-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 47: ജയന്‍ വര്‍ഗീസ്)

Published

on

ഡല്‍ഹിയില്‍ നിന്ന് ന്യൂ യോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യയുടെ നാല് ടിക്കറ്റുകളാണ് കൊച്ചേച്ചി ഞങ്ങള്‍ക്ക് എത്തിച്ചു തന്നത്. കടുത്തുരുത്തിയിലുള്ള ഒരാളുടെ കൈയില്‍ കൊടുത്തയക്കുകയായിരുന്നു. ഞങ്ങളോടൊപ്പം വിസ കിട്ടിയ മറ്റു രണ്ടു പേര്‍  കൂടിയുണ്ട്. മേരിക്കുട്ടിയുടെ മൂത്ത ഒരാങ്ങളയും, ഭാര്യയും. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുകയായിരുന്ന എന്റെ അനുജന്‍ റോയി ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാനായി നാട്ടില്‍ വന്നു.

അങ്ങിനെ ഞങ്ങളുടെ അമേരിക്കന്‍ യാത്ര ആരംഭിക്കുകയാണ്. വീടും, പറന്പുമെല്ലാം അപ്പനെയും, അമ്മയെയും ഏല്‍പ്പിച്ചു. അവര്‍ അവിടെ താമസമാക്കി. അമേരിക്കയില്‍ വന്നു പെരുമാറാനുള്ള അരിപ്പൊടി, കറിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി മുതലായ പൊടികളും, ചട്ടി, കലം, തവി മുതലായ അടുക്കള വസ്തുക്കളും, കുറച്ചു കാലത്തേക്കുള്ള ഉടുതുണി സാമഗ്രികളും ഒക്കെക്കൂടി അഞ്ചാറു പെട്ടി സാധനങ്ങള്‍ നിറച്ചു വച്ചു. ഞാനാണെങ്കില്‍ എന്റെ പുസ്തകങ്ങളും,കൈയെഴുത്തു പ്രതികളും, എന്‍. ബി. എസ്. പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തു അച്ചടിക്കാനൊരുങ്ങിയിരുന്ന ' ജ്യോതിര്‍ഗമയ ' എന്ന നാടകം തിരിച്ചു വാങ്ങിച്ചതും, എനിക്ക് കിട്ടിയ അവാര്‍ഡുകളുടെ സര്‍ട്ടിഫിക്കേറ്റുകളും ഒക്കെക്കൂടി ഒരു ഹാന്‍ഡ് ബാഗ് നിറയെ സാധനങ്ങള്‍. മകന്‍ വളരെക്കാലം കൊണ്ട് ശേഖരിച്ച സ്റ്റാന്പുകളും തീപ്പെട്ടി പടങ്ങളും കൂടി ഒരു വലിയ കെട്ട്  അനുജന്റെ മകന്‍ സുനിലിന് ഏല്‍പ്പിച്ചു കൊടുത്തു. ഭാര്യക്കും മകള്‍ക്കും സങ്കടമില്ല. മകളുടെ കൂട്ടുകാരിയായിരുന്ന തൊട്ടും കരയിലെ സൈനബയെ പിരിയാന്‍ അല്‍പ്പം സങ്കടം ഉണ്ടായിരുന്നെങ്കിലും, അമേരിക്കയിലെ ആന്റിമാരോട് ചേരുന്നതിലുള്ള സന്തോഷം അതിനേക്കാള്‍ വലുതായി നിന്നു.

ആലുവാ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളെ എത്തിക്കുന്നതിനുള്ള വണ്ടി റോഡില്‍ വന്നു. വേങ്ങച്ചുവട്ടില്‍ കൊച്ചപ്പന്റെ പറന്പിലൂടെ നടന്ന് തോട് കടന്ന് പാടത്തിന്റെ നടയിലൂടെ കുറെ നടന്നിട്ടു വേണം റോഡിലെത്തുവാന്‍. അനുജന്‍മാരും അടുത്ത സുഹൃത്തുക്കളും ഒക്കെക്കൂടി വലിയ പെട്ടികളും ചുമന്നു കൊണ്ട് തോട് കടന്നു പാടത്തിന്റെ നടയിലൂടെ ഞങ്ങള്‍ റോഡിലേക്ക് പോകുന്‌പോള്‍ വിസ്തൃതമായ ചാത്തമറ്റം പാടത്തു ഞാറ് നടീല്‍ നടക്കുകയായിരുന്നു. ഒരു ചെറു ജാഥ പോലെ ഞങ്ങള്‍ നടയിലൂടെ നടന്നു നീങ്ങുന്‌പോള്‍ മുപ്പതോളം സ്ത്രീകള്‍ ഞാറു നടീല്‍ നിര്‍ത്തി എഴുന്നേറ്റു നിന്ന് കൈവീശി ഞങ്ങള്‍ക്ക് യാത്രാമൊഴി ചൊല്ലുകയായിരുന്നു. പാവങ്ങളുടെ ജീവിത പരിസരങ്ങളില്‍ ഒരു സഹ യാത്രികനായി അവരോടൊപ്പം എന്നുമുണ്ടായിരുന്ന ഞാനും, എന്റെ കുടുംബവും കണ്ണെത്താത്ത ഏതോ അകലങ്ങളില്‍ അലിയുകയാണല്ലോ എന്ന വേദനയാവാം ആ കൈ വീശലുകളില്‍ നിറഞ്ഞു നിന്നത് എന്ന്  എനിക്ക് മനസിലായി.  തോടിന്റെ കരയിലെ മരക്കുറ്റിയില്‍ ഇരുന്ന് അരുമയായ ഒരു നീലപ്പൊന്മാന്‍  തന്റെ കഴുത്തും ചുണ്ടും ഉയര്‍ത്തിയും, താഴ്ത്തിയും ' പോയിവാ, പോയിവാ ' എന്ന് പറയുന്‌പോള്‍ പതിനൊന്നു കാരനായ എന്റെ മകന്‍ അതിനോടും കൈവീശി റ്റാറ്റാ പറഞ്ഞു . ( കഴിഞ്ഞ ദശകങ്ങളില്‍ ഒന്നില്‍ ഹാലിയുടെ വാല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടപ്പോള്‍ വെളുപ്പിന് ഈ നടയില്‍ കൊണ്ടുവന്നിട്ടാണ് തടസങ്ങളില്ലാതെ ഞാനവനെ അത് കാണിച്ചു കൊടുത്തത്. ഞങ്ങള്‍ രണ്ടുപേരും ഉള്ളപ്പോള്‍ ഈ നൂറ്റാണ്ടില്‍ ഇനിയത് പ്രത്യക്ഷപ്പെടുകയില്ലാ എന്ന് അന്ന് ഞാനവനോട് പറഞ്ഞിരുന്നു. )

മൂന്നു ദിനരാത്രങ്ങള്‍ മുഴുവനും തീവണ്ടിയില്‍ കഴിച്ചു കൂട്ടുന്‌പോഴൊക്കെയും അപ്പനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു മനസ് നിറയെ. എന്നാല്‍ അമ്മയെക്കുറിച്ച് അത്രക്ക് വേവലാതി തോന്നിയില്ല. നാല് ആണ്‍മക്കള്‍ ഉണ്ടായിട്ട് രണ്ടു പേര് കണ്ണെത്താ ദൂരത്തു മറയുന്നു. മക്കളുടെ സാമീപ്യം എന്ന വന്‍  റവന്യൂ എന്നെന്നേക്കുമായി അവര്‍ക്കു നഷ്ടപ്പെടുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണ് നിറയുകയും, ഹൃദയം നിശബ്ദമായി തേങ്ങുകയും ചെയ്തു. എന്റെ ഏറ്റവും നല്ല സുഹൃത്തും, അഭ്യുദയാകാംഷിയും ആയ അപ്പന്‍ എനിക്കും കൈയെത്താ ദൂരത്ത് ആയിപ്പോവുകയാണല്ലോ എന്ന വേദന എന്നെയും തളര്‍ത്തി. ഡല്‍ഹിയില്‍ ഇറങ്ങിയ ഉടനെ റോയിയുടെ കൂടെപ്പോയി എസ് . ടി. ഡി. ബൂത്തില്‍ നിന്ന് ഞാന്‍ അപ്പനെ വിളിച്ചു. പ്രതികൂലങ്ങളെ നേരിടാന്‍ എന്നേക്കാള്‍ കരുത്തനായ അപ്പന്‍ " നീ ധൈര്യമായിട്ടു പൊക്കോ " എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചുവെങ്കിലും, പുറത്തറിയിക്കാതെ ആ തൊണ്ടയില്‍ അപ്പന്‍ ഒളിപ്പിച്ച ഗദ്ഗദം എനിക്ക് മാത്രം തിരിച്ചറിയാന്‍ സാധിച്ചിരുന്നു.

ഞങ്ങളുടെ കൂടെ പോരുന്ന പൗലോസ് അളിയന്റെ മൂത്ത മകള്‍ ഡല്‍ഹിയില്‍ നഴ്‌സായി ജോലി നോക്കുന്ന ജെസ്സിയും, കുടുംബവും അന്ന് ഡല്‍ഹിയില്‍ താമസിക്കുന്നുണ്ട്. അവിടെയാണ് ഞങ്ങളുടെ താമസം. ഫ്‌ളൈറ്റിന് ഒരു ദിവസം കൂടി ഉള്ളതിനാല്‍ ഉള്ള സമയം കൊണ്ട് ജെസ്സിയുടെ ഭര്‍ത്താവ് ജോര്‍ജ് എല്ലാവരെയും കൊണ്ട് ഡല്‍ഹിയില്‍ ഒന്ന് കറങ്ങി. കറക്കം കഴിഞ്ഞു വന്നപ്പോള്‍ റോയിക്ക് കഠിനമായ പനി. ഇത്രയും പനിയും വച്ച് കൊണ്ട് ഒറ്റക്ക് പോകണ്ടാ എന്ന് പറഞ്ഞ് റോയിയെ ജെസ്സിയുടെ വീട്ടില്‍ കിടത്തി. കഠിനമായി പനിച്ചു കിടന്ന റോയിയെ പരിചരിച്ചിരുന്നത് ആ വീട്ടില്‍ ആങ്ങളയോടൊപ്പം താമസിച്ചിരുന്ന ജോര്‍ജിന്റെ സഹോദരി റൈന ആയിരുന്നു. ( പില്‍ക്കാലത്ത് ഈ റൈനയെത്തന്നെ റോയി വിവാഹം കഴിച്ചു. )

കഠിനമായ പനി ആയിരുന്നിട്ടു കൂടി റോയിയും എയര്‍പോര്‍ട്ട് വരെ വന്നിരുന്നു. ചെക്കിങ്ങിനു മുന്‍പ് കൈയില്‍ അവശേഷിച്ചിരുന്ന നാലായിരം രൂപാ റോയിക്കു കൊടുത്തിട്ട് അതുവരെയും ഏതൊരു ഇന്‍ഡ്യാക്കാരന്റെയും വലിയ ആകര്‍ഷണമായിരുന്ന ഇന്ത്യന്‍ കറന്‍സിയോട് ഞങ്ങള്‍ വിട പറഞ്ഞു.

അനന്ത വിസ്തൃതമായ ആകാശ നീലിമയിലേക്കു വിമാനം പറന്നുയരുന്‌പോള്‍ ആയിരം സ്വപ്നങ്ങളുടെ ആവേശത്തോടൊപ്പം അത് വരെയുള്ള ചരിത്രത്തിന്റെ അവശേഷിപ്പുകളെ കുറിച്ചുള്ള ആശങ്കകളും ഉണ്ടായിരുന്നു മനസ്സില്‍. വിമാനം മദ്ധ്യ പൗരസ്ത്യ ദേശത്തിനു മുകളിലൂടെയാണ് പറക്കുന്നതെന്ന് മുന്നമേ അറിയാമായിരുന്നത് കൊണ്ട്, ഇറാക്കിന്റെ കുവൈറ്റ് ആക്രമണത്തെ തുടര്‍ന്നുളവാകാവുന്ന ആകാശ യുദ്ധങ്ങളുടെ ഭീഷണിയില്‍ നമ്മളും പെട്ട് പോയേക്കുമോ എന്ന ഭയവും ഉള്ളിലുണ്ടായിരുന്നു. ആദ്യമായി ആകാശത്തു യാത്ര ചെയ്‌യുന്ന അപരിഷ്കൃതനും, ഗ്രാമീണനുമായ എന്റെ ആശങ്കകള്‍ എത്രമാത്രം ബാലിശമാണെന്ന് എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടു ജീവിതം ആഘോഷിക്കുകയാണ് വിമാന യാത്രക്കാര്‍. വിമാനത്തില്‍ ലഭ്യമായ വില കൂടിയ മദ്യം ആവോളം ആസ്വദിച്ചു കൊണ്ട് അര്‍ദ്ധ മയക്കത്തിലാണ് മിക്ക യാത്രക്കാരും.

ഇരുപതോളം മണിക്കൂറുകളുടെ കുത്തിയിരിപ്പ്. ഇടക്ക് ലണ്ടനില്‍ ഒന്നിറങ്ങിയെങ്കിലും യാത്രക്കാര്‍ക്ക് പുറത്തു പോകാന്‍ അനുവാദമില്ല. എങ്കിലും നിലത്താണല്ലോ ഇപ്പോള്‍ നമ്മള്‍ എന്ന ഒരാശ്വാസം മനസില്‍ നിറയുന്നത് നമുക്കറിയാം. ലണ്ടനില്‍ നിന്ന് ന്യൂ യോര്‍ക്കിലേക്കുള്ള യാത്രയില്‍ അല്‍പ്പം മദ്യം കഴിച്ചു മയങ്ങുന്നത് തന്നെയാണ് നല്ലത് എന്നെനിക്കു തോന്നി.  ഒന്നും ചിന്തിക്കാതെ കഴിക്കാമല്ലോ? അല്‍പ്പം ചിന്തിച്ചു പോയാല്‍, നാല്പത്തിനായിരത്തോളം അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്റെ അടിയില്‍ അതിവിശാലമായ അറ്റലാന്റിക് സമുദ്രമാണല്ലോ എന്ന ബോധം മനസിനെ ഒന്ന് ഭയപ്പെടുത്തുക തന്നെ ചെയ്‌യും. ദൈവ വിശ്വാസത്തിന്റെ ഒരു കണികയെങ്കിലും മനസിലുള്ളവന്‍ ' ദൈവമേ, കാത്തു കൊള്ളേണമേ' എന്ന് ഒരു നിമിഷമെങ്കിലും പ്രാര്‍ത്ഥിച്ചു പോകും. അല്ലാത്തവന്‍ ' എല്ലാം യാദൃശ്ചികം ' എന്ന പുറം തോടില്‍ തല വലിച്ചു കൊള്ളും. വെള്ളിമേഘപ്പട്ടിനു മുകളിലൂടെ പറന്നെത്തിയ ആ വലിയ വെള്ളിപ്പിറാവ് ആയിരം സ്വപ്നങ്ങളുടെ ആള്‍രൂപങ്ങളായ ഞങ്ങളെയും വഹിച്ചു കൊണ്ട് പസഫിക്  അറ്റലാന്റിക് മഹാ സമുദ്രങ്ങളുടെ സംഗമ ഭൂമിയായ അമേരിക്കന്‍ മണ്ണില്‍, ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയപ്പോള്‍,

ഇങ്ങു പടിഞ്ഞാറിവിടെയീ ഭൂമി ത 
നിങ്ങേപ്പുറത്തിന്റെ യീ തീര ഭൂമിയില്‍,
വിശ്വ സംസ്കാര കൊടിക്കൂറകള്‍ പേറി 
യശ്വ രഥങ്ങ, ളുരുണ്ടൊരീ വീഥിയില്‍,

പോരാ, സമൃദ്ധിയും, ശാസ്ത്രവും കൈകോര്‍ത്തു
കാല പ്രവാഹം നിയന്ത്രിച്ച വേദിയില്‍,
ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നെത്രയോ
തങ്ക സ്വപനങ്ങളു, മായി വന്നെത്തി നാം ?

 എന്ന് എന്റെ മനസ്സ് പിടയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.!

വെളിച്ചത്തിന്റെ ഒരു ലോകത്തു കാല്‍ കുത്തിയത് പോലെ തോന്നി. കൊച്ചേച്ചിയുടെ നേതൃത്വത്തില്‍ ഒരു വലിയ സംഘം ഞങ്ങളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. പൗലോസ് അളിയന്റെ ഭാര്യ സാറാക്കുട്ടി ചേച്ചി കൊച്ചേച്ചിയുടെ ഭര്‍ത്താവായ മാത്തച്ചന്‍ ചേട്ടന്റെ പെങ്ങളായിരുന്നു എന്നത് കൊണ്ട് ആ സൈഡില്‍ നിന്നും കുറേപ്പേര്‍ ഉണ്ടായിരുന്നു. അതില്‍ പോത്താനിക്കാട്ട് നിന്നുള്ള കീപ്പനശേരില്‍ തോമാക്കുഞ്ഞു ചേട്ടന്റെ വണ്ടിയിലാണ് ഞങ്ങള്‍ കയറിയത്. മുന്‍പ് നേരിട്ട് കണ്ടിട്ടില്ലെങ്കിലും, പരസ്പരം അറിയാവുന്ന കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു ഞങ്ങള്‍. ( അമേരിക്കയില്‍ എത്തുന്ന എല്ലാവര്‍ക്കും നിയമ പരവും, വിദ്യാഭ്യാസ പരവും, ജോലി തേടല്‍ സംബന്ധവുമായ കുറെ ഹെല്‍പ്പുകളും, യാത്രകളും ആവശ്യമായി വരാറുണ്ട്. ബന്ധുക്കളും, പരിചയക്കാരുമായ പലരും തന്ത്ര പൂര്‍വം മുഖം തിരിച്ചപ്പോഴും, കൊച്ചേച്ചിയോടൊപ്പം ഞങ്ങളെ സഹായിച്ചത് തോമസ് കീപ്പനാശ്ശേരില്‍ എന്ന ഈ ചേട്ടനും, കുടുംബവുമായിരുന്നു എന്നത് നന്ദിയോടെ ഇവിടെ സ്മരിക്കുകയും, അന്നു മുതല്‍ ഇന്നു വരേയും ആ കുടുംബത്തെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്‌യുന്നു )

ജീവിതത്തില്‍ ഇന്നുവരെയും കാണാത്ത ഒരു വാഹന പ്രളയമാണ് യാത്രയില്‍  കാണാന്‍ കഴിഞ്ഞത്. ബെല്‍റ്റ് പാര്‍ക് വേയിലൂടെ ( പേര് പിന്നീടാണറിഞ്ഞത്. ) ഒഴുകി നീങ്ങിയ ചുവപ്പു പ്രളയത്തില്‍ അലിഞ്ഞു ഞങ്ങളൊഴുകുന്‌പോള്‍, മറു വശത്തെ എതിര്‍ ദിശയിലൂടെ ഒരു വെളുപ്പിന്റെ പ്രളയവും ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. മഞ്ഞു വീണു തോര്‍ന്നു കഴിഞ്ഞിട്ടില്ലായിരുന്ന വഴിയോരങ്ങളില്‍ നിന്ന് മകരക്കുകളിരിനൊപ്പം സൗമ്യമായ ഒരു മണവും ഞാന്‍ തിരിച്ചറിഞ്ഞു. ഒരു പക്ഷെ, ആദ്യം വരുന്നവര്‍ക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്ന ഈ മണം അമേരിക്കന്‍ മണ്ണിന്റെ മണമായിരിക്കാം എന്ന് ഞാന്‍ കരുതി.

സ്റ്റാറ്റന്‍ ഐലണ്ടിലുള്ള കൊച്ചേച്ചിയുടെ വീട്ടിലെത്തുന്‌പോള്‍ അവിടെ ഞങ്ങളുടെ വരവ്  പ്രമാണിച്ചു വലിയ പാര്‍ട്ടി നടക്കുകയാണ്. ബന്ധുക്കളും, പരിചയക്കാരുമായി കുറച്ചേറെ പേര്‍ വീട്ടിലുണ്ട്. മിക്കവരുടെയും കൈയില്‍ ഐസ് ക്യൂബുകള്‍ മുങ്ങിത്താഴുന്ന ഡ്രിങ്ക്‌സ് ഗ്ലാസ്സുകള്‍. എല്ലാവരും ' സമൃദ്ധമായി ' പരിചയപ്പെട്ടു. ഉന്നത വിദ്യാഭ്യാസമോ, പ്രൊഫഷണല്‍ ക്വോളിഫിക്കേഷനോ ഇല്ലാത്ത ഞങ്ങളെ ഫയല്‍ ചെയ്തു കൊണ്ട് വന്നതില്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇങ്ങനെയുള്ളവര്‍ വന്നാല്‍ അമേരിക്കയില്‍ ലാലാ പാടി നടക്കേണ്ടി വരുമെന്നും, അങ്ങിനെ വന്നാല്‍ കൊണ്ട് വന്നവര്‍ തന്നെ സംരക്ഷിച്ചു കൊള്ളണമെന്നും, സഹോദരങ്ങള്‍ തന്നെ കൊച്ചേച്ചിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പിന്നീട് അറിയാന്‍ കഴിഞ്ഞു. അമേരിക്കയില്‍ വന്നു ചാടുന്ന ഈ തെണ്ടിക്കുടുംബം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാണാനുള്ള ഒരു ക്രൂര ജിജ്ഞാസ കുറേപ്പേരുടെയെങ്കിലും മനസ്സില്‍ ഉണ്ടായിരുന്നു എന്നാണ് എന്റെ നിഗമനം.

 പാര്‍ട്ടിയും,പരിചയപ്പെടലും എല്ലാം നടക്കുന്നതിനിടയില്‍ ചില ചേട്ടന്മാര്‍ എന്നെ താഴോട്ടു വിളിച്ചു. ചേട്ടന്റെ മറ്റൊരു പെങ്ങളും, കുടുംബവുമാണ് അവിടെ താമസിക്കുന്നത്. അവരുടെ ലിവിങ് റൂമില്‍ ധാരാളം അതിഥികള്‍ ടി. വി. കണ്ട് ഇരിക്കുന്നുണ്ട്. ഒരു വേണ്ടപ്പെട്ട ചേട്ടന്‍ എന്നെ വിളിച്ചു സോഫായിലിരുത്തി. എന്നിട്ട്, ഐസ് ക്യൂബുകള്‍ നുരക്കുന്ന മുക്കാല്‍ ഗ്‌ളാസ് വരുന്ന സ്വര്‍ണ്ണ നിറമുള്ള മദ്യം എന്റെ നേരെ നീട്ടി സ്‌നേഹപൂര്‍വ്വം " ഇതങ്ങോട്ടു കുടിച്ചോ, തണുപ്പ് മാറട്ടെ. " എന്ന് പറഞ്ഞു. എനിക്ക് വേണ്ടെന്നും, വര്‍ഷങ്ങളായി  ഞാന്‍ കുടിക്കാറില്ലെന്നും പറഞ്ഞത് അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. " അത് അവിടെ. ഇവിടെ ഇതൊന്നും കഴിക്കാതെ ജീവിക്കാന്‍ പറ്റൂല്ലാ. " എന്നും പറഞ്ഞു കൊണ്ട്  അദ്ദേഹവും മറ്റുള്ളവരും എന്നെ നിര്‍ബന്ധിച്ചുവെങ്കിലും, ശീലങ്ങള്‍ മാറ്റാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു ഞാന്‍ ഒഴിവായി.  "കഞ്ഞി കുടിച്ചു കിടക്കാനായിരുന്നെങ്കില്‍ അവിടെക്കിടന്നാല്‍ മതിയായിരുന്നല്ലോ, എന്തിനാ ഇങ്ങോട്ടു പോന്നത്? " എന്ന ദേഷ്യത്തോടെയുള്ള ചോദ്യവുമായി അവര്‍ എന്നെ മോചിപ്പിച്ചു

മുകളില്‍ മൂന്നു ബെഡ്‌റൂമുകളും.താഴെ രണ്ട് ബെഡ്‌റൂമുകളുമുള്ള 'മദര്‍ ആന്‍ഡ് ഡോട്ടര്‍ ' വിഭാഗത്തില്‍ പെട്ട വീടാണ് ചേച്ചിയുടേത്. ചേച്ചിയുടെ ആണ്‍മക്കള്‍ അനീഷും, അഭിലാഷും ഓരോ മുറികളിലാണ് ഉറങ്ങിയിരുന്നത്. പ്രധാന ( മാസ്റ്റര്‍ ) ബെഡ്‌റൂമില്‍ ചേട്ടനും, ചേച്ചിയും. മൂന്നു കാരണവന്മാര്‍ കൂടി വീട്ടിലുണ്ട്, ചേട്ടന്റെ അപ്പനും, ചേച്ചിയുടെ അപ്പനും, അമ്മയും. നിലവില്‍ ഏഴുപേരുള്ള വീട്ടിലേക്കാണ് ഞങ്ങള്‍ നാല് പേര്‍ കൂടി എത്തിയിരിക്കുന്നത്. ചേച്ചിയുടെ ത്യാഗ സന്നദ്ധരായ കുട്ടികള്‍ അവരുടെ ബെഡ് റൂമുകള്‍ ഒഴിച്ചിട്ടു കൊണ്ട് ലിവിങ് റൂമിലാണ് ഇപ്പോള്‍  ഉറങ്ങുന്നത്. എങ്ങനെയൊക്കെയോ അഡ്ജസ്റ്റു ചെയ്ത് അഭിലാഷിന്റെ കൊച്ചു മുറി ഞങ്ങള്‍ക്ക് കിട്ടി. താഴത്തെ നിലയില്‍ ചേട്ടന്റെ പെങ്ങള്‍ ഷേര്‍ളിയും, കുടുംബവും താമസിക്കുന്ന കൂടെ ഞങ്ങളോടൊപ്പം വന്ന പൗലോസ് അളിയനും, ചേച്ചിയും താമസമാക്കി. ഷേര്‍ളിയുടെ കുട്ടി ഉള്‍പ്പടെ പതിനാറു അംഗങ്ങളാണ് ഒരു വീട്ടില്‍ താമസം.

' ഫുള്‍ ' സൈസിലുള്ള ഒരു ബെഡ് ആണ് അഭിലാഷിന്റേത്. അതില്‍ നാല് പേര്‍ക്ക് കിടന്നുറങ്ങാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. അതൊന്നും ചേച്ചിയെ അറിയിക്കാതെ ഞങ്ങള്‍ കിടന്നുറങ്ങും. എല്ലാവരും കിടന്നു കഴിയുന്‌പോള്‍ ഒരു ഷീറ്റു തറയില്‍ വിരിച്ചു ഞാന്‍ തറയിലെ കാര്‍പ്പറ്റില്‍ കിടക്കും. അമേരിക്കയില്‍ അതൊക്കെ മോശം പരിപാടിയാണ് എന്ന് ചേച്ചി പറയുമായിരുന്നെങ്കിലും കാസര്‍പ്പറ്റിനു  മുകളിലെ ഉറക്കം എനിക്ക് പരമ സുഖമായിരുന്നു. നടുവ് വേദന ഭയന്ന് ഭാര്യ എന്നും ബെഡ്ഡില്‍ തന്നെ ഉറങ്ങി.

ജനുവരി മാസത്തിലെ അവസാന ആഴ്ചകള്‍...നല്ല തണുപ്പുള്ള ദിനരാത്രങ്ങള്‍. ചേച്ചി വാങ്ങിത്തന്ന ചൂടുടുപ്പുകളും ധരിച്ച് ഷോപ്പിങ്ങിനും, സോഷ്യല്‍ സെക്യൂരിറ്റി ഓഫീസിലുമൊക്കെ ഞങ്ങള്‍ കയറിയിറങ്ങി. ഡിസേബിലിറ്റി സ്റ്റാറ്റസില്‍ ജോലിക്ക് പോകാതിരിക്കുന്ന തോമക്കുഞ്ഞു ചേട്ടനായിരുന്നു ഞങ്ങളെ പല സ്ഥലങ്ങളിലും കൊണ്ട് പോയിരുന്നത്. എല്‍ദോസിനെ ഇവിടുത്തെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ട് പോയപ്പോഴും അദ്ദേഹമാണ് ഞങ്ങളോടൊപ്പം വണ്ടിയുമായി വന്നത്. അങ്ങനെ മകരക്കുളിരും, മാന്പൂ മണവും നിറഞ്ഞു നിന്ന മധ്യ കേരളത്തിലെ മലയോര ഗ്രാമങ്ങളില്‍ ഒന്നില്‍ നിന്ന്,   മഞ്ഞു വീഴ്ചയില്‍ മരവിച്ച മനസുമായി ഉടുതുണിയുരിഞ്ഞു കളഞ്ഞ മരങ്ങളെപ്പോലെ മഹാ നഗരത്തിലെ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ ഞങ്ങള്‍ ജീവിതായോധനത്തിനിറങ്ങി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More