സ്വപ്നം കാണാത്തവര്‍ ആരാണുള്ളത്? സ്വപ്നം എന്താണെന്ന് മനസിലാക്കാനുള്ള ബോധം വരുംമുമ്പ് തന്നെ സ്വപ്നലോകത്തേക്ക് നമ്മള്‍ പിച്ചവയ്ക്കും. ഉറക്കത്തില്‍ കുഞ്ഞു ചിരിച്ചാല്‍ നല്ല സ്വപ്നം കാണുന്നതാണെന്നും ചിണുങ്ങി കരഞ്ഞാല്‍ ദുഃസ്വപ്നം കണ്ടിട്ടാണെന്നും കേട്ട് സ്വപ്നങ്ങളെക്കുറിച്ച് സത്യമോ മിഥ്യയോ എന്നറിയാത്തൊരു ധാരണ ഓരോ വ്യക്തിയിലും ഉണ്ട് . സ്വപ്‌നങ്ങളെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിച്ച് നല്ലതിനെ മാത്രം കണ്ണുകളിലൂടെ കടത്തിവിടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അങ്ങനൊരു ചിന്ത അമേരിക്കയിലെ ചിപ്പെവ ഗോത്രവര്‍ഗത്തിനിടയില്‍ ഉണ്ടായതാണ് അത്യാധുനികര്‍ക്കിടയിലും ഇന്ന് പ്രചാരത്തിലുള്ള ഡ്രീംക്യാച്ചറുകള്‍ രൂപംകൊള്ളാന്‍ കാരണമായത്.
തെക്കന്‍ മിഷിഗനിലും ഹ്യുറോണ്‍ കായലിനരികത്തെ വിശാലമായ പ്രവിശ്യകളിലും വസിച്ചിരുന്ന ഒജിബ്‌വാ ചിപ്പെവ ഗോത്രസമൂഹം ചിലന്തിയുടെ രൂപമുള്ള ദേവതയെയാണ് ആരാധിച്ചിരുന്നത്. വടക്കേ അമേരിക്കയുടെ നാലു കോണുകളിലായി ഗോത്രവര്‍ഗം പലായനം ചെയ്തപ്പോള്‍ കുലദേവതയുടെ സംരക്ഷണം ലഭിക്കാതെ അവരുടെ കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ കിടന്ന് കരയുന്നത് പതിവായി. ഇതിനെത്തുടര്‍ന്ന് ഇക്തോമി എന്ന മഹാമാന്ത്രികനെക്കണ്ട് അവര്‍ പ്രശ്‌ന പരിഹാരം ആരാഞ്ഞു. ജീവിതത്തില്‍ നല്ലതും ചീത്തയുമായ ശക്തികള്‍ നിങ്ങളെ ചലിപ്പിക്കാന്‍ നോക്കുമെന്നും, നല്ലതിനെ സ്വീകരിച്ചാല്‍ നന്മ ലഭിക്കുമെന്നും പറഞ്ഞ് മാന്ത്രികന്‍ ചിലന്തിയുടെ വലയോട് സമാനമായ രീതിയില്‍ തടികൊണ്ട് വളയങ്ങള്‍ തീര്‍ത്ത ചരട് ജപിച്ച് നല്‍കി.
വളയത്തിലെ ഏഴ് ബിന്ദുക്കളില്‍ നാരുകള്‍ കോര്‍ത്തിരുന്നു. 'അസിബികാശി' എന്ന ചിലന്തിരൂപമുള്ള കുലദേവതയുടെ പ്രവാചകരെ പ്രതിനിധാനം ചെയ്യുന്നവയാണ് ഓരോ ബിന്ദുവും. 7 സൂര്യകിരണങ്ങള്‍ ഒരു കേന്ദ്രബിന്ദുവിലൂടെ കടന്നുപോകും. അവയ്ക്കുള്ളില്‍ ചിലന്തിയുടെ 8 കാലുകള്‍ സൂചിപ്പിക്കുന്ന ഇഴകള്‍ നെയ്തിട്ടുണ്ട്.
കുഞ്ഞുറങ്ങുന്ന തൊട്ടിലിന് മുകളിലായി ഡ്രീം ക്യാച്ചര്‍ തൂക്കിയിട്ടാല്‍, അവയില്‍ കിരണങ്ങള്‍ പതിക്കുകയും സ്വപ്നങ്ങളും ചിന്തകളും ആ വലയത്തിലേക്ക് കേന്ദ്രീകരിക്കപ്പെടും എന്നുമാണ് അവര്‍ വിശ്വസിക്കുന്നത്. മൂങ്ങയുടെ തൂവലും പരുന്തിന്റെ തൂവലും ചേര്‍ന്ന് അമ്മയുടെ ബുദ്ധിയും അച്ഛന്റെ കരുത്തും കുഞ്ഞിന് ലഭിക്കുമെന്നാണ് കരുതുന്നത്. ചീത്ത സ്വപ്നങ്ങള്‍ ആ വലയത്തില്‍ കുടുങ്ങി നശിക്കുകയും നല്ല സ്വപ്നങ്ങള്‍ തൂവലുകളിലൂടെ കടന്ന് സുഖനിദ്ര നല്‍കുകയും ചെയ്യും.
അന്‍പത് വര്‍ഷക്കാലം കൊണ്ട് മറ്റു ഗോത്രങ്ങളിലും ഡ്രീംക്യാച്ചറുകള്‍ പ്രചാരം നേടി. ഉത്തര ദ്രുവ പ്രദേശങ്ങളില്‍ കാണപ്പെടുന്ന അരളി വര്‍ഗ്ഗത്തില്‍പ്പെട്ട മരത്തിന്‍റെ ചില്ലകൊണ്ടാണ് വളയങ്ങള്‍ ബലപ്പെടുത്തുന്നത്. തുകല്‍ കൊണ്ടുള്ള ചട്ടം ഇവയ്ക്ക് മിഴിവേകും.
എഴുപതുകളില്‍ തന്നെ അമേരിക്കയില്‍ വ്യാപകമായ ഡ്രീംക്യാച്ചറുകള്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയിട്ട് അധിക കാലമായില്ല. എങ്കില്‍ തന്നെയും വീട് അലങ്കരിക്കുക എന്ന ഉദ്ദേശത്തോടെ ആളുകള്‍ക്കിടയില്‍ ഡ്രീംക്യാച്ചറുകള്‍ മോഹവലയം തീര്‍ത്തുതുടങ്ങി. ഏതു സംസ്കാരത്തിന്റെ ഭാഗമായാലും സമാധാനത്തോടെ ഉറങ്ങാന്‍ സഹായിക്കുമെന്ന് കേട്ടാല്‍ എങ്ങനൊരു കൈ നോക്കാതിരിക്കും?