Image

ഞാന്‍ ലോറി മോണ്‍ഗോമറി (ചെറുകഥ: ലൈലാ അലക്‌സ്)

Published on 22 November, 2019
ഞാന്‍ ലോറി മോണ്‍ഗോമറി (ചെറുകഥ: ലൈലാ അലക്‌സ്)
ഇന്നും ഉണ്ടായിരുന്നു എനിക്ക് ഒരു കത്ത്. എല്ലാ രണ്ടു ആഴ്ചകള്‍ കൂടുമ്പോഴും വരാറുള്ളത്. ഇവിടെ നിന്നും അത്ര അകലെ അല്ലാത്ത നഗരത്തിലെഗുഡ് ഷെപ്പേര്‍ഡ് വൃദ്ധസദനത്തില്‍ നിന്നും ഡേവിസിന്റെ.

കത്ത് എന്ന് പറയാന്‍ അത്രയൊന്നും ഇല്ല. എന്ന് വെച്ചാല്‍ വിശേഷങ്ങള്‍ എന്ന് പറയാന്‍ ഒന്നുമില്ല. 'ഹൌ ആര്‍ യു', 'ഐ ആം ഫൈന്‍' എന്നിങ്ങനെ ഉള്ളഉപചാരങ്ങളും കാലാവസ്ഥയെയും, ചുറ്റുപാടുകളെയും കുറിച്ചുള്ള  പരാമര്‍ശങ്ങളും മാത്രം. 

വസന്തത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട്, 'യാര്‍ഡില്‍ ആപ്പിള്‍ മരത്തില്‍ നിറയെ കായ്കളുണ്ട്...' അല്ലെങ്കില്‍ 'ചുവന്ന തൊപ്പിവെച്ച പാതിരിക്കിളികള്‍ കൊന്തയെത്തിക്കാന്‍ വന്നു തുടങ്ങിയിരിക്കുന്നു', വേനലില്‍, 'സൂര്യന്റെ കോപത്തീയ്  എന്നെ പൊള്ളിക്കുന്നു'  , പിന്നെ നേരത്തെ ഇരുട്ട് പരന്നു തുടങ്ങുന്ന ശിശിരത്തില്‍, 'ചേക്കേറാന്‍ പറക്കുന്ന വാത്തകളുടെ ശബ്ദീ എത്ര അലോസരമാണ്!'  ഇതൊക്കെയാണ് കത്തിലെ വിശേഷങ്ങള്‍.

ആദ്യമാദ്യം ഈ കത്തുകള്‍ വന്നപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. ആരാണ് എനിക്ക് ഈ കത്തുകള്‍ അയക്കുന്നത്? ഒറ്റ വരിയിലുള്ള സൗഖ്യാന്വേഷണങ്ങള്‍, അല്ലെങ്കില്‍ പ്രകൃതി വര്‍ണന....
എന്താണ് ഈ കത്തുകളുടെ ഉദ്ദേശം?

ആദ്യത്തെ കത്തു  വന്നപ്പോള്‍,എന്റെ മേല്‍വിലാസത്തിന്‍റെ   ഇടത്തെ വശത്തായി ആലേഖനം ചെയ്തിരുന്ന  സ്ഥാപനത്തിന്റെ മുദ്രയും അഡ്രസും കണ്ടപ്പോള്‍,   ഏതോ വൃദ്ധ സദനത്തിന്‍റെ പരസ്യം ആയിരിക്കുമെന്ന് കരുതി, അത് തുറന്നതേയില്ല. നേരെ  ട്രാഷിലേക്കിട്ടു.  പണപ്പിരിവ്  തന്ത്രമാണെന്നു ഉറപ്പിച്ച്   പിന്നെ  വന്ന ഒന്ന് രണ്ടെണ്ണീ കൂടി  തുറക്കാതെ തന്നെ എറിഞ്ഞു കളഞ്ഞു.
എന്നാല്‍, വീണ്ടും വീണ്ടും കത്തുകള്‍ വന്നപ്പോള്‍, ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി.

ഡേവിസ് എന്നൊരാളെ ഞാന്‍ അറിയില്ല. എന്റെ പരിചയക്കാരുടെ ഇടയിലോ, ബന്ധുക്കളുടെ കൂട്ടത്തിലോ അങ്ങനെ ഒരു പേരുകാരന്‍ ഇല്ല. ഉറപ്പു വരുത്താനായി മറ്റൊരു സ്‌റ്റേറ്റില്‍ താമസമാക്കിയ എന്റെ സഹോദരിയെ,  അതായതു, ഞങ്ങളുടെ കൂട്ടത്തിലെ പബ്ലിക് റിലേഷന്‍സ് വിദഗ്ദ്ധയെ  തന്നെഫോണില്‍ വിളിച്ചു ചോദിച്ചു. അവള്‍ക്കാവുമ്പോള്‍ ബന്ധുക്കളെ മാത്രമല്ല, അവരുടെയൊക്കെ  പരിചയക്കാരേയും അവരുടെ ബന്ധുക്കളേയും കൂടി കൃത്യമായി അറിയാം.

'ലിസ്, ആരാണീ ഡേവിസ്?'
'ഡേവിസ്?' അവളുടെ കണ്ണുകള്‍ ചോദ്യഭാവത്തില്‍ കുറുകുന്നതും, നെറ്റിയില്‍ വരകള്‍ വീഴുന്നതും എനിക്ക് മനസ്സില്‍ കാണാമായിരുന്നു.
'യെസ്. ഗുഡ് ഷെപ്പേര്‍ഡ് വൃദ്ധ സദനത്തിലെ അന്തേവാസിയായ ഡേവിസ്. അയാള്‍ നമ്മുടെ ബന്ധുവാണോ?'
നോ. അങ്ങനെ ഒരാളെക്കുറിച്ചു എനിക്ക് ഒന്നും അറിയില്ല.'
'ഉറപ്പാണോ?'

'ങ്ങും. അങ്ങനെ ഒരു ബന്ധു നമുക്കില്ല.' അവള്‍ ഉറപ്പിച്ചു പറഞ്ഞു. അവള്‍ പറഞ്ഞാല്‍ പിന്നെ....!
കത്തുകളുടെ വരവ് ഇടതടവില്ലാതെ തുടര്‍ന്നപ്പോള്‍ അതിലെന്താണെന്നു അറിയാന്‍ എനിക്ക് ജിജ്ഞാസ തോന്നി. ഒരെണ്ണം ഞാന്‍ പൊട്ടിച്ചു വായിച്ചു. വിറയാര്‍ന്ന കൈപ്പടയിലുള്ള ആ ഒറ്റവരി സൗഖ്യഅന്വേഷണം കണ്ടപ്പോള്‍, പ്രായാധിക്യത്തിലുള്ള ആരോ എഴുതുന്നതാണ് എന്ന് എനിക്ക് മനസ്സിലായി. ആ സാധുവിനോട് എന്തെന്നില്ലാത്ത അനുകമ്പയും…

എന്താണ് ലോറിയും ഡേവിസും തമ്മിലുള്ള ബന്ധം? അതായി എന്റെ ചിന്ത. ലോറി അയാളുടെ മകള്‍ ആണോ? കൊച്ചുമകള്‍? അനന്തിരവള്‍? വാര്‍ധക്യത്തിന്റെ അസ്വസ്ഥതകള്‍ ശല്യക്കാരനാക്കിയ പിതാവിനെ അല്ലെങ്കില്‍ മുത്തശ്ശനെ വൃദ്ധസദനത്തില്‍ ആക്കി മാറിക്കളഞ്ഞവള്‍? സഹോദരങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഇതില്‍ ഏതു തന്നെ ആയാലും വ്യക്തിപരമായ എന്തെങ്കിലും ഒന്ന് ആകത്തുകളില്‍ഉണ്ടാവേണ്ടതല്ലേ?

അതോ, കമിതാക്കളായിരുന്നോ അവര്‍?പ്രായത്തിന്റെ ക്ഷീണാവസ്ഥകള്‍ ഒട്ടും ബാധിക്കാത്ത, പ്രണയത്തിന്റെ ഹൃദയമിടിപ്പുകള്‍  ആ വരികളില്‍ കേള്‍ക്കുന്നുണ്ടോ? എന്തായാലും, വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയില്‍ അനാരോഗ്യത്തിന്റെ അസ്വസ്ഥതകളോട് മല്ലിടുന്ന ഒരു വയോധികന്‍ അയക്കുന്ന കുറിമാനങ്ങള്‍യഥാര്‍ത്ഥ അവകാശിക്കല്ല കിട്ടുന്നത് എന്നത് എന്നെ സങ്കടപ്പെടുത്തി. അത്  അയാളെ അറിയിക്കണം എന്ന തോന്നല്‍ ദിവസങ്ങള്‍ കഴിയുംതോറും എന്നില്‍ ശക്തമായിക്കൊണ്ടിരുന്നു. 
പിന്നെവന്നകത്ത് ഞാന്‍ ആ സ്ഥാപനത്തിലേക്കു തിരിച്ചയച്ചു.
പക്ഷെ, എന്നിട്ടും, കത്തുകള്‍ വന്നു കൊണ്ടിരുന്നു.

എങ്ങനെയാവാം എന്റെ മേല്‍വിലാസത്തില്‍ ഈ കത്തുകള്‍ അയക്കാന്‍ ഇടയായത്? അതായി എന്റെ ചിന്ത. 'ലോറി മോണ്‍ഗോമറി ' എന്ന പേരുള്ള മറ്റാര്‍ക്കോ ഉള്ള കത്തുകളാണ് എനിക്ക് കിട്ടുന്നത് എന്ന് എനിക്ക് ഉറപ്പായിരുന്നു. ഒരേ പേരുകാര്‍ പലരുണ്ടാവുന്നതില്‍ അദ്ഭുതം ഇല്ലല്ലോ. പക്ഷെ, ഈ മേല്‍വിലാസീ...? നിരന്തരമായി ഇതേ അഡ്രസില്‍കത്തുകള്‍ വന്നപ്പോള്‍, അബദ്ധം പറ്റി, തെറ്റായ വിലാസം കുറിച്ചതാവാം എന്ന തോന്നല്‍ മാറി.

എവിടെ നിന്നാണ് ഇവര്‍ക്ക് എന്റെ മേല്‍വിലാസം കിട്ടിയത്? എത്ര ആലോചിട്ടും എനിക്ക് പിടികിട്ടിയില്ല. 
ഒരുപക്ഷെ, ഡേവിസ് പറഞ്ഞ പേര് വെച്ച് അവിടുത്തെ ജീവനക്കാര്‍ അഡ്രസ് ഫോണ്‍ ബുക്കില്‍ നിന്നോ മറ്റോ തിരഞ്ഞുപിടിച്ചതാവുമോ? പ്രായാധിക്യത്താല്‍ വലയുന്ന ഡേവിസിന് പേരു മാത്രമേ ഓര്‍മ്മ   ഉണ്ടായിരുന്നുള്ളൂ  എന്ന്  വന്നു കൂടേ?
എങ്കില്‍ ആ സ്ഥാപനത്തിലെ ജീവനക്കാരെ തെറ്റുപറ്റിയത് അറിയിക്കേണ്ട? പിന്നീടു വന്നകത്തുകള്‍ ശേഖരിച്ചു, ഞാന്‍ ആ സ്ഥാപനത്തിലേക്കു തിരിച്ചയച്ചു. ഒപ്പം, സ്ഥാപനത്തിന്റെ ഡിറക്റ്റര്‍ക്ക് വിശദമായ ഒരു കുറിപ്പും വെച്ചു:

'ഞാന്‍ ലോറി മോണ്‍ഗോമറി.
അവിടെ നിന്നും അയക്കുന്ന ഈ കത്തുകള്‍ എനിക്കുള്ളവ അല്ല.
നിങ്ങളുടെ സ്ഥാപനത്തിലെ അന്തേവാസിയായ ഡേവിസ് എന്ന ആളിനെ ഞാന്‍ അറിയുകയില്ല. ദയവായി നിങ്ങളുടെ രെജിസ്റ്ററുകള്‍ പരിശോധിച്ചു നിങ്ങളുടെ അന്തേവാസിയുടെ യഥാര്‍ഥ ബന്ധുവിന് ഇത് അയച്ചു കൊടുക്കുക.’
ഇത് കൊണ്ടൊന്നും കത്തുകളുടെ വരവ് നിന്നില്ല. ക്രമം തെറ്റാതെയുള്ള ഇവയുടെ വരവ് എന്നെ വിഷമിപ്പിക്കാനും തുടങ്ങി.

ആര്‍ക്കോ അബദ്ധം പിണഞ്ഞതാകാം എന്നുള്ള തോന്നല്‍ മാറി: ഇത്ര അശ്രദ്ധയോടെ അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കുന്ന ആ സ്ഥാപനത്തിലെ നടത്തിപ്പുകാരോട് ഈര്‍ഷ്യയും തോന്നിത്തുടങ്ങി. വിറയാര്‍ന്ന കൈകള്‍ വടിവില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് കുറിക്കുന്ന ആസ്‌നേഹസന്ദേശങ്ങള്‍ അതിന്റെ അവകാശിക്കു എത്തിച്ചുകൊടുക്കുന്നതില്‍ അവര്‍ കാണിക്കുന്ന അലംഭാവം എന്നെ നന്നായി ദേക്ഷ്യം പിടിപ്പിച്ചു.

എത്ര കഷ്ടപ്പെട്ടാവണം ആ സാധു ഈ കത്തുകള്‍ എഴുതുന്നത്!  ഊണിലും ഉറക്കത്തിലും ആ ചിന്ത എന്നെ ശല്യം ചെയ്യാന്‍ തുടങ്ങി.

ആ സ്ഥാപനത്തില്‍ നേരിട്ട് ചെന്ന് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചത് അങ്ങനെയാണ്.  ഒരു അവധി ദിവസത്തിനായി ഞാന്‍ കാത്തിരുന്നു.

ഗുഡ് ഷെപ്പേര്‍ഡ് എന്ന ആ സ്ഥാപനത്തെക്കുറിച്ചു ഇതിനിടക്ക് ഞാന്‍ വിശദമായി അന്വേഷിച്ചു. നല്ല നിലയില്‍ നടക്കുന്ന ഒരുഓള്‍ഡ് എയ്ജ് ഹോം. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു പ്രശാന്ത സുന്ദരമായ ഒരു പ്രദേശ ത്താണ് സ്ഥിതി ചെയ്യുന്നത്. വിശ്രമ ജീവിതത്തിനു വേണ്ടുന്ന ആധുനിക സൗകര്യങ്ങള്‍ എല്ലാം ഉള്ള കോട്ടേജുകള്‍ ... ആവശ്യങ്ങള്‍ അറിഞ്ഞു പരിചരിക്കാന്‍ പരിശീലനം ലഭിച്ച പരിചാരകര്‍, വേണ്ടി വന്നാല്‍ ഏതു സമയത്തും വൈദ്യ സഹായീ നല്കാന്‍ തയ്യാറായ മെഡിക്കല്‍ യൂണിറ്റുകള്‍.... ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും എനിക്ക് ആ സ്ഥാപനം നടത്തിപ്പുകാരോടുള്ള  അമര്‍ഷം മാറ്റിയില്ല. 

ഓഫീസ് തിരക്കുകള്‍ക്കിടയില്‍ മുങ്ങി, ഏകദേശം രണ്ടു മാസങ്ങള്‍ കഴിഞ്ഞാണ് എനിക്ക് ആ പട്ടണത്തിലേക്കു പോകാന്‍ കഴിഞ്ഞത്.  അതുവരെ വന്ന കത്തുകള്‍ എല്ലാം ഞാന്‍ ഭദ്രമായി പൊതിഞ്ഞെടുത്തിരുന്നു.

ഇരുപുറവും  പൂച്ചെടികള്‍  വെട്ടിയൊതുക്കി നിര്‍ത്തിയ  നീണ്ട പാതയിലേക്ക് എന്റെ കാര്‍ പ്രവേശിച്ചു. രണ്ടു വശത്തും വിശാലമായ പൂന്തോട്ടങ്ങള്‍, അവിടവിടെയായി ഇരുന്നു വിശ്രമിക്കാന്‍ ബെഞ്ചുകള്‍.  അവിടവിടെയായി, കിളികള്‍...  ഡേവിസിന്റെ  കത്തുകളില്‍ പറഞ്ഞിരുന്ന പാതിരിക്കിളികള്‍?
വിശ്രമജീവിതത്തിനു പറ്റിയ അന്തരീക്ഷം. 'കൊള്ളാം...' ഞാന്‍ മനസ്സിലോര്‍ത്തു. 

വിശാലമായ പാര്‍ക്കിംഗ് ലോട്ടില്‍ കാര്‍ ഒതുക്കി നിര്‍ത്തി. കരുതിക്കൊണ്ടുവന്ന കത്തുകളുടെ പാക്കറ്റ് എടുത്തുകൊണ്ടു ഓഫീസിലേക്കു നടന്നു. റിസപ്ഷനില്‍ ഞാന്‍ ആരാണെന്നും, വന്ന ഉദ്ദേശവും പറഞ്ഞു. എന്‍റെ പേര് പറഞ്ഞപ്പോള്‍ അവര്‍ എന്റെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കി. പിന്നെ ഒരുതരം ഈര്‍ഷ്യ അവിടെ തളമിട്ടു.

ഒട്ടും താമസിക്കാതെ, അവര്‍ മാനേജരെ വിളിച്ചു വരുത്തി.

എന്നെ കണ്ടപ്പോള്‍ എന്തോ അദ്ഭുതം കണ്ടതുപോലെ അവരുടെ കണ്ണുകള്‍ വിടര്‍ന്നു.  പെട്ടെന്ന് തന്നെ, മുഖത്തേക്ക് ഇരച്ചു കയറിയ ഭാവഭേദങ്ങളെ അവര്‍ തുടച്ചുമാറ്റി, ഔദ്യോഗികതയുടെ  മുഖമൂടി അണിഞ്ഞു.  തിരക്കിനിടയില്‍ വിളിച്ചു വരുത്തിയതിന്റെ നീരസം ആവാം, ഞാന്‍ നിസ്സാരമായി തള്ളി.
'മിസ് ലോറി മോണ്‍ഗോമറി?'  മാനേജര്‍ എന്റെ നേരെ കൈനീട്ടി.

'ഹലോ ...' അവരുടെ കരം ഗ്രഹിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു.
 'വരൂ', അവര്‍ എന്നെ അവരുടെ ഓഫീസിലേക്കു ക്ഷണിച്ചു. വിശാലമായ ഓഫീസ് മുറിയിലെ മേശയ്ക്കു ഇരുപുറവുമായി ഞങ്ങള്‍ ഇരുന്നു. കൈയ്യിലുണ്ടായിരുന്ന കത്തുകളുടെ പാക്കറ്റ്  മേശപ്പുറത്തു വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:

‘മിസ്റ്റര്‍ ഡേവിസ് എന്നൊരാള്‍ അയച്ച കത്തുകളെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക്  എഴുതിയിരുന്നു '  എന്റെ ശബ്ദത്തിനു വേണ്ടതിലേറെ കാര്‍ക്കശ്യം  ഉണ്ടായിരുന്നു എന്നെനിക്കു അറിയാമായിരുന്നു.
അവര്‍ ഒരു നിമിഷം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. 
'നിങ്ങളോടു എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. നിങ്ങളെ കാണുന്നത് വരെ നിങ്ങള്‍ എഴുതിയിരുന്നത് ഞാന്‍ വിശ്വസിച്ചിരുന്നു.’

‘എന്നിട്ടുംകത്തുകള്‍അയച്ചുകൊണ്ടിരുന്നത്പ്രായമായആമനുഷ്യനോടുള്ളകരുതല്‍കൊണ്ട്മാത്രമാണ്.’ അവര്‍പറഞ്ഞു.
എനിക്ക് ഒന്നും മനസ്സിലായില്ല.

‘മിസ്റ്റര്‍ ഡേവിസ് കഴിഞ്ഞ ആഴ്ചയില്‍ മരിച്ചു. ശവസംസ്കാരത്തിനുള്ള നിര്‍ദേശങ്ങള്‍ നേരത്തെ എഴുതി ഏല്‍പ്പിച്ചിരുന്നതുകൊണ്ടു ഞങ്ങള്‍ അത് വൃത്തിയായി നടത്തി.'

'കഷ്ടമായിപ്പോയി’, ഞാന്‍ മനസ്സിലോര്‍ത്തു. ഇവിടേയ്ക്ക് തിരിക്കുമ്പോള്‍ ഈ ആളിനെ ഒന്ന് നേരില്‍ കാണാമെന്നു ഓര്‍ത്തിരുന്നു. എന്ന് മാത്രമല്ല,  അയാളും  എന്നെ നേരിട്ട് കാണുമ്പോള്‍, അബദ്ധം പറ്റിയത് മനസ്സിലാക്കുമല്ലോ എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.
‘സോറി റ്റു ഹിയര്‍ ദാറ്റ്.'  ഞാന്‍ പറഞ്ഞു
മാനേജര്‍ എന്നെ തറപ്പിച്ചു നോക്കികൊണ്ടു തുടര്‍ന്നു:

'കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ സ്ഥിരം കാണാറുള്ളതാണ്. നിങ്ങളുടെ ഇടയിലെ പ്രശ്‌നം എന്താണെന്നു ഞങ്ങള്‍ക്കറിയില്ല….  അറിയുകയും വേണ്ട.'

'എന്നാലും, അദ്ദേഹത്തെപ്പോലെ മാന്യനായ ഒരു വ്യക്തിയോട് ഇത്ര വൈരാഗ്യം വെച്ച് പുലര്‍ത്തിയത് ഒട്ടും ശരിയായില്ല. നിങ്ങളെ ഒന്ന് കാണാന്‍ അദ്ദേഹം എത്ര ആഗ്രഹിച്ചിരുന്നെന്നോ...'
പറഞ്ഞുകൊണ്ട് അവര്‍ ഒരു ചെറിയ ഫോട്ടോ എന്റെ നേരെ നീട്ടി.
'എന്നും ഈ ഫോട്ടോയില്‍ നോക്കി അദ്ദേഹം കരയുമായിരുന്നു. ഒരിക്കല്‍ എങ്കിലും നിങ്ങള്‍ വരുമെന്ന് അദ്ദേഹം ആശിച്ചിരുന്നു, ഞങ്ങളും...'

കുറെ പഴയതു എങ്കിലും ഒട്ടും മങ്ങല്‍ ഏറ്റിട്ടില്ലാത്തഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോ ആയിരുന്നു അത്.

ഞാന്‍ അത് കൈയില്‍ വാങ്ങി.  ഒന്നേ നോക്കിയുള്ളൂ...എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാന്‍ കണ്ണാടിയില്‍ നോക്കുകയാണോ എന്ന് ഒരു നിമിഷം ശങ്കിച്ചു പോയി…
ആ ഫോട്ടോയിലുള്ള ആള്‍ക്കു എന്റെ അതേ ഛായ…. ഛായ എന്ന് പറഞ്ഞാല്‍ പോരാ, അത് ഞാന്‍ തന്നെ ആയിരുന്നു. എന്റെ ഇടതു നെറ്റിയിലെ പാടും, കവിളിലെ മറുകും വരെ കൃത്യമായിത്തന്നെ ആ ഫോട്ടോയിലുീ ഉണ്ടായിരുന്നു.ഞാന്‍ ജനിക്കുന്നതിനും മുന്‍പേയുള്ള ഏതോ കാലത്തു എടുത്ത ആ ചിത്രത്തിലെ രൂപം എന്റേതല്ലെന്നു ആരും വിശ്വസിക്കുമായിരുന്നില്ല.
ആ ഫോട്ടോയുടെ താഴെ അക്ഷരങ്ങള്‍ മങ്ങിയിരുന്നെങ്കിലും കുറിച്ചിരുന്നത് അതിലേറെ ഞെട്ടലോടെയാണ്ഞാന്‍ വായിച്ചത്: 'ലോറി മോണ്‍ഗോമറി'
ഞാന്‍ മാനേജരുടെ മുഖത്തേക്ക് നോക്കി.

‘ഇത് ഞാനല്ല. ഒരു മുപ്പതു വര്‍ഷീ മുന്‌പെടുത്ത ഈ ഫോട്ടോയിലെ ആളിന്റെ പ്രായവും, എന്റെ പ്രായവും തമ്മില്‍ ഒത്തു നോക്കു...' എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം എന്റെ ബന്ധു അല്ലെന്നും, ആ ഫോട്ടോ ആരുടേതാണെന്നോ, എങ്ങനെ അദ്ദേഹത്തിന്റെ കയ്യില്‍ വന്നെന്നോ ഊഹിക്കാന്‍ പോലും എനിക്കാവുന്നില്ലെന്നും ഒക്കെ പറയണം എന്ന് ഉണ്ടായിരുന്നു.പക്ഷെ വാക്കുകള്‍ പുറത്തേക്കു വന്നില്ല.

ആ ചിത്രത്തിലെ ആളുമായി എനിക്കുള്ള സാമ്യം എങ്ങനെ നിഷേധിക്കാനാവും?  ഫോട്ടോയുടെ കാലപ്പഴക്കം ഒഴിച്ചാല്‍, അത് എന്റെ ചിത്രം അല്ലെന്നു തോന്നുകയേ ഇല്ലായിരുന്നു.
പെട്ടെന്നാണ് അങ്ങനെയൊരുചിന്ത എനിക്ക് ഉണ്ടായത്…..  അതുവരെയും ഞാനറിയാത്ത ഏതോ പൈതൃകത്തിന്റെ തെളിവാണോ ആ ചിത്രം?  നോക്കെത്താത്ത ഭൂതകാലത്തേക്കു നീളുന്ന ബന്ധങ്ങളുടെചങ്ങലക്കണ്ണികളില്‍ ഏതോ ഒന്ന്?
അതോ,

ഏതോഅമാനുഷികമായപ്രപഞ്ചശക്തിയാല്‍മുഖസാദൃശ്യത്തിന്റെജീനുകള്‍ഒരേക്രമത്തില്‍സമ്മേളിച്ചതോ ?സംഭ്രമകരമായആകസ്മികതഎന്ന്തള്ളിക്കളയാന്‍എന്തോഎനിക്കായില്ല.

എനിക്ക് ആകെയൊരു വിറയല്‍…. ഒന്നും മിണ്ടാനാവാതെ, സര്‍വ ശക്തിയും ചോര്‍ന്ന്, തളര്‍ന്നിരുന്നു പോയി ഞാന്‍.

ഒരു വല്ലാത്ത ദുഃഖം എന്നില്‍ നിറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത, വിശദീകരിക്കാനാവാത്ത സങ്കടം....മണ്മറഞ്ഞു പോയ ആ വൃദ്ധന്‍ എന്റെ ആരോ ആണെന്ന തോന്നല്‍ അനുനിമിഷം എന്നില്‍ ശക്തിപ്പെടുകയാണ്... അതുവരെയും ആ കത്തുകളെക്കുറിച്ചു അന്വേഷിക്കാന്‍ സമയം കണ്ടെത്താതിരുന്നതില്‍ കുറ്റബോധവും...

ആ മാനേജര്‍ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കയാണ്. അവരുടെ കണ്ണിലെരോഷം എന്നെ വല്ലാതെ കുത്തിനോവിച്ചു.

‘അദ്ദേഹത്തിന്റെ കുറച്ചു സാധനങ്ങള്‍ ഇവിടെ ഉണ്ട്.  അത് നിങ്ങളെ ഏല്‍പ്പിക്കണമെന്നു അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു.'

അവര്‍ ഒരു ചെറിയ സ്യൂട്ട് കേസ് എന്റെ മുന്‍പിലേക്ക് നീക്കിവെച്ചു.
ഞാന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. ആ ചെറിയ പെട്ടി ഏറ്റുവാങ്ങി.
അവര്‍ നീട്ടിയ കടലാസ്സില്‍ ഒന്നും മിണ്ടാതെ അവ കൈപ്പറ്റിയതായി ഒപ്പിട്ടുകൊടുത്തു.
തിരികെവീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍മനസ്സ് കലുഷിതമായിരുന്നു.
ഞാന്‍ ലോറി മോണ്‍ഗോമറി ആരാണ്….?

Join WhatsApp News
Fr M K Kuriakose 2020-11-29 17:47:15
പതിവു പോലെ മനോഹരമായിരിക്കുന്നു നുറുങ്ങ്‌ കഥ. ആശംസകൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക