Image

കുത്തുപാള എടുക്കുന്ന സാമ്പത്തിക രംഗം: (വാല്‍ കണ്ണാടി-കോരസണ്‍)

Published on 30 November, 2019
കുത്തുപാള എടുക്കുന്ന സാമ്പത്തിക രംഗം: (വാല്‍ കണ്ണാടി-കോരസണ്‍)
ഇന്ത്യയുടെ വളര്‍ച്ച കുറയുന്നതിന്റെ കാരണം, തൊട്ടടുത്ത മറ്റു രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ടുപോയതാണ്'-- ഇന്ത്യയുടെ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞ ഈ കാര്യമാണ് ലോകത്തിലെ ഏറ്റവും ഒടുവില്‍ കിട്ടിയ തമാശ. ലോകത്തിലെ ഉത്പാദനക്ഷമത നിയന്ത്രിക്കുന്ന, സുസ്ഥിര സാമ്പത്തിക വികസന മേഖലയിലുള്ള രാജ്യങ്ങളെ നിര്‍ണയം ചെയ്യുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലാണ് ഇത്തരമൊരു പുതിയ വെളിച്ചം ഉണ്ടായത്.

അന്തര്‍ദേശീയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ രണ്ടാം റാങ്ക് വാങ്ങിയ, യേല്‍, പ്രിന്‍സ്റ്റന്‍, ഓസ്ഫോഡ് തുടങ്ങിയ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പരിശീലിപ്പിക്കപ്പെട്ട പഴയ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ഥി ഇത്തരം ഒരു തമാശ പറയുന്നതിലെ സാംഗത്യം തിരിച്ചറിയണം. 35 വര്‍ഷങ്ങള്‍ രാഷ്ട്രീയ രംഗത്ത് പരിചയമുള്ള ശ്രീ. പീയുഷ് ഗോയല്‍ ഇന്ത്യക്കാരുടെ സാധാരണ ചിന്തകളെ തീരെ വിലകുറച്ചു കാണുന്നതാണോ എന്നും തോന്നിപോകും. അല്‍പ്പം കടുത്ത തമാശയായിട്ടാണ് തോന്നുന്നത്.

ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തീക പ്രബലത, 141 രാജ്യങ്ങളില്‍ വച്ച് 68. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായിട്ടു ഇതു താഴേക്കു തന്നെ പോകുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യക്കു താഴെ നിലയുറപ്പിച്ചിരുന്ന പല രാജ്യങ്ങളും മുന്നോട്ടു കടന്നുപോയി. കസാഖ്‌സ്താന്‍ (1.1), കൊളമ്പിയ (1.1), ടര്‍ക്കി (.5), ബ്രൂണൈ (1.3), പെറു (.4), പനാമ(.6 ), ഇന്ത്യ(-.7).

2019 ലെ, രണ്ടാം ക്വാര്‍ട്ടറില്‍, ആഭ്യന്തര വളര്‍ച്ചാ നിരക്ക് 4.5%. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 7.1% ആയിരുന്നു. കഴിഞ്ഞ ആറുവര്‍ഷങ്ങളായി വളര്‍ച്ചാ നിരക്കു കുത്തനേ താഴെക്കാണു പോകുന്നത്. 2003 മുതല്‍ 2007 വരെ 9 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നു. ആഗോള സാമ്പത്തിക ക്രമത്തിലെ വ്യതിയാനങ്ങള്‍ ഇന്ത്യന്‍ സാമ്പത്തീകനിലയില്‍ കാര്യമായ ക്ഷതം ഏല്‍പ്പിക്കുന്നു എന്ന് വ്യക്തം.

രൂപയുടെ മൂല്യശോഷണം, സ്ഥിരമായി കൂടിയ കറണ്ട് അക്കൗണ്ട് ബാലന്‍സ്, മന്ദഗതിയിലുള്ള വ്യവസായവളര്‍ച്ച, അമേരിക്ക ഉയര്‍ത്തിയ ക്വാണ്ടിറ്റേറ്റീവ് ഈസിങ് (ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതില്‍ കടപ്പത്രങ്ങള്‍ വാങ്ങുക) തുടങ്ങിയ ആഗോള നിയന്ത്രണങ്ങള്‍, മുതല്‍ നിക്ഷേപകര്‍ പെട്ടന്ന് അവരുടെ മുതല്‍മുടക്ക് തിരികെ പിടിക്കുന്നത് ഒക്കെ പുതിയ വെല്ലുവിളികള്‍. കറന്‍സി നിയന്ത്രണം അടിസ്ഥാനപരമായ ആഭ്യന്തര വാണിജ്യ മേഖലയിലെ സമാന്തരരേഖ പൊളിച്ചു എന്ന് പറയാം.

വിദേശ മുതല്‍മുടക്കുകാര്‍, ലോക്കല്‍ കറന്‍സി വാങ്ങിയതിനേക്കാള്‍ കൂടുതല്‍ വിറ്റത് - 74 ബില്യണ്‍ രൂപ (ഒരു ബില്യണിലധികം ഡോളര്‍) ഇന്ത്യന്‍ സാമ്പത്തീക രംഗത്ത് പരിഭ്രാന്തി ഉണ്ടാക്കി. ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയാണ് ഇന്ത്യന്‍ റുപ്പീ ഇപ്പോള്‍. മൂഡീസ്, എസ്. ആന്‍ഡ്. പി തുടങ്ങിയ ക്രെഡിറ്റ് ഏജന്‍സികള്‍ അസ്വസ്ഥമായ അപകട ഘടകം എന്നാണ് ഇന്ത്യന്‍ സാമ്പത്തീക രംഗത്തെ വിലയിരുത്തുന്നത് , അതുകൊണ്ടു തന്നെ കടംവാങ്ങല്‍ അത്യധികം വിഷമകരമാകും.

ധനമന്ത്രി നിര്‍മ്മല സീതാരാമന് സാമ്പത്തീക ശാസ്ത്രം അറിയില്ല എന്ന് ബിജെപി എം. പി സുബ്രമണ്യന്‍ സ്വാമി. കോര്‍പ്പറേറ്റുകള്‍ക്കു വമ്പിച്ച നികുതി ഇളവുകള്‍ നല്‍കുന്നു, കടങ്ങള്‍ എഴുതി തള്ളുന്നു, പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ പറയാന്‍ ഉപദേഷ്ട്ടാക്കള്‍ക്കു പേടി, അദ്ദേഹത്തിനും ഒന്നും അറിയില്ല, അത്ഭുതകരമായ വളര്‍ച്ചാനിരക്കാണ് എന്നാണ് അദ്ദേഹം പറയുന്നത്.

സമൂഹത്തില്‍ ഉയരുന്ന അവിശ്വാസവും ആത്മവിശ്വാസക്കുറവുമാണ് വളര്‍ച്ചാനിരക്കില്‍ പ്രതിഫലിക്കുന്നത്, ആറര വര്‍ഷത്തിലെ വളര്‍ച്ചാനിരക്കിലെ ഇടിവ് അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്ന് മുന്‍ പ്രധാനമന്ത്രി ഡോ . മന്‍മോഹന്‍ സിംഗ്.

ജി. ഡി. പി. യിലെ ഈ കുഴമറിച്ചിലിന്റെ കാരണം എന്താണെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ പീയുഷ് ഗോയലിനോട് റിപ്പോര്‍ട്ടറന്മാര്‍ ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പ്രതികരണം 'ഇത്തരം കണക്കുകളെ വിശ്വസിക്കരുത്, ഘടനാപരമായ സാങ്കേതിക തത്വം ഐന്‍സ്റ്റീനു ഗ്രാവിറ്റി കണ്ടുപിടിക്കാന്‍ സഹായിച്ചിട്ടില്ല; ഇത്തരം പഴയ സാങ്കേതികത്വം കൊണ്ട് ഒന്നും പുതുതായി കണ്ടുപിടിക്കാന്‍ സാധിക്കില്ല' എന്നായിരുന്നു. ഐന്‍സ്റ്റീന്‍ അല്ല ന്യൂട്ടണ്‍ അല്ലേ ഗ്രാവിറ്റി കണ്ടുപിടിച്ചത് എന്ന മറു ചോദ്യത്തിനും ഉത്തരം റെഡി. 'തെറ്റുചെയ്യാത്ത ഒരാള്‍ ഒരിക്കലും ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നും മിസ്റ്റര്‍ ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. തെറ്റുചെയ്യാന്‍ മടിക്കാത്ത ആളാണ് ഞാന്‍'.

അങ്ങനെ രണ്ടാം മോഡി സര്‍ക്കാരിന്റെ മുദ്രാവാക്യമായ 'സബ്ബ്കാ സാത്ത്, സബ്ബ്കാ വികാസ് , സബ്ബ്കാ വിശ്വാസ് ' നടപ്പിക്കണമെങ്കില്‍ അല്‍പ്പം മടിയില്ലാത്ത ചില തിരുത്തലുകള്‍ അനിവാര്യമാണ് . അങ്ങനെ സമ്പന്നവും പുരോഗമനവുമായ പുതിയ ഇന്ത്യയെ സൃഷ്ടിക്കുവാന്‍ പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാത്തിരുന്നു കാണാം.

https://scroll.in/article/945356/falling-gdp-growth-inspires-one-twitter-user-to-imagine-hilarious-possibilities-for-plunging-graph
കുത്തുപാള എടുക്കുന്ന സാമ്പത്തിക രംഗം: (വാല്‍ കണ്ണാടി-കോരസണ്‍)
Join WhatsApp News
ദേശി 2019-11-30 23:15:10
നല്ല ആശയം, ശക്തമായ പ്രതികരണം. അഭിവാദനങ്ങൾ.

Mathew Joys 2019-12-02 08:25:54
ഇതൊക്കെ സത്യമാണോ? മനുഷ്യരെ വെറുതേ പേടിപ്പിക്കുന്ന ഈ സാമ്പത്തികശാസ്ത്രം ഐൻസ്റ്റീൻ ആണോ ന്യൂട്ടൻ ആണോ കണ്ടുപിടിച്ചതെന്ന കാര്യത്തിൽ സുതാര്യതയില്ലല്ലോ ! പീയൂഷിനൊരു " ശ്രേഷ്ഠ കണ്ടുപിടുത്ത പുരസ്കാർ " കൊടുത്തേ മതിയാകൂ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക