-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍- 48: ജയന്‍ വര്‍ഗീസ്)

Published

on

പിറ്റേ ദിവസം മുതല്‍ ഞങ്ങള്‍ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീടുകളില്‍ ഊണിനു ക്ഷണിക്കപ്പെടുകയാണ്. കൊഞ്ചും, കോഴിയും, മൂരിയും, പന്നിയുമെല്ലാം മേശകളില്‍ നിറയുന്നു. ഒരു കൈയില്‍ സിഗരറ്റും, മറുകൈയില്‍ മദ്യ ചഷകവുമായി നാട്ടില്‍ നിന്ന് വിസിറ്റിങ്ങിനു വന്ന അപ്പച്ചന്മാര്‍ വരെ വിലസുന്നു. ഒരു സിപ്പെടുക്കുന്നു, ഒന്ന് പുക വലിക്കുന്നു.  നാട്ടിലെ വീര സാഹസിക കഥകളുടെ ഭാണ്ഡക്കെട്ടഴിച്ച് കിറുങ്ങിയിരിക്കുന്ന മറ്റുള്ളവര്‍ക്ക് ആവോളം വിളന്പുന്നു.

 പകുതി പറ്റായിക്കഴിയുന്‌പോള്‍ കേള്‍വിക്കാരായ അച്ചായന്മാരും  സ്വന്തം വീര സാഹസിക കഥകള്‍ ഒന്നൊന്നായി പുറത്തെടുത്തു തുടങ്ങും. പണ്ട് പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ പതിനാറു പാക്കിസ്ഥാന്‍ പട്ടാളക്കാരെ ഒറ്റയടിക്ക് വെടി വച്ച് കൊന്നിട്ട് പുഷ്പം പോലെ രക്ഷപെട്ടു പോന്നത് മുതല്‍, അപ്‌സ്‌റ്റേറ്റു ന്യൂ യോര്‍ക്കിലെ അഗാധമായ കൊക്കക്കു മുകളിലൂടെ സീറോ ഡിഗ്രിയില്‍ ഉറഞ്ഞു കിടന്ന ബ്ലാക് ഐസിനു മുകളിലൂടെ അതി സാഹസികമായി കാറോടിച്ചു പോന്നത് വരെയുള്ള കഥകള്‍ ഇഗ്‌ളീഷിലും, മലയാളത്തിലും, ചിലപ്പോള്‍ ഹിന്ദിയിലുമായി പറഞ്ഞു കൊടുക്കുകയാണ്  അച്ചായന്മാര്‍. ഒന്നും മനസിലാകാത്ത നാടന്‍ അപ്പച്ചന്മാരും, അമ്മച്ചിമാരും " പൗലോച്ചനാരാ പുള്ളി ? പുലിയല്ലേ, പുലി ? "  എന്ന് പറയുന്നത് കേട്ടാല്‍ മതി അച്ചായന് അടുത്ത പാര്‍ട്ടി വരെയുള്ള ആത്മ സംതൃപ്തിക്ക്.

പാര്‍ട്ടികളില്‍ ചര്‍ച്ചയാകുന്ന ഒരു പ്രധാന വിഷയം ഞങ്ങളെ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ്. കൊച്ചേച്ചിയുടെ വീട്ടില്‍ തീരെ സൗകര്യമില്ല. മേരിക്കുട്ടിയുടെ മറ്റു സഹോദരങ്ങള്‍ക്കും വീടുകള്‍ ഉണ്ടെങ്കിലും ഓരോരോ കാരണങ്ങളാല്‍ അവിടെയും സൗകര്യമില്ല. ഏതെങ്കിലും ഒരു ബേസ്‌മെന്റ് എടുത്തു ഞങ്ങളെ അങ്ങോട്ടു മാറ്റാം എന്ന നിര്‍ദ്ദേശം വന്നു. എല്ലാവരും സമ്മതിച്ചു.  അടുത്തൊരിടത്ത് ഒരു ബേസ്‌മെന്റ് ഒഴിവുണ്ട്. നാനൂറു ഡോളര്‍ വാടക കൊടുക്കണം. നാല് സഹോദരങ്ങളും നൂറു ഡോളര്‍ വീതം  മുടക്കി അത് എടുത്ത്  കൊടുക്കാം എന്ന തീരുമാനം കൊച്ചേച്ചി മുന്നോട്ടു വച്ചു. അപ്പോള്‍ ചിലര്‍ക്ക് സമ്മതമല്ല.  ദേഷ്യം വന്ന കൊച്ചേച്ചി " ആരും നോക്കണ്ട. ഞാന്‍ നോക്കിക്കോളാം " എന്ന് പറഞ്ഞ് ഞങ്ങളെ കൈയേറ്റു.

ഇതിനിടയില്‍ ബ്രോണ്‍സിലുള്ള ലീലയുടെ വീട്ടില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തി. ലീലയുടെ ഭര്‍ത്താവ് ജോര്‍ജ് ഏതോ വലിയ ബാങ്കിലെ ഉയര്‍ന്ന ജോലിക്കാരനാണ്. കൂട്ടത്തില്‍ കുറേ  റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളും അദ്ദേഹത്തിനുണ്ട്. വളരെ കുറച്ചുമാത്രം സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നു ജോര്‍ജ്. പോരാന്‍നേരം രണ്ട്  ഇരുപതിന്റെയും, ഒരു പത്തിന്റെയുമായി അന്‍പതു ഡോളര്‍ ജോര്‍ജ് എനിക്ക് തന്നു. അമേരിക്കയില്‍ എനിക്ക് കിട്ടിയ ആദ്യത്തെ കറന്‍സികള്‍. അതും ഒരാളുടെ ഔദാര്യം. ആ അന്‍പതു ഡോളര്‍ സ്വതന്ത്രമായി ചിലതു ചെയ്‌യാനുള്ള മാനസിക ഊര്‍ജ്ജം എനിക്ക് നല്‍കി. തിരിച്ചു പോരാനുള്ള ഏര്‍പ്പാടുകള്‍ ജോര്‍ജ് തന്നെ ചെയ്തു. അന്ന് ' മലയാളം പത്രം '  ആരംഭിക്കുന്ന കാലമാണ്. ചാക്കോ പബ്ലിക്കേഷനിലെ ഒരു ഇളയ ചാക്കോ സ്റ്റാറ്റന്‍ ഐലണ്ടിന് പോരുന്നുണ്ട്. പത്രത്തിന് വരിക്കാരെ കണ്ടു പിടിക്കാനുള്ള യാത്ര. എഴുത്തുകാരന്‍ ആണെന്ന് പരിചയപ്പെടുത്തി എന്നെയും കുടുംബത്തെയും ആ വണ്ടിയില്‍ കയറ്റി വിട്ടു.

വഴിയില്‍ ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടു. ചേട്ടന്മാരാണ് പത്രത്തിന്റെ ആളുകള്‍. അനുജന്‍ അവരെ സഹായിക്കാന്‍ ഇറങ്ങിയതാണ്. പരിചയമുള്ള ആളുകളെ വരിക്കാരായി ചേര്‍ത്തു കൊടുക്കണമെന്നും, ഐലന്‍ഡിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌യുന്ന റിപ്പോര്‍ട്ടറാസയി പ്രവര്‍ത്തിക്കണമെന്നും ചാക്കോ പറഞ്ഞപ്പോള്‍ അതൊരു വലിയ യോഗ്യതയായി ഞാന്‍ ഏറ്റെടുത്തു. ഞാന്‍ പേര് കൊടുക്കുന്നവര്‍ക്ക് ആറു മാസത്തേക്ക് പത്രം സൗജന്യമായി അയച്ചു കൊടുക്കുമെന്നും, ആറു മാസം കഴിയുന്‌പോള്‍ അവരെക്കൊണ്ട് വരിസംഖ്യ അടപ്പിക്കണമെന്നും ചാക്കോ നിര്‍ദ്ദേശിച്ചു.

ഇതെത്ര ഈസി എന്നോര്‍ത്തു കൊണ്ട് അറിയാവുന്ന പത്തിരുപത് പേരുടെ വീടുകളില്‍ ഞാന്‍ മലയാളം പത്രം എത്തിച്ചു. ബസ് കയറിയും, നടന്നുമായിച്ചെന്ന് അന്ന് നടന്ന രണ്ടോ, മൂന്നോ മലയാളി സമ്മേളങ്ങളുടെ റിപ്പോര്‍ട്ടുകള്‍ എഴുതി അയച്ചു കൊടുക്കുകയും പത്രത്തില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഞാനയക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ എനിക്ക് അയച്ചു തരണം എന്ന് ഞാന്‍ ആവശ്യപ്പെട്ടത് അവര്‍ക്കു ഇഷ്ടപ്പെട്ടില്ലാ എന്ന് തോന്നുന്നു, അവര്‍ പത്രം അയച്ചില്ല. ( പില്‍ക്കാലത്ത് ഞാന്‍ മലയാളം പത്രത്തില്‍ എഴുതുന്ന കാലത്തും അവര്‍ ഇതേ നയം തന്നെയാണ് പിന്തുടര്‍ന്നത്. ഒരു രചയിതാവിന് അയാളുടെ രചന പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പി പോലും അയച്ചു കൊടുക്കാത്ത ഒരേയൊരു പത്രം ലോകത്ത് മലയാളം പത്രം മാത്രമായിരിക്കാം എന്നാണു എനിക്ക് തോന്നുന്നത്. ആറുമാസം കഴിഞ്ഞപ്പോള്‍ വരിക്കാരെ സമീപിച്ച് വരിസംഖ്യ അടക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ വളരെ വേണ്ടപ്പെട്ട ഒരു ചേട്ടന്‍ പറഞ്ഞതിങ്ങനെയാണ് : " ഗാര്‍ബേജ് കെട്ടിക്കെട്ടി  ഞാന്‍ മടുത്തു. ഇനി ഇതിന് ഞാന്‍ കാശു കൊടുത്തിട്ടു വേണോ ഗാര്‍ബേജ് കെട്ടാന്‍ ? " എന്നായിരുന്നു. അമേരിക്കന്‍ മലയാളിയുടെ വായനാ ശീലത്തിന്റെ ഒരേകദേശ രൂപം എനിക്കപ്പോള്‍ മനസ്സിലായി. )

ജോര്‍ജ് തന്ന പൈസയില്‍ നിന്ന് കുറച്ചു പൈസ പത്ര പ്രവര്‍ത്തനത്തിന് നടന്നു ചിലവായി. പരിചയക്കാരോരോടും, ബന്ധുക്കളോടും, പള്ളിക്കാരോടുമെല്ലാം എന്തെങ്കിലും ഒരു പണി സംഘടിപ്പിച്ചു തരാന്‍ സാധിക്കുമോ എന്ന് കാണുന്‌പോളൊക്കെ യാചിക്കുന്നുണ്ടായിരുന്നു. ഞങ്ങളൊക്കെ സിറ്റിയുടെ പരീക്ഷ എഴുതിയിട്ടാണ് ജോലി കിട്ടിയതെന്നും, ഇഗ്‌ളീഷ് അറിയാന്‍ മേലാത്തവര്‍ക്ക് അതൊന്നും കിട്ടുകയില്ലെന്നും, ദിവസവും ടി. വി. കണ്ടു കണ്ട്  ഇഗ്‌ളീഷ് പഠിച്ചു വച്ചാല്‍ ഇനി പരീക്ഷ വരുന്‌പോള്‍ പറയാമെന്നും  തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുന്ന പള്ളിക്കാര്‍ പറഞ്ഞു. അത്യാവശ്യം ഇഗ്‌ളീഷ് കൈകാര്യം ചെയ്‌യാനൊക്കെ നമുക്കും അറിയാം എന്ന് അവരോടൊക്കെ പറഞ്ഞിട്ടും കാര്യമില്ല ; അത്യാവശ്യം കമ്യൂണിക്കേഷന്‍ സ്കില്‍സ് ഉള്ള ആര്‍ക്കും ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം അമേരിക്കയില്‍ നിലവില്‍ ഉണ്ട് എന്ന സത്യം അവര്‍ക്കൊക്കെ അറിവുള്ളതാണല്ലോ ?

( ആദ്യമായി അമേരിക്കയിലെത്തുന്ന മുപ്പതില്പരം സാധാരണക്കാര്‍ക്ക് എന്റെ എംപ്ലോയര്‍മാരോട് യാചിച്ചു ജോലി വാങ്ങിച്ചു കൊടുത്തിട്ടുള്ള എനിക്ക് അവര്‍ പറഞ്ഞതൊന്നും സത്യമായിരുന്നില്ലെന്ന് മനസിലാക്കാന്‍ വളരെക്കാലം വേണ്ടി വന്നു. അമേരിക്ക പോലെയുള്ള ഒരു രാജ്യത്ത് മിക്ക മേഖലയിലുള്ള ജോലിക്കാരും ജോലിയില്‍ കടിച്ചു തൂങ്ങി നില്‍ക്കാറില്ല. മെച്ചപ്പെട്ട അവസരങ്ങള്‍ തേടിയോ. അതുമല്ലെങ്കില്‍ സ്വസ്ഥമായി വീട്ടിലിരിക്കാന്‍ വേണ്ടിയോ ഒക്കെ അവര്‍ ജോലിയുപേക്ഷിച്ചു പോകും. എങ്ങിനെയെങ്കിലും കുറച്ചു പൈസ ഒത്തു കിട്ടിയാല്‍ കുടുംബത്തോടൊപ്പമോ, ( മിക്കവാറും ഗേള്‍ഫ്രണ്ടിനൊപ്പമോ ) ഒരു യാത്രയൊക്കെ പോയി ഹോട്ടലിലോ, റിസോര്‍ട്ടിലോ കുറേക്കാലം അടിച്ചു പൊളിച്ചു ജീവിച്ചിട്ട് ഒരു സോഡാ വാങ്ങാന്‍ പണമില്ലാതെ വരുന്‌പോഴേ പിന്നെ ജോലി തിരക്കുകയുള്ളു എന്നതിനാല്‍ എന്നും എല്ലായിടത്തും വേക്കന്‍സി ഉണ്ടാവും എന്നതാണ് സത്യം. ഒരു വിശ്വസ്തനായ ജോലിക്കാരനായി നിന്ന് കൊണ്ട് തന്റെ എംപ്ലോയറോടോ, സൂപ്പര്‍വൈസറോടൊ " എന്റെ ഒരു ബന്ധു വരുന്നുണ്ട്, നിവര്‍ത്തിയില്ലാത്തവനാണ്, ഇനി ഒഴിവു വരുന്‌പോള്‍ അയാള്‍ക്ക് ഒരവസരം കൊടുക്കണം." എന്നപേക്ഷിച്ചാല്‍, പിന്നീടുണ്ടാവുന്ന ഒഴിവില്‍ തീര്‍ച്ചയായും അയാള്‍ നിയമിക്കപ്പെടും. മുപ്പതിലേറെ പേര്‍ക്ക് ജോലി വാങ്ങി കൊടുത്തിട്ടുള്ള അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത്. )

എന്നാല്‍  നമ്മുടെ മലയാളികള്‍ ഒരിടത്ത് കയറിക്കഴിഞ്ഞാല്‍ പിന്നെ ഒരുത്തനെ അങ്ങോട്ടടുപ്പിക്കില്ല. എത്രയോ പേര്‍ക്ക് അവസരം കൊടുക്കാന്‍ സാധിക്കുന്ന ഒരു വലിയ പൊസിഷനില്‍ ഇരുന്ന് വിരമിച്ച ഒരു സുഹൃത്തിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍: " ഓ ! മലയാളിപ്പാരയോ ? അവനെ അടുപ്പിച്ചാല്‍ അവന്‍ നമുക്കിട്ട് പാര പണിത് നമ്മുടെ സ്ഥാനം അടിച്ചെടുക്കും. " എന്നാണു മറുപടി പറഞ്ഞത്.

പിന്നെ മറ്റൊന്ന് : ഇരുപത്തഞ്ചു മുപ്പതു കൊല്ലം മുന്‍പുള്ള അമേരിക്കന്‍ മലയാളിയുടെ രൂപവും ഭാവവും ഇന്നത്തേക്കാള്‍ വ്യത്യസ്തമായിരുന്നു. നിധിയറയില്‍ കയറിയ കള്ളനെപ്പോലെ ഏതെടുക്കണം? ഏതു വാരണം? എന്ന അവസ്ഥ. ടോയ്‌ലറ്റില്‍ പോകുന്‌പോള്‍ പോലും  ത്രീപീസ് സ്യൂട്ടിലായിരുന്നു മിക്കവരും. അമ്മായിമാര്‍ പുറത്തു കാണാവുന്ന മിക്ക ശരീര ഭാഗങ്ങളും സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. മിക്ക ആഴ്ചകളിലും ഒന്നോ രണ്ടോ പാര്‍ട്ടികള്‍. കുട്ടികളുടെ ബര്‍ത്ത് ഡെ, ഹോളി കമ്യൂണ്‍, പ്രതിവര്‍ഷ ഗ്രാജുവേഷനുകള്‍, സ്വീറ്റ് സിക്സ്റ്റീന്‍, കോളേജ്, പള്ളി സെറിമണികള്‍, വിവാഹം, പിന്നെ വിവാഹ വാര്‍ഷികങ്ങള്‍. അപ്പനമ്മമാരുടെ വിവാഹ വാര്‍ഷികങ്ങള്‍, പത്ത്, ഇരുപത്, രജതം , മുപ്പത്, നാല്‍പ്പത്, പിന്നെ സുവര്‍ണ്ണം, അങ്ങിനെ അത്. കാറ് വെഞ്ചരിക്കല്‍, വീട് വെഞ്ചരിക്കല്‍, പാല് കാച്ചല്‍, കയറിക്കൂടല്‍  അങ്ങിനെ വേറൊരു വക. ( എങ്ങിനെ സംഭവിച്ചു എന്നറിയില്ല, ഇത്തരം പൊങ്ങച്ചപ്പരിപാടികള്‍ ഇപ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുന്നതായിട്ടാണ് അനുഭവം.)

ഇങ്ങനെയൊക്കെ ഇല്ലാത്ത ഗമയുടെ വല്ലാത്ത ധാടിയില്‍ നടക്കുന്ന നമ്മുടെ സഹോദരങ്ങള്‍ വരെ നമുക്ക് വേണ്ടി ഒരു ജോലി അന്വേഷിക്കില്ല. മുടി മുറിച്ചും, ചുണ്ടു ചുവപ്പിച്ചും നടക്കുന്ന അഭിനവ മദാമ്മമാരും, ത്രീ പീസ് സ്യൂട്ടും, കയ്യില്‍ കാപ്പും, അഞ്ചു വിരല്‍ മോതിരവും, കാപ്പിക്കുരു മാലയും, റൈബാന്‍ ഗ്ലാസ്സും ധരിച്ചു നടക്കുന്ന അഭിനവ സായിപ്പന്മാരും അവരുടെ ലാവണത്തിലേക്ക് അങ്ങനെയല്ലാത്തവരെ അടുപ്പിക്കില്ല. സായിപ്പിന്റെ ഇഗ്‌ളീഷ് കേള്‍ക്കുന്‌പോള്‍ വായ പൊളിച്ചു നില്‍ക്കുന്ന ഇവനൊക്കെ എന്റെ ചേട്ടനാണ്, അനിയനാണ്, പെങ്ങളാണ്, ചേച്ചിയാണ്, അനിയത്തിയാണ്, അളിയനാണ്, നാത്തൂനാണ് എന്നൊക്കെ പറയാന്‍ ആര്‍ക്കായാലും ഒരു മടിയൊക്കെ കാണുമല്ലോ?അത് സ്വാഭാവികവുമാണല്ലോ? ഇതൊന്നും മനസിലാക്കാന്‍ അന്നൊന്നും സാധിച്ചിരുന്നില്ല. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോളാണ് ഇതൊക്കെ മനസിലായി വരുന്നത്. )

എന്തായാലും ജോലിയില്ല. വീട്ടില്‍ വരുന്ന ' സ്റ്റാറ്റന്‍ ഐലന്‍ഡ് അടുവാന്‍സ് ' എന്ന ഇഗ്‌ളീഷ് പത്രത്തിന്റെ ക്ലാസിഫൈഡ് പേജ് അരിച്ചു പെറുക്കുന്നുണ്ട്. ഒരു യോഗ്യതയുമില്ലാത്ത നമുക്ക് പറ്റിയതൊന്നും കാണുന്നില്ല. വീട്ടിലെ പാചകത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കൊണ്ട് ഭാര്യക്ക് നേരം പോക്കുണ്ട്.  ചേട്ടന്റെയും, ചേച്ചിയുടെയും അപ്പന്മാര്‍ തമ്മില്‍ നാട്ടില്‍ വച്ചേ അറിയുന്നവരാണെങ്കിലും, വീട്ടില്‍ ഒരു വീര്‍പ്പുമുട്ട് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വീട്ടില്‍ കുത്തിപ്പിടിച്ചിരിക്കാന്‍ എനിക്ക് സാധിക്കുന്നുമില്ല.

വീട്ടിലെ അന്തരീക്ഷം എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങി. ആരെയും കൂസാത്ത എന്റെ അമ്മയുടെ രക്തം സിരകളിലോടുന്നത് കൊണ്ടാവാം, എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ തോന്നുന്നില്ല. ' നല്ല തണുപ്പുള്ളത് കൊണ്ട് പുറത്തിറങ്ങിയാല്‍ സിക്ക് വരും ' എന്ന വേണ്ടപ്പെട്ടവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് ഞാന്‍ പുറത്തിറങ്ങി. സത്യം പറയാമല്ലോ, പ്രകൃതി ജീവന മാതൃകയില്‍ കുറച്ചൊക്കെ ജീവിച്ചു വന്നത് കൊണ്ടാവാമെന്നു കരുതുന്നു, തണുപ്പ് എന്നെ വലിയ ശല്യം ചെയ്യുന്നുണ്ടായിരുന്നില്ല.

അഞ്ചു ക്വര്‍ട്ടര്‍, അതായത് ഒന്നേകാല്‍ ഡോളര്‍ ഇട്ടാല്‍ അന്ന് സിറ്റി ബസുകളില്‍ ഒരു വശത്തേക്കുള്ള യാത്ര ചെയ്യാം. ഒരു ട്രാന്‍സ് ഫര്‍ വാങ്ങിയാല്‍ ആ വശത്തേക്ക് വീണ്ടും പോകാം. ബ്രെക് ഫാസ്റ്റ് കഴിഞ്ഞു ഞാനിറങ്ങും. ആദ്യം കാണുന്ന ബസില്‍ ചാടിക്കയറി ട്രാന്‍സ് ഫര്‍ വാങ്ങി വയ്ക്കും. ബസ് നിര്‍ത്തുന്നിടത്തു നിന്ന് ട്രാന്‍സ് ഫര്‍ ഉപയോഗിച്ച് ഐലണ്ടിന്റെ അതിര്‍ത്തി വരെ പോകും. പിന്നെ അവിടെയൊക്കെ കറങ്ങി കുറേ നടക്കും. ഉച്ചക്ക് കഠിന വിശപ്പ് തോന്നിയാല്‍ മാത്രം ഏതെങ്കിലും ഡേലിയില്‍ നിന്ന് ഒരു ചായയും, ബട്ടര്‍ റോളും വാങ്ങിക്കഴിക്കും. ഒന്നര ഡോളര്‍. ഉച്ച കഴിയുന്‌പോള്‍ ഇതുപോലെ തിരിച്ചു കയറി വൈകുന്നേരത്തോടെ വീട്ടിലെത്തും. ഇപ്രകാരം യാത്ര ചെയ്ത് സ്റ്റാറ്റന്‍ ഐലണ്ടിന്റെ മിക്ക ഭാഗങ്ങളിലും ഞാന്‍ നടന്നു കണ്ടു.

ഇതിനിടയില്‍ അബദ്ധങ്ങളുടെ ആശാനായ എനിക്ക് ഒരബദ്ധവും പറ്റി. തിരിച്ചു പോരാനായി ഹൈലന്‍ ബുളവാട് ഭാഗത്തുള്ള ഒരു ബസ്‌റ്റോപ്പില്‍ ഞാന്‍ ഒറ്റക്ക് നില്‍ക്കുകയാണ്. നല്ല തണുപ്പുള്ള ദിവസമായിരുന്നു അന്ന്. പോരെങ്കില്‍ ചുളുചുളുപ്പന്‍ കടല്‍ക്കാറ്റ് വീശുന്നുമുണ്ട്. അര മണിക്കൂറിലേറെ നിന്നപ്പോളേക്കും കൈവിരലുകള്‍ ഒക്കെ മരവിച്ചിട്ടുള്ള പൊള്ളല്‍ അനുഭവപ്പെട്ടു തുടങ്ങി. അപ്പോളാണ് ഒരു മനുഷ്യന്‍ പോലും ഈ ബസ്‌റ്റോപ്പില്‍ വരാത്തത് എന്തെന്നു ഞാന്‍ ചിന്തിച്ചത്. മറ്റൊരു സ്‌റ്റോപ്പിലേക്ക് നടക്കാനുള്ള വഴിയും നിശ്ചയമില്ല. നേരം സന്ധ്യ മയങ്ങുകയാണ്. " ദൈവമേ, അമേരിക്കയില്‍ ഡോളര്‍ കൊയ്‌യാന്‍ വന്നിട്ട് ഈ തണുപ്പത്ത് മരവിച്ചു വീണ് ചാവാനാണോ വിധി ?" എന്ന്  എന്റെ ഉള്ളം തേങ്ങിപ്പോയി. അപ്പോഴേക്കും ഒരടി കൂടി നടക്കാനുള്ള എന്റെ ശേഷി നഷ്ടപ്പെടുന്നതായി  എനിക്ക് തോന്നി. അഞ്ചു മിനിട്ടു കഴിഞ്ഞില്ല. അപരിചിതനായ ഇന്ത്യന്‍  നിറമുള്ള ഒരു മനുഷ്യന്‍ എന്റെ അടുത്തേക്ക് വന്നു. " ഈ സ്‌റ്റോപ്പിലൂടെ വന്നിരുന്ന ബസ് ഇപ്പോള്‍ മറ്റൊരു സ്‌റ്റോപ്പ് വഴിയാണ് പോകുന്നതെന്നും, ആ സ്‌റ്റോപ്പില്‍ നിന്ന് ബസ് പിടിക്കാനാണ് അയാള്‍ പോകുന്നതെന്നും പറഞ്ഞപ്പോള്‍ ഞാനും അയാളെ പിന്തുടര്‍ന്നു. അഞ്ചു മിനിട്ടു നടന്ന് മറ്റൊരു സ്‌റ്റോപ്പിലെത്തിയപ്പോളെക്കും ബസ് വന്നു. , അയാളോടൊപ്പം ഞാനും ബസില്‍ കയറിപ്പറ്റി. ബസ്സില്‍ നല്ല ചൂട് ഉണ്ടായിരുന്നത് കൊണ്ട് തണുപ്പൊക്കെ പെട്ടന്ന് മാറി. വിരലുകള്‍ ചുരുക്കിയും നിവര്‍ത്തിയും അത് വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഞാന്‍ ഉറപ്പു വരുത്തി.

ഒരു ദിവസം പത്രം നോക്കുന്‌പോള്‍ അതാ കിടക്കുന്നു ഒരു പരസ്യം. ' സോവിങ് മെഷീന്‍ ഓപ്പറേറ്റര്‍മാരെ ആവശ്യമുണ്ട്. മിനിമം പേയ് ഗാരണ്ടി ' എന്നായിരുന്നു പരസ്യം. തയ്യല്‍ക്കാര്‍ എന്ന് നാട്ടില്‍ പറയുന്നതിന് പകരമാണ് ഇവിടെ സോവിങ് മെഷീന്‍ ഓപ്പറേറ്റര്‍ എന്ന് പറയുന്നത്. സ്റ്റാറ്റന്‍ ഐലണ്ടിന്റെ വടക്കു പടിഞ്ഞാറേ കോണിലുള്ള ' ആര്‍ലിംഗ് ടണ്‍ ' എന്ന സ്ഥലത്തുള്ള ' നെല്ലീസ് സോവിങ് ഫാക്ടറി' യാണ് പരസ്യം കൊടുത്തിരിക്കുന്നത്.  മുന്‍പ് ആ ഭാഗത്തു പോയിട്ടുള്ളത് കൊണ്ട് അങ്ങോട്ടുള്ള ബസ്സ് ഏതാണെന്നൊക്കെ എനിക്ക് അറിയാമായിരുന്നു. ഭാര്യയോട് മാത്രം വിവരം പറഞ്ഞ് ബ്രെക് ഫാസ്റ്റും കഴിഞ്ഞ് നെല്ലീസ് ഫാക്ടറിയില്‍ എത്തി. മുഖത്തും, ചുണ്ടിലും സമൃദ്ധമായി ചായം  പുരട്ടിയിട്ടുള്ള മെല്ലിച്ച ഒരന്‍പതു കാരിയാണ് നെല്ലി. ഗാര്‍മെന്റ് കന്പനികള്‍ക്കു വേണ്ടി അവര്‍ എത്തിക്കുന്ന കട്ടിങ് പൂര്‍ത്തിയാക്കിയ തുണികള്‍ പീസ് വര്‍ക്ക് അടിസ്ഥാനത്തില്‍ തയ്ച്ചു കൊടുക്കലാണ് നെല്ലിയുടെ പണി. അതിനായി നാല്  പണിക്കാര്‍ ഇപ്പോള്‍ നെല്ലിയോടൊപ്പമുണ്ട്. ഫിലിപ്പീന്‍ കാരനായ ഒരു നാല്‍പ്പതു കാരന്‍ മെഷീനിസ്റ്റും,  ക്‌ളീനറും വര്‍ക്കറും  എല്ലാമായി. സ്പാനിഷ് വംശജരായ രണ്ടു സ്ത്രീകള്‍ ഒരാള്‍ അയണിങ് ടേബിളിലും, മറ്റെയാള്‍ മാനേജര്‍ കം വര്‍ക്കര്‍ എന്ന നിലയിലും. കൊളംബിയക്കാരിയായ സുര സുന്ദരിയായ ഒരു പെണ്ണ് മാത്രമാണ് മുഴുവന്‍ സമയ തയ്യല്‍ക്കാരിയായി അപ്പോള്‍ ഉണ്ടായിരുന്നത്.

നെല്ലി എന്നോട് പേരും മറ്റു കാര്യങ്ങളും ചോദിച്ചതിന് ഞാന്‍ നല്ല നിലയില്‍ മറുപടി പറഞ്ഞു. സോവിങ്ങില്‍ മുന്‍ പരിചയമുണ്ടോ എന്ന ചോദ്യത്തിന് ഇരുപത്തഞ്ച് വര്‍ഷത്തെ പരിചയമുണ്ടെന്ന് ഞാന്‍ പറഞ്ഞത് അവിടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒരു സാധനം തയ്ച്ചു കാണിക്കാന്‍ പറഞ്ഞു. അവര്‍ തന്ന ഒരു വസ്ത്രം അവര്‍ പറഞ്ഞ പോലെ ഞാന്‍ തയ്ച്ചു കാണിച്ചു. അവരോടു സംസാരിക്കുന്‌പോള്‍ എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. അര്‍ജന്റീനയിലെ ഏതോ പ്രദേശത്തു നിന്ന് അമേരിക്കയില്‍ കുടിയേറിയ അവരുടെ ഇഗ്ലീഷ് എന്റേതിനേക്കാള്‍ ഏറെ മെച്ചമൊന്നും ആയിരുന്നില്ലാ എന്നാണു എനിക്ക് തോന്നിയത്. മണിക്കൂറിന് അംഗീകൃത മിനിമം കൂലിയായ നാലേകാല്‍ ഡോളര്‍ നിരക്കില്‍ എന്നെ അവിടെ ജോലിക്കെടുത്തു. നാളെ മുതല്‍ ജോലി ആരംഭിക്കാം.

അതിയായ സന്തോഷത്തോടെയാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്. ഭാര്യയോടും മറ്റുള്ളവരോടും ഞാന്‍ വിവരം പറഞ്ഞു. കൊച്ചേച്ചി സന്തോഷം കൊണ്ട് കരഞ്ഞു  പോയി.  ഞങ്ങളെ കൊണ്ട് വന്നതിന്റെ പേരില്‍ എല്ലാ ഭാഗത്തു നിന്നും കുത്തു വാക്കുകള്‍ കേട്ടിരുന്ന അവര്‍ക്ക് വലിയ ആശ്വാസമായി. അമേരിക്കയില്‍ വന്ന് ആരുടേയും സഹായമില്ലാതെ ഒരു ജോലി കണ്ടു പിടിച്ചല്ലോ എന്ന് ചേട്ടനും എന്നെ അഭിനന്ദിച്ചു. പണ്ട് നാട്ടില്‍ വന്നപ്പോള്‍ എന്റെ വീടും, കൃഷികളും ഒക്കെ കണ്ടപ്പോള്‍ തന്നെ ഞാന്‍ നല്ല സ്മാര്‍ട്ടാണെന്ന് ചേട്ടന്‍ മനസിലാക്കിയിരുന്നുവെന്നും, അതുകൊണ്ടാണ് ഞങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചേച്ചിയെ അനുവദിച്ചത് എന്നും കൂടി ചേട്ടന്‍ വെളിപ്പെടുത്തി.

പിറ്റേ ദിവസം രാവിലെ കൊച്ചേച്ചി തന്നെ നെല്ലീസ് സോവിങ് കന്പനിയില്‍ എന്നെ ഡ്രോപ് ചെയ്തു. ചേച്ചിക്കും ജോലിക്കു പോകാനുള്ളത് കൊണ്ട് അപ്പോള്‍ത്തന്നെ തിരിച്ചു പോയി. അമേരിക്കന്‍ മണ്ണിലെ എന്റെ ആദ്യ ജോലി സ്ഥലത്ത്, എന്നും എന്റെ പിന്നില്‍ ഒരു നല്ല സുഹൃത്തായി നിന്നിട്ടുള്ള ദൈവത്തെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഞാന്‍ ജോലിക്ക് കയറി. ഞങ്ങള്‍ അമേരിക്കയില്‍ വന്നിട്ട് അന്നേക്ക്  കൃത്യം ഒരു മാസം തികഞ്ഞിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More