Image

സന്ദര്‍ശനം (കവിത -ബിന്ദു ടിജി)

ബിന്ദു ടിജി Published on 18 December, 2019
സന്ദര്‍ശനം (കവിത -ബിന്ദു ടിജി)
കവിതേ നീ എന്റെ മുന്നില്‍
കരഞ്ഞു വീര്‍ത്ത മുഖവുമായി വരരുത്
മധുരമുള്ള ഓര്‍മ്മകളുമായി 
തണുത്ത പ്രഭാതം പോലെ
തളര്‍ന്ന സന്ധ്യ പോലെ
നീയെന്നെ നോക്കരുത്
മിടുക്കനായ തത്തയെ പോലെ
പ്രണയം  പ്രണയം എന്ന് ചിലക്കുകയുമരുത്

ചന്ദ്രനില്ലാത്ത രാത്രിയില്‍ 
ഒരു തിരി പോലുമില്ലാതെ
എല്ലു  തുളച്ചു കയറുന്ന
തണുപ്പിന്റെ ചീളുകളെ വകഞ്ഞു മാറ്റി 
ഇരുട്ട് കുടിച്ച് കൊഴുത്ത
എന്റെ കൂരയില്‍ ശബ്ദമില്ലാതെ
ഒരു കള്ളനെ പോലെ നീ  കടന്നു വരണം
ചുണ്ടുകള്‍ കൊണ്ട് ഹൃദയവുമായി സംവദിക്കാന്‍   കാത്തിരിക്കുന്ന എന്നെ 
നീ ജ്വലിപ്പിച്ചൊരു തീക്കനലാക്കണം
കിഴക്ക് വെളുക്കും വരെ

സന്ദര്‍ശനം (കവിത -ബിന്ദു ടിജി)
Join WhatsApp News
Sudhir Panikkaveetil 2019-12-18 09:45:29
രതിയിലേക്കുള്ള പ്രണയത്തിന്റെ 
പ്രയാണമാണ് മനുഷ്യമനസ്സുകളെ 
കൊതിപ്പിക്കുന്നത്. പ്രണയം ഒരിക്കലും 
തണുത്തിരിക്കരുത് അത് ജ്വലിക്കുന്ന കനലാകണം.
തണുപ്പിൽ, ഇരുട്ടിൽ അത് ജ്വലിക്കണം 
പുലരുവോളം. വീണ്ടും ഇരുട്ട് പരക്കുമ്പോൾ 
അത് തുടരണമെന്ന സൂചന. പ്രണയവും 
രതിയും മനസ്സിലെ ഉദയാസ്തമയങ്ങൾ. 
പ്രണയപകലുകളെക്കാൾ രതിരജനികൾ 
കൊതിക്കുന്നവരുടെ ഹൃദയത്തുടിപ്പുകൾ 
വരികളിൽ കാണാം. 
Jyothylakshmy Nambiar 2019-12-19 05:56:01
ജീവിതമാകുന്ന തണുപ്പിൽ തീക്കനലാകുന്ന പ്രണയത്തെ ക്ഷണിയ്ക്കുന്ന ഭാവന നന്നായിരിയ്ക്കുന്നു
Bindu Tiji 2019-12-19 15:12:53
സുധീർ  സർ, ജ്യോതി ലക്ഷ്മി,  നല്ല വായനക്ക് നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക