എഴുത്തുകാരും ആവിഷ്‌കാര സ്വാതന്ത്ര്യവും (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 29 June, 2019
എഴുത്തുകാരും ആവിഷ്‌കാര സ്വാതന്ത്ര്യവും  (ഡോ. നന്ദകുമാര്‍ ചാണയില്‍)

(ഇ-മലയാളിയുടെ 2018 അവാര്‍ഡ് നിശയില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ അച്ചടിപ്പതിപ്പ് )

ജീവജാലങ്ങള്‍ക്ക് പ്രാണവായു എങ്ങനെയോ അങ്ങനെ തന്നെയാണ് വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യവും. പ്രാണവായു ഇല്ലെങ്കില്‍ ജീവന്‍ നില നിര്‍ത്താനാവില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യമില്ലെങ്കില്‍ വ്യകതികള്‍ക്കും മാധ്യമങ്ങള്‍ക്കും സമൂഹത്തിലെ നിലനില്‍പ്പ് അവതാളത്തിലാകും. ആവിഷ്‌കാര സ്വാതന്ത്ര്യം ബോധപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒരു അവകാശമാണ്. സമൂഹ ജീവിയായ മനുഷ്യന് അവന്റെ തന്നിഷ്ടത്തിനു ജീവിക്കുക പ്രയാസമാണ്. അഭിപ്രായങ്ങള്‍ പറയുന്നതിലുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് എഴുത്തിലും. എഴുത്തിലാകുമ്പോള്‍ അത് ഒരു രേഖയാകുന്നു. തന്മൂലം എഴുത്തുകാരന്റെ ആശയപ്രകടനങ്ങള്‍ അപരന് ആപത്തോ, അസ്വസ്ഥതയോ ഉളവാക്കാത്തവിധത്തിലായിരിക്കണം. 

ഭരണാധികാരികളും ചിലപ്പോള്‍ അവരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരമേല്‍ക്കോയ്മയുടെ ഊറ്റത്തില്‍ ചില നിയമങ്ങള്‍ പാസ്സാക്കുന്നത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 

സ്വതന്ത്ര ഭാരതത്തിലും മൗലിക സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചു വിലങ്ങോ? അസ്വാതന്ത്ര്യത്തിന്റെ കരിനിഴലുകള്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധി 1974 ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഭാരത ജനാധിപത്യത്തിലെ ഒരു കറുത്ത അദ്ധ്യായമായിരുന്നു. ഇപ്പോഴിതാ, ജനം ഏതു തരം ഭക്ഷണം കഴിക്കണം, ഏതു തരം വസ്ത്രം ധരിക്കണം എന്നീ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയും പ്രഹരമേല്പിച്ചു കൊണ്ടിരിക്കുന്നു പുതിയ ഭരണകൂടം.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'മീശ' നോവലിന്റെ രണ്ടാമദ്ധ്യായത്തില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളുടെയും ഹിന്ദുമതത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാമര്‍ശത്തെ തുടര്‍ന്ന് വധഭീഷണിയും നോവല്‍ പിന്‍വലിക്കാന്‍ നോവലിസ്റ്റ് ഹരീഷിന് സമ്മര്‍ദ്ദം ചെലുത്തിയതും, മറ്റും നമുക്കെല്ലാം അറിയാവുന്നതാണ്. 

അതിലെ ഒരു ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നുണ്ട്, 'ഹിന്ദു സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി....'. ആ വാചകം മുഴുവന്‍ ഹിന്ദു സമൂഹത്തിലെ സ്ത്രീകളെ ആക്ഷേപിക്കുന്നതാണെന്ന ആക്ഷേപമുണ്ട്. കഥപാത്രമാണ് പറയുന്നതെങ്കിലും ഒരു സമൂഹത്തെ അടച്ച് ആക്ഷേപിക്കാന്‍ ഒരു എഴുത്തുകാരന്‍ മുതിരരുത്. 

മുവ്വാറ്റുപുഴയില്‍ ഒരു കോളേജ് പ്രൊഫസറുടെ കൈപ്പത്തി വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് വെട്ടിയിട്ടില്ലേ മതമൗലിക വാദികള്‍? സാംസ്‌കാരിക കേരളത്തിനുമേല്‍ പതിച്ചുകൊണ്ടിരിക്കുന്ന കരിനിഴലുകള്‍ വര്‍ദ്ധിച്ചു വരികയാണ്. മതസൗഹാര്‍ദ്ദവും മതമൈത്രിയും നിലനിന്നിരുന്ന കേരളത്തിലോ ഇത്തരം ദുഃഖ സത്യങ്ങള്‍ നടമാടുന്നത്! 

കലാസാഹിത്യാവിഷ്‌കാര സ്വാതന്ത്ര്യം പിഴുതെറിയപ്പെടുകയാണോ? പിഴുതെറിയപ്പെടുകയാണെന്ന ഒരു ബോധം പലരിലും ഉണ്ടാകാമെങ്കിലും അത്തരം വിലക്കുകള്‍, നിയന്ത്രണങ്ങള്‍ സമൂഹ നന്മക്ക് ആവശ്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ എല്ലാവരും അവരവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ അവര്‍ പറയുന്നത് സത്യമായിരിക്കാമെങ്കിലും സമൂഹ നന്മക്കും കെട്ടുറപ്പിനും അത്തരം പ്രചാരണങ്ങള്‍ ഹാനികരമായേക്കാം. 

മതപ്രചാരണങ്ങള്‍ വാസ്തവത്തില്‍ നിയന്ത്രണമില്ലാതെ നടക്കുന്ന ഒന്നാണ്. എന്നാല്‍ അതിനുമേല്‍ കടിഞ്ഞാണിടാന്‍ മനുഷ്യര്‍ക്ക് ഭയമാണ്. അതുകൊണ്ട് ഈ ലോകത്തില്‍ പല അസമത്വങ്ങളും നടക്കുന്നുണ്ട്. മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട് അല്ലെങ്കില്‍ മത മേധാവി പറഞ്ഞിട്ടുണ്ട് എന്ന് സമര്‍ത്ഥിച്ചുകൊണ്ട് പല ക്രൂരമായ ആചാരങ്ങളും നിലവിലുണ്ട്. അറിവ് പകരുന്നതിലൂടെ മാത്രമേ മനുഷ്യര്‍ അത്തരം ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടുകയുള്ളു. 

പഴയ മതഗ്രന്ഥങ്ങള്‍ എഴുതുന്ന കാലത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നത് ദൈവത്തില്‍ നിന്നും കേട്ടു അതുകൊണ്ട് ഇതൊക്കെ നിങ്ങള്‍ക്ക് ബാധകമാണെന്നായിരുന്നു. മനുഷ്യര്‍ കുറേകൂടി അറിവുള്ളവരും ചിന്താശേഷിയുള്ളവരുമായപ്പോള്‍ മതസംഹിതകള്‍ പോലും ചോദ്യം ചെയ്യപ്പെട്ടു. ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നാം നമുക്ക് അനുവദിച്ചു. അത് എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ രീതിയില്‍ പ്രയോഗിക്കുക എന്നതായിരിക്കണം എല്ലാവരുടെയും ലക്ഷ്യം. 

അഖിലേന്ത്യാതലത്തില്‍ ചലച്ചിത്രമേഖലയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം അവഹേളിക്കപ്പെട്ടതിന്റെ നിദാനമല്ലേ കോടിക്കണക്കിനു മൂലധനം മുടക്കി നിര്‍മ്മിച്ച 'പത്മാവതി' ചിത്രത്തിന് വിലക്കുകള്‍ ഒന്നിനുപുറമെ മറ്റൊന്നായി വന്ന പശ്ചാത്തലം? ഒടുവില്‍ 'പത്മാവത്' എന്ന പേരുമാറ്റത്തിലൂടെ കൊടുങ്കാറ്റ് ഒന്നടങ്ങി. 

'ഒരു അഡാര്‍ ലൗ' വിലെ 'മാണിക്യമലരായ പൂവി' ഗാനത്തോടൊപ്പമുള്ള പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ചലച്ചിത്ര പ്രദര്‍ശനം തടയാന്‍ ശ്രമിച്ചു. ഒടുവില്‍ സുപ്രീം കോടതി വിധി വന്നു, ചിത്രം പുറത്തിറക്കുന്നതില്‍ അപാകതയൊന്നുമില്ലെന്ന്. ആ പാട്ടിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. 

ആഗോളതലത്തിലും ഇത്തരം പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഒരു ഡാനിഷ് വര്‍ത്തമാനപത്രം മുഹമ്മദ് നബിയെ ഒരു കാര്‍ട്ടൂണിലൂടെ ആക്ഷേപഹാസ്യം ചൊരിഞ്ഞെന്ന് പറഞ്ഞ് കൊലവിളികളും പ്രതിഷേധങ്ങളും ഉയര്‍ന്നല്ലോ. പിന്നീട് ഈ കാര്‍ട്ടൂണ്‍ ഒരു പാരീസ് ഹാസ്യപ്രസിദ്ധീകരണത്തില്‍ ചില മാറ്റങ്ങളോടെ പുനഃ പ്രസിദ്ധീകരിച്ചതിന് ചാര്‍ളി ഹെബ്‌ഡൊനു ലഭിച്ച തിക്താനുഭവം നമുക്കറിയാം. പത്രാധിപരടക്കമുള്ള പന്ത്രണ്ട് പേരുടെ ജീവന്‍ മതമൗലികവാദികള്‍ കവര്‍ന്നെടുത്തു.

സുപ്രസിദ്ധ സാഹിത്യകാരന്‍ സല്‍മാന്‍ റഷ്ദിക്കും 'The Satanic Verses' പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തലയെടുക്കാന്‍ പതിനായിരക്കണക്കിന് ഡോളറിന്റെ വില കല്പിച്ചതിനും നാം ദൃക്‌സാക്ഷികളാണല്ലോ. 

ബംഗ്‌ളാദേശി സാഹിത്യകാരി തസ്ലീമയുടെ അനുഭവവും മറ്റൊന്നല്ല. തീവ്രവാദികളുടെ അന്തസ്സാരവിഹീനങ്ങളായ പ്രകോപനങ്ങളാണ് ഹീനകര്‍മ്മങ്ങള്‍ക്കെല്ലാം കാരണഭൂതമായി ഭവിക്കുന്നത്. ഒരാള്‍ എന്തെങ്കിലും കുരുത്തക്കേട് പറഞ്ഞു എന്നുതന്നെ വയ്ക്കുക, അത് മറ്റൊരാളുടെ ദൈവത്തിനോ, ദൈവവിശ്വാസങ്ങള്‍ക്കോ ഒരു ക്ഷതവും ഏല്‍ക്കാന്‍ പോകുന്നില്ലെന്ന വീണ്ടുവിചാരം ഈ തീവ്രവാദികള്‍ക്കെന്തേ ഉദിക്കാത്തു! 

സര്‍വ്വശക്തനായ ഈശ്വരന്റെ ഒരു തലനാരിഴപോലും പിഴുതെടുക്കാന്‍ ദൈവത്തിന്റെ തന്നെ സൃഷ്ടിയായ കേവലമനുഷ്യന് സാധിക്കില്ലെന്ന് ഈ വിശ്വാസികളിലെ അവിശ്വാസികള്‍ക്ക് എന്നാണു ഭൂതോദയമുണ്ടാവുക?

സാഹിത്യശുദ്ധി രചനകള്‍ക്കുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിലേക്കായി ഭാഷാശുദ്ധിയുടെ ആവശ്യകത വളരെ പ്രധാനമാണ്. മലീമസമായ ഭാഷ ഹീനചിന്തകളുടെ ബഹിര്‍ സ്ഫുരണങ്ങളാണ്. മാധ്യമങ്ങള്‍ സ്വാര്‍ത്ഥ താല്പര്യത്തിനായി സാഹിത്യരചനകളെ തിരുത്തലുകള്‍ ചെയ്ത് വികലമാക്കുന്ന പ്രക്രിയ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വിഘാതമേല്പിക്കുന്നു. മതമൗലിക വാദികള്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാലും സ്വന്തം സിദ്ധാന്തങ്ങളെ എതിര്‍ക്കുന്ന എല്ലാത്തരം കലാസാഹിത്യ-ആവിഷ്‌ക്കാരങ്ങളെയും വെറുക്കുന്നു എന്ന യാഥാര്‍ഥ്യമാണ് എല്ലാ വിവാദങ്ങളുടെയും സ്രോതസ്സ്. 

കലാസാഹിത്യരൂപങ്ങളിലൂടെ മനുഷ്യാത്മാക്കള്‍ക്ക് ലഭിക്കുന്ന നിര്‍വൃതിയും, സന്തോഷവും, വിജ്ഞാനവും അക്കൂട്ടര്‍ക്ക് അസഹനീയമായേക്കാം. മതമൗലികവാദികള്‍ക്കെതിരെയുള്ള കരുത്തുറ്റ ആയുധമാണ് കലയും സാഹിത്യവും എന്ന തെറ്റായ ധാരണ അവര്‍ക്ക് ക്രൂരകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യസമരകാലത്തെ ഒരു ചിന്തകനായിരുന്ന പാട്രിക്ക് ഹെന്ററി പറഞ്ഞ 'Give me liberty or give me death' എന്ന ഉദ്ധരണിയും ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു. നമ്മുടെ മഹാകവി കുമാരനാശാനും പാടിയിട്ടില്ലേ 'സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം.' എന്ന്,

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ചില പരിധികളും പരിമിതികളും സ്വയം പാലിക്കുന്നതല്ലേ അഭികാമ്യം? ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്നു കരുതി വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന മട്ടില്‍ എന്തും പടച്ചുവിടുന്നതും അഭിലഷണീയമല്ല. മറ്റു സഹജീവികള്‍ക്ക് മനഃക്ലേശമുണ്ടാക്കുന്ന സംവേദനം ഒഴിവാക്കുന്നതല്ലേ വിദ്വാന്മാര്‍ക്ക് ഭൂഷണം.? 

ഉത്തരവാദിത്വബോധം സ്വാതന്ത്ര്യ നാണയത്തിന്റെ മറുവശമാണെന്ന തത്വം വിസ്മരിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം രൂഢമൂലമാവുന്നത്. അതുകൊണ്ടാണല്ലോ ഭാരതത്തിലെ ഋഷി പുംഗവന്മാര്‍, ' സത്യം ബ്രൂയാത് , പ്രിയം ബ്രൂയാത് , ന ബ്രൂയാത് അപ്രിയം സത്യമപി (സത്യം പറയുക, പ്രിയമുള്ളത് പറയുക, സത്യമാണെങ്കിലും അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുക.) എന്ന അമൃതവാണി സമസ്ത ലോകത്തിനും പ്രദാനം ചെയ്തിരിക്കുന്നത്. എന്നെ കേട്ടിരുന്ന എല്ലാവര്‍ക്കും നന്ദി. 


നന്ദി 

സദസ്സിലും വേദിയിലുമുള്ള മഹത്വ്യക്തികള്‍ക്ക് എന്റെ സ്‌നേഹവന്ദനം. ആദ്യമായി എന്നെപ്പോലുള്ള എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇ-മലയാളിയെയും ഇ-മലയാളിയുടെ സാരഥികളെയും മനസ്സാ വാചാ നമിക്കുന്നു, നന്ദി പറയുന്നു. ഇ-മലയാളി ഇപ്രകാരം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ഏകദേശം അഞ്ചു വര്‍ഷങ്ങളോളമായി കൊല്ലം തോറും പ്രത്യേക സാഹിത്യവിഭാഗങ്ങള്‍ക്ക് പുരസ്‌കാരവും നല്‍കി എഴുത്തുകാരെ ആദരിച്ചുവരുന്നു. ഇ-മലയാളിയുടെ ഈ സ്തുത്യര്‍ഹമായ സത്കര്‍മ്മത്തിനു നന്ദി പറയട്ടെ. ഒപ്പം ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കും. 

പിന്നീട് എനിക്ക് നന്ദിപറയാനുള്ളത് എന്നെ സരസ്വതീപൂജ ദിവസം മണലില്‍ ഹരിശ്രീ എഴുതിപ്പിച്ച് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ച് നടത്തിയ എന്റെ വന്ദ്യ മാതാപിതാക്കളോടാണ്, ഗുരുക്കന്മാരോടാണ്. അടുത്തതായി നന്ദി പറയാനുള്ളത് ഊണിലും ഉറക്കത്തിലും സന്തതസഹചാരിയായ പത്‌നി അമ്മുവിനോടാണ്. ഞാന്‍ എന്റേതായ സ്വപ്നലോകത്ത് വിഹരിക്കുമ്പോള്‍ 'ഹേ മനുഷ്യാ, വീട്ടിലെ പണികളൊന്നും ചെയ്യാതെ രാത്രിപകലാക്കിക്കോ' എന്ന് പറഞ്ഞ് വിഘ്നങ്ങളേതും സൃഷ്ടിക്കാതെ നിരന്തരം എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന അവര്‍ക്ക് പ്രത്യേകം നന്ദി. പിന്നീടുള്ള നന്ദി വിചാരവേദിക്കും സര്‍ഗ്ഗവേദിക്കുമാണ്. 

മാസംതോറും ഈ സംഘടനകളുടെ ഭാരവാഹികള്‍ നിശ്ചയിക്കുന്ന വിഷയങ്ങള്‍ പഠിച്ച് പ്രബന്ധങ്ങള്‍ തയ്യാറാക്കാന്‍ അവസരം തന്നതിന്. 
ആദ്യമായി ഞാന്‍ പുസ്തകാഭിപ്രായം എഴുതിയത് മറ്റൊരു പുരസ്‌കാരജേതാവായ ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ 'സഹൃദയരേഖകള്‍'ക്കാണ്. എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സൗമനസ്യം കാണിച്ച ഇ-മലയാളിയെയും അതിന്റെ സാരഥികളെയും അതുവഴി എന്നെ അംഗീകരിച്ച സ്‌നേഹം നിറഞ്ഞ വായനക്കാരെയും കൃതജ്ഞതയോടെ സ്മരിക്കുന്നു. 

 ഒപ്പം തന്നെ ഈ പുരസ്‌കാരം എന്നെ വിനയാന്വിതനാക്കുകയും എന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എഴുത്തുകാര്‍, മാധ്യമങ്ങള്‍, വായനക്കാര്‍ എന്നീ മൂന്നു ഘടകങ്ങളും പരസ്പരപൂരകങ്ങളാണെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? എല്ലാവര്‍ക്കും നന്ദി നമസ്‌കാരം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക