-->

EMALAYALEE SPECIAL

ഡൽഹിയിൽ വായു മലിനീകരണത്തിനും, സുരക്ഷാ വീഴ്ചക്കും ഉത്തരവാദിത്ത്വം ആർക്കാണ്? (വെള്ളാശേരി ജോസഫ്)

Published

on

പോലീസ് സ്വയം സുരക്ഷക്ക് വേണ്ടി സമരം ചെയ്യുന്നൂ; അഭിഭാഷകർ നീതി ആവശ്യപ്പെടുന്നൂ; പൗരൻമാർ ശ്വസിക്കാൻ വേണ്ടി ഓക്സിജൻ ആവശ്യപ്പെടുന്നൂ - ഇതൊക്കെ ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ തലസ്ഥാനത്ത് അല്ലാതെ മറ്റെവിടെ സംഭവിക്കും? പോലീസും അഭിഭാഷകരും തമ്മിൽ പരസ്യമായി കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയുടെ തെരുവുകളിൽ ഏറ്റുമുട്ടി. അതിനുശേഷം യൂണിഫോമിട്ട പോലീസുകാരും അവരുടെ കുടുംബക്കാരും, ബന്ധുക്കളും, അഭ്യുദയ കാംക്ഷികളും രാജ്യ തലസ്ഥാനത്തെ പോലീസ് ആസ്ഥാനം പ്രതിരോധിച്ചു. വനിതാ പോലീസുകാർ അവരുടെ കൈകുഞ്ഞുങ്ങളെ ഏന്തി വരെ ഡൽഹിയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. കേരളാ പോലീസ് അസോസിയേഷൻ അടക്കം പല സംസ്ഥാന പോലീസ് അസോസിയേഷനുകളും ഡൽഹിയിൽ സമരം ചെയ്യുന്ന പോലീസുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴതാ പോലീസ് സമരത്തിനെതിരേ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അഭിഭാഷകർ പ്രതിരോധിക്കാൻ ഒരുങ്ങുന്നൂ. രാജ്യത്ത് ഒരു ഭരണം ഉണ്ടോ? ആഭ്യന്തര മന്ത്രി അമിത് ഷായും, ഡൽഹി പോലീസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരും ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ? നട്ടെല്ലില്ലാത്തവരേയും, കാര്യക്ഷമതയില്ലാത്തവരേയും സ്ഥിരം പ്രോത്സാഹിപ്പിച്ചാൽ കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ ഇരിക്കും. പാദസേവ ചെയ്യുന്നവരെ മാത്രമേ ബി.ജെ.പി. -യും, സംഘ പരിവാറുകാരും ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടുള്ളൂ. അതിൻറ്റെ ആകെ തുകയാണ് രാജ്യ തലസ്ഥാനത്ത് ഇന്ന് കാണുന്ന അരക്ഷിതാവസ്ഥ. ഈ അനാരോഗ്യകരമായ പ്രവണത സംസ്ഥാനങ്ങളിലേക്കും ഇനി വ്യാപിക്കുമോ എന്ന് മാത്രമാണ് കാണേണ്ടത്. രാജസ്ഥാനിലെ അൽവറിൽ പോലീസും അഭിഭാഷകരും ഏറ്റുമുട്ടിയതായ റിപ്പോർട്ടുകൾ വരുന്നുമുണ്ട്.

ഡൽഹി രാജ്യ തലസ്ഥാനമാണ്. രാജ്യ തലസ്ഥാനത്ത് സംഭവിക്കുന്നത് മറ്റിടങ്ങളിലും പ്രതിഫലിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. "All roads lead to Rome" എന്ന് റോമാ സാമ്രാജ്യത്തിൻറ്റെ കാലത്ത് പറഞ്ഞിരുന്നതുപോലെ രാജ്യ തലസ്ഥാനങ്ങൾക്ക് ഭരണത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ഡൽഹിയിൽ നിന്ന് വരുന്ന വാർത്തകളാണ് ഏത് പ്രാദേശിക പത്രത്തിൽ പോലും പ്രധാന വാർത്തകളാകുന്നത്. കാരണം പോളിസി ഡിസിഷൻസ് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാണ് വരുന്നത്. രാജ്യ തലസ്ഥാനത്തിനും, സംസ്ഥാന തലസ്ഥാനങ്ങൾക്കും എവിടേയും അതിൻറ്റേതായ പ്രാധാന്യം ഉണ്ട്. മാധ്യമ പ്രവർത്തകർക്കും, ബ്യുറോക്രാറ്റുകൾക്കും നന്നായി അറിയാവുന്ന കാര്യമാണിത്. അതുകൊണ്ടുതന്നെ ഡൽഹിയിൽ നിന്ന് അരക്ഷിതാവസ്ഥ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ രാജ്യ തലസ്ഥാനത്തെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് രമ്യമായി പരിഹരിക്കപ്പെടേണ്ടതാണ്.

ഡൽഹിയുടെ സുരക്ഷ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതും പരിഹരിക്കപ്പെടേണ്ടതും ആണ് ഇപ്പോൾ ഡൽഹിയെ ഗ്രസിച്ചിരിക്കുന്ന വായു മലിനീകരണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരത്തേ വായൂമലിനീകരണം എന്ന വിഷയം ഏറ്റെടുത്തിട്ട് പല പ്രഖ്യാപനങ്ങളും നടത്തി. പക്ഷെ ഡൽഹിയിൽ വായൂ മലിനീകരണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഡൽഹിയിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൻറ്റെ നടുവിലൂടെ സഞ്ചരിച്ച പലർക്കും തൊണ്ട വേദനയും, ചുമയും, ശ്വാസ തടസവും ഒക്കെ അനുഭവപ്പെടുന്നു. സ്കൂൾ കുട്ടികളെ ഈ മലിനീകരണത്തിൽ നിന്ന് രക്ഷപെടുത്താൻ നവംബർ 5 വരെ അവധി കൊടുത്തിരുന്നു. എങ്കിലും വെല്ലോ രക്ഷയും ഉണ്ടോ? ഡൽഹിയിൽ പല കൊച്ചുകുട്ടികളും ഇതിനോടകം തന്നെ ശ്വാസകോശ രോഗങ്ങളുടെ പിടിയിലാണ്.

കേജ്‌രിവാൾ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ പറ്റാത്ത പ്രശ്നമായി മാറികഴിഞ്ഞിരിക്കുന്നൂ ഡൽഹിയിലെ വായൂ മലിനീകരണം. ഈയിടെ സുപ്രീം കോടതി ഇക്കാര്യത്തിൽ ഡൽഹിക്ക് ചുറ്റുമുള്ള ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് - എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി ശാസിച്ചായിരുന്നു. ഉത്തരവാദിത്ത്വബോധമില്ലാത്ത പൗരൻമാർ സുപ്രീം കോടതിയുടെ നിർദേശവും മറികടന്ന്‌ ദീപാവലി ആഘോഷത്തിൻറ്റെ ഭാഗമായി പടക്കം പൊട്ടിച്ച് വായു മലിനപ്പെടുത്തുമ്പോൾ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിക്കും എന്തു ചെയ്യുവാൻ സാധിക്കും? 

മനുഷ്യന് ഏറ്റവും അവശ്യം വേണ്ട കാര്യങ്ങളിൽ ഇപ്പോൾ ഉൽക്കണ്ഠ  ഭരണാധികാരികൾക്കും ഇല്ല; രാജ്യത്തെ പൗരൻമാർക്കും ഇല്ല. നമ്മുടെ പൊളിറ്റിക്കൽ സ്ട്രക്ച്ചർ തന്നെ പ്രതിമ നിർമാണവും, ക്ഷേത്രം പണിയും 'ടോപ് പ്രയോറിറ്റി' ആയി ഏറ്റെടുത്തിരിക്കയാണ്. അപ്പോൾ പിന്നെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളായ ശുദ്ധ വായു, സുരക്ഷിതമായ കുടിവെള്ളം, മാലിന്യ നിർമാർജനം - ഇവയൊക്കെ അവഗണിക്കപ്പെടും. ഇപ്പോൾ അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിനെ കുറിച്ചാണല്ലോ കേന്ദ്ര സർക്കാരിൻറ്റെ ഉൽക്കണ്ഠ മുഴുവനും. അയോധ്യയിൽ ഇപ്പോൾ തന്നെ മൂവായിരത്തിലേറെ ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് അറിവ്. പിന്നെ എന്തിനാണ് വേറെ ഒരു ക്ഷേത്രം കൂടി??? അതും പോലീസിനേയും, പട്ടാളത്തേയും, കമാൻഡോകളെയും കാവൽ നിറുത്തി??? പട്ടേലിൻറ്റെ പ്രതിമ പോലെ നേതാജിയുടെ പ്രതിമ ഡൽഹിയിലും വേണമെന്ന് പറയുന്നു. അവസാനം മനുഷ്യന് പ്രതിമയിൽ തട്ടി നടക്കാൻ വയ്യാത്ത ഒരു കാലം വരുമെന്നാണ് ഈ ട്രെൻഡ് കണ്ടിട്ട് തോന്നുന്നത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ തന്നെയുള്ള പുരാതന ദില്ലിയിലെ തിരക്കേറിയ വഴികളിലൂടെ ആരെങ്കിലും  സഞ്ചരിച്ചുട്ടുണ്ടെങ്കിൽ അവർക്കൊക്കെ അവിടുത്തെ ഇടുങ്ങിയ ഗലികളിൽ ഇന്ത്യയിലെ നഗര ജീവിതത്തിൻറ്റെ എല്ലാ കയ്‌പേറിയ ഭാവങ്ങളേയും നേരിൽ അനുഭവിക്കാൻ സാധിക്കും. അവിടെയൊക്കെ സ്വർഗ്ഗവും നരകവും ഒരുമിച്ചു സമ്മേളിക്കുന്നതു കാണാം. ഇത് ഡൽഹിയുടെ മാത്രം പ്രത്യേകതയല്ലാ; കേരളം വിട്ടാൽ നമ്മുടെ രാജ്യത്തെ ഒട്ടു മിക്ക നഗരങ്ങളുടേയും പുരാതനവും, ദാരിദ്ര്യമേറിയതുമായ ഭാഗങ്ങളുടെ സ്ഥിരം കാഴ്ചയാണത്. കുളിക്കാതെയും വൃത്തിയില്ലാത്ത ശരീരവുമായി നീങ്ങുന്ന പാവപ്പെട്ട ചേരി നിവാസികൾ; ബസുകൾക്കും ട്രെയിനുകൾക്കുള്ളിലും തിങ്ങി ഞെരുങ്ങി സഞ്ചരിക്കുന്ന സാധാരണ യാത്രക്കാർ; മുറുക്കി തുപ്പിയ ചുവരുകൾ; റിക്ഷാക്കാർ - അങ്ങനെയുള്ള നഗര കാഴ്ചകളാണ് ഇന്ത്യയിലുള്ളത്. ഇതിന് നേർവിപരീതമായി വിദേശ നിർമ്മിതവും, ലക്ഷ്വറി വാഹനങ്ങളിലുമായി യാത്ര ചെയ്യുന്ന ധാരാളം ധനികരുള്ള രാജ്യം കൂടിയാണ് ഇൻഡ്യാ മഹാരാജ്യം. പോലീസ് അകമ്പടിയോടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥ പ്രഭുക്കളേയും ഇൻഡ്യാ മഹാരാജ്യത്ത് യഥേഷ്ടം കാണാം. സമ്പത്തും ആധുനികതയുമൊക്കെ പുറമേ പ്രദർശിപ്പിച്ച് അകത്ത്‌ വൃത്തികേടുകൾ മറച്ചു പിടിക്കുന്നവയാണ് ഇന്ത്യയിലെ മിക്ക നഗരങ്ങളും. തൂങ്ങിയാടുന്ന കേബിളുകളും, ഇലക്ട്രിക്ക് വയറുകളും, പൊട്ടിയ പൈപ്പുകളും, ട്രാഫിക്ക് ബ്ലോക്കുകളും ഇന്ത്യയിലെ ഏതൊരു നഗരത്തിലും സമ്പന്നമായി കാണാം. അതൊക്കെ പുറമേ നിന്നു കാണാത്ത രീതിയിൽ ഉള്ളിലാണെന്നു മാത്രം. 


ചൂടും പൊടിയുമുള്ള വഴികളിൽ പതിയെ പോകുന്ന സൈക്കിൾ റിക്ഷകളിൽ സഞ്ചരിച്ചാൽ വഴി വാണിഭം നടത്തുന്നവരേയും, ചുമട്ടു തൊഴിലാളികളേയും, ഭിക്ഷക്കാരേയും ഇന്ത്യൻ നഗരങ്ങളിൽ കാണാം. ഇത്തരം വിരൂപവും, വൃത്തികെട്ടതുമായ അന്തരീക്ഷത്തിലൂടെ യാത്ര ചെയ്താൽ മാത്രമേ ശരിക്കുള്ള ഇന്ത്യയെ കണ്ടെത്താനാകൂ. ഇതിൻറ്റെയൊക്കെ കൂടെ ഇന്ത്യൻ നഗരങ്ങളുടെ വേറൊരു പ്രത്യേകത കൂടിയുണ്ട്. അതാണ് വായൂ മലിനീകരണം. ലോകത്തിലെ ഏറ്റവും വായൂ മലിനീകരണമുള്ള നഗരങ്ങളിൽ ഒന്നായി രാജ്യ തലസ്ഥാനമായ ഡൽഹി മാറിക്കഴിഞ്ഞിരിക്കുന്നതിൽ അതുകൊണ്ടുതന്നെ അൽഭുതവുമില്ലാ. ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോൾ ആ പടക്കങ്ങൾ ചുരുങ്ങിയ വിസ്തൃതിക്കുള്ളിലുള്ള നഗരങ്ങളിലെ വായുവിനെ കൂടുതൽ കൂടുതൽ മലീമസമാക്കുന്നതിനെ കുറിച്ച് നഗര വാസികൾ മറക്കുകയാണ്. വായു കഴിഞ്ഞാൽ മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് വെള്ളമാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ആശുപത്രിയായ ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ടിൽ കുറെ വർഷങ്ങൾക്ക് മുമ്പ് മാലിന്യ പൈപ്പ് പൊട്ടി ശുദ്ധ ജല പൈപ്പിലെ വെള്ളവുമായി ആ മാലിന്യങ്ങൾ ചേർന്നു. ആ വെള്ളം കുടിച്ച്  60 പേർക്കോളം ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ടിൽ മഞ്ഞപ്പിത്തം ബാധിച്ച വാർത്ത പത്രങ്ങളിൽ വന്നിരുന്നതാണ്. ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യുട്ടിൽ ജോലി ചെയ്യുന്ന ഒരു നേഴ്സിനോട് പണ്ട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഇതെഴുതുന്ന ആളോട് പറഞ്ഞത് "ഇവിടെ ഇതല്ല; ഇതിനപ്പുറവും നടക്കും" - എന്നാണ്‌. നമുക്ക് ശ്വസിക്കാനുള്ള വായൂ മലിനീകരണത്തെ തടയാതെ; നമുക്ക് കുടിക്കാനുള്ള ശുദ്ധജലം സപ്പ്ളൈ ചെയ്യാതെ പ്രതിമ നിർമിക്കാനും, രാമക്ഷേത്രം പണിയാനും ആഹ്വാനം ചെയ്യുന്ന ഭരണാധികാരികളാണ് ഇന്ത്യയിൽ ഇന്ന് നമുക്കുള്ളത്. നല്ല വായുവിനെ കുറിച്ചോ, പൗരന്മാർക്ക് ഏറ്റവും അവശ്യമായി കിട്ടേണ്ട ശുദ്ധജലത്തെ കുറിച്ചോ നമ്മുടെ ഭരണാധികാരികൾക്ക് ഒരു ഉൽക്കൺഠയുമില്ലാ. ഇന്നത്തെ ഇന്ത്യയുടെ ശാപവും അതു തന്നെയാണ്.

എന്തായാലും വായൂ മലിനീകരണവും, ഡൽഹിയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയും കേന്ദ്ര സർക്കാരും, കേജ്‌രിവാളും തമ്മിലുള്ള പ്രശ്നമായി മാറി തീരാനുള്ള സാധ്യത ഉരുത്തിരിഞ്ഞു വരുന്നുണ്ട്. മിക്കവാറും ഈ പ്രശ്നങ്ങൾ കേജരിവാളിൻറ്റെ തലക്ക് വെക്കാൻ സാധ്യത ഉണ്ട്. കേന്ദ്ര സർക്കാരിൻറ്റെ കീഴിലാണല്ലോ ഡൽഹി പോലീസ്. കേജ്രിവാൾ ഈ സമരത്തെ കേന്ദ്രത്തിനെതിരായി തിരിച്ചു വിടുന്നുണ്ടെന്നാണ് ഇപ്പോൾ തന്നെ സംഘ പരിവാറുകാർ പറയുന്നത്. ആത്മാഭിമാനമുള്ള ഡൽഹി പോലിസ് അവർക്കേറ്റ പീഢനത്തിനെതിരേ പ്രതികരിച്ചതിനെ കേജ്രിവാളിൻറ്റെ കേന്ദ്രത്തിനെതിരായ ഗൂഡാലോചനയായി വ്യാഖ്യാനിക്കുവാൻ ആവില്ല. പക്ഷെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അപ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ ഇഷ്ടം പോലെ നടക്കും.

എന്തായാലും ഡൽഹിയിലെ ഈ ഭരണ പരാജയവും, അരക്ഷിതാവസ്ഥയും രാജ്യത്തിൻറ്റെ പല ഭാഗങ്ങളിലേക്കും പടർന്നു പിടിക്കാതിരുന്നാൽ മാത്രം മതിയായിരുന്നു. രാജ്യത്തിൻറ്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഫലം വന്ന്‌ അനേക ദിവസങ്ങൾ കഴിഞ്ഞിട്ടും ഭരണം ഇല്ലാ. അവിടെ ശിവ സേനയും,  ബി.ജെ.പി. - യും തമ്മിലുള്ള അധികാര വടംവലി  ഒരാഴ്ചയായിലേറെ ആയി. അയോദ്ധ്യ കാര്യത്തിൽ സുപ്രീം കോടതി വിധി വരാനിരിക്കുന്നു. ആ വിധിയെ തുടർന്ന് വർഗീയ കലാപങ്ങളൊന്നും സംഭവിക്കരുതേ എന്ന് നമുക്ക് പ്രാർഥിക്കാം. ചുരുക്കം പറഞ്ഞാൽ രാജ്യ തലസ്ഥാനമായ ഡൽഹിയിലേയും, ഇന്ത്യയുടെ തന്ത്ര പ്രധാനമായ മറ്റു സ്ഥലങ്ങളിലേയും സ്ഥിതിഗതികൾ ശുഭ സൂചനകളല്ല രാജ്യത്തെ പൗരൻമാർക്ക് സമ്മാനിക്കുന്നത്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

അച്ഛന്റെ വിശ്വാസങ്ങൾ (രാജൻ കിണറ്റിങ്കര)

ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)

ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്

കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)

ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)

ചൈനയുടെ സിനോഫാം കോവിഡ് -19 വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തില്‍(കോര ചെറിയാന്‍)

വികൃതി വരുത്തിവെച്ച വിന (ബാല്യകാല ഓർമ്മകൾ 3: ഗിരിജ ഉദയൻ)

തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി-2 (ബോസ്.ആർ.ബി)

പത്രധര്‍മ്മം എന്താണ് ? (ലേഖനം: സാം നിലമ്പള്ളില്‍)

നേഴ്‌സുമാരെ ചുമ്മാ ചൊറിയല്ലേ! വിവരം അറിയും (ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ്)

ചോബെ നദിയിലൂടെ നമീബിയയും കടന്ന് (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 11: ജിഷ.യു.സി)

ദൈവം ചിരിക്കുന്നു (തോമസ് കളത്തൂർ)

ചിന്ന ചിന്ന ആശൈ പാടി വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല (കുര്യൻ പാമ്പാടി)

ലക്ഷദ്വീപില്‍ വികസനമോ കാവി-കച്ചവട-ഫാസിസ്റ്റ്-ജനാധിപത്യ വിരുദ്ധ അജണ്ടയോ? (ദല്‍ഹികത്ത് : പി.വി.തോമസ് )

Lions Club International gets a new leadership as James Varghese becomes the governor-elect for California

കൊച്ചുമ്മന്‍ ടി. ജേക്കബ് - സംഘടനാ പ്രവര്‍ത്തനത്തിന്റെ മഹത്തായ മാതൃക (ജെ. മാത്യൂസ്)

ഉള്ളി മൂപ്പിച്ചതും, മൊളക് വർത്ത പുളീം, ഒരു പൂള് ഉപ്പുമാങ്ങയും (മൃദുമൊഴി 11: മൃദുല രാമചന്ദ്രൻ)

പരിസ്ഥിതിക്ക് ഒരാമുഖം (ലോക പരിസ്ഥിതി ദിനം-ജോബി ബേബി,  കുവൈറ്റ്)

View More