ഏകാന്തതയുടെ ഒരു ചെറിയ
പച്ചത്തുരുത്തു വേണം, എനിക്കും നിനക്കും.
തനിയെ ആയിരിക്കുവാന്‍,
തന്നിലേക്കു മാത്രം നോക്കിയിരിക്കുവാന്‍.
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ,
പരിഭവങ്ങളും പരാതികളുമില്ലാതെ,
സ്‌നേഹമോ സ്‌നേഹനിരാസമോ ഇല്ലാതെ,
സ്വയമിഴകീറിത്തിരയുവാനൊരിടം.
മിഴികൂമ്പിയിരുന്നെന്നാല്‍ ആത്മാവില്‍,
വെണ്‍തൂവലുകള്‍ പൊഴിയുന്നതറിയണം.
ഇളംകാറ്റിന്‍ കുസൃതിയില്‍, മുടിയിഴയിളക്കങ്ങളില്‍,
തിരമൊഴിയും കിന്നാരങ്ങളില്‍, ഇളവെയിലോരങ്ങളില്‍,
പ്രകൃതിയും ഞാനും രണ്ടല്ലെന്നറിയുവാന്‍,
വെറുതെയിരിക്കുവാന്‍, ഒരു പുഞ്ചിരി ചൂടുവാന്‍...
കൊഴിയും നിമിഷങ്ങളില്‍ അലിഞ്ഞു ചേര്‍ന്നീടുവാന്‍
താനായിരിക്കുവാന്‍, തനിയെ ആയിരിക്കുവാന്‍,
എനിക്കും നിനക്കും ഒരു പച്ചത്തുരുത്തു വേണം..!