Image

തിരുവിതാംകൂര്‍ രാജവാഴ്ചയും നിവര്‍ത്തന പ്രക്ഷോഭണങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 06 December, 2019
തിരുവിതാംകൂര്‍ രാജവാഴ്ചയും നിവര്‍ത്തന പ്രക്ഷോഭണങ്ങളും (ജോസഫ് പടന്നമാക്കല്‍)
1947ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുമ്പ്! ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ 'തിരുവിതാംകൂര്‍' രാജ്യം ഇന്ത്യന്‍യുണിയനില്‍ നിന്നും വേറിട്ട്, ഒരു സ്വതന്ത്ര രാഷ്ട്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാര്‍ പൂര്‍ണ്ണമായും പിന്‍വാങ്ങുന്ന അന്നുമുതല്‍ രാജ്യം സ്വതന്ത്രമായി പുതിയ ഭരണസംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവാന്റെ ഈ പ്രഖ്യാപനം നാടുമുഴുവനും, ഇന്ത്യ ഒന്നാകെയും കോളിളക്കം സൃഷ്ടിച്ചു. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോള്‍ വിഭജനമനുസരിച്ചുള്ള ബ്രിട്ടീഷ് ഉടമ്പടിയില്‍ നാട്ടു രാജാക്കന്മാര്‍ക്ക് സ്വതന്ത്രമായി ഭരിക്കാനോ, പാക്കിസ്ഥാനോടോ ഇന്ത്യന്‍ യൂണിയനോടോ ചേരാനോ അവകാശമുണ്ടായിരുന്നു.

1947 ജൂണ്‍ മൂന്നാം തിയതി, 'ബ്രിട്ടീഷ് സര്‍ക്കാര്‍' ഇന്ത്യന്‍ ജനതയോടായി 'ഇന്ത്യ താമസിയാതെ തന്നെ ഒരു സ്വതന്ത്രരാഷ്ട്രമായിരിക്കുമെന്നു' അറിയിച്ചിരുന്നു. 1947 ജൂണ്‍ പതിനൊന്നാം തിയതി  ഈ  പ്രഖ്യാപനത്തിനെതിരായി സര്‍ സി.പി. രാമസ്വാമി അയ്യര്‍, 'തിരുവിതാംകൂര്‍' ഇന്ത്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യമായിരിക്കില്ലെന്നും' അറിയിച്ചു. 'തിരുവിതാംകൂര്‍ പൂര്‍ണ്ണമായ ഭരണാധികാരങ്ങളോടെ സ്വതന്ത്രമായ ഭരണഘടനയുള്ള ഒരു രാജ്യമായിരിക്കുമെന്നും' ജനങ്ങളെ ബോധിപ്പിച്ചു. സര്‍ സി.പി. യുടെ ഈ പ്രഖ്യാപനം രാജാവിന്റെ അനുവാദത്തോടെയായിരുന്നില്ലെന്നും അതല്ല ആയിരുന്നുവെന്നും ചരിത്രകാരുടെയിടയില്‍ വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്. ഫെഡറിലിന് നാമമാത്രമായ അധികാരം നല്‍കിക്കൊണ്ട്, സംസ്ഥാനങ്ങള്‍ക്ക് കൂടുതലധികാരമുള്ള അമേരിക്കന്‍ സമ്പ്രദായം രാജാവ് കാംഷിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്. പാക്കിസ്ഥാനില്‍നിന്നും 'മുഹമ്മദാലി ജിന്ന' അന്ന് സി.പിയെ അനുമോദിച്ചുകൊണ്ട് ഒരു കമ്പി സന്ദേശമയച്ചിരുന്നു. ഇരുരാജ്യങ്ങളും സൗഹാര്‍ദ്ദപരമായ രാജ്യങ്ങളായി തുടരണമെന്നും ആശംസിച്ചു. പാക്കിസ്ഥാനുമായി വ്യാപാരക്കരാറുണ്ടാക്കുമെന്ന സി.പിയുടെ പ്രഖ്യാപനത്തെ അന്നുള്ള ദേശീയവാദികള്‍ എതിര്‍ത്തു.

ബ്രിട്ടീഷുകാരില്‍ നിന്നും മോചനം നേടിയ നാട്ടു രാജ്യങ്ങളില്‍ ഏറ്റവും സാംസ്ക്കാരിക നേട്ടങ്ങള്‍  കൈവരിച്ചവരും വിദ്യാസമ്പന്നരും പുരോഗമിച്ച രാജകീയ സംസ്ഥാനവും തിരുവിതാംകൂറായിരുന്നു. കെട്ടുറപ്പുള്ള, ആധുനികമായ ഒരു ഭരണ സംവിധാനം 'തിരുവിതാംകൂര്‍' എന്ന കൊച്ചു രാജ്യത്തിനുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് വിശേഷ ദിനങ്ങളില്‍ ഇരുപത്തൊന്ന് ആചാരവെടികള്‍ കല്പിച്ചിരുന്ന കാലത്ത് തിരുവതാംകൂറിനു ആചാരാനുഷ്ഠാനങ്ങള്‍ക്കായി പത്തൊമ്പത് ആചാര വെടികള്‍ വെക്കാനുള്ള അംഗീകാരമുണ്ടായിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി 'ക്ലമന്റ് ആറ്റ്‌ലി' 1947 ഫെബ്രുവരി ഇരുപതാം തിയതി ഇന്ത്യക്ക്! ബ്രിട്ടനില്‍ നിന്നും ഭരണകൈമാറ്റം ഉടന്‍ നല്കുന്നതായിരിക്കുമെന്നു ബ്രിട്ടന്റെ പാര്‍ലമെന്റ് ഹൌസായ 'ഹൌസ് ഓഫ് കോമണ്‍സിനെ' അറിയിച്ചു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനു അധികാരം കൈമാറുന്നത് എന്തടിസ്ഥാനത്തിലെന്നു ആദ്യം ചോദ്യം ചെയ്തതും തിരുവിതാംകൂറായിരുന്നു.  ഇന്ത്യയില്‍ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യവും കേരളമായിരുന്നു. കേന്ദ്രീകൃത ബ്രിട്ടീഷ് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവരും അന്ന് കേരളത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തിലും വ്യവസായത്തിലും രാഷ്ട്രീയചിന്തകളിലും സാഹിത്യത്തിലും കലകളിലും തിരുവിതാംകൂര്‍ ഇന്ത്യയിലെ മറ്റെല്ലാ നാട്ടുരാജ്യങ്ങളെക്കാളും വളരെ മുമ്പിലായിരുന്നു. സ്വയം ഭരണത്തോടെ രാജ്യത്തെ സിംഗപ്പൂര്‍ മോഡലാക്കാമെന്നും സി.പി. കരുതിയിരുന്നു. ടുറിസ്റ്റ് മേഖലയായ കന്യാകുമാരിയും നാഞ്ചിനാടുമുള്‍പ്പെട്ട ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ തിരുവിതാംകൂര്‍. ഒരു രാജ്യത്തിനുവേണ്ട എല്ലാ വിഭവങ്ങളും തിരുവിതാംകൂറിന്റെ മണ്ണില്‍ ഉത്ഭാദിപ്പിക്കാന്‍ സാധിക്കുമായിരുന്നു. വനസമ്പത്തും തീരദേശങ്ങളും നിറഞ്ഞ അനുഗ്രഹീതമായ ഈ നാടിനെ 'കാശ്മീര്‍' കഴിഞ്ഞാല്‍ ഭൂമിയുടെ സ്വര്‍ഗ്ഗമെന്നും വിദേശികള്‍ വിശേഷിപ്പിക്കുമായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ വിദേശശക്തിയായ ഡച്ചുകാരെ നാവിക യുദ്ധത്തില്‍ക്കൂടി തോല്‍പ്പിച്ച ഏഷ്യയിലെ ഏകരാജ്യം തിരുവിതാംകൂറായിരുന്നു. 1920ല്‍ നെഹ്‌റു തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ 'ബ്രിട്ടീഷ് ഇന്ത്യയില്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന സംസ്ഥാനമാണ്' തിരുവിതാംകൂര്‍ എന്നും പറയുകയുണ്ടായി. കോണ്‍ഗ്രസ്സും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ഒരു പോലെ വളര്‍ന്ന സംസ്ഥാനവും തിരുവിതാംകൂറായിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന രാജ്യമായിരുന്ന തിരുവിതാംകൂറിനു വിദേശ രാജ്യങ്ങളുമായി സമുദ്രത്തില്‍ക്കൂടിയുള്ള വ്യവസായ ട്രാന്‍സ്‌പോര്‍ട് സൗകര്യങ്ങളുമുണ്ടായിരുന്നു. തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ അറ്റോമിക്ക് ശക്തിയ്ക്കാവശ്യമായ 'തോറിയം' നിറഞ്ഞ പ്രദേശങ്ങളുമായിരുന്നു.

തിരുവിതാംകൂര്‍ മഹാരാജാവ് അന്ന് ദിവാന്‍ 'സര്‍ സിപി രാമസ്വാമി അയ്യരുടെ'  കൈകളില്‍ വെറും പാവയായി മാറിയിരുന്നു. ഭരണം മുഴുവന്‍ നടത്തിയിരുന്നത് സി.പി. യും അമ്മറാണിയുമൊത്തായിരുന്നു. രാജാവിന്റ 'അമ്മ സേതു പാര്‍വതി ബായ്ക്ക് സിപിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മ രാജാവ് പ്രായപൂര്‍ത്തിയാകും മുമ്പ് 1924 മുതല്‍ 1931 വരെ അവര്‍ റീജന്റായി തിരുവിതാംകൂറിനെ ഭരിച്ചിരുന്നു. തിരുവിതാംകൂറില്‍ ദിവാനായിരുന്നപ്പോള്‍ അമ്മറാണിയുമായി  സി.പി രാമസ്വാമി അയ്യര്‍ അവിഹിത ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നുവെന്ന് നാടാകെ പാട്ടായിരുന്നു! അതുകൊണ്ട് അദ്ദേഹത്തെ കൊട്ടാരത്തിലെ റാണിയുടെ 'റാസ്പുട്ടിന്‍' എന്നും വിളിച്ച് പരിഹസിച്ചിരുന്നു.

സ്വതന്ത്ര തിരുവിതാംകൂറിനുള്ള നിര്‍ണ്ണായകമായ തീരുമാനമെടുത്തത് 'സി.പി. രാമസ്വാമി അയ്യര്‍' തന്നെയെന്ന് അന്നുള്ള ജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ചിന്തിച്ചിരുന്നു. സി.പിയ്‌ക്കെതിരെ ജനകീയ പ്രക്ഷോപണങ്ങളും ആരംഭിച്ചിരുന്നു. അന്ന് കേരളസ്‌റ്റേറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ കെ.സി.എസ് മണി സി.പി.യെ. വധിക്കാന്‍ ശ്രമിക്കുകയുണ്ടായി. തിരുവനന്തപുരം സ്വാതിതിരുന്നാള്‍  അക്കാദമിയില്‍ ഒരു പരിപാടി നടന്നുകൊണ്ടിരിക്കെ വേദിയിലിരുന്ന സി.പിയെ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായ മണി വാളുകൊണ്ട് വെട്ടുകയായിരുന്നു. കഴുത്തില്‍ അംഗവസ്ത്രം ധരിച്ചിരുന്നതുകൊണ്ട് സി.പി. കഴുത്തിലേറ്റ വെട്ടില്‍ അധികം പരിക്കില്ലാതെ കഷ്ടി രക്ഷപെട്ടു. പെട്ടെന്ന്, ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു സുഖം പ്രാപിക്കുകയും ചെയ്തു.

ശ്രീധര മേനോനെപ്പോലുള്ള ചരിത്രകാരുടെ അഭിപ്രായത്തില്‍ സ്വതന്ത്ര തിരുവിതാംകൂറിനുള്ള തീരുമാനം എടുത്തിരുന്നത് രാജാവായിരുന്നുവെന്നാണ്. സര്‍ സി.പി. ഇന്ത്യന്‍ യൂണിയനോട് ചേരുവാന്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അദ്ദേഹം തീരുമാനത്തിനു മാറ്റം വരുത്തുകയായിരുന്നു. ഇന്ത്യന്‍ യൂണിയനോട് ചേരുവാനുള്ള ഒരു കത്തും തയ്യാറാക്കിയിരുന്നു. തിരുവിതാംകൂര്‍, ഇന്ത്യന്‍ യൂണിയനോട് ലയിക്കുന്ന കത്ത് അയക്കുന്നതിനുമുമ്പുതന്നെ വ്യക്തിപരമായ അദ്ദേഹത്തിനെതിരെ നടന്ന ആക്രമത്തില്‍ അദ്ദേഹം മുറിവേല്‍ക്കുകയായിരുന്നു. എന്നിരുന്നാലും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനോട് ചേരുന്ന വിവരം അറിയിച്ചുകൊണ്ട് ചിത്തിര തിരുന്നാള്‍ മഹാരാജാവ് 'വൈസ്രോയി മൗണ്ട് ബാറ്റണ്' ടെലിഗ്രാം ചെയ്യുകയും ചെയ്തു.

1936 മുതല്‍ തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സര്‍ സിപി ഇന്ത്യ കണ്ടതില്‍ വെച്ച് സമര്‍ത്ഥനായ ഒരു ഭരണാധികാരിയായിരുന്നു. 1879 നവംബര്‍ പന്ത്രണ്ടാം തിയതി തമിഴ്‌നാട്ടിലെ ആര്‍ക്കോട്ടില്‍ അദ്ദേഹം ജനിച്ചു. അതി ബുദ്ധിമാനായ ഒരു നിയമജ്ഞനായിരുന്നു അദ്ദേഹം. രാജകീയ കാലത്ത് അദ്ദേഹം നടപ്പാക്കിയ പദ്ധതികളും പരിഷ്കാരങ്ങളും ഇന്നും കേരളജനത അനുഭവിക്കുന്നുവെന്നുള്ളതും യാഥാര്‍ഥ്യമാണ്. കന്യാകുമാരി മുതല്‍ കൊച്ചിവരെ വിസ്തൃതമായിരുന്ന തിരുവിതാംകൂറിന്റെ ആധുനിക നേട്ടങ്ങള്‍ക്കും വളര്‍ച്ചക്കും കാരണക്കാരന്‍ സര്‍ സിപി രാമസ്വാമിയെന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

1936ല്‍ ക്ഷേത്ര പ്രവേശന വിളംബരം രാജാവ് നടത്തിയെങ്കിലും അതു നടപ്പാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചത് സി.പിയായിരുന്നു. പഴഞ്ചന്‍ ചിന്താഗതികളും യാഥാസ്ഥിതിക മനസുകളുമായിരുന്ന രാജകുടുംബങ്ങള്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിനെ ഒരു പരിഷ്കൃത രാജ്യമായി വികസിപ്പിച്ചതും അദ്ദേഹം തന്നെ. 1940ല്‍ തിരുവിതാംകൂറിലെ പ്രധാന റോഡുകള്‍ അദ്ദേഹം ദേശവല്‍ക്കരിച്ചിരുന്നു. റോഡുകള്‍ ദേശവല്‍ക്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ഭരണാധികാരിയായിരുന്നു സി.പി. 88 കിലോമീറ്ററോളം തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള 'ഹൈവേ' സിമന്റിട്ടത് സി.പിയായിരുന്നു. അത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. തിരുവിതാംകുറില്‍ അന്നുവരെയുണ്ടായിരുന്ന തൂക്കിക്കൊല നിര്‍ത്തല്‍ ചെയ്തു. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വോട്ടവകാശം നടപ്പാക്കി. തിരുവിതാംകൂറിനെ സിംഗപ്പൂര്‍ മോഡലില്‍ ഒരു ക്യാപിറ്റലിസ്റ്റ് വ്യവസായ രാജ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ആലുവായില്‍ ഇന്ത്യന്‍ അലുമിനയം കമ്പനികളെ ക്ഷണിച്ച് വ്യവസായം തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചു. കമ്പനിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍ ഓഫ് ട്രാവന്‍കുര്‍ ലിമിറ്റഡ് (എഫ്.എ.സി.ടി) എന്ന വിഖ്യാതമായ കമ്പനിയുടെ സ്ഥാപകന്‍ സി.പിയാണ്. അമോണിയം സള്‍ഫേറ്റ് ഉണ്ടാക്കുന്ന എഫ്.എസി.ടി സ്ഥാപിച്ചത് അമേരിക്കന്‍ സഹകരണത്തോടെയായിരുന്നു. പുനലൂര്‍ ഉള്ള ട്രാവന്‍കുര്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചതും അദ്ദേഹമാണ്. പെരുമ്പാവൂരിലെ ട്രാവന്‍കുര്‍ റയോണ്‍സ്, കുണ്ടറയിലെ അലുമിനിയം കേബിളുണ്ടാക്കുന്ന ഫാക്റ്ററി മുതലായ സംരംഭങ്ങളോടെ തിരുവിതാംകൂറിനെ ഒരു വ്യവസായ രാജ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം.

തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി, സ്ഥാപിച്ചതും സിപിയായിരുന്നു. പിന്നീട് ഇത് കേരള യൂണിവേഴ്‌സിറ്റിയായി. കലകളെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം സ്വാതി തിരുന്നാള്‍ മ്യൂസിക്ക് അക്കാദമി സ്ഥാപിച്ചു. കര്‍ണ്ണാട്ടിക്ക് സംഗീതത്തിലെ ഇതിഹാസമായിരുന്ന 'ചെമ്മന്‍ഗുടി'യായിരുന്നു കോളേജിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍. വിദ്യാഭ്യാസ പരിഷ്കരണത്തിന് സര്‍ സിപി തുനിഞ്ഞതുമൂലം അദ്ദേഹത്തെ ഒരു ക്രിസ്ത്യന്‍ വിരോധിയായി അന്നുള്ളവര്‍ കണ്ടിരുന്നു. സി.പി.യുടെ വിദ്യാഭ്യാസ ബില്ലിനെതിരായ ക്രിസ്ത്യന്‍ സമരങ്ങള്‍ക്കും ഒരു കണക്കില്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിസ്ട്രിക്റ്റ് ജഡ്ജി 'അന്നാ ചാണ്ടി'യെ നിയമിച്ചതു സി.പിയായിരുന്നു. അതുപോലെ സി.പി. നിയമിച്ച 'മേരി പുന്നന്‍ ലൂക്കോസ്' ഇന്ത്യയിലെ ആദ്യത്തെ സര്‍ജന്‍ ജനറല്‍ ആയിരുന്നു. സാധുക്കളായ കുഞ്ഞുങ്ങള്‍ക്കുവേണ്ടി  അദ്ദേഹം സ്കൂളുകളില്‍ ഉച്ച ഭക്ഷണം ഏര്‍പ്പെടുത്തി. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നപോലെ ജാതിയമായ കാഴ്ച്ചപ്പാടില്‍ അദ്ദേഹത്തെ കാണുന്നതിലും സത്യമില്ല. നീതിയും ധര്‍മ്മവും സത്യവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തില്‍ തെളിഞ്ഞു നിന്നിരുന്നത്!

ആധുനിക തിരുവിതാംകൂറിന്റ ശില്പിയായിരുന്ന സര്‍ സി.പി. രാജ്യം ഭരിക്കുന്ന കാലങ്ങളില്‍ ഭൂരിഭാഗം ജനതയും അദ്ദേഹത്തെ വെറുത്തിരുന്നു. മുതലാളിത്വ ബൂര്‍ഷ്വ, ഏകാധിപതി, സാമ്രാജ്യവാദി, ക്രിസ്ത്യന്‍ വിരോധി, കമ്മ്യുണിസ്റ്റ് വിരോധി എന്നിങ്ങനെയെല്ലാമുള്ള വിശേഷങ്ങളിലും അദ്ദേഹം അറിയപ്പെടുന്നു. തിരുവിതാംകൂറിന്റെ ഇന്നത്തെ നിര്‍മ്മാണങ്ങളുടെ ശില്പിയായ ഇദ്ദേഹത്തെ കൂടുതലും അറിയുന്നത് പുന്നപ്ര വയലാര്‍ വെടിവെപ്പ് നടത്തിയ വില്ലന്‍ ഭരണാധികാരിയെന്ന നിലയിലാണ്. സി.പി ഒരിക്കലും പുന്നപ്ര വയലാര്‍ ലഹളയിലെ വെടിവെപ്പിനെപ്പറ്റി പരിതപിച്ചിട്ടില്ല. വാരിക്കുന്തമായി പോലീസുകാരുടെ ജീവന്‍ എടുക്കാന്‍ പാഞ്ഞെത്തുന്ന ജനക്കൂട്ടത്തിനു നേരെ വെടിവെപ്പല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ഏതൊരു ഭരണാധികാരിയാണെങ്കിലും അതേ നയംതന്നെ പിന്തുടരുമായിരുന്നുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. കമ്മ്യുണിസ്റ്റാശയങ്ങള്‍ക്ക് അദ്ദേഹം എതിരല്ലായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ മുതലെടുപ്പിനുവേണ്ടി കമ്മ്യുണിസ്റ്റാശയങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പ്പ്. 1959ല്‍ ഇ.എം.എസ് മന്ത്രിസഭയെ ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് നെഹ്‌റു ഭരണകൂടം പുറത്താക്കിയപ്പോള്‍ അതിനെ ആദ്യം എതിര്‍ത്തത് സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു.

തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സൗധങ്ങളും മണിമന്ദിരങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകെട്ടിടങ്ങളും പടുത്തുയര്‍ത്തി തിരുവിതാംകൂറിനെ ആധുനിവല്‍ക്കരിച്ച സര്‍ സിപി യെ ആദരിക്കാനായി യാതൊരു സ്മരണാര്‍ഹമായ ചരിത്ര സ്മാരകങ്ങളും തിരുവിതാംകൂറിലില്ലായെന്നതും ഖേദകരമാണ്. തിരുവനന്തപുരം പട്ടണത്തില്‍ക്കൂടി സഞ്ചരിക്കുകയാണെങ്കില്‍ നിരവധി സാസ്ക്കാരിക സ്ഥാപനങ്ങളുടെയും വിദ്യാമന്ദിരങ്ങളുടെയും സ്ഥാപനശിലകളില്‍ സര്‍ സിപി രാമസ്വാമി അയ്യരുടെ പേരും മുന്ദ്രയും പതിഞ്ഞിരിക്കുന്നതു കാണാം.

1947 ആഗസ്റ്റ് പത്തൊമ്പതാം തിയതി സി.പി. രാമസ്വാമി അയ്യര്‍, ദിവാന്‍ പദവി രാജി വെച്ചു. പകരം പി.ജി.എന്‍. ഉണ്ണിത്താന്‍ ദിവാന്റെ പദവി ഏറ്റെടുത്തു. കാശ്മീര്‍ പ്രശ്!നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ 'ഇന്ത്യ' യുണൈറ്റഡ് നാഷനില്‍ അവതരിപ്പിച്ചപ്പോള്‍ ഇന്ത്യയെ നയിക്കേണ്ട പ്രതിനിധികളുടെ നേതാവ്, സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി വാദിക്കാന്‍ ഏറ്റവും കഴിവുള്ള പ്രഗത്ഭനായ നേതാവായും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍ 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന ആശയമായി അദ്ദേഹം കാണിച്ച മണ്ടത്തരം മൂലം അദ്ദേഹത്തെ നയതന്ത്രപ്രതിനിധികളുടെ നേതാവാക്കാതെ രാഷ്ട്രം തഴയുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിനു കൊടുക്കില്ലായിരുന്നു. പിന്നീട്, കുറേക്കാലം കഴിഞ്ഞ ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി നിയമനം നല്‍കി. ഗവണ്മെന്റ് ഓഫ് ഇന്ത്യ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആയി നിയമിച്ചു. മരണം വരെയും വ്യക്തിപരമായി ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. 1966 സെപ്റ്റംബര്‍ ഇരുപത്തിയാറാം തിയതി അദ്ദേഹം ലണ്ടനില്‍ വെച്ചു മരിച്ചു.

രാജാവിന്റെ ശ്രീമൂലം നിയമസഭകളിലും സര്‍ക്കാര്‍ സര്‍വീസിലും സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ കാല്പിത മൂല്യങ്ങളെ നടപ്പാക്കാന്‍ സി കേശവന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഒരു വിപ്ലവസംഘടനയായിരുന്നു നിവര്‍ത്തന പ്രസ്ഥാനം. തിരുവിതാംകൂറില്‍ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മില്‍ ജാതിവ്യത്യാസം അങ്ങേയറ്റമുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. ഈഴവര്‍ക്കും മുസ്ലിമുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നായന്മാരെപ്പോലെയോ നമ്പൂതിരിമാരെപ്പോലെയോ പൊതുസേവനങ്ങളില്‍ തുല്യനീതി നേടുകയെന്നുള്ളതായിരുന്നു നിവര്‍ത്തന പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ രാജകീയ സംസ്ഥാനമായ തിരുവിതാംകൂറിനു തനതായ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ പ്രശ്‌നസങ്കീര്‍ണ്ണതകളില്‍ക്കൂടിയാണ് രാജഭരണം തുടര്‍ന്നിരുന്നത്. അക്കാലങ്ങളില്‍ ഒരു നല്ല സര്‍ക്കാരിനുവേണ്ടി ഭൂരിഭാഗം രാഷ്ട്രീയ നേതാക്കന്മാരും അവരുടെ സംഘടനകളും നിലകൊണ്ടു.  രാഷ്ട്രീയവകാശങ്ങള്‍ക്കായി, തുല്യതയ്ക്കായി, മനുഷ്യാവകാശങ്ങള്‍ക്കായി തിരുവിതാംകൂറിലെവിടെയും സമരങ്ങള്‍ വ്യാപിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടായപ്പോള്‍ വിദ്യാസമ്പന്നരായ തിരുവിതാംകൂറിലെ പ്രമുഖരായവര്‍ രാജഭരണത്തിന്റെ അസമത്വങ്ങളെ വിമര്‍ശിക്കാനാരംഭിച്ചു.

ഉന്നതമായ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് തമിഴ് ബ്രാഹ്മണരെ നിയമിക്കുന്നതില്‍ തിരുവിതാകൂറിലെ ബുദ്ധിജീവികളുടെയിടയില്‍ നീരസം ജ്വലിച്ചിരുന്നു. ഉയര്‍ന്ന ജോലികള്‍ക്കും സേവനങ്ങള്‍ക്കും  യോഗ്യരായവര്‍ തിരുവിതാംകൂറിലുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അത്തരം പോസ്റ്റുകള്‍ തിരുവിതാംകൂറിനു വെളിയിലുള്ള ബ്രാഹ്മണര്‍ക്ക് നല്‍കാനിഷ്ടപ്പെട്ടിരുന്നു. പ്രതിക്ഷേധങ്ങള്‍ കൂടുതലും ആഞ്ഞടിച്ചത് ഈഴവരുടെ സങ്കേതങ്ങളില്‍ നിന്നായിരുന്നു. സര്‍ക്കാര്‍ ജോലികളില്‍ ഈഴവര്‍ക്കും തുല്യമായ പ്രാതിനിധ്യം നല്‍കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1930ലാണ് നിവര്‍ത്തന വിപ്ലവങ്ങള്‍ തിരുവിതാംകൂറില്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. ശ്രീ മൂലം നിയമസഭയിലേക്ക് കരം കൊടുക്കുന്ന ഭൂവുടമകള്‍ക്കു മാത്രമേ വോട്ടുചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഭൂവുടമകള്‍ കൂടുതലും സവര്‍ണ്ണ ജാതികളില്‍പ്പെട്ടവരായിരുന്നു. തന്മൂലം ശ്രീമൂലം നിയമസഭ സവര്‍ണ്ണ ജാതികളായ നായന്മാരും ബ്രാഹ്മണരും നിയന്ത്രിച്ചിരുന്നു. വര്‍ണ്ണ, ജാതി വിവേചനത്തില്‍ അധിഷ്ടിതമായ ഈ ജനാധിപത്യ പ്രക്രീയക്കെതിരായി നിവര്‍ത്തന പ്രക്ഷോപകര്‍ സമരങ്ങള്‍ തൊടുത്തുവിട്ടിരുന്നു. പിന്നോക്ക സമുദായക്കാര്‍ക്കും തുല്യമായ പ്രാതിനിധ്യമുള്ള വോട്ടിങ്ങ് സമ്പ്രദായം നടപ്പാക്കണമെന്ന് പ്രക്ഷോപകര്‍ ആവശ്യപ്പെട്ടു. അതുവരെ ഭരണകാര്യങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കരുതെന്നും തീരുമാനമെടുത്തു.

നിലവിലുണ്ടായിരുന്ന നിയമ നിര്‍മ്മാണത്തിലും പൊതു സേവനങ്ങളിലും ജാതി തിരിച്ചുള്ള തിരുവിതാകൂര്‍ സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ പ്രതിഷേധങ്ങള്‍ നാടെങ്ങും അലയടിച്ചിരുന്നു. 1888ല്‍ നിയമം പ്രാബല്യത്തില്‍ വന്ന കാലം മുതല്‍ നിയമ സാമാജികരായി തിരഞ്ഞെടുക്കുമ്പോഴെല്ലാം ക്രിസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും ഈഴവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കാതെ അവരെ തഴയുന്ന നിയമ വ്യവസ്ഥിതിയായിരുന്നുണ്ടായിരുന്നത്. നിയമസഭ സാമാജികത്വവും സര്‍ക്കാര്‍ ജോലികളും ബ്രാഹ്മണരായ സവര്‍ണ്ണര്‍ക്കും ക്ഷത്രിയര്‍ക്കും നായന്മാര്‍ക്കും മാത്രമായിരുന്നുണ്ടായിരുന്നത്. അവര്‍ ജനസംഖ്യയില്‍ ന്യൂനപക്ഷവുമായിരുന്നു. ഭൂരിഭാഗം ഹിന്ദുക്കളും ഈഴവരായിരുന്നു. മറ്റു ജാതികളില്‍പ്പെട്ടവര്‍ക്കൊന്നും അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍ അസംബ്ലിയിലും പൊതു ജനസേവനത്തിലും അംഗത്വം നല്‍കിയിരുന്നില്ല.

വസ്തുക്കള്‍ക്ക് നികുതി കൊടുക്കുന്നതനുസരിച്ചായിരുന്നു വോട്ടവകാശത്തിന്റെ യോഗ്യത  നിശ്ചയിച്ചിരുന്നത്. അക്കാലങ്ങളില്‍ നികുതി കൊടുക്കുന്നവരും ഭൂവുടമകളും നായന്മാരുടെ സമൂഹങ്ങളില്‍ നിന്നായിരുന്നു. അവര്‍ണ്ണര്‍ക്കും ഈഴവര്‍ക്കും മറ്റു മതന്യുന പക്ഷങ്ങള്‍ക്കും നിയമ അസംബ്ലിയില്‍ വളരെ പരിമിതമായി മാത്രമേ അംഗത്വമുണ്ടായിരുന്നുള്ളൂ. വസ്തു ഉള്ളവര്‍ക്കു മാത്രം വോട്ടവകാശമെന്ന നിയമം മാറ്റി പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഓരോ മതങ്ങളുടെയും ജനസംഖ്യ അനുസരിച്ച് നിയമ നിര്‍മ്മാണ സഭയില്‍ അംഗത്വം കൊടുക്കണമെന്നും രാജകീയ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

ശ്രീമൂലം നിയമസഭയിലേക്കുള്ള വോട്ടവകാശ യോഗ്യത നേടാനായി വസ്തുവുള്ളവരും കരം കൊടുക്കുന്നവരുമായിരിക്കണമെന്ന വ്യവസ്ഥമൂലം നിയമ നിര്‍മ്മാണസഭ നായന്മാരുടെയും ബ്രാഹ്മണരുടെയും കുത്തകയായി തീര്‍ന്നു. ഓരോ ജാതികളുടെയും ജനസംഖ്യാനുപാതമായി നിയമസഭയില്‍ പ്രാതിനിധ്യം വേണമെന്നുള്ള ആവശ്യമായി രാജ്യം മുഴുവന്‍ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നിലവിലുള്ള നിയമത്തില്‍ അതൃപ്തരായ ഈഴവരും ക്രിസ്ത്യാനികളും മുസ്ലിമുകളും ഒന്നായി 'ആള്‍ ട്രാവന്‍കോര്‍ സംയുക്ത രാഷ്ട്രീയസമിതി' എന്ന സംഘടന രൂപീകരിച്ചു. 1932ഡിസംബര്‍ പതിനേഴിന് തിരുവനന്തപുരത്തുള്ള എല്‍.എം.എസ് ഹാളില്‍ രാജാവിനു സമര്‍പ്പിക്കാനുള്ള  അവകാശങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം തയ്യാറാക്കി. നിവേദനം യഥാസമയം രാജാവിന് സമര്‍പ്പിക്കുകയും ചെയ്തു.

സവര്‍ണ്ണരെപ്പോലെ പിന്നോക്ക സമുദായങ്ങള്‍ക്കും നിയമസഭയില്‍ തുല്യ പ്രാതിനിധ്യം വേണമെന്നു സര്‍ക്കാരിനോടാവശ്യപ്പെട്ടുള്ള മെമ്മോറാണ്ടത്തിനു ഭരണഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. 1933ജനുവരി ഇരുപത്തിയഞ്ചാം തിയതി ഇതേ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇ.ജെ.ജോണിന്റെ അദ്ധ്യക്ഷതയില്‍ വീണ്ടും യോഗം ചേര്‍ന്നു. രാജകീയ നിയമസഭയെ ബഹിഷ്ക്കരിക്കാനും വരുന്ന സഭായോഗങ്ങളില്‍ ക്രിസ്ത്യാനികളും മുസ്ലിമുകളും ഈഴവരും പങ്കു ചേരണ്ടാന്നും തീരുമാനിച്ചു. തിരഞ്ഞെടുപ്പുകാലങ്ങളിലും മത്സര രംഗത്ത് വരാതെ ഒഴിഞ്ഞു നില്‍ക്കാനും തീരുമാനിച്ചു. അങ്ങനെ പുതിയതായി രൂപീകരിച്ച നിവര്‍ത്തന സംഘടനയുടെ നിസഹകരണ പ്രസ്ഥാനത്തില്‍ സാമാജികരെന്ന നിലയില്‍ സി കേശവന്‍, എന്‍.വി ജോസഫ്, പികെ കുഞ്ഞ് എന്നിവര്‍ നേതൃത്വം ഏറ്റെടുത്തു.  എസ്.എന്‍.ഡി.പി സംഘടന പ്രക്ഷോപകര്‍ക്ക്  പൂര്‍ണ്ണമായ പിന്തുണയും നല്‍കി.

1932 ജൂലൈ മുപ്പത്തിയൊന്നാം തിയതി കൊല്ലത്ത് സി.വി.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ 'ആള്‍ ട്രാവന്‍കോര്‍ ഈഴവ ലീഗിന്റെ' യോഗം ചേരുകയും രാജഭരണത്തിന്റെ നേതൃത്വത്തില്‍ വരുന്ന ഏതു തരം തിരഞ്ഞെടുപ്പുകളെയും ബഹിഷ്ക്കരിക്കാനും തീരുമാനിച്ചു. ഈഴവ മുസ്ലിം ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ അംഗീകരിക്കും വരെ സമരം മുമ്പോട്ട് കൊണ്ടുപോവാനും പദ്ധതിയിട്ടു.

രാജഭരണത്തിനെതിരായി ശക്തിയായി പോരാടിയ ഒരു യോദ്ധാവായിരുന്നു സി കേശവന്‍. രാജാവിനെ ധിക്കരിച്ചു പ്രസംഗിക്കുന്നതിനാല്‍ പലപ്പോഴും അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലും നിയമസഭയിലും പങ്കുചേരാതെ സമരം നാടാകെ വ്യാപിപ്പിച്ചിരുന്നു. 1935 മെയ് പതിനൊന്നാം തിയതി കോഴഞ്ചേരിയില്‍ നടന്ന മീറ്റിംഗില്‍ സി.കേശവന്‍ നടത്തിയ പ്രസംഗം പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നു. സി കേശവനെ അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്തു. അറസ്റ്റ്മൂലം സമരം കൂടുതല്‍ ഊര്‍ജതയോടെ ശക്തമാവുന്നതിനുമാത്രം സഹായിച്ചു. എന്തുതന്നെ സഹനങ്ങള്‍ സഹിക്കേണ്ടി വന്നാലും സമരം മുമ്പോട്ടു കൊണ്ടുപോവാന്‍ തന്നെ അതിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അവസാനം സമരമുന്നണിയുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരിന് ശക്തമായ അന്നത്തെ ജനപ്രക്ഷോപത്തെ അടിച്ചമര്‍ത്താനുള്ള ശേഷിയുണ്ടായിരുന്നില്ല.

ശ്രീമൂലം നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എല്ലാ വിഭാഗങ്ങള്‍ക്കും സുതാര്യവും തീര്‍ത്തും ജനകീയമാക്കുന്നതിനും ഒരു പബ്ലിക്ക് സര്‍വീസ് കമ്മീഷനെ 1935ല്‍ നിയമിച്ചു. സര്‍ക്കാര്‍ ജോലികള്‍ക്ക് കഴിവും സമുദായ പരിഗണനകള്‍ വെച്ചും നിയമനം നല്കുവാനായും തീരുമാനിച്ചു. താഴ്ന്ന പോസ്റ്റുകള്‍ സമുദായ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനും തീരുമാനിച്ചു. വരുന്ന ജോലിയൊഴിവുകള്‍ ഓരോ സമുദായത്തിനും ക്രമം അനുസരിച്ച് മാറി മാറി (റൊട്ടേഷന്‍) നല്‍കിയിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശം നിശ്ചയിക്കുകയും വസ്തുക്കരത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടവകാശം റദ്ദുചെയ്യുകയും ചെയ്തു. ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കുമായി റിസര്‍വേഷന്‍ സീറ്റുകളും അനുവദിച്ചു. ശ്രീമൂലം സഭയില്‍ നായന്മാരുടെ എണ്ണം കുറയുകയും പകരം എല്ലാ സമുദായങ്ങള്‍ക്കും ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും തുല്യ പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു. 1936 നവംബര്‍ പന്ത്രണ്ടാംതിയ്യതി മുതല്‍ ജാതി മത ഭേദമില്ലാതെ എല്ലാവര്‍ക്കും അമ്പല പ്രവേശനമുണ്ടെന്നുള്ള മഹാരാജാവിന്റെ പ്രഖ്യാപനം ചരിത്രത്തിന്റെ തന്നെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു.

നിവര്‍ത്തന പ്രക്ഷോപണം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം നായന്മാര്‍ക്കും മറ്റു ഉന്നത ജാതിക്കാര്‍ക്കും നിയമസഭയിലുണ്ടായിരുന്ന മേധാവിത്വം തകര്‍ത്തുവെന്നുള്ളതാണ്. അതേസമയം പിന്നോക്ക സമുദായക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിയമസഭയില്‍ ലഭിക്കുകയും ചെയ്തു. നിവര്‍ത്തന പ്രക്ഷോപം മൂലം 'തിരുവിതാകൂര്‍' ഇന്ത്യയിലെ ആദ്യത്തെ ഒരു രാഷ്ട്രീയ സാമ്പത്തിക സുധാര്യതയുള്ള സംസ്ഥാനമായും അറിയപ്പെട്ടു. സര്‍ക്കാരിന് നിവര്‍ത്തന പ്രക്ഷോപകരുടെ സുധീരമായ പോരാട്ടത്തിന്റെ മുമ്പിലും ജനങ്ങളുടെ അഭിപ്രായദൃഢതയിലും പിടിവാശികളുപേക്ഷിച്ച് ഒത്തുതീര്‍പ്പിനു കീഴടങ്ങേണ്ടി വന്നു. പ്രക്ഷോപകരുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പരിഷ്ക്കരിച്ച നിയമം അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് 1937 ഏപ്രില്‍മെയ് മാസങ്ങളില്‍ നടത്തുകയും ചെയ്തു. ഈഴവ സാമാജികരെ എസ്എന്‍ഡിപി യോഗവും മുസ്ലിം ക്രിസ്ത്യന്‍ പ്രതിനിധികളെ സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസ്സും നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. ടി.എം. വര്‍ഗീസിനെ ശ്രീ മൂലം അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയുണ്ടായി.

തിരഞ്ഞെടുപ്പില്‍ക്കൂടി ഈഴവര്‍ക്ക് ആദ്യമായി നിയമസഭയില്‍ പ്രാതിനിധ്യം ലഭിച്ചു. നിവര്‍ത്തന പ്രക്ഷോപം ഒരു ജനകീയ മുന്നേറ്റമായിരുന്നു. അതുമൂലം ചരിത്രത്തിലാദ്യമായി താണ ജാതികളും പിന്നോക്കക്കാരും ഒന്നിക്കുന്നതിനും ഒരേ പ്ലാറ്റഫോറങ്ങള്‍ പങ്കിട്ടു ഒന്നിച്ചു പൊരുതാനുള്ള അവസരങ്ങള്‍ക്കും വഴി തെളിച്ചു. അനീതിയ്‌ക്കെതിരായുള്ള ഈ പോരാട്ടത്തില്‍ ഒത്തൊരുമിച്ച് വിജയം കരസ്ഥമാക്കുകയുമുണ്ടായി. സാമുദായിക രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള ഈ സമരം ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു. തിരുവിതാംകൂറിലല്ലാതെ ഇത്തരം സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്കുവേണ്ടി മറ്റൊരിടത്തും സമരം നടന്നിട്ടില്ല. ജനാധിപത്യ വോട്ടിങ്ങ് സമ്പ്രദായത്തില്‍ക്കൂടി വന്ന ഈ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയുമുണ്ടായി. നായന്മാരും ഈഴവരും മറ്റെല്ലാ മതവിഭാഗങ്ങളും ഉള്‍പ്പെട്ട ഒരു സര്‍ക്കാരിനെ പ്രായപൂര്‍ത്തി വോട്ടവകാശ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണമെന്ന വൈകാരിക ഭാവവും ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

1948 മാര്‍ച്ചു ഇരുപത്തിനാലാം തിയതി പട്ടം താണുപിള്ള മുഖ്യ മന്ത്രിയായി. ടി.എം. വര്‍ഗീസും സി.കേശവനും മന്ത്രിമാരായുള്ള  ആദ്യത്തെ ജനകീയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു.
തുടരും:


തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ:
https://www.emalayalee.com/varthaFull.php?newsId=199886

തിരുവിതാംകൂര്‍ രാജവാഴ്ചയും നിവര്‍ത്തന പ്രക്ഷോഭണങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക