വിവിധ മേഖലകളില്‍ ലോകത്തിലെ തന്നെ മികവുറ്റ സംഭാവനകള്‍ക്കായി വര്‍ഷംതോറും ഒരുക്കുന്ന ഏറ്റവും വിലയേറിയ പുരസ്കാരമാണ് നൊബേല്‍ സമ്മാനം. സ്വീഡിഷ് ശാസ്ത്രജ്ഞനായിരുന്ന ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ പത്തിനാണ് ജാതി വര്‍ണ്ണ ലിംഗ ഭേദമന്യേ ഓരോ രംഗങ്ങളിലും മികച്ചവര്‍ക്ക് പുരസ്കാരം നല്‍കുന്നത്.
നൊബേലിന്റെ ചരിത്രം
355 കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് സ്വന്തം പേരിലുണ്ടായിരുന്ന ആല്‍ഫ്രഡ് നൊബേലിനെ പ്രശസ്തനാക്കിയത് ഡൈനമൈറ്റിന്റെ കണ്ടുപിടുത്തമാണ്. പാറപൊട്ടിക്കലും ഖനനവും ലളിതമാക്കുക എന്ന ഉദ്ദേശത്തോടെ കണ്ടുപിടിച്ച ആ സ്‌ഫോടകവസ്തു, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ആയുധമായും ഉപയോഗിക്കപ്പെട്ടു. അനേകരുടെ ജീവന്‍ പൊലിയാനും രാജ്യങ്ങള്‍ തകരാനും പരോക്ഷമായെങ്കിലും താന്‍ കാരണമായി എന്നത് ആല്‍ഫ്രെഡിനെ വേദനിപ്പിച്ചു. 1888ല്‍ ഫ്രഞ്ച് വാര്‍ത്താമാധ്യമങ്ങളില്‍ ആല്‍ഫ്രെഡിനെ ' മരണത്തിന്റെ വ്യാപാരി' എന്നാണ് വിശേഷിപ്പിച്ചിരുന്നത് . മാനവരാശിയുടെ ഉന്നമനം ലക്ഷ്യം വെച്ച് ജീവിച്ച തന്നെ, മരണാനന്തരം ലോകം ഓര്‍ക്കുന്നത് അങ്ങനെ ആയിരിക്കുമോ എന്ന് ആല്‍ഫ്രഡ് ഭയപ്പെട്ടു. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ സ്വജീവിതം രേഖപ്പെടുത്തേണ്ടത് എങ്ങനെ ആയിരിക്കണം എന്നദ്ദേഹം കണക്കുകൂട്ടി. അതിസമ്പന്നനായ തന്റെ സ്വത്തിന്റെ 94 ശതമാനവും വിവിധ രംഗങ്ങളില്‍ മികവുറ്റ സംഭാവന നല്‍കുന്നവര്‍ക്ക് സമ്മാനമായി നല്‍കണമെന്ന് അദ്ദേഹം വില്‍പത്രം തയ്യാറാക്കി. സ്വീഡനില്‍ മാത്രം ചുരുങ്ങാതെ ലോകം മുഴുവനുള്ള ആളുകളുടെ സംഭാവനകള്‍ പരിഗണിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. വില്‍പത്രത്തിന്റെ നടത്തിപ്പുകാരായി ഗവേഷണശാലയില്‍ ഒപ്പം ജോലി ചെയ്തിരുന്ന റഗ്‌നാര്‍ സോള്‍മനേയും, റുഡോള്‍ഫ് ലില്‌ജെഖ്വിസ്റ്റിനെയും ചുമതലപ്പെടുത്തിയിരുന്നു. 1896ല്‍ ആല്‍ഫ്രെഡിന്റെ മരണശേഷമാണ് വില്‍പത്രത്തെക്കുറിച്ച് ലോകമറിയുന്നത്. അവിവാഹിതനും അതിസമ്പന്നനുമായ ആല്‍ഫ്രഡിന്റെ സ്വത്ത് പുരസ്കാരത്തിനായി വിനിയോഗിക്കുന്നതിനെ കുടുംബക്കാര്‍ എതിര്‍ത്തു. അതുകൊണ്ടുതന്നെ നൊബേല്‍ സമ്മാനം എന്ന ആശയം രൂപം പ്രാപിക്കാന്‍ പിന്നെയും സമയം വേണ്ടിവന്നു.
നൊബേല്‍ ഫൗണ്ടേഷനും പ്രവര്‍ത്തനങ്ങളും
1900 ല്‍ റഗ്‌നാര്‍ സോള്‍മന്‍ നൊബേല്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ പുരസ്കാരം നടത്തിപ്പിനായി ട്രസ്റ്റ് രൂപീകരിച്ച ശേഷം സ്വീഡനിലെ സ്ഥാപനങ്ങളെ നാമനിര്‍ദേശങ്ങള്‍ വിലയിരുത്താന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, സാഹിത്യം എന്നീ മേഖലകളിലെ ജേതാക്കളെ കണ്ടെത്തുന്നത് ഇന്നും ഇതേ സ്ഥാപനങ്ങളാണ്. സമാധാന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നൊബേല്‍ സമ്മാനത്തിന്റെ തീരുമാനമെടുക്കുന്നത് നോര്‍വീജിയന്‍ പാര്‍ലമെന്‍ററി കമ്മിറ്റിയാണ്. 1901 ലാണ് ആദ്യ നൊബേല്‍ സമ്മാന ചടങ്ങ് നടന്നത്. ഒന്നാംലോകമഹായുദ്ധകാലത്തും രണ്ടാംലോകമഹായുദ്ധകാലത്തും നോബല്‍ സമ്മാനദാനച്ചടങ്ങ് നടന്നിരുന്നില്ല. 1969 മുതലാണ് സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തുന്നത്.
നാമനിര്‍ദ്ദേശം മുതല്‍ പുരസ്കാരദാനം വരെ
സെപ്റ്റംബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെയാണ് നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസരം. ഫെബ്രുവരി ഒന്നു മുതല്‍ വിദഗ്ധരടങ്ങുന്ന കമ്മിറ്റി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ സസൂക്ഷ്മം പരിശോധിക്കും. പുരസ്കാരത്തിനായി സ്വയം നല്‍കുന്ന അപേക്ഷ അസാധുവാകും. മരണപ്പെട്ടവരുടെ നാമനിര്‍ദ്ദേശം പരിഗണിക്കുന്നതല്ല. പുരസ്കാര പ്രഖ്യാപനം വരെയും വ്യക്തി ജീവിച്ചിരിക്കണം എന്നാണ് നിയമാവലിയില്‍ പറയുന്നത്. നൊബേല്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമാണ്. ഒക്ടോബര്‍ രണ്ടാം വാരത്തിനു മുന്‍പായി തന്നെ ജേതാക്കളെ പ്രഖ്യാപിക്കും. ആല്‍ഫ്രഡ് നോബലിന്റെ ചരമദിനമായ ഡിസംബര്‍ 10നാണ് എല്ലാ വര്‍ഷവും നോബല്‍ സമ്മാനദാനച്ചടങ്ങ് നടക്കുന്നത്. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്ക്ള്‍ഹോമിലെ പ്രധാനവേദിയില്‍ വെച്ച് സമ്മാനജേതാക്കള്‍ സ്വര്‍ണ്ണ പതക്കവും ബഹുമതിപത്രവും സമ്മാനത്തുകയും സ്വീകരിക്കും. നൊബേല്‍ ഫൗണ്ടേഷന്റെ ആസ്തിക്ക് അനുസൃതമായി സമ്മാനത്തുക ഓരോവര്‍ഷവും വ്യത്യാസപ്പെടും. 2019ലെ സമ്മാനത്തുക ഏകദേശം 7 കോടി 35 ലക്ഷം രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത് സ്വീഡന്റെ കാര്‍ള്‍ ഗസ്റ്റാവ് രാജാവ് സമ്മാനത്തുക പരിശോധിച്ച് ഉറപ്പ് വരുത്തും. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മാത്രം, നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ വെച്ച് നോര്‍വീജിയന്‍ നൊബേല്‍ സമ്മാന കമ്മിറ്റി പ്രസിഡന്റില്‍ നിന്നും നോര്‍വേയുടെ ഹറാള്‍ഡ് രാജാവിന്റെ സാന്നിധ്യത്തിലാണ് ഏറ്റുവാങ്ങുന്നത്. സമ്മാനദാന ചടങ്ങിനിടയില്‍ ജേതാക്കള്‍ സമ്മാനത്തിന് അര്‍ഹമാക്കിയ വിഷയത്തിന്‍മേല്‍ പ്രബന്ധമവതരിപ്പിക്കും.
ഇന്ത്യയുടെ നൊബേല്‍ വിശേഷങ്ങള്‍
സാഹിത്യ നൊബേല്‍ (1913) നേടിയ രബീന്ദ്രനാഥ ടാഗോറാണ് നൊബേല്‍ പട്ടികയിലെ ആദ്യ ഇന്ത്യക്കാരന്‍. വിശ്വഭാരതിയിലെ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ ടാഗോറിന്റെ നൊബേല്‍ സുവര്‍ണ്ണ പതക്കം, ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
പ്രകാശവികിരണത്തിന്റെ പുത്തന്‍ സിദ്ധാന്തം അവതരിപ്പിച്ച സി വി രാമന്‍ 1930ല്‍ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ നേടി. 1979ല്‍ മദര്‍ തെരേസ സമാധാന നൊബേല്‍ നേടിയത് ഇന്ത്യയ്ക്ക് മറ്റൊരംഗീകാരമായി. 1983ല്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുബ്രഹ്മണ്യ ചന്ദ്രശേഖര്‍ ഊര്‍ജതന്ത്ര നൊബേല്‍ പങ്കിട്ടു.അമര്‍ത്യസെന്‍ 1998ല്‍ സാമ്പത്തിക നൊബേല്‍ ആദ്യമായി ഇന്ത്യയിലെത്തിച്ചു. 2009ല്‍ ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ രസതന്ത്ര നൊബേല്‍ പങ്കിട്ടു. 2014ല്‍ കൈലാഷ് സത്യാര്‍ഥി സമാധാന നൊബേല്‍ മലാലയുമായി പങ്കിട്ടു.ഇന്ത്യന്‍ വംശജരായ നൊബേല്‍ പുരസ്കാരജേതാക്കളുടെ നീണ്ടനിരയിലെ ഒടുവിലെ പേരുകാരനാണ് കൊല്‍ക്കത്തയില്‍ പഠിച്ചുവളര്‍ന്ന അഭിജിത് ബാനര്‍ജി.
എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ഈ വര്‍ഷത്തെ(2019) പുരസ്കാരം പങ്കിട്ടത്. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍ ഡഫ്‌ലോ.
അധികമാരും ചര്‍ച്ച ചെയ്യാതെ പോയൊരു ചരിത്രവും നൊബേലുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുണ്ട്. 1948ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് മഹാത്മാ ഗാന്ധിയുടെ നാമം നിര്‍ദ്ദേശിക്കപ്പെട്ടതാണ് ആ ബന്ധം. എന്നാല്‍ പ്രഖ്യാപനത്തിനു മുന്‍പ് അദ്ദേഹം കൊല്ലപ്പെടുകയും പരേതര്‍ക്ക് പുരസ്കാരം നല്‍കാന്‍ കഴിയാത്ത നിയമം നിലനില്‍ക്കുന്നതുകൊണ്ട് പുരസ്കാരം ലഭിക്കാതെ പോവുകയുമാണ് ഉണ്ടായത്. അദ്ദേഹത്തോളം അര്‍ഹതയുള്ള മറ്റൊരാളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ആ വര്‍ഷം ആര്‍ക്കും തന്നെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം നൊബേല്‍ സമ്മാനദാന കമ്മിറ്റി നടത്തിയ വിലയിരുത്തലാണ് ഇന്ത്യയിലേക്ക് എത്തിയ നൊബേല്‍ പുരസ്കാരങ്ങളേക്കാള്‍ ഒരുപടി മുന്നില്‍ സ്ഥാനം അര്‍ഹിക്കുന്നത്. നൊബേല്‍ സമ്മാനം ലഭിക്കാത്തത് മഹാത്മാ ഗാന്ധിക്ക് ഒരു കുറവല്ല എന്നും ഗാന്ധിയെ പുരസ്കാരം നല്‍കി ആദരിക്കാന്‍ കഴിയാതിരുന്നത് നൊബേല്‍ സമ്മാന ചരിത്രത്തിന്റെ ഏടുകള്‍ക്ക് തീരാനഷ്ടമാണെന്നുമാണ് കമ്മിറ്റി വിലയിരുത്തിയത്.