'ഉത്തരാധുനികത' എന്നാല്‍.....? ഒരു ചര്‍ച്ച (ജോണ്‍ മാത്യു)

ജോണ്‍ മാത്യു Published on 20 July, 2019
'ഉത്തരാധുനികത' എന്നാല്‍.....? ഒരു ചര്‍ച്ച (ജോണ്‍ മാത്യു)
'ഉത്തരാധുനികത' എന്തെന്ന് പറയാന്‍ ശ്രമിക്കുന്നത് തികച്ചും സാഹസികമാണ്, കാരണം ചതുരത്തിനുള്ളില്‍ ഒതുക്കി നിര്‍ത്താവുന്ന ഒരു പ്രസ്ഥാനമല്ല ഇത്. വിവിധ ദിശകളില്‍ നിന്ന് നിര്‍വ്വചിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും തളച്ചിടാന്‍ കഴിഞ്ഞിട്ടില്ല. കാലങ്ങളിലൂടെ പുതുതായി ഉയരുന്ന വെല്ലുവിളികളെ നേരിടാന്‍ പഠനാര്‍ഹമായ, ചര്‍ച്ച ചെയ്യാവുന്ന ഒരു പുതിയ ചിന്താവിഷയവുമായി, സങ്കല്പവുമായി ആരെങ്കിലും ഒരു സുപ്രഭാതത്തില്‍ വന്നാല്‍ അതും ഉത്തരാധുനികതയെന്ന ബൃഹത്തായ ജീവിതരീതിയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു.
'ആധുനികതയെ' ഒന്നു തൊട്ടുരുമ്മാതെ എങ്ങനെയാണ് ഉത്തരാധുനികതയിലേക്ക് കടക്കുക. മലയാളത്തില്‍ ആധുനികത ഒരു പ്രസ്ഥാനമായിരുന്നില്ലായെന്ന് ശക്തമായി അഭിപ്രായപ്പെട്ട കൂട്ടത്തിലായിരുന്നു ഞാന്‍. നമുക്ക് അതിനോടു ചേര്‍ന്ന ജീവിതരീതി ഇല്ലാതിരുന്നതുകൊണ്ട്. അതു മാത്രമല്ല ദൈവ സങ്കല്പത്തെയും സാമൂഹിക സങ്കല്പത്തെയും തുറന്നങ്ങ് നിരാകരിക്കാന്‍ നമ്മുടെ പാരമ്പര്യങ്ങള്‍ക്കും സമൂഹത്തിനും സാദ്ധ്യമല്ലാതിരുന്നതു കൊണ്ടും. ഈ പ്രതിഭാസം വളരെ വിശദമായി മുന്‍പും ലേഖനങ്ങളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. നേരത്തെ എഴുതിയ പല ലേഖനങ്ങളുടെയും തുടര്‍ച്ചയാണ് ഈ എഴുത്തും. 
അല്പം പിന്നോട്ടു പോകാം. മനോഹരമായ കവിതയാണ് ബൈബിളിലെ ഉല്പത്തി പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങള്‍. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങള്‍ നിര്‍വ്വചിച്ചിരിക്കുന്നത് അവിടെയാണ്. മനുഷ്യബന്ധങ്ങള്‍, ഭക്ഷണരീതികള്‍, സ്വാതന്ത്ര്യം നേടിയെന്ന ചിന്തയുമായി മനുഷ്യന്‍ രൂപപ്പെടുന്നത്, എത്തിപ്പിടിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളെപ്പറ്റിയുള്ള സൂചനകളും! ഭക്തിയോ അല്ലെങ്കില്‍ യുക്തിയോ മുന്‍നിര്‍ത്തി വായിച്ചാലും ഈ എഴുത്തുകള്‍ പ്രസക്തമാണ്. 
മനുഷ്യന്റെ സ്വതന്ത്രചിന്ത ഇവിടെ നിന്നും തുടങ്ങുന്നു. ആദ്യത്തെ ചോദ്യം 'താനാരാണ്?' എന്നാല്‍ നേരത്തെ പറഞ്ഞ ദൈവ-സാമൂഹിക സങ്കല്പങ്ങള്‍ മനുഷ്യനെ ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിക്കു കീഴില്‍ തളച്ചുനിര്‍ത്തി. ചരിത്രത്തിലൂടനീളം ചര്‍ച്ച ചെയ്യപ്പെട്ട ആ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് പുറത്തു ചാടാനുള്ള മാര്‍ഗ്ഗമാണ് മനുഷ്യമനസ്സ് തേടിക്കൊണ്ടിരുന്നത്. അത് വിവിധ ചിന്താസരണികളിലൂടെ! യൂറോപ്പിലെ 'നവോത്ഥാന' കാലഘട്ടം മുതല്‍ ശാസ്ത്രീയവും സംഘടിതവുമായ രീതികള്‍ പരീക്ഷിക്കപ്പെട്ടു. പിന്നീട് ക്രൈസ്തവ നവീകരണം ഇതിന് ആക്കം കൂട്ടി. ഫ്യൂഡലിസവിരുദ്ധമെന്നു പറയപ്പെടുന്ന കമ്മ്യൂണിസംപോലും രാക്ഷസീയമായ ഫ്യൂഡല്‍ വ്യവസ്ഥിതിയാണല്ലോ. മനുഷ്യന്‍ എന്നും അടിമ ആയിരിക്കാനാണോ വിധിക്കപ്പെട്ടിരിക്കുന്നത്?
നവോത്ഥാനവും നവീകരണവും രണ്ടു വാക്കാണെങ്കിലും ഒരുമിച്ച് ചര്‍ച്ച ചെയ്യേണ്ടതാണ്. നവോത്ഥാനം സഭയെ ഉള്ളില്‍ നിന്ന് ഉന്നം വെച്ചതും എന്നാല്‍ അതേസമയം രാഷ്ട്രീയവും സാമൂഹികവും ആയിരുന്നു. നവീകരണം വേദശാസ്ത്രപരവും. റോമന്‍ കത്തോലിക്ക സഭയില്‍ നിന്ന് നവീകരണം മുന്‍നിര്‍ത്തി വേര്‍പിരിഞ്ഞവര്‍ വീണ്ടും വിഭജിക്കപ്പെട്ടുവെന്ന് പറയുമ്പോള്‍ ഇതൊരു വിഭാഗീയ പ്രസ്താവനയല്ല, നിരവധി ഉപവിഭാഗങ്ങളുടെയും കഥകളല്ല പറയാന്‍ പോകുന്നത്. മറ്റൊരു സുപ്രധാന വേര്‍പിരിവ്. 
ഒന്ന്, ആചാരപരമായി കുറേയെല്ലാം വിട്ടുവീഴ്ചകള്‍ ചെയ്യുകയും വിശ്വാസപരമായി ലിബറല്‍ ആകുകയും ചെയ്തു മുഖ്യധാരാ പ്രൊട്ടസ്റ്റന്റ് സഭകള്‍. ഇവര്‍ സാര്‍വ്വത്രീക സഭയുടെ സ്വതന്ത്ര പ്രൊവിന്‍സുകളായി അറിയപ്പെടാനാണ് ആഗ്രഹിച്ചത്. മറ്റൊരു കൂട്ടര്‍ ആചാരങ്ങള്‍ പാടെ തിരസ്‌ക്കരിച്ച് വിശ്വാസ തീവ്രതയിലേക്ക് മടങ്ങി. 
ഇതില്‍ ആദ്യത്തെ കൂട്ടരുടെ പക്കലായിരുന്നു രാഷ്ട്രീയ അധികാരം. വേണമെങ്കില്‍ യൂറോപ്യന്‍ സാമ്രാജ്യത്തിന്റെ (പരിശുദ്ധ റോമാ) അനൗദ്യോഗിക തുടര്‍ച്ചയും, രാഷ്ട്രീയ ശക്തിയില്‍ ഊന്നിയ കച്ചവട സ്വാധീനവും! സാമ്പത്തിക വളര്‍ച്ചക്കും നേട്ടങ്ങള്‍ക്കുമാണ് ഈ ലിബറല്‍, മതേതരത്വ മാനവികത പ്രാധാന്യം കൊടുത്തത്. ഇതിന്റെ ഉദാഹരമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തങ്ങളുടെ സെക്കുലര്‍ മുഖം പ്രദര്‍ശിപ്പിച്ചത്. അവര്‍ ഒരിക്കലും അമ്പലം പൊളിച്ച് പള്ളി പണിതില്ല, ഔദ്യോഗികമായി മതപരിവര്‍ത്തവും നടത്തിയില്ല. കച്ചവടത്തില്‍ നിന്നുള്ള ലാഭം എവിടെ നിന്ന് വന്നാലും അതു ലാഭം തന്നെ. നേരത്തെയുണ്ടായിരുന്ന മുഗിള ഭരണത്തിനു കടകവിരുദ്ധമായിരുന്നു ഈ ബ്രിട്ടീഷ് നിലപാടുകള്‍. തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റും ദിവാനുമായിരുന്ന കേണല്‍ മണ്‍റോ തികഞ്ഞ ദൈവഭക്തനായിരുന്നു, അദ്ദേഹം തിരുവനന്തപുരത്തെ ശ്രീപത്മനാഭക്ഷേത്രത്തിലും പ്രാര്‍ത്ഥിക്കുമായിരുന്നുവെന്ന് ബി. ഭാസ്‌ക്കരനുണ്ണിയുടെ 'പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം' എന്ന കൃതിയിലും പിന്നീട് മനു എസ്. പിള്ളയുടെ 'ദന്തസിംഹാസന ചരിത്രത്തിലും' വായിച്ചതായി ഓര്‍ക്കുന്നു, നയതന്ത്രജ്ഞതയുടെ ഭാഗമായിരുന്നിരിക്കാം!
ഈ ലിബറല്‍ സാമൂഹിക മാനവികതയാണ് സ്വതന്ത്രമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വഴിവെച്ചത്. അതോടൊപ്പം ലിബറല്‍ മുതലാളിത്വത്തിനും. എന്നാല്‍ മുഖ്യധാരാ പ്രൊട്ടസ്റ്റന്റ് സഭകള്‍ പിന്നീടു ഏറെ സാമൂഹിക ലിബറലുകളായി മാറിയെന്നത് മറ്റൊരു ചര്‍ച്ചാ വിഷയം. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക, റഷ്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്, അവര്‍ കമ്മ്യൂണിസ്റ്റുകളായിരുന്നെങ്കിലും, ഈ സോഷ്യല്‍ 'ലിബറല്‍' സംവിധാനത്തില്‍ ഒരു പങ്കും ഇല്ലായിരുന്നുവെന്നത്. കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും ലിബറല്‍ ചിന്തയുള്ളവരല്ലെന്ന് പറയുമ്പോള്‍ ആരും നെറ്റി ചുളിക്കരുത്. 
ലിബറലിസം സാഹിത്യ കലാരംഗങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലം എടുത്തു കാണിക്കാനാണ് സഭയുടെയും യൂറോപ്പിന്റെയും ചരിത്രം ചുരുക്കമായി പറഞ്ഞത്. പുതുതായി നേടിയ സ്വാതന്ത്ര്യം മുതലെടുത്ത് ആവിഷ്‌ക്കാരരംഗം നവദര്‍ശനങ്ങളുമായി നീങ്ങാന്‍ തുടങ്ങി. നവോത്ഥാനത്തിനും നവീകരണത്തിനും വ്യവസായ വിപ്ലവത്തിനും സമാന്തരമായി സാഹിത്യ-കലാ രംഗങ്ങളിലും വിവിധ ആവിഷ്‌ക്കാര രീതികള്‍ പരീക്ഷിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടിയായിരുന്നു 'ആധുനികത'. ഇതിലേക്കു നയിച്ച സാമൂഹിക രാഷ്ട്രീയപ്രശ്‌നങ്ങള്‍ ഒട്ടേറെ ആയിരുന്നു എന്നത് പറഞ്ഞു കഴിഞ്ഞു, എങ്കിലും വീണ്ടും, വ്യവസായ വിപ്ലവം, കൊളോണിയലിസം, ഒരിക്കലും തീരാത്ത യുദ്ധങ്ങള്‍, ബൂര്‍ഷാ സമൂഹത്തിന്റെ അത്യാര്‍ത്തി തുടങ്ങിയവയും ഇവിടെ കണക്കിലെടുക്കേണ്ടതാണ്. ഇതിന്റെ അവസാനമാണ് കലാകാരന്മാര്‍ ചോദിച്ചത്: ജനം എന്തിനുവേണ്ടി ജീവിക്കുന്നുവെന്ന്, അല്ലെങ്കില്‍ എന്തിനുവേണ്ടി മരിക്കുന്നുവെന്ന്. എന്തിനുവേണ്ടി 'വീരമൃത്യു'? തുടക്കത്തിലെ ചോദ്യം, മനുഷ്യന്റെ ചോദ്യം, വീണ്ടും എഴുതട്ടെ. 'താന്‍ ആരാണ്?' അവിടെയാണ് ദൈവത്തോടും സമൂഹത്തോടും ചേര്‍ന്നു നില്ക്കാത്ത വ്യക്തിയുടെ പ്രസക്തി 'ആധുനികത' എന്ന പ്രസ്ഥാനത്തില്‍. ഇന്നും ഈ 'വീരമൃത്യു'വിനും ഇല്ലാത്തവന്റെ ഗതികേട് മുതലെടുത്ത് രാജ്യഭക്തി ആഘോഷിക്കുന്ന സമ്പന്നരുടെ അഹങ്കാരത്തിനും എതിരെ ഒരക്ഷരം മിണ്ടാന്‍ കഴിവില്ലാത്തവരായി പൊതുജനത്തെ നിശബ്ദരാക്കിയിരിക്കുന്നു. 
ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഞാന്‍ പലപ്പോഴും എഴുതിയത് മലയാള സാഹിത്യത്തില്‍ ആധുനികതയിലേക്ക് നയിക്കുന്ന ജീവിതശൈലി ഇല്ലായിരുന്നെന്ന്. അമ്പത്-അറുപതുകളിലെ 'പറയപ്പെടുന്ന ആധുനികത' കമ്മ്യൂണിസ്റ്റ് പുരോഗമന സാഹിത്യപ്രസ്ഥാനത്തെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ചെപ്പടിവിദ്യയായിരുന്നു. ഒരു പക്ഷേ, സുപ്രസിദ്ധ ചാരസംഘടനയുടെ! അതവിടെ നില്ക്കട്ടെ. 
ആധുനികതയുടെ താത്വിക തുടര്‍ച്ചയാണ് ഉത്തരാധുനികത, അതേസമയം ഉത്തരാധുനികത ഒരു സ്വതന്ത്രപ്രസ്ഥാനമാണുതാനും. ഒരാള്‍ക്ക് ആധുനികനും ഉത്തരാധുനികനുമായി ഒരേസമയം വേഷം കെട്ടാന്‍ കഴിയുകയുമില്ല. എത്ര പരിശ്രമിച്ചാലും വ്യക്തിക്ക് തനതായ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമോ? മതവിശ്വാസി ദൈവത്തിലും സോഷ്യലിസ്റ്റ് വിശ്വാസി സമൂഹത്തിലും ആശ്രയിക്കുന്നു. വ്യക്തിയോ? അവന്‍ തനതായി അന്വേഷിച്ചുകൊണ്ടിരിക്കുന്നത് മൂല്യങ്ങള്‍പോലും എന്താണെന്ന്, എന്താണ് ആശ്വസിപ്പിക്കുന്നതെന്ന്, എന്താണ് ആനന്ദമെന്ന്, എന്താണ് സൗന്ദര്യമെന്ന്. പക്ഷേ, സമൂഹത്തില്‍ ദുരന്തങ്ങള്‍ പഴയതുപോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആധുനികത ചിന്തയുടെ പ്രഭാവ കാലത്തായിരുന്നല്ലോ ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ യുദ്ധങ്ങളും അരങ്ങേറിയത്. 
വ്യക്തിയോ സ്ഥാപനമോ ഗുരുവോ ഒന്നുമല്ല ഉത്തരാധുനികതയെ പ്രസ്ഥാനമാക്കി മാറ്റിയത്. ഒരു നിര്‍വ്വചനം കൊടുക്കാന്‍ കഴിയാത്ത ഉത്തരാധുനികതയെന്ന ചിന്ത തിരിച്ചറിഞ്ഞത് കലാ-സാഹിത്യ നിരൂപകരും തത്വചിന്തകരും ചരിത്രകാരന്മാരും മറ്റുമാണ്; ആധുനികതയുടെ പരാജയം കണ്ടറിഞ്ഞിട്ട്!
'അവസാന സത്യം നിങ്ങളുടെ പക്കലാണോ? ആര്‍ക്കാണ് അവസാന സത്യം അവകാശപ്പെടാന്‍ കഴിയുക? അതായത് സദാചാരബോധവും ധാര്‍മ്മിക സത്യവും ആപേക്ഷികമാണ്. ബഹുഭാര്യത്വ വ്യവസ്ഥിതിയേക്കാള്‍ ഏറെ സദാചാരമുണ്ടോ ഏകഭാര്യത്വത്തിന്? പല വേദഗ്രന്ഥങ്ങളും നമുക്ക് പ്രദാനം ചെയ്തത് ബഹുഭാര്യത്വ സമൂഹത്തില്‍ ജീവിച്ചിരുന്നവരല്ലേ. ഉത്തരാധുനികന്‍ വിശ്വസിക്കുന്നത് അവസാനവാക്ക് എന്നൊന്ന് ഇല്ലെന്നു തന്നെയാണ്. അതെന്നും മാറിക്കൊണ്ടിരിക്കും. ആത്മീക സത്യം മാത്രമല്ല, സദാചാരസത്യം മാത്രമല്ല, രാഷ്ട്രീയ സത്യവുമല്ല, അവസാനതെളിവോടെ സമര്‍പ്പിക്കപ്പെട്ട ശാസ്ത്രീയ സത്യംപോലും മാറ്റത്തിനു വിധേയാണ്. അതുകൊണ്ടാണ് ദൈവവിശ്വാസിക്കുപോലും ഉത്തരാധുനികത തത്വത്തിലെങ്കിലും അംഗീകരിക്കേണ്ടതായി വരുന്നത്. അതേ സമയം മതം, പ്രത്യേകിച്ച് മാറ്റങ്ങളുടെ നടുവില്‍ നിന്ന് ക്രൈസ്തവസഭ തരിച്ചറിയുന്നത് പ്രതിരോധിക്കാന്‍ വിഷമമുള്ള പ്രസ്ഥാനമാണ് ഉത്തരാധുനികതയെന്നാണ്. നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ് പുതുതലമുറ ദൈവവിശ്വാസം അര്‍ത്ഥമറിയാതെ അഭിനയിക്കുന്നത്. രാഷ്ട്രീയവും വിശ്വാസപരവുമായ രീതികള്‍ക്കപ്പുറമായി സമൂഹം ഉത്തരാധുനികത തിരിച്ചറിഞ്ഞുകൊണ്ടിരി ക്കുന്നു. ഭക്തി നടിക്കുന്ന സമൂഹം മനസ്സുകൊണ്ട് ഉത്തരാധുനികതയെ അംഗീകരിക്കുന്നു. അതായത് വിവിധ സമൂഹങ്ങള്‍ പ്രതികരിക്കുന്നത് വ്യത്യസ്തമായിട്ടാണല്ലോ. ആരും തന്നെ സ്വതന്ത്രമായി ചിന്തിക്കുന്നില്ല, അങ്ങനെ അവകാശപ്പെടുമെങ്കിലും. നമ്മുടെ സമൂഹമാണ് നമ്മെ രൂപപ്പെടുത്തിയത്. നമ്മുടെ 'സത്യം' താല്ക്കാലികമാണ്. നമുക്ക് സ്വന്തമാണ്. നാം തന്നെ അതു നിര്‍മ്മിക്കുന്നു, നാം തന്നെ അതു കൊണ്ടുനടക്കുന്നു. ഒരു കാര്യവും, ഒരു കാര്യവും, അവസാനമായി തെളിയിക്കാന്‍ കഴിയുകയില്ല. 
ഒരു കാലത്ത് ഉപന്യാസമെഴുതാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന പല വിഷയങ്ങളില്‍ ഒന്നായിരുന്നു 'സഹിഷ്ണുത'. സഹിഷ്ണുത ഏവര്‍ക്കും വേണ്ടതായ ഒരു ഗുണമായിത്തന്നെയാണ് അന്ന് അവതരിപ്പിച്ചിരുന്നത്. ഇന്നും ബഹുഭൂരിപക്ഷത്തിനും ഉപരിപ്ലവമായി അതേ അഭിപ്രായം തന്നെ. എന്നാല്‍ ഉത്തരാധുനികതയുടെ മാനസികാവസ്ഥ പരമമായ സഹിഷ്ണുതയാണെന്ന് പറയുമ്പോള്‍ ചുരുക്കം പേരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കുകയും ഇന്ന് അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മണത്തറിയുകയും ചെയ്യുന്നു. മറ്റുള്ളവരുടെ അഭിപ്രായത്തെയും വ്യക്തിത്വത്തെയും മാനിക്കുക എന്നത് ആരും നിഷേധിക്കുന്നില്ല. എന്നാല്‍ സെക്കുലര്‍ മാനവികതയും തുടര്‍ന്നുള്ള ഉത്തരാധുനികതയിലെ മാനസ്സിക സഹിഷ്ണുതയുമാണ് ഭീകരവാദങ്ങള്‍ക്ക് വളംവെച്ചതെന്ന് ചിലരെങ്കിലും കരുതുന്ന കാര്യം ഇവിടെ വഴിയേ പറഞ്ഞുപോകുകയാണ്. എല്ലാ തത്വശാസ്ത്രങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും മൂല്യങ്ങള്‍ക്കും തുല്യ പ്രാധാന്യം കൊടുത്ത് അംഗീകരിക്കണമെന്ന പ്രസ്താവന അവര്‍ അംഗീകരിക്കുന്നില്ല. സഹിഷ്ണുത എന്ന വാക്കിന്റെ പ്രായോഗിക അര്‍ത്ഥം പോയ പോക്കേ!
ഈയിടെ വായിച്ച ഒരു ലേഖനത്തില്‍ നിന്ന്
'............... പറയുന്നത് ശരിയാണ്, പ്രാധാന്യമര്‍ഹിക്കുന്നതാണ്, ഏവര്‍ക്കും തുല്യ സ്വാതന്ത്ര്യമുണ്ട്, എല്ലാ വിശ്വാസങ്ങളും ശരിയാണ്, എല്ലാ മൂല്യങ്ങളും തുല്യമാണ്, എല്ലാ ജീവിത രീതിയും അവര്‍ അവകാശപ്പെടുന്ന സത്യവും അംഗീകരിക്കാവുന്നതാണ്.......'
ഇത് അംഗീകരിച്ചില്ലെങ്കില്‍ അത് സ്വാതന്ത്ര്യത്തെ ഹനിക്കും, അംഗീകരിച്ചാലോ അത് ചിലരുടെ പാരമ്പര്യമൂല്യങ്ങളുടെ തകര്‍ച്ചയും!
ഗ്രാമീണ സമൂഹങ്ങളിലെ ചോദ്യം ചെയ്യപ്പെടല്‍ ഓര്‍മ്മയില്ലേ. പുതുതായി ആരെങ്കിലും എത്തിയാല്‍ തികച്ചും സ്വാഭാവികമായി, മര്യാദയുടെ പരിധി വിടാതെയുള്ള ഒരു ചോദ്യം ചെയ്യപ്പെടല്‍. ഇന്ന് സമൂഹം മാറിയിരിക്കുന്നു. ഈ ചോദ്യം ചെയ്യപ്പെടല്‍ ക്രൂരമായി സദാചാരപ്പോലീസ്, സദാചാര സൂക്ഷിപ്പുകാര്‍, ഏറ്റെടുത്തിരിക്കുന്നു.
മതത്തിനാണ്, രാഷ്ട്രീയ കക്ഷികള്‍ക്കാണ് അധികാരം, എന്നാല്‍ അവയെ ധിക്കരിച്ചുകൊണ്ടായിരിക്കും 'വ്യക്തികള്‍' സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ഇതിന്റെ വലിയ ഉദാഹരണമാണ് വിവാഹബന്ധങ്ങളിലെ തകര്‍ച്ച. ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ, 'സ്വവര്‍ഗ്ഗ' ജീവിതത്തിനെതിരെയുള്ള പ്രസംഗങ്ങളല്ല ഇവിടെ. അടിസ്ഥാന മാറ്റം സംഭവിച്ചത് മനുഷ്യന്‍ ഒറ്റക്കാണ് എന്ന ചിന്തയിലാണ്. ഒരു സുപ്രധാന ചോദ്യമുണ്ട്: നിയമപരമായ വിവാഹബന്ധം എന്തിനാണ് സ്വത്തുക്കളുടെമേലുള്ള അവകാശമില്ലെങ്കില്‍ നിയമത്തിന് എന്തു വില? വിവാഹിതരെന്ന അടയാളങ്ങള്‍ സാമൂഹിക ചോദ്യം ചെയ്യപ്പെടലില്‍ നിന്ന് രക്ഷപെടാനോ? തലമുറകളിലേക്കു നീളുന്ന സമ്പത്തും സാമൂഹിക അംഗീകാരവും വേണ്ടെങ്കിലോ, അല്ലെങ്കില്‍ അത് രാഷ്ട്രീയമായി പ്രസക്തമല്ലാതായിത്തീരുന്നുവെങ്കിലോ. അപ്പോള്‍ തമ്മില്‍ത്തമ്മിലുള്ള കരുതലോ? അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം! ഇവിടെ മൃദുല വികാരങ്ങളും അസ്തമിക്കുന്നു! യൂറോപ്പിലേക്കൊന്നും പോകേണ്ട നമ്മുടെ സ്വന്തം സമൂഹവും മാറിക്കൊണ്ടിരിക്കുന്നുവോ? കേരളത്തിലും!
സാഹിത്യവും കലയും അതിന്റെ ആസ്വാദന മേഖലകളും അതില്‍ത്തന്നെയാണെ ന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പ്രചരണ കലകളാണ് ഇതിനൊരു മാറ്റം വരുത്തിയത്. കല കലയ്ക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ? സ്വന്തം താല്പര്യങ്ങളുടെ പ്രസ്ഥാനങ്ങളില്‍ നിന്ന് ജീവിതത്തിന്റെ അര്‍ത്ഥം മൊത്തത്തില്‍ തെരയാന്‍ തുടങ്ങിയത് പ്രചരണവാദികള്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്, യൂറോപ്പാണ് ഈ മാറ്റങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുത്തത്, കൊളോണിയലിസത്തിലൂടെ വ്യവസായികരണത്തിലൂടെ. ഇതെല്ലാം തിന്മയായും അതിക്രമമായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജനപദങ്ങള്‍ അടുത്തിടപഴകാന്‍ വഴിയൊരുക്കിയത് കൊളോണിയലിസമല്ലേ? തങ്ങളാണ് ലോകത്തിന്റെ കേന്ദ്രമെന്ന് വിശ്വസിച്ചിരുന്നവര്‍ക്ക് അപ്രതീക്ഷിതമായി നടുവിനേറ്റ ആഘാതം! പരമ്പരാഗത വ്യവസായങ്ങള്‍ നശിച്ചുവെങ്കിലും ജനങ്ങളെ ആധുനിക ലോകത്തിലേക്ക് നയിച്ചത് വ്യവസായീകരണവും. മോട്ടോര്‍ വാഹനങ്ങള്‍ സാര്‍വ്വത്രികമായപ്പോള്‍ 'കാളവണ്ടിയുഗ'ത്തെപ്പറ്റി ആര്‍ക്കെങ്കിലും പരാതിയുണ്ടോ? ഇവിടെ നിന്നും തുടങ്ങുന്നു ആധുനികതയും പിന്നീട് ഉത്തരാധുനികതയും. 
ഉത്തരാധുനികത എന്നൊന്ന് ബുദ്ധിജീവികള്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ട് ഏഴോ എട്ടോ പതിറ്റാണ്ടുകളാകുന്നു. മറ്റു പല പ്രസ്ഥാനങ്ങളും പോലെ കുറേ പരീക്ഷണങ്ങള്‍ക്കുശേഷം പത്തി മടക്കി മ്യൂസിയത്തില്‍ കേറുന്നതല്ല ഈ പ്രസ്ഥാനം. കാരണം, കൃത്യമായ നിയമങ്ങള്‍ പാലിക്കേണ്ടതില്ലാത്തതുകൊണ്ട്. 
പ്രസ്ഥാനങ്ങള്‍ മേലോട്ടുള്ള വളര്‍ച്ചയല്ല, അവസാനവാക്കുമല്ല, അതുകൊണ്ട് ഒരു സാഹിത്യകാരന്‍, കലാകാരന്‍ ഒന്നിന്റെയും വക്താവായിരിക്കാന്‍ നിര്‍ബന്ധിതനല്ല. ചുറ്റുപാടും ഉണ്ടാകുന്ന പ്രതിഭാസങ്ങളെ ആത്മാര്‍ത്ഥമായി നിരീക്ഷിക്കുക മാത്രം. 
എല്ലാം നേടിയെന്ന് കരുതിയ ഒരു കാലഘട്ടത്തില്‍ ചോദിച്ച സുപ്രധാന ചോദ്യമാണ് 'ഇനിയുമെന്ത്'? ഇതിന്റെ ഉത്തരമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ പ്രസ്ഥാനങ്ങള്‍. മതം ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ 'കള്‍ട്ട്' അല്ലെങ്കില്‍ ഉപരീതിയായി തുടങ്ങുകയും പിന്നീട് വളര്‍ന്ന് സമാന്തരങ്ങളായ മറ്റു രീതികളുമായി ചേരുന്നതും. അങ്ങനെയുള്ള സംഘടനകള്‍ക്ക് സമ്പത്തും അതിനോടു ചേര്‍ന്ന അധികാരങ്ങളും വര്‍ദ്ധിച്ചുവരുമ്പോള്‍ ദുര്‍ബലര്‍ മാത്രമല്ല സമൂഹം മൊത്തമായി ഇതിലേക്ക് ആകര്‍ഷിക്കപ്പെടും. 
സംഘടിത മതങ്ങള്‍ വളര്‍ന്ന വിധമാണ് ഇവിടെ സൂചിപ്പിച്ചത്. സംഘടാപരമായും സാമ്പത്തികമായും സംഘടിത മതങ്ങളോട് സാഹിത്യ-കലാ പ്രസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുകയല്ല, എങ്കിലും ആധുനികത പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മുതല്‍ കലാ-സാഹിത്യരംഗത്ത് ഒരു പ്രസ്ഥാനമായി മാറി. വ്യക്തികളിലേക്ക് തിരിഞ്ഞ്, ബാഹ്യമായതും വിശ്വാസപരമായതും നിഷേധിച്ച് സൃഷ്ടികള്‍ നടത്തിയെങ്കിലും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്ക്കുന്നതായിരുന്നു ആധുനികത. ഈ അപര്യാപ്തതയോടുള്ള പ്രതികരണമായിരുന്നു ആധുനികത. ഈ അപര്യാപ്തതയോടുള്ള പ്രതികരണമായിരുന്നു ഉത്തരാധുനികത. വളരെ കൃത്യമായി പറഞ്ഞാല്‍ ആവിഷ്‌ക്കാരത്തിലെ സൂക്ഷ്മതയിലാണ് ഉത്തരാധുനികന്‍ ശ്രദ്ധിക്കുന്നത്. അതായത് ഇന്നത്തെ നമ്മുടെ ഭാഷകളും അതിന്റെ നിയമങ്ങളും ആശയപ്രകടനത്തിനു മതിയാകുന്നില്ല എന്ന ധാരണ!
പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും ഒരു നിമിഷം മലയാളത്തിലേക്ക് മടങ്ങിവരാം. മലയാളത്തില്‍ പ്രസ്ഥാനങ്ങള്‍ സാഹിത്യം മാത്രമാണ്. പക്ഷേ, ഈ പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ കേവലം സാഹിത്യത്തില്‍ ഒതുങ്ങി നില്ക്കുന്നതല്ല. ജീവിതരീതിയുടെ, കലയുടെ വിവിധ രംഗങ്ങളുമായി ബന്ധപ്പെട്ടതാണ്. 
അമ്പതുകളുടെ തുടക്കം, വിപ്ലവത്തിന്റെ ഭാഗമായി കേരളത്തില്‍ പുരോഗമന ജീവല്‍ സാഹിത്യകാലമായിരുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതമാണ്, അതു മാത്രമാണ് സാഹിത്യം. യൂറോപ്പിലെ എക്‌സ്പ്രനിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം! ഈ കാലയളവില്‍ ആധുനികതയെന്ന ചിന്ത അപ്രസക്തമാകുകയും ബുദ്ധിജീവികള്‍ ഉത്തരാധുനികത ഗൗരവമായി ചിന്തിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ കെണിയില്‍പ്പെട്ടുവെന്നറിയാതെ കേരളത്തിലെ ചെറുപ്പക്കാര്‍ നമുക്കില്ലാത്ത ഒരു ജീവിതരീതി സങ്കല്പിച്ചുകൊണ്ട് അതിനുചുറ്റും കറങ്ങി. ആധുനികതയും ഉത്തരാധുനികതയും തിരിച്ചറിയാതെ വാക്കുകള്‍ മുറിച്ച് നൂതന പ്രസ്ഥാനങ്ങളുടെ വക്താക്കളായി മാറി, അങ്ങനെ അഭിനയിച്ചു. 
ഉത്തരാധുനിക ലേഖനങ്ങളില്‍ തലങ്ങും വിലങ്ങും ഉപയോഗിക്കുന്ന ഒരു പേരാണ് ജ്വാകിസ് ദെരിദ. 'അഴിച്ചുപണിയുടെ' തത്വങ്ങള്‍ അറുപതുകളുടെ തുടക്കത്തിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അത് തത്വശാസ്ത്രം! എന്താണ് ഉത്തരാധുനികതയെന്ന്  ആരെങ്കിലും ചോദിച്ചാല്‍ കൈ മലര്‍ത്തുകയേ മാര്‍ഗ്ഗമുള്ളൂ, അല്ലെങ്കില്‍ യൂറോപ്യന്‍ ചിന്തകരുടെ പഠനങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കണം. 'ദെരിദ പറഞ്ഞതുപോലെ .........സാര്‍ത്ര് പറഞ്ഞതുപോലെ' ഇങ്ങനെ തുടങ്ങാം. ഏതാനും വാക്കുകളിലുള്ള ഒരു നിര്‍വചനം സാദ്ധ്യമല്ല, ഇതാണ് സത്യം. എങ്കിലും വിവിധ ഉദാഹരണങ്ങളിലൂടെ ചിലത് പറയാന്‍ കഴിയും. 
മനുഷ്യന് എന്നും വ്യത്യസ്ത വ്യക്തിത്വങ്ങളാണുണ്ടായിരുന്നത്. അവസരങ്ങളും ഇടപാടുകളും ചുരുക്കം. കഴിഞ്ഞ ഒന്ന് ഒന്നര നൂറ്റാണ്ടു കാലത്തുണ്ടായ മാറ്റങ്ങള്‍ ഏകദേശമായി ഇങ്ങനെയാണ്. തത്വമീമാംസയില്‍ റീയലിസവും അതിപ്രകൃതിവാദവും ആധുനികതവരെ ലാഘവമായി തുടര്‍ന്നു. അത് ഉത്തരാധുനികതയില്‍ എത്തുമ്പോഴേക്കും റീയലിസവിരുദ്ധമായി മാറുന്നു.
അറിവിന്റെ രംഗത്താണെങ്കില്‍ വിശ്വാസത്തില്‍ നിന്ന്, നിഗൂഢതയില്‍ നിന്ന് യുക്തിയിലൂടെ സാമൂഹ്യമായ ആകമാന അറിവിലേക്കും, തുടര്‍ന്ന് വീണ്ടും സ്വന്തം അനുഭവങ്ങളിലും എത്തുന്നു.
മനുഷ്യപ്രകൃതിയാണെങ്കില്‍ ആദിപാപത്തില്‍ നിന്നോ ദൈവഹിതത്തില്‍ നിന്നോ സുതാര്യതയില്‍ക്കൂടി സാമൂഹിക അഴിച്ചുപണിയിലേക്കും സംഘര്‍ഷത്തിലേക്കും. 
ഇനിയും ധാര്‍മ്മികതയിലേക്ക് കടന്നാലോ സഹകരണത്തിലും നിസ്വാര്‍ത്ഥതയിലും നിന്ന് വ്യക്തി നിര്‍ബന്ധങ്ങളിലൂടെ വീണ്ടും സഹകരണത്തിലേക്കാണ്. 
രാഷ്ട്രീയ സാമ്പത്തിക മണ്ഡലങ്ങളില്‍ ഫ്യൂഡലിസവും ലിബറല്‍ ക്യാപിറ്റലിസവും തുടര്‍ന്ന് ഉത്തരാധുനികത വീണ്ടും സോഷ്യലിസ്റ്റ് തത്വങ്ങളും പരീക്ഷിക്കുന്നു. 
അതായത് മദ്ധ്യകാലത്തിന്റെ പ്രസ്ഥാനങ്ങളില്‍ നിന്ന് പുരോഗമിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്ര-സാങ്കേതിക-വാണിജ്യ-വ്യവസായ പുരോഗതിയിലൂടെ ഇന്നത്തെ സങ്കീര്‍ണ്ണമായ സാമൂഹിക രീതികളിലേക്കും. മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നത് ഒരു തോന്നലാണ്. പുരോഗമിച്ചുവെന്ന് കരുതിയാലും വീണ്ടും പഴയ ധാരണകള്‍ വീണ്ടും മറ്റൊരു വിധത്തില്‍ പരീക്ഷിക്കപ്പെടുന്നു! കാലഹരണപ്പെട്ടുവെന്ന് ഇന്നു കരുതപ്പെട്ട ഫ്യൂഡല്‍-സോഷ്യലിസ്റ്റ് വ്യവസ്ഥിതികള്‍ പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരുമോ?

വ്യക്തിത്വങ്ങളുടെ വിവിധ മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടുന്ന ആവശ്യമില്ലായിരുന്നു, ഇതാ നോക്കൂ ഇന്നത്തെ പ്രായോഗികവും ഒന്നിലും കാര്യമായ ഊന്നലില്ലാത്തതുമായി ലോകചിത്രം. പഴയതും പുതിയതുമായ ലോകങ്ങള്‍ എത്ര വേഗമാണ് സമന്വയിപ്പിക്കാന്‍ കഴിയുക, എത്ര വേഗമാണ് വിശ്വാസങ്ങള്‍ അഭിനയിക്കാന്‍ കഴിയുക. 
ബൈബിളും കീശയില്‍ സൂക്ഷിക്കാവുന്ന കൈത്തോക്കും ഒരുപോലെ കരുതിയാണ് പള്ളിയിലേക്ക് പോകുക, അതുപോലെ എത്രവേഗമാണ് പ്രാര്‍ത്ഥനക്കിടയില്‍ ചിലര്‍ പുറത്തേക്കുപോയി കാറിന്റെ ട്രങ്കില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന 'വേഡ്ക' ഒരു കവിള്‍ അകത്താക്കുന്നത്. തുടര്‍ന്ന് ഒരു 'പുക' കടം വാങ്ങി ധൃതിയില്‍ പ്രാര്‍ത്ഥനാലോകത്തിലേക്കു മടങ്ങുന്നത്. 
മതപ്രസ്ഥാനങ്ങളെ കൊണ്ടുനടക്കുന്നത് മാനസിക രോഗമുള്ളവരെ നിയന്ത്രിച്ച് സ്വാധീനിക്കുന്ന 'കള്‍ട്ട്' മേധാവികളും സമൂഹത്തില്‍ തിളങ്ങാന്‍ അതിമോഹമുള്ള പൊങ്ങച്ചക്കാരുമാണ്. ഇവിടെ എല്ലാവരും മത്സരിക്കുന്നത് സാമൂഹിക അംഗീകാരത്തിനാണ്. അതിലേക്കുള്ള കുറുക്കുവഴി കൃത്യമായി കണക്കുവെച്ച് തുറക്കുകയാണ് വിവിധ വിഭാഗങ്ങള്‍!
ഉത്തരാധുനികതയിലെ ജീവിതത്തിന്റെ സങ്കീര്‍ണ്ണത കാണിക്കാനാണ് ഈ ചിത്രീകരണം. അതായത് ജനം ജീവിക്കുന്നത് ഒരേ സമയം വിവിധ കാലങ്ങളിലൂടെ, മാനസികാവസ്ഥയിലൂടെ, ലോകങ്ങളിലൂടെയാണ്, അഭിനയങ്ങളിലൂടെയും!
ഉത്തരാധുനികത എന്തെന്ന് ഒന്നു പറയാമോ? പലപ്പോഴും കേട്ടിട്ടുള്ള ചോദ്യം. അങ്ങനെയൊരു നിര്‍വ്വചനമൊന്നു ഈ പ്രസ്ഥാനത്തിനില്ല. സ്വയമേ വന്നു ഭവിക്കുന്നതല്ലാതെ അങ്ങനെയൊരു ജീവിത രീതിയിലേക്കോ പ്രത്യയശാസ്ത്രത്തിലേക്കോ 'മാനസാന്തരപ്പെട്ട്' കടന്നുചെല്ലാനും കഴിയുകയില്ല. 
മലയാളത്തില്‍ ആധുനികതയും ഉത്തരാധുനികതയും ശാസ്ത്രീയമായ വേര്‍തിരിവുകളില്ലാതെയായിരുന്നു. അധികവും അര്‍ത്ഥമറിയാതെയുള്ള അനുകരണങ്ങളും. നേരത്തെ പലപ്പോഴും പറഞ്ഞതുപോലെ ആധുനികതയുടെ പ്രശ്‌നങ്ങളും നമുക്കില്ലായിരുന്നു. വായിച്ചറിഞ്ഞ അറിവു മാത്രം. അതുകൊണ്ടെന്തേ സാങ്കല്പികമായ 'ആധുനികതയുടെ' പ്രശ്‌നങ്ങള്‍ സ്വീകരിക്കയും അതിനൊപ്പം ഉത്തരാധുനിക ശൈലി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒ.വി. വിജയന്‍ കഥകള്‍ ഉത്തരാധുനിക ശൈലിക്ക് ഉദാഹരണങ്ങളാണ്. 
യുക്തിയുക്തമായ 'അറിവ്' ആണ് ശാസ്ത്രത്തിനും തുടര്‍ന്ന് വ്യക്തിവാദത്തിനും കാരണമായത്. അത് രാഷ്ട്രീയരംഗത്ത് ജനാധിപത്യമായി രൂപപ്പെട്ടത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ തുടര്‍ച്ച ആയിരുന്നു വികേന്ദ്രീകരണം. ക്യാപിറ്റലിസത്തിലെ വ്യക്തിസ്വാതന്ത്ര്യവും ആധുനികതയിലെ സ്വാതന്ത്ര്യവും ഒന്നുതന്നെ. ഈ വ്യക്തി സ്വാതന്ത്ര്യം മുഖ്യധാരാ പ്രൊട്ടസ്റ്റന്റ് ലിബറല്‍ ചിന്തകളോടു ചേര്‍ന്നു നില്ക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. ആ ആധുനികത ചിലപ്പോള്‍ അമിത-മതവാദത്തെ എതിര്‍ത്തതും നേര്. പക്ഷേ, ആധുനികത തത്വത്തില്‍ ഫ്യൂഡലിസ്റ്റായ കത്തോലിക്ക സഭയെയും കമ്മ്യൂണിസത്തെയും ഒരുപോലെ അംഗീകരിച്ചില്ലെന്നതും ഓര്‍ക്കുക. എന്നാല്‍ ഉത്തരാധുനികത ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയെ അതിന്റെ താത്വിക തുടര്‍ച്ചയായ സോഷ്യലിസത്തെ അംഗീകരിക്കുന്നുവോ? അങ്ങനെയാണ് എനിക്ക് തോന്നുന്നത് എന്ന് ഇവിടെ അടിവരയിട്ട് പറയുകയാണ്. ഈ പ്രസ്ഥാനം ദൈവവിശ്വാസത്തെ നിലനിര്‍ത്തണമെന്ന നിര്‍ബന്ധമൊന്നുമില്ല. പക്ഷേ, രാഷ്ട്രീയ രംഗങ്ങളില്‍ ദൈവവിശ്വാസം അഭിനയിക്കുകയും ചെയ്യുന്നു. ഇതിന് ഉദാഹരണം തേടി ദൂരെയെങ്ങും പോകേണ്ട. ഇന്ന് ലോക വ്യവസ്ഥിതി 'പാരമ്പര്യം' മുതലെടുക്കുകയാണ്. 
എഴുത്തുകാരന് ഈ സംവിധാനത്തില്‍ സ്വാതന്ത്ര്യം ഏറെയാണ്. ഒരു തത്വസംഹിതക്കും അന്ധമായി അടിമയാകേണ്ട. അതായത് ഉത്തരാധുനികതയിലെ ഭാഷയുടെ അപര്യാപ്തത സങ്കല്പം കണക്കിലെടുത്ത് അബ്‌സ്ട്രാക്ട് ആകാം, ആധുനികതയുടെ സ്വാതന്ത്ര്യവും ഉപയോഗിക്കാം. 
വൈവിദ്ധ്യങ്ങളെ സൂക്ഷ്മമായി ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുകയാണിവിടെ. നമ്മുടെ തത്വസംഹിതകളൊന്നും അവസാന വാക്കല്ല. സോഷ്യലിസം പരാജയപ്പെട്ടുവെന്നു പറയുന്നതോ ജനാധിപത്യത്തിന്റെ വിജയമെന്നു പറയുന്നതോ താല്ക്കാലികം മാത്രം. ഇനിയും ഒരു ഹിറ്റ്‌ലര്‍ മടങ്ങിവരില്ലെന്നതിനു എന്താണുറപ്പ്. നമ്മുടെ മൂല്യങ്ങളും സുസ്ഥിരമെന്നു കരുതപ്പെടുന്ന സംവിധാനങ്ങളും ചീട്ടുകൊട്ടാരംപോലെ അടര്‍ന്നുവീഴാന്‍ നിമിഷങ്ങള്‍ മതി. അതുപോലെ സംഘടിത മതങ്ങളും ദൈവവിശ്വാസങ്ങള്‍പോലും അവസാനവാക്കല്ല. മതങ്ങളിലെ പ്രതീകങ്ങള്‍ കേവലം സാംസ്‌കാരികമാണ്. 
റിയലിസത്തിനു കടകവിരുദ്ധമാണ് ഉത്തരാധുനികത. റിയലിസ്റ്റ് സൃഷ്ടികള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി മാത്രം; ഉത്തരാധുനിക സൃഷ്ടികള്‍ മനുഷ്യസ്വഭാവത്തിന്റെ ആഴത്തിലേക്ക് ഏറെ ഇറങ്ങി ചെല്ലുന്നു. ദൈവത്തിനു പകരം സംഘര്‍ഷവും വ്യക്തിക്കു പകരം സമൂഹവും ലിബറലിസത്തിനു പകരം സോഷ്യലിസ്റ്റ് ചിന്തകള്‍ക്കുമാണ് മുന്‍തൂക്കം. കഴിഞ്ഞകാല ചിന്തകളില്‍ നിന്ന് സമൂലമായ പരിവര്‍ത്തനമാണ് ഉത്തരാധുനികത. അതിനു പാഠഭേദങ്ങള്‍ എഴുതിച്ചേര്‍ക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ. 
ഈ ലേഖനത്തിലെ പ്രമേയങ്ങളും അനുബന്ധങ്ങളായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളെയും അവയുടെ വിശദീകരണങ്ങളെയും അധികരിച്ചുള്ളവയാണ് യൂറോപ്പിലെ തത്വചിന്തകരെ ഉദ്ധരിച്ച് എന്തെങ്കിലും സ്ഥാപിച്ചെടുക്കണമെന്ന് തോന്നിയിട്ടില്ല, അതുപോലെ   ഒരു പ്രസ്ഥാനത്തിന്റെയും പക്ഷം പിടിക്കുന്നുമില്ല. ഈ പ്രസ്ഥാനങ്ങള്‍ ഒരു ചെറുലേഖനത്തിന്റെ പരിധിയില്‍ തളച്ചിടാവുന്നതുമല്ല!
നേരത്തെ പലവട്ടം ചൂണ്ടിക്കാട്ടിയതുപോലെ ഇതാണ് 'ഉത്തരാധുനികതയെന്ന് രണ്ടു വാക്കില്‍ എഴുതാന്‍ കഴിയുകയില്ല. പക്ഷേ, മലയാള വായനക്കാര്‍ അനുഭവിച്ച റിയലിസത്തില്‍ നിന്നുണ്ടായ മാറ്റം ചിന്തിക്കുന്ന വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകള്‍ ആധുനികതയുടെ കാലമായിരുന്നെന്ന് പറയുമെങ്കിലും അവിടെ ഉത്തരാധുനിക ശൈലി വ്യക്തമായി കാണാന്‍ കഴിയും, പക്ഷേ, മതവിശ്വാസങ്ങളില്‍ നിന്നും അല്ലെങ്കില്‍ സോഷ്യലിസ്റ്റ് അനുഭാവങ്ങളില്‍ നിന്നും ആരും വിമുക്തരായിരുന്നിട്ടുമില്ല. അതുകൊണ്ടെന്തേ റിയലിസത്തിലെ സോഷ്യലിസ്റ്റ് ചിന്ത അമിത പ്രതീക്ഷയായിരുന്നെങ്കില്‍ ഉത്തരാധുനിക കാലത്ത് അത് സൗന്ദര്യബോധം മാത്രമായി മാറുന്നു. 
ഇതെല്ലാം ലളിത സരളമായ ഭാഷയില്‍ വ്യക്തമായി കിട്ടണമെന്നാണ് പ്രതീക്ഷ. ഇല്ല അല്ലെങ്കില്‍ ഉവ്വ് എന്ന പോലെ. ഏതെങ്കിലും ചോദ്യത്തിന് 'ഉവ്വ് - ഇല്ല ഉത്തരങ്ങള്‍' മാത്രം പ്രസക്തമാണോ? ഉത്തരാധുനികത ഒരു നവീകരണമാണ്, നവീകരണം മൂലം മാറ്റപ്പെടുന്നത് ദൈവമല്ല, പകരം സഹസ്രാബ്ദങ്ങളായി മതത്തിന്റെ ദൈവത്തിന്റെ ചുറ്റും നാം സൂക്ഷിച്ചിരുന്ന ബിംബങ്ങളാണ്. ആ ബിംബങ്ങള്‍ അവസാന വാക്കല്ല എന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് സ്വാഭാവികം മാത്രം. ബിംബങ്ങള്‍ അടര്‍ന്നു വീഴുമ്പോള്‍ അതില്‍ ഒട്ടിച്ചേര്‍ന്നിരുന്ന ദൈവസങ്കല്പത്തിനും ഇളക്കം ഭവിക്കുമോയെന്ന ആശങ്കയും അസ്ഥാനത്തല്ല. സര്‍വ്വശക്തനായ ദൈവം ആവരണങ്ങള്‍ക്കുള്ളിലാണോ? ആവരണങ്ങളെന്ന ബിംബങ്ങള്‍ ഓരോന്നായി മാറ്റപ്പെടുമ്പോഴത്തെ കഥ എന്താണ്? ഇതിനു ഉത്തരം പറയേണ്ടുന്ന കടമ എഴുത്തുകാരനും കലാകാരനും ഇല്ല തന്നെ. 
ഒരു കാലത്ത് കല ജീവിതത്തിനുവേണ്ടിയെന്നത് മാറ്റമില്ലാത്ത ധാരണയായിരുന്നു. പക്ഷേ, പുരോഗമന-ജീവല്‍- റിയസിലത്തിന്റെ വക്താക്കളായിരുന്ന തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയവരെ ആധുനികര്‍ കാര്യകാരണസഹിതം അംഗീകരിച്ചില്ല. കല ജീവിതത്തിനുവേണ്ടിയാണോ? മലയാളത്തിലെ ഒരു ചലച്ചിത്ര നിര്‍മ്മാതാവ് സ്വകാര്യ സംഭാഷണവേളയില്‍ ഇങ്ങനെ പറഞ്ഞു: '...............അതു വെറും രസത്തിനുവേണ്ടി, നിങ്ങളുടെ രസം ഞങ്ങള്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാനും അല്പമെങ്കിലും ലാഭമുണ്ടാകാനും'. ഇതാണ് ആത്മാര്‍ത്ഥത. റിയലിസത്തിലെ കണ്ണീര് താല്ക്കാലികം മാത്രം! തൂലിക പടവാളെന്ന സങ്കല്പത്തിന്റെ കാലം കഴിഞ്ഞോ? ആ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടാന്‍ കാത്തുനില്ക്കുന്ന വേഷങ്ങള്‍ എത്രയോ? മതസംഘടനകളും രാഷ്ട്രീയശക്തികളും പാരമ്പര്യവും ഉള്‍പ്പെടെ!
കലയുടെയും സാഹിത്യത്തിന്റെയും നൂതന പ്രവണതകള്‍ ബഹുഭൂരിപക്ഷത്തിനും അന്യമായിരിക്കാം. പക്ഷേ, അവ നമ്മുടെ വിരല്‍ത്തുമ്പിലാണ്. കലാശാലകളും ലൈബ്രറികളും മ്യൂസിയങ്ങളും നമുക്ക് അപ്രാപ്യമല്ല. ഏതു കൃതിയും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ പക്കലെത്താം. ജനമെല്ലാം നാളെ മുതല്‍ ഉത്തരാധുനികരായി മാറണമെന്നല്ല ഇവിടെ പറയുന്നത്. സമൂഹത്തിന്റെ സ്വഭാവങ്ങള്‍ മാറുന്നതിന്റെ തിരിച്ചറിവാണ് കണക്കിലെടുക്കേണ്ടുന്നത്. 
എഴത്തുകാരന്, കലാകാരന് പ്രസ്ഥാനങ്ങള്‍ ആവശ്യമുണ്ടോ? വേണ്ട, നല്ല എഴുത്തു പോരേ എന്നായിരിക്കും ആദ്യത്തെ മറുചോദ്യം. പക്ഷേ, താളനിബിഡമായ വാക്കുകളാണോ സാഹിത്യം? തിളങ്ങുന്ന നിറങ്ങളാണോ കല? മാറ്റങ്ങളോടുള്ള പ്രതികരണങ്ങളുടെ സ്ഥാനം എവിടെയാണ്. ദൈവം സമൂഹം, സമ്പത്ത്, പാരമ്പര്യം, ഭാഷ തുടങ്ങിയവയോട് കാലങ്ങളിലൂടെ നോക്കുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കുക? ഓരോന്നിനും ഒരു തലമുറക്കു മുമ്പുണ്ടായിരുന്ന മനസ്സിലാക്കല്‍ അല്ലെങ്കില്‍ അര്‍ത്ഥമല്ലല്ലോ ഇന്ന്. ഇതുതന്നെയാണ് ഉത്തരാധുനികത എന്ന പ്രസ്ഥാനത്തെപ്പറ്റി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. അതായത് പഴയ അളവുകോല്‍ അങ്ങ് മാറ്റിവെക്കുക. 

അമേരിക്കയിലെ കുടിയേറ്റക്കാരായിട്ടും, ദീര്‍ഘകാലം അന്യനാടുകളില്‍ ജീവിക്കുന്നവരായിട്ടും നമ്മുടെ ചര്‍ച്ച കേരളത്തിലെ പള്ളി-അമ്പല-രാഷ്ട്രീയ-പാരമ്പര്യ പ്രശ്‌നങ്ങളാണ്. എഴുത്തിന്റെയും വായനയുടെയും മാത്രമല്ല ബൗദ്ധിക ചര്‍ച്ചകള്‍പ്പോലും കയ്യടക്കിയിരിക്കുന്നത് ഈ വിഷയങ്ങളാണ്. അമേരിക്കയിലെ കുടിയേറ്റ എഴുത്തുകാരും കലാകാരന്മാരും അമ്പതുകളുടെ സാഹിത്യ-കലാ ധാരണകളില്‍ നിന്ന് കളം മാറിചവിട്ടി നൂതന പ്രസ്ഥാനങ്ങള്‍ പരിചയപ്പെടാനുള്ള ആഹ്വാനം മാത്രമാണ് ഈ ലേഖനം.

'ഉത്തരാധുനികത' എന്നാല്‍.....? ഒരു ചര്‍ച്ച (ജോണ്‍ മാത്യു)
Vgpalamoottil 2022-05-14 13:03:03
വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു .. ഉത്തരാധുനികത മനുഷ്യനെ കാല ദേശത്തിന് അതീതനാക്കും ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക