'ദേവാലയങ്ങള്‍ ഭിക്ഷാടന കേന്ദ്രങ്ങള്‍ പോലെയാവരുത്. വിശ്വാസികളില്‍ നിന്നും ഭിക്ഷ ചോദിച്ചു കിട്ടുന്ന സംഭാവനകള്‍ കൊണ്ട് ഇന്ന് ദേവാലയവും അതിന്റെ പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കില്ല. ദേവാലയവും അതിലെ അംഗങ്ങളും ഒന്നിച്ചു ദരിദ്രമായിരിക്കുന്നത് സമുദായത്തിനു ഗുണം ചെയ്യുകില്ല. ദേവാലയങ്ങള്‍ക്കൊരു ബിസിനസ് സമീപനം ഉണ്ടാവുന്നത് അത്ര പാപം ഒന്നുമല്ല.' ഇത് പറഞ്ഞത് കേരളത്തിലെ യാഥാസ്ഥിക സുറിയാനി പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന, അമേരിക്കയിലെ പ്രസിദ്ധമായ എപ്പിസ്‌കോപ്പല്‍ ദേവാലയത്തിലെ വൈദികയാണ്.
റവ. വിന്നി വര്‍ഗീസ്, അമേരിക്കയുടെ ചരിത്ര മുഹൂര്‍ത്തങ്ങളുടെ നിധികള്‍ നിക്ഷേപിച്ചിരിക്കുന്ന ന്യൂയോര്‍ക്ക് വാള്‍സ്ട്രീറ്റിലെ പ്രസിദ്ധമായ ട്രിനിറ്റി ദേവാലയത്തിന്റെ വൈദികഗണത്തില്‍ പെട്ടയാളാണ്. സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന പ്രസിദ്ധമായ ഒരു ദിനപത്രത്തില്‍ നിന്നുമാണ് 'വര്‍ഗീസ്' എന്ന പേരു ശ്രദ്ധിച്ചത്.
മന്‍ഹാട്ടനിലെ സ്വതന്ത്രചിന്തകരുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന; ഹിപ്പികളുടെ സങ്കേതമായ ഗ്രനിച്ച് വില്ലേജിലെ ബൗറി- സെയിന്റ് മാര്‍ക്ക് ദേവാലയത്തില്‍ നിന്നും വാള്‍സ്ട്രീറ്റിലെ ട്രിനിറ്റി ദേവാലയത്തിലേക്ക് യാത്രയാകുന്ന റവ. വിന്നി വര്‍ഗീസിനെക്കുറിച്ചു അമേരിക്കന്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ശ്രദ്ധിച്ചത്. കവികളും സിനിമാക്കാരും സാഹിത്യകാരന്മാരും സ്വതന്ത്ര ചിന്തകരുമായി വിവിധ തരത്തിലുള്ളവര്‍ ആരാധനക്കിടെ ഈ ദേവാലയത്തില്‍ പ്രസംഗിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. കഞ്ചാവിന്റേയും സ്വവര്‍ഗ്ഗാനുരാഗികളുടെയും സ്വതന്ത്ര ചിന്തകരുടെയും സാമ്പ്രാജ്യത്തില്‍ ഒരു മലയാളി വനിത? റവ. വിന്നി വര്‍ഗീസിന്റെ കാലഘട്ടത്തില്‍ സെയിന്റ് മാര്‍ക്ക് ദേവാലയത്തിലെ അംഗസംഖ്യ മൂന്നിരട്ടിയായി എന്നതാണ് പത്രങ്ങള്‍ എടുത്തു കാട്ടിയത്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഓരോ വെള്ളിയാഴ്ചകളിലും ഉച്ചക്ക്, വാള്‍സ്ട്രീറ്റിലുള്ള ട്രിനിറ്റി ദേവാലയത്തില്‍ പോകാറുണ്ടായിരുന്നു. ജോലിസ്ഥലത്തുനിന്നും ചെറിയ നടപ്പായിരുന്നതിനാല്‍ മഴയായാലും മഞ്ഞായാലും മുടങ്ങാതെ ആ തീര്‍ഥയാത്ര നടത്തുന്നത് വിശ്വാസത്തേക്കാളുപരി വീണ്ടും വീണ്ടും ഒരു ചരിത്രനിമിഷത്തിന്റെ അംശമാകുക എന്നതുകൂടിയായിരുന്നു. 1789 ഏപ്രില്‍ 30 നു, അമേരിക്കയുടെ ഒന്നാം പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ വാള്‍ സ്ട്രീറ്റിലുള്ള ഫെഡറല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹത്തിന്റെ ക്യാബിനറ് അംഗങ്ങളോടൊപ്പം നടന്നുവന്നു ട്രിനിറ്റി പള്ളിയുടെ സെന്റ് പോള്‍സ് ചാപ്പലില്‍ ആരാധന നടത്തി. 1776-ല്‍ നടന്ന ഗ്രേറ്റ് അമേരിക്കന്‍ റെവല്യൂഷന്‍ യുദ്ധത്തില്‍ ഈ ദേവാലയവും ഇതിനടുത്ത അഞ്ഞൂറോളം വീടുകളും കെട്ടിടങ്ങളും തീക്കിരയായി. പിന്നെ ഒരു വര്‍ഷത്തോളം അമേരിക്കയുടെ പിതാവ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഈ ചാപ്പലിലെ ആരാധനക്ക് മുടങ്ങാതെ പങ്കെടുത്തിരുന്നു. ഈ വഴികളും അദ്ദേഹം നിന്നു സംസാരിച്ച ഇടങ്ങളും ഇരുന്ന ബെഞ്ചും ഒക്കെ അവിടെ നിലനില്‍ക്കുമ്പോള്‍ അറിയാതെ അതിന്റെ ഒരു ഭാഗമാക്കുക ഒരു നിമിത്തമായി കരുതി.
ഗോഥിക് റിവൈവല്‍ സ്‌റ്റൈലില്‍ പണിത ദേവാലയ സമുച്ചയത്തിലെ ഗോപുരം ഒരു കാലത്തു മന്‍ഹാട്ടനിലെ ഏറ്റവും ഉയരമുള്ള ഗോപുരമായിരുന്നു. പുണ്യവാന്മാരുടെ പ്രതിമകള്‍ കൊത്തിവച്ച ഗോപുരങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഈ ദേവാലയത്തില്‍ കടന്നു ചെന്നാല്‍ ഏതോ ഗുഹാ ക്ഷേത്രത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. അകത്തെ കൂരിരുട്ടില്‍ നിരനിരയായി ഉയര്‍ന്നുനില്‍ക്കുന്ന തൂണുകള്‍ക്കിടയിലെ സാറ്റിന്‍ കുഷ്യനിട്ട ബെഞ്ചില്‍ അമര്‍ന്നിരുന്നു കഴിയുമ്പോള്‍ അവിടെ നമ്മുടെ സകല പരാധീനകളും ആണ്ടുപോവുന്നു. മച്ചിലെ സ്‌റ്റൈന്‍ ഗ്ലാസ് ചിത്രങ്ങള്‍ക്കിടയിലൂടെ ഉതിര്‍ന്നു വരുന്ന നേര്‍ത്ത പ്രകാശ രശ്മികള്‍ക്ക് നമ്മെ പവിത്രമായ ഒരു വലയത്തില്‍ എത്തിക്കുവാനും കഴിയും. അനേകം സഞ്ചാരികള്‍ കണ്ണ് മിഴിച്ചു അവിടെ നടന്നു തിരിയുമ്പോഴും, നിറഞ്ഞു നില്‍ക്കുന്ന കനത്ത നിശബ്ദത, ബ്രഹ്മാണ്ഡത്തിന്റെ ശൂന്യതയും വന്യതയും നമ്മെ ഓര്‍മ്മപ്പെടുത്തും.
പള്ളിക്കു ചുറ്റുമുള്ള പൂന്തോട്ടത്തില്‍ നിരനിരയായി ശവകുടീരങ്ങള്‍, വേനല്‍ക്കാലത്തു അവക്കിടയില്‍ സ്ഥാപിച്ചിട്ടുള്ള ബെഞ്ചുകളില്‍ ഇരിക്കുമ്പോള്‍ ഏകാന്തതയുടെ അപാര തീരത്തു എത്തി നില്‍ക്കുന്ന പ്രതീതി. വസന്തകാലത്തു കൊഴിഞ്ഞു വീഴുന്ന പൂക്കളുടെ ചാരുതയും, ശിശിരത്തിന്റെ മിടിപ്പും, മഞ്ഞിന്റെ മരവിപ്പും ഈ ശ്മശാനം എന്തോ വിളിച്ചു പറയുന്നുണ്ട്. ചിലരുടെ ശവദാഹത്തിനു ശേഷം ചിതാഭസ്മം പൂത്തോട്ടത്തില്‍ വിതറിയിട്ടുണ്ട്.
സഞ്ചാരികളെകൊണ്ട് എപ്പോഴും സജ്ജീവമാണ് ഈ ശ്മശാനത്തിലെ ഇടവഴികള്‍. ചിതറിക്കിടക്കുന്ന അസ്ഥികളുടെ തരികളെ ചുറ്റിപ്പറ്റി കാലത്തെ അതിജീവിച്ച കുറെയേറെ ആത്മാക്കളുടെ മര്‍മ്മരം അവിടെ നിറഞ്ഞു നില്‍ക്കുന്നുണ്ടാവാം. അമേരിക്കന്‍ മുതലാളിത്തത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന അലക്‌സാണ്ടര്‍ ഹാമില്‍ട്ടന്റെ ശവകുടീരവും ഇവിടെയാണ്. പത്തു ഡോളര്‍ നോട്ടില്‍ കാണുന്ന അദ്ദേഹത്തിന്റെ ചിത്രം ഒരു ചെറിയ ജീവിതകാലത്തെ വലിയ കഥയാണ് പറഞ്ഞുവെയ്ക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഒരു ഇടവകപള്ളി എന്ന് വിശേഷിക്കപ്പെടുന്നുണ്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ വാള്‍സ്ട്രീറ്റ് ട്രിനിറ്റി എപ്പിസ്‌കോപ്പല്‍ ഇടവക. 1705 -ല്‍ ക്വീന്‍ ആനിയില്‍ നിന്നും വരദാനമായി കിട്ടിയ 62 ഏക്കര്‍ ഭൂമിയില്‍ ഇപ്പോള്‍, ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മന്‍ഹാട്ടനിലെ 14 ഏക്കര്‍ പ്രൈം റിയല്‍ എസ്റ്റേറ്റ്, 5.5 മില്യണ്‍ ചതുരശ്രയടി കൊമേര്‍ഷ്യല്‍ സ്ഥലം അടങ്ങിയ 6 ബില്യണ്‍ ഡോളര്‍ പോര്‍ട്ട്‌ഫോളിയോ ആണ് പള്ളിക്കുള്ളത്. 2011 ലെ കണക്കു പ്രകാരം രണ്ടു ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മന്‍ഹാട്ടനിലെ ഏറ്റവും വലിയ ഭൂവുടമ ഈ ഇടവകയാണ്.
റെവ .വിന്നി വര്‍ഗീസുമായി അഭിമുഖത്തിനായി പള്ളിയുടെ അടുത്തുള്ള ഓഫീസ് ബില്‍ഡിങ്ങില്‍ എത്തി. റവ. വിന്നിയുടെ ബന്ധുവാണോ- സെക്യൂരിറ്റിയുടെ ചോദ്യത്തില്‍ ഒന്നു പകച്ചു പോകാതിരുന്നില്ല. എന്റെ പേരിനൊപ്പം ഉള്ള വര്‍ഗീസാണ് ഇത്തരം ഒരു ചോദ്യം ഉണ്ടാക്കിയതെന്ന് പിന്നാണ് മനസ്സിലായത്. 39 -ആം നിലയിലുള്ള റിസപ്ഷനില്‍ റവ. വിന്നിയുടെ അസിസ്റ്റന്റ് ഷാരോണ്‍ കാത്തു നിന്നിരുന്നു. ഒരു വലിയ വാള്‍ സ്ട്രീറ്റ് കോര്‍പറേഷന്‍ ഓഫീസിന്റെ സെറ്റപ്പ്, സ്റ്റാഫുകളും.
അമേരിക്കയിലാണ് ജനിച്ചതെങ്കിലും റവ. വിന്നി ചെറുപ്പകാലം കുറച്ചു നാള്‍ കേരളത്തില്‍ താമസിച്ചു , ഇടയ്ക്കു നാട്ടില്‍ പോകുകയും ചെയ്തിരുന്നു. പിതാവ് പത്തനംതിട്ട ഡിസ്ട്രിക്റ്റിലുള്ള മാര്‍ത്തോമ്മാസഭാ അംഗവും അമ്മ കോട്ടയം മണര്‍കാട് യാക്കോബായ പള്ളിക്കാരിയുമായിരുന്നു. പഠനകാലത്തു മതം ഒരു വിഷയമായി തിരഞ്ഞെടുത്തത് ഒരു നിയോഗമായിരുന്നു. കോളേജ് കാലത്തു അമ്മയോടൊപ്പം മണര്‍കാട് പള്ളിയില്‍ പോയി, അവിടെ അമ്മ സെന്റ് മേരിയുടെ തിരുശേഷിപ്പില്‍ തൊട്ടു പ്രാര്‍ത്ഥിക്കുന്നതു കണ്ടു. താന്‍ പള്ളിയുടെ അകത്തളത്തില്‍ നിസ്സംഗയായി വെറുതേ ഇരുന്നു.
തന്റെ ഇടം ഇവിടമല്ല എന്ന് അപ്പോഴേക്കും തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും ആംഗ്ലിക്കന്‍ രീതികള്‍ പരിചയപ്പെട്ടതുകൊണ്ടല്ല; പൗരോഹിത്യം എന്ന പടവും സ്വതന്ത്രമായ ജീവിത വീക്ഷണവും ക്രമീകരങ്ങളും സ്ത്രീകള്‍ക്ക് വിലക്കപ്പെട്ട കനിയും ആയിരിക്കുന്ന സമൂഹത്തില്‍ താന്‍ അന്യ ആണെന്ന് തിരിച്ചറിഞ്ഞു. റവ. വിന്നിയുടെ സഹോദരന്‍ പോള്‍ വര്‍ഗീസും അമേരിക്കന്‍ കോമഡി രംഗത്ത് തന്റെ മുദ്ര പതിപ്പിച്ച ഹാസ്യ നടനാണ്. അങ്ങനെ അമേരിക്കന്‍ മുഖ്യധാരയില്‍ അവര്‍ കൈപിടിച്ചുകയറി.
അമേരിക്കയുടെ വളരെ ലിബറല്‍ ആയ ഒരു വലിയ കൂട്ടത്തെയും, സാമ്പത്തീക രംഗത്ത് ചുക്കാന്‍ പിടിക്കുന്ന കടുത്ത യാഥാസ്ഥികരായ വാള്‍ സ്ട്രീറ്റ് സമൂഹത്തെയും ട്രിനിറ്റി ദേവാലയത്തിലെ പ്രസംഗപീഠത്തില്‍നിന്നും അഭിസംബോധന ചെയ്യുമ്പോള്‍, മനസ്സിലെവിടെയോ എഴുതപ്പെട്ട മണര്‍കാട് പള്ളിയും, മാതാവിന്റെ ഇടക്കെട്ടും, പെരിയാര്‍ നദിയും സുന്ദരമായ കേരളത്തിലെ പ്രകൃതിയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലങ്കര നസ്രാണി പാരമ്പര്യങ്ങളും ഒക്കെ അറിയാതെ വന്നുകൊണ്ടിരുന്നു.
പണ്ഡിതോചിതമായ സംഭാഷങ്ങള്‍ക്കിടെ ഇന്നും അമേരിക്ക അഭിമുഖീകരിക്കുന്ന നീറുന്ന വര്‍ണ്ണവിവേചനവും, ഉച്ചനീചത്വങ്ങളും, തെരുവില്‍ ജീവിതം നയിക്കുന്ന 12 ശതമാനം അമേരിക്കക്കാരുടെ സങ്കട ക്കടലായി തിരയടിച്ചുയര്‍ന്നു. ലോകജനസംഖ്യയുടെ 4.4 ശതമാനമേ അമേരിക്കയില്‍ ഉള്ളു എങ്കിലും, ലോകത്തിലെ തടവുകാരില്‍ 22 ശതമാനവും അമേരിക്കന്‍ ജയിലുകളില്‍ ഹോമിക്കപ്പെടുകയാണ് എന്ന് തുടങ്ങി, അമേരിക്കയുടെ ഹൃദയത്തിലൂടെ കത്തിക്കയറുകയാണ് റവ. വിന്നി വര്‍ഗീസ്.
ട്രിനിറ്റി ദേവാലയത്തിന്റെ ആഗോള സംരംഭങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും മേധാവികൂടിയാണ് റവ. വിന്നി. അതുകൊണ്ടുതന്നെ ന്യൂയോര്‍ക്ക് സിറ്റി സംവിധാങ്ങളോടൊപ്പവും അല്ലാതെയും ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ജയില്‍ മിഷന്‍ തുടങ്ങി മനുഷ്യത്തപരമായ വലിയ പദ്ധതികള്‍ക്കാണ് റവ. വിന്നി നേതൃത്വം നല്‍കുന്നത്. ജീസസ് കൂടുതല്‍ സമയം പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതും ജനക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു. പള്ളികളുടെ സുരക്ഷിത വലയങ്ങള്‍ ഭേദിച്ച് , ദരിദ്രര്‍ക്കൊപ്പം തെരുവുകളില്‍ നില്‍ക്കാന്‍ സാധിക്കാത്തതാണ്, ക്രിസ്തീയ സഭക്ക് സാക്ഷ്യം നഷ്ടപ്പെടുന്നത് എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ നിരവധി ദാരുണമായ ചിത്രങ്ങള്‍ മിന്നി മറയുന്നുണ്ടാവണം. മനസ്സില്‍ എവിടോയൊക്കയാ തട്ടി നില്‍ക്കുന്ന സംഭവങ്ങള്‍ ഉടക്കി നിന്നു. പെട്ടന്ന്, ഒരു ചെറു ചിരിയോടെ സംഭാഷണത്തിലേക്കു തിരിച്ചു വന്നു.
പതിനേഴാം വയസ്സില്‍ ബൈബിള്‍ വായിക്കുന്നതിനിടെയാണ് ഒരു ദൈവിക വിളി തിരിച്ചറിഞ്ഞത്, പിന്നെ ജീവിതത്തിന്റെ പാത അങ്ങോട്ട് തന്നെ അറിയാതെ പോയി. സതേണ്‍ മെത്തഡിസ്‌റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മതവിഷയത്തില്‍ ബിരുദത്തിനു ശേഷം യൂണിയന്‍ സെമിനാരിയില്‍ നിന്നും തീയോളജിയില്‍ മാസ്റ്റേഴ്‌സ്. കേരളത്തില്‍ നിന്നും വന്ന നിരവധി ബിഷോപ്പന്‍മാര്‍ പഠിച്ച സെമിനാരിയാണ് ഇത്. 6 വര്‍ഷങ്ങള്‍ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്‌സിറ്റി ചാപ്ലയിന്‍, ഹഫിങ്ങ്ടണ്‍ പോസ്റ്റ് എന്ന മാധ്യമത്തിലെ സ്ഥിരം എഴുത്തുകാരി, 'വാട്ട് വി ഷാല്‍ ബിക്കം' എന്ന മാധ്യമത്തിന്റെ പത്രാധിപര്‍, ചര്‍ച്ച് മീറ്റ്സ് ദി വേള്‍ഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് എന്നീ നിലകളിലും ബൗദ്ധികമായ ഇടപെടലുകള്‍ നിരന്തരം നടത്തുന്നു. അമേരിക്കയില്‍ സ്വയം നേരിടേണ്ടി വന്ന വര്‍ണ്ണ വിവേചനം ഒരു യുദ്ധമായി ഏറ്റെടുക്കാനും റവ. വിന്നി തയ്യാറായി.
വിചിത്രമായ ലിംഗഭേദത്തെപ്പറ്റിയുള്ള തിരിച്ചറിവുകള്‍ നമ്മെ സ്വാതന്ത്ര്യത്തിന്റെ പടവുകളില്‍ എത്തിക്കുകയാണെന്നും, ഇത്തരം അറിവുകളാണ് വ്യക്തിയെ പൂര്‍ണ്ണതയുള്ള സൃഷ്ട്ടികള്‍ ആക്കുന്നത്, എല്ലാവര്ക്കും അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹമാക്കുന്നത് എന്നും മടിയില്ലാതെ പറയാന്‍ റവ. വിന്നി ധൈര്യം കാട്ടി. സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചു നില്പിന്‍, എന്ന വേദ വാക്യമാണ് തനിക്കു ശക്തി പകരുന്നത്. ഈ ലോകം എല്ലാവര്ക്കും വേണ്ടിയാണ്, ഒരാളുടെ അവകാശം നിഷേധിച്ചല്ല കുറച്ചുപേര്‍ക്ക് പുരോഗതി ഉണ്ടാക്കേണ്ടത്. വാള്‍ സ്ട്രീറ്റിന്റെ പടിവാതിലില്‍ നിന്നും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാനും സാമൂഹ്യ നീതിക്കു വേണ്ടി ഒരു പോരാളിയാവാനും തന്നെ ഉറപ്പിക്കുന്നത് ഇത്തരം ക്രിസ്തുചിന്തകളാണ്.
ക്രൂരമായ ഒറ്റപ്പെടലുകളും തിരസ്‌കരണങ്ങളും താങ്ങാനാവാത്ത ഒരു കൂട്ടം സൗത്ത് ഏഷ്യന്‍ വംശജര്‍ അമേരിക്കയിലുണ്ടു്. അമേരിക്കന്‍ പേരു കൊണ്ടു മാത്രം ഇവിടുത്തെ വംശീയ വന്മതില്‍ ചാടിക്കടക്കാനാവില്ല. പുരോഗമനമായ ചിന്താഗതിയിലുള്ളവരുടെ ഒത്തുചേരല്‍ ഒരു ശക്തിയായി പടരണം. ഞാന്‍ ഒരു പടി മുന്നോട്ടുപോയി എന്ന് തോന്നുന്നു, എന്റെ മുന്നില്‍ ഇത്തരം കടവുകള്‍ ഒന്നും കണ്ടിരുന്നില്ല, എന്നാല്‍ ഇനിയും കൂടുതല്‍ തോണികള്‍ അവിടവിടെയായി കടന്നു വരും എന്ന് തന്നെയാണ് പ്രതീക്ഷ.
‘എന്റെ ആലയത്തിലേക്കു വഴിപാടുകള്‍, തടിച്ച മിര്‍ഗങ്ങള്‍, മേല്‍ത്തരം പാനിയങ്ങള്‍, നല്ല ധാന്യങ്ങള്‍ .... കൊണ്ടുവരുക എന്ന് യഹോവ കല്പിക്കുന്നു’ എന്ന് കള്ളം എഴുതി സത്യ വേദ പുസ്തകം എഴുതിയ പുരോഹിതരെ പോലെ!!!!!!
ശ്രി കൊരസന്‍റെ എഴുത്തുകള്‍ സാദാരണ ആയി വായിക്കാറുണ്ട്; പക്ഷെ ഇതിനു എന്തോ ഒരു പന്തികേട് പോലെ തോന്നുന്നു. റിയാക്ഷന്‍ ചുവടെ ചേര്‍ക്കുന്നു! {quotes from the article are in Yellow}
'ദേവാലയങ്ങള്‍ ഭിക്ഷാടന കേന്ദ്രങ്ങള്‍ പോലെയാവരുത്’-പിന്നെ എന്താ ടോള്‍ ബൂത്ത് പോലെ ആവണോ?
. ‘വിശ്വാസികളില്‍ നിന്നും ഭിക്ഷ ചോദിച്ചു കിട്ടുന്ന സംഭാവനകള്‍ കൊണ്ട് ഇന്ന് ദേവാലയവും അതിന്റെ പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കില്ല.’
അപ്പോള്‍ അവ അടച്ചു പൂട്ടണം. വിശ്വാസിക്ക് ദേവാലയം വേണ്ട എങ്കില്‍ പിന്നെ ആര്‍ക്കാണ് വേണ്ടത്?
‘ദേവാലയവും അതിലെ അംഗങ്ങളും ഒന്നിച്ചു ദരിദ്രമായിരിക്കുന്നത് സമുദായത്തിനു ഗുണം ചെയ്യുകില്ല. ദേവാലയങ്ങള്‍ക്കൊരു ബിസിനസ് സമീപനം ഉണ്ടാവുന്നത് അത്ര പാപം ഒന്നുമല്ല’- അത്ര പാപം എന്നാല്‍ പാപത്തിനു ഗ്രെടിംഗ് ഉണ്ടോ? ദേവാലയം അടച്ചു പൂട്ടണം, അവ ഭവന രഹിതര്‍ക്ക് പാര്‍പ്പിടം ആക്കി മാറ്റണം. എവിടെ ഒക്കെ ദേവാലയങ്ങള്‍ അടച്ചു പൂട്ടിയോ അവിടെ ഒക്കെ ജയിലുകളും അടച്ചുപൂട്ടി. സംസ്കാരവും ധാര്‍മ്മികതയും വളര്‍ന്നു പടരുന്ന ഇടങ്ങളില്‍ ദേവാലയങ്ങള്‍ അടച്ചു പൂട്ടപെടുന്നു. അത്തരം ഒരു സമൂഹം അല്ലെ നമുക്ക് വേണ്ടത്?
‘ഇപ്പോള്‍, ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മന്‍ഹാട്ടനിലെ 14 ഏക്കര്‍ പ്രൈം റിയല്‍ എസ്റ്റേറ്റ്, 5.5 മില്യണ്‍ ചതുരശ്രയടി കൊമേര്‍ഷ്യല്‍ സ്ഥലം അടങ്ങിയ 6 ബില്യണ്‍ ഡോളര്‍ പോര്‍ട്ട്‌ഫോളിയോ ആണ് പള്ളിക്കുള്ളത്. 2011 ലെ കണക്കു പ്രകാരം രണ്ടു ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മന്‍ഹാട്ടനിലെ ഏറ്റവും വലിയ ഭൂവുടമ ഈ ഇടവകയാണ്.’-ഇത്രയും ആസ്ഥി ഉള്ള ദേവാലയം ആണ് ‘ഭിക്ഷ’ കൊണ്ട് മുന്നോട്ടു പോകാന്‍ സാദിക്കില്ല എന്ന് മേല്‍ ഭാഗത്ത് പറയുന്നത്. ഒരിക്കലും മതി വരാത്തത് ആണ് മതം. എട്ടുകാലിയുടെ വലയില്‍ വീണ ജീവികളെ പോലെ വിശ്വാസികളും.
‘മണര്‍കാട് പള്ളിയില്‍ പോയി, അവിടെ അമ്മ സെന്റ് മേരിയുടെ തിരുശേഷിപ്പില്‍ തൊട്ടു പ്രാര്‍ത്ഥിക്കുന്നതു കണ്ടു’- എന്തിനാ ഇത്തരം കള്ള പ്രചരണം?- ഇതൊക്കെ തെളിവുകള്‍ ഇല്ലാത്ത വെറും കെട്ടു കഥകള്‍ അല്ലെ? പരിശുദ്ധ എന്ന പേരും, തിരുശേഷിപ്പ് എന്ന അശുദ്ധ വസ്തുക്കളും വെറും തട്ടിപ്പ് അല്ലെ? ഇതൊക്കെ വിറ്റ് വിശ്വാസികളെ പറ്റിച്ചു കത്തോലിക്കാ സഭ പണം ഉണ്ടാക്കുന്നത് കണ്ട് മറ്റു സഭക്കാരും ഇത് അനുകരിച്ചു എന്നത് അല്ലെ സത്യം? ഗീവറുഗീസ് എന്നൊരു പുണ്യവാളന്‍ ഇല്ലായിരുന്നു എന്ന് വത്തിക്കാന്‍ പ്രക്യപിച്ചിട്ടും വിശ്വാസികള്‍ വിടുമോ? പെരുന്നാള് വന്നാലും നോമ്പ് വീടിയാലും പാവം കുറെ മിര്‍ഗങ്ങളുടെ തല പോകും.- അതാണ് ക്രിസ്തിയ വിശ്വാസം.
കോട്ടയം ദേവലോകത്തും മാതാവിന്‍റെ ഇടകെട്ട് എന്ന് പറഞ്ഞു ഇത്തരം ഒരു പഴംതുണി ഉണ്ടായിരുന്നു. അത് വച്ചിരുന്ന സോര്‍ണ്ണം പൂശിയ തളിക ആരോ മോഷ്ട്ടിച്ചു.
‘മാതാവിന്റെ ഇടക്കെട്ടും,’- ഇത്തരം ഇടകെട്ട് എന്തുമാത്രം. വിശ്വാസികളെ പറ്റിക്കാന്‍ കത്തോലിക്കാ സഭ പ്രചരിപ്പിച്ച ഒരു തട്ടിപ്പ് ആണ്, തിരുശേഷിപ്പ്, പരിശുദ്ധ...സ്ത്രി, പുരുഷന്‍ ഒക്കെ. ഇ കാലത്തും ഇത്തരം തട്ടിപ്പുകളും ആയി മുന്നോട്ടു പോകണോ? ഇതിലും നല്ലത് ഫെയിക്ക് ഫോക്സ് ന്യൂസ് കാണുന്നത് അല്ലെ?
‘സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി’- ക്രിസ്തു സഭയില്‍ എവിടെ ആണ് സ്വതന്ത്രം? അമേരിക്കയില്‍ അടിമത്തം പ്രചരിപ്പിച്ചതു ക്രിസ്താനികള്‍ അല്ലേ! അടിമത്തത്തില്‍ നിന്നും ഓടി രക്ഷപെട്ട ഒനോസിമോസിനോട് തിരികെ അടിമ ആയി കഴിയുവാന്‍ അല്ലേ ഫിലോമോന്‍റെ ലേഘനം പറയുന്നത്? കേരളത്തില്‍ ഇന്ന് നടക്കുന്ന കോലാഹലം കൊരസന്‍ കാണുന്നില്ലേ? എല്ലാം ക്രിസ്താനികള്‍ ഉണ്ടാക്കുന്നവ അല്ലെ കൂടുതലും? സ്വതന്ത്രം വേണ്ട കന്യാസ്ത്രികള്‍, പെണ്ണ് കെട്ടാന്‍ വിതുമ്പുന്ന പുരോഹിതര്‍, ഇ പട്ടിക നീളും.
പള്ളിയില്‍ വരുന്ന വരുമാനം കുറയുമ്പോള്‍ അതുകൊണ്ട് ഉപജീവനം കഴിക്കുന്നവര്‍ വല്ലതും ഒക്കെ വിളിച്ചുകൂവും; അത് അതുപോലെ എഴുതിവിടുമ്പോള്‍ ഒരു പ്രാചീന പുരോഹിതന്‍റെ രോദനം പോലെ തോന്നുന്നു.-andrew