ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പതിവായി എഴുതുന്ന ഒരു എഴുത്തുകാരിയാണ് ശ്രീമതി ജയിന്‍ ജോസഫ്. 'ഒരിക്കല്‍ ഒരിടത്ത് ' എന്ന ഇവരുടെ പരമ്പര വായനക്കാര്‍ക്ക് പരിചിതമായിരിക്കുമല്ലോ.
പെണ്‍കുഞ്ഞുങ്ങളെ വെറുക്കുന്ന സമൂഹത്തിനെതിരെയുള്ള പ്രതിഷേധ സൂചകമെന്നോണം, ഒരു പെണ്‍കുഞ്ഞിനെ സമൂഹത്തിനുതന്നെ മാതൃകയായി വളര്‍ത്തണമെന്ന ആഗ്രഹവും ഒരു വാശിയും കലശലായി ഉണ്ടായിരുന്നു, നീലിമയ്ക്ക് പ്രസവത്തിനു മുമ്പുതന്നെ. തന്റെ ഭാവിപുത്രിയിക്ക് സീത എന്ന പേരുപോലും നിശ്ചയിച്ചുവെച്ചിരുന്നതാണ്. അതെല്ലാം അ്ച്ചു എന്ന ആണ്‍കുഞ്ഞിന്റെ പിറവിയോടെയും തന്റെ ഗര്‍ഭപാത്രം തന്നെ നഷ്ടപ്പെടാനിടയായ സാഹചര്യത്തിലും വെടിയേണ്ടതായി വന്നു. Man Proposes, God disposes എന്ന ചൊല്ല് അന്വര്‍ത്ഥമാകും വിധം നീലിമയെ ദുരന്തങ്ങള്‍ ഒന്നിനുപുറകെ മറ്റൊന്നായി വേട്ടയാടിക്കൊണ്ടിരുന്നു. Misfortunes never come alone എന്ന് മറ്റൊരു ചൊല്ലും ഉണ്ടല്ലൊ. എന്തായാലും യാഥാര്‍ത്ഥ്യങ്ങളുമായി സമരസപ്പെട്ടു പോകാന്‍ ആ ദമ്പതികള്‍ നിര്‍ബന്ധിതരാകുന്നു. പെണ്‍കുഞ്ഞിനെ ആശിച്ചിട്ട് ആണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. എങ്കിലും അവന്റെ ചിരികളിലും, കുറുമ്പുകളിലും, കുസൃതികളിലും, ദുഃഖങ്ങള്‍ എല്ലാം മറക്കാന്‍ ശ്രമിച്ച് മെല്ലെമെല്ലെ അച്ചു അവരുടെ എല്ലാമെല്ലാമായി മാറി. അങ്ങിനെ പെണ്‍കുഞ്ഞു പിറക്കാതെ പോയതില്‍ സന്തോഷവതിയായി ദിനരാത്രങ്ങള്‍ ചിലവിടാന്‍ തുടങ്ങി വരവേ, ആ യുവമിഥുനങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും എത്ര പെട്ടെന്നാണ് തകര്‍ന്നത് ! ഋതുഭേദത്തോടെ ഇലകള്‍ നിറംമാറി. പ്രകൃതി സുന്ദരിയായി അവതരിച്ച അതേദിനം വിനു നീലിമക്ക് ഒരു ദുര്‍ദിനമായി മാറി. വിധിവൈപരീത്യത്താല്‍ അവരുടെ പൊന്നുമോന്‍ ഒരു കാറപകടത്തില്‍പ്പെട്ട് അവരെ എന്നന്നേക്കുമായി വിട്ടുപിരിയുന്നു. വീണ്ടും ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നീലിമയുടെ പ്രിയതമന്‍ ഒരു കുട്ടിയെ ദത്തെടുക്കാനുള്ള ആശയവുമായി മുന്നോട്ടു വരുന്നു. അവധിക്ക് നാട്ടില്‍പോയ അവസരത്തില്‍ വീനുവിന്റെ സഹപ്രവര്‍ത്തകനായ ഡോ.പോളിന്റെ നിര്‍ദ്ദേശമനുസരിച്ച് തമിഴ്‌നാട്ടിലെ ഒരു അനാഥാലയത്തില്‍ പോയി ഒരു മിടുക്കന്‍ കുട്ടിയെ കണ്ടുവെച്ചു പോരുന്നു. അനാഥാലയത്തിലേക്ക് ഒരു തവണ തന്നെ അനുഗമിക്കാന്‍ വീനു നീലിമയോട് കെഞ്ചി അപേക്ഷിക്കുന്നു. ഒടുവില്‍ മനസ്സില്ലാമനസ്സോടെ, അനുനയങ്ങള്‍ക്ക് വഴങ്ങി നീലിമ സമ്മതം മൂളുന്നു. അവസാനം അനാഥാലയത്തിലെത്തിയപ്പോള്‍ വീനു കണ്ടുവെച്ചിരുന്ന മിടുക്കനെ മറ്റൊരു ദമ്പതികള്‍ ദത്തെടുക്കാനുള്ള നടപടിക്രമം ആരംഭിച്ചുകഴിഞ്ഞിരുന്നു. അനാഥാലയ മേധാവി ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് എട്ടു വയസ്സു പ്രായമായ സീതയുമായി തിരി്ച്ചുവരുന്നു. സീത എന്ന പേരുമായി മുമ്പേ താദാത്മ്യം പ്രാപിച്ചിരുന്ന നീലിമ ആ കുട്ടിയെ അരികില്‍ ചേര്‍ത്തു നിര്‍ത്തിയതോടെ കഥയ്ക്കു തിരശ്ശീല വീഴുന്നു.
മക്കളില്ലാതെ പോവുകയോ, ഉണ്ടായതു നഷ്ടപ്പെട്ടു പോവുകയോ ചെയ്യുന്നവര്‍ക്ക് ആത്മസംതൃപ്തിക്കുള്ള ഒരു പോംവഴിയാണല്ലൊ ദത്തെടുക്കല്‍, പക്ഷെ, അന്യരക്തത്തില്‍ പിറന്നവരെ സ്വന്തമായി കരുതാന്‍ ചിലര്‍ക്ക് മനഃപ്രയാസമുണ്ടായേക്കാമെന്നത് ഒരു മറുവശം മാത്രം. ബഹുജനം പലവിധമാണല്ലോ.
നമുക്കുചുറ്റും സംഭവിക്കുന്ന ഒരു സാധാരണ സംഭവം കഥാതന്തുവാക്കി കഥ മെനഞ്ഞെടുത്ത കഥാകൃത്തിന്റെ ശ്രമം അഭിനന്ദനീയം തന്നെ. വളച്ചുകെട്ടുകളൊന്നുമില്ലാതെ നേരെ ചൊവ്വെ വായിച്ചുപോകാന്‍ പറ്റുംവിധം ഋജുവായ മട്ടിലാണ് കഥാകൃത്ത് രചന നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആര്‍ക്കും വായിച്ചു മനസ്സിലാക്കുവാന്‍ എളുപ്പമാണ്. ഒരു ഗര്‍ഭിണിയുടെയും കുട്ടിക്കുവേണ്ടി കാത്തിരിക്കുന്ന ദമ്പതികളുടേയും ചേതോവികാരങ്ങള്‍ കാഥിക ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്. ഇന്നൊക്കെ മൂന്നാം മാസത്തോടെ, വേണമെന്നുള്ളവര്‍ക്ക് കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ കഴിയും. പുതിയ സന്ദശമൊന്നുമില്ലെങ്കിലും വിരസതകൂടാതെ വായിച്ചുപോകാവുന്ന കഥയാണിത്. നമുക്കുചുറ്റും നടക്കുന്ന ജീവിതാനുഭവങ്ങളില്‍ നിന്നും എഴുതിയ കഥയായതിനാല്‍ വിശ്വസനീയമായിത്തോന്നും. ആശങ്കകളുളവാക്കി വായനക്കാരന്റെ ക്ഷമയും പരീക്ഷിക്കുന്നില്ല. ശ്രീമതി ജയിന്‍ ജോസഫിന് നല്ല കഥകളെഴുതി കൈരളിയെ ധന്യയാക്കാന്‍ സാധിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
(ഡാളസ്സില്‍ വെ്ച്ചു നടന്ന 11-ാം ലാന സമ്മേളനത്തിലെ ചെറുകഥ ചര്‍്ച്ചയില്‍ നിന്ന്)