Image

പൂര്‍വ്വസുഹൃത്ത് - (ചെറുകഥ : ഡോ. ഈ.എം.പൂമൊട്ടില്‍)

ഡോ. ഈ.എം.പൂമൊട്ടില്‍ Published on 31 July, 2019
പൂര്‍വ്വസുഹൃത്ത് - (ചെറുകഥ : ഡോ. ഈ.എം.പൂമൊട്ടില്‍)
ആദ്യമായി തനിച്ചൊരു ദൂരയാത്രയ്ക്ക് സുരേഷ് തയ്യാറെടുക്കുകയായിരുന്നു-കൊല്ലം മുതല്‍ കോഴിക്കോട് വരെ ഒരു തീവണ്ടി യാത്ര. കൊല്ലത്തെത്തണമെങ്കില്‍ നാട്ടിന്‍പുറത്തുനിന്നും ഒരു മണിക്കൂറിലേറെ ബസ് യാത്രയും വേണ്ടിയിരുന്നു.
യാത്രാദിവസം ബസലില്‍ കയറുമ്പോള്‍ തൊട്ടടുത്ത സീറ്റില്‍ പഴയ സഹപാഠിയും നാട്ടുകാരനുമായ സാബുവിനെ കിട്ടിയതില്‍ സുരേഷ് വളരെ സന്തോഷിച്ചു; കാരണം കൊല്ലത്തെത്തുന്നതുവരെയെങ്കിലും വല്ലതുമൊക്കെ സംസാരിച്ചിരിക്കാമല്ലോ. ചങ്ങാതിമാര്‍ പഴയ കലാലയ അനുഭവങ്ങള്‍ പലതും സംസാരവിഷയമാക്കിയതിനാല്‍  സമയം പോയതറിഞ്ഞില്ല. കൊല്ലത്തെത്തിയതും സാബുവിനോട് യാത്ര പറഞ്ഞ് സുരേഷ് റെയില്‍വെ സ്റ്റേഷനിലേക്ക് വളരെ വേഗത്തില്‍ നടന്നു.  പോകേണ്ട ട്രെയ്‌നിന്റെ സമയം അടുത്തിരുന്നു! എന്നാല്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ചെവിയില്‍ പതിഞ്ഞ വാര്‍ത്ത മറ്റൊന്നായിരുന്നു- ട്രെയ്ന്‍ ഒരു മണിക്കൂറിലധികം ലേറ്റാണു പോലും! റെയില്‍വേയുടെ സമയനിഷ്ഠയില്ലായ്മയെ മനസില്‍ ശപിച്ചു; ഇത്രയും നേരം എങ്ങനെ തള്ളിനീക്കുമെന്നുള്ള ചിന്തയില്‍ അയാള്‍ പ്ലാറ്റ്‌ഫോമില്‍ ഒഴിഞ്ഞ ഒരു ചാരുബഞ്ചില്‍ ചെന്നിരുന്നു. പെട്ടെന്ന് കറുത്ത സണ്‍ഗ്ലാസ് ധരിച്ച ഒരു ചെറുപ്പക്കാരന്‍ അടുത്തേക്ക് നടന്നു വന്നു. സുരേഷിനെ നന്നായി അറിയാവുന്ന ഭാവമുണ്ട് മുഖത്ത്; എന്നാല്‍ കക്ഷിയെ  അവനു തീരെ പിടികിട്ടുന്നില്ല! കൊല്ലത്തേക്കുള്ള ബസ്യാത്രയില്‍ അയാള്‍ തന്റെ മുമ്പിലുള്ള സീറ്റില്‍ ഇരിക്കുന്നതായി കണ്ടു എന്നല്ലാതെ മറ്റൊരു മുന്‍പരിചയവും ഉള്ളതായി തോന്നിയില്ല.

എടാ സുരേഷേ, നീ ഇപ്പോള്‍ എന്തു ചെയ്യുന്നു? വളരെ നാളുകള്‍ക്കു ശേഷമാണെങ്കിലും നിന്നെ ഞാന്‍ തിരിച്ചറിഞ്ഞു. നീ എന്നെ മനസ്സിലായോ എന്നു നോക്കട്ടെ! അയാള്‍ തന്റെ കറുത്ത കണ്ണട നീക്കിക്കൊണ്ടു പറഞ്ഞു. ആ മുഖത്തേക്കു പലവട്ടം തുറിച്ചു നോക്കിയിട്ടും ആളാരാണെന്നു സുരേഷിനു യാതൊരു തുമ്പും കിട്ടിയില്ല. നാളുകള്‍ക്കു മുമ്പ് മദ്രാസിലേക്കു സ്ഥിരതാമസം മാറ്റിയ അമ്മാവന്റെ മകന്‍ ബാലകൃഷ്ണനാണോ ഇവനെന്നു സംശയിച്ചു.:

 മദ്രാസിലുള്ള ബാലു....
പാചകം മുഴുവനാക്കുന്നതിനു മുമ്പായി അയാള്‍ ഇടയ്ക്കു കയറി പറഞ്ഞു: ഞാന്‍ ബാലിയും സുഗ്രീവനും ഒന്നുമല്ല; നിന്റെ ബാച്ചില്‍ സെന്റ് തോമസ് കോളജില്‍ പീഡിഗ്രി ക്ലാസ്സില്‍ പഠിച്ച ഒരു സുരേന്ദ്രനെ നീ ഓര്‍്ക്കുന്നുണ്ടോ? അയാള്‍ തുടര്‍ന്നു: ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞയുടന്‍ തന്നെ ഗള്‍ഫില്‍ നല്ലൊരു ജോലി കിട്ടി പോയി. നല്ലവണ്ണം പണം സമ്പാദിച്ചു തിരികെ വന്നു, ഇപ്പോള്‍ കോഴിക്കോട് സ്വന്തമായി ഒരു കമ്പനി നടത്തുന്നു. തിരുവനന്തപുരത്തും കൊല്ലത്തും മറ്റു പല സ്ഥലങ്ങളിലുമായി ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നു. തന്റെ ബിസിനസ്സ് കാര്‍ഡ് എടുത്തു നീട്ടിക്കൊണ്ടയാള്‍ വാചകമടി തുടര്‍ന്നു: താല്‍പര്യമുണ്ടെങ്കില്‍ എന്റെ കമ്പനിയില്‍തന്നെ നിനക്കു ജോലി ശരിയാക്കിത്തരാം. അല്ല, നിനക്കു ഗള്‍ഫിള്‍ പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഒന്നു രണ്ടു മാസത്തിനകം വിസ റെഡിയാക്കാം; തിടുക്കമില്ല, എല്ലാം നീ ആലോചിച്ചു തീരുമാനിച്ചാല്‍ മതി.

യാദൃശ്ചികമായിട്ടാണെങ്കിലും സന്മനസ്സുള്ള ഒരു പഴയ സതീര്‍ത്ഥ്യനെ വീണ്ടും കാണാനിടയായതില്‍ സുരേഷിനു വളരെ സന്തോഷം തോന്നി. പക്ഷെ എത്ര ചിന്തിച്ചിട്ടും ഒരേ കോളജില്‍ പഠിച്ച അങ്ങനെയൊരു സുരേന്ദ്രനെ ഓര്‍മ്മയില്‍ പഠിച്ച അങ്ങനെയൊരു സുരേന്ദ്രനെ ഓര്‍മ്മയില്‍ പഠിച്ച അങ്ങനെയൊരു സുരേന്ദ്രനെ ഓര്‍മ്മയില്‍ വന്നില്ല.

സാരമില്ല, വര്‍ഷങ്ങള്‍ക്കു മുമ്പല്ലേ; നമ്മള്‍ രണ്ടു ഗ്രൂപ്പായിരുന്നതിനാലായിരിക്കും നീ എന്നെ ഓര്‍ക്കാത്തത്ച അയാള്‍ അവനെ സമാധിപ്പിച്ചു.

നീ അന്നു വലിയ ഫുട്‌ബോള്‍ പ്ലെയറൊക്കെ ആയിരുന്നല്ലോ; നീയും നിന്റെ ഒരു കൂട്ടുകാരന്‍, ആ തടിമാടന്‍ സാബുവും കൂടെ ബുള്ളറ്റില്‍ ചെത്തി കോളജില്‍ വരുന്നതൊക്കെ ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്. പഴയ കലാലയ സ്മരണകള്‍ പലതും അയവിറക്കാന്‍ അയാള്‍ ശ്രമിച്ചു.

അയാള്‍ പറഞ്ഞതൊക്കെ ശരിയാണല്ലോ! വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ സഹപാഠിയെ തിരിച്ചറിയാന്‍ സാധിക്കാഞ്ഞതില്‍ സുരേഷിനു ജാള്യത തോന്നി. അവര്‍ സരസമായ പല കാര്യങ്ങളും സംസാരവിഷയമാക്കി. സുഹൃത്ത് പറഞ്ഞ പൂര്‍വ്വകാല സംഭവങ്ങളില്‍ ചിലതൊക്കെ അവന്റെ ഓര്‍മ്മയില്‍ വന്നില്ല. ഓര്‍മ്മക്കുറവിനെ സ്വയം പഴിച്ചു.

സാരമില്ല; പഴയ കാര്യങ്ങള്‍ ചിലര്‍ പെട്ടെന്നു മറക്കുന്ന സ്വഭാവക്കാരാണ്; നീ പണ്ടും അങ്ങനെതന്നെയായിരുന്നല്ലോ! അയാള്‍ അവനെ വീണ്ടും ആശ്വസിപ്പിച്ചു.
ട്രെയിന്‍ എത്താന്‍ ഇനിയും ധാരാളം സമയം ബാക്കിയായതിനാല്‍ ഇരുവരും കാന്റീനില്‍ കയറി ചായ കുടിക്കാന്‍ തീരുമാനിച്ചു. ചായകുടി കഴിഞ്ഞ് പണം കൊടുക്കുവാന്‍ സുരേഷ് പേഴ്‌സ് എടുത്തു. സുഹൃത്ത് അവനെ തടഞ്ഞു. എന്നിട്ട് പണം അയാള്‍ തന്നെ കൊടുത്തു താമസിയാതെ, ഒരു സിഗരറ്റ് വാങ്ങിയിട്ടു വരട്ടെ എന്നു പറഞ്ഞ് അയാള്‍ കാന്റീനില്‍നിന്നു പുറത്തേക്കു പോയി.

സുരേഷ് വളരെ നേരം കാത്തിരുന്നിട്ടും സുഹൃത്ത് മടങ്ങിയെത്തിയില്ല. ഒടുവില്‍ കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ ട്രാക്കില്‍ വന്നുനിന്നു. ട്രെയിനില്‍ കയറാന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നുനീങ്ങുമ്പോഴാണ് അവനതു മനസ്സിലായത്; തന്റെ പേഴ്‌സ് മോഷ്ടിക്കപ്പെട്ടിരിക്കുന്നു! ട്രെയിന്‍ ടിക്കറ്റ് ഉള്‍പ്പെടെ നല്ലൊരു തുകയും അതിലുണ്ടായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുശേഷം കൂകിവിളിച്ചുകൊണ്ട് നീങ്ങിയകലുന്നു തീവണ്ടിയെ നോക്കി അവന്‍ തലകുനിച്ചു നിന്നു. ആ കൂകിവിളി തന്റെ ബുദ്ധിശൂന്യതയെ പരിഹസിച്ചുകൊണ്ടായിരുന്നുവെന്ന് അവസാനനിമിഷം തോന്നി!

പൂര്‍വ്വസുഹൃത്ത് - (ചെറുകഥ : ഡോ. ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
P R Girish Nair 2019-07-31 22:31:37
മുട്പടമണിഞ്ഞു, കബഡവേഷം ധരിച്ച്,  അപാരതകള്‍കൊണ്ട്
നിറഞ്ഞ ഈ ലോകത്തെക്കുറിച്ച് ഞാന്‍ ഒരു നിമിഷം ആലോചിച്ചുപോയി. 
Easow Mathew 2019-08-02 18:44:51
Thank you, Sri Girish Nair for the thoughtful comment on the short story. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക