Image

ലാന വാര്‍ഷിക സമ്മേളനത്തിലെ അദ്ധ്യക്ഷപ്രസംഗം (ജോണ്‍ മാത്യു)

Published on 14 November, 2019
ലാന വാര്‍ഷിക സമ്മേളനത്തിലെ അദ്ധ്യക്ഷപ്രസംഗം (ജോണ്‍ മാത്യു)
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഇവിടെ ഡി.വിനയചന്ദ്രന്‍ നഗറില്‍ നില്ക്കുന്നത്. 1996-ല്‍ ഡി. വിനയചന്ദ്രന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയും എം. മുകുന്ദനും ഒപ്പം ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുത്തത് ഓര്‍ക്കുന്നു.

അന്നത്തെ ഫൊക്കാന സമ്മേളനത്തിന്റെ അവസാന ദിവസം രാവിലെ ധൃതിയില്‍ വിളിച്ചു കൂട്ടിയ ഒരു മീറ്റിംഗില്‍ അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ക്ക് ഒരു "ദേശീയ സംഘടന' ദര്‍ശനത്തിന് നമ്മള്‍ രൂപം കൊടുത്തു, ആ ചിത്രം എന്റെ മനസ്സില്‍ നിന്ന് മായുകയില്ല; "അനാത്തോള്‍' ഹോട്ടലിന്റെ ബേസ്‌മെന്റില്‍ ഉപയോഗശൂന്യമായ മേശ, കസേര തുടങ്ങിയവ കൂട്ടിയിട്ടിരുന്ന ഒരു മുറിയില്‍! അന്ന് അവിടെയുണ്ടായിരുന്ന ചുരുക്കം ചിലരെയെങ്കിലും ഇവിടെ കാണുമ്പോള്‍ നാമെല്ലാം എന്തോ നേടിയെന്ന സംതൃപ്തി! പിന്നീട് ഒരു വര്‍ഷത്തിനു ശേഷം, നിയമാനുസൃതം, ലാന ദേശീയ സംഘടനയായി എബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് പ്രഖ്യാപിച്ചതും ഇവിടെ ഡാളസില്‍ത്തന്നെ!

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ദേശീയ സമ്മേളനം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇപ്പോഴാണ് നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള അവസരം. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മാത്രമല്ല, അമേരിക്കയിലെ മലയാളം എഴുത്തിനെ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ കാഴ്ചപ്പാടിലും ആവിഷ്ക്കരണത്തിലും അതിനുപയോഗിച്ച സങ്കേതങ്ങളിലും വന്ന മാറ്റങ്ങളും. കൂടാതെ ആഗോളതലത്തില്‍ കവിത, നാടകം, ഫിക്ഷന്‍, ഇനി മറ്റു കലാരൂപങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും പഠിക്കുകയാണ് നമ്മുടെ ദേശീയ സമ്മേളനങ്ങളുടെ ലക്ഷ്യം.

എഴുത്തുകാരുടെ പ്രാഥമിക ദൗത്യം എഴുത്തു തന്നെ. അതുകൊണ്ടാണ് അമേരിക്കയിലെ എഴുത്തുകാരുടെ കൂടിവരവുകള്‍ പ്രത്യക്ഷത്തില്‍ അനാര്‍ഭാടങ്ങളാകുന്നത്, സംവാദങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നമ്മുടെ സമ്മേളനങ്ങളില്‍ സാഹിത്യവും കലാരൂപങ്ങളും അതിനോടു ചേര്‍ന്ന സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയങ്ങളാകട്ടെ; എഴുത്തിന്റെ സാങ്കേതികതയും പ്രസിദ്ധീകരണത്തിന്റെ പ്രശ്‌നങ്ങളും പ്രായോഗികതയും നമുക്ക് ചര്‍ച്ച ചെയ്യാം. സംഘടനകളിലെ ചര്‍ച്ചകള്‍ ഒരിക്കലും അവസാന വാക്കല്ലെന്നും ഓര്‍ക്കുക.

കൃത്യം രണ്ടു വര്‍ഷം മുമ്പാണ്, ആകസ്മികമായി ലാനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടതായി വന്നത്. സമര്‍ത്ഥമായി ഈ സംഘടനയെ നയിച്ചവരുടെ തുടര്‍ച്ചയാകുന്നത് അത്ര എളുപ്പമല്ല. കൂടാതെ മലയാള സാഹിത്യലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംഘടനയുടെ, തലപ്പത്തിരിക്കുന്നതും അത്ര എളുപ്പമല്ല.

കുടിയേറിയ ഒന്നാം തലമുറയുടെ എഴുത്തുകള്‍ ജീവിത പ്രശ്‌നങ്ങളോട് നേര്‍ക്കുനേര്‍ നോക്കിനിന്ന പോരാട്ടങ്ങളുടെ കഥകളായിരുന്നു, സമൂഹത്തിന്റെ ആദ്യ കാല്‍വെയ്പിന്റെ ചിത്രങ്ങളായിരുന്നു. അത് "മറുനാടന്‍' കാല്പനികതയുടെ, റൊമാന്റിസത്തിന്റെ, തുടര്‍ച്ച! കൂടാതെ ഗൃഹാതുരതയില്‍ ഊന്നിയതും. അവിടെയായിരുന്നു തുടക്കം. എന്നാല്‍ അമേരിക്കയെന്ന ഭൂഖണ്ഡത്തില്‍ നെടുകെയും കുറുകെയും സഞ്ചരിക്കാനുള്ള അവസരം വന്നു ചേര്‍ന്നവര്‍, ക്ലാസിക്കുകള്‍ വായിക്കാന്‍, ആധുനിക നാടകശാലകളും മ്യൂസിയങ്ങളും സന്ദര്‍ശിക്കാന്‍ അവസരം വന്നു ചേര്‍ന്നവര്‍, അത് എന്തുമാത്രം പ്രയോജനപ്പെടുത്തിയെന്ന് ആത്മപരിശോധന നടത്തേണ്ടുന്ന സമയമാണിത്. ഇന്നത്തെ ചെറുപ്പക്കാരായ എഴുത്തുകാര്‍ ഈ രംഗങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുമെന്ന് കരുതുകയാണ്.

കുടിയേറ്റത്തിന്റെ ഈ ഒന്നാം ഘട്ടത്തില്‍ നൂറു കണക്കിനു നോവലുകളും, ആയിരക്കണക്കിനു കഥകളും കവിതകളും ലേഖനങ്ങളും ഇവിടെയുണ്ടായി. മലയാള സാഹിത്യത്തിലെ ഈയൊരു പാഠഭേദം അംഗീകരിക്കേണ്ടതാണ്, പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്.

മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നത്തെ കുടിയേറ്റ സമൂഹത്തിന്റെ ചിത്രം മറ്റൊന്നാണ്. നിലനില്പിന്റെ ആശങ്കകള്‍ അത്രയൊന്നുമില്ല. പലപ്പോഴും പ്രശ്‌നങ്ങള്‍ നാം തന്നെ ഉണ്ടാക്കിവെക്കുന്നതാണ്. സ്വാഭാവികമായതെന്ന് കരുതപ്പെടുന്ന ഗൃഹാതുരത ഓര്‍ത്തോര്‍ത്ത് ദുഃഖിക്കാനില്ല, അങ്ങനെയൊന്ന് ഉണ്ടെന്ന് പറയുന്നെങ്കില്‍ അതൊരു സങ്കല്പവും. ഈ പശ്ചാത്തലത്തിലാണ് വരും തലമുറകളുടെ എഴുത്തുകളിലേക്ക് ശ്രദ്ധിക്കുന്നത്. അവരവര്‍ നിശ്ചയിക്കുക, തങ്ങള്‍ ഏതു തലമുറയില്‍പ്പെട്ടതാണെന്ന്. അമ്പതുകളിലെ പള്‍പ്പ് എഴുത്തു മുതല്‍ ബൗദ്ധികതയുടെ തലപ്പത്തിരിക്കുന്നവ വരെ ഇവിടെയുണ്ട്.

ഏതാണ്ട് മുപ്പതു വര്‍ഷം മുമ്പ് അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ക്ക് ഒരു "ദേശീയ സംഘടന' എന്ന ആശയം ഏതാനും പേര്‍ അന്നത്തെ "മലയാളം പത്ര'ത്തിലൂടെ മുന്നോട്ടു വച്ചു. തുടര്‍ന്നു നടന്ന സംവാദങ്ങള്‍ ചുരുക്കം ചിലരെങ്കിലും ഇന്നും ഓര്‍ക്കുന്നുണ്ടായിരിക്കും. ആ ചെറിയ സംഘത്തിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ഫാദര്‍ സെഡ്. എം. മുഴൂര്‍. അദ്ദേഹം ഇപ്പോള്‍  നമ്മോടൊപ്പമില്ല. ആദ്യത്തെ ദേശീയ കൂടിവരവ് എന്ന് വിശേഷിപ്പിക്കാവുന്ന വാഷിംഗ്ടണ്‍ ഡി.സി. സമ്മേളനവും എന്റെ ഓര്‍മ്മയിലെത്തുന്നു, അതിനു ഡോ. എം.വി. പിള്ള, ഡോ. പി.സി. നായര്‍ തുടങ്ങിയവര്‍ വഹിച്ച പങ്കും.

അതിനുശേഷം കുറേ നാളുകളെടുത്തു അന്നത്തെ ആ ദര്‍ശനം യാഥാര്‍ത്ഥ്യമാകാന്‍. പഴയ കാര്യങ്ങള്‍ വഴിയേ ഒന്ന് ഓര്‍ത്തു, അത്രമാത്രം.

മടങ്ങിവരാം, ഇപ്പോള്‍ പ്രധാന ചോദ്യം ഇനീം ലാന എങ്ങോട്ട്? കുടിയേറ്റ സമൂഹത്തിന്റെ എഴുത്ത് ആഗോള സങ്കേതങ്ങളുമായി ചേര്‍ന്നുപോകണോ, അതോ കേരളീയ പ്രമേയങ്ങള്‍ക്കാണോ മുന്‍ഗണന? ഇതൊരു മുഖ്യ ചര്‍ച്ചാവിഷയമാകുമെന്ന് പ്രതീക്ഷിക്കുകയാണ്.

മറ്റൊരു ആശയം, ചിന്ത ലാനയുടെ പൊതുയോഗത്തിനുമുന്നില്‍ സമര്‍പ്പിക്കുന്നു. നമ്മെ വിട്ടുപിരിഞ്ഞവരുടെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ഒരു സംരംഭം! "എന്നും ജീവിക്കുന്നവരുടെലോകം' എന്ന പേരില്‍ ഒരു തുടര്‍ പ്രസിദ്ധീകരണം! നമ്മോടൊപ്പം പ്രവര്‍ത്തിച്ച പതിനഞ്ചു പ്രശസ്ത വ്യക്തികളുടെ അനുസ്മരണ ലേഖനങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്റെ ഫയലിലുണ്ട്. സഹകരണം പ്രതീക്ഷിക്കുന്നു.

തുടക്കക്കാരായവരില്‍ ആരും തന്നെ അടുത്ത കമ്മിറ്റിയില്‍ ഉണ്ടായിരിക്കില്ല. ഈ മാറ്റം ആരോഗ്യപരമാണ്. അതായത്, അമേരിക്കയിലെ മലയാളികളുടെ ബൗദ്ധിക ജീവിതം മറ്റൊരു പടിയിലേക്ക് കയറുന്നു. യുവതലമുറയുടെ കൈകളില്‍ നമ്മുടെ സംവാദങ്ങള്‍ സജ്ജീവമാകട്ടെ. 

പ്രിയപ്പെട്ട ലാനാ അംഗങ്ങളെ, കഴിഞ്ഞ രണ്ടു വര്‍ഷം നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ട്, എന്റെ വാക്കുകള്‍ ചുരുക്കുന്നു.

നന്ദി, നമസ്ക്കാരം.  
ലാന വാര്‍ഷിക സമ്മേളനത്തിലെ അദ്ധ്യക്ഷപ്രസംഗം (ജോണ്‍ മാത്യു)
Join WhatsApp News
Vayanakkaran 2019-11-15 23:30:38
ജോൺമാത്യു സർ പറയുന്നു യുവതലമുറയിലേക്കു കൈമാറണമെന്ന്! ചിരിക്കാതിരിക്കാൻ കഴിയില്ല. സാർ, ലാനയുടെ കീഴ്‌വഴക്കമനുസരിച്ചു വരുമ്പോൾ ഫൊക്കാനയിലെപ്പോലെ ഒരാൾ ഒരു സ്ഥാനത്തേക്ക് കയറിയാൽ പിന്നെ ഓരോപടി കയറി വർഷങ്ങൾ അവിടെയിരിക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം. ഇന്നത്തെ സെക്രട്ടറി നാളത്തെ പ്രെസിഡന്റായിരിക്കും. പിന്നെ അദ്ദേഹം അവാർഡ് കമ്മിറ്റിയുടെ ചെയർമാനാകും. പിന്നെ വേറെ എന്തെങ്കിലും. കഴിവുള്ളവരെ തെരഞ്ഞെടുത്തു നേതൃത്വത്തിൽ കൊണ്ടുവരാൻ സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് അധികമാരും ഈ പ്രഹസനത്തിനു പോകാത്തത്. അടുത്ത ആറുവർഷം ആരായിരിക്കും ലാനയെ ആനയിക്കുന്നതെന്ന് ഇപ്പോൾ തന്നെ അറിയാം. അതുകൊണ്ടുതന്നെ പറയാം ഇതുകൊണ്ട് ആർക്കും ഒരുഗുണവുമുണ്ടാകില്ല. ഈ സംഘടന പിരിച്ചുവിട്ടുകൂടേ?
വിളിച്ചിട്ട് ആണ് വന്നത് 2019-11-16 05:33:35
നു യോര്‍കില്‍ തയിസന്‍ അവനുവില്‍ വച്ച് കൂടിയ മീറ്റിംഗില്‍ ഷനിച്ചതു കൊണ്ട് ആണ് വന്നത്. ൧൦൦ $ ഡോനെഷനും കൊടുത്തു. അപ്പോള്‍ ആണ് ഫൌണ്ടിംഗ് മെമ്പര്‍ എന്ന് ഞെളിഞ്ഞുനിന്നൂ സിഗരട്ട് വലിക്കുന്ന ഒരുവന്‍ ലാന സാഹിത്യകാരന്‍ മാര്‍ക്ക് മാത്രം ഉള്ളത് ആണ് എന്ന്. കൊഴിക്കട്ടക്ക് കാല് വച്ചതുപോലെ തലക്കനം ഉള്ള മറ്റൊരുവനും. കുറെ സംസ്കാര സൂന്യര്‍ നടത്തുന്ന സംഘടന. 
റിപ്പോർട്ട് 2019-11-16 19:20:38
രണ്ടു വർഷ പ്രവർത്തന റിപ്പോർട്ട് എവിടെ?
കുതിരവട്ടം 2019-11-17 00:00:45
 പ്രസവ റിപ്പോർട്ട് ഇപ്പ അയച്ചു തരാം ഹി ഹി  ഹീ ....

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക