മഞ്ഞുപൂവുകള്‍ ചൂടിയുറഞ്ഞൊരു
മൗനമാണിന്ന് ശൈത്യം പകര്‍ന്നത്
ജാലകം തുറന്നെത്തുന്ന കാറ്റിനെ
ഞാനൊരു സ്വരതന്ത്രിയായ് മാറ്റവെ
മേഘമാര്‍ഗം കടന്നു വരും കിളി
പാടുവാനായടുത്തു വന്നീടവെ
ഏത് പാട്ടിന്റെ പല്ലവിയില്‍ നിന്ന്
ഞാനുണര്‍ത്തിടുമെന്റെ സ്വപ്നങ്ങളെ
വാക്കുറയുന്നു, തീര്‍ഥഗര്‍ഭങ്ങളില്‍
നോക്കി നില്‍ക്കും പ്രഭാതവും നിശ്ചലം
നാഴികമണിക്കുള്ളില്‍ നിന്നും ബാല്യ
കാലമെന്നേ വളര്‍ന്നു നടന്നുപോയ്
ആലവട്ടങ്ങള്‍, വെണ്‍ചാമരങ്ങളില്‍
ആരവങ്ങളില്‍ ഉല്‍സവഘോഷത്തില്‍
ആതിരാപ്പൂവിറുത്ത് കൗമാരത്തില്‍
ആരെയോ കാത്തിരുന്നൊരൂഞ്ഞാലുകള്‍
കാലമോടുന്നു കൈവിരല്‍ത്തുമ്പിനാല്‍
കോലമിട്ട പകലും മറയുന്നു
രാവുറങ്ങവെ, രാപ്പാടിപാടവെ
തൂനിലാപ്പുഴയ്ക്കപ്പുറമപ്പുറം
മേഘനീലവിരിയിട്ടൊരാകാശലോക
മാകും നിഗൂഢതയ്ക്കപ്പുറം
വാക്കുണര്‍ന്ന് കവിതയായ് മാറുന്ന
ക്ഷേത്രവാതില്‍ തുറന്നുവരുന്നതും
കാത്തിരിക്കും ഋതുവിലെ വര്‍ഷാന്ത്യ
യാത്രയാണിത് തീര്‍ഥാടനമിത്
ചുറ്റിലും നെരിപ്പോടുകളെങ്കിലും
രക്തമിറ്റും മുറിവുകളെങ്കിലും
കത്തിയാളിപ്പിടഞ്ഞസത്യങ്ങളില്‍
രക്തസൂര്യന്റെ രോഷമുണ്ടെങ്കിലും
ഇത്തിരിനേരമീധ്യാനസന്ധ്യയില്‍
അസ്തമയമുണരുന്ന വേളയില്‍
ആതിരക്കുളിര്‍ പുല്‍ക്കൂടുകള്‍, സ്വര്‍ഗ്ഗ
വാതില്‍, നക്ഷത്രദീപയാത്രാവഴി
രാവില്‍ നിന്നും ജനുവരിയെത്തുന്ന
നീള്‍നിലാപ്പുഴയ്ക്കിങ്ങേക്കരയിലായ്
കായലോരത്ത് കാറ്റിന്‍ വയലിനില്‍
പാട്ടുപാടി മടങ്ങും ഡിസംബറില്‍
ഓര്‍മ്മകള്‍ വീണ്ടുമാരകക്കോലിന്റെ
സ്മാരകങ്ങളില്‍ ചിത്രം രചിക്കവെ
വാക്കിലെ നെരിപ്പോടിന്‍ കനലുകള്‍
യാത്രചൊല്ലിപ്പിരിഞ്ഞു പോയീടുന്നു
വാക്കിലെ മഞ്ഞുനീര്‍ക്കണപ്പൂവുകള്‍
പൂത്തുലയുന്നു പിന്നെയും പിന്നെയും
വാക്കില്‍ നിന്നും പുനര്‍ജനിച്ചീടുന്നു
നേര്‍ത്ത മേഘങ്ങള്‍ വെള്ളരിപ്രാവുകള്‍...
വാക്കില്‍ ധ്യാനാര്‍ദ്ധമാകുന്നൊരക്ഷരം
കാത്തിരിപ്പിന്‍ .ഋതുവായി മാറുന്നു.