കാലങ്ങളെത്ര കഴിഞ്ഞുവെന്നാകിലും
കാണുന്നു ഞാനെന്റെ ഓര്‍മ്മയില്‍ നിത്യം
പായുന്ന കാലമതിന്‍ താഢനങ്ങളില്‍
പാടേ തകര്‍ന്നൊരെന്‍ ഗ്രാമീണ ഭംഗി!
പക്ഷികള്‍ക്കിന്നില്ല ചേക്കേറുവാനിടം
വൃക്ഷങ്ങളില്ല, പൂന്തോട്ടങ്ങളില്ല
മുറ്റത്തൊരൂഞ്ഞാലു കെട്ടുവാന്‍ കൊമ്പില്ല,
കുഞ്ഞുങ്ങളാരുമില്ലൂഞ്ഞാലിലാടാന്‍!
കുന്നിന്‍ചെരുവിലെ മേച്ചില്‍പുറങ്ങളില്‍
തുള്ളിക്കളിച്ചു മേയുന്നൊരാ ഗോക്കളും
ശാന്തമായാഴിയെ തേടിയൊഴുകുന്ന
ശാലീനമാം പുഴ തന്നിലെ ഓളവും
ആമ്പല്‍ക്കുളങ്ങളില്‍ കണ്ണാടിനോക്കവേ
ആദിത്യരശ്മികള്‍ ചൊരിയുന്ന ശോഭയും
മന്ദസമീരനില്‍ നൃത്തമാടീടവെ
മന്ദസ്മിതംതൂകിടുന്നൊരാ പൂക്കളും
പൂമരത്തിന്‍ ബഹുചില്ലയില്‍ ചേക്കേറി
പൂങ്കുയില്‍ മീട്ടുന്ന മാധുര്യനാദവും
സന്ധ്യയ്ക്കു വീടിന്റെ ഉമ്മറത്തുള്ളിലായ്
കേള്‍ക്കുന്ന സന്ധ്യനാമജപഗീതവും
ഇന്നെന്റെ ഗ്രാമത്തിലന്യമായ് തീര്‍ന്നുവോ
ഇന്നലെകള്‍ ഇത്രവേഗം മറഞ്ഞുവോ!!