Image

ആഘോഷങ്ങളില്‍ മുങ്ങി അര്‍ത്ഥം മാറുന്ന ക്രിസ്മസ് (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 13 December, 2019
ആഘോഷങ്ങളില്‍ മുങ്ങി അര്‍ത്ഥം മാറുന്ന ക്രിസ്മസ് (ലേഖനം: ജയന്‍ വര്‍ഗീസ്)
ഇരുട്ടില്‍ സഞ്ചരിച്ച ജനം വലിയൊരു വെളിച്ചം കണ്ടതിന്റെയും, സര്‍വ ജനത്തിനും വരുവാനുള്ള മഹാ സന്തോഷത്തിന്റെയും പ്രതീകമായിരുന്നു ക്രിസ്മസ്. വെളിച്ചം ഏറ്റു വാങ്ങുന്ന ഏതൊരുവനും അത് പ്രസരിപ്പിക്കുന്നവന്‍ കൂടിയാവണം. ഇത്തരക്കാരുടെ കൂട്ടങ്ങള്‍ നിയന്ത്രിക്കുന്ന സമൂഹത്തിലാണ്,  സര്‍വ ജനത്തിനും വരുവാനുള്ള നന്മയുടെ സന്തോഷം ആര്‍ക്കും അനുഭവേദ്യമാവുന്നത്.

ഭൂലോകത്തിന്റെ മധ്യ ഭാഗമായി അറിയപ്പെടുന്ന ഫലസ്റ്റീനില്‍, നസറത്ത് എന്ന ചെറു പട്ടണത്തിലെ ബത്‌ലഹേം എന്ന മലന്പ്രദേശത്ത്, തല ചായ്ക്കാനിടം ലഭ്യമാക്കാനുതകുന്ന ബന്ധു ബാലനോ, ധന സ്ഥിതിയോ ഇല്ലാത്ത പരമ ദരിദ്രമായ ജീവിത സാഹചര്യത്തില്‍, ആടുമാടുകളുടെ ആലക്കരികിലുള്ള അല്‍പ്പം ഇടുങ്ങിയ ഇടത്തില്‍, കച്ചിത്തുരുന്പും, കുപ്പായത്തുണ്ടുകളും മെത്തയാക്കി പിറന്നു വീണ യേശു തന്റെ ജനനം കൊണ്ട് തന്നെ നിന്ദിതരുടെയും, പീഡിതരുടെയും ഉറ്റ ബന്ധു ആവുകയായിരുന്നുവല്ലോ ?

മരം കോച്ചുന്ന മകരക്കുളിരിനെതിരേ ആഴി കൂട്ടി, അതിനരികില്‍ തങ്ങളുടെ ആടുമാടുകള്‍ക്കു കാവല്‍ കിടന്ന ഇടയപ്പരിഷകള്‍ ഇരുളിന്റെ നിശബ്ദതയയെ കീറി മുറിച്ച് നവജാത ശിശുവിന്റെ കരച്ചിലെത്തുന്‌പോള്‍, ആരും കടന്നു വരാന്‍ അറക്കുന്ന തങ്ങളുടെ താവളങ്ങള്‍ക്കരികെ പിറന്നു വീണ ഈ മനുഷ്യ പുത്രന്‍ തങ്ങള്‍ക്കുള്ളവനും, തങ്ങളുടെ രക്ഷകനുമാണെന്നുള്ള തിരിച്ചറിവിലാണ്, ആകാശവും, ഭൂമിയും മത്സരിച്ചു പൂക്കള്‍ വിടര്‍ത്തിയ ആ അസുലഭ രാവില്‍ അവിടെ പാഞ്ഞെത്തിയതും, അകം നിറഞ്ഞ കൃതജ്ഞതയോടെ  കൈകള്‍ കൂപ്പി നിന്ന് പോയതും !

ദരിദ്രനായി ജനിച്ച്, ദരിദ്രനായി ജീവിച്ച്, ദരിദ്രനായി മരിച്ച യേശു ദരിദ്രരുടെയും, ദുഖിതരുടെയും സഹ യാത്രികനായത് സ്വാഭാവികം. ഗലീലാ കടല്‍ത്തീരത്തെ മുക്കുവ ചാളകളില്‍ നിന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളെ വിളിച്ചു ചേര്‍ത്തു. അദ്ധ്വാനിക്കുന്നവര്‍ക്കും, ഭാരം ചുമക്കുന്നവര്‍ക്കും, ചുങ്കം പിരിക്കുന്നവര്‍ക്കും, ശരീരം വില്‍ക്കുന്നവര്‍ക്കും ( മറ്റൊന്നും വില്‍ക്കാനില്ലാത്തതിനാല്‍ ) അദ്ദേഹം സഖാവും, സഹായിയും ആയി നിന്നു കൊണ്ട് പൊരുതി. നിലവിലിരുന്ന സാമൂഹ്യാവസ്ഥയെ ' വെള്ള തേച്ച ശവക്കല്ലറകള്‍ ' എന്ന് പരിഹസിച്ചു. ഗലീലാ രാജാവായിരുന്ന ഹേറോദോസിനെ നട്ടെല്ല് നിവര്‍ത്തി നിന്ന് ' കുറുക്കന്‍ ' എന്നാക്ഷേപിച്ചു. കഴുത്തറുപ്പന്‍ കച്ചവടക്കാരെ കുതിരച്ചാട്ടയുമായി നേരിട്ടു. പള്ളി വാഴും പ്രഭുക്കളുടെ കള്ളത്തരങ്ങള്‍ക്കെതിരേ പരസ്യമായി പ്രതികരിച്ചു. കുരുടരെയും, മുടന്തരെയും,കുഷ്ഠ രോഗികളെയും കുറവുകളില്ലാത്തവരായി സ്വീകരിച്ചു.

ദൈവത്തിന്റെ ഈ മനോഹര ഭൂമിയില്‍ ജീവിതം ഒരാവകാശമാണെന്ന അവബോധം അദ്ദേഹം ജനതക്ക് നല്‍കി. ഈ അവകാശം സംരക്ഷിക്കുന്നതിനുള്ള സൂത്രവാക്യം പരസ്പരം സ്‌നേഹിക്കുക എന്നതാണെന്ന് അദ്ദേഹം പഠിപ്പിച്ചു. പള്ളിക്ക്രിസ്ത്യാനികള്‍ ലളിതമായി നിസ്സാരവല്‍ക്കരിച്ചു കളഞ്ഞ ഈ സ്‌നേഹത്തിന് ' കരുതല്‍ ' എന്ന മഹത്തായ മറ്റൊരര്‍ത്ഥം കൂടിയുണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു കൊടുത്തു. സ്വന്തം ജീവനേക്കാള്‍ വലിയ കരുതല്‍ അദ്ദേഹം അപരന് കല്‍പ്പിച്ചു കൊടുത്തതിനാലാണ്, റോമന്‍ പടയാളികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചത്. സ്‌നേഹത്തില്‍ നിന്നുളവാകുന്ന ഈ കരുതല്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായത് കൊണ്ടാണ് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി ദക്ഷിണാഫ്രിക്കയിലെ പോലീസുകാരന്റെ ബൂട്ടിനകത്തെ പാദ പത്മങ്ങളെച്ചൊല്ലി വ്യാകുലപ്പെട്ടതും, കൊഴിഞ്ഞു വീണു പോയ തന്റെ മുന്‍വരിപ്പല്ലുകളെ നിസ്സാരമായി അവഗണിച്ചതും ?

ആദര്‍ശ വിശുദ്ധിയില്‍ അധിഷ്ഠിതമായ ആ ഹൃസ്വ ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ ലോകം നെഞ്ചോട് ചേര്‍ത്തു പിടിച്ചത് പെട്ടെന്നായിരുന്നു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും, രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കും അത് പടര്‍ന്നു. കിരീടങ്ങള്‍ വലിച്ചെറിഞ്ഞ ചക്രവര്‍ത്തിമാര്‍ മുതല്‍ കടല്‍ക്കരയില്‍ കക്കാ പെറുക്കുന്ന ദരിദ്ര വാസികള്‍ വരെ അവനെ ഹൃദയത്തില്‍ സ്വീകരിച്ചു. ആ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി അധര്‍മ്മികളുടെ വാള്‍ത്തലപ്പുകളില്‍ സ്വന്തം കഴുത്തുകള്‍ അവര്‍ ചേര്‍ത്ത് കൊടുത്തു.

രണ്ടായിരം സംവത്സരങ്ങള്‍, കാലഘട്ടങ്ങളുടെ കരള്‍പ്പുളകങ്ങളായി ജനിച്ചു മരിച്ച ജനകോടികള്‍, വരാനിരിക്കുന്ന വലിയ വെളിച്ചത്തിന്റെ കാത്തിരിപ്പുകാരായി ക്രിസ്മസ് ആഘോഷിച്ചപ്പോഴും, മറുവശത്ത് മുപ്പതു വെള്ളിക്കാശുകള്‍ക്കായി കുറ്റമില്ലാത്ത രക്തത്തെ ഒറ്റു കൊടുത്ത യൂദാസുകളുടെ വര്‍ഗ്ഗമാണ് വളര്‍ന്നു ശക്തി പ്രാപിച്ചത്.

അനശ്വരനായ വയലാറിന്റെ വാക്കുകളില്‍, കട്ടിയിരിന്പില്‍ പണിഞ്ഞു വച്ച മുട്ടന്‍ കുഴകളിലൂടെ മേധാവികളുടെ ഒട്ടകക്കൂട്ടം അനായാസം കടന്നു കയറിക്കൊണ്ടാണ് സമാധാനത്തിന്റെയും, ശാന്തിയുടെയും മണ്‍ സ്വര്‍ഗ്ഗങ്ങള്‍ ഇവിടെ ചവിട്ടി മെതിച്ചു കളഞ്ഞത്. അവരുടെ അധര്‍മ്മത്തിന്റെ കാലടികളില്‍ വീണു പോയ ധര്‍മ്മത്തിന്റെ മണ്‍ വിളക്കുകള്‍ക്ക് പ്രകാശം പരത്താനായില്ലെങ്കിലും, കൃത്രിമ വിളക്കുകളുടെയും, ശബ്ദായ മാനമായ മേധാവിത്വത്തിന്റെയും സഹായത്തോടെ ഇന്നും ക്രിസ്മസ് ആഘോഷിക്കപ്പെടുകയാണ് ലോകമെങ്ങുമെങ്കില്‍  ഇതില്‍ ക്രിസ്തുവെവിടെ? അദ്ദേഹം ലോകത്തിനു നല്‍കിയ ' കരുതല്‍ ' എന്ന് കൂടി വിശാലമായ അര്‍ത്ഥ തലങ്ങളുള്ള സ്‌നേഹം എന്ന തിരിവെട്ടമെവിടെ ?

വാങ്ങുന്നതിനേക്കാള്‍ നല്ലത് കൊടുക്കുകയാണെന്ന് ബൈബിള്‍ പറയുന്‌പോള്‍, അത് നിഷ്ക്കാമ കര്‍മ്മത്തിന്റെ കുരിശു മരങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത ഉദാഹരണമാണെന്ന് ഗീത വിശദീകരിക്കുന്നു. തല ചായ്ക്കാനൊരു കുടില് പോലുമില്ലാതെ സ്വന്തം ജീവനെപ്പോലും അവഗണിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവിത വേദനകള്‍ നെഞ്ചിലേറ്റിയ യേശു നിഷ്ക്കാമ കര്‍മ്മത്തിന്റെ പ്രായോഗികത അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയ യുഗ പുരുഷനായിരുന്നുവല്ലോ ?

മുന്തിയ തരം ഭക്ഷണം കഴിച്ച്, മുന്തിയ തരം വേഷങ്ങള്‍ ധരിച്ച്, മുന്തിയ തരം അരമനകളില്‍ പാര്‍ത്തു കൊണ്ട് തന്റെ കുഞ്ഞാടുകളുടെ ഗുഹ്യ ഭാഗങ്ങളില്‍ ശുസ്രൂഷിക്കുന്നവര്‍ യേശുവിന്റെ അനുയായികള്‍ ആവുന്നതെങ്ങിനെ ? പണവും, പദവിയും ഉന്നം വച്ച് കൊണ്ട് പരമോന്നത കോടതികളില്‍ കോടികളെറിഞ്ഞു കളിക്കുന്നവര്‍ യേശുവിന്റെ അനുയായികള്‍ ആവുന്നതെങ്ങിനെ ? അപരന്റെ അവകാശങ്ങള്‍ക്കു മേല്‍ അധികാരത്തിന്റെ അധിനിവേശം അടിച്ചേല്‍പ്പിച്ചു കൊണ്ട് അത് പിടിച്ചെടുക്കുന്നവര്‍ യേശുവിന്റെ അനുയായികള്‍ ആവുന്നതെങ്ങിനെ ?

ഇതിനു പകരം ഓരോ ഇടവകയിലെയും അംഗങ്ങള്‍ സ്വമേധയാ സ്വരൂപിക്കുന്ന പണം  കരോള്‍ സംഘമായി ആടിപ്പാടി ചെന്ന് അതാത് പ്രദേശങ്ങളിലെ അദ്ധ്വാനിക്കുന്നവര്‍ക്ക്, ഭാരം ചുമക്കുന്നവര്‍ക്ക്, മുടന്തര്‍ക്ക്, കുരുടര്‍ക്ക്, കുഷ്ഠ രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുയായിരുന്നെങ്കില്‍  ക്രിസ്തു  വിരല്‍ ചൂണ്ടിയ കരുതല്‍ എന്ന സ്‌നേഹം കുറെയെങ്കിലും നടപ്പിലാവുന്നുണ്ട് എന്ന് സമ്മതിക്കാമായിരുന്നു.

 നനഞ്ഞൊലിക്കുന്ന മേല്‍ക്കൂരകള്‍ക്കടിയില്‍ ആദി പിടിക്കുന്നവര്‍ക്ക് ഒരു സ്ഥിരം മേല്‍ക്കൂര ?
 ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ഒരു ചെറു തൊഴില്‍ ചെയ്‌യുന്നതിനുള്ള മൂലധനം ?
 അപകടങ്ങളാലും, രോഗങ്ങളാലും ഉറ്റവര്‍ നഷ്ടപ്പെട്ട് അനാഥരാവുന്ന പിഞ്ചു ബാല്യങ്ങള്‍ക്ക് തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള ചെറു വരുമാനം പലിശയായി ലഭിക്കുന്നതിനുള്ള ഒരു ബേങ്ക് ഡെപ്പോസിറ്റ് ?

( റിലീജിയന്‍ എന്ന വാക്കു കേട്ടാല്‍ നാല് കാലും പറിച്ചോടുന്ന ഉപരിവര്‍ഗ്ഗ ബുദ്ധിജീവികള്‍ കണ്ണടച്ച് പാല് കുടിക്കുന്ന കള്ളിപ്പൂച്ചകളാണ്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യത്താവളങ്ങളായ മതങ്ങളില്‍ നിന്ന് തന്നെ വേണം മനുഷ്യാവസ്ഥയെ മനോഹരമാക്കാനുള്ള മാറ്റങ്ങള്‍ ഉരുത്തിരിഞ്ഞു വരേണ്ടത്. അതിനു തടസ്സമാവുന്നതു മത മേധാവികളാണെങ്കില്‍ അവരെ തുറന്നെതിര്‍ക്കുകയും, എതിര്‍പ്പുകളുടെ ശര ശയ്യകളില്‍ നിഷ്ക്രിയരാക്കുകയുമാണ് വേണ്ടത്. മനുഷ്യാവസ്ഥക്ക് സാന്ത്വനമേകിയ എത്രയോ മാറ്റങ്ങള്‍ മതങ്ങളിലൂടെയാണ് നടപ്പിലായത് എന്നതു ചരിത്രമായിരിക്കെ അധര വ്യായാമം കൊണ്ട് ആകാശക്കോട്ട കെട്ടുന്ന ഈ എതിര്‍പ്പുകാരുടെ കൂട്ടങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി നടപ്പിലാക്കിയ വിപ്ലവാശയങ്ങള്‍ എത്രയുണ്ടെന്ന് അറിയാന്‍ താല്പര്യമുണ്ട്  )

മഴക്കാലത്തെ ഉരുള്‍ പൊട്ടലില്‍ വീടും, കുടുംബവും നഷ്ടപ്പെട്ട സാധു വിധവക്ക് ഒരു വൈറ്റ് ലഗോണ്‍ കോഴിക്കുഞ്ഞിനെ പാതി വിലക്ക് സംഭാവന ചെയ്‌യുന്ന ' മഹത്തായ ' ചടങ്ങില്‍ മൃഗ സംരക്ഷണ മന്ത്രിയെയും,  അതിരൂപതയുടെ അധ്യക്ഷനെയും വിളിച്ചു വരുത്തിയിട്ട് അവര്‍ക്കിടയില്‍ നിന്ന് ഇളിച്ചു കാട്ടി പടമെടുത്ത് പത്രത്തിലിടുവിക്കുന്ന ബുദ്ധിജീവി സംസ്കാരത്തില്‍ അടിപിണഞ്ഞു പോയവര്‍ക്ക് ഇതൊന്നും അത്ര പെട്ടന്ന് മനസ്സിലാവുകയില്ല.

സുവിശേഷം എന്നത് പ്രസംഗമല്ലാ, പ്രവര്‍ത്തിയാണ് എന്ന് മനസിലാകാത്തതാണ് ആധുനിക െ്രെകസ്തവ സമൂഹത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ് എന്ന് എനിക്ക് തോന്നുന്നു. സുവിശേഷം പ്രചരിപ്പിക്കാന്‍ എന്ന പേരില്‍ കോടാനു കോടി ഡോളറിന്റെ ലഘു ലേഖകളാണ് ദരിദ്ര രാജ്യങ്ങളിലെ മനുഷ്യപ്പാടങ്ങളില്‍ ഇവര്‍ വിതക്കുന്നത്. അതിനു പകരമായി അത്രയും തൂക്കം വരുന്ന മരച്ചീനിക്കന്പ് കൂടെ കൊണ്ടുപോയി എങ്ങിനെയാണ് അത് നട്ടുവളര്‍ത്തി പറിച്ചു തിന്ന് വിശപ്പടക്കാന്‍ കഴിയുന്നതെന്ന് അവരെ പഠിപ്പിച്ചിരുന്നു എങ്കില്‍ ലഘു ലേഖകള്‍ വായിക്കാതെ തന്നെ ദൈവ സ്‌നേഹം എന്താണെന്ന് കുറേക്കൂടി ലളിതമായി അവര്‍ക്ക് മനസിലാകുമായിരുന്നു?

സുവിശേഷം എന്നത് സദ് വര്‍ത്തമാനവും, മാറ്റത്തിന്റെ കാഹളവുമാണ്. ഇത് നടപ്പിലാക്കാന്‍ കവലകളില്‍ നിന്ന് തൊള്ള തുറക്കേണ്ടതില്ല. ഹൈ വോളിയത്തില്‍ മൈക്ക് വച്ച് കുര്‍ബാന ചൊല്ലി അന്തരീക്ഷ മലിനീകരണം നടത്തേണ്ടതുമില്ല. എന്റെ പിറകില്‍ ഒരുത്തനുണ്ടെന്നും, അവന്റെ വഴിയില്‍ ഞാന്‍ തടസമാവരുതെന്നും സ്വയമറിയുക. എനിക്കവകാശപ്പെട്ടതില്‍ നിന്ന് പോലും ഒരു നുള്ള് കുറച്ചെടുക്കുക. അപ്പോള്‍ നാമറിയാതെ തന്നെ അപരന്റെ അപ്പച്ചട്ടിയിലും എന്തെങ്കിലും വീഴും.

അയല്‍ക്കാരന്‍ എന്നത് അടുത്ത വീട്ടിലെ മത്തായി മാത്രമല്ലെന്നും, ഞാനൊഴികെയുള്ള എന്റെ ലോകത്തിലെ മുഴുവന്‍ ചമയങ്ങളും ആണെന്നും, അവര്‍ എന്റെ തുല്യമോ, അതിലുപരിയോ അവകാശങ്ങളുള്ള ദൈവ സന്തതികള്‍ ആണെന്നും ഞാന്‍ മനസിലാകുന്‌പോള്‍ എന്റെ ജീവിതത്തില്‍ എനിക്കനുഭവേദ്യമാവുന്ന ദൈവരാജ്യം വരും.

അണലികളുടെ മാളങ്ങളില്‍ കൈയിട്ടു രസിക്കുന്ന ശിശുക്കളും, ബാല സിംഹങ്ങളുടെ അണപ്പല്ലുകളെണ്ണുന്ന കുട്ടികളും ജീവിക്കുന്ന യുഗം ഈ പാഴ്മണ്ണില്‍ സംജാതമാകും. അദ്ധ്വാനിക്കുന്നവന്റെയും, ഭാരം ചുമക്കുന്നവന്റെയു മുക്ത സ്വപ്നങ്ങളെ തഴുകി, തലോടി എന്നുമെന്നും ക്രിസ്മസ് വിരിഞ്ഞിറങ്ങും !

ആധുനിക സമൂഹത്തിന്റെ അഭിശാപമായ അടിപൊളിയില്‍ മുങ്ങി അര്‍ഥം മാറിപ്പോയ ക്രിസ്മസ് ആണ് നമുക്ക് ചുറ്റും ആര്‍ത്തലാക്കുന്നത്. വളഞ്ഞു പിടിച്ച അടിമക്കൂട്ടങ്ങളുടെ കുനിഞ്ഞ മുതുകില്‍ തങ്ങളുടെ അധിനിവേശത്തിന്റെ അമൂര്‍ത്ത ഭാരവും കൂടി കയറ്റി വച്ച് അവര്‍ നമ്മളെ ആട്ടിത്തെളിക്കുകയാണ്, ക്രിസ്തുവില്ലാത്ത ക്രിസ്തീയ സഭകളിലെ ലക്ഷ്യമില്ലാത്ത ആചാര്യന്മാര്‍.

സര്‍വ ജനത്തിനും വരുവാനിരിക്കുന്ന നന്മയെവിടെ ? ഇരുളില്‍ മരുവുന്നവര്‍ തെരയുന്ന വെളിച്ചമെവിടെ ?

Join WhatsApp News
Jack Daniel 2019-12-14 00:53:10
ഭൂലോകത്തിന്റെ മധ്യ ഭാഗമായി അറിയപ്പെടുന്ന ഫലസ്റ്റീനില്‍"  ഭൂലോകത്തിന്റ മദ്യ ഭാഗം ഫലസ്റ്റീനല്ല. കേരളമാണ് . എന്താണ് സ്നേഹിത ക്രിസ്തുമസ്സ് വന്നില്ല അതിന് മുമ്പേ അക്ഷര പിശകോ ? ലോകത്തിലുള്ള എല്ലാവര്ക്കും അറിയാം മദ്യത്തിന്റ തലസ്ഥാനം കേരളമാണെന്ന് .പിന്നെ ചേട്ടനെങ്ങനെ പിശക് പറ്റി ? വെള്ളത്തിൽ മുങ്ങി നിന്നായിരിക്കും എഴുത്ത് അല്ലെ ? അപ്പോൾ അത് സംഭവിക്കാം . മദ്യം ഏറ്റവും കൂടുതൽ വിൽക്കുന്നത് ഫലസ്റ്റീനിൽ ആണെന്ന് .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക