Image

ജോ ബൈഡന്റെ രാഷ്ട്രീയ തേരോട്ടങ്ങളും ഭരണ രൂപരേഖകളും (ജോസഫ് പടന്നമാക്കല്‍)

Published on 18 September, 2019
ജോ ബൈഡന്റെ രാഷ്ട്രീയ തേരോട്ടങ്ങളും ഭരണ രൂപരേഖകളും (ജോസഫ്  പടന്നമാക്കല്‍)
 മാസങ്ങള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കുശേഷം 'ജോ ബൈഡന്‍' 2020ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷനായുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. അമേരിക്കയില്‍ ജനാധിപത്യം അപകടാവസ്ഥയിലാണെന്നും, അതിനാലാണ്! താന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും വീഡിയോ പ്രഖ്യാപനത്തില്‍ ബൈഡന്‍ വ്യക്തമാക്കി. ഇരുപതില്‍പ്പരം ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മോഹങ്ങളായി അരങ്ങത്തുണ്ട്. അവരില്‍ ഏറ്റവും വിജയ സാധ്യത പ്രതീക്ഷിക്കാവുന്നത് ബൈഡനാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടു പിടിച്ചു നടക്കുന്നുണ്ടെങ്കിലും പ്രസിഡണ്ടായ ശേഷമുള്ള ആരുടേയും നയപരിപാടികള്‍ എന്തെല്ലാമെന്നും വ്യക്തമല്ല. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനു ശേഷമേ ഭാവി വിവരങ്ങളറിയാന്‍ സാധിക്കുള്ളൂ. സെനറ്റര്‍മാരായ എലിസബത്ത് വാറണ്‍, കമല ഹാരീസ്, ബേര്‍ണീ സാന്‍ഡേഴ്‌സ് തുടങ്ങി പ്രമുഖരെ നേരിട്ടുകൊണ്ടു വേണം ബൈഡന് അന്തിമ പട്ടികയില്‍ കയറിപ്പറ്റാന്‍. വൈറ്റ് ഹൌസില്‍ ട്രംപിന് ഇനിയുമൊരു അവസരം കൂടി നല്‍കിയാല്‍ അത് രാജ്യത്തിന്റെ ആന്തരിക ഘടനയെ അവതാളത്തിലാക്കുമെന്ന വിശ്വാസമാണ് ബൈഡനുള്ളത്.

പ്രസിഡന്റായി മത്സരിക്കണമോയെന്ന തീരുമാനത്തിനായി ബൈഡന്‍ മാസങ്ങളോളം നീണ്ട സമയമെടുത്തു. ഡെലവെയറിന്റെ മുന്‍ സെനറ്ററായ ബൈഡന്‍ ഇതിനു മുമ്പ് രണ്ടു പ്രാവിശ്യം പ്രസിഡന്റ് മത്സരത്തിനായി നാമ നിര്‍ദ്ദേശം കൊടുത്തിരുന്നു. 2008ല്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം ഒബാമ അദ്ദേഹത്തെ വൈസ് പ്രസിഡണ്ടായി മത്സരിക്കാന്‍ തിരഞ്ഞെടുത്തു. 2020ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് നോമിനേഷന്‍ കിട്ടാനുള്ള എല്ലാ സാധ്യതകളും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്‍റെ നീണ്ട കാല സെനറ്റര്‍ എന്ന റിക്കോര്‍ഡും വൈസ് പ്രസിഡന്റ് പദവിയും മറ്റുള്ള സ്ഥാനാര്‍ഥികളില്‍നിന്നും വ്യത്യസ്തനാക്കുന്നു.

പെന്‍സില്‍വേനിയായില്‍ 'സ്ക്രാന്‍ട്രന്‍' എന്ന സ്ഥലത്ത് 1942 നവംബര്‍ ഇരുപതാം തിയതി ജോസഫ്  ബൈഡന്‍ ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന മാതാപിതാക്കളോടൊപ്പമായിരുന്നു ബൈഡന്‍ വളര്‍ന്നത്. 1952ല്‍ അദ്ദേഹത്തിനു പത്തു വയസ് പ്രായമുള്ളപ്പോള്‍ കുടുംബം ഡലവയറില്‍ താമസമാക്കി. അവിടെനിന്ന് ഹൈസ്കൂള്‍ പാസായ ശേഷം ഡലവയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും സിറാക്കൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും നേടി. നിയമത്തിന് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ 'നീലിയ ഹണ്ടര്‍' എന്ന യുവതിയെ കണ്ടുമുട്ടുകയും അവര്‍ തമ്മില്‍ ഇഷ്ടത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. 1969ല്‍ ഡലവയറിലുള്ള  വില്‍മിങ്ങ്ടണില്‍ നിയമം പ്രാക്ടീസ് ചെയ്യാന്‍ ആരംഭിച്ചു. 'നീലിയ ഹണ്ടറും' ബൈഡനുമായുള്ള ദാമ്പത്യ ജീവിതത്തില്‍ അവര്‍ക്ക് മൂന്നു മക്കള്‍ ജനിച്ചു. ജോസഫ് ബ്യു ബൈഡന്‍ (Joseph "Beau,1969) റോബര്‍ട്ട് ബൈഡന്‍ (Robert,1970) നവോമി ക്രിസ്റ്റിന (Naomi Christina ,1971) എന്നിങ്ങനെ മൂന്നു കുട്ടികള്‍.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലാണ് ജോ ബൈഡന്‍ ആദ്യം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1970ല്‍ 'ന്യൂ കാസില്‍' കൗണ്ടി കൗണ്‍സിലറായി തിരഞ്ഞെടുത്തു. 1972ല്‍ ഇരുപത്തിയൊമ്പതാം വയസില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പ്രതിനിധികരിച്ചുകൊണ്ടുള്ള സെനറ്ററായി നോമിനേഷന്‍ ലഭിച്ചു. ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കാത്ത ശക്തനെന്നു വിചാരിച്ചിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി 'സെനറ്റര്‍ കാലേബ് ബോഗ്‌സായിരുന്നു '(ഖ.ഇമഹലയ ആീഴഴ)െ എതിരാളി. രണ്ടുപ്രാവശ്യം കാലേബ് ബോഗ്‌സ്  സെനറ്ററായിരുന്നു. ആ മത്സരത്തില്‍ 3000 വോട്ടിന് ബൈഡന്‍ വിജയിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം അധിക കാലതാമസമില്ലാതെ അദ്ദേഹത്തിന്‍റെ ഭാര്യ നീലിയായും മകന്‍ നവോമി ബൈഡനും ഒരു കാര്‍ അപകടത്തില്‍ മരിച്ചു. മറ്റു രണ്ടു മക്കള്‍ക്കും ഗുരുതരമായ പരുക്കുകളും പറ്റിയിരുന്നു. കുട്ടികളെ കിടത്തിയിരുന്ന ഹോസ്പിറ്റലിലെ ബെഡ് സൈഡില്‍ നിന്നുകൊണ്ടാണ് ബൈഡന്‍ സെനറ്ററായി സത്യ പ്രതിജ്ഞ ചെയ്തത്. കുട്ടികള്‍ സുഖമായ ശേഷം ദിവസവും പൊതുവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നു. നിത്യവും ട്രെയിനില്‍ 'വില്‍മിങ്ടനില്‍' നിന്ന് വാഷിങ്ടണില്‍ യാത്ര ചെയ്യുമായിരുന്നു. 37 വര്‍ഷത്തെ സെനറ്റര്‍ എന്ന നിലയില്‍ അദ്ദേഹം എന്നും ട്രെയിന്‍ യാത്ര ഇഷ്ടപ്പെട്ടിരുന്നു. 1977ല്‍ ബൈഡന്‍ 'ജില്‍ ട്രേസി ജേക്കബിനെ' വിവാഹം ചെയ്തു. 1981ല്‍ അവരുടെ മകള്‍ 'ആഷ്‌ലി ബ്ലേസര്‍' ജനിച്ചു.

1988ല്‍ ബൈഡന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവായ 'നീല്‍ കിന്നോക്കിന്റെ' പ്രസംഗം കോപ്പിയടിച്ചുവെന്ന പ്രശ്!നം വലിയ ചര്‍ച്ചക്ക് വിഷയമായി. നിയമത്തിനു കോളേജില്‍ പഠിക്കുമ്പോഴുള്ള റിക്കോര്‍ഡ് ചെയ്ത ഒരു പ്രസംഗവും മറ്റൊരാളുടെതായിരുന്നു. ബൈഡന്റെ പഠിക്കുമ്പോഴുള്ള അക്കാദമിക്ക് റിക്കോര്‍ഡിന്റെ കാര്യത്തിലും കള്ളം പറഞ്ഞുവെന്ന ആരോപണവുമുണ്ടായിരുന്നു. 1987 സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതി അദ്ദേഹം പ്രസിഡണ്ടായി മത്സരിക്കുന്നതില്‍നിന്നും പിന്‍വാങ്ങി. 20 വര്‍ഷത്തിനുശേഷം 2007ല്‍ തന്റെ സെനറ്റുകാല പരിചയം പരിഗണിച്ച് ബൈഡന്‍ വീണ്ടും പ്രസിഡന്റ് മത്സരത്തിന് തയ്യാറെടുത്തിരുന്നു. എന്നാല്‍ 'അയോവ കോക്കസില്‍' അദ്ദേഹത്തിന് ഒരു ശതമാനം മാത്രം വോട്ട് ലഭിച്ചതുകൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് 2008 ആഗസ്റ്റ് 22ന് പിന്‍വാങ്ങുകയും ചെയ്തു.

യുവാവായ ബൈഡന്‍ മുപ്പതു വയസില്‍ സെനറ്ററായത് ഭരണഘടന പ്രകാരം കുറഞ്ഞ പ്രായപരിധിയിലായിരുന്നു. അമേരിക്കയുടെ അഞ്ചാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായും  അറിയപ്പെട്ടിരുന്നു. പിന്നീട് തുടര്‍ച്ചയായി 1978 മുതല്‍ 2008 വരെ അമേരിക്കന്‍ സെനറ്ററായിരുന്നു. സെനറ്റില്‍ ഏറ്റവും സീനിയറായും അറിയപ്പെട്ടു. 1987 മുതല്‍ 1995 വരെ സെനറ്റ് ജുഡീഷ്യറി കമ്മറ്റിയുടെ ചെയര്‍മാനായിരുന്നു. 2001 മുതല്‍ 2003 വരെയും 2007 മുതല്‍ 2009 വരെയും ബൈഡന്‍ സെനറ്റ് വിദേശകാര്യ നയങ്ങളുടെ ചെയര്‍മാന്‍ എന്ന സ്ഥാനങ്ങളും വഹിച്ചിരുന്നു.1991ല്‍ ഗള്‍ഫ് യുദ്ധം ഉണ്ടായപ്പോള്‍ യുദ്ധത്തിനെതിരായി ബൈഡന്‍ വോട്ട് ചെയ്തു. എന്നാല്‍ 2002ലെ ഇറാക്ക് യുദ്ധത്തില്‍ ബൈഡന്‍ അനുകൂലമായും വോട്ട് ചെയ്തു. ട്രംപിന്‍റെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും നോര്‍ത്ത് കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗുമായുള്ള വിദേശബന്ധങ്ങളെയും ബൈഡന്‍ വിമര്‍ശിച്ചിരുന്നു. ഇവരുമായുള്ള സംഭാഷണം മൂലം ലോകത്തിന്റെ മുമ്പില്‍ അമേരിക്കയുടെ അഭിമാനം താണുപോയിയെന്ന് ബൈഡന്‍ വിചാരിക്കുന്നു.

2008ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാറാക്ക് ഒബാമ അദ്ദേഹത്തെ വൈസ്പ്രസിഡന്റായി മത്സരിക്കാന്‍ തിരഞ്ഞെടുത്തു. വിദേശ നയത്തില്‍ ഒബാമയുടെ പരിചയക്കുറവ് നികത്താന്‍ ബൈഡന്‍ ഒരു സഹായമായിരുന്നു. അതുപോലെ വെളുത്തവരുടെ വോട്ടുകള്‍ നേടുന്നതിലും ബൈഡന്റെ വൈസ് പ്രസിഡന്റ് പദവി സഹായിച്ചു.  2008ല്‍ വൈസ് പ്രസിഡണ്ടായും സെനറ്ററായും അദ്ദേഹം മത്സരിക്കുന്നുണ്ടായിരുന്നു. ബൈഡന്‍ വീണ്ടും സെനറ്ററായി തിരഞ്ഞെടുത്തുവെങ്കിലും ഒബാമ പ്രസിഡണ്ടായി വിജയിച്ച ശേഷം വൈസ് പ്രസിഡണ്ടെന്ന നിലയില്‍ അദ്ദേഹം സെനറ്റര്‍ എന്ന സ്ഥാനം രാജി വെക്കുകയാണുണ്ടായത്. ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രിയമുള്ളവനായും സത്യസന്ധനുമായ ഒരു വൈസ് പ്രസിഡന്റ് ബൈഡനെപ്പോലെ അമേരിക്കന്‍ ചരിത്രത്തില്‍ ആരുമില്ല. എട്ടു വര്‍ഷം ഒബാമയും ബൈഡനുമായി ഒരേ ടീമായി പ്രവര്‍ത്തിച്ചു. 2017 ജനുവരി പതിനൊന്നാം തിയതി വൈസ് പ്രസിഡന്റ് ബൈഡന് അമേരിക്കയുടെ ഏറ്റവും മഹാനായ ഭരണാധികാരിയെന്ന ബഹുമതിയും രാജ്യത്തിന്റെ പരമോന്നത പ്രസിഡന്റ് ഗോള്‍ഡ് മെഡലും പ്രസിഡന്റ് ഒബാമ നല്‍കി.

വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയില്‍ നിന്നും അഭിനന്ദനങ്ങള്‍ ബൈഡന് തുടര്‍ച്ചയായി ലഭിക്കുമായിരുന്നു. ഒബാമ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഗാഢമായി വിഷയം പഠിച്ചിട്ടു വേണമായിരുന്നു കൈകാര്യം ചെയ്യുവാന്‍. അദ്ദേഹം വാഷിംഗ്ടണില്‍ പുതിയതും  പരിചയക്കുറവുമുണ്ടായിരുന്ന പ്രസിഡണ്ടായിരുന്നു. ബൈഡന്റെ സെനറ്ററെന്ന നിലയിലുള്ള നിരവധി വര്‍ഷത്തെ പരിചയം പ്രസിഡണ്ടിന്റെ തീരുമാനങ്ങള്‍ക്കെല്ലാം സഹായമായിരുന്നു. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് ബൈഡന്‍ ആത്മാര്‍ത്ഥമായ ഉപദേശങ്ങള്‍ നല്‍കുമായിരുന്നു. എങ്കിലും പ്രസിഡന്റ് ആഗ്രഹിക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. അഫ്ഗാന്‍ പ്രശ്‌നത്തില്‍ പട്ടാളത്തെ പിന്‍വലിക്കുന്നത് രണ്ടുവര്‍ഷം കൊണ്ട് സാവധാനമായിരിക്കണമെന്ന ഒബാമയുടെ തീരുമാനം ബൈഡന്റെ ഉപദേശപ്രകാരമായിരുന്നു. ബൈഡന്‍, ഒബാമയുടെ വിശ്വാസം നേടിയെടുത്തതുകൊണ്ട് വിദേശ കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തെ ഏല്പിച്ചുകൊണ്ടിരുന്നു. 2012 ഒക്ടോബര്‍ പതിനൊന്നിലെ വൈസ് പ്രസിഡണ്ടായുള്ള തിരഞ്ഞെടുപ്പു ഡിബേറ്റില്‍ ബൈഡന്‍ അസാധാരണമായ വിജയമാണ് കാഴ്ചവെച്ചത്. ബൈഡനെക്കാളും വളരെ പ്രായം കുറഞ്ഞ വിസ്‌കോണ്‍സിലെ 'പോള്‍ റയാന്‍' ആയിരുന്നു പ്രതിഭാഗത്തുള്ള ഡിബേറ്റിലെ ബൈഡന്റെ എതിരാളി.

2012 ഡിസംബര്‍ പതിനാലാം തിയതി കണക്റ്റിക്കട്ടിലുള്ള സാന്‍ഡിഹൂക് എലിമെന്ററി സ്കൂളിലെ 'കൂട്ടക്കൊല'! രാഷ്ട്രത്തെ മുഴുവനായി ഞെട്ടിച്ചിരുന്നു. അതിനുശേഷം തോക്കുകള്‍ നിയന്ത്രിക്കണമെന്നുള്ള നിയമത്തിനായി പ്രസിഡന്റ് 'ഒബാമ' ബൈഡനെയാണ് നിയമിച്ചത്. എന്നിരുന്നാലും അനുകൂലമായ നിയമങ്ങള്‍ കോണ്‍ഗ്രസ് പാസ്സാക്കിയില്ല. അതിനായി, റിപ്പബ്ലിക്കന്‍ നേതാക്കന്മാരുമായി സംസാരിക്കാന്‍ ബൈഡന്‍ വളരെയധികം സമയം ചെലവഴിച്ചിരുന്നു. അങ്ങനെ, അദ്ദേഹത്തിന്‍റെ 36 വര്‍ഷത്തെ സത്യസന്ധമായ സെനറ്ററെന്ന നിലയിലുള്ള സേവനവും  വൈസ്പ്രസിഡണ്ടായുള്ള രാഷ്ട്രീയ  ജീവിതവും കോണ്‍ഗ്രസിലുള്ള എല്ലാവരും അംഗീകരിച്ചിരുന്നു.

പഠനത്തോടൊപ്പം സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്കണമെന്ന നിലപാടാണ് ബൈഡനുള്ളത്. സ്കൂളുകളില്‍ നിര്‍ബന്ധിത പ്രാത്ഥന ഒഴിവാക്കി സ്വമനസാലെയുള്ള പ്രാര്‍ത്ഥനകള്‍ അദ്ദേഹം അംഗീകരിക്കുന്നു. പബ്ലിക്ക് സ്കൂള്‍ സിസ്റ്റത്തില്‍ ഒരു അദ്ധ്യാപകന്റെ കീഴില്‍ ചെറിയ 'ക്ലാസ് റൂം' വേണമെന്നും അഭിപ്രായപ്പെടുന്നു. അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഇന്നുള്ളതിനേക്കാളും വെട്ടിക്കുറക്കണം. ഇന്ന് സ്കൂളുകളില്‍ ധാരാളം അദ്ധ്യാപകര്‍ വിരമിക്കുന്നുണ്ട്. നല്ല അദ്ധ്യാപകരെ ഭാവിയില്‍ ലഭിക്കാന്‍ ചിന്താശക്തിയും വിവേകവുമുള്ള, പഠിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. കമ്മ്യൂണിറ്റി കോളേജുകളില്‍ പൂര്‍ണ്ണമായും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു. ഓരോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയും സൗജന്യമായിരിക്കണമെന്നും പോരായ്മ നികത്താനുള്ള ചെലവുകള്‍ ഫെഡറിലിന് വഹിക്കാന്‍ സാധിക്കുമെന്നും ബൈഡന്‍ കരുതുന്നു. ടെക്ക്‌നിക്കലായാലും അക്കാദമിക്കായാലും വിദ്യാഭ്യാസമുള്ള തൊഴില്‍ സമൂഹമാണ് രാഷ്ട്രത്തിനു വേണ്ടതെന്ന് ബൈഡന്‍ ചിന്തിക്കുന്നു.

ബൈഡന്‍ വിഭാവന ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക പരിഷ്ക്കാരം ആരോഗ്യ സംരക്ഷണ മേഖലകള്‍ (ഹെല്‍ത്ത് കവറേജ്) വികസിപ്പിക്കുകയെന്നതായിരിക്കും. പ്രസിഡന്റ് ഒബാമയുടെ 2010 ലെ 'അഫോര്‍ഡബിള്‍ ഹെല്‍ത്ത് കവറേജി'നെക്കാള്‍ ബൈഡന്റെ 'പ്ലാന്‍' മെച്ചമായിരിക്കുമെന്നും അദ്ദേഹം വിചാരിക്കുന്നു. അതിനായി ഫണ്ടും ആവശ്യമാണ്. ധനികരില്‍നിന്ന് കൂടുതല്‍ നികുതി ചുമത്താനാണ്  ആലോചിക്കുന്നത്. വരുമാനമനുസരിച്ച് സോഷ്യല്‍ സെക്യൂരിറ്റി ടാക്‌സ് വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. നിക്ഷേപങ്ങള്‍ക്കുള്ള നികുതി കൂട്ടാനുള്ള പദ്ധതികളൂം ആലോചിക്കുന്നു. ഭാര്യയും ഭര്‍ത്താവും ജോലിചെയ്യുമ്പോള്‍ പ്രത്യേകമായ നികുതിയിളവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ സാമ്പത്തികത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രായോഗിക പരിശീലനം നല്‍കുകയും തൊഴിലുകള്‍ കണ്ടെത്തുകയും വേണമെന്നുള്ളതും ബൈഡന്റെ പദ്ധതികളില്‍പ്പെടുന്നു. നീതിപൂര്‍വമായ ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കണം. ജോലി പരിചയമില്ലാത്തവര്‍ക്കും മാന്യമായ ശമ്പളം നല്‍കണം. വൈദഗ്ദ്ധ്യമാവശ്യമില്ലാത്ത ഫാസ്റ്റ് ഫുഡില്‍ ജോലിചെയ്യുന്നവര്‍ക്കും ന്യായമായ വേതനം ബൈഡന്‍ നിര്‍ദേശിക്കുന്നു.

രാഷ്ട്രത്തിന്റെ ആന്തരീക ഘടനയ്ക്ക് സമൂലമായ മാറ്റമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. റോഡുകള്‍, ഹൈവേയ്കള്‍, പബ്ലിക്ക് യാത്രാ സൗകര്യങ്ങള്‍ മുതലായവകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കേണ്ടതും സാമ്പത്തിക പുരോഗതിക്ക് ആവശ്യമെന്ന് ബൈഡന്‍ കരുതുന്നു. ബിസിനസുകളുടെയും കോര്‍പറേറ്റുകളുടെയും നാലില്‍ മൂന്നു മുടക്കുമുതലും മൂന്നോ നാലോ സ്‌റ്റേറ്റുകളില്‍ മാത്രം ഒതുങ്ങിയിരിക്കുന്നുവെന്നും വ്യവസായങ്ങള്‍ എല്ലാ സ്‌റ്റേറ്റുകളിലും ഒരുപോലെ വികസിപ്പിക്കണമെന്നും ബൈഡന്‍ നിര്‍ദ്ദേശിക്കുന്നു. ബാങ്കിങ് വ്യവസായം വര്‍ധിപ്പിക്കാന്‍ ബൈഡന്‍ സകല പിന്തുണകളും നല്‍കുന്നു. ചൈന അമേരിക്കയോട് വ്യവസായ യുദ്ധത്തിന് ഒരിക്കലും വരില്ലെന്നുള്ള ചിന്തകളായിരുന്നു ബൈഡനുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. ചുരുങ്ങിയ സമയം കൊണ്ട് ചൈന 500 ബില്യണ്‍ ഡോളര്‍ ഒബാമ ഭരണകാലത്ത് നേടി.

മയക്കുമരുന്നുകളോട് പോരാടുന്ന നല്ല യോദ്ധാവായും ബൈഡനെ അറിയപ്പെടുന്നു. മയക്കുമരുന്നുകളെയും ലോബികളെയും നിയന്ത്രിക്കാനായി ശക്തമായ നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. 1980കളില്‍ മയക്കുമരുന്നുകള്‍ വ്യാപിച്ചതോടെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും വ്യാപകമായി അതിനെതിരായ ശക്തിയായുള്ള നിലപാടുകള്‍ സ്വീകരിക്കാനാരംഭിച്ചിരുന്നു. ബൈഡന്‍ അന്ന് സെനറ്റ് ജുഡിഷ്യര്‍ കമ്മറ്റിയുടെ തലവനായിരുന്നു. കുറ്റവാളികളെ ശിക്ഷിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. 1988ല്‍ 'ആന്റി ഡ്രഗ് അബ്യുസിവ് ആക്ട്' പാസാക്കി. സ്കൂളിന്റെ സമീപത്തു മയക്കുമരുന്നുകള്‍ വില്ക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കാനുള്ള നിയമങ്ങളെയും ബൈഡന്‍ അനുകൂലിച്ചിരുന്നു. 1974ല്‍  മെഡിക്കല്‍ ഉപയോഗങ്ങള്‍ക്കായി ‘മര്‍വാണ’ നിയമ വിധേയമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വന്നപ്പോള്‍ യുവാവായ ബൈഡന്‍ അത് എതിര്‍ത്തിരുന്നു. എന്നാല്‍ 2014ല്‍ ഒബാമ ഭരണകൂടം 'മര്‍വാണ' മറ്റു ലഹരി പദാര്‍ത്ഥങ്ങളെപ്പോലെ അപകടകാരിയല്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ ബൈഡന്‍ അത് പിന്താങ്ങുകയാണുണ്ടായത്.

വൈസ് പ്രസിഡന്റ് ഓഫീസില്‍ നിന്നും വിരമിച്ചയുടന്‍ 'ബൈഡന്‍ ഫൌണ്ടേഷന്‍' എന്ന പേരില്‍ ഒരു ആതുര സ്ഥാപനം ജോ ബൈഡനും ജില്‍ ബൈഡനും ആരംഭിച്ചു. കാന്‍സറിനെതിരായി പോരാടുക, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കുക, മിലിട്ടറി കുടുംബങ്ങള്‍ക്ക് സഹായം നല്കുകുകയെന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍! ഈ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളാണ്. അദ്ദേഹത്തിന്‍റെ 46 വയസുള്ള മകന്‍ കാന്‍സര്‍ മൂലം മരണമടഞ്ഞു. ഡെലവായിറില്‍ അറ്റോര്‍ണി ജനറല്‍ ആയിരുന്ന മകന്റെ സ്മരണയ്ക്കായി ഒബാമ അന്ന് വികാരാദ്രമായ ഒരു പ്രസംഗം ചെയ്തിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരമായിരം അനുശോചന സന്ദേശങ്ങള്‍ വൈറ്റ് ഹൌസ് വൈസ് പ്രസിഡണ്ടിന്റെ ഓഫിസില്‍ ലഭിച്ചുകൊണ്ടിരുന്നു.

1986ല്‍ ആദ്യമായി പരിസ്ഥിതി മാറ്റങ്ങളെ സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത് ബൈഡനായിരുന്നു. റൊണാള്‍ഡ് റീഗന്റെ കാലത്ത് ബില്‍ പാസാക്കുകയും ചെയ്തു. യുണൈറ്റഡ് നാഷന്റെ പരിസ്ഥിതി സംരക്ഷണത്തെ പിന്താങ്ങാന്‍ സെനറ്റില്‍ അദ്ദേഹം ബില്ല് കൊണ്ടുവന്നു. അതുപോലെ അന്തരീക്ഷ താപനിലയെ നിയന്ത്രിക്കുന്ന കാര്യത്തിലും ബില്ല് കൊണ്ടുവന്നപ്പോള്‍ സെനറ്റ് വോട്ടിട്ട് പാസ്സാക്കുകയും ചെയ്തു. മൂന്നാം ലോകത്തില്‍ അന്തരീക്ഷ മലിനീകരണം ശുദ്ധീകരിക്കുന്ന ബില്ലിലും ബൈഡന്‍ പിന്താങ്ങി. ബ്രസീല്‍, ഇന്ത്യ, ചൈന, മെക്‌സിക്കോ മുതലായ രാജ്യങ്ങളും ഈ ഉടമ്പടിയിലുണ്ട്.  പ്രസിഡണ്ടായാല്‍ പരിസ്ഥിതി സംബന്ധിച്ച് റദ്ദാക്കിയിരിക്കുന്ന പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തീരദേശങ്ങള്‍ മുതല്‍ കുന്നുകള്‍, മലകള്‍, വനംപ്രദേശങ്ങള്‍, ഗ്രാമീണ, പട്ടണങ്ങള്‍ വരെ കാലാവസ്ഥ വ്യതിയാനം ഇന്ന് അപകടകരമായിക്കൊണ്ടിരിക്കുന്നു. അത് നമ്മുടെ പരിസ്ഥിതി മാത്രമല്ല ആരോഗ്യത്തെയും ബാധിക്കുന്നു. സാമ്പത്തിക ക്ഷേമപരിപാടികള്‍ക്കും വികസന പദ്ധതികള്‍ക്കും തടസമാകുന്നു. കാറ്റും കൊടുങ്കാറ്റും ഉണ്ടായി നാശനഷ്ടങ്ങളും സംഭവിക്കുന്നു. വീടുകള്‍, സ്കൂളുകള്‍ മൊത്തം തകരുന്നതോടൊപ്പം ജീവജാലങ്ങള്‍ക്കും നാശം സംഭവിക്കുന്നു. ദേശീയ സുരക്ഷിതത്വത്തിനു  ഭീഷണിയായി മാറുകയും ചെയ്യും. പട്ടാളത്തിന്റെ അടിയന്തിര സഹായങ്ങളും ആവശ്യമായി വരുന്നു. വഷളായ പ്രദേശങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതകളേറുന്നു. ഈ വെല്ലുവിളികളെ നേരിടാന്‍ ലോകരാജ്യങ്ങളോടൊപ്പം അമേരിക്കയുടെ പൂര്‍ണ്ണമായ പങ്കാളിത്വം ആവശ്യമെന്നും ബൈഡന്‍ ചിന്തിക്കുന്നു.

2016ല്‍ ഒബാമയുടെ രണ്ടാം മുഴം പ്രസിഡന്റ് പദവി അവസാനിക്കുന്ന കാലത്ത് ബൈഡനും മത്സര രംഗത്ത് ഉണ്ടാകുമെന്ന് കരുതി. കാത്തിരുന്നാല്‍, 2020 ആകുമ്പോള്‍ പ്രായം അതിക്രമിച്ച് പ്രസിഡണ്ടാകാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുമായിരുന്നു. അദ്ദേഹത്തിന് അന്ന് 74 വയസ് പ്രായമുണ്ടായിരുന്നു. എന്നാല്‍, ഒബാമയുടെ നയതന്ത്രം മൂലം അദ്ദേഹത്തെ പ്രസിഡന്റ് മത്സരത്തില്‍നിന്നും പിന്‍വലിപ്പിച്ചു. കാരണം, അത് ഡെമോക്രാറ്റിക്ക് പാര്‍ട്ടി വിഭജിക്കാന്‍ കാരണമാവുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതുമൂലം നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുമായിരുന്നു. ബൈഡന്‍, 'ഹിലരി ക്ലിന്റണെ' നേരിടാന്‍ അശക്തനാണെന്നും ഒബാമ മനസിലാക്കിയിരുന്നു. അതുകൊണ്ട് ബൈഡന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്മാറി. പകരം വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പിന്നീടുള്ള മാസങ്ങളില്‍ രാജ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാനും കാന്‍സറിനെതിരെ പോരാടാനും ഉപദേശിച്ചു.  അക്കാര്യത്തില്‍, ഒബാമ ബൈഡന് കാന്‍സര്‍ സംബന്ധിച്ച പരിപൂര്‍ണ്ണമായ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു.

2011ല്‍ പിറ്റസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഒരു വിദ്യാര്‍ത്ഥി 'മതവിശ്വസം ഒരു ഭരണകൂടത്തിന്റെ ആശയങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നു' ബൈഡനോടു ചോദിച്ചു. 'ഞാന്‍ വോട്ടു ചോദിക്കുന്നതും ഡിബേറ്റ് ചെയ്യുന്നതും മതത്തിന്റെ അടിസ്ഥാനവിശ്വസങ്ങളിലല്ല' എന്ന് അദ്ദേഹം മറുപടി കൊടുത്തു. 'മതമെന്ന രീതിയില്‍ രാഷ്ട്രസേവനത്തിന് ഇറങ്ങുന്നതും' ലജ്ജാകരമെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ മതം അംഗീകരിക്കാത്ത 'സ്വവര്‍ഗ വിവാഹ'ത്തെ ബൈഡന്‍ അനുകൂലിക്കുന്നു. സ്വവര്‍ഗ രതിക്കാര്‍ക്ക് വിവാഹം, കുടുംബജീവിതം നയിക്കാമെന്നുള്ള നിയമം പ്രാബല്യത്തില്‍ വന്നത് ബൈഡന്റെ സ്വാധീനമായിരുന്നു. ഒബാമ ബൈഡന്റെ തീരുമാനത്തെ പിന്താങ്ങുകയും ചെയ്തു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായും ബൈഡന്‍ പൊരുതുന്നു. 1994ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഒരു 'ബില്ല്' തയ്യാറാക്കിയിരുന്നു. 1.6 ബില്യണ്‍ ഡോളര്‍ 'ഫണ്ട്' സ്ത്രീകളുടെ സുരക്ഷതത്തിനായി മാറ്റി വെക്കുകയും ചെയ്തു. 'സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയാനുള്ള ഈ നിയമം തന്റെ 35 വര്‍ഷത്തെ ഔദ്യോഗിക കാല ജീവിതത്തിനുള്ളിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലെന്ന്' ബൈഡന്‍ പറഞ്ഞു. ബലാത്സംഗം കൊണ്ടും ഗാര്‍ഹിക പീഡനങ്ങള്‍ കൊണ്ടും ബലിയാടാകുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആശ്വാസം  നല്‍കുന്ന ചരിത്രപരമായ ഒരു മുഹൂര്‍ത്തം കൂടിയെന്നും ബില്ലിനെ ബൈഡന്‍ വിശേഷിപ്പിച്ചു. സ്ത്രീകളുടെ ജീവന്‍ പലപ്പോഴും അപകടത്തിലാണ്. 1994ല്‍ ഈ നിയമം പാസായ ശേഷം വീട്ടു കലഹങ്ങള്‍ 50 ശതമാനം കുറഞ്ഞതായി റിക്കോര്‍ഡുകള്‍ പറയുന്നു.

ഹൈഡ് അമെന്‍ഡ്‌മെന്റ് (Hyde Amendment)  1993ല്‍ പാസ്സാക്കി. അതില്‍ ഗര്‍ഭഛിദ്രത്തിന് ഫെഡറല്‍ പണം ഉപയോഗിക്കാന്‍ പാടില്ലായെന്ന വ്യവസ്ഥയുണ്ടായിരുന്നു. ബലാത്സംഗമൂലമോ, ഗര്‍ഭിണിയുടെ ജീവനു ഭീക്ഷണി വന്നാലോ, അപ്പന്‍, സഹോദരങ്ങള്‍പോലെ അടുത്ത ബന്ധുജനങ്ങളില്‍ നിന്നുമുള്ള ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നാലോ ഫെഡറല്‍ ഫണ്ട് നല്‍കാനുള്ള നിയമം പ്രസിഡന്റ് ക്ലിന്റന്റെ കാലത്ത് നിലവില്‍ വന്നു. അതില്‍ ബൈഡന്റെ പിന്തുണയുമുണ്ടായിരുന്നു. കാലം കഴിഞ്ഞപ്പോള്‍ ബൈഡന്റെ ഗര്‍ഭഛിദ്രം സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ക്കും മാറ്റങ്ങള്‍ വന്നു. ഒരു കത്തോലിക്കനെന്ന നിലയില്‍ ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കാനും ആരംഭിച്ചു. 1980ല്‍ അതിനായി ഭരണഘടന മാറ്റാനും സ്‌റ്റേറ്റുകള്‍ക്കുള്ള (Roe v. Wade) നിയമങ്ങള്‍ റദ്ദാക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ 2007 മുതല്‍ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്ക് വീണ്ടും മാറ്റം വരുകയും സാമൂഹിക വ്യവസ്ഥിതിയില്‍ മതത്തിന്റെയും പൊതു സമൂഹത്തിന്റെ അഭിപ്രായ ഐക്യം സ്വരൂപിക്കണമെന്നും  പറഞ്ഞു. അതിനായി സമഗ്രമായ ചര്‍ച്ചകളും വാഗ്ദാനം ചെയ്യുന്നു.

എന്തുതന്നെയാണെങ്കിലും ബൈഡന്റെ ഹൈഡ് നിയമങ്ങളില്‍ നിന്നുള്ള വ്യതിയാനം ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ നയപരിപാടികളുടെ മാറ്റമായും കണക്കാക്കണം. 'നികുതി കൊടുക്കുന്നവരുടെ പണം ഗര്‍ഭഛിദ്രത്തിന് അനുവദിക്കരുതെന്ന്' ഹൈഡ് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ എതിര്‍ക്കുന്നവര്‍ പറയുന്നു, ഈ നിയന്ത്രണം മൂലം ഗര്‍ഭഛിദ്രത്തിന് മെഡിക്കെയിഡില്‍  കഴിയുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. സാധുക്കളായവര്‍ക്ക് ഈ തുക താങ്ങാന്‍ സാധിക്കാതെ വരുന്നു. നിയമം മാറ്റണമെന്ന് ശക്തമായ പൊതുവികാരം, ഉണ്ടെങ്കിലും ഡെമോക്രറ്റുകളിലെ സ്ഥാനാര്‍ത്ഥികളൊന്നും ഈ വിഷയത്തെപ്പറ്റി കാര്യമായി സംസാരിക്കുന്നില്ല. എന്നാല്‍ ഗര്‍ഭഛിദ്രം  നിയമത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാതെ സാധാരണക്കാര്‍ക്കും ചെലവുകള്‍ വഹിക്കാന്‍ പ്രാപ്തി നല്‍കുന്ന വിധമായിരിക്കണമെന്ന അഭിപ്രായങ്ങളുണ്ട്.

തെക്കുള്ള അതിര്‍ത്തിയില്‍ കുടുംബങ്ങളെ ഭിന്നിപ്പിക്കല്‍, ഭാര്യയും ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വേര്‍തിരിച്ചുള്ള ഡീപോര്‍ട്ടേഷന്‍ എന്നിവകള്‍ ബൈഡന്‍ അവസാനിപ്പിക്കുമെന്ന് പറയുന്നു. 2019ജനുവരിയില്‍ ബൈഡന്‍ പറഞ്ഞു, "നമുക്ക് അതിര്‍ത്തിയില്‍ സുരക്ഷിതത്വം വേണം. ട്രംപിന്റെ പദ്ധതികളനുസരിച്ചുള്ള മതിലുകളല്ല വേണ്ടത്. ഡോക്യുമെന്റുകള്‍ ഇല്ലാതെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് താല്‍ക്കാലികമായി താമസിക്കാനുള്ള നിയമസാധുത നല്‍കിയപ്പോള്‍ ബൈഡന്‍ അന്ന് വൈസ് പ്രസിഡണ്ടായിരുന്നു. 2006ല്‍ യു,എസ്, മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിനുള്ള ഒരു നിയമം സെനറ്റില്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം അനുകൂലമായി വോട്ട് ചെയ്തു. 2007ല്‍ ഡോകുമെന്റ് ഇല്ലാത്തവര്‍ക്ക് െ്രെഡവിങ് ലൈസന്‍സ് നിരസിക്കാനുള്ള നിയമവും ബൈഡന്റെ തീരുമാനമായിരുന്നു. നിയമപരമല്ലാത്തവരെ തിരിയെ ഡീപോര്‍ട്ടു ചെയ്യുന്ന ഒബാമയുടെ പദ്ധതികള്‍ക്ക് ബൈഡന്‍  പിന്തുണ നല്‍കിയിരുന്നു.

ബൈഡന്‍ പറയുന്നു, "ഒരുവന്റെ ജീവിത മാനദണ്ഡം അളക്കുന്നത്, അയാള്‍ എത്രപ്രാവിശ്യം പരാജയപ്പെട്ടു നിലം പതിച്ചുവെന്നുള്ളതിലല്ലെന്നും അയാള്‍ സങ്കീര്‍ണ്ണതയില്‍നിന്ന് ജീവിതായോധനത്തില്‍ക്കൂടി എത്രയും വേഗത്തില്‍ കര്‍മ്മോന്മുഖനാവുന്നതിലാണെന്നും എന്റെ അച്ഛന്‍  എന്നെ പഠിപ്പിച്ചിരുന്നു." ദുഃഖകരമായ സംഭവവികാസങ്ങളില്‍ക്കൂടിയുള്ള നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ബൈഡന്‍ എന്നും തന്റെ അച്ഛന്റെ  ഉപദേശത്തില്‍ ഉറച്ചുനിന്നിരുന്നു. നിരവധി ശോചനീ സംഭവങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലുടനീളം സംഭവിച്ചുകൊണ്ടിരുന്നു. എങ്കിലും തന്റെ രാഷ്ട്രീയ സ്വപ്നം എന്നും ഒരു വെല്ലുവിളിയായി കണ്ടിരുന്നു. നോക്കൂ, ഒരിക്കല്‍ 'സക്‌റാന്റനില്‍' നിന്നുള്ള ഈ പയ്യന്‍ മഹത്തായ അമേരിക്കയുടെ ബഹുമാനിതനായ സെനറ്ററായി. പിന്നീട് വൈസ് പ്രസിഡണ്ടായി. ഇപ്പോളിതാ 2020ല്‍ ശക്തനായ പ്രസിഡന്റ് ട്രംപിന്റെ എതിരാളി! ബൈഡനുമായുള്ള അങ്കം വെട്ടിനായി ട്രംപും തയ്യാറാകുന്നു.

ജോ ബൈഡന്റെ രാഷ്ട്രീയ തേരോട്ടങ്ങളും ഭരണ രൂപരേഖകളും (ജോസഫ്  പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക