ഏതാനും വെടിയുണ്ടകള്‍ വെടിയുണ്ടകള്‍.. നിമിഷനേരംകൊണ്ട് നാല് കാപാലികര്‍ നിലം പതിച്ചിരിയ്ക്കുന്നു.
ഈ നിറയുടെ ശബ്ദം ചില പുരുഷന്മാരുടെ കാതുകളില്‍ കാമദാഹം ശമിപ്പിയ്ക്കുന്ന മാറ്റൊലിയാകട്ടെ ! കാലത്തിന്റെ കൈകളില്‍ എവിടെയാണ് തന്റെ പൊന്നോമന സുരക്ഷിതയെന്ന ഭയത്തോടെ പകച്ചു നില്‍ക്കുന്ന ഓരോ മാതാപിതാക്കള്‍ക്കും ഈ നിറയുടെ സ്വരം ഒരു ദീര്ഘാശ്വാസമാകട്ടെ!
ഏതു കുറ്റത്തിനും മാപ്പുനല്‍കുന്ന കോടതിയാണ് മാതൃ ഹൃദയം എന്ന് പറയപ്പെടുന്നു. എന്നാല്‍ സ്ത്രീയെ ഒരു 'ഡിസ്‌പോസിബിള്‍' (ഒരു പ്രാവശ്യത്തെ ഉപയോഗത്തിന് മാത്രം ഉതകുന്ന വസ്തു) വസ്തുവായി പലരും ചേര്‍ന്ന് പെണ്‍കുട്ടി അന്ത്യശ്വാസം വലിയ്ക്കുംവരെ അല്ലെങ്കില്‍ അവളെ ഒരു ജീവച്ഛവമാക്കുന്നതുവരെ മൃഗീയമായി ആസ്വദിച്ച് കത്തിച്ചുകളയുകയോ അല്ലെങ്കില്‍ കെട്ടിതൂക്കുകയോ അതുപോലെ ഹീനമായ വിധത്തില്‍ കൊലചെയ്യുകയോ ചെയ്യുന്ന കാമവെറി കൊണ്ട് ഓടിനടക്കുന്ന ചെന്നായ്ക്കളുടെ കാര്യത്തില്‍ മാതൃ ഹൃദയം മാപ്പുനല്‍കുന്ന കോടതിയാകേണ്ടതുണ്ടോ? തെലുങ്കാനയില്‍ ഇരുപത്തിയേഴു വയസ്സ് മാത്രം പ്രായമുള്ള വെറ്റിനറി ഡോക്ടറെ ചതിപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തതിനുശേഷം കത്തിച്ച് കളഞ്ഞു. മൃഗീയമായ ഈ പ്രവര്‍ത്തികളുടെ വിശദാശംസങ്ങള്‍ സി.സി.ടി.വി ക്യാമറയുടെയും,ദൃസാക്ഷികളുടെ മൊഴിവെടുപ്പിലൂടയും ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ നാലുപേരെ അറസ്‌റുചെയ്യുകയുണ്ടായി. ഇവരില്‍ നിന്നും ഇനിയും മതിയായ തെളിവുകള്‍ ശേഖരിയ്ക്കാന്‍ സംഭവസ്ഥലത്ത് കൊണ്ടുവരുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നുണ്ടായ പ്രതികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ പോലീസ് പ്രതികളെ നിറയ്ക്കിരയാക്കി.
പോലീസിന്റെ നടപടിയെ ഭൂരിപക്ഷം ജനങ്ങളും വളരെ ആശ്വാസത്തോടെ സ്വാഗതം ചെയ്യുകയും, പുകയ്തതിപാടുകയും ചെയ്തു. "തന്റെ മകളുടെ ആത്മാവിനു ശാന്തി ലഭിച്ചുവെന്നും സര്‍ക്കാരിനും പോലീസിനും ഒരുപാട് നന്ദിയുണ്ടെന്നും സംഭവത്തില്‍ നഷ്ടപ്പെട്ട വെറ്റിനറി ഡോക്ടറുടെ അച്ഛന്‍ മാധ്യമങ്ങളോട് ട്വിറ്ററിലൂടെ അറിയിച്ചു. അതുപോലെത്തന്നെ 'അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു. പോലീസ് ഒരു മഹത്തായ കാര്യമാണ് ചെയ്തത് നിയമങ്ങള്‍ ലംഘിച്ച് കുറ്റവാളിയെ ശിക്ഷിയ്ക്കൂ എന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ പറയുകയാണെന്ന് " വര്ഷങ്ങള്ക്കു മുന്നേ ഏകദേശം ഇതേ സാഹചര്യത്തില്‍ തന്റെ മകള്‍ അഭയയെ നഷ്ടപ്പെട്ട നീതി ലഭിയ്ക്കാത്ത ഒരു 'അമ്മ പറഞ്ഞു.
എന്നാല്‍ പോലീസിന്റെ ഈ നടപടി ശരിയായില്ല എന്നും പ്രതികളെ കോടതിയ്ക്ക് വിട്ടുകൊടുക്കുകയും നിയമം അവര്‍ക്കുവേണ്ട ശിക്ഷ നല്‍കുന്നതുമാണ് ശരി എന്നും എം.പി മേനക ഗാന്ധി ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകള്‍ പ്രതികരിച്ചു പ്രത്യേകിച്ചും കുറെ സ്ത്രീകള്‍ കണ്ണുനീരൊഴുക്കി അനുശോചനം അറിയിച്ച് നിരത്തിലിറങ്ങി പ്രതികരിയ്ക്കുകയുണ്ടായി. എന്നാല്‍ മരിച്ച പ്രതികള്‍ക്കുവേണ്ടി മുതലകണ്ണുനീരൊഴുക്കിയ സ്ത്രീകളോട് പ്രത്യേകിച്ചും ചില അമ്മമാരോട് ചോദിച്ചുപോകുകയാണ് സ്ത്രീയ്‌ക്കെതിരെ ഇത്രയും മൃഗീയമായ കുറ്റം ചെയ്ത ഈ യുവാക്കള്‍ക്കുവേണ്ടി മാതൃഹൃദയം മാപ്പുനല്‍കുന്ന കോടതിയാകേണ്ടതുണ്ടോ? വെടികൊണ്ട് മരിച്ചു വീണ കുറ്റവാളികള്‍ക്കായി കേഴുന്ന സ്ത്രീഹൃദയങ്ങള്‍ ചാരിത്ര്യത്തെക്കാള്‍ മാതൃത്വത്തിനു വില കല്പിക്കുന്നവരാകാം. അതെ ഒരമ്മക്ക് മക്കള്‍ എന്ത് തെറ്റ് ചെയ്താലും അതൊക്കെ ശരിയെന്നു തോന്നാം. പക്ഷെ ഒരു സ്ത്രീയുടെയ് മാനം അത് കളഞ്ഞുപോയാല്‍ മരണം വരെ അത് ലഭിക്കുകയില്ല. ഒരമ്മക്ക് വീണ്ടും മക്കള്‍ ഉണ്ടാകാം, അല്ലെങ്കില്‍ മകനായി ആരെയെങ്കിലും ദത്തെടുക്കാം. പക്ഷെ മാനം പോയ ഒരു സ്ത്രീയുടെ മാനസികാവസ്ഥ ആലോചിക്കുക. അതുകൊണ്ട് തന്നെ അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരേ ശിക്ഷിക്കണം. ഒരുപക്ഷെ ന്യായവ്യവസ്ഥ പരാജയപ്പെട്ടു എന്നുതോന്നുമ്പോള്‍ ജനം നിയമം കയ്യിലെടുത്തേക്കാം. അതുകൊണ്ട് ഇപ്പോള്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടത് എങ്ങനെ നിയമ വ്യവസ്ഥ നീതിയോടെ നടപ്പിലാക്കുകയെന്നാണ്. അടക്കിപിടിച്ചിരുന്ന ജനരോഷം സംഘടിച്ച് ഇന്ന് പ്രതികരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു വടക്കേ ഇന്തയയിലെ ഒരു ഐ .പി എസ് ഉദ്യോഗസ്ഥനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തവനെ വെടി വച്ച് വീഴ്ത്തിയത് വാര്‍ത്തയായിരുന്നു. വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ അതിനെ സാഹ്ലാദം സ്വീകരിച്ചത് ഇതിനൊരു ഉത്തമ ഉദാഹരണമാണ്
നിങ്ങളുടെ സ്ത്രീ ഹൃദയത്തില്‍ ഒരു സ്ത്രീയിലെ മാതൃത്വത്തിനാണോ അതോ അവളുടെ ചാരിത്ര്യത്തിനാണോ കൂടുതല്‍ മുന്‍തൂക്കം? മകന്‍ നഷ്ടപ്പെട്ടാലും മകള്‍ നഷ്ടപ്പെട്ടാലും ഒരമ്മയുടെ ദുഃഖം മാതൃദുഃഖം തന്നെ . എന്നിരുന്നാലും ബുദ്ധിയും വിവേകവുമുള്ള തന്റെ മകന്‍ മാപ്പര്‍ഹിയ്ക്കാത്ത തെറ്റ് ചെയ്തതുമൂലം മതിയായ ശിക്ഷയിലൂടെ മകനെ നഷ്ടപ്പെടുന്ന അമ്മയുടേതാണോ, അതോ വളരെ പിഞ്ചു പ്രായത്തില്‍ തന്റെ ചാരിത്ര്യം നഷ്ടപ്പെട്ട സമൂഹത്തിന്റെ വെറുക്കപ്പെടുന്ന നോട്ടത്താലും, കുത്തുവാക്കുകളാലും സമൂഹത്തില്‍ ഒറ്റപ്പെട്ട് ഒരു ജീവിതം കാലം മുഴുവന്‍ മനം നൊന്ത് തള്ളിനീക്കേണ്ടിവരുന്ന ഒരു മകളെക്കുറിച്ചുള്ള ഒരമ്മയുടെ ദുഖമാണോ കൂടുതല്‍ ആഴമേറിയത്? ഇവിടെ മാതൃത്വത്തിനു മുന്നില്‍ ഒരു പെണ്‍കുട്ടിയുടെ ചാരിത്ര്യത്തിനു ഒരു വിലയുമില്ലേ?
"അവന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവനു മതിയായ ശിക്ഷ ലഭിയ്ക്കണം. യാതൊരു തെറ്റും ചെയ്യാത്ത പൊന്നുമകള്‍ ദാരുണമായ സംഭവത്തിലൂടെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മനസ്സിന്റെ വേദന ഞാന്‍ മനസ്സിലാക്കുന്നു. ഇത്രയും കഠിനമായ കുറ്റം ചെയ്ത മകന്റെ മാതാപിതാക്കള്‍ എന്ന സമൂഹത്തിന്റെ വെറുപ്പുളവാക്കുന്ന കണ്മുന്നില്‍ മതിയായ ശിക്ഷയാല്‍ മകന്‍ നഷ്ടപ്പെട്ട അമ്മയാകുന്നതിലാണ് ഞങ്ങള്‍ അഭിമാനം കൊള്ളുന്നത്" എന്ന് മാധ്യമങ്ങളോട് പറഞ്ഞ ആ ധീര മാതാവിനെയല്ലേ സമൂഹത്തിനാവശ്യം!
നീതിന്യായവ്യവസ്ഥകളെ മറികടന്ന് ശിക്ഷ നല്‍കാനും, കയ്യിലെടുക്കുവാനും പൊലീസിന് അധികാരമില്ലെന്നുള്ള വാദം തീര്‍ത്തും ശരിയാണ്. കുറ്റം ചെയ്തു എന്ന് പറയപ്പെടുന്ന ആളെ പോലീസ് തന്നെ ശിക്ഷയ്ക്ക് ഇരയാക്കുകയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയ്ക്ക് എന്താണ് സ്ഥാനം എന്നുള്ള വാദവും നിയമപരമായി ശരിയായേയ്ക്കാം. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍പോലും ഇന്ന് ആവശ്യപ്പെടുന്നത് കുറ്റവാളികളെ ഞങ്ങള്‍ക്ക് വിട്ടുതരൂ എന്നതാണ്. കാരണം ഒരു കുറ്റവാളിയെ നീതിന്യായ വ്യവസ്ഥിതിയ്ക്ക് വിട്ടുകൊടുത്താല്‍ വിധി നടപ്പിലാക്കാന്‍ എടുക്കുന്ന കാലതാമസത്തില്‍ കുറ്റവാളികള്‍ തന്റെ ജീവിതം ആസ്വദിയ്ക്കുന്നു. ഇനി ശിക്ഷ നടപ്പിലാക്കി കഴിഞ്ഞാല്‍ തന്നെ പല സന്ദര്‍ഭങ്ങളിലും നീതിന്യായവ്യവസ്ഥയുടെ അണിയറയില്‍ രാഷ്ട്രീയത്തിന്റെ പണത്തിന്റെ ആള്‍സ്വാധീനത്തിന്റെ സമ്മര്‍ദ്ദത്താല്‍ കുറ്റവാളിയ്ക്ക് രക്ഷപ്പെടാന്‍ ആവശ്യമായ വ്യക്തമായ പഴുതുകള്‍ തീര്‍ത്ത് കുറ്റവാളി കുറ്റവിമുക്തനാക്കപ്പെട്ടു സമൂഹത്തിനു മുന്നില്‍ വിലസുന്നു.
കുറ്റവാളിയെ നിയമത്തിനു വിട്ടുകൊടുക്കുക എന്നത് കുറ്റവാളിയ്ക്ക് ലഭിയ്ക്കുന്ന ഒരു സുവര്‍ണ്ണാവസരമായും, നിയമ പാലകര്‍ക്ക് പണമുണ്ടാക്കാനുള്ള ഒരു ഉറവിടവുമായാണ് സമൂഹത്തിനു പല അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. നിര്‍ഭയ കേസില്‍ മൃഗീയമായ കുറ്റം ചെയ്ത പ്രധാന കുറ്റവാളി പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന പേരില്‍ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ മൂന്നു വര്ഷം സുഖകരമായി പാര്‍പ്പിച്ചിട്ട് വിട്ടതിനുശേഷം തെക്കേ ഇന്ത്യയില്‍ ആള്‍മാറാട്ടം ചെയ്ത മാന്യനായി ജീവിയ്ക്കുന്നു എന്നത് ഇതിനൊരു ഉദാഹരണമാണ്.. കേരളത്തിലെ വാളയാറില്‍ 11 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘം ചെയ്ത അവരുടെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ കെട്ടിതൂക്കുകയും തുടര്‍ന്ന് ആ പെണ്‍കുട്ടിയുടെ 9 വയസ്സായ സഹോദരിയെയും ഇതേ ക്രൂരതയ്ക്ക് ഇരയാക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പബ്ലിക് പ്രോസിക്യുട്ടറിനുണ്ടായ സ്ഥലമാറ്റവും ഇത്തരം അനുഭവങ്ങളില്‍ ചിലതാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നീതിന്യായ വ്യവസ്ഥയില്‍ നിന്നിം വേണ്ടതുപോലെയുള്ള നടപടികള്‍ ലഭിയ്ക്കാതെ വീര്‍പ്പുമുട്ടുന്ന സമൂഹം തെലുങ്കാനയിലെ കുറ്റക്കാര്‍ക്ക് നേരെ പോലീസ് കൈകൊണ്ട നടപടിയെ ശരിവയ്ക്കുന്നതില്‍ അതിശയിയ്ക്കാനില്ല. ഇവിടെ നീതിന്യായവ്യവസ്ഥകള്‍ വേണ്ടതുപോലെ ശക്തമായിരുന്നു എങ്കില്‍ ദിവസംപ്രതി സ്ത്രീകള്‍ക്കുനേരെയുള്ള പുരുഷന്റെ താണ്ഡവത്തിന്റെ നിരക്ക് ഇത്രയും വര്‍ദ്ധിയ്ക്കില്ലായിരുന്നു.
നാലുപ്രതികളെയും വെടിയുണ്ടയ്ക്ക് ഇരയാക്കിയപ്പോള്‍ കുറ്റവാളികളായി പിടിയ്ക്കപ്പെട്ടവരില്‍ ആരുടെയെങ്കിലും നിഷ്കളങ്കതയ്ക്ക് നീതി ലഭിയ്ക്കാതിരുന്നുവോ എന്ന സംശയം ചിലരില്‍ ഉയര്‍ന്നു. കുറ്റം ചെയ്തയാളെ കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ കയ്യില്‍ കിട്ടിയവനെ ഉപദ്രവിച്ച് ചെയ്യാത്ത കുറ്റം സമ്മതിപ്പിയ്ക്കുകയും പ്രതികളെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് സംഭവിച്ച പല ലോക്കപ്പ് മരണങ്ങളും പോലീസ് വിഭാഗത്തില്‍ സര്‍വ്വ സാധാരണമായതിനാലാകാം ജനങ്ങള്‍ ഇങ്ങനെ സംശയിച്ചത്. എന്നാല്‍ ഈ കേസില്‍ കുറ്റവാളികള്‍ പിടിയ്ക്കപ്പെടുന്നത് തന്നെ മതിയായ ദൃക്‌സാക്ഷികളുടെ മൊഴികളാലും അതുപോലെ വ്യക്തമായ സി സി ടിവി ക്യാമറകളുടെ ദൃശ്യത്താലുമാണ്. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ക്ക് കുറ്റം നിഷേധിയ്ക്കാനും കഴിഞ്ഞിട്ടില്ല. അത് മാത്രമല്ല കൂടുതല്‍ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് പ്രതികളുമായി എത്തിയ പോലീസിനുനേരെ പ്രതികള്‍ ആക്രമിച്ച് ഒരു രക്ഷപ്പെടല്‍ ശ്രമം നടത്തിയതുകൊണ്ടാണ് ഇത്തരം ഒരു സാഹചര്യത്തിലെത്തിച്ചേര്‍ന്നത് എന്ന് പോലീസ് പറയുന്നു. എന്തായിരുന്നാലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ഈ കേസ് ഏറ്റെടുത്തിരിയ്ക്കുകയാണ്.
എന്തായിരുന്നാലും തെലുങ്കാനയില്‍ പോലീസ് എടുത്ത നടപടിയെ ബഹുഭൂരിഭാഗം ജനങ്ങളും ശരിവയ്ക്കുന്നു എന്നതാണു പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. അതോടൊപ്പം സ്ത്രീയെ ബഹുമാനിയ്ക്കുകയും ഒരു സമൂഹം പടുത്തുയര്‍ത്തുന്നതില്‍ അവര്‍ക്കുള്ള സ്ഥാനം മനസ്സിലാക്കുകയും ചെയ്യുന്ന ഓരോരുത്തരും ആഗ്രഹിയ്ക്കുന്നത് കുറ്റവാളികള്‍ക്ക് ഇത്തരം മരണമാമായിരുന്നില്ല, പകരം അവരെ സമൂഹം സാക്ഷിയാക്കി ശരീര അവയവങ്ങള്‍ മുറിച്ച് മാറ്റിയതിനുശേഷം നരകിച്ചുള്ള ഒരു മരണമാകണം എന്നാണ്.
സീതാദേവി മുതല്‍ ഇന്ന് ജനിച്ചുവീഴുന്ന ഓരോ പെണ്‍കുരുന്നിനോടും അവളുടെ ചാരിത്യ്രത്തെ ചോദ്യം ചെയ്യുന്ന പുരുഷവര്‍ഗ്ഗം തന്നെ അവളുടെ ചാരിത്ര്യത്തെ തിരുമ്പിപൊടിച്ച് ചവറ്റുകുട്ടയില്‍ എറിയപ്പെടുമ്പോള്‍ നിരാവലംബരായി മാറുന്നത് നമ്മുടെ ഓരോരുത്തരുടെയും അമ്മയും സഹോദരിയുമാണ്. ഇവിടെ ഒരു അമ്മയ്ക്ക് ഇതിന്റെപേരില്‍ ഒരു മകന്‍ നഷ്ടപ്പെടുന്നുവെങ്കില്‍ മറ്റൊരു സ്ത്രീയ്ക്ക് നഷ്ടപ്പെടുന്നത് ആര്ഷസംസ്കാരം ഉയര്‍ത്തിപിടിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരിയ്ക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത അവളുടെ ചാരിത്യ്രമാണ്.
തെലുങ്കാനയില്‍ കൈകൊണ്ട നടപടി തെറ്റോ ശരിയോ എന്ന തീരുമാനം തീര്‍ച്ചയായും നിയമത്തിന്റേതാണ്. പക്ഷെ മനുഷ്യത്വത്തിന്റെ പേരില്‍ വിലയിരുത്തുകയാണെങ്കില്‍ മാതൃത്വം പോലെത്തന്നെ വളരെ പ്രാധാന്യമര്ഹിയ്ക്കുന്ന, പവിത്രമായ ഒന്നാണ് ഒരു പെണ്‍കുട്ടിയുടെ ചാരിത്യ്രവും.