ഇവിടെ, അമേരിക്കയിലെങ്ങും ഓണാഘോഷങ്ങള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു. പൂക്കളങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണസദ്യകള് ഉണ്ടും പായസം കുടിച്ചും വയറു നിറയുന്നു. അതിനിടയ്ക്കും ഓണാഘോഷം എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിലാണ് പലരും. ഹൂസ്റ്റണില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഓണാഘോഷം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തത് കേക്ക് മുറിച്ചു കൊണ്ടാണ്. ഓണവും കേക്കും തമ്മിലെന്താണ് ബന്ധമെന്നൊന്നും ചോദിക്കരുത്. വെറൈറ്റി വേണ്ടേ? വെറൈറ്റി. കഴിഞ്ഞവര്‍ഷം കേരളത്തിലെ മഹാപ്രളയം കാരണം ഓണാഘോഷങ്ങള്ക്കൊക്കെയും ഇവിടെ കാര്യമായി അവധി നല്‍കിയിരിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ പോയവര്‍ഷം ചെയ്യാതിരുന്നത് ഇപ്പോള്‍ ഈ വര്‍ഷം നല്ല ഗംഭീരമായി ചെയ്യണം എന്ന് ഓരോരുത്തര്‍ക്കും വാശി. ഒരിടത്ത് 34 കൂട്ടം കറികളാണെങ്കില്‍ മറ്റൊരിടത്ത് ചിക്കനും മട്ടനും ഫിഷുമൊക്കെ ചേര്‍ത്ത് കറികളുടെ എണ്ണം അന്പതിലെത്തിക്കാനാവുമോ എന്നാണ് നോക്കുന്നത്. മാവേലി ഇതൊക്കെ എങ്ങനെ സഹിക്കുമെന്നൊന്നും ആരും നോക്കുന്നില്ല, ഇതൊരു മലയാളി കൂടിച്ചേരലാണ്. ഈ ആഘോഷം ചിങ്ങമാസവും കന്നിമാസവും കടന്ന് വൃശ്ചികമാസം വരും നീളും. അതിനിടയ്ക്ക് ക്രിസ്മസ് കടന്നു വരുന്നതു കൊണ്ടു മാത്രമാണ് ഓണത്തിന് ബ്രേക്ക് വീഴുന്നത് എന്നാണ് മിക്കവരും പറയുന്നത്.
കേരളത്തിലാണെങ്കില്‍ തിരുവോണമോ, അതിനോടനുബന്ധിച്ചുള്ള ആഴ്ചകള്‍ മാത്രമാണ് ഓണാഘോഷമെങ്കില്‍ ഇവിടെ അങ്ങനെ നാളും തീയതിയുമൊന്നും ആരും നോക്കാറില്ല. ചിങ്ങത്തിലെ തിരുവോണത്തിനു മുന്നേ പലേടത്തും ഓണാഘോഷങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ഓണത്തിനു വേണ്ടി നാട്ടില്‍നിന്നു വാങ്ങിക്കൊണ്ടു വന്ന പുത്തന്‍ കസവു ജുബയും മുണ്ടും സാരിയുമൊക്കെ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു പുളകതിരാകാന് വെമ്പുകയായിരുന്നു ഓരോരുത്തരുമെന്ന് ഓണാഘോഷങ്ങള്‍ കഴിഞ്ഞയിടത്തു നിന്നുമുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു. എല്ലായിടത്തും ഓണത്തിന്റെ ലാളിത്യത്തെക്കുറിച്ച് സംസാരിക്കുന്നു. ലാളിത്യമാണ് മലയാളിയുടെ നന്മയെന്നു പറയുന്നു. അതാണ് കേരളത്തിന്റെ മുഖമുദ്ര എന്നു പറയുന്നു. എന്നാല്‍ കാഴ്ചവയ്ക്കുന്നതോ? ആത്മവിമര്‍ശനത്തോടെ തന്നെ പറയട്ടെ, അതു മലയാളിയുടെ ഒരു പൊതുസ്വഭാവമായി മാറിയിരിക്കുന്നുവെന്നതാണ് സത്യം. പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍.
കഴിഞ്ഞവര്‍ഷം കേരളത്തെ മഹാപ്രളയം മുക്കിത്തുവര്ത്തിയപ്പോള് എല്ലാ ആഘോഷങ്ങളും മാറ്റിവച്ച് കേരളത്തിന്റെ പുനരുദ്ധാരണത്തിനൊപ്പം അമേരിക്കന്‍ മലയാളികള്‍ നിലകൊണ്ടു. എന്നാല്‍ ഇത്തവണയും മഴ അതു പോലെ രൗദ്രഭാവം പൂണ്ടിരുന്നു. കവളപ്പാറില് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പത്തിലേറെ പേരെ കണ്ടെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടില്ല. കണ്ടെത്തിയതു തന്നെ തങ്ങളുടെ ഉറ്റവരും ഉടയവരുമാണെന്ന കാര്യത്തിലും ഉറപ്പില്ല. എന്നിട്ടും അതൊക്കെയും മലയാളി എത്ര പെട്ടെന്നാണ് മറക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയൊക്കെയും മനുഷ്യന് വരുത്തിവെക്കുന്നതാണെന്നു തിരിച്ചറിയുമ്പോഴും അതില്‍ നിന്നും പിന്മാറാനോ, പ്രകൃതിയെ വേദനിപ്പിക്കാതിരിക്കാനോ മനുഷ്യനു കഴിയുന്നില്ല. എന്നിട്ടോ, കാണം വിറ്റും ഓണം ഉണ്ണണം എന്ന നിലയ്ക്ക് ആഘോഷങ്ങളുടെ ആഹ്ലാദത്തിമിര്‍പ്പില്‍ എല്ലാ മറക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം കേരളത്തില്‍ തുടങ്ങുന്നത്. ഇത് തിരുവോണം നാളില്‍ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള് വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഇത്തവണയും അതിനൊരു മാറ്റത്തിനു സാധ്യതയില്ല.
കാലവര്‍ഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന് ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.
പ്രകൃതിയും ഓണവുമായി അഭേദ്യബന്ധമാണുള്ളത്. പ്രകൃതിക്കുപോലും ചിങ്ങമാസത്തില്‍ വരുന്ന മാറ്റം കാണേണ്ടതു തന്നെയാണ്. ഐശ്വര്യ ചിങ്ങമെന്നാണ് മലയാണ്മ ഈ കാലത്തെ വിശേഷിപ്പിച്ചിരുന്നത്. പ്രകൃതിയുടെ കാര്‍മേഘങ്ങളൊക്കെയും മാറി ശലഭങ്ങള്‍ വാനില്‍ വര്ണശബളങ്ങളായി മാറുന്ന കാഴ്ച എവിടെയും കാണാമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. എപ്പോള്‍ വേണമെങ്കിലും കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടാം, മഴ പെയ്തിറങ്ങാം, ഉരുള്‍പൊട്ടലിന്റെ വന്‍ മേഘനാദം മനുഷ്യമനസ്സില്‍ ഉഗ്രസ്ഫോടനമായി മാറിയേക്കാം. നാം തന്നെ നമ്മുടെ വിധി നിര്‍ണ്ണയിക്കുന്ന ഒരു കാലത്തെ അതിവേഗം നാം ചേര്‍ത്തുപിടിക്കുന്നു. വരുന്ന തലമുറയ്ക്ക് വേണ്ടി യാതൊന്നും കാത്തുവെക്കാതെ നാമെല്ലാം നശിപ്പിച്ചു തകര്‍ക്കുന്നു. നമുക്ക് ശേഷം പ്രളയം എന്ന മട്ടില്‍ മനുഷ്യന്റെ ഈ ദുരവസ്ഥക്കുള്ള പ്രകൃതിയുടെ തിരിച്ചടിയാണ് ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്ക് കാരണം. അതു കൊണ്ടു തന്നെ ഈ ഓണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പോയവര്‍ഷം എന്തായിരുന്നു, ഇപ്പോള്‍ നാം എങ്ങനെയാണ് എന്നൊന്നു താരതമ്യപ്പെടുത്തി നോക്കിയാല്‍ നമുക്കു മനസ്സിലാവും നമ്മുടെ ആഘോഷത്തിമര്‍പ്പുകള്‍ക്ക് പിന്നിലെ ചേതോവികാരം.
ഓണം മലയാളിയുടെ ഒരു വികാരമാണ്. ജാതിമതഭേദമന്യേ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്ന ഒരു ഉത്സവമേളമാണ്. പക്ഷേ, നാം അപ്പോഴും ഓര്‍ക്കേണ്ടത്, അതിനുള്ള അവസരമില്ലാതെ, മുണ്ടു മുറുക്കിയുടുത്ത് ഇപ്പോഴും മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടുന്ന ഒരു ജനത നമുക്കുണ്ടെന്ന കാര്യം...
==============
ഓണമായ്,ഓണമായ്,ഓമനിച്ചീടുവാന്
ഓര്‍മ്മയിലെത്തുന്നൊരീണമായ് മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ് തീരുന്നുമാനസ്സം
പൂക്കളിറുത്തതും പൂക്കളംതീര്‍ത്തതും
പൂവിളികെട്ടതു മാര്‍പ്പും കുരവയും
മാവേലിമന്നന്റെ മാഹാല്‍മ്യമൊക്കെയു
മാര്‍ത്തുവിളിക്കുന്നു മാലോകരൊക്കെയും
കാളനും, തോരനും, സാമ്പാറു, പപ്പടം
പൂവന്‍പഴവും. പരിപ്പു. പ്രദമനും
ഇഞ്ചി,നാരങ്ങാപ്പുളിയിവയൊക്കെയും
പഞ്ചാമൃതമ്പോല്‍ കഴിച്ചതോര്‍ക്കുന്നു ഞാന്‍
അന്നു സ്വയമെന്നൊഴിച്ചുമറ്റൊന്നുമേ
വന്നുകേറീടാത്തൊരെന്‍ പാഴ്മനസ്സതില്‍
ഇന്നുവന്നീടുന്നോരു ചോദ്യം,ആര്‍ക്കു ഓണം?,എന്തു ഓണം?
എന്നേ മധിക്കുന്ന ചോദ്യമേ!
കോടികളൊക്കെച്ചിലവിട്ടു പൊന്നോണ
മാടിത്തിമര്‍ത്തു തക്രുതിയായ് തീര്‍ത്തിടും
മാമലനാടേ കരയുക, കേഴുക
മാവേലി ലജ്ജിതനായ് മടങ്ങീടവേ!
കോടീശ്വരര്ക്കെന്നുമോണമാണോര്
പണക്കാര്ക്കുമോണമാണെന്നുമെന്നോ
പട്ടിണിപ്പാവങ്ങള്‍ നിര്ധനര്ക്കൊക്കെയും
ഓണം,പൊന്നോണം വരുംചിങ്ങമാസത്തില്‍
മൃഷ്ടാന്നഭോജന മോണപ്പുടവകള്‍
ഒന്നുമേയില്ലാതെ സ്വപ്നശരണരായ്
ലക്ഷോപിലക്ഷങ്ങള്‍ തിങ്ങുന്നമാമല
നാടേയവര്‍ക്കില്ലെ പൊന്നോണമോര്‍ക്കുമോ?
ഇന്നോര്‍ത്തിടുമ്പോളകം തളര്‍ന്നീടുന്നു
മൃഷ്ടാന്നഭോജന മെന്മുന്നിലിവ്വിധം
മാനസമേവം പതിതരിന്ചാരത്തു
കുറ്റബോധത്താല്‍ കരംവിലക്കുന്നു ഞാന്‍!
സര്‍വര്‍ക്കുമോണമീനാട്ടില്‍ യാഥാർത്യമായ്
തീരുന്നകാലം വരട്ടെയാശിപ്പു ഞാന്‍
അല്ലാതെനിങ്കില്ലൊരോണമകതാരി
ലല്ലലകറ്റി ചിരമാസ്വദിക്കുവാന്‍
സര്‍വേശ്വരാ ശക്തിയേകിടൂനാട്ടിന്നു
നന്മകളേകിയനുഗ്രഹിക്കൂ ഭവാന്
ഏവരുമൊന്നുപോലാനന്ദപൂര്‍ണ്ണരായ്
മാവേലിനാട്ടിലൊരോണം തിമര്ക്കുവാന്!.