Image

ജംഗിള്‍ ബുക്ക് @125 (മീട്ടു റഹ്മത്ത് കലാം)

Published on 25 November, 2019
ജംഗിള്‍ ബുക്ക്  @125 (മീട്ടു റഹ്മത്ത് കലാം)
തലമുറകള്‍ മാറുമ്പോള്‍ താല്‍പര്യങ്ങളിലും മാറ്റം വരും. ഈ മാറ്റങ്ങളെ അതിജീവിച്ചുകൊണ്ട് ഒരു പുസ്തകം നിലനില്‍ക്കണമെങ്കില്‍ അസാധാരണമായി അതില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം. ജംഗിള്‍ബുക്കിനും മൗഗ്ലിക്കും 125 വയസ്സായി എന്നറിയുമ്പോള്‍ മനസ്സിലാക്കേണ്ടതും അതിലെ എക്‌സ്  ഫാക്ടറാണ്. സാഹിത്യ നൊബേല്‍ ജേതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ റുഡ്യാര്‍ഡ് ക്ലിപ്പിംഗ് ആണ് 1894ല്‍ ജംഗിള്‍ ബുക്ക് രചിച്ചത്. പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യം ഏതൊരു കുഞ്ഞിനും രസിക്കുന്ന രീതിയില്‍ എഴുതാന്‍ കഴിഞ്ഞതാണ് കിപ്ലിംഗിന്റെ വിജയമെന്ന് കാലം അടിവരയിടുന്നു.

ജംഗിള്‍ ബുക്കിന്റെ  രചനയില്‍ പാശ്ചാത്യ സാഹിത്യത്തെക്കാള്‍ ജാതക കഥകളുടെയും പഞ്ചതന്ത്രം കഥകളുടെയും സ്വാധീനം ഉള്ളതായി ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്. കിപ്ലിംഗ് തന്റെ ബാല്യകാലം ഇന്ത്യയില്‍ ചെലവഴിച്ചതാകാം ഇതിന് ആധാരം.         ആറാം വയസ്സില്‍ ന്യൂമോണിയ ബാധിച്ച് മരണപ്പെട്ട മകള്‍ ജോസഫൈന് വേണ്ടിയാണ് അദ്ദേഹം ജംഗിള്‍ബുക്ക് എഴുതിത്തുടങ്ങിയത്. കഥ പൂര്‍ത്തിയാകും മുന്‍പ് സ്വന്തം മകള്‍ മറ്റൊരു ലോകത്തേക്ക് പോയെങ്കിലും ലക്ഷോപലക്ഷം കുട്ടികള്‍ ഇന്നും ആ കഥ കേട്ടുകൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടിലെ വിംപോള്‍ ഹാളില്‍  ജംഗിള്‍ ബുക്കിന്റെ കൈയെഴുത്തുപ്രതി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് . മാസികയില്‍ ആദ്യമായി പ്രസിദ്ധീകൃതമായ ജംഗിള്‍ബുക്കിന്റെ ചിത്രീകരണം നിര്‍വഹിച്ചത് കിപ്ലിംഗിന്റെ പിതാവ് ജോണ്‍ ലോക്ക് വുഡ്  ആണ്.

'ഇന്ത്യന്‍ വനം'  എന്ന് കേള്‍ക്കുമ്പോള്‍ കിപ്ലിംഗിന്റെ മനസ്സില്‍ ജനിച്ചിരുന്ന ഇമേജറി ആണ് ജംഗിള്‍ ബുക്കില്‍ അദ്ദേഹം പകര്‍ത്തിയത്. കാടിന്റെ  നിയമങ്ങള്‍ കൃത്യമായി പാലിച്ചു പോരുന്ന മൃഗങ്ങള്‍ക്കിടയില്‍ ഒരു മനുഷ്യക്കുഞ്ഞ് അകപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്ന ചിന്തയാണ് കഥ എഴുതാന്‍ പ്രേരണയായത്.
    
'ഷേര്‍ഖാന്‍' എന്ന ഒറ്റയാന്‍ കടുവയില്‍ നിന്ന് മനുഷ്യക്കുഞ്ഞിനെ രക്ഷപ്പെടുത്തി 'അകേല' എന്ന ചെന്നായ,  മക്കള്‍ക്കൊപ്പം വളര്‍ത്തുന്നതാണ് കഥയുടെ മര്‍മം.  'മൗഗ്ലി' എന്ന്  ആ കുഞ്ഞിന് പേരിട്ട് സ്വന്തം മക്കളെക്കാള്‍ സ്‌നേഹം കൊടുത്താണ് പെണ്‍ചെന്നായ  പോറ്റുന്നത്. മൃഗീയത മനുഷ്യത്വം എന്നീ വാക്കുകള്‍ക്ക് മറ്റൊരു അര്‍ത്ഥതലമാണ് ജംഗിള്‍ബുക്ക് വരച്ചു കാണിക്കുന്നത്.

മനുഷ്യക്കുട്ടിയും കാട്ടുമൃഗങ്ങളും തമ്മിലുള്ള      ഇഴചേരലിന്  കിപ്ലിംഗ്   നല്‍കിയതിനപ്പുറമുള്ള തലം  പകരാനുള്ള വാള്‍ട്ട് ഡിസ്‌നിയുടെ തീരുമാനം  ജംഗിള്‍ ബുക്കിന്റെ സ്വീകാര്യത പതിന്മടങ്ങ് ആക്കി.  കിപ്ലിംഗ് എഴുതിയ വാക്കുകള്‍ വായിക്കാതെ കഥാപാത്രങ്ങളും ചിത്രങ്ങളും മാത്രം പിന്തുടര്‍ന്ന് സൃഷ്ടിച്ച ജംഗിള്‍ ബുക്ക് എന്ന കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക്  ഡിസ്‌നി   ജീവിച്ചിരിക്കെ,  അദ്ദേഹത്തിന്‍റെ കയ്യൊപ്പോടെ  അവസാനം പുറത്തു വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.   ലാറി  കെമന്‍സ് എന്ന എഴുത്തുകാരനാണ് ജംഗിള്‍ ബുക്കിന് 1967ല്‍ ഡിസ്‌നിയുടെ നിര്‍ദ്ദേശാനുസരണം  പുതിയ ഭാഷ്യം നല്‍കിയത്. മൗഗ്ലി പ്രണയിക്കുന്നതും താന്‍ ഒരു മനുഷ്യനാണെന്ന   തിരിച്ചറിവില്‍ കാടുവിടുന്നതും തുടങ്ങി വികാരഭരിതമായ മാറ്റങ്ങള്‍ ജനഹൃദയം കീഴടക്കി.  'ബഗീര' എന്ന കരിമ്പുലിയും  'ബാലു' എന്ന കരടിയും  'കാ' എന്ന പെരുമ്പാമ്പും എല്ലാം   ഭയത്തിന് പകരം  സ്‌നേഹത്തിന്‍റെ പ്രതീകങ്ങളായി.  കാര്‍ട്ടൂണുകള്‍ അത്രകണ്ട് പ്രചാരത്തില്‍ ഇല്ലാതിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളമടക്കമുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത്  ജംഗിള്‍ ബുക്ക്  പരമ്പരയായി    സംപ്രേഷണം  ചെയ്യപ്പെട്ടതും മൗഗ്ലിയും ജംഗിള്‍ ബുക്കും   എല്ലാ ദേശക്കാര്‍ക്കും പ്രിയങ്കരമായി മാറുന്നതിന് കാരണമായി.

  2016ല്‍   കിപ്ലിംഗിന്റെ കഥാപാത്രവുമായി ഇണങ്ങിച്ചേര്‍ന്നു കൊണ്ട്  ജസ്റ്റിന്‍ മാര്‍ക്‌സിന്റെ തിരക്കഥയില്‍ പുറത്തുവന്ന ജംഗിള്‍ ബുക്ക് എന്ന സിനിമയും വിജയം ആവര്‍ത്തിച്ചു. വിവിധ കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളില്‍ നിന്നുകൊണ്ട് ഇനിയും ജംഗിള്‍ബുക്ക് പലരീതിയില്‍ മാറ്റിയെഴുതാം. ഓരോ വായനക്കാരിലും കിപ്ലിംഗ് കൊത്തിവച്ചിരിക്കുന്ന കാട് വ്യത്യസ്തമാണ്. കാടിന്‍റെ ആ കഥകള്‍ക്ക് അവസാനമില്ല.

ജംഗിള്‍ ബുക്ക്  @125 (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക