ഡിട്രോയിറ്റ്: നാലു പതിറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ മലയാളി സംഘടനയായ കേരളാ ക്ലബിന്റെ ഈവര്‍ഷത്തെ ഓണാഘോഷം "ഓണമേഘങ്ങള്' സെപ്റ്റംബര്‍ 14-നു ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ സീഹോം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തും.
കേരളാ ക്ലബിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കേരളത്തനിമയാര്‍ന്ന ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. 1975 മുതല്‍ കേരളാ ക്ലബ് അംഗങ്ങള്‍ സ്വന്തം ഭവനങ്ങളില്‍ നിന്നു പാകംചെയ്തുകൊണ്ടുവരുന്ന ഓണസദ്യ എല്ലാവര്‍ഷവും അഞ്ഞൂറിലധികം ആളുകള്‍ ആസ്വദിച്ച് കഴിക്കുന്നു.
ഈവര്‍ഷത്തെ ഓണാഘോഷത്തില്‍ മികച്ച കലാകാരന്മാരും, കലാകാരികളും കുട്ടികളും പങ്കെടുക്കുന്ന നൃത്തവും സംഗീതവും അരങ്ങേറും. 'ഇന്ത്യന്‍ രാഗാ' അവതരിപ്പിക്കുന്ന നൃത്തം, തിരുവാതിര, ചെണ്ടമേളം, ഫാഷന്‍ഷോ എന്നിവയും അവതരിപ്പിക്കപ്പെടും. കേരളാ ക്ലബിന്റെ മുഖപത്രമായ "കേരളൈറ്റ്' എന്ന മാസികയുടെ ഓണം വിശേഷാല്‍ പതിപ്പും പ്രസിദ്ധീകരിക്കും. ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ധന്യ മേനോന് അറിയിച്ചു.