചുവെച്ച് സ്പാനീഷ് പറയുന്നവര്‍, 
ഉരുളക്കുപ്പേരിപോലെ അറബിയില്‍ മറുപടിയും,
എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ഐക്യം പുലര്‍ത്താന്‍ വിനോദങ്ങളുടെയും സിനിമകളുടെയും ഇംഗ്ലീഷും അവരുടെ വര്‍ത്തമാനലോകത്തിലേക്ക് മടങ്ങിയെത്തും, മുതിര്‍ന്നവരെ വികൃതമായി അനുകരിച്ച് പിച്ചപ്പിച്ച മലയാളവും!
അവര്‍, കുട്ടികള്‍, കുഞ്ഞാണ്ടമ്മയുടെ അടുത്തുകൂടി. ''ഹൗ ഓള്‍ഡ് ആര്‍ യൂ ഗ്രേറ്റ്, ഗ്രേറ്റ് ഗ്രേറ്റ്.... ഗ്രാമാ.............''
അവസാനിക്കാത്ത ഗ്രേറ്റ്.............! 
''അവളെന്തേ............?''
''ആരാ.............?''
''..................ന്റെ കൊച്ചുമോള്‍ ..............നിങ്ങടെ ഗ്രാമാ................''
''അമ്മച്ചി ബ്രീത്തിംഗ് സിക്കാ...............''
അപ്പോഴേക്കും ലൈലാമ്മ ഇടപെട്ടു ''നിന്നോടാരു പറഞ്ഞെടീ അമ്മച്ചീടെ കാര്യം നാട്ടുകാരോടു പറയാന്‍, കൂടോത്രക്കാര് കേറിയിറങ്ങും ......കിട്ടിയതും തിന്നിട്ട് പോയാട്ടെ...........''
''്‌നേരാ, പോകാന്‍ നേരമായി............'' കുഞ്ഞാണ്ടമ്മ ആ ഗ്രേറ്റ് ബഹുമതി അംഗീകരിച്ചു. 
''മഴക്കാറു കേറുന്നേന്റെയാ അമ്മച്ചിക്ക് ഒന്നും പറയാന്‍ മേലാ..........'' ലൈലാമ്മ കുട്ടികളോടായി എന്നാല്‍ എല്ലാരും കേള്‍ക്കാനും പറഞ്ഞ് രംഗം അവസാനിപ്പിച്ചു. 

അങ്ങ് വിദൂരതയില്‍, അപ്രാപ്യമായ കിഴക്കന്‍ മലനിര. മൊട്ടക്കുന്നുകള്‍ക്കപ്പുറത്തുനിന്നും കുപിതരായ ദൈവങ്ങള്‍ പാറക്കല്ലില്‍ വാളുരച്ച് ഉത്തേജിപ്പിക്കുകയായിരുന്നു. തീപ്പൊരി!
തമ്മില്‍ത്തമ്മിലോ നിസ്സഹായരായ മനുഷ്യരോടോ?
വിശാലമായ നീലയും കറുപ്പും ചേര്‍ന്ന തിരശ്ശീല സാവധാനം വലിച്ചുയര്‍ത്തുന്നതുപോലെ. 
അപ്പോള്‍ മഴയുടെ കണക്കില്‍ ഒരു നര്‍മ്മം: 'കാലവര്‍ഷം കണ്ട് ഓടിയവരും തുലാവര്‍ഷം കണ്ട് ഇരുന്നവരും.'
സല്ലാപം തുടരുകയായിരുന്നു
മെക്‌സിക്കോ
ടെക്കീല
അനാവശ്യമായ നര്‍മ്മത്തിനു മറുപടിയായി
ഇടിവാളും ആരവവും മുറ്റത്തു വന്നടിച്ചത് പ്രതീക്ഷിക്കാത്ത നേരത്ത്, പന്തവും തീക്കട്ടകളും ഉരുണ്ടുകളിക്കുന്നതിനിടയില്‍ നിമിഷങ്ങളുടെ വിടവില്ലാതെ എല്ലാവരെയും ഉള്ളിലെ മുറികളുടെ സൂരക്ഷിതയിലേക്ക് ഓടിച്ചു. 

ഞെട്ടലില്‍ നിന്ന് ശാന്തതയിലേക്ക് നിമിഷങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ പുറത്തേക്ക് ജനാലയിലൂടെ ഒളിഞ്ഞുനോക്കിയിട്ട് കുട്ടികള്‍ ചോദിച്ചു: ''ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്........?''
വല്ലാതെ ശ്വാസമെടുക്കുന്നതിനിടയില്‍ അമ്മച്ചിയും അവ്യക്തമായി ചോദിച്ചു: ''പോയോ.....?''
വിദൂരതയിലേക്ക് അലിഞ്ഞുചേര്‍ന്ന ഇടിനാദം ഇല്ലാതായിക്കൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം, എന്നാല്‍ അതിനൊപ്പം, നീണ്ടുപോകുന്ന മണിമുഴക്കം പള്ളിയില്‍ നിന്ന്, അതൊരു നിലയ്ക്കാത്ത നിശ്വാസം പോലെ, ഒന്നിനു പിന്നാലെ ഒന്നായി വരുന്ന തിരമാലകളായി.......
നേരം ചെന്നുകൊണ്ടിരുന്നപ്പോള്‍ ലൈലാമ്മ: ''ചെറുപ്പക്കാരൊന്നുമല്ല............''
മണിമുഴക്കം കൂനിക്കൂനിക്കയറുമ്പോള്‍ ''ഇത്രയും വയസ്സുള്ളോര് ഈ നാട്ടിലുണ്ടോ..........?''
ആരും പ്രതീകരിച്ചില്ല.
അവസാനിക്കാതെ ആകാശത്തിന്റെ ശൂന്യതയില്‍ പതറിയ ഒച്ചയോടെ, അതിനിടയില്‍ വീട് മൂകമായി. 
കുട്ടികളാരോ എന്തോ കളഞ്ഞുപോയതിന്റെ ഓര്‍മ്മപോലെ,
''ഗ്രേറ്റ്..........ഗ്രേറ്റ്..........ഗ്രേറ്റ്..........''

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരിക്കൽക്കൂടി (കവിത: രാജൻ കിണറ്റിങ്കര)

ഞാനെങ്ങനെ ഈ മനസ്സിനെ ഇട്ടേച്ച് പോകും (മിന്നാമിന്നികൾ -2: അംബിക മേനോൻ)

എല്ലാം വെറുതെ (കവിത: ബീന ബിനിൽ ,തൃശൂർ)

സെന്‍തോറ്റം (കവിത: വേണുനമ്പ്യാര്‍)

തിരിച്ചു പോകും പുഴ (കവിത: രമണി അമ്മാൾ )

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

View More