-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍- 51: ജയന്‍ വര്‍ഗീസ്)

Published

on

കട്ടിങ് റൂമില്‍ പിന്നെ എനിക്ക് കിട്ടിയ പദവി ' റാഗ് കളക്ട' റുടേതാണ്. മുന്നൂറ്  അടി നീളവും, എട്ടടി വീതിയുമുള്ള മൂന്നു ടേബിളുകളാണ് കട്ടിങ് റൂമില്‍ ഉള്ളത്. ടേബിളുകളുടെ ഒരു വശത്ത് റെയിലുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഈ റെയിലുകളിലൂടെ ഉരുളുന്ന ചക്രങ്ങള്‍ പിടിപ്പിച്ചിട്ടുള്ള ലളിതമായ ഒരു വണ്ടിയാണ് സ്‌പ്രെഡിങ് മെഷീന്‍. ആദ്യമായി ടേബിളില്‍ മേശയുടെ വീതിയുള്ള ബ്രൗണ്‍ പേപ്പര്‍ ആവശ്യമുള്ള നീളത്തില്‍  നിരത്തുന്നു. ഈ പേപ്പറില്‍ ചില അടയാളങ്ങളും, കോഡുകളും ഒക്കെ രേഖപ്പെടുത്തിയിട്ടുണ്ടാവും. അത്  നോക്കിയിട്ടാണ് വിരിക്കാന്‍ പോകുന്ന ' സ്‌പ്രെഡ്ഡി ' ന്റെ നീളവും നിരയും  ഒക്കെ സ്‌പ്രെഡ് ചെയ്യുന്നവര്‍ മനസിലാക്കുന്നത്. നൂറു കിലോയോളം വരെ തൂക്കമുള്ള തുണി റോളുകള്‍ ഒരു ഇരിന്പ് ഷാഫ്റ്റില്‍ കോര്‍ത്തു മെഷീനില്‍ കയറ്റി വയ്ക്കും. ബ്രൗണ്‍ പേപ്പറിലെ നിര്‍ദ്ദേശം അനിസരിച്ച് ഇരുന്നൂറു മുതല്‍ മുന്നൂറ് വരെ  ' പ്‌ളേ '  ( നിര )  ഒന്നിന്  മുകളില്‍ മറ്റൊന്നായി അങ്ങോട്ടും, ഇങ്ങോട്ടും വിരിക്കും. ഇതാണ് സ്‌പ്രെഡിങ്. രണ്ടുപേര്‍ ഇരു വശങ്ങളിലും നിന്ന് മെഷീന്‍ അങ്ങോട്ടും, ഇങ്ങോട്ടും തള്ളിക്കൊണ്ട് പോകുന്‌പോള്‍  ഇരുന്പു ഷാഫ്ടില്‍ കറങ്ങുന്ന റോളില്‍ നിന്നുള്ള തുണി ലൂസായി റിലീസ് ചെയ്തു വിരിച്ചു കൊണ്ടിരിക്കും.

ഇങ്ങനെ ഒരടിയോളം പൊക്കത്തില്‍ വിരിച്ചിട്ടിരിക്കുന്ന സ്‌പ്രെഡിന് മുകളില്‍ കംപ്യൂട്ടര്‍ നിയന്ത്രണത്തിലൂടെ തയ്യാറാക്കുന്നതും, സ്‌പ്രെഡിന്റെ അത്രയും നീളത്തിലുള്ളതുമായ   ' മാര്‍ക്കര്‍ ' എന്നറിയപ്പെടുന്ന നീളന്‍ കടലാസ് റോള്‍ നിവര്‍ത്തി  മൃദുവായി പതിപ്പിക്കുന്നു. ഈ മാര്‍ക്കറില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വസ്ത്രത്തിന്റെ വിവിധ ഭാഗങ്ങളുടെ രേഖാ ചിത്രങ്ങളാണ് ഉണ്ടാവുക. ടേബിളിനു മുകളില്‍ നിന്ന് ചലന സ്വാതന്ത്ര്യത്തോടെ തൂങ്ങി കിടക്കുന്ന വൈദ്യത സപ്ലെയില്‍ കണക്ട് ചെയ്തിട്ടുള്ളതും, പരന്ന ഒരു ബേസില്‍ നിന്ന് കട്ടി കുറഞ്ഞ ഒരു തണ്ടില്‍ ഉയര്‍ന്നു നില്‍ക്കുന്ന മോട്ടോറില്‍ നിന്ന് അതി വേഗതയില്‍ ഉയര്‍ന്നും താഴ്ന്നുമായി പ്രവര്‍ത്തിക്കുന്ന മൂര്‍ച്ചയേറിയ ബ്ലേഡ് പിടിപ്പിച്ചിട്ടുള്ളതുമായ  കട്ടിങ് മെഷീന്‍ മാര്‍ക്കറിലെ വരകളിലൂടെ കൊണ്ട് പോകുന്‌പോള്‍ നമുക്ക് വേണ്ട വസ്ത്ര ഭാഗങ്ങള്‍ സ്‌പ്രെഡിന്റെ അത്രയും നിര മുറിഞ്ഞു വീഴുകയാണ് ചെയ്യുന്നത്. ഇങ്ങനെ വസ്ത്ര ഭാഗങ്ങള്‍ മുറിഞ്ഞു വീഴുന്‌പോള്‍ അതിനിടയില്‍ ഉപയോഗമില്ലാത്ത മുറിഞ്ഞു വീഴുന്ന തുണിയുടെ ഭാഗങ്ങളെയാണ് റാഗ്‌സ് എന്ന് വിളിക്കുന്നത്. ഈ കഷണങ്ങള്‍ വീലുകള്‍ പിടിപ്പിച്ചിട്ടുള്ള ബിന്നുകളില്‍ കൊളുത്തിയ പ്ലാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ചു സ്‌റ്റോക് ചെയ്യുന്ന ജോലിയുടെ പേരായിരുന്നു റാഗ്‌സ് കളക്ടര്‍ എന്നത്.

കുറച്ചു കാലം ഇത് ചെയ്തു കഴിഞ്ഞപ്പോളേക്കും എനിക്കു സ്‌പ്രെഡറായി പ്രമോഷന്‍ കിട്ടുകയും, ശന്പളം മണിക്കൂറിന്  അഞ്ചു ഡോളര്‍ എന്ന നിരക്കില്‍ ആവുകയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞാണു കന്പനി മുഴുവനുമായി നടന്നു കണ്ടത്. അമേരിക്കയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ ' വാള്‍മാര്‍ട്ടി ' നു വേണ്ടി ടി ഷര്‍ട്ടുകള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന ജോലിയാണ് പ്ലിമത് മില്‍സ് ചെയ്തു കൊണ്ടിരിക്കുന്നത്. അഞ്ചു നിലകളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്ലിമത് മില്‍സിന്റെ മറ്റു നിലകളില്‍ നാനൂറോളം തൊഴിലാളികളാണ് മറ്റ് ജോലികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നെല്ലിയുടേത് പോലുള്ള തയ്യല്‍ കമ്പനികളില്‍ നിന്ന് തയ്ച്ചു വരുന്ന ടി ഷര്‍ട്ടുകള്‍ കളറിംഗും, പ്രിന്റിങ്ങും എല്ലാം കഴിഞ്ഞു പാക്ക് ചെയ്തു വിലയും അടിച്ചിട്ടാണ് വലിയ പെട്ടി ട്രക്കുകളില്‍ വാള്‍ മാര്‍ട്ടിന്റെ ഗോഡൗണുകളിലേക്കു കയറ്റി പോകുന്നത്. താരതമ്യേന ഏറ്റവും കുറച്ച്  ആളുകള്‍ ജോലി ചെയ്യുന്ന ഇടമാണ് അഞ്ചാം നിലയിലെ കട്ടിങ് റൂം.

പ്ലിമത് മില്‍സിലെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ മേരിക്കുട്ടിക്കും, ചേച്ചിക്കും അങ്ങോട്ട് വരണമെന്ന ആഗ്രഹം ഉണ്ടായി. അവര്‍ക്കു വേണ്ടി ഞാന്‍ മിസ്റ്റര്‍ അലനോട് സംസാരിച്ചു. ഈ മാസവും, അടുത്ത മാസവുമായി ഓരോരുത്തരെ കൊണ്ട് വരുവാന്‍ അനുവാദം തന്നു.ആദ്യം ഭാര്യയെ കൊണ്ട് വന്നു. പേരും, വിവരങ്ങളും ചോദിച്ചു. അവള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതിരുന്ന ചോദ്യങ്ങള്‍ക്കു ഞാന്‍ തന്നെ ഉത്തരം പറഞ്ഞു. എട്ടും, നാലും കുറച്ചു മാറി ഒരു അധികവും ഇട്ട കടലാസ് അവള്‍ക്കും കൊടുത്തു. പന്ത്രണ്ട് എഴുതിക്കൊടുത്ത് അവളും നിയമനം നേടി. നാലാം ഫ്‌ലോറിലെ ഡയറക്ടറായ ബാബി എന്ന ഇറ്റാലിയന്‍ യുവാവിന്റെ കീഴില്‍ ബാഗിങ് മെഷീന്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ അവളും ജോലി ആരംഭിച്ചു. ടി ഷര്‍ട്ടുകളില്‍ ഹാങ്ങര്‍ കടത്തി മെഷീനില്‍ നിന്നുള്ള  ഒരു ബാറില്‍ തൂക്കി ഇട്ടു കൊടുക്കണം അത്രേയുള്ളു. മെഷീന്‍ ഓരോ ടി ഷര്‍ട്ടും വലിച്ചെടുത്ത് നേര്‍ത്ത പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് സ്‌റ്റോക്കിങ് റാട്ടുകളിലേക്കു മാറിക്കൊള്ളും

ഒരു മാസം കഴിഞ്ഞപ്പോള്‍ സാറാക്കുട്ടി  ചേച്ചിയെയും  ഇത് പോലെ പ്ലിമത് മില്ലില്‍ എത്തിച്ചു. നാലാം ഫ്‌ലോറില്‍ തന്നെ ടി ഷര്‍ട്ടുകളില്‍ ലേബല്‍ തയ്ച്ചു പിടിപ്പിക്കുന്ന ജോലിയാണ് ചേച്ചിക്ക് കിട്ടിയത്. തുടര്‍ന്ന് മലയാളികളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി പ്ലിമത് മില്ലിലേക്ക്. പാസ്റ്ററോടൊപ്പം താമസിക്കുന്ന ബന്ധുവായ ബിജു, ഞങ്ങള്‍ ആന്റി എന്ന് വിളിക്കുന്ന ബിജുവിന്റെ 'അമ്മ, പള്ളിയില്‍ വന്നു കൊണ്ടിരുന്ന ഒരു അമ്മാമ്മ, അമ്മാമ്മയുടെ അനുജത്തി മറിയാമ്മ, മറിയാമ്മയുടെ ഭര്‍ത്താവായ മാത്തു അച്ചായന്‍, സി. എസ. ഐ. പള്ളി വികാരിയായി വന്ന നൈനാന്‍ അച്ചനും, അമ്മായിയും, പിന്നെയൊരു അന്നക്കുട്ടി, എല്‍സമ്മ, ആലിക്കുട്ടി, ജോര്‍ജ്, മാത്തൂച്ചേട്ടന്‍ മുതലായവര്‍ പ്ലിമത് മില്ലില്‍ എത്തി. ഇതില്‍ പകുതിയിലേറെപ്പേര്‍ക്ക് വേണ്ടിയും മിസ്റ്റര്‍ അലനോടും, അദ്ദേഹത്തിന്‍റെ ഭാര്യയായ മാഡം ജോവാനിയോടും സംസാരിച്ചത് ഞാനായിരുന്നു. ഇതില്‍ ബിജുവും, മാത്തൂ അച്ചായനും, നൈനാന്‍ അച്ചനും കട്ടിങ് റൂമിലും, ബാക്കിയുള്ളവര്‍ക്ക്  മറ്റു ഫ്‌ലോറുകളിലും ആയിട്ടാണ് ജോലി ലഭിച്ചത്.

ഇതിനിടയില്‍ ഒരു ദിവസം നെല്ലിയോട് യാത്ര പറയാന്‍ ചെന്നു. ഞങ്ങളുടെ മെഷീനുകള്‍ അപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരുന്നു. നെല്ലിക്കും ഗ്ലാഡിസിനും വലിയ ദേഷ്യമായിരുന്നു. എന്തിനാണ് വന്നതെന്ന് നെല്ലി ചോദിച്ചു. നെല്ലിയോട് സോറി പറഞ്ഞു കൊണ്ട്, കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കവറേജ് ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും, അത് കൊണ്ടാണ് മാറിയതെന്നും വിശദീകരിച്ചെങ്കിലും, സര്‍ക്കാരിന്റെ സൗജന്യ മെഡിക്കല്‍ കവറേജിലാണ് അവരൊക്കെ ഇപ്പോഴും ജീവിക്കുന്നത് എന്നതിനാല്‍ എത്രമാത്രം അത് ഉള്‍ക്കൊണ്ടു എന്ന് പറയാനാവില്ല. പിന്നെ എല്ലാവരും സ്‌നേഹത്തോടെ സംസാരിച്ചു. ഗ്ലാഡിസിന്റെ നീലക്കണ്ണുകളുടെ നീണ്ട പീലികളില്‍ മുത്തുപോലെ ഒരു നീര്‍ത്തുള്ളി തങ്ങിയിരുന്നുവോ എന്ന് സംശയമുണ്ട്. അനുപമമായ ആ സൗത്തമേരിക്കന്‍ സ്‌െ്രെതണ സൗന്ദര്യത്തിന്റെ  സൗജന്യ സാമീപ്യത്തില്‍ നിന്നുള്ള വേര്‍പെടല്‍ ഒരു മൃദു വേദന പോലെ എന്റെ മനസിലും ഒരു നൊന്പരച്ചീള്.
സത്യം പറഞ്ഞാല്‍ അമേരിക്കയില്‍ വന്ന ശേഷം ആദ്യമായി ഒരു കവിത എഴുതിയത് അവളെ മനസ്സില്‍ വച്ചു കൊണ്ടായിരുന്നു.        

എത്ര മനോഹര രൂപം,  വിടരുമി 
തെത്ര മദാലസ ഭാവം !
ആദിശില്പി തീര്‍ത്ത വിശ്വ ലാവണ്യമേ, നിന്റെ
ആരാമ സൗകുമാര്യം എനിക്ക് വേണ്ടി,
എന്നും എനിക്ക് വേണ്ടി !

പത്മദളങ്ങള്‍ തഴുകിയൊഴുകും
പന്പാ നദിക്കരയില്‍,
പുഷ്പ ദളാകാര നര്‍ത്തന വടിവില്‍
എന്നെ തപസ്സുണര്‍ത്തീ !
മേനകേ, മേനകേ നിന്‍ മുന്നില്‍
താപസനല്ലാ, ഞാന്‍ മനുഷ്യന്‍,
വിശ്വാമിത്രന്‍  വെറും വിശ്വാമിത്രന്‍ !

സ്‌നിഗ്ദ മഞ്ഞല നൂപുരമണിയും
ഹിമവല്‍ത്തിരു നടയില്‍,
ഉഗ്ര തപോമയ ശില്‍പ്പ ശിലയായ്
എന്നെ മനം മയക്കീ !
പാര്‍വതീ, പാര്‍വതീ നിന്‍ മുന്നില്‍
ഈശ്വരനല്ലാ, ഞാന്‍ മനുഷ്യന്‍ ,
പരമേശ്വരന്‍  വെറും പരമേശ്വരന്‍ ! എന്നായിരുന്നു ആ കവിത.

എല്ലാവര്‍ക്കും ഒരു സ്ഥലത്ത് ജോലി ആയ നിലക്ക് ഒരു പഴയ കാറ് വാങ്ങിയാലോ എന്ന ഒരു നിര്‍ദ്ദേശം ചേട്ടന്‍ വച്ചു. രണ്ടു തവണ കൂടി ഞാന്‍ റോഡ് ടെസ്റ്റിന് പോയെങ്കിലും ചെറിയ ചെറിയ മിസ്‌റ്റേക്കുകള്‍ മൂലം പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇതിനകം ആദ്യ റോഡ് ടെസ്റ്റില്‍ തന്നെ മകള്‍ ആശക്ക് െ്രെഡവിംഗ് ലൈസെന്‍സ് കിട്ടിയിരുന്നു. ഞാന്‍ നന്നായി വണ്ടിയോടിക്കുമെന്നും, റോഡ് ടെസ്റ്റില്‍ നേര്‍വസ് ആയിപ്പോകുന്നത് കൊണ്ടാണ് ലൈസെന്‍സ് കിട്ടാത്തതെന്നും ചേട്ടന്‍ വിലയിരുത്തി. ക്ലോവ് റോഡിലുള്ള ഒരു ഗാസ് സ്‌റ്റേഷനില്‍ ഒരു കാറ് ഫോര്‍ സെയില്‍ ബോര്‍ഡും വച്ച് കിടക്കുന്നത് കുറച്ചായിട്ടു ചേട്ടന്‍ കാണുന്നുണ്ടെന്നും, അതൊന്നു പോയി നോക്കാമെന്നും നിര്‍ദ്ദേശിച്ചപ്പോള്‍ ഞാനും, എല്‍ദോസും, ചേട്ടനും കൂടി ആ കാറ് പോയിക്കണ്ടു.

' ഓള്‍ഡ്‌സ് മൊബൈല്‍ ' എന്ന കന്പനിയുടെ ' കട്ട് ലസ് സിയറ ' എന്ന പേരുള്ള മനോഹരമായ ഒരു കാറായിരുന്നു അത്. ഇളം നീല നിറത്തില്‍ പുതു പുത്തന്‍ ലുക്ക്. ആദ്യമായി സ്വന്തം കാര്‍ ഉണ്ടാവുന്ന ആവേശത്തില്‍ എല്‍ദോസിന് കാര്‍ വല്ലാതെ ഇഷ്ടപ്പെട്ടു. ചേട്ടനും, ഞാനും ഓടിച്ചു നോക്കിയിട്ടും നല്ല സ്മൂത്തായി ഓടുന്നുണ്ട് വണ്ടി. രണ്ടായിരം ഡോളര്‍ വില സമ്മതിച്ചു കാര്‍ ഞങ്ങള്‍ സ്വന്തമാക്കി. സ്വന്തമായി ഒരു കാര്‍ വാങ്ങിയ സന്തോഷത്തിലും, അഭിമാനത്തിലും ഞങ്ങളേക്കാളുപരി എല്‍ദോസ് നിറഞ്ഞാടി. ആ കാറില്‍ ചാരി നിന്ന് അവന്‍ കൂറേ ഫോട്ടോകള്‍ എടുത്തു വച്ചു.

ഞങ്ങള്‍ അമേരിക്കയില്‍ എത്തിയ ദിവസം മുതല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഞങ്ങളെ കൊച്ചാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഇതിലൂടെ റിസ്‌ക്കെടുത്ത് ഞങ്ങളെ കൊണ്ട് വന്ന കൊച്ചേച്ചിയെ കൊച്ചാക്കാനുള്ള ഒളിഞ്ഞ ശ്രമങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവണം. ചേച്ചിയുടെ വീട്ടില്‍ ആയിരിക്കുന്‌പോള്‍, കള്ളിന്റെ ലഹരിയില്‍ ആയിരുന്നെങ്കിലും, " നീയെന്തിനാടാ പട്ടിയെപ്പോലെ ഇവിടെ വന്നു കിടക്കുന്നത് ? "  എന്ന ചോദ്യം മുഖത്തു നോക്കി ചോദിച്ച ചില വല്യപ്പച്ചന്മാരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍.

അന്നൊക്കെ കുറേക്കൂടി കര്‍ശനമായി പ്രകൃതി ജീവന തത്വങ്ങള്‍ പാലിച്ചിരുന്നത് കൊണ്ട്, മദ്യപിക്കാതെയും പുക വലിവാലിക്കാതെയും, പരമാവധി നോണ്‍വെജ് ഒഴിവാക്കിയും ഒക്കെയാണ് ഞാന്‍ ജീവിച്ചു കൊണ്ടിരുന്നത്. ഇതിനെ കളിയാക്കി ചില കേന്ദ്രങ്ങള്‍ എന്നെ ' ഗാന്ധി ' എന്ന അര്‍ത്ഥത്തില്‍ ' കാന്തി ' എന്നാണു വിളിച്ചു കൊണ്ടിരുന്നത്. ആ ടീമിലെ മുതിര്‍ന്ന കുട്ടികള്‍ അന്ന് പതിനൊന്നു വയസുണ്ടായിരുന്ന എന്റെ മകനെയും ' കാന്തി ' എന്ന് കളിയാക്കി വിളിക്കുകയും, അവരുടെ കളിക്കൂട്ടങ്ങളില്‍ ഒന്നും കൂട്ടാതെ അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. ഇതിലൊക്കെ മനസ്സാ വേദനിച്ചിരുന്ന അവന്‍ ' അവരുടെയൊക്കെ മുന്നിലെത്തുകയാണ് തന്റെ ജീവിത ലക്ഷ്യം ' എന്ന്  അന്നേ പറഞ്ഞിരുന്നു. സ്വന്തമായി ഒരു കാറ് വാങ്ങിയത് അവനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അച്ചീവ്‌മെന്റ് ആയിരുന്നത് കൊണ്ടാവണം അവന്‍ ഏറെ സന്തുഷ്ടനായത് എന്ന് കരുതുന്നു.

സ്വന്തം കാറില്‍ ഞങ്ങള്‍ ജോലിക്കു പോയിത്തുടങ്ങി. െ്രെഡവിങ് ലൈസന്‍സ് ഇല്ലാത്ത ഞാനാണ് കാര്‍ ഓടിക്കുന്നത്. നിയമങ്ങളുടെ നൂലാമാലകള്‍ അറിയാമാസയിരുന്നിട്ടും, ഞങ്ങളെ കൂടാതെ മൂന്നു പേര്‍ കൂടി എന്നും കാറിലുണ്ട്. ചേച്ചിയും, ബിജുവിന്റെ അമ്മയും, സാലമ്മ എന്ന ഒരയല്‍ക്കാരിയും ആയിരുന്നു അവര്‍. കുറച്ചു ദിവസമൊക്കെ കാര്‍ കുഴപ്പം കൂടാതെ ഓടി. പിന്നെ ചില അപശബ്ദങ്ങള്‍ ഒക്കെ കേട്ടുതുടങ്ങി. രാവിലെ സ്റ്റാര്‍ട്ടാവാന്‍ ഒരു വിഷമം. പലപ്രാവശ്യം ശ്രമിക്കുന്‌പോഴാണ് ഒന്ന് സ്റ്റാര്‍ട്ടാവുക. പാര്‍ക്ക് ചെയ്യുന്നിടത്ത് കാറിന്നടിയില്‍ എന്നും കുറെ ഓയില്‍ ലീക്കായി കിടക്കും. കാറില്‍ ഒഴിക്കുന്ന എന്‍ജിന്‍ ഓയില്‍ ലീക്കായി പോവുകയാണെന്നും, കട് ലസ് സിയറയുടെ ഒരു ജനുവിന്‍ പ്രോബ്‌ളമാണ് ഇതെന്നും ഒരു മെക്കാനിക് പരിശോധിച്ചു പറഞ്ഞു. ഇടക്കിടക്ക് ഓയില്‍ ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നാല്‍ മതിയെന്നും, ഓടിക്കുന്നതിന് കുഴപ്പമില്ലെന്നും മെക്കാനിക് പറഞ്ഞെങ്കിലും നാളത്തേക്ക് കാര്‍ സ്റ്റാര്‍ട്ടാവുമോ എന്ന ആധിയിലാണ്  എല്ലാ ദിവസവും ഉറങ്ങാന്‍കിടന്നിരുന്നത്.

വണ്ടിക്ക് അത്യാവശ്യമായിട്ടുള്ള ചില റിപ്പയറുകള്‍ നടത്തണം എന്ന് മെക്കാനിക് നിര്‍ദ്ദേശിച്ചാനുസരിച്ചു അതൊക്കെ നടത്തി. ഒരഞ്ഞൂറു ഡോളറോളം അങ്ങിനെ പോയിക്കിട്ടി.  അപ്പോള്‍  മുതല്‍ വലിയ കുഴപ്പമില്ലാതെ കാര്‍ സ്റ്റാര്‍ട്ടായി ഓടിത്തുടങ്ങി. സ്വന്തം കാറില്‍ ജോലിക്ക് പോകുന്നതിന്റെ അഭിമാനം അകത്തുണ്ടായിരുന്നെങ്കിലും, ഉണ്ടാക്കുന്നതിന്റെ നല്ലൊരു ഭാഗം റിപ്പയറിങ്ങിനും, ഇന്‍ഷുറന്‍സിനും, ഓയിലിനും, ഗ്യാസിനുമായി കയ്യില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

ഇംഗ്ലീഷ് അറിഞ്ഞു കൂടാത്തത് കൊണ്ട് സംഭവിച്ച ഒരു മണ്ടത്തരം കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. പ്ലിമത്ത് മില്‍സില്‍ ജോലിക്കു കയറിയ ആദ്യ ദിവസങ്ങളില്‍ ഒന്നില്‍ ആണ് ഇത് സംഭവിച്ചത്. ഞങ്ങളുടെ വര്‍ക്കിങ്ങ് ഏരിയായായ അഞ്ചാം ഫ്‌ലോറില്‍ ഒരു ടോയിലറ്റ് മാറി വയ്ക്കുകയാണ്. പുറത്തു നിന്നുള്ള ഒരു പ്ലംബര്‍ മെക്കാനിക്ക് ആണ് അത് ചെയ്തു കൊണ്ടിരിക്കുന്നത്. ആവശ്യത്തിനുള്ള നിര്‍ദ്ദേശങ്ങളും, മേല്‍നോട്ടവുമായി നിക്കി കൂടെത്തന്നെയുണ്ട്. നിക്കി പറയുന്നതില്‍ പകുതിയിലധികവും എനിക്ക് മനസിലാവുന്നേയില്ല.' ഫക്കിങ് ' എന്ന വാക്ക് മാത്രം എവിടെയും മുഴച്ചു നില്‍ക്കുന്നത് അറിയാം. ടോയിലറ്റ് വച്ച് കഴിഞ്ഞപ്പോള്‍ ഒരു ബക്കറ്റ് ചൂണ്ടി നിക്കി എന്നോട് എന്തോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. കണ്ണ് മിഴിച്ചു നിന്ന എന്നോട് ഡൂയിറ്റ് , ഡൂയിറ്റ് എന്ന് ലക്കി പറയുന്നുണ്ട്.

ജോലിക്കു കയറുന്നതിനു മുന്‍പ് കൊച്ചേച്ചി പറഞ്ഞു തന്ന ഒരു സൂത്രം പെട്ടന്ന് മനസിലേക്കോടി വന്നു. എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ അത് മനസിലായില്ലെങ്കില്‍ " പ്ലീസ് ഷോ മി വണ്‍ ടൈം " എന്ന് പറഞ്ഞാല്‍ മതി എന്നായിരുന്നു ആ സൂത്രം. ഹറിയപ്പ്, ഹറിയപ്പ് എന്ന് എന്നെ നിര്‍ബന്ധിക്കുന്ന നീക്കിയോട് : " പ്ലീസ് ഷോ മി വണ്‍ ടൈം. " എന്ന് ഞാന്‍ ധൈര്യമായി പറഞ്ഞു. ചുവന്ന കണ്ണുകളോടെ നിക്കി എന്നെ കുറെ സമയം തുറിച്ചു നോക്കി നിന്നു. പിന്നെ " ഫക്കിങ് ഇന്ത്യന്‍സ് " എന്ന് ക്രൂദ്ധനായി പറഞ്ഞു കൊണ്ട് ബക്കറ്റുമെടുത്ത് താഴേക്കു പോയി. അല്‍പ്പം കഴിഞ്ഞ് ബക്കറ്റു നിറയെ വെള്ളവുമായി വന്നു ടോയിലറ്റില്‍ ഒഴിച്ച് പരിശോധിച്ചു നോക്കി ബോധ്യപ്പെട്ടു. അപ്പോള്‍ മാത്രമാണ് ബക്കറ്റില്‍ വെള്ളം എടുത്തുകൊണ്ട് വരാനാണ് നിക്കി പറഞ്ഞതെന്ന് എനിക്ക് മനസിലായത്. ഇളിഭ്യച്ചിരിയുമായി നിന്ന ഞാന്‍  " സോറി " എന്ന് പറഞ്ഞുവെങ്കിലും നിക്കി മറുപടിയൊന്നും പറഞ്ഞില്ല.

അമേരിക്കയില്‍ വന്നു പെടുന്ന ഏതൊരു കുടിയേറ്റക്കാരനും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നു. എത്ര വലിയ ഭാഷാ പണ്ഡിതനും ഇവിടെ വരുന്‌പോള്‍ ഇവിടുത്തുകാരുടെ സംസാര രീതി മനസിലാക്കാന്‍ കുറേ കാലമെടുക്കും. തങ്ങള്‍ക്ക് പറ്റിയ അമളികള്‍ അധികം പേരും തുറന്നു പറയാറില്ല എന്നത് കൊണ്ടായിരിക്കണം,  നമ്മുടെ മലയാളി സായിപ്പന്മാരില്‍ പലരും മിടുക്കന്മാരായി നമുക്കിടയില്‍ വിലസുന്നത് എന്നാണ് എന്റെ എളിയ നിഗമനം ?

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

GOPIO Chairman Dr. Thomas Abraham speaks about his father; honored as ‘Community Father’ by Excel Foundation

ലോക സംഗീതദിനം (നീലീശ്വരം സദാശിവൻ കുഞ്ഞി)

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഓർമപൊട്ടുകൾ; ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

അല്പത്തരങ്ങളുടെ വിളംബരം (ജോസ് കാടാപ്പുറം) 

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

View More