-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ! - (അനുഭവക്കുറിപ്പുകള്‍- 52- ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ്

Published

on

നെല്ലീസ് സോവിങ് ഫാക്ടറിയില്‍ ജോലി ചെയ്തതിന് ശേഷം അവിടെയുള്ള തരം ഒരു തയ്യല്‍ മെഷീന്‍ വാങ്ങണമെന്ന് ഭാര്യയ്!ക്കു കലശലായ മോഹം. ഇലക്ടിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹെവി ഡ്യൂട്ടി ഇന്‍ഡസ്ട്രിയല്‍ സോവിങ് മെഷീനായിരുന്നു അത്. നാട്ടില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നതും, കാലു കൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നതുമായ ഉഷ, സെനിത്ത് മുതലായ തയ്യല്‍ മെഷീനുകളെക്കാള്‍ പത്തിരട്ടിയാണ് ഇത്തരം മെഷീനുകളുടെ വേഗത. അതിനര്‍ത്ഥം തൊഴില്‍ പരിചയമുള്ള ഒരാള്‍ക്ക് ആവശ്യമെങ്കില്‍ പത്തിരട്ടി വേഗതയില്‍ പണികള്‍ ചെയ്തു തീര്‍ക്കാനാകും എന്നതാണ്. സാരി ബ്ലൗസ് മേക്കിങ്ങില്‍ അതി വിദഗ്ദ്ധയായ മേരിക്കുട്ടിക്ക് ഇവിടെയും കുറെ ഓര്‍ഡറുകള്‍ ഒക്കെ കിട്ടുന്നുമുണ്ട്. നാലരക്ക് ജോലി കഴിഞ്ഞു വന്നാല്‍ കുറേ  നേരം പഠിച്ച പണി ചെയ്യാം എന്നതാണ് കക്ഷിയുടെ പ്ലാന്‍. 

അങ്ങിനെയിരിക്കുന്‌പോള്‍ പത്രത്തില്‍ ഒരു പരസ്യം കാണുന്നു. ഞങ്ങളുടെ വീട്ടില്‍ നിന്നും ഒരു പത്തു ബ്ലോക്ക് അകലെയുള്ള ഒരു വീട്ടില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന തരം ഒരു യൂസ്ഡ് മെഷീന്‍ വില്‍പ്പനക്കുണ്ട്. ഞങ്ങള്‍ പോയി മെഷീന്‍ കണ്ടു. വിയറ്റ്‌നാം കാരിയായ ഒരു സ്ത്രീയുടേതാണ് മെഷീന്‍. വാങ്ങിയിട്ട് അധികമായിട്ടില്ല. മെച്ചപ്പെട്ട ജോലി കിട്ടി അവര്‍ കാലിഫോര്‍ണിയയിലേക്ക് മാറുകയാണ്. അത് കൊണ്ടാണ് വില്‍ക്കുന്നത്. മെഷീന്‍ പരിശോധിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ശരിയാണ്. പുത്തന്‍ തന്നെയാണ് മെഷീന്‍. ആയിരത്തി അഞ്ഞൂറ് ഡോളര്‍ കൊടുത്ത് അവര്‍ വാങ്ങിയതാണെന്നു പറയുന്നു. ഇപ്പോള്‍ പകുതി വിലക്ക് കൊടുക്കാന്‍ തയാറാണ്. യെസ് ഓര്‍ നോ എന്നേ പറയാവു. വില പേശല്‍ അനുവദിക്കില്ല എന്നവര്‍ മുന്നമേ പറഞ്ഞു. എഴുന്നൂറ്റന്പത് ഡോളര്‍ രൊക്കം കൊടുത്ത് മെഷീന്‍ വാങ്ങി. ഞങ്ങളുടെ അഭ്യുദയാകാംഷിയായ ഒരു കസിന്‍ ബ്രദര്‍ സ്വന്തം വാനില്‍ സാധനം വീട്ടില്‍ എത്തിച്ചു തന്നു. എന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും അവളെ സന്തോഷിപ്പിക്കുന്നത് ഈ തയ്യല്‍ ജോലിയാണ്. 

കുറഞ്ഞ വേതനക്കാരായ ഞങ്ങള്‍ക്ക് കൂടുതല്‍ ജോലി ചെയ്താല്‍ മാത്രമേ പിടിച്ചു നില്‍ക്കാനാകൂ എന്നതായിരുന്നു സാഹചര്യം. ഒരു നേഴ്‌സിന് മുപ്പതു മുതല്‍ നാല്‍പ്പതു വരെ ഡോളര്‍ മണിക്കൂറിന് വേതനമുണ്ടായിരുന്ന അന്ന് അഞ്ചു ഡോളറായിരുന്നു എനിക്ക് കിട്ടിയിരുന്നത്. ഭാര്യക്ക് അതില്‍ താഴെയും. ഇതിനകം നഴ്‌സിംഗ് അസിസ്റ്റന്റ് പരീക്ഷ പാസ്സായ  മകള്‍ക്ക്  അടുത്തൊരു നഴ്‌സിംഗ് ഹോമില്‍ മണിക്കൂറിന്  ഏഴു ഡോളര്‍ കിട്ടുന്ന ജോലി ലഭിച്ചിരുന്നു. വണ്ടി കൂടി ആയപ്പോള്‍ ഞങ്ങളുടെ ചിലവുകളും കുത്തനെ ഉയര്‍ന്നു. മറ്റു ജോലികള്‍ കണ്ടു പിടിക്കണം എന്നൊരു കാഴ്ചപ്പാട് കുടുംബം മുഴുവനുമായി ഉള്‍ക്കൊള്ളുകയായിരുന്നു.

അങ്ങിനെയാണ് അന്ന് പതിനൊന്നു വയസുണ്ടായിരുന്ന എന്റെ മകന്‍ പേപ്പര്‍ ബോയിയുടെ ജോലി സ്വീകരിച്ചു കൊണ്ട് പത്ര വിതരണത്തിന് ഇറങ്ങുന്നത്. പണ്ട് വീട്ടിലെ നിവര്‍ത്തി കേടു കൊണ്ട്  പതിനൊന്നാം വയസില്‍ പഠിപ്പുപേക്ഷിച്ചു പണിക്കിറങ്ങേണ്ടി വന്ന എന്റെ അവസ്ഥ അവനും വന്നു. പക്ഷെ ഇവിടെ അമേരിക്കയില്‍ അവന് പഠിപ്പുപേക്ഷിക്കേണ്ടി വന്നില്ല എന്ന ഒരു വ്യത്യാസം മാത്രം. 

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ പ്രചുര പ്രചാരമുള്ള ' സ്റ്റാറ്റന്‍ ഐലന്‍ഡ് അടുവാന്‍സ് ' എന്ന പത്രത്തിന്റെ റൂസ്‌വെല്‍റ്റ്, ബുക്കാനന്‍ എന്നീ അവന്യൂകളിലെ വിതരണമാണ് അവനു കിട്ടിയത്. നൂറു പത്രങ്ങള്‍. പത്രത്തിന്റെ സര്‍ക്കുലേഷന്‍ ചുമതലക്കാരനായ ഒരു മിസ്റ്റര്‍ ' ടോണി ' യെ വിളിച്ചതും, സ്‌കൂളില്‍ നിന്ന് ഈ ജോലി ചെയ്യുന്നതിനുള്ള അപ്രൂവല്‍ ലെറ്റര്‍ വാങ്ങിയതുമെല്ലാം അവന്‍ തനിച്ചായിരുന്നു. എല്ലാം തന്നെ ശരിയായിക്കഴിഞ്ഞപ്പോളാണ് അവന്‍ ഞങ്ങളോട് പറയുന്നത്. പഠിത്തം മോശമായിപ്പോകുമെന്ന് പേടിക്കേണ്ടതില്ലെന്നും, അത് അവന്‍ നോക്കിക്കോളാം എന്നും ഉറപ്പു തന്നപ്പോള്‍ ഞങ്ങളുടെ സാഹചര്യങ്ങള്‍ക്ക് ' നോ ' എന്ന് പറയാന്‍ കഴിയുമായിരുന്നില്ല. 

വെളുപ്പിന് അഞ്ചു മണിക്ക് വിതരണക്കാരന്റെ പേര് എഴുതിയിട്ടുള്ള പത്രക്കെട്ടുകള്‍ ഒരു നിശ്ചിത സ്ഥലത്ത് കന്പനിയുടെ ട്രക്ക് ഇറക്കിയിട്ടു പോകും. മഴയും, മഞ്ഞും ഏല്‍ക്കാതെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞിട്ടുണ്ടാവും. രാവിലെ അതെടുത്ത് കന്പനി തന്നിട്ടുള്ള ലിസ്റ്റില്‍ ഉള്ളവരുടെ വീട്ടിലെ മെയില്‍ ബോക്‌സില്‍ ഇട്ടു കൊടുക്കണം അതാണ് ജോലി. ഒരാഴ്ച കൂടുന്‌പോള്‍ വീട്ടിലെത്തി വരിസംഖ്യ പിരിച്ചു കന്പനിയില്‍ അടക്കണം. പത്രത്തിന് ഒരാഴ്ചത്തേക്ക് രണ്ടര ഡോളറാണ് നിരക്ക്. അതില്‍ രണ്ടു ഡോളര്‍ അടച്ചാല്‍ മതി. അന്‍പതു സെന്റ് കാരിയര്‍ക്കു കിട്ടും. ഇതിനു പുറമെ മിക്ക കസ്റ്റമേഴ്‌സും തങ്ങളുടെ പേപ്പര്‍ കാരിയേഴ്‌സിന് ടിപ്പ് കൊടുക്കുന്ന പതിവുമുണ്ട്. ചില അവസരങ്ങളില്‍ അഞ്ചു ഡോളര്‍ വരെ ടിപ്പ് കൊടുത്തിട്ടുള്ള കസ്റ്റമേഴ്‌സ് ഉണ്ട്. മലയാളികള്‍ ഒഴികെ മിക്കവരും ഒന്നോ, അതിലധികമോ ഡോളര്‍ പതിവായി ടിപ്പ് കൊടുക്കുന്നവരാണ്. മലയാളികളില്‍ ഒരു അങ്കിള്‍ മാത്രം എല്ലാ ആഴ്ച്ചയിലും രണ്ടു ഡോളര്‍ പതിവായി ടിപ്പ് കൊടുക്കുമായിരുന്നു എന്ന് അവന്‍ ഇന്നും അനുസ്മരിക്കുന്നു.

അതി രാവിലെ പത്രം എത്തിക്കുക എന്നതും, ഒരു കാരണവശാലും പത്രം മുടക്കരുത് എന്നതും കര്‍ശനമായി അവന്‍ പാലിച്ചിരുന്നു. ഇത് മൂലം കസ്റ്റമേഴ്‌സിനിടയില്‍ ഒരു നല്ല അഭിപ്രായം സൃഷ്ടിക്കുവാന്‍ അവനു കഴിഞ്ഞു. രാവിലെയുള്ള പത്ര വിതരണത്തിന് കാറുമായി ഞാന്‍ അവനെ സഹായിച്ചിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ പത്രക്കെട്ടുകള്‍ വച്ചുകൊണ്ട് ഞാന്‍ അവനെ പിന്തുടരും. മഞ്ഞോ. മഴയോ ഒന്നും നോക്കാതെ കൃത്യ സമയത്ത് അവന്‍ പത്രം എത്തിച്ചിരിക്കും. വിന്ററില്‍ സീറോ ഡിഗ്രി വരെയുള്ള തണുപ്പില്‍ കണ്ണ് മാത്രം വെളിയില്‍ കാണുന്ന വിധം ചൂടുടുപ്പുകളില്‍ ഒളിച്ച് ഒരു കോസ്‌മോനോട്ടിന്റെ രൂപത്തില്‍ നടന്നാണ് അവന്‍ ഇത് ചെയ്തിരുന്നത്. 
കൃത്യ നിഷ്ഠയോടെയുള്ള ഈ വിതരണ രീതി മൂലം സ്റ്റാറ്റന്‍ ഐലന്‍ഡിലെ ഏറ്റവും മികച്ച പത്ര വിതരണക്കാരനായി ഒരിക്കല്‍ അവന്‍ തെരഞ്ഞെടുക്കപ്പെടുകയും, പത്രം ഓഫിസില്‍ നിന്നുള്ള പാരിതോഷികങ്ങള്‍ അവനെ തേടി എത്തുകയും ചെയ്തു.

എന്നിട്ടും ഞങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തിയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വണ്ടി ഓടിക്കാന്‍ പറ്റാത്ത അത്ര അളവില്‍ സ്‌നോ വീഴുന്‌പോളാണ് ഇങ്ങിനെ വരുന്നത്. ഒരു പത്തിഞ്ചു കനത്തില്‍ വരെ സ്‌നോ ഉണ്ടെങ്കിലും നമുക്ക് പതിയെ വണ്ടി ഉരുട്ടിക്കൊണ്ട് പോകാം. അതിലും കൂടുതലാണെങ്കില്‍ വണ്ടി എടുക്കില്ല. അവനോടൊപ്പം ഞാനും കൂടി നടന്നു ചെന്ന് പത്രക്കെട്ടുകള്‍ വലിയ ഗാര്‍ബേജ് ബാഗിലാക്കി സ്‌നോയുടെ മുകളിലൂടെ വലിച്ചു കൊണ്ട് ഞാനവനെ പിന്തുടരും. ബാഗില്‍ നിന്ന് ആവശ്യമുള്ള എണ്ണം പത്രങ്ങള്‍ എടുത്ത് അവന്‍ വീടുകളില്‍ എത്തിക്കും.

ഈ പത്ര വിതരണക്കാലത്ത് സംഭവിച്ചതും, ഒരിക്കലും മറക്കാന്‍ ആവാത്തതുമായ ഒരനുഭവം കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. അന്ന് രണ്ടടിയിലും കൂടുതലായി സ്‌നോ വീണിട്ടുണ്ട്, വീണു കൊണ്ടേയിരിക്കുകയുമാണ്. ഇന്നത്തെ പത്രം നാളെ കൊടുക്കാം എന്ന് പറഞ്ഞിട്ട് പയ്യന്‍  സമ്മതിക്കുന്നില്ല. ഞാന്‍ ചെന്നില്ലെങ്കില്‍ തനിയെ പോകും എന്നാണു പറയുന്നത്. അങ്ങിനെ ഞാനും കൂടെപ്പോയി. ഉറച്ചിട്ടില്ലാത്ത മഞ്ഞിന് മുകളിലൂടെ പണ്ട് അപ്പന്‍ നിലം ഉഴുതിരുന്നത് പോലെ, കാലുകള്‍ കൊണ്ട് സ്‌നോ ഉഴുതിട്ടാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. ഓരോ വീടുകളിലേക്കും ഇതുപോലെ ഉഴുതിട്ടു വേണം എത്തിച്ചേരുവാന്‍. ഏതാണ്ട് മുക്കാല്‍ ഭാഗവും വിതരണം കഴിഞ്ഞുകാണും.  അപ്പോള്‍ റൂസ്‌വെല്‍റ്റ് അവന്യൂവിന്റെ ഇടതു വശത്തുള്ള ഒരു ചെറിയ വീടിനു മുന്‍പിലുള്ള റോഡിലെ സ്‌നോയില്‍ ആഫ്രിക്കന്‍ വംശജനായ ഒരു വൃദ്ധന്‍ ഇറങ്ങി നില്‍ക്കുകയാണ്. സ്‌നോ വീണു കൊണ്ടേയിരിക്കുന്നതിനിടയില്‍ അയാളെ ശരിക്കു കാണാനേ സാധിക്കുന്നില്ല. വീട്ടിലേക്കുള്ള വഴി സ്‌നോ മാറ്റി തെളിച്ചിടുന്ന ഒരു പതിവുണ്ട്. അങ്ങിനെ എന്തെങ്കിലും ചെയ്യുകയാവും എന്നാണ് കരുതിയത്. 

വൃദ്ധന്‍ ഞങ്ങളുടെ കസ്റ്റമര്‍ അല്ലാത്തതിനാല്‍ അയാളെ കടന്നു പോകുന്‌പോളാണ് അറിഞ്ഞത്, അദ്ദേഹം മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുകയാണ്. കാലുകള്‍ മാറിമാറി ആവുന്നത്ര ഉയര്‍ത്തി ചവിട്ടിക്കൊണ്ട് നടക്കാനായിരിക്കണം, അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാല്‍ വീണ്ടും കൂടുതല്‍ പുതയുന്നതല്ലാതെ ഒരിഞ്ചു നീങ്ങാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഞങ്ങളെക്കണ്ട് എന്തൊക്കെയോ പറയുകയും, കൈകള്‍ അനക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞങ്ങളുടെ അവയവങ്ങളും മരവിച്ചു പോയത് കൊണ്ടാവാം ഒന്നും തിരിയുന്നില്ല. 

എന്തായാലും അടുത്തു ചെന്ന് നോക്കി. കിടുകിടാ വിറച്ചു നില്‍ക്കുകയാണ് വൃദ്ധന്‍. മൂക്കില്‍ നിന്നും, കണ്ണില്‍ നിന്നും ഞോള പോലെയുള്ള ഒരു ദ്രാവകം ഒഴുകി മുഖം നനഞ്ഞിരിക്കുകയാണ്.എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ശബ്ദമല്ല, ശ്വാസമാണ് പുറത്തു വരുന്നത്. അതിനിടയിലൂടെ എങ്ങനെയോ ' ഹെല്‍പ്പ് ' എന്നൊരു വാക്കു തെറിച്ചു പുറത്തു വന്നു. രണ്ടു വശത്തു നിന്നും ഓരോ കയ്യില്‍ പിടിച്ചു വലിച്ചു വീട്ടിലെത്തിക്കുവാനുള്ള ഞങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഐസ് പോലെ മരവിച്ചിരിക്കുന്ന ആ ശരീരത്തിന് വേണ്ട വിധം ചലിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു കാരണം. വലിയ തടിയില്ലാത്ത ഒരാളായിരുന്നു എന്നത് വലിയ ആശ്വാസമായി. ഇരു വശങ്ങളിലുമുള്ള രണ്ടടിയിലധികം മഞ്ഞില്‍ പുതഞ്ഞു നിന്ന് കൊണ്ട് വൃദ്ധനെ ഞങ്ങള്‍ പിടിച്ചു പൊക്കിയെടുത്തു. എന്നിട്ടും അദ്ദേഹത്തിന് നടക്കാന്‍ കഴിയുന്നില്ല. ഒരു വിധത്തില്‍ വലിച്ചിഴച്ചു വീടിനുള്ളിലാക്കി. 

ആ വീട്ടില്‍ വേറെയാരും ഉണ്ടായിരുന്നില്ല. അവിടെ കണ്ട ഒരു തുണിയെടുത്ത് വൃദ്ധനെ ഞങ്ങള്‍ തുടച്ചു. വീട്ടില്‍ നല്ല ചൂടുണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ വിറയൊക്കെ മാറി  ആള്‍ എഴുന്നേറ്റു നിന്നു. പോരാനിറങ്ങിയ ഞങ്ങളെ അദ്ദേഹം തടഞ്ഞു നിര്‍ത്തി. എന്നിട്ട്  ' വെയിറ്റ് ' എന്ന് പറഞ്ഞിട്ട് അകത്തു പോയി അഞ്ചു ഡോളറിന്റെ ഒരു നോട്ട് എടുത്തു കൊണ്ട് വന്ന് ഞങ്ങളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു : ' താങ്ക്‌സ്.' ഞങ്ങള്‍ വാങ്ങിയില്ല. ' ഇറ്റ്‌സോക്കേ ' എന്ന് പറഞ്ഞു കൊണ്ട് ഞങ്ങള്‍ പടിയിറങ്ങുന്‌പോള്‍ അത്ഭുതം കൂറുന്ന കണ്ണുകളോടെ അദ്ദേഹം ഞങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു. ' കമിഴ്ന്നു വീണാല്‍ കാല്‍പ്പണം കൂലിയുള്ള അമേരിക്കയില്‍ ' ഇവന്മാര്‍ ആരെടാ? ' എന്നായിരിക്കാം ആ നോട്ടത്തിന്റെ അര്‍ഥം ? 

അമേരിക്കയില്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. ഇങ്ങനെ എന്തെങ്കിലും കാണുകയാണെങ്കില്‍ അപ്പോള്‍ത്തന്നെ 911 എന്ന നംബര്‍ വിളിച്ചു കൊള്ളണം. അഞ്ചു മിനിറ്റിനകം പോലീസും, ആംപുലെന്‍സും, ഫയറും ഒക്കെ സ്ഥലത്ത്  എത്തിക്കൊള്ളും. മഞ്ഞില്‍ നിന്ന് നമ്മള്‍ വലിച്ചെടുത്ത വൃദ്ധന് എന്തെങ്കിലും, പരിക്ക് പറ്റുകയോ, അഥവാ അയാള്‍ മരിക്കുകയോ ഒക്കെ ചെയ്താല്‍ അയാള്‍ക്കോ, ബന്ധുക്കള്‍ക്കോ നമുക്കെതിരേ ലോ സ്യൂട്ട് ഫയല്‍ ചെയ്ത് ലക്ഷങ്ങള്‍ ഈടാക്കാനും നിയമമുണ്ട്. ഒരാള്‍ക്ക് ഇതിനൊന്നും താല്‍പ്പര്യമില്ലെന്ന് പറഞ്ഞാലും, വന്പന്‍ ഓഫറുകളുമായി ലോയര്‍മാരും, ഡോക്ടര്‍മാരും ഒക്കെ ആളെ തേടി വരും. ഒരൊപ്പിട്ടു കൊടുത്താല്‍ മതി, ഇല്ലാത്ത രോഗങ്ങള്‍ ഇത് മൂലം ഉണ്ടായി എന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യുകയും, ആ ബലത്തിന്മേല്‍ ലോയര്‍മാര്‍ കേസ് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങിത്തരികയും ചെയ്യും. കിട്ടുന്നതിന്റെ ഒരു മുപ്പത്തഞ്ചു ശതമാനം അവരെടുക്കും എന്നേയുള്ളു. അത് കഴിഞ്ഞേ ബാക്കി കിട്ടൂ. ഇന്‍ഷുറന്‍സ് കാരും, ലോയര്‍മാരും, ഡോക്ടര്‍മാരും ഉള്‍പ്പെട്ട ഒരു വലിയ കോക്കസ് അമേരിക്കയില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കുല്‍സിത പ്രവര്‍ത്തനങ്ങള്‍ പലരെയും കുത്തുപാള എടുപ്പിച്ചിട്ടുമുണ്ട്.

( ഇതൊക്കെയാണെങ്കിലും, ഇങ്ങിനെയൊക്കെ കണ്ടാല്‍ നമ്മുടെ മനസ്സ് പിടക്കും. പില്‍ക്കാലത്തു ഞാന്‍ ജോലി ചെയ്തിരുന്ന നഴ്‌സിംഗ് ഹോമില്‍ കണ്മുന്നില്‍ കുഴഞ്ഞു വീണവരെ പിടിച്ചെഴുന്നേല്‍പ്പിച്ചതിന്റെ പേരില്‍  രണ്ടു തവണ എനിക്ക് നഴ്‌സിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വാണിങ് കൈപ്പറ്റേണ്ടി വന്നിട്ടുണ്ട്.)

കുട്ടികള്‍ക്ക് വരുമാനം ആയപ്പോള്‍ അവരുടെ പേരില്‍ ഓരോ ബാങ്ക് അക്കൗണ്ട് ചേര്‍ന്നു കൊടുത്തു. കിട്ടുന്ന പണം അവിടെ നിക്ഷേപിക്കാം. വലിയ ആവശ്യങ്ങള്‍ വന്നാല്‍ മാത്രം പണം പിന്‍വലിച്ചാല്‍ മതി. സാധാരണ ഗതിയില്‍ ഇത് വേണ്ടി വരാറില്ല. തയ്യലില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അന്നൊക്കെ വീട്ടു ചിലവുകള്‍ നടന്നിരുന്നത്. വാടകക്കും, വണ്ടിക്കുമുള്ള ചിലവുകള്‍ കഴിച്ചാലും അല്‍പ്പം ഡോളറൊക്കെ ബാക്കിയുണ്ടാവുന്ന ഒരു നില സംജാതമായി. മകന്റെ സന്പാദ്യത്തില്‍ നിന്ന് എഴുന്നൂറ് ഡോളര്‍ വിലയുള്ള ഒരു ക്യാംകോഡര്‍ അവന്‍ വാങ്ങിച്ചു എന്നതാണ് എടുത്തു പറയാവുന്ന ഒരു ചെലവ് വന്നത്. 

ഇതിനിടയില്‍ എനിക്ക് െ്രെഡവിങ് ലൈസെന്‍സ് കിട്ടി. അഞ്ചാമത്തെ റോഡ് ടെസ്റ്റായിരുന്നു അത്. ഒന്നാം ടെസ്റ്റിന് തന്നെ ലൈസെന്‍സ് കിട്ടിയ മകളുടെ മുന്നില്‍ ഒരു കഴിവ് കെട്ടവനായി സ്വയം ഇകഴ്ത്തി നടക്കുകയായിരുന്നു ഞാന്‍. പുറത്ത് വലിയ കുഴപ്പമില്ലാതെ വണ്ടിയോടിച്ചിരുന്ന ഞാന്‍ റോഡ് ടെസ്റ്റിന് വരുന്ന ഇന്‍സ്‌പെക്ടറുടെ മുന്നിലെത്തുന്‌പോള്‍ സ്വയം വിറച്ച് പല കാര്യങ്ങളും സമയത്തു മറന്നു പോവുകയായിരുന്നു പതിവ്. നാട്ടില്‍ വച്ചുള്ള െ്രെഡവിങ് പഠനക്കാലത്ത് തൊടുപുഴ റോഡിലൂടെ തൊട്ടു, തൊട്ടില്ല എന്ന നിലയില്‍ ഇരച്ചെത്തിയ എന്റെ കാറിനെ കണ്ട് പേടിച്ച് അലറിക്കരഞ്ഞ ആ അഞ്ചു വയസുകാരന്റെ ഭീദിത ചിത്രം ഇടക്കിടെ എന്റെ മനസിലേക്ക് ഓടിക്കയറുന്നതായിരുന്നു ഞാന്‍ നേര്‍വസ് ആയിപ്പോകാനുള്ള കാരണം എന്നത് എനിക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നുവല്ലോ ?

ഇവിടെ അമേരിക്കയില്‍ െ്രെഡവിങ് ലൈസന്‍സ് ഒരു വ്യക്തിയുടെ അഭിമാനവും, ആധികാരികമായ ഒരു രേഖയുമാണ്. ' മഹത്തായ ' അഞ്ചാമത്തെ അറ്റംപ്റ്റില്‍ ആണെങ്കിലും അത് കൈയിലായപ്പോള്‍ എന്റെ ആത്മ വിശ്വാസത്തിന്റെ അളവ് മറ്റെന്നത്തേക്കാളും ഉയരുന്നത് ഞാനറിഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More