Image

ഹെര്‍മന്‍ ഹെസ്സേക്ക് ഒരു ആമുഖം (ആസ്വാദനം: ജോര്‍ജ് പുത്തന്‍കുരിശ്)

Published on 10 December, 2019
ഹെര്‍മന്‍ ഹെസ്സേക്ക് ഒരു ആമുഖം (ആസ്വാദനം: ജോര്‍ജ് പുത്തന്‍കുരിശ്)
(ആദ്യ പ്രസിദ്ധീകരണം 2017)
ഗ്രന്ഥകാരന്‍: ഡോ. പി. സി. നായര്‍
ആസ്വാദനം: ജോര്‍ജ് പുത്തന്‍കുരിശ്

ഡോ. പി. സി. നായരുടെ ‘ഹെര്‍മന്‍ ഹെസ്സേക്ക് ഒരു ആമുഖം’  എന്ന പുസ്തകം വായിക്കാനെടുത്തപ്പോള്‍ മനസ്സിലേക്ക് കടന്നു വന്നത്,  ‘മലയാള ഭാഷയുടെ കരുത്തും വഴക്കങ്ങളും വെളിവാക്കുന്ന വ്യാകരണവും (1851),  നിഘണ്ടുവും (1872)  വിരചിച്ചും,  കാലംകൊണ്ട ് നിറം കെടാത്ത കേരളപ്പഴമ, പഴഞ്ചൊല്‍മാലകള്‍, ബൈബിള്‍ തുടങ്ങിയ  കൃതികളാല്‍ ഭാഷാമണ്ഡലത്തിലെ  മുന്‍നിരയിലേക്ക് കൈരളിയെ കൈപിടിച്ചു കയറ്റി നിര്‍ത്തിയ’ ഹെര്‍മന്‍ ഹെസ്സേയുടെ മുത്തച്ഛനായ ഹെര്‍മന്‍ ഗുണ്ട ര്‍ട്ടിനെക്കുറിച്ച്,  ഗുണ്ട ര്‍ട്ട് നിഘണ്ട ുവില്‍(1992),  ഡി. സി. കിഴക്കെമുറി രേഖപ്പെടുത്തിയിരിക്കന്ന മേലുദ്ധരിച്ച വാക്കുകളാണ്.    ഇന്നിതാ, കാലങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ കൊച്ചു മകനും, നോബേല്‍   (സാഹിത്യത്തിനുള്ള)പ്രൈസ് ജേതാവുമായ ഹെര്‍മന്‍ ഹെസ്സേയെ കുറിച്ച്, അദ്ദേഹത്തിന്റെ ദാര്‍ശനിക ജീവിതവും, രാഷ്ട്രീയ നിലപാടുകളും ഉള്‍പ്പെടുത്തി, ഡോ. പി. സി. നായര്‍ മറ്റൊരു ശ്രേഷ്ഠമായ പുസ്തകം മലയാളത്തിന് നല്‍കിക്കൊണ്ട ് ഹെര്‍മന്‍ കുടംബത്തെ   കൈരളിയോട് കൂടുതല്‍ ചേര്‍ത്ത് നിറുത്തിയിരിക്കുന്നു. അതുപോലെ ഹെര്‍മന്‍ ഹെസ്സെയുടെ വിശാലമായ സാഹിത്യലോകത്തിലേക്കും,  അതുവഴി അദ്ദേഹത്തിന്റെ ആത്മാവിന്റെ ആഴങ്ങളിലേക്കും ഡോ. നായര്‍ വായനക്കാരെ കൂട്ടികൊണ്ടുപോകുന്നു.  

‘ഹെര്‍മന്‍ ഹെസ്സേക്ക് ഒരു ആമൂഖം’  എന്ന പുസ്തകം വായിച്ചു തുടങ്ങിയപ്പോള്‍ മുത്തച്ഛനായിരുന്ന ഗുണ്ട ര്‍ട്ട്  സഞ്ചരിച്ചിരുന്ന വഴികളില്‍ നിന്ന് മാറി, കൊച്ചുമകനായ ഹെര്‍മന്‍ ഹെസ്സെ,  സാഹിത്യത്തിന്റെ മറ്റൊരു സരണിയിലൂടെ യാത്ര ചെയ്യുന്നതായി തോന്നി.   കൃസ്തുവിന്റെ സ്‌നേഹത്തെ ആധാരമാക്കി മനുഷ്യ ജീവിതത്തെ സംസ്കരിച്ച്, അതിനെ ഉത്കൃഷ്ടമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, മലയാള ഭാഷയ്ക്ക് മുത്തച്ഛനായ ഗുണ്ടര്‍ട്ടില്‍ നിന്ന് പല കൃതികളും  ലഭിച്ചപ്പോള്‍,  ആ പാരമ്പര്യത്തില്‍ നിന്ന് അകന്ന് മാറി ഒരു സ്വതന്ത്രമായ ചിന്തയും,  ജീവിത ശൈലിയും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോളാണ്   കൊച്ചുമകനായ ഹെസ്സെ ലോക സാഹിത്യത്തിന് വിലമതിക്കാനാവാത്ത അനേകം കൃതികള്‍ സംഭാവന ചെയ്തത്.  ഹെസ്സേയുടെ സ്വതന്ത്രചിന്തയെ    മാതാപിതാക്കള്‍ ഒരു പരിധിവരെ തെറ്റുധരിച്ചോ എന്ന് ശങ്കിക്കേണ്ട ിയിരിക്കുന്നു. “ഒരു പാമ്പിനെ ഭയപ്പെടുന്നതുപോലെ പുതിയ ചിന്താസരണിയെ നീ ഭയപ്പെടണം, പ്രേമഗാനങ്ങള്‍ അലയടിക്കുന്ന ഈ സ്വര്‍ക്ഷം വിഷലിപ്തമാണ്” എന്ന മാതാപിതാക്കളുടെ വാക്കുകളില്‍,  സ്വന്തം മകന്‍ വഴിതെറ്റിപോകുമോ എന്ന ഭയപ്പാടില്ലാതില്ല.  പില്‍ക്കാലത്ത് തന്റെ മാതാപിതാക്കള്‍ പിന്‍തുടര്‍ന്ന ക്രൈസ്തവ മതപഠനങ്ങളെക്കാളും അവരുടെ ജീവിതത്തെ അദ്ദേഹം മാനിക്കുന്നതായി കാണാം.   “പ്രസംഗിച്ചത് പ്രവര്‍ത്തിയില്‍ കൊണ്ട ു വന്നവരായിരുന്നു തന്റെ മാതാപിതാക്കള്‍,” എന്ന ഹെസ്സെയുടെ മാതാപിതാക്കളെക്കുറിച്ചുള്ള  നിരീക്ഷണത്തില്‍ നിന്ന് അത് വളരെ വ്യക്തമായി കാണാന്‍ കഴിയും.

ഏത് മതങ്ങളെയും എടുത്ത് വിശകലനം ചെയ്യുമ്പോള്‍, അവയെല്ലാം ഋഗ്വേദമന്ത്രംപ്പോലെ, “ഏകം സത്’   അല്ലെങ്കില്‍ സത്യം ഒന്നുമാത്രം എന്ന ആശയത്തില്‍ നിന്നാണ് ഉരുതിരിയുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.   ഗാന്ധിജിയെ സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്നാണ് ടോള്‍സ്‌റ്റോയിയുടെ ‘കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിന്‍ യു.’ ‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ക്ഷരാജ്യം അവര്‍ക്കുള്ളത്’, ‘സമാധാനം ഉണ്ട ാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന് വിളിക്കപ്പെടും’ എന്നുതുടങ്ങിയ, മനുഷ്യന്റെ മരവിച്ച ചേതനയെ ഉണര്‍ത്തുവാന്‍ പോരുന്ന യേശുവിന്റെ മൊഴികളെ കുറിച്ചുള്ള ടോള്‍സേ്‌റ്റോയിയുടെ പഠനവും, തിയോസഫിക്കല്‍ സൊസൈറ്റി (ബ്രഹ്മവിദ്യാ സംഘം) പ്രസിദ്ധീകരിച്ച ഉപനിഷുത്തുകളുടെ തര്‍ജ്ജമയും,  ഭഗ്വദ്ഗീതയും  ഗാന്ധിജിയുടെ സത്യാനേഷണ പരീക്ഷണയാത്രയിലെ  വഴിവിളക്കുകളായിരുന്നു.   ഹെസ്സേയെപ്പോലുള്ള മറ്റൊരു സത്യനേഷി ഗാന്ധിജിയുടെ   ചിന്തകളോടും അതിന്റെ പ്രായോഗികതയിലും ആകൃഷ്ടനായതില്‍ ആശ്ചര്യപ്പെടാനില്ല.   
 
ലോകത്ത് പല മതങ്ങളും അവരുടെ വിശ്വാസങ്ങളെ പ്രഘോഷിക്കുന്നുണ്ടെ ങ്കിലും അതിന്റെ പ്രയോക്താക്കള്‍ ആകാന്‍    പിന്‍ഗാമികള്‍ക്ക്  കഴിയുന്നില്ല എന്നത്, ഇന്ന്, എന്നത്തേക്കാളും നമ്മളുടെ മുന്നില്‍  പ്രകടമായി നില്ക്കുന്ന ഒരു സത്യമാണ്. ക്രൈസ്തവ മതം ഏറ്റവും പടര്‍ന്നു പന്തലിച്ച രാജ്യങ്ങള്‍  യൂറോപ്പിലാണെങ്കിലും, യേശു വിഭാവനം ചെയ്ത ഒരു സാമൂഹ്യ വ്യവസ്ഥതി അവിടെ  വേരൂന്നിയില്ല. ‘യൂറോപ്പ്യന്‍ മത സങ്കല്പങ്ങളും വിശ്വാസ പ്രമാണങ്ങളം പാശ്ചാത്യലോകത്തെ അധഃപതനത്തിലേക്കു’ നയിക്കുവാനുള്ള കാരണവും ഇതായിരിക്കണം. ക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിലെ അന്തസത്തയേയും, ‘ഗവദ്ഗീതയിലെ സത്യങ്ങളെയും സമുന്വയിപ്പിച്ച്  ‘ഈശ്വരനെ സേവനത്തിലൂടെ മാത്രമെ സാക്ഷാത്ക്കരിക്കാന്‍ കഴിയൂ’ (എന്റെ സത്യനേഷണ കഥഎ. കെ. ഗാന്ധി)  എന്നു വിശ്വസിച്ചിരുന്ന   ഗാന്ധിജിയുടെ ചിന്തകളും, ഭാരതീയ ചിന്തകളുടെ അടിസ്ഥാനമായ ഉപനിഷ്ത്തിലുള്ള ജ്ഞാനവും, ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോടുള്ള ആദരവും  അതുപോലെ അതിന്റെ പ്രായോഗികതയും   ഹെസ്സെ വിഭാവനം ചെയ്ത,  ‘പുതിയ ദൈവവും, മനുഷ്യനും, ധര്‍മ്മ നീതിയും, പുതിയ ലോകവും’ എന്ന സങ്കല്പത്തെ വികസിപ്പിക്കുവാന്‍ സഹായിച്ചു കാണണം.
ഈ ഗ്രന്ഥത്തിലെ രണ്ട ്, മൂന്ന്, നാല്, അഞ്ച് അദ്ധ്യായങ്ങളെന്നു പറയുന്നത്  ഒരു വിശ്വപ്രശസ്തനായ എഴുത്തുകാരനായി അറിപ്പെടുന്നതിന് മുന്‍പ് ഹെസ്സെ നടന്നുകയറിയ കല്പടവുകളാണ്.  അദ്ദേഹത്തിന്റെ ഒരോ കാലഘട്ടത്തിലേയും ആത്മ സംഘര്‍ഷങ്ങളെ ഡോ. പി. സി. നായര്‍ ഒരു മനശാസ്ത്രജ്ഞന്റെ പാടവത്തോടെ വളരെ സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു. ഭൗതികമായതിന്റെ അസ്ഥിരതയെക്കുറിച്ചും ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും, ആത്മശോധനയുടെ ആവശ്യകഥയെക്കുറിച്ചും, കഠിനമായ ദുഃഖങ്ങളില്‍ നിന്ന് രക്ഷനേടാന്‍ യാഥാര്‍ത്ഥ്യത്തിന്റേ ലോകത്തിലേക്ക് ഇറങ്ങി വരണമെന്നുള്ള തിരിച്ചറിവും   അദ്ദേഹത്തിന്റെ നോവലുകളിലെ കാഥാപാത്രങ്ങളിലൂടെ ഹെസ്സെ വെളിപ്പെടുത്തുന്നു. ആരോടും ഇണങ്ങാത്തവനും വിലക്ഷണനുമായ  ‘പീറ്റര്‍ കാമിന്‍ സിന്‍ഡ്’ എന്ന നോവലിലെ  പീറ്റര്‍, ഹെസ്സെയുടെ പ്രതിരൂപമായിരുന്നു.

ഹെര്‍മന്‍ ഹെസ്സെയുടെ വിഷാദരോഗത്തെക്കുറിച്ച് ഡോ. പി. സി. നായര്‍ പുസ്തകത്തില്‍ പല സ്ഥലത്തും പരാമര്‍ശിക്കുന്നുണ്ടെ ങ്കിലും, അതിനോട് എനിക്ക് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ നിരാകരിക്കാനും ഞാന്‍ തയ്യാറല്ല. സ്യഷ്ടിപരമായ കഴിവുള്ളവരില്‍ പലരിലും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്. അത് ചിലപ്പോള്‍ അവരെ ആത്മഹത്യയിലേക്ക് എത്തിക്കാറുമുണ്ട്. എന്നാല്‍ ഹെസ്സെ ആ പ്രവണതയെ അതിജീവിക്കുന്നതായി കാണാന്‍ കഴിയും.  യാഥാര്‍ത്ഥ കലാകാരന്മാരും എഴുത്തുകാരും സങ്കല്പ ജീവികാളാണ്. അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതെ വരുമ്പോള്‍ അവര്‍ നിരാശയുടെ ഗര്‍ത്തങ്ങളില്‍ വീണുപോകുന്നു. അത്തരക്കാര്‍ ചിലപ്പോള്‍ ഇടപ്പള്ളി രാഘവന്‍പ്പിള്ളയെപ്പോലെ,
“ഇനിയുമുണ്ടെ ാരു ജന്മമെനിക്കെങ്കി
ലിതള്‍ വിടരാത്ത പുഷ്പമായിത്തീരണം;
വിജനഭൂവിങ്കലെങ്ങാനതിന്‍ ജന്മം
വിഫലമാക്കീട്ട് വിസ്മൃതമാകണം“ എന്ന് ചിന്തിച്ച് ജീവിതം അവസാനിപ്പിച്ചെന്നിരിക്കും. എന്നാല്‍ ഹെസ്സെയുടെ “കൃതികളിലെ മിക്ക കഥാപാത്രങ്ങളും മാനസിക  സംഘര്‍ഷങ്ങളനുഭവിക്കുന്നവരും അതില്‍ നിന്ന് എങ്ങനെ മോചനം നേടാം എന്നാഗ്രഹിക്കുന്നവരുമാണ്.”  വിഷാദരോഗത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം ഈ കാലഘട്ടത്താണുണ്ട ായതെങ്കില്‍ തീര്‍ച്ചയായും ഹെസ്സെയുടെ ജീവിതം ധന്യമായി എന്നെ പറയാന്‍ കഴിയു. വായനയും എഴുത്തും എന്നും മനസ്സിലെ തിരകളെ ശമിപ്പിക്കുന്ന ഒരൗഷധംമത്രെ.

“വായിപ്പോര്‍ക്കരുളുന്നനേക വിധമാം
വിജ്ഞാന, മേതെങ്കിലും
ചോദിപ്പോര്‍ക്കുചിതോത്തരങ്ങളരുളി
ത്തീര്‍ക്കുന്നു സന്ദേഹവും
വാദിപ്പോര്‍ക്കുതകുന്ന യുക്തി പലതും
ചൂണ്ട ിക്കൊടുക്കും വൃഥാ
ഖേദിപ്പോര്‍ക്കരുളുന്നു സാന്ത്വനവച
സ്സുല്‍കൃഷ്ടമാം പുസ്തകം”  (ആര്‍. ഈശ്വരപിള്ള)

ഹെസ്സേയുടെ ജീവിതത്തിന്റെ സമസ്യകളാണ് അദ്ദേഹത്തിന്റെ കൃതികളില്‍ നിഴലിക്കുന്നത് എന്ന ഗ്രന്ഥകര്‍ത്താവിന്റെ അഭിപ്രായം വായിക്കുമ്പോള്‍, അത് വായനക്കാരുടേയും ജീവിത സമസ്യകളുടെ പ്രതിഫലനമല്ലെ എന്ന് തോന്നിപോകും “സ്‌റ്റെപ്പന്‍വോള്‍ഫ്: ഗദ്യത്തിലുള്ള ഒരു ഗീതകം വായിക്കുമ്പോള്‍. ‘സിന്‍ക്ലെയറുടെ ആകുലതകളും ആകാംഷകളും അയാള്‍ സ്‌നേഹിതനായ ഡീമിയനുമായി പങ്കുവയ്ക്കുകയും, അയാളിലൂടെ ഒരു പരിധിവരെ പരിഹാരം നേടാന്‍’ ശ്രമിക്കുന്നതും; ക്രിസ്ത്യന്‍ ബൂര്‍ഷ്വാ ധര്‍മ്മ നീതിയുടെ പിടിയില്‍ നിന്ന് പുനര്‍ ജനിക്കാന്‍ ശ്രമിക്കുന്നതും ഏത് കാലഘട്ടത്തിലേയും മനുഷ്യര്‍ നേരിടുന്ന അവസ്ഥയുടെ പ്രതിഫലനം തന്നെയല്ലെ എന്ന് വായനക്കാര്‍ ചിന്തിച്ചാല്‍ അതില്‍ തെറ്റുപറയാനാവില്ല. ഇവിടെ ഹെസ്സെ തന്റെ കഥാപാത്രങ്ങളെക്കൊണ്ട ് പരിഹാരമാര്‍ക്ഷം അന്വേഷിപ്പിക്കുന്ന ഭാഗം ജീവിതപ്രശ്‌നങ്ങളാല്‍ വിഷാദരോഗത്തിന്റെ പിടിയില്‍പ്പെട്ടിരിക്കുന്നവര്‍ ധ്യാനിക്കേണ്ട തും തേടേണ്ട തുമായ ഒുരു പ്രതിവിധിയാണ്.  ആദ്ധ്യാത്മികതയുടെയും പ്രാപഞ്ചിക ജീവിതത്തിന്റേയും പിടിയിലകപ്പെട്ട മനുഷ്യരുടെ കഥ, “യാതനാപൂര്‍ണ്ണമായ പല വര്‍ഷങ്ങള്‍ക്കുശേഷം ഞാനൊരു വൈരാഗിയുടെ ജീവിതം കൈവരിച്ചു. വളരെക്കാലത്തെ കഠിനാദ്ധ്വാനത്തിനും അച്ചടക്കത്തിനുമൊടുവില്‍ എന്റെയൊക്കെ ജീവിതം കുറെയൊക്കെ ശാന്തതയും ഔന്നത്യവും കൈവരിച്ചു”  എന്ന വരികളില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.  ‘നാര്‍സിസ്സും ഗോള്‍ഡ്മണ്ടം’ ശ്രിംഗാരപ്രിയനായ ഗോള്‍ഡ്മണ്ടിന്റെ രതിവിക്രിയകളും അക്രമാസക്തമായ പ്രവര്‍ത്തനങ്ങളും, ലൈംഗീകാസക്തിയുടെ പൂര്‍ത്തികരണത്തിനായി പല സ്ത്രീകളുമായി വേഴ്ചയിലേര്‍പ്പെടുന്നതും , ഒരവസരത്തില്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോള്‍ഡ്മണ്ട ിനെ നാര്‍സിസ്റ്റ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും എല്ലാം മനുഷ്യരിലെ വൈരുദ്ധ്യമാര്‍ന്ന സ്വഭാവവിശേഷങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. അതുകൊണ്ട ായിരിക്കാം ആ നോവല്‍ ജന പ്രീതി നേടാന്‍ കാരണമായതും.

‘പൂര്‍വ്വദേശത്തേക്കുള്ള യാത്ര’യെന്നെ നോവലിനെ ആസ്പദമാക്കിയുള്ള    പന്ത്രണ്ട ാം അദ്ധ്യായവും അതിലെ  മൂന്നാം സ്വര്‍ക്ഷത്തെക്കുറിച്ചുള്ള  പരാമര്‍ശങ്ങളും തികച്ചും വായനക്കാരനെ ദൃഷ്ടിഗോചരമായ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തില്‍ നിന്നും അഗോചരങ്ങളായ ഒരു അദൃശ്യലോകത്തിലേക്ക് കൂട്ടിക്കൊണ്ട ുപോകുന്നു. ഒരു ക്രൈസ്തവ കുടുംബത്തില്‍ പിറന്ന ഹെസ്സെ യേശു പ്രസംഗിച്ച ദ്വിമാന സ്വര്‍ക്ഷരാജ്യത്തെക്കുറിച്ച അവബോധമുള്ളവനായിരുന്നു എന്നതില്‍ സംശയിക്കേണ്ട  ആവശ്യമില്ല. അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലും ചിന്തകളിലും രചനകളിലും,  അത് ഒളിഞ്ഞും തെളിഞ്ഞും കാണാം. ദ്വിമാനമാത്രമായ ആദ്ധ്യാത്മിക തലത്തെ ശ്രീനാരായണഗുരു തന്റെ ദര്‍ശനമാലയിലെ ആദ്യത്തെ ദര്‍ശനമായ ‘ആധ്യാരോപദര്‍ശനത്തിലെ’ അഞ്ചാം ശ്ലോകത്തിലൂടെ ചിത്രീകരിക്കുന്നു. 

‘മനോമാത്രമിദം ചിത്ര
മിവാഗ്രേ സര്‍വ്വമീദൃശം
പ്രാപയാമാസ വൈചിത്ര്യം
‘ഗവാന്‍ ചിത്രകാരവത്’ 

ചിത്രം വ്യക്തരൂപം കൈകൊള്ളുന്നതിന് മുന്‍പ്, സൂഷ്മമായ രൂപരേഖയായി വര്‍ത്തിക്കുന്നതുപോലെ ഈ പ്രപഞ്ചം മുഴുവന്‍ പുറമെ ഇങ്ങനെ പ്രകടമാകുന്നതിന് മുന്‍പ് കേവലം സങ്കല്പരൂപമായി സ്ഥിതിചെയ്തിരുന്നു. ഒന്ന് കൊരന്ത്യര്‍ രണ്ട ിന്റെ ഒന്‍പതാം വാക്യത്തില്‍ പോള്‍ ഉദ്ധരിച്ചിരിക്കന്ന, ‘ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കീട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരു മനുഷ്യന്റെ ഹൃദയത്തില്‍ തോന്നിയിട്ടുമില്ല” എന്ന ഭാഗവുമായി ചേര്‍ത്ത് മനനം ചെയ്യാവുന്നതാണ്,    ഹെസ്സെ മൂന്നാം സ്വര്‍ക്ഷം എന്ന്  വിവക്ഷിക്കുന്നത,് പിതാവ് , പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ക്രൈസ്തവരുടെ ത്രിത്വവും,  അ’ (ബ്രഹ്മാവ്), ‘ഉ’ (വിഷ്ണു), ‘മ്’ (മഹേശ്വരന്‍) എന്നീ ശബ്ദങ്ങളുടെ സംഘേതമായ ‘ഓം’ എന്ന ത്രിമൂര്‍ത്തികളും ചേര്‍ന്ന ത്രിമാന അവസ്ഥയെ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
 
കാവ്യപ്രചോദനത്തിന്റ ഒരു സ്രോതസ്സായിട്ടാണ് കാസ്‌റ്റേലിയ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്.  അത്‌പോലെ ഗ്രീക്ക് ഇതിഹാസത്തിലെ ദേവനായ അപ്പോളയില്‍ നിന്ന് വഴുതിമാറാന്‍ ഒരു അരുവിയായി മാറിയ മത്സ്യകന്യകയാണ് കാസറ്റേലിയാ. ‘സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള ശ്രമത്തില്‍’ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഒരു സമൂഹത്തെ ഹെസ്സെ മുന്‍കൂട്ടി കണ്ട തുകൊണ്ട ായിരിക്കും   കാസ്‌റ്റേലിയ എന്ന കാല്പനികതയെ വെടിഞ്ഞ് പുതിയ ശൈലിയില്‍ തന്റെ അവസാന നോവലായ ‘ഗ്ലാസ് ബീഡ്‌സ് ഗെയിംന് (സ്ഫടികമണികള്‍ കൊണ്ട ുള്ള കളി) രൂപ കല്പന നല്‍കിയത്.  നിത്യജീവിതത്തിന് യാതൊരു വിലയും കല്പിക്കാതെ വെറും മാനസ്സിക വ്യാപാരത്തില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥ ആര്‍ക്കും അഭികാമ്യമല്ല എന്ന് ഹെസ്സെ ‘നെച്ചെന്ന’ കാഥാപാത്രത്തിലൂടെ വെളിപ്പെടുത്തുന്നു.

 ‘ലോകജനതക്കിടയില്‍ സാഹോദര്യം വളര്‍ത്തേണ്ട താവശ്യമാണെന്ന ആശയത്തിന് ഊന്നല്‍ നല്‍കിയ’  വ്യക്തിയായിരുന്നു ഹെസ്സെയെന്നത്,    അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ഡോ. പി. സി. നായരുടെ പഠനങ്ങളില്‍ നിന്ന് വളരെ വ്യക്തമാണ്.  ഒരു ക്രൈസ്തവ കുടുംബത്തില്‍ പിറന്ന ഹെസ്സെ ക്രിസ്തുവിനെപ്പോലെ, സഹോദര്യത്തില്‍ അധിഷ്ഠിതമായ  ‘പുതിയ ദൈവവും, മനുഷ്യനും, ധര്‍മ്മ നീതിയും, പുതിയ ലോകവും’ വിഭാവനം ചെയ്ത വ്യക്തിയായിരുന്നു.  ഒരു പക്ഷെ അദ്ദേഹം തന്റെ മാതാപിതാക്കളുമായി ഇക്കാര്യത്തില്‍ വിഭിന്നമായ ഒരു ചിന്താഗതിയുണ്ടാകുവാന്‍ കാരണം, സംഘടിതമായ മതം അന്നും ഇന്നും,    അതിന്റെ ആചാര്യന്മാരുടെ ദര്‍ശനങ്ങളുടെ അന്തസത്തയെ ഉള്‍ക്കൊണ്ട ്  ലോക ജനതക്കിടയില്‍ സാഹോദര്യം വളര്‍ത്തുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട ായിരിക്കാം. 

 ആക്‌സ്മികമായിയാണ് ഡോ. പി. സി. നായരുമായി പരിചയപ്പെട്ടത്.   അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം വായിക്കാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ അതൊരു തീരാ നഷ്ടമായിരുന്നേനെ.   എന്താണ് ഹെസ്സെ സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവന എന്ന് ഡോ. നായര്‍ എഴുതിയ ‘ഹെര്‍മ്മന്‍ ഹെസ്സേക്ക് ഒരാമുഖം എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചപ്പോള്‍,  “അറിവും പരിചയവും കുറഞ്ഞ ഒരു വ്യക്തി കൂടുതല്‍ അംഗീകാരം കിട്ടേണ്ടുന്ന മൂല്യങ്ങളെത്തേടി ഉഴറുമ്പോള്‍, അവന്റെ നൂറായിരം തെറ്റുകളില്‍ കൂടി അവന്‍ കണ്ടെ ത്തുന്ന ശരികളെ അടിവരയിട്ട് അവന് ഉത്സാഹം വര്‍ദ്ധിപ്പിച്ച് വലിയ ശരി കാണുവാന്‍ പ്രപ്തരാക്കുകയാണ്” എന്ന നിത്യചൈതന്യയതിയുടെ (മനശാസ്ത്രം ജീവിതത്തില്‍)  വാക്കുകളാണ് എന്റെ മനസ്സില്‍ ഉയര്‍ന്നത്.    ഹെര്‍മ്മന്‍ ഹെസ്സെയുടെയും അതുപോലെ മറ്റു ഗ്രന്ഥങ്ങളെയും കൂലംകക്ഷമായി പഠിച്ച് ഇത്തരം ഒരു പഠനം തയാറാക്കുക എന്നത് ഏറ്റവും ശ്രമകരവും സമയബന്ധിതവുംമായ ഒരു ദൗത്യമാണ്.  ഇത്ര ഗഹനമായ ഒരു പുസ്തകത്തെ അവലോകനം ചെയ്യാന്‍ തക്കവണ്ണം ഞാന്‍ പ്രാപ്തനല്ല. എങ്കിലും എനിക്ക് വീണ് കിട്ടിയ അവസരത്തിലൂടെ ഹെസ്സെ എന്ന മഹാ പ്രതിഭയെ ഒന്ന് ദൂരത്ത് നിന്ന് കാണാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ തികച്ചും ചാരിതാര്‍ത്ഥ്യമുള്ളവനാണ്. അതുപോലെ സാഹിത്യത്തേയും എഴുത്തിനേയും ഇഷ്ടപ്പെടുന്നവര്‍  ഈ കൃതി വായിക്കാതിരുന്നാല്‍ അത് അവര്‍ക്ക് ഒരു തീരാ നഷ്ടമായിരിക്കും  “വാക്കുകള്‍ പലപ്പോഴും ചിന്തകളെ വേണ്ടുംവിധം പ്രകാശിപ്പിച്ചെന്നിരിക്കില്ല. അത്  പ്രകാശിപ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍  അതിന്റെ മൂല ആശയത്തിന്  അല്പം വ്യത്യാസവും, അല്പം കോട്ടവും, അതുപോലെ ബുദ്ധിശൂന്യവുമായിരിക്കും.” എന്ന ഹെര്‍മന്‍ ഹെസ്സേയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട ് ഞാന്‍ എന്റെ എളിയ സംരംഭത്തില്‍ നിന്ന് വിരമിക്കുന്നു. അതോടൊപ്പം ഡോ. പി. സി. നായര്‍ മലയാള സാഹ്യത്യത്തിന് നല്‍കിയ ഈ ആമൂല്യ ഗ്രന്ഥത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

              
ഹെര്‍മന്‍ ഹെസ്സേക്ക് ഒരു ആമുഖം (ആസ്വാദനം: ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
ജോര്‍ജ് പുത്തന്‍കുരിശ് 2019-12-10 09:32:28
തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു 

സ്വര്‍ക്ഷരാജ്യം - സ്വർഗ്ഗരാജ്യം (ശരി )

 മൂന്നാം സ്വര്‍ക്ഷത്തെക്കുറിച്ചുള്ള -  മൂന്നാം സ്വർഗ്ഗത്തെക്കുറിച്ചുള്ള (ശരി)


'ഗ്ഗ' എന്ന അക്ഷരം  'ക്ഷ' എന്നാണ് കാണിക്കുന്നത് .



വിവരം ഉള്ളവര്‍ വായികുമ്പോള്‍ 2019-12-10 13:52:38
സാരമില്ല മാഷേ! വിഷമിക്കാതെ 
ഗൂഗിളില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അവശ്യംവേണ്ടത്ത പലതും കേറി വരും- 'have you found Jesus? എന്ന് ചോദിച്ചു ഡോര്‍ ബെല്‍ അടിക്കുന്നവരെ പോലെ. 'ഓ സിന്‍സ് വെന്‍ ഹി ഈസ്‌ മിസ്സിംഗ്‌  എന്നോ ഹി ഈസ്‌ മോവിംഗ് നെക്സ്റ്റ് ഡോര്‍ എന്നോ ഞാന്‍ മറുപടി കൊടുക്കും. ഇപ്പോള്‍ അവരുടെ ശല്യം ഇല്ല. പക്ഷെ ട്യയിപ്പിംഗ് പിശാച് അങ്ങനെ ഒന്നും പോകില്ല. എപ്പോഴും നമ്മെ ചുറ്റിപറ്റി നില്‍ക്കും. വിവരം ഉള്ളവര്‍ക്ക് അറിയാം താങ്കള്‍ എന്ത് ആണ് ഉദേസിക്കുന്നത് എന്ന്. അവര്‍ താനെ തിരുത്തി വായിച്ചുകൊള്ളും.
-ചാണക്യന്‍ 
Sudhir Panikkaveetil 2019-12-10 19:30:31
ശ്രീ ജോർജ് പുത്തൻ കുരിശ് ഒരു ബഹുമുഖ 
പ്രതിഭയാണ്. കൃതികൾ വിശകലനം ചെയ്യുമ്പോഴും 
കൃതികൾ രചിക്കുമ്പോഴും അദ്ദേഹം 
പ്രകടമാക്കുന്ന മികവ് പ്രശംസാർഹമാണ്.
അദ്ദേഹത്തിന്റെ ഭാവഗീതങ്ങൾ യുട്യൂബിൽ പോയാൽ വായിക്കാവുന്നതാണ്. 
പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരൻ 
ഡോക്ടർ പി.സി.നായരുടെ പുസ്തകത്തെ 
അതിന്റെ രചനാഭംഗികൾ ചോരാതെ വായനക്കാർക്ക്
പരിചയപ്പെടുത്തികൊടുക്കാൻ ശ്രീ പുത്തൻ കുരിസിന് 
 കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ നായരുടെ ചൈനീസ് 
കൃതികളുടെ പരിഭാഷ നിരൂപണം ചെയ്യാൻ എനിക്ക് 
ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.  ഡോക്ടർ പി.സി.നായർ 
ഇനിയും പുസ്തകങ്ങൾ എഴുതി മലയാള 
ഭാഷയെയും അമേരിയ്ക്കൻ മലയാള സാഹിത്യത്തെയും 
പരിപോഷിപ്പിക്കട്ടെ.  അദ്ദേഹത്തിനും   ശ്രീ പുത്തൻ 
കുരിസിനും ഭാവുകങ്ങൾ. 
Thomas K Varghese 2020-01-04 23:56:37
നോബൽ പ്രൈസ് നൽകി, ലോകം ബഹുമാനിക്കുന്ന "ഹെർമൻ ഹെസ്സേയെ" കുറിച്ച്,  അറിയപ്പെടുന്ന സാഹിത്യകാരനായ "ഡോക്ടർ പി.സി.നായർ  എഴുതിയ പുസ്തകത്തിന് ഒരു  ആസ്വാദനം എഴുതിയ,  പദ്യവും  ഗദ്യവും ഒരുപോലെ വഴങ്ങുന്ന, പ്രശസ്തനായ അമേരിക്കൻ മലയാളി  എഴുത്തുകാരനായ "ശ്രീ ജോർജ് പുത്തെന്കുരിശിന്റെ" അറിവിന്റെ ഭണ്ഡാഗാരം, മനോഹാരിതയും  സൗഷ്ഠവവും വർധിപ്പിച്ചു അവതരിപ്പിച്ചിരിക്കുന്നു.   ഈ ത്രി മൂർത്തികൾക്കും  അവരുടെ ഉത്പന്നങ്ങൾക്കും  നന്ദി.  അഭിനന്ദനങ്ങള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക