95 തികഞ്ഞ നമ്പൂതിരി: നര ബാധിക്കാത്ത വര (വിജയ് സി. എച്ച് )

വിജയ് സി. എച്ച് Published on 21 September, 2019
95 തികഞ്ഞ നമ്പൂതിരി: നര ബാധിക്കാത്ത വര (വിജയ് സി. എച്ച്  )
ഒരു വര അവസാനംവരെ അതു കണ്ട ആളുടെ സ്മരണയിലുണ്ടെങ്കില്‍ അത് ആ വര വരച്ചയാള്‍ക്ക് ലഭിക്കുന്ന ലക്ഷണമൊത്തൊരു വരദക്ഷിണ! ആ വരയെ ജീവന്‍ തുടിക്കുന്നതെന്നും, കവിതയുറങ്ങുന്നതെന്നും മറ്റും വഴിവിട്ടു വാഴ്ത്താതെ, 'നമ്പൂതിരിയുടെ വര' എന്നു വിളിക്കു ന്നത് മഹത്തരമായൊരു വരദാനവും!

അദ്ദേഹം ഒന്നും പകര്‍ത്തുന്നില്ല. അതിനാല്‍ ഒത്തുനോക്കലും സാമ്യചിന്തയും ഇവിടെ ജലരേഖകള്‍. നമ്പൂതിരിയുടേത് സമാനതകളില്ലാത്ത, സാര്‍വ്വകാലീനമായ സുവര്‍ണ്ണരേഖകളാണ്  ഈ രേഖകള്‍ക്ക് പൂര്‍വമാതൃകകള്‍ ഇല്ല!

പികാസ്സൊയെയും, വാന്‍ ഗോഗിനേയും, ക്ലാഡ് മോണറ്റിനേയും, ഡാ വിന്‍ചിയേയും, മൈക്കേല്‍ ആഞ്ജലോയേയും, രാജാ രവി വര്‍മ്മയേയും, ടാഗോറിനേയും നമ്പൂതിരി ആരാധനയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍, ഇവരാരുംതന്നെ നമ്പൂതിരിയുടെ രചനകളെ സ്വാധീനിച്ചിട്ടില്ലായെന്നതാണ് അദ്ദേഹത്തെ ഒരു വേറിട്ട കലാകാരനാക്കുന്നത്, രേഖാചിത്രങ്ങളുടെ രാജാവാക്കുന്നത്! 'നമ്പൂതിരിയുടെ ചിത്രങ്ങള്‍', 'നമ്പൂതിരിയുടെ പെണ്ണുങ്ങള്‍', 'നമ്പൂതിരിയുടെ ആണുങ്ങള്‍' മുതലായ പ്രശസ്ത പ്രയോഗങ്ങളുടേയും ഉത്ഭവം ഈ സ്വത്വത്തില്‍നിന്നാണ്.

നമ്പൂതിരിയുടെ ചിത്രങ്ങളും, പെണ്ണുങ്ങളും, ആണുങ്ങളും, കഥകളി നര്‍ത്തകരും, നഗരങ്ങളും, കോപ്പര്‍ റിലീഫുകളും, ബിനാലെ പോര്‍െ്രെടറ്റുകളും മാത്രമല്ല, അദ്ദേഹം ഒരു കൊച്ചു വര വരച്ചാല്‍പോലും അതിന്റെ ചേലൊന്നു വേറെതന്നെയാണ്! പാശ്ചാത്യരാജ്യങ്ങളിലെ വിശ്രുതരായ ഇലസ്‌ട്രേറ്റേഴ്‌സ്, ഫെലിക്‌സ് ടോപോള്‍സ്‌കിയേയും, ജേംസ് തര്‍ബറിനേയും, ബെന്‍ ഷാനേയുമൊന്നും മറക്കാതെതന്നെ ഒന്നു പറയട്ടെ, ഇതൊക്കെ നമ്മുടെ നമ്പൂതിരിക്കുമാത്രം പറഞ്ഞിട്ടുള്ളതാ!

സംവിധായകന്‍ ജി. അരവിന്ദനേയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയേയും കണ്ടാല്‍, വരക്കാനറിയുന്നവരൊക്കെ അവരെ വരക്കുകയും, കേമറ കയ്യിലുള്ളവരൊക്കെ അവരുടെ ഫോട്ടൊ എടുക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇടതൂര്‍ന്നു തഴച്ചുവളര്‍ന്ന വെള്ളിത്താടിയും മുടിയും ഉള്ള ഇവരെ കാണാന്‍ അത്രകണ്ട് അഴകായിരുന്നു! ആയിടക്ക്, എന്റെ അനിയന്‍ കുട്ടന്‍, നമ്പൂതിരിയെ വരച്ചത് ഒരല്‍പ്പം 'ഹിറ്റ്' ആയി. നമ്പൂതിരി അത് ചില പ്രശസ്തര്‍ക്ക് 'എന്നെ എന്റെ നാട്ടുകാരന്‍ വരച്ചത്' എന്നു പറഞ്ഞു കാണിച്ചുകൊടുത്തിട്ട് കാലം കുറെ കഴിഞ്ഞെങ്കിലും, ഏറെ കൃതാര്‍ത്ഥതയോടെയാണ് അനിയന്‍ ആ കാര്യം ഇപ്പോഴുമോര്‍ക്കുന്നത്! വരയുടെ ഒരു തുടക്കക്കാരനല്ലെ വരയുടെ തമ്പുരാനെ വരച്ചത്! ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും അന്നു വലിയ ആര്‍ട്ടിസ്‌റ്റൊന്നുമല്ലാതിരുന്ന അനിയന്റെ ഈ ആര്‍ട്ട് ഇന്നുമോര്‍ക്കുന്നു!

'ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന് വേണ്ട, എന്നെ നമ്പൂതിരി എന്ന് വിളിച്ചാല്‍മതി,' അദ്ദേഹം എന്നെ തിരുത്തി.

'ആര്‍ട്ടിസ്റ്റ് നമ്പൂതിരി' എന്ന പേരില്‍ തന്നെയാണല്ലൊ അദ്ദേഹം അറിയപ്പെടുന്നത്. പിന്നെ 'ആര്‍ട്ടിസ്റ്റ്‌ന്' എന്തിനാണീ വിലക്ക് എന്നറിയാതെ ഞാന്‍ നമ്പൂതിരിയുടെ മുഖത്തേക്ക് അല്‍പനേരം നോക്കിയിരുന്നു. അദ്ദേഹം എന്നെ തിരിച്ചുനോക്കിയെന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

സ്വതസിദ്ധമായ 'ജേണലിസ്റ്റിക് അഭിനിവേശ'മൊക്കെ കരിവാട്ടുമനയിലെ സര്‍വ്വാദരണീയനായ വാസുദേവന്‍ നമ്പൂതിരി അവര്‍കളോട് കാണിക്കാന്‍ എനിക്കു കഴിയുമോ? നവതിയുടെ നിറവിലിരിക്കുന്ന ഈ ലോകോത്തര ചിത്രകാരന്‍, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനെന്ന് ജ്ഞാനപീഠ ജേതാവ് ശ്രീ. എം. ടി വാസുദേവന്‍ നായര്‍ വിശേഷിപ്പിച്ചയാള്‍! പരേതനായ എന്റെ പിതാവിന്റെ അടുത്ത സുഹൃത്ത്.

പേരിന്റെകൂടെ ആര്‍ട്ടിസ്റ്റ് എന്നൊരു പദവി വേണ്ടെന്ന് അദ്ദേഹം പറയാനുള്ള കാരണം, ഒരുപക്ഷെ, ജോബ് ടൈറ്റില്‍ കൊണ്ടല്ല, മറിച്ച് തന്റെ സര്‍ഗസൃഷ്ടിയാലാണ് ഒരു കലാകാരന്‍ അറിയപ്പെടേണ്ടതെന്ന നൈതിക ചിന്ത കൊണ്ടായിരിക്കാം! ശരിയല്ലേ? ആര്‍ട്ടിസ്റ്റ് പികാസ്സൊയെന്നോ, ആര്‍ട്ടിസ്റ്റ് രവി വര്‍മ്മയെന്നോ നാം പറയാറുണ്ടോ?

മലയാള സാഹിത്യത്തിന് ദൃശ്യസംസ്‌കൃതിയുടെ പുതിയ മാനംനല്‍കിയ പിതാമഹനോടു നേരിട്ടുചോദിച്ചറിയാന്‍, ഏറെ കാലങ്ങളായി ഉള്ളില്‍ സ്വരൂപിച്ചുവെച്ച കുറെ കാര്യങ്ങളുണ്ടായിരുന്നു:

വരയില്‍ പത്തെണ്‍പത് വര്‍ഷം പിന്നിട്ട നമ്പൂതിരി സാറിന്റെ കുട്ടിക്കാലമൊക്കെ...

ട്രെഡീഷനല്‍ വിദ്യാഭ്യാസമാണ് ചെയ്തത്. സംസ്‌കൃത പഠനം. വരിക്കാശ്ശേരി മനയില്‍ വെച്ചായിരുന്നു (അടുത്തകാലത്ത് മലയാള സിനിമയുടെ തറവാട് എന്ന് അറിയപ്പെടുന്ന, ഒറ്റപ്പാലത്തെ പ്രാചീനമായ ഇല്ലം. ആറാം തമ്പുരാനും, ദേവാസുരവുമടക്കം നൂറില്‍പരം പടങ്ങളുടെ ലൊക്കേഷന്‍). അച്ഛന്‍ (പരമേശ്വരന്‍ നമ്പൂതിരി) ഒരുപാട് അപൂര്‍വ്വങ്ങളായ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇവയെല്ലാം വായിച്ചാണ് ലോകപരിജ്ഞാനം നേടുന്നത്. വിശ്വോത്തര ചിത്രകാരന്മാരെക്കുറിച്ചൊക്കെ അങ്ങിനെയാണറിഞ്ഞത്.

പൊന്നാനിയിലെ ബാല്യം എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

ഉണ്ട്! കലാസാഹിത്യ പ്രവത്തനങ്ങളാല്‍ പ്രകമ്പനം കൊള്ളുന്നതായിരുന്നു അന്ന് പൊന്നാനി. സര്‍ഗസമ്പന്നമായ ഒരു അന്തരീക്ഷം. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, ഉറൂബ്, കടവനാട് കുട്ടികൃഷ്ണന്‍, അക്കിത്തം മുതലായവരുമായുള്ള അടുത്ത ബന്ധം നല്ലൊരു സാഹിത്യസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.

പിന്നീടിത് ജോലിപരമായി വളരെ ഉപകരിക്കുകയും ചെയ്തു. എഴുത്തുകാരുദ്ദേശിക്കുന്ന രീതിയില്‍ അവരുടെ കഥാപാത്രങ്ങളെ ഉള്‍കൊള്ളാനും അത് പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇലസ്‌ട്രേറ്റു ചെയ്യാനും. തകഴി, കേശവദേവ്, പൊറ്റെക്കാട്, ഇടശ്ശേരി, ഉറൂബ്, വി.കെ.എന്‍, എംടി മുതലായവരുടെ കൃതികള്‍ ദിനപത്രങ്ങളിലും, വാരികകളിലുമെല്ലാം അച്ചടിച്ചുവന്നിരുന്നത് എന്റെ രേഖാചിത്രങ്ങളോടുകൂടിയായിരുന്നല്ലൊ.

വരയില്‍ ആകൃഷ്ടനായത് എങ്ങിനെയാണ്?

 ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ (പൊന്നാനിക്കടുത്തുള്ള എടപ്പാളിലെ പുരാതനക്ഷേത്രം) കൊത്തിവെച്ചിട്ടുള്ള ശില്‍പങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. വിശിഷ്ട ശില്‍പങ്ങളുടെ സമുദ്രമാണാക്ഷേത്രം. അതിലൊന്ന് ഉണ്ടാക്കാന്‍ ഒരായുസ്സ് മുഴുവന്‍ എടുത്താലും നമുക്ക് കഴിയില്ല. സ്വന്തം പേരുപോലും എഴുതാതെയാണ് ആ ശില്‍പികള്‍ മണ്മറഞ്ഞത്! അങ്ങിനെ ചിത്രകല ഒരു വൈകാരിക അനുഭൂതിയായി തോന്നാന്‍ തുടങ്ങി.

വരയുടെ തുടക്കം സാര്‍ ഓര്‍ക്കുന്നുണ്ടോ?

ചുമരിലും മണലിലുമൊക്കെയായിരുന്നു. കരുവാട്ടില്ലത്തെ ചുമരുകളില്‍ കരിക്കട്ടകൊണ്ട് തോന്നിയതൊക്കെ കുത്തിവരച്ചു. പിന്നീട്, കെ.സി.എസ്. പണിക്കരുടെ (നൂതന ഭാരതീയ ചിത്രകലയുടെ ഉപജ്ഞാതാവ്) ശിഷ്യനായി കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് ചിത്രരചനയുടെ ശരിയായ ഉള്‍ക്കാഴ്ച്ച ലഭിച്ചത്. മദ്രാസിലെ ഫൈന്‍ ആര്‍ട്‌സ് കാളേജില്‍ പഠിക്കുന്ന കാലത്ത്, ദേബി പ്രസാദ് റോയ് ചൗധരി, എസ്. ധനപാല്‍ (ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാര്‍) മുതലായവരില്‍നിന്നൊക്കെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും കിട്ടി. ഇവരെയൊക്കെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവാകുന്നത്.

ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫൈന്‍ ആര്‍ട്‌സ് കോളേജ് അല്ലേ മദ്രാസ്സിലുള്ളത്. നാലുവര്‍ഷത്തെ ഫൈന്‍ ആര്‍ട്‌സ് കോഴ്‌സ്, നമ്പൂതിരി സാര്‍ മൂന്നുകൊല്ലംകൊണ്ട് പാസ്സായിയെന്ന് കേട്ടിട്ടുണ്ട്!

ഹാഹാ... മിച്ചംവന്ന ഒരുകൊല്ലം അവിടെതന്നെ പെയ്ന്റിംഗ് കോഴ്‌സിനുചേര്‍ന്നു. ഗുരു കെ.സി.എസ്. പണിക്കരുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. റോയ് ചൗധരിക്കുശേഷം അദ്ദേഹമാണ് കോളേജിലെ പ്രിന്‍സിപല്‍ ആയത്.

വീട്ടുമുറ്റത്തെ ഈ സ്ത്രീ ശില്‍പം?

ഇത് അല്‍പം മുന്നെ ചെയ്തതാണ്. മണ്ണുകൊണ്ട്. താമസം നടുവട്ടത്തേക്ക് മാറിയപ്പോള്‍, ഇവിടത്തെ പ്രകൃതിയും മണ്ണുമൊക്കെ കണ്ടപ്പോള്‍, ഒരു ശില്‍പം ചെയ്യാന്‍ തോന്നി. പിന്നെ, തിരക്കില്‍പ്പെട്ട്, കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കേടുപാടുകള്‍ പറ്റിയപ്പോള്‍ സിമന്റ് ഉപയോഗിച്ച് പുറംഭാഗം സംരക്ഷിക്കാന്‍ ശ്രമിച്ചു. ഒരാളുടെ ചിത്രബോധം തന്നെയാണ് ശില്‍പമായും മാറുന്നത്!

സാറിന്റെ കൈകളില്‍ പെന്നിനും ബ്രഷിനും മാത്രമല്ലല്ലൊ മാന്ത്രികശക്തി ലഭിക്കുന്നത്. കളിമണ്ണും, ചെമ്പുതകിടും, മരവും, ചുമരുമെല്ലാം മാന്ത്രികന്മാരായി മാറുകയല്ലെ! നാടക വിജയികള്‍ക്ക് കൊടുക്കാന്‍, രണ്ടു രാത്രികൊണ്ട് പത്തുപന്ത്രണ്ട് ശില്‍പങ്ങള്‍ ഈട്ടിത്തടിയില്‍ കൊത്തിയുണ്ടാക്കിയ കഥ എംടി പറഞ്ഞത് ഓര്‍ക്കുന്നു. എന്നാലും, ലൈന്‍ ആര്‍ട്ടിനോടാണല്ലൊ കൂടുതല്‍ അടുപ്പം. എന്തെങ്കിലും കാരണം?

എല്ലാം ചെയ്യാറുണ്ടെങ്കിലും, രേഖാചിത്രങ്ങളാണ് കൂടുതല്‍ സംതൃപ്തി തരുന്നത്. രേഖാചിത്രങ്ങള്‍ക്ക് മറ്റു ചിത്രങ്ങള്‍ക്കില്ലാത്ത ഒരുതാളവും അഴകുമൊക്കെയുണ്ട്. പ്ലൈനായ ഒരു പ്രതലത്തില്‍, അല്ലെങ്കില്‍ ഒരുകടലാസ്സില്‍, ഒരു ത്രീ ഡയമെന്‍ഷനല്‍ സാധനത്തിന് രൂപം നല്‍കാന്‍ ലളിതമായ കുറച്ചുവരകള്‍ക്ക് നിഷ്പ്രയാസം സാധിക്കും. പ്രതലം നിശ്ചലമാണെങ്കിലും അതില്‍ വരച്ച രൂപങ്ങള്‍ ചലനാത്മകമായിതോന്നും!

കഥകള്‍ വാക്യരൂപത്തിലുള്ള വിവരണമാണ്. അതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആകൃതിയും സൗന്ദര്യവും ഭാവവുമെല്ലാം നല്‍കുന്നത് ഇലസ്‌ട്രേഷനാണ്. ഒരു സാഹിത്യസൃഷ്ടിയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകമാത്രമല്ല ഈ സ്‌കെച്ചുകള്‍ ചെയ്യേണ്ടത്, അവരുടെ സംസ്‌കാരവും ജീവിച്ചിരുന്ന കാലഘട്ടവുംവരെ വരകളില്‍ അറിയണം. എല്ലാതലങ്ങളിലും പൂര്‍ണ്ണതയുള്ളൊരു കലയാണ് ലൈന്‍ ഡ്രോയിങ്!

നമ്പൂതിരിയുടെ ഇലസ്‌ട്രേഷന്‍ കൂടെയുള്ളതുകൊണ്ടാണ് ജനങ്ങള്‍ തന്റെ കഥകള്‍ വായിക്കുന്നതെന്ന് ഒരിക്കല്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. വി.കെ.എന്‍ പറഞ്ഞിരുന്നില്ലേ?

 പറഞ്ഞിരുന്നു! മലയാള സാഹിത്യത്തില്‍ ഇലസ്‌ട്രേഷന്‍ ഇണങ്ങിചേര്‍ന്നയുടനെയായിരുന്നു അത്. തുടക്കത്തില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും, പിന്നീട് വായനക്കാ4 കഥാപാത്രങ്ങളെ വരകളിലൂടെ വിഭാവനം ചെയ്യാന്‍തുടങ്ങി. താമസിയാതെതന്നെ, കഥയിലെങ്ങിനെയായാലും ശരി, കണ്‍മുന്നില്‍ കാണുന്ന കഥാപാത്രങ്ങള്‍ക്ക് മനോഹരമായ രൂപംതന്നെ വേണമെന്നായി!

മലയാള മാധ്യമങ്ങളില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ എന്ന പംക്തി ജനകീയമായത് സാറിന്റെ 'നാണിയമ്മയും ലോകവും' എന്ന സീരീസോടുകൂടിയാണല്ലൊ. അതിന്റെ അന്നത്തെ ഇംപേക്റ്റിനെക്കുറിച്ച് ഒന്നുപറയാമോ?

അത് അന്ന് വളരെ പ്രശസ്തമായിരുന്നു. മാതൃഭൂമി കയ്യില്‍ കിട്ടിയാല്‍ വായനക്കാര്‍ നാണിയമ്മ എന്തുപറയുന്നുവെന്നാണ് ആദ്യം നോക്കിയിരുന്നത്. ഒരുപാടുകാലം അതുതുടര്‍ന്നു. പ്രാദേശിക കാര്യങ്ങളിലെല്ലാം തീര്‍പ്പുകല്‍പിച്ചിരുന്നത് നാണിയമ്മയായിരുന്നു! അത്രക്ക് ജനപ്രിയമായിരുന്നു ആ പോക്കറ്റ് കാര്‍ട്ടൂണ്‍. ചിലതെല്ലാം ക്ലാസ്സിക്കുകളായിമാറി!

1950ല്‍, ആകാശവാണിയുടെ കോഴിക്കോട് നിലയം ഉദ്ഘാടന സമയത്ത്, മഹാകവി വള്ളത്തോള്‍, 'ഈ പ്രക്ഷേപണകേന്ദ്രം' എന്നത് നാക്കുപിഴച്ച്, 'ഈ 'പ്രക്ഷോഭണകേന്ദ്രം' ഞാന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു' എന്നുപറഞ്ഞത് ഒരിക്കല്‍ നാണിയമ്മയില്‍ ഞാന്‍ വിഷയമായി എടുത്തു! മഹാകവിയെ വിമര്‍ശിക്കുന്നതാണെങ്കിലും, വായനക്കാര്‍ ആ വര്‍ക്ക് ശരിക്ക് ആസ്വദിച്ചു!

പിന്നീട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ആകാശവാണിയില്‍ തന്നെ തുടര്‍ച്ചയായി സമരം നടന്നപ്പോള്‍ ഞങ്ങളതിനെ 'അവകാശവാണി' എന്നെഴുതി ചിത്രീകരിച്ചത് ജനങ്ങള്‍ സ്തുതിഘോഷത്തോടെയാണ് സ്വീകരിച്ചത്.

ഇതുപോലെയുള്ള എന്റെ ചില നര്‍മ്മ ഭാവനകള്‍ നാണിയമ്മയില്‍ പ്രത്യക്ഷപ്പെട്ടത് ഇന്നും ചര്‍ച്ചയില്‍ വരുന്ന കാര്യങ്ങളാണ്!

ചലച്ചിത്രമായും ബന്ധമുള്ള ഒരു ചിത്രകാരനാണല്ലൊ സാര്‍. നമ്പൂതിരിഅരവിന്ദന്‍ കൂട്ടുകെട്ട് പ്രസിദ്ധമാണ്. അനുഭവം?

1975ല്‍ ആണ് 'ഉത്തരായനം' റിലീസ് ആയത്. അതിനുമുന്നെത്തന്നെ അരവിന്ദനും, (കഥ എഴുതിയ) തിക്കൊടിയനുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്കുശേഷമാണ് ഞങ്ങള്‍ ഇങ്ങിനെയൊരു പടം ചെയ്യാന്‍ തീരുമാനിച്ചത്. അരവിന്ദന്റെ കാര്‍ട്ടൂണ്‍ സീരീസ് 'ചെറിയലോകവും വലിയമനുഷ്യരും' ആയിരുന്നു അവലംബം. എല്ലാനിലക്കും 'ഉത്തരായനം' ഒരു നല്ല സിനിമയായിരുന്നു. ആറ് സംസ്ഥാന അവാര്‍ഡുകളും, രണ്ട് ദേശീയ അവാര്‍ഡുകളും ലഭിച്ചു. മറ്റു പുരസ്‌കാരങ്ങള്‍ വേറേയും. മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം എനിക്കു ലഭിച്ചു!

അതിനുശേഷം 'കാഞ്ചനസീത' യുടെ കലാസംവിധാനം ചെയ്തു. പ്രകൃതിയൊക്ക കഥാപാത്രങ്ങളായി വരുന്ന ഒരു പ്രത്യേക പ്രമേയമായിരുന്നല്ലൊ 'കാഞ്ചനസീത'. ശ്രീകണ്ഠന്‍ നായരുടെ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു. ചിത്രീകരണം ആന്ധ്രയിലെ വന പ്രദേശത്തുംമറ്റുമായിരുന്നു. കഥാപാത്രങ്ങളുടെ വസ്ത്ര രൂപകല്‍പ്പനയും ഞാന്‍ ചെയ്തു. 'കാഞ്ചനസീത'ക്ക് അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

പത്മരാജന്‍, ഷാജി എന്‍. കരുണ്‍ മുതലായവരുമായൊക്കെ...

'ഞാന്‍ ഗന്ധര്‍വന്‍' വിജയിക്കുമോയെന്നോര്‍ത്ത് പത്മരാജന്‍ അസ്വസ്ഥനായിരുന്നു. ദേവലോകത്തുള്ള ഒരു നായകനെ ആയിരുന്നല്ലൊ നമ്മുടെ പ്രേക്ഷകരുടെ മുന്നില്‍കൊണ്ടുവന്നു നിര്‍ത്തേണ്ടിയിരുന്നത്. ഗന്ധര്‍വന്റെ ബാഹ്യരൂപമായിരുന്നു പ്രധാന പ്രശ്‌നം. ജനം സ്വീകരിക്കേണ്ടേ? ഒടുവില്‍ ഗന്ധര്‍വനെ ഞാന്‍ ഡിസൈന്‍ ചെയ്തു. പടം നന്നായി ഓടി!

'വാനപ്രസ്ഥം' ചെയ്യുന്ന സമയത്ത്, ഷാജിയുടെകൂടെ പ്രവൃത്തിച്ചിട്ടുണ്ട്. വേഷവിധാനം ഞാനായിരുന്നു. ഈ സിനിമയില്‍ മോഹന്‍ലാല്‍ കഥകളിക്കാരനായിരുന്നല്ലൊ. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷമായാണ് വിലയിരുത്തപ്പെടുന്നത്! ദേശീയ പുരസ്‌കാരം നേടി. ചില പ്രോജക്റ്റുകള്‍ക്ക് മറ്റു സംവിധായകരുടെ കൂടേയും വര്‍ക്ക് ചെയ്തിട്ടുണ്ട്. ഷാജിയുടെ ഒരു ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വര്‍ക്ക് ഉണ്ടിപ്പോള്‍.

 എംടിയുടെ 'രണ്ടാമൂഴം' ഇലസ്‌ട്രേറ്റ് ചെയ്തത് സാറിനെ വളരെ ജനകീയമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളും കഥാരംഗങ്ങളും ഉള്‍ക്കൊള്ളാനും രേഖാചിത്രങ്ങളാക്കാനും ക്ലേശമെന്തെങ്കിലും... മനുഷ്യവല്‍ക്കരിച്ച ഇതിഹാസമല്ലേ!

ഇല്ല, വരക്കുന്നതിനുമുന്നെ നേരില്‍ കാണണമെന്നു എംടി പറഞ്ഞിരുന്നു. അങ്ങിനെ ചിലകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അതിനുശേഷമാണ് വരച്ചുതുടങ്ങിയത്.

സാറിനെകുറിച്ചുള്ള ഡോക്യുമെന്ററി, 'നമ്പൂതിരി  വരയുടെ കുലപതി' യെക്കുറിച്ച് വളരെ നല്ല റിവ്യൂസ് ആണ് വായിച്ചിട്ടുള്ളത്. സാറിന്റെ വ്യക്തിപരമായ അഭിപ്രായമെന്താണ്?

ഒരു ഫീച്ചര്‍ ഫിലീം പോലെയിരിക്കുന്ന വര്‍ക്കാണിത്. ബിനുരാജിന്റെ സംവിധാനവും, ധര്‍മ്മരാജിന്റെ കഥയും, യേശുദാസിന്റെ ഗാനവും, ഞാനുമായുള്ള ത9റെ അനുഭവങ്ങള്‍ എംടി പങ്കുവെക്കുന്നതും മറ്റുമായി ഡോക്യുമെന്ററി നല്ല നിലവാരമുള്ളതുതന്നെയാണ്. കുട്ടിക്കാലം മുതലുള്ള എന്റെ ജീവിതവുമായി നീതിപുലര്‍ത്തിയിട്ടുണ്ട്. പൊന്നാനി മുതല്‍ മദ്രാസ് വരെയുള്ള ലൊക്കേഷനുകളില്‍ രണ്ടുകൊല്ലമെടുത്തു ഷൂട്ടിങ് തീരാന്‍.

 പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇലസ്‌ട്രേഷന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെ ആയല്ലൊ. സാര്‍ ആണിനെ വരച്ചാല്‍ ഉയരവും, പെണ്ണിനെ വരച്ചാല്‍ അംഗലാവണ്യവും അല്‍പം കൂടുതലാണെന്ന് പൊതുവെ ഒരു...

 ജന്മനാ ആണിനും പെണ്ണിനും അവരുടേതായ ഉയരവും ലാവണ്യവുമൊക്കെയുണ്ട്. ആണിന് ഉയരം കൂടുതലാണ്. സ്ത്രീകള്‍ക്ക് ചന്തവും. ആനുപാതികമായിത്തന്നെയാണ് വരക്കുന്നത്. ഭാരതീയ കലകളില്‍, മനുഷ്യരൂപങ്ങളിലാണ് ഞാന്‍ വൈദഗ്ദ്ധ്യം നേടിയിരിക്കുന്നത്. എന്നാല്‍ വരക്കുന്നത് ഏതിനുവേണ്ടിയാണോ അതില്‍കാണുന്ന ഭാവനിലക്കനുസരിച്ച് അളവുകളില്‍ ഏറ്റകുറച്ചിലുകളുണ്ടാകും.

കഥയുടേതാണ് കഥാപാത്രങ്ങള്‍, അവര്‍ക്കാണ് വരകള്‍ ജീവന്‍ കൊടുക്കേണ്ടത്. സരളമായ കുറെ രേഖകളാണിതിന് ഹേതുവാകുന്നത്. സൗന്ദര്യവും ഉയരവുമൊക്കെ സ്വല്‍പം കൂടിതന്നെയിരിക്കട്ടെ! എന്തായാലും കുറക്കുന്നതിനേക്കാള്‍ നല്ലതല്ലേ? ചിത്ര രചന, ഫോട്ടോഗ്രാഫി അല്ലല്ലൊ, ഉള്ളതുപോലെത്തന്നെയിരിക്കാന്‍!

 ശ്രീ. എം. വി. ദേവന്‍ വരച്ച ബഷീറിന്റേയും മററുമുള്ള കുള്ളന്‍ കഥാപാത്രങ്ങള്‍ ജനഹൃദയങ്ങളിലുണ്ടായിരുന്നല്ലൊ. ഈ താരതമ്യം ആയിരിക്കുമോ സാറിന്റെ കഥാപാത്രങ്ങള്‍ക്ക് ഉയരം കൂടുതലെന്ന ധാരണ ഉളവാക്കിയത്?

ആയിരിക്കാം. കുള്ളന്മാരെ കണ്ട കണ്ണുകൊണ്ട് സാധാരണ ഉയരമുള്ളവരെ കണ്ടാല്‍, ആ കഥാപാത്രങ്ങള്‍ക്ക് ഉയരം കൂടുതലുണ്ടെന്നു തോന്നിയേക്കാം!

സാറിന്റെ മുടി നരച്ചെങ്കിലും വര നരച്ചിട്ടില്ലെന്ന് ലോകം മുഴുവന്‍ പറയുന്നു  ദൈവത്തിന്റെ വിരലുകളാണത്രെ! 'നമ്പൂതിരിച്ചിത്രങ്ങള്‍' എന്ന ശൈലിയുടെ ഉപജ്ഞാതാവ് എന്ന നിലയില്‍, സാര്‍ ഇപ്പോള്‍ വരയെ എങ്ങിനെയാണ് വീക്ഷിക്കുന്നത്?

ഹാ... പഠിപ്പുകഴിഞ്ഞ് കോഴിക്കോട്ട് എത്തിയത് ഒരു ജോലി തേടിതന്നെയായിരുന്നു. 1960ല്‍ മാതൃഭൂമി വാരികയില്‍ ഇലസ്‌ട്രേറ്റര്‍ ആയിട്ട്. അവിടെ രചനയ്ക്കുള്ള വലിയൊരു അനുഭവലോകം തുറന്നുകിട്ടി. പല ആനുകാലികങ്ങളിലും വരച്ചു. പിന്നീടുള്ള കാലങ്ങളില്‍ ബ്രഷും, പൈന്റും വരയുമൊക്കെ നിത്യജീവിതത്തിന്റെ ഒരു സ്വാഭാവികമായ ഭാഗവുമായി. ഇന്നത് സൃഷ്ടിപരമായ ഉള്‍പ്രേരണയുടെ സാക്ഷാല്‍ക്കാരമാണ്.

സര്‍ഗാത്മകമായ രചനകള്‍തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്! എഴുത്തുകാര്‍ നേരത്തെതന്നെ നിര്‍വചനം കൊടുത്ത കഥാപാത്രങ്ങളെപോലും പൂര്‍ണ്ണമായ സ്വാതന്ത്യ്രം ആസ്വദിച്ചുകൊണ്ടുതന്നെയാണ് ഞാന്‍ വിഭാവനം ചെയ്യുന്നതും വരക്കുന്നതും. അവര്‍ സങ്കല്‍പിച്ചതിനപ്പുറം രൂപങ്ങളും മാനങ്ങളും നല്‍കുന്നു.

ഒന്നുമില്ലായ്മയില്‍നിന്ന്, രൂപവും ഭാവവും അര്‍ത്ഥവുമുള്ള, ഊഷ്മളമായത് എന്തൊക്കെയോ നിര്‍മ്മിക്കുമ്പോഴുള്ള സംതൃപ്തി. വല്ലാത്തൊരാനന്ദമാണത്!

സെപ്റ്റംബര്‍ 13ന്, 95 തികഞ്ഞ നമ്പൂതിരി സാറിന് ജന്മദിനാശംസകള്‍!
95 തികഞ്ഞ നമ്പൂതിരി: നര ബാധിക്കാത്ത വര (വിജയ് സി. എച്ച്  )95 തികഞ്ഞ നമ്പൂതിരി: നര ബാധിക്കാത്ത വര (വിജയ് സി. എച്ച്  )95 തികഞ്ഞ നമ്പൂതിരി: നര ബാധിക്കാത്ത വര (വിജയ് സി. എച്ച്  )95 തികഞ്ഞ നമ്പൂതിരി: നര ബാധിക്കാത്ത വര (വിജയ് സി. എച്ച്  )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക