Image

ഉസൈന്‍ ബോള്‍ട്ട് (കഥ; സുഭാഷ് പേരാമ്പ്ര)

Published on 16 December, 2019
ഉസൈന്‍ ബോള്‍ട്ട് (കഥ; സുഭാഷ് പേരാമ്പ്ര)
ഈ അടുത്തിടെ സ്പ്രിന്റ് അത്‌ലറ്റിക്‌സില്‍ നിന്നും വിരമിച്ച ജമൈക്കന്‍ താരം... മാധ്യമലോകം മുഴുവന്‍  "ലൈറ്റനിംഗ് ബോള്‍ഡ് " എന്ന ഓമനപ്പേര്  വിളിക്കുന്ന...ലോകത്തിന്റെ സ്വന്തം
ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ മത്സരം ആകാംഷയോടെ  കണ്ടിരുന്ന കോടിക്കണക്കിന് ആരാധകര്‍ക്ക് മുമ്പില്‍ വേഗതയുടെ തമ്പുരാന്‍ ആദ്യമായി തോറ്റപ്പോള്‍ വേദനയോടെ ട്രാക്കില്‍ നിന്നും വിടവാങ്ങുന്നത്
കണ്ടപ്പോള്‍ എനിക്ക് ഞങ്ങളുടെ ഉസൈന്‍ ബോള്‍ട്ടിനെ പറ്റി എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.

ഞങ്ങളുടെ ഉസൈന്‍ ബോള്‍ഡ് പേരാമ്പ്ര ഹൈസ്കൂളില്‍ വന്നത് അഞ്ചാം  ക്ലാസ്സില്‍ ആണ്. അന്ന് ജമൈക്കയുടെ ഉസൈന്‍ ബോള്‍ഡ് നടക്കാന്‍ തുടങ്ങിട്ടുണ്ടാവില്ല. കഷ്ട്ടിച്ചു രണ്ട്  വയസ്സ് പ്രായം  കാണും.അപ്പോള്‍ പേരാമ്പ്ര ഹൈസ്കൂളില്‍ നിന്നും വേഗതയുടെ റെക്കോഡ് തിരുത്തി കുറിച്ചിരുന്നു ഞങ്ങളുടെ അഭിമാനമായ ഞങ്ങളുടെ സ്വന്തം  ഉസൈന്‍ ബോള്‍ഡ്......

സ്വന്തം നാട് കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനടുത്തു.  നാലാം ക്ലാസ്സുവരെ പഠിച്ചത് കൊയിലാണ്ടി ഇന്ത്യന്‍ സ്കൂളില്‍. കൊയിലാണ്ടിയില്‍ അന്ന്
ഇംഗ്ലീഷ് മീഡിയം  തുടര്‍പഠനത്തിന്
സൗകര്യം ഇല്ലാത്തതു കൊണ്ട്  പേരാമ്പ്രയില്‍ അമ്മയുടെ തറവാട്ടിലേക്ക്
പറിച്ചുനട്ടു.അമ്മ ഗടഎഋ യില്‍ ഉദ്യോഗസ്ഥ. അച്ഛന്‍ കൊയിലാണ്ടിയില്‍  സ്വന്തമായി എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയിരുന്നു.ഏക സഹോദരന്‍ ശ്രീനാഥ് ചിക്കാഗോയില്‍  മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥന്‍.ഭാര്യ കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥ പിന്നെ രണ്ടര വയസുള്ള ഒരു മോളും ഉണ്ട്.

അന്ന് അവന്‍ പൈത്തോത് റോഡിലുള്ള  മോയോത്തുചാലില്‍ ഭാഗത്തുള്ള റോഡ് അരികിലെ അമ്മാവന്‍ പി. വി. ബാലകൃഷ്ണന്റെ വീട്ടിലാണ്  താമസം.ഞാന്‍
കുട്ടികാലത്തു പതിവായി പോവാറുള്ള ആശാരികല്‍ താഴെ കെനാല്‍ അവന്റെ
അമ്മാവന്റെ വീടിന്റെ പുറകിലായിട്ടാണ്. നീന്തമറിയാതെ ഞാന്‍ അവിടെ പലതവണ മുങ്ങുകയും ഒരുപാട്
വെള്ളം കുടിക്കുകയും ചെയ്തിട്ടുണ്ട്.അവന് അവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.അതില്‍ ഒരാളെ ഞാന്‍ നന്നയി ഓര്‍ക്കുന്നു "ഓക്കാപൂച്ച " എന്ന് ഇരട്ട പേരുള്ള ഒരു സുഹൃത്തുണ്ടായിരുന്നു അതാണെന്ന് തോന്നുന്നു അവന്റെ നാട്ടിലുള്ള  ഉറ്റമിത്രം.പവി എന്നോ മറ്റോ ആയിരുന്നു അവന്റെ
പേര്.ഞാന്‍ സ്ഥിരമായി രാവിലെ എന്റെ സ്കൂള്‍ വഴിയില്‍ പൈത്തോത് റോഡില്‍  ഈര്‍ച്ചമിലിന്റെ അടുത്ത് വച്ച്  ശ്രീരാജിനെ കണ്ടുമുട്ടാറുണ്ടായിരുന്നു.

അന്നൊക്കെ ശ്രീരാജും പ്രതീഷും ഒരു മനസ്സും രണ്ട് ശരീരവും ആയിരുന്നു. എന്റെ ഓര്‍മ്മയില്‍ ഒരിക്കല്‍ പോലും  ശ്രീരാജിനെ ഞാന്‍  പ്രതീഷ് ഇല്ലാതെ ഹൈസ്കൂളില്‍ വെച്ച്  കണ്ടിട്ടില്ല. ശരിക്കും എനിക്ക് അസൂയ തോന്നാറുണ്ടായിരുന്നു അവരുടെ സ്‌നേഹവും സൗഹൃദവും കാണുമ്പോള്‍.
ക്ലാസ്സിലെ ഒരുപാട് മിടുക്കന്മാരായ കുട്ടികള്‍ ഉള്ളപ്പോഴും ഞാന്‍ ആഗ്രഹിച്ചത് ശ്രീരാജൊ  പ്രതീഷോ ആവണമെന്നായിരുന്നു. അവരായിരുന്നു എന്റെ റോള്‍ മോഡലും..
ശരിക്കും ഹീറോസും..
എന്തായാലും അവരാവാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ കൂടെ തോളുരുമ്മി നടക്കാന്‍ എനിക്ക്  കുറച്ചൊക്കെ
ഭാഗ്യം ലഭിച്ചിട്ടുണ്ട്.
അവര്‍ക്കൊപ്പം മൂന്നാമനായി നടക്കുമ്പോള്‍ വല്ലാത്തൊരു അഹംങ്കാര മായിരുന്നു മനസ്സില്‍.

ഏഴാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ്സ് റൂം കഞ്ഞിവെപ്പ് പുരയുടെ അടുത്തായിട്ട്  റോഡിനോട് ചേര്‍ന്നുള്ള ആ ഓല ഷെഡ് ആയിരുന്നു.അവിടെ മൂന്ന് ക്ലാസ്സ് മുറികള്‍ ഉണ്ടായിരുന്നു. കഞ്ഞി വേപ്പുപുരയുടെ അടുത്തായതു കൊണ്ടു ഞങ്ങള്‍ തമാശയായി  കഞ്ഞിമൂല എന്നും  ആ ഭാഗത്തിന് പറയുമായിരുന്നു.
അതിന്റെ അടുത്തായി പെണ്‍കുട്ടികളുടെ ഒരു  മൂത്രപുരയും ഉണ്ടായിരുന്നു.ആണ്‍കുട്ടികളായി ജനിച്ചത് കൊണ്ട് അതിന്റെ ഉള്‍വശം കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കില്ലായിരുന്നു. ഏറ്റവും മുകളിലത്തെ ക്ലാസ്സ് റൂമില്‍ എത്താനുള്ള  ചരല്‍നിറഞ്ഞ ചെങ്കുത്തായ പാതയും ഈ കഞ്ഞി മൂലയില്‍ നിന്നാണ് തുടങ്ങുന്നത്.

സ്കൂള്‍ തുറന്നപ്പടിയാണ്
ഞങ്ങളുടെ ക്ലാസ്സ് മാസ്റ്ററായാ  രാഘവന്‍ മാസ്റ്റര്‍ ഒരു ദിവസം ക്ലാസ്സില്‍ ചോദിച്ചത് ആര്‍ക്കെങ്കിലും ഉച്ചക്കഞ്ഞി വേണമോ.അദ്ദേഹം ഒരു ചടങ്ങിന് വേണ്ടി ചോദിച്ചതായിരിക്കും.പക്ഷെ ഞങ്ങള്‍ മൂന്നു പേര്‍ എഴുന്നേറ്റുനിന്നു പേരുകൊടുത്തു.ഞാനും ശ്രീരാജും പ്രതീഷും..പേരാമ്പ്ര ഹൈസ്കൂളിന്റെ ചരിത്രത്തില്‍
ആദ്യമായി ഉച്ചക്കഞ്ഞി രജിസ്റ്ററില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ പേര് ചേര്‍ക്കപ്പെട്ടു.. ഒരു പക്ഷെ അവസാനമായും...
അന്ന്  ഞാനാണ് പതിവായി ഞങ്ങള്‍ മൂന്ന് പേര്‍ക്കും  കഞ്ഞികുടിക്കാനുള്ള ചോറ്റുപാത്രം വീട്ടില്‍ നിന്നും കൊണ്ടുവരാറ്.

ഈ അടുത്തിടെയാണ് ഞാന്‍ അറിയുന്നത് പേരാമ്പ്രയിലെ രാഷ്ട്രിയ സാമൂഹിക മണ്ഡലത്തില്‍ പെരുംതച്ചന്‍മാരായ യശശ്ശരീരരായ എം. സി. ബാലന്‍ നായരും എം. സി. നാരായണന്‍ നായരും ശ്രീയുടെ വലിയമ്മാവന്മാരാണെന്നു.
പേരാമ്പ്രയിലെ പേരുകേട്ട തറവാട്ടുകാരും ധനാഢ്യരും ആയിരുന്നു മോയോത്ത് ചാലില്‍ തറവാട്ടുകാര്‍. ഒരര്‍ത്ഥത്തില്‍ പേരാമ്പ്ര മുഴുവനും അവരുടേതായിരുന്നു.. ഇന്നും കുറെയൊക്കെ അങ്ങനെ തന്നെയാണ്. പേരാമ്പ്ര അലങ്കാര്‍ ലോഡ്ജ്, പേരാമ്പ്രയിലെ അറിയപ്പെടുന്ന തുണിഷോപ്പായ
ലൗവലി ക്ലോത്ത് മാര്‍ട്ട്
പിന്നെ പേരാമ്പ്ര ബസ്റ്റാന്റ് മുതല്‍ പഴയ പഞ്ചായത്ത് വരെ നിറയെ പീടികക്കള്‍.....

ശ്രീയുടെ വലിയമ്മാവനുമായി ബന്ധസപെട്ട ഒരു ചെറിയ ഒരു കഥ ഞാന്‍ ഓര്‍ക്കുന്നു. എന്റെ കുട്ടികാലത്തൊക്കെ കേളുനായര്‍ എന്ന് പേരുള്ള ഒരു മുഴുകുടിയന്‍ ഉണ്ടായിരുന്നു അയാള്‍ എന്നും വൈകുന്നേരം കുടിച്ചു പേരാമ്പ്ര ടൗണില്‍ നിന്നും അയാളുടെ വീടിന്റെ ഭാഗമായ  പൈത്തോത്തേക്കു നടക്കുമ്പോള്‍ എപ്പോഴും ഒരു മുദ്രവാക്യമുണ്ട്.....
" എം.സി. കള്ളുകുടിച്ചാല്‍  പാലുകുടിച്ചതാണെന്നു നാട്ടുകാര്‍  പറയും " "ഈ പാവം കേളു പാലുകുടിച്ചാല്‍  കള്ളുകുടിച്ചതാണെന്നു
നാട്ടുകാര്‍ പറയും ""......
ഇത് കേള്‍ക്കാത്ത ഒരു ബാല്യവും കൗമാരവും  യൗവനവും വാര്‍ദ്ധക്യവും പൈതോത്ത് റോഡില്‍ ഉണ്ടാവില്ല. കേളുനായര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അയാള്‍ പറയുന്നത് മദ്യലഹരിയിലാണെങ്കിലും.എം. സി. മദ്യപിക്കാറില്ലെങ്കിലും...
കേളുനായര്‍ ഇന്നത്തെ കുത്തഴിഞ്ഞ സാമൂഹിക രാഷ്ട്രിയ സാഹചര്യങ്ങള്‍ക്കൊരു ഉത്തമ ഉദാഹരണമാണ്. ആരും കണക്കിലെടുക്കാത്ത ഒരു മുഴുകുടിയന്റെ വാക്കുകളായിരുന്നെങ്കില്‍ പോലും.

ഏഴാം ക്ലാസ്സ് കഴിഞ്ഞത്തോടെ ശ്രീ കൊയിലാണ്ടി ബോയ്‌സ് സ്കൂളിലേക്ക് പോയി.അവിടെ അവന് കായികമായി വളരാന്‍ നല്ല വളക്കൂറുള്ള മണ്ണായിരുന്നു
.ശ്രീയുടെ പറിച്ചു നടല്‍ എന്നെയും പ്രതീഷിനെയും സംബന്ധിച്ചു തീര്‍ത്തും വേദനാജനകമായിരുന്നു.ഞങ്ങള്‍ കഞ്ഞികൂടി നിര്‍ത്തി.ഞങ്ങളില്‍ നിന്നും വിട്ടുപോയെങ്കിലും അവന്‍ അവിടെ തളിര്‍ത്തു വളരുകയായിരുന്നു അവന്റെ സ്വപ്നങ്ങളിലേക്ക്.

പ്രീഡിഗ്രിക്ക് കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ശ്രീ ആദ്യമായി നാഷണല്‍ മീറ്റിന് പങ്കെടുത്തത്.ചണ്ഡീഗഡില്‍ വച്ചു നടന്ന ഓള്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മീറ്റില്‍ ഇന്നത്തെ ഒളിപ്പിന്‍സ് താരങ്ങളായ അഞ്ചുബോബി ജോര്‍ജ്, ലിജോ ഡേവിഡ് തോട്ടന്‍, മനോജ് ലാല്‍ എന്നിവര്‍  സഹകായികതാരങ്ങള്‍ ആയിരുന്നു.അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് കിട്ടാന്‍ അവസാനത്തെ മത്സരമായ 4ഃ100 റിലേ ജയിക്കണം.എല്ലാവര്‍ക്കും അതൊരു മരണമസ്സായിരുന്നു.അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡറക്ടറായിരുന്ന എസ്. എസ്. കൈമള്‍ സാര്‍ മറ്റുള്ളവരുടെ എതിര്‍പ്പ് വകവെക്കാതെ റിലേ സ്റ്റാര്‍ട്ടിങ് അന്ന് വെറും പതിനാറു വയസ്സ് മാത്രം പ്രായമുള്ള ശ്രീയുടെ കൈയില്‍ ഏല്‍പിക്കുകയും അവന്‍ വിജയക്കൊടി നാട്ടുകയും ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓള്‍ ഇന്ത്യന്‍ ചാമ്പ്യന്മാരായി... ആ വിജയം നമ്മുടെ ശ്രീയുടെ മാത്രം സംഭാവനയായിരുന്നു....
തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീക്ക് പിന്നെ വിശ്രമമില്ലായിരുന്നു.ആറു ദേശീയ മീറ്റുകള്‍ എണ്ണമറ്റ സംസ്ഥാന മീറ്റുകള്‍.
ഗ്വാളിയോറില്‍ ആയിരുന്നു അവസാനത്തെ ദേശീയ മീറ്റ്. അവസാനം കോഴിക്കോട് ദേവഗിരി കോളേജില്‍ ബി. എ. എക്കണോമിക്‌സ് ഫൈനല്‍ ഇയര്‍  പഠിക്കുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് ടീം ക്യാപ്റ്റന്‍ സ്ഥാനം.അതേ വര്‍ഷം ബെസ്റ്റ് അത്‌ലെറ്റിനുള്ള ജിമ്മി ജോര്‍ജ് അവാര്‍ഡ് നടന്‍ ഇന്നൊസെന്റില്‍ നിന്നും ഏറ്റുവാങ്ങി.ഈ സന്തോഷം
കോഴിക്കോട് അമൃതാ ബാറില്‍ വച്ചു  ആഘോഷിക്കുമ്പോഴാണ് കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ ജീവിതത്തില്‍ ആദ്യമായി ബിയര്‍ കഴിച്ചത്.
വിദ്യാലയത്തിന്നും
കലാലയത്തിന്നും ഇടയില്‍ കൊഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ ഏതൊരു കായികതാരത്തിന്നും സ്വപ്നം കാണാവുന്നതിനുമ്മപ്പുറത്തെ നേട്ടങ്ങളുടെ ഉടമ.ശ്രീ എന്നും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു തന്റെ കാലുകളുടെ വേഗതക്കൊപ്പം.ഒടുവില്‍ ഡിഗ്രീ പഠനം കഴിഞ്ഞത്തോടെ തന്റെ വേഗതകള്‍ നിറഞ്ഞ കാലുകളില്‍ നിന്നും ബൂട്ടുകള്‍ അഴിച്ചു.തന്റെ അത്‌ലറ്റിക് മോഹങ്ങളെല്ലാം
ദേവഗിരിയുടെ ഗ്രൗണ്ടില്‍
പൊളിഞ്ഞു വീണു.
ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളും വേഗങ്ങളും  കുറിക്കേണ്ട ഒരു താരം കൂടി ഓടാന്‍ ട്രാക്കുകള്‍ ഇല്ലാതെ.
ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളുടെ ട്രാക്കിലൂടെ തന്റെ തന്നെ എല്ലാ റെക്കോര്‍ഡുകളും ബേദ്ധിച്ചു കൊണ്ടുള്ള ഓട്ടമായിരുന്നു.അതൊരു മരണപ്പാച്ചില്‍ ആയിരുന്നു മഹാനഗരങ്ങളിലൂടെ.
ബാംഗ്ലൂര്‍.. ബോംബെ.. ചെന്നൈ...

ബാംഗ്ലൂര്‍ ശിവാജി നഗറിലെ ജെറ്റ് കിങ്ങില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ് വര്‍ക്കിങ്ങില്‍ ആറുമാസത്തെ  ഡിപ്ലോമ.ശേഷം അവിടെ ജോലിക്ക് വേണ്ടി കുറേ അലഞ്ഞു.പിന്നെ അനിയന്റെ സുഹൃത്തുക്കളുടെ അടുത്ത് ബോംബയില്‍ കുറച്ച് കാലം.അവിടെയും ജോലി ശരിയാവാതെ വന്നപ്പോള്‍ നാട്ടിലേക്ക് തിരിച്ചു.

പിന്നെ നാല് വര്‍ഷം റിലൈന്‍സില്‍ ഇന്റര്‍നെറ്റ് ആന്‍ഡ് ലാന്‍ഡ്‌ലൈന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ജോലിചെയ്തു. ഒടുവില്‍   ചെന്നൈയിലേക്ക് അവിടെ സ്റ്റാന്‍ഡേര്‍ഡ് ചാറ്റര്‍ഡ് ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സെയില്‍സ് എട്ട് മാസം. പിന്നെ നിലനില്‍ക്കാന്‍ പറ്റാണ്ടായപ്പോള്‍ ഒരു ബന്ധു വഴി ദുബായിലേക്ക്.ആദ്യമൊക്കെ  ഒരുപാട് കഷ്ട്ടപെട്ടു വളരെ കുറഞ്ഞ ശമ്പളത്തില്‍ വരെ ജോലിചെയേണ്ടി വന്നു.  ഇപ്പോള്‍ നല്ല ജോലിയൊക്കെയായി എട്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ ഓര്‍മ്മകളുമായി  സുഖമായി  കഴിയുന്നു.ഒരു ദിവസം ഒന്നോ രണ്ടോ തവണ അവന്റെ ഫോണ്‍ കോളുകള്‍ എന്നെ തേടിയെത്താറുണ്ട്.ഇപ്പോള്‍ എനിക്ക് തോന്നാറുണ്ട് ഞാന്‍ പേരാമ്പ്ര ഹൈസ്കൂളില്‍  കണ്ടതിനേക്കാള്‍ എത്രയോ നിഷ്കളങ്കനും...സെന്‍സിറിവുമാണ് ശ്രീരാജേന്ന്.പിന്നെ കോഴിക്കോട് അമൃതയില്‍ നിന്നും ഏന്തിയ ദീപശിഖ ഇപ്പോഴും കെടാതെ സൂക്ഷിക്കുന്നു.

അവന് പേരാമ്പ്ര ഹൈസ്കൂളിലും പിന്നെ എല്ലായിടത്തും  നിറയെ ആരാധികമാര്‍ ഉണ്ടായിരുന്നു.പക്ഷെ അവന് അവരെ സന്തോഷിപ്പിക്കാന്‍ ഒന്നും സമയം കിട്ടാറില്ലയിരുന്നു.
എപ്പോഴും ആരാധികമാര്‍ നിരാശപ്പെടാറാണ്.... അവന് എന്നും  പ്രണയം ഉണ്ടായിരുന്നു.
അവന്റെ വേഗത നിറഞ്ഞ കാലുകളോട്... ട്രാക്കില്‍
വെള്ള നിറത്തില്‍  കോറിയിട്ട ആ ഒടുവിലത്തെ വരകളിലേക്കു മറ്റുള്ളവരെ പിന്നിലാക്കി കുതിക്കുന്ന നിമിഷങ്ങളോട്................

നിറമില്ലാത്ത ഉസൈന്‍ ബോള്‍ട്ടിനെ കാണുമ്പോഴും കായികമത്സരങ്ങളുടെ ആരവങ്ങള്‍ കേള്‍ക്കുമ്പോഴും ഓര്‍ക്കാറുണ്ട് വെളുത്തു നീണ്ടു ഇടുങ്ങിയ കണ്ണുകളും കട്ടിപുരികവും എപ്പോഴും ചിരിക്കുന്ന മുഖവുമായി ഓര്‍മ്മകളുടെ ട്രാക്കില്‍ വെടിയൊച്ചക്ക് കാതോര്‍ത്തു നില്‍ക്കുന്ന ശ്രീയെ..

ഞങ്ങള്‍ക്കൊപ്പം ഒരേ ട്രാക്കില്‍ ഓടി ഇടയില്‍ ഞങ്ങളെക്കാള്‍ വേഗതയില്‍ ഓടി ഞങ്ങളുടെ സ്കൂള്‍ ഓര്‍മ്മകളില്‍  നിന്നും ദൂരേക്ക് ഓടിമറഞ്ഞു പോയ ഞങ്ങളുടെ സ്വന്തം ഉസൈന്‍ ബോള്‍ട്ടിനെ....

                 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക