വിജ്ഞാനം വഴിയോരത്ത് (വിജയ് .സി .എച്ച്)

Published on 03 October, 2019
വിജ്ഞാനം വഴിയോരത്ത് (വിജയ് .സി .എച്ച്)
നിയന്ത്രണങ്ങള്‍ ഏറുന്തോറും വഴിയോര പുസ്തക മേളകള്‍ കൂടുതല്‍ ജനപ്രിയമാകുന്നു. ഡിജിറ്റല്‍, അല്ലെങ്കില്‍ ഓണ്‍ലൈന്‍ വായന, അച്ചടിയുടെമേല്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞെന്നുള്ള പൊതുധാരണയെ നെറ്റിചുളിച്ച് നോക്കേണ്ടിവരുന്നതാണ് ഫൂട്പാത്തില്‍ നിര്‍ബ്ബാധം തുടരുന്ന ഈ മാമാങ്കങ്ങളുടെ സമകാലീനത!

ഇത് വിജ്ഞാന വ്യാപാരം!

ബൃഹത്തായ പ്രസിദ്ധീകരണ പ്രക്രിയയുടെ അവസാനത്തേയും പരമ പ്രധാനവുമായ ഘട്ടം. ഷേക്‌സ്പീരിയന്‍ നാടകങ്ങള്‍ മുതല്‍ ബെന്യാമിന്റെ ആടുജീവിതം വരെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സു മുതല്‍ കൈരേഖാശാസ്ത്രം വരേയും, ഐയന്‍സ്റ്റീന്‍ മുതല്‍ അബ്ദുള്‍കലാം വരെയുള്ള ശാസ്ത്രജ്ഞരേയും വായനക്കാര്‍ക്ക് പാതയോരത്ത് ലഭ്യമാകുന്ന അപൂര്‍വ്വ മുഹൂര്‍ത്തം! കരളും, ഹൃദയവും, ഗര്‍ഭസ്ഥ ശിശുവുമെല്ലാം നമ്മുടെ വിരല്‍ തുമ്പില്‍!

ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകങ്ങള്‍ രചിക്കുന്ന അമേരിക്കന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഗ്രെഹല്‍വ പറയുന്നതിങ്ങിനെ: 'Sell the way your customer wants to buy, not the way you like to sell.' (ഉപഭോക്താവിന് വാങ്ങാന്‍ താല്‍പര്യമുള്ള രീതിയിലാണ് വില്‍ക്കേണ്ടത്, നിങ്ങള്‍ക്ക് വില്‍ക്കാന്‍ താല്‍പര്യമുള്ള രീതിയിലല്ല)

വിപണന വിദഗ്ദ്ധനായ അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവ് പറഞ്ഞത് അപ്പാടെ ഇതാ കേരളത്തിലെ നടപ്പാതയില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു! ജോലിതിരക്കിനിടക്ക്, യാത്രാമദ്ധ്യേ, വഴിയോരത്തെ ബൂത്തുകളില്‍ കാണുന്ന ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായനക്കാര്‍ വാങ്ങുന്നു. വിലയില്‍ കാര്യമായ കുറവ്! കൂടാതെ പേരും പെരുമയുമുള്ള പുസ്തക കടകളിലേക്ക് പോകാനുള്ള ക്ലേശങ്ങളും ഒഴിവാക്കാം. ഇന്നത്തെ ജീവിത വ്യഗ്രതകള്‍ക്കിടക്ക് സമയം ലാഭിക്കാമെന്നതും വലിയ നേട്ടം തന്നെയല്ലേ!

പഴയതാണോ, പൈറേറ്റഡ് ആണോ, അല്ലെങ്കില്‍ മുഷിഞ്ഞ് മൂലകള്‍ ചുരുണ്ടിരിക്കുന്നതാണോ (dog-eared) എന്നതൊന്നും ഒരു യഥാര്‍ത്ഥ പുസ്തകപ്രേമിയെ സംബന്ധിച്ചിടത്തോളം അത്ര ഗൗരവമുള്ള കാര്യങ്ങളല്ല.

'എല്ലാര്‍ക്കൂള്ള സാധനം ഇവടെണ്ട്. പല പുസ്തകങ്ങള്‍ക്കും ഇരുപത് മുതല്‍ അറുപത് ശതമാനം വരെ ഡിസ്‌കൗണ്ട് ഞാന്‍ കൊടുക്കുന്നുണ്ട്,' ഒരു വഴിയോര കച്ചവടക്കാരന്‍ ആവേശംകൊണ്ടു.

ഞാന്‍ ഈ സ്റ്റാള്‍ ഉടമയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പക്ഷെ, ചില വിവരങ്ങള്‍ എന്നോടു പങ്കിടുന്നതില്‍ ഈ സുഹൃത്തിന് അല്‍പ്പം പിശുക്ക് ഉള്ളതുപോലെ തോന്നി.

'യാത്രക്കാര്‍ക്ക് തടസ്സം ഒന്നും ഇല്ലെങ്കിലും വഴിയോരത്തല്ലേ ഇത്രയും പുസ്തകങ്ങള്‍ ഇങ്ങനെ നിരത്തിയിട്ടിരിക്കിണത്! ഞങ്ങളുടെയൊക്കെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തതാണ് ഉത്തമം, സാര്‍,' സുഹൃത്ത് സവിനയം അറിയിച്ചു.

ശരിയാണ്. ഈ പറഞ്ഞതു മാനിച്ച് സുഹൃത്തിനെ തുടര്‍ന്നും ഇങ്ങിനെ മാത്രം സംബോധന ചെയ്യട്ടെ. കോര്‍പ്പറേഷന്‍കാര്‍ക്ക് വിവരമെത്തിച്ച് ഒരു പുസ്തകക്കട പൂട്ടിക്കുന്നൊരു അക്ഷരവൈരിയല്ല ഞാനെന്ന് അയാള്‍ക്ക് ഉറപ്പും കൊടുത്തു!

സെക്കന്‍ഡ്‌സ് (സെക്കന്‍ഡ് ഹേന്‍ഡ് പുസ്തകങ്ങളുടെ ഓമനപ്പേര്) അന്വേഷിച്ച് സുഹൃത്തിന്റെ പുസ്തകശാലയിലെത്തുന്നവരില്‍ സ്‌കൂള്‍-കാളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ എന്‍ജിനീയറിങ്ങിനും മെഡിസിനും പഠിക്കുന്നവര്‍ വരെയുണ്ട്.

'ഇംഗ്‌ളീഷ്, മലയാളം നോവലുകള്‍ ഞാന്‍ തിരിച്ചെടുക്കും. അവര്‍ എനിക്ക് തന്നതിന്റെ മുപ്പത് ശതമാനം കാശ് തിരിച്ചുകൊടുക്കും,' സുഹൃത്ത് കച്ചവട രീതി വ്യക്തമാക്കി.

സെക്കന്‍ഡ്‌സില്‍, സ്‌കൂള്‍-കാളേജ് പുസ്തകങ്ങള്‍ക്കാണത്രെ 'ബമ്പര്‍ ഓഫര്‍'! 'സങ്കടം പറഞ്ഞ് 'സെന്റി' അടിക്കുന്നതിനു മുന്നെത്തന്നെ അവര് പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ കിഴിവ് ഞാന്‍ കൊടുക്കും, കുട്ട്യോള് പഠിച്ച് നന്നാവട്ടെ, സാര്‍.'

സെക്കന്‍ഡ്‌സ് വിപണനം ചെയ്ത് കുടുംബം പുലര്‍ത്തുന്ന തിരക്കില്‍, ഗ്രെഹല്‍വയുടെ Unleashing the Power of Consultative Selling എന്ന പുസ്തകമൊന്നും വായിക്കാന്‍ നമ്മുടെ സുഹൃത്തിന് സമയം കിട്ടിക്കാണില്ല. എന്നാല്‍, സെക്കന്‍ഡ്‌സ് വില്‍ക്കുന്ന ഈ വിജ്ഞാന വ്യാപാരിയുടെ മനസ്സ് ശരിക്കും ഫസ്റ്റ് ഹേന്‍ഡാണ്!

ഡിജിറ്റല്‍ അല്ലാത്ത വായന ഒരു പ്രാകൃത സമ്പ്രദായമാണെന്ന് ന്യൂജെന്‍ തത്ത്വശാസ്ത്രങ്ങള്‍ വിളംബരം ചെയ്തുകഴിഞ്ഞിരിക്കുന്നു! ഇനി അതൊരു കൊടും കുറ്റകൃത്യമാണെന്ന് വിധി എഴുതുന്നതുവരെ, തെരുവിലെ പുസ്തക മേളകള്‍ക്ക് ജനപ്രിയമായിത്തന്നെ തുടരാം.

കേരളത്തില്‍ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും ഈയുള്ളവന് പോകാന്‍ കഴിഞ്ഞ നഗരങ്ങളിലെല്ലാം ഫൂട്പാത്ത് പുസ്തക വ്യാപാരം സജീവമാണ്. ബാര്‍ഗൈന്‍ ബുക്ക് സ്റ്റാളുകള്‍ മുതല്‍ ഇഷ്ടപ്പെട്ട സെക്കന്‍ഡ്‌സുകള്‍ കിലോ കണക്കിന് തൂക്കി വാങ്ങാവുന്ന മാര്‍ക്കറ്റുകള്‍ വരെ കാണാന്‍ സാധിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയും ഡല്‍ഹിയും കഴിഞ്ഞാല്‍, മുംബൈയിലായിരിക്കും രാജ്യത്തെ ഏറ്റവും വലിയ വഴിയോര പുസ്തക ശേഖരങ്ങള്‍. ബെംഗലൂരുവും, ചെന്നൈയും, ഹൈദരാബാദും, തിരുവനന്തപുരവും തൊട്ടു പിന്നിലുണ്ട്. ഇവയില്‍ പലതും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നുണ്ടെങ്കിലും, നമ്മുടെ മനസ്സുകളില്‍നിന്ന് വായനാശീലം കുടിയിറങ്ങുന്നതുവരെ ഈ വഴിയോര മാമാങ്കങ്ങള്‍ക്ക് ഒന്നും സംഭവിക്കാനിടയില്ല.

ഓണ്‍ലൈനായി ഓഡര്‍ ചെയ്ത് പുസ്തകം വാങ്ങുന്നത് വായനാ സംസ്‌കാരത്തിനെ സാരമായി ബാധിക്കുമെന്നാണ് നമ്മുടെ സുഹൃത്തിന്റെ പക്ഷം. ഈ അഭിപ്രായം കച്ചവട താല്‍പര്യം സ്വാധീനിച്ചതാവാം. പക്ഷേ, അല്‍പ്പമൊന്ന് ആലോചിച്ചാല്‍ വസ്തുതയും അതുതന്നെയെന്നു തിരിച്ചറിയാം. ഒരു ലൈബ്രറിയില്‍ പോയി ഇഷ്ടപ്പെട്ട ഒരു പുസ്തകം തിരഞ്ഞെടുത്ത് വായിക്കുമ്പോഴൊ, അല്ലെങ്കില്‍ വിപണിയില്‍ നിന്ന് ആരാഞ്ഞെടുത്തതൊന്നില്‍ വ്യാപൃതമായിരിക്കുമ്പോഴൊ ഉള്ള അനുഭൂതി ഓണ്‍ലൈന്‍ വഴി ലഭിക്കുമോ?

അജ്ഞാതനൊരാള്‍, അകത്തോ പുറത്തോ അല്ലാത്ത സ്ഥലത്തുവെച്ച്, ഉള്ളിലെന്താണെന്ന് ഉറപ്പില്ലാത്ത ഒരു പൊതി കൈമാറുന്നതിനെയല്ലേ 'ഫേഷനബ്ള്‍' ആയി ഓണ്‍ലൈന്‍ ഷോപ്പിങ് എന്നു നാം വിളിക്കുന്നത്?

സ്വേച്ഛാധിപത്യം കൊടികുത്തിവാണിരുന്ന പലചരക്കുകടകളുടെ നേരെ നാം പടിഅടച്ച് പിണ്ഡം വെച്ചു. വാങ്ങുന്ന സാധനം പൊട്ടിയതുമല്ല പൊളിഞ്ഞതുമല്ലായെന്ന് നേരിട്ടു കണ്ട് ഉറപ്പുവരുത്താനും, അകലെ വെച്ചിരിക്കുന്ന അടുത്തിറങ്ങിയ ഉല്‍പ്പന്നങ്ങള്‍ കൈ എത്തിച്ച് എടുക്കാനുമുള്ള സ്വാതന്ത്യ്രം തന്ന്, Customer is the King എന്നൊക്കെ പറഞ്ഞ് നമ്മളോട് ആദരവും കാണിച്ച സൂപ്പര്‍മാര്‍ക്കറ്റുകളെ നാം സാനന്ദം സ്വീകരിച്ചതാണ്. എന്നിട്ട്, ഇപ്പോഴിതാ എല്ലാം തലകീഴുമറിയുന്നു! ഇ-വാണിജ്യ വീരന്മരായ ഫ്‌ലിപ്കാര്‍ട്ടിനും, ആമസോണിനും, സ്‌നാപ്പ്ഡീലിനും, ആലിബാബക്കുമൊക്കെ നമ്മളെ എങ്ങിനെ വേണമെങ്കിലും ശരിപ്പെടുത്തിയെടുക്കാമല്ലൊ!

കസ്റ്റമേഴ്‌സില്‍നിന്ന് എന്തെങ്കിലും പ്രത്യേക അനുഭവം?

'ചില പുള്ളികള് 'ബുദ്ധിജീവി' കളാ, സാറെ! അവര് എന്നോടൊന്നും മിണ്ടില്ല. തെരച്ചിലോട്, തെരച്ചിലാ... എല്ലാം ചിന്നിചെതറി ഇടും. എന്നിട്ട്, തളര്‍ന്നാല്‍ അടുത്തുവന്ന് എന്റെ മുഖത്ത് നോക്കാതെ, ഒരുചോദ്യമുണ്ട്: ഇവടെ Les Misérables ഉണ്ടോ, Sherlock Holmes ഉണ്ടോ, The Da Vinci Code ഉണ്ടോ, എന്നൊക്കെ. നിമിഷനേരംകൊണ്ട് ഞാന്‍ സാധനം എടുത്തുകൊടുക്കും. ഈ വല്ല്യേ, വല്ല്യേ, വെള്ളക്കാരടെ ബുക്ക്കളെ കുറിച്ചൊക്കെ എനിക്കെങ്ങനെ അറിയാനാന്നാ ഇവമ്മാരടെ ഒക്കെ ഒരു ഭാവം! കൊറച്ച്കാലം ആയില്ല്യേ, സാറെ, ഈ വക 'കോഡു'കളൊക്കെ കാണാന്‍ തൊടങ്ങീട്ട്!'

'Les Misérables ന്റെ ഇംഗ്‌ളീഷ് പരിഭാഷയുടെ കൂടെ, മലയാളത്തിലെ 'പാവങ്ങളും' ചേര്‍ത്തു കൊടുക്കുമ്പോഴാണ് അവരൊക്കെ യഥാര്‍ത്ഥത്തില്‍ ജീന്‍വാല്‍ജിന്‍ (Les Misérables ലെ പാവം നായകന്‍) ആവുന്നത്,' സുഹൃത്തിന്റെ മുഖത്ത് 'ബുദ്ധിജീവി' കളോട് ബുദ്ധികാണിച്ച ഒരു സംതൃപ്തി!

കൂടാതെ, വിക്റ്റര്‍ ഹ്യൂഗൊയുടേയും, കനാന്‍ ഡോയലെയുടേയും, ഡേന്‍ ബ്രൗണിന്റേയുമൊക്കെ മറ്റു പുസ്തകങ്ങളും എടുത്ത് കാണിച്ചുകൊടുത്ത് ഇത്തരം കസ്റ്റമേഴ്‌സിനെ ഇടക്കൊക്കെ നമ്മുടെ സുഹൃത്ത് 'ഇംപ്രസ്സ്' ചെയ്യാറുണ്ടത്രേ!

ഞങ്ങളുടെ ഈ ചര്‍ച്ചക്കിടയിലും പുസ്ത കച്ചവടം വേണ്ടതുപോലെ നടക്കുന്നുണ്ട്. ഐറ്റങ്ങള്‍ പലതും ഞാനും മറിച്ചു നോക്കിക്കൊണ്ടിരുന്നു.

'പിന്നെ, ഫ്രീക്കന്‍മാര്... അവര് അല്‍പം കളറും മറ്റുമുള്ള മെഗസീ9സൊക്കെ മറച്ച്‌നോക്കി കൊറച്ച്‌നേരം അങ്ങിനെ നിക്കും. പിന്നീട്, കാര്യത്തിലേക്ക് കടന്നു പല, പല നോവല്‍സും അരിച്ച്‌പെറുക്കും. അവസാനം നല്ലൊരു 'ഇംഗ്‌ളീഷ് പൈങ്കിളി' യില്‍ സെറ്റില്‍ ചെയ്യും!'

എന്നാല്‍, ബുദ്ധിജീവികളേയും ഫ്രീക്കന്‍മാരേയും ഒരുനിലക്ക് നമ്മുടെ സുഹൃത്തിന് ഇഷ്ടമാണത്രെ! 'കാരണം, ഈ രണ്ട് വിഭാഗത്തില്‍പ്പെട്ടവരും എന്റടുത്തുവന്ന് 'പെര്‍ഫോം' ചെയ്യുന്നതിനാല്‍, അവര്‍ക്ക് ബാര്‍ഗൈന്‍ ചെയ്യാനുള്ള ഒരു 'ഇത്' നഷ്ടപ്പെടും. അതിനാല്‍, ഞാന്‍ ചോദിക്കുന്ന കാശും തന്ന് അവര്‍ സ്ഥലംവിടും.'

ഈ ഏര്‍പ്പാട് എങ്ങിനെ, ഗുണമുണ്ടോ, ഞാന്‍ ചോദിച്ചു.

''പുസ്തകം കേടുവരുന്ന സാധനമല്ലല്ലൊ, വിറ്റഴിയാന്‍ താമസം വന്നാലും കുഴപ്പമില്ല. പിന്നെ, സ്ഥലത്തിന് വാടകയുമില്ല. അതുകൊണ്ട് ജീവിക്കാനുള്ളത് ഇതില്‍നിന്ന് കിട്ടും.'

പേവ്‌മെന്റ് ബുക്ക് സ്റ്റാളിന് ആകെയുള്ള 'സ്ട്രക്ച്ചര്‍' ഒരു നീല ടാര്‍പാളിന്‍ ഷീറ്റാണ്! ഈ 'പീടിക' എങ്ങിനെയാണ് രാത്രിയില്‍ അടക്കുന്നത്?

'മൊത്തം കവര്‍ചെയ്ത് ഒരു കെട്ടലാണ്, സാറെ! അടുത്ത ദിവസം രാവിലെ തുറക്കുമ്പോള്‍, വെച്ചതെല്ലാം അതുപോലെതന്നെ ഇവടെ കാണും.'

പുസ്തകങ്ങളൊന്നും ആരും 'പൊക്കത്തില്ല' എന്നാണ് സുഹൃത്തിന്റെ ഉറച്ച വിശ്വാസം.

സുഹൃത്തിന്റെ ഈ ദൃഢവിശ്വാസം, The Man Who Loved Books Too Much എന്ന പുസ്തകം സുഹൃത്തിന്റെ ശേഖരത്തില്‍ ഉണ്ടോയെന്ന് ചോദിക്കാന്‍ എനിക്ക് പ്രചോദനമായി.

അതെ, നിങ്ങള്‍ ഉദ്ദേശിച്ചതുതന്നെ എഴുതട്ടെ, 'ബുദ്ധിജീവി' ആവാതിരിക്കാന്‍, ഒരു മുഖവുര കൊടുത്ത്, സുഹൃത്തില്‍ നിന്ന് ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു!

'ഈ പേര് ആദ്യം കേള്‍ക്ക്ആണല്ലോ,' ഖേദമറിയിച്ചു സുഹൃത്ത്.

ആലിസന്‍ ഹൂവര്‍ ബാര്‍റ്റ്‌ലറ്റ് എഴുതിയതാണ് ഈ പുസ്തകം. യഥാര്‍ത്ഥത്തില്‍ അവരൊരു പത്രപ്രവര്‍ത്തകയാണ്, ഞാന്‍ കൂടുതല്‍ വിവരം കൊടുത്തു.

'ഇല്ല, സാര്‍, ഇത് എന്റെ കളക്ഷനിലില്ല,'' സുഹൃത്ത് സമ്മതിച്ചു.

''കാര്യമെന്താ?' സുഹൃത്ത്‌ന് ആകാംക്ഷ.

ലോകത്തെ ഏറ്റവും (കു)പ്രസിദ്ധനായ പുസ്തക മോഷ്ടാവാണ് ജോണ്‍ ചാള്‍സ് ഗില്‍കി. കാലിഫോര്‍ണിയക്കാരന്‍. പുള്ളിക്കാരന്‍ രണ്ട് ലക്ഷം ഡോളര്‍ വിലവരുന്ന പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും മോഷ്ടിച്ച്, 2010-ല്‍ പിടിയിലായി. വിലപിടിപ്പുള്ള പുസ്തകവും വണ്ടിച്ചെക്കുമായിരുന്നു ഗില്‍കിയുടെ ബലഹീനത.

ഗില്‍കിയുടെ ബുക്ക് മോഷണങ്ങളും മോഷണരീതികളും ഒരു ചരിത്രം പോലെ എഴുതിയ, The Man Who Loved Books Too Much, പ്രസിദ്ധീകരിച്ച വര്‍ഷം (2010) മുതല്‍ ചൂടപ്പമാണ്. കൂടാതെ, കര്‍ക്കശക്കാരായ നിരൂപകന്‍മാര്‍പോലും ഏറെ നന്നായാണ് ഇതിനെക്കുറിച്ചു എഴുതുന്നത്. 'The True Story of a Thief,' എന്ന് സകലരും ഈ പുസ്തകത്തെ വിശേഷിപ്പിച്ചു!

എന്റെ വിവരണം സുഹൃത്ത് പൂര്‍ണ്ണ മനസ്സോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

'സാറ് പറഞ്ഞുവരുന്നത് മനസ്സിലായി,' സുഹൃത്ത് ഇപ്പോള്‍ അല്‍പം ഗൗരവത്തിലാണ്.
'അല്ല, സുഹൃത്തേ, ഗില്‍കിക്ക് കാലിഫോര്‍ണിയയില്‍ നിന്ന് കേരളത്തിലെത്താന്‍ അധികം സമയമൊന്നും വേണ്ട,' കുസൃതിയില്‍ ഞാന്‍ വീണ്ടുമോന്ന് വിരട്ടി.

ഇത് കേട്ടയുടനെ സുഹൃത്ത് പൊട്ടിച്ചിരിച്ചു. ഞാന്‍ കൂടെ ചിരിച്ചു, പക്ഷെ, എനിക്കു കാര്യം മനസ്സിലായില്ല.

'അമേരിക്കക്കാരന്‍ കേരളത്തില്‍ വന്നാല്‍, മൂപ്പരുടെ ഇപ്പോഴത്തെ പരിചയസമ്പത്ത് വെച്ച്, ഇവിടെ പിടിച്ച്‌നില്‍ക്കാന്‍ പറ്റില്ല. മൂപ്പര് വല്ല ക്വട്ടേഷന്‍ സംഘത്തിലും ചേരാനാണ് സാധ്യത -- അതല്ലേ, ഇവടത്തെ ഒരു ട്രെന്‍ഡ്!''

''എന്റെ പുസ്തകങ്ങള്‍ സുരക്ഷിതമാണ്, സാര്‍,' സുഹൃത്ത് ഉളളുതുറന്നു ചിരിച്ചു.

റോബിന്‍ ഹുഡിന്റെ കേരള പതിപ്പായ കായംകുളം കൊച്ചുണ്ണിയും, ഐതിഹാസിക കഥാപാത്രങ്ങളായ 'പൊന്‍കുരിശ്ശ്' തോമയും, 'നേന്ത്രക്കുല' നാണുവും, പിന്നെ പട്ടികയില്‍ പുതുതായി ഇടം തേടിയ 'പള്‍സര്‍' സുനിയും മറ്റും 'സ്‌പെഷ്യലൈസ്' ചെയ്തിരിക്കുന്ന വിഷയങ്ങളില്‍ പുസ്തകമില്ലല്ലൊ!

എന്റെ പുതിയ വിശദീകരണം കേട്ടു മനസമാധാനം വീണ്ടുകിട്ടിയ സുഹൃത്ത്, പുതിയതായി എത്തിയ കസ്റ്റമര്‍ക്ക്, 'സമ്പൂര്‍ണ്ണ ചാണക്യ നീതി' എടുത്തു പൊതിഞ്ഞു കൊടുത്തു.

വിജ്ഞാനം വഴിയോരത്ത് (വിജയ് .സി .എച്ച്)വിജ്ഞാനം വഴിയോരത്ത് (വിജയ് .സി .എച്ച്)വിജ്ഞാനം വഴിയോരത്ത് (വിജയ് .സി .എച്ച്)
വിദ്യാധരൻ 2019-10-04 23:29:21
"ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം"

കള്ളന്മാര്‍ മോഷ്ടിക്കില്ല, രാജാവു മോഷ്ടിക്കില്ല,സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട, ഒട്ടും ഭാരമില്ല, എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ, വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം

"കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം" (ഉള്ളൂർ )

അതുകൊണ്ടു അത് വഴിയരികിൽ നിന്നല്ല കുപ്പയിൽ നിന്ന് വന്നാലും വിജ്ഞാനമല്ലേ പോരട്ടെ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക