ഡ്രാമ / ത്രില്ലര്‍
സംവിധായകന്: മോ ഹോംഗ്ജിന്
അഭിനേതാക്കള്‍: ഷിം യുന്‍ ക്യോങ് , യുന്‍ ജീ മൂണ്‍, കിം സുങ്ഹോ രാജ്യം: സൗത്ത് കൊറിയ
ഭാഷ: കൊറിയന്‍
ബര്‍ത്ത് ഡേ കേക്കുമായി അച്ഛന് എത്തുന്നതും പ്രതീക്ഷിച്ചിരുന്ന ഏഴ് വയസ്സ് കാരി ഹീ ജൂ കാണുന്നത് കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പൊലീസ് ഓഫീസറായ അച്ഛന്റെ മൃതശരീരമാണ്. നാളുകള്‍ക്ക് ശേഷം അച്ഛന്റെ കൊലയാളി എന്ന് വിശ്വസിക്കുന്ന സീരിയല്‍ കില്ലര്‍ വെറും പതിനഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെടുമ്പോള്‍ കോടതി മുറിയില്‍ അവളും ഉണ്ടായിരുന്നു. അമ്മ ഉപേക്ഷിച്ച അവള്‍ക്ക് എല്ലാമായിരുന്ന അച്ഛനും നഷ്ടപ്പെട്ടെങ്കിലും അച്ഛന്റെ സുഹൃത്തുക്കളായ പൊലീസുകാരുടെ സഹായത്തോടെ വളര്‍ന്ന അവള് കാത്തിരുന്നത് ഒരേ ഒരു ദിവസത്തിനായി മാത്രമായിരുന്നു. പതിനഞ്ച് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം അച്ഛന്റെ കൊലയാളിയായ ജി ബിയോം പുറത്തിറങ്ങുന്ന ആ ദിവസത്തിന് വേണ്ടി!
പക്ഷേ 15 വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞു കിം പുറത്തിറങ്ങുന്ന ദിവസം മുതല്‍ കിം ചെയ്ത അതേ രീതിയിലുള്ള കൊലപാതകങ്ങള്‍ വീണ്ടും അരങ്ങേറുകയാണ്. ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ കിം തന്നെയാണോ? അതോ അയാളോട് ശത്രുതയുള്ള മറ്റാരെങ്കിലുമാണോ?. കേസന്വേഷണം ഏറ്റെടുക്കുന്ന ഡിറ്റക്ടീവ് ഡീ യുങിനും കിമ്മിനോട് വ്യക്തിപരമായ പല ശത്രുതകളുമുണ്ട്.
കൊറിയന്‍ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ത്രില്ലര്‍ ആയാലും റൊമാന്‍സ് ആയാലും കോമഡി ആയാലും ഏത് ജേണര്‍ ആയാലും പ്രേക്ഷകരെ ഉളളിലേക്ക് ആവാഹിക്കാനുള്ള കഴിവ്. പ്രതികാരം ഇത്രയും ശക്തമായി ആവിഷ്കരിക്കുന്ന ചിത്രങ്ങള്‍ മറ്റൊരു സിനിമ ഇന്‍ഡസ്ട്രികളിലും കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഓള്‍ഡ് ബോയ്, നോ മെഴ്സി തുടങ്ങിയ കൊറിയന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവാനിടയില്ല. അതേ പോലെ തന്നെ സീരിയല്‍ കില്ലേഴ്സിന്റെ കഥകള്‍ ഒന്നിനൊന്ന് വ്യത്യസ്തമായി ത്രില്ലിംഗ് ആയി അവതരിപ്പിക്കാന്‍ കൊറിയന്‍ സംവിധായകരെ കഴിഞ്ഞേ മറ്റാരും വരൂ. ഇവ രണ്ടും അതായത് പ്രതികാരവും സീരിയല്‍ കില്ലര്‍ കഥയും ഒന്നിനൊന്ന് മികച്ച രീതിയില്‍ പ്രേക്ഷകന്റെ ഹൃദയത്തിന് കൊള്ളുമാറ് അവതരിപ്പിച്ചിരിക്കുകയാണ് മിസ്സിങ്ങ് യൂ എന്ന ചിത്രത്തില്‍.
ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അത്യന്തം ത്രില്ലിംഗ് ആയി മുന്നേറുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഒരു മരവിപ്പോടെ മാത്രമേ കണ്ടിരിക്കാനാവൂ. ചിത്രത്തില്‍ കിം എന്ന പരമ്പരക്കൊലയാളിയായി അഭിനയിച്ച സിയോങ് ഓ കിമ്മിന്റെ അഭിനയം വളരെ മികച്ചതായിരുന്നു.കണ്ടിരിക്കേണ്ട ഒരു മികച്ച കൊറിയന്‍ ത്രില്ലര്‍.
ചിത്രത്തിന്റെ കഥയുടെ ചെറിയൊരു ത്രെഡ് മാത്രമേ മുകളില്‍ പറഞ്ഞിട്ടുള്ളു. കേട്ട് കേള്‍വിയില്ലാത്ത മറ്റൊരു പ്രതികാര കഥ കാണാന്‍ ചിത്രം കണ്ട് നോക്കൂ.