ഫെയ്‌സ്ബുക്കില്‍ അനൂപ് എന്ന യുവാവ് എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ പേടി തോന്നി. ഒരു ശരാശരി സംഘിയുടെ മനസില്‍ ഇതൊക്കെയാണോ ഉള്ളത്?
ആ പോസ്റ്റ് അശ്ലീലവും പ്രകോപനപരവുമായതിനാല്‍ പ്രസിദ്ധീകരിക്കുന്നില്ല. അതില്‍ പറഞ്ഞതിന്റെ സാരാംശം ഇതാണ്. താണ ജാതിക്കാര്‍ മുസ്ലിംകളുടെ കൂടെ ചേര്‍ന്ന് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചാല്‍ നാളെ ഹിന്ദു രാഷ്ട്രം വരുമ്പോള്‍ 'അവരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടിയാല്‍ അത് കിട്ടാന്‍ പോകുന്നത് നിന്റെയൊക്കെ കുടുംബത്തിനും കൂടീയാകും. ഇപ്പോ കൂടെ നിന്നില്ലെങ്കില്‍ രാജ്യം ഒരു ഹിന്ദുത്വ രാഷ്ട്രമാകുമ്പോള്‍ ഈ പുണ്യഭൂമിയില്‍ വഴി നടക്കാന്‍ പോലും നിന്നെ പോലുള്ള അധമ ജാതികള്‍ക്ക് അവസരം തന്നെന്നു വരില്ല. ഓര്‍ത്തോ നീയൊക്കെ.'
പേടിച്ചോ? മുസ്ലിംകളെ ഓടിച്ച് അവരുടെ സ്വത്ത് കണ്ട് കെട്ടുമെന്നു കേരളത്തില്‍ ഒരു യുവാവ് ചിന്തിക്കുന്നു എന്നു വന്നാല്‍ എത്ര മാത്രം അവരുടെ മനസില്‍ വൈരാഗ്യം ഉണ്ടായിരിക്കണം? മസ്തിഷ്‌ക പ്രക്ഷാളനം ഭംഗിയായി നടന്നിരിക്കുന്നു
ക്രിസ്ത്യാനികള്‍ ഇതില്‍ പെടില്ലല്ലൊ എന്നു ചില ക്രിസ്ത്യാനികളെങ്കിലും വിചാരിക്കുന്നുണ്ടാവും. അയല്ക്കാരന്റെ പുരക്കു തീപിടിക്കുമ്പോള്‍ നമ്മുടെ പുരയും സുരക്ഷിതമല്ല എന്ന് ഓര്‍ക്കണം. ഗോള്‍വള്‍ക്കര്‍ മുഖ്യശത്രുകളായി കണ്ടത് മുസ്ലിം, ക്രിസ്ത്യാനി, കമ്യൂണിസ്റ്റ് എന്നീ മുന്‍ ഗണനയിലാണു. മുസ്ലിംകളെ ഒതുക്കിയാല്‍ ക്രിസ്ത്യാനികളെ കൈകാര്യം ചെയ്യാന്‍ വിഷമുണ്ടാവില്ല.
എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതു പോലെ അവസരവാദികളായ ക്രിസ്ത്യാനികള്‍ മിണ്ടാതിരിക്കും. മുസ്ലിമിനെ എതിര്‍ക്കുന്നവര്‍ ക്രിസ്ത്യാനിയെ അനുകൂലിക്കുമെന്നു കരുതേണ്ടതുണ്ടോ?
കേരളത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്നാല്‍ ഏകദേശം 45 ശതമാനം ജനസംഖ്യ വരും. അവരെ ഓടിച്ചാല്‍ അതു കൂടി മറ്റുള്ളവര്‍ക്ക് എടുക്കാമെന്നാണു അനൂപ് പറയുന്നത്! എന്തായാലും സത്യസന്ധമായി അഭിപ്രായം പറഞ്ഞ അനൂപിനെ അഭിനന്ദിക്കുകയാണു വേണ്ടത്. ഒന്നു പറഞ്ഞു വേറൊന്നു ചെയ്യുന്ന നേതാക്കളുടെ സ്വഭാവം കാണിച്ചില്ലല്ലൊ.
ഇപ്പോള്‍ ഈ പൗരത്വ രജിസ്റ്ററും അതിനു ഭേദഗതിയുമൊക്കെ കൊണ്ട് വന്നത് എന്തിനാണ്? കേരളത്തിലെ കാര്യമെടുക്കുക. ആരാണു കേരളീയരെന്നു എല്ലാവര്‍ക്കും അറിയാം. അതിനു സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ കുഴങ്ങിയതു തന്നെ.
കേരളത്തില്‍ പൗരത്വം സംശയമുള്ളവര്‍ ബംഗാളികളാണു. അവരൊടു പൗരത്വം ചോദിക്കാന്‍ കേരളത്തിലെ വില്ലേജ് ഓഫീസും, പഞ്ചായത്ത്/നഗരസഭ ഓഫീസും പ്രാദേശിക പോലീസ് സ്റ്റേഷനും പോരെ? അതൊ കേരളത്തിലെ ജനം മുഴുവന്‍ പഴയ കാല രേഖകള്‍ പരതി അതു കൊണ്ടു പോയി ഏതെങ്കിലും ഗുമസ്തനെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാലെ പൗരത്വം ആകൂ എന്നുണ്ടോ?
ചുമ്മാതിരിക്കുന്ന ആസനത്തില്‍ ചുണ്ണാമ്പു തേച്ച പരിപാടി ആയിരുന്നു നോട്ട് പിന്‍ വലിക്കല്‍. ആസനം പൊള്ളിപ്പോയി. ഇതാ അതിനേക്കാള്‍ വലിയ വിഡ്ഡിത്തവുമായി കേന്ദ്രം ഇറങ്ങിയിരിക്കുന്നു. പക്ഷെ ഇത്തവണ ജനത്തെ എളുപ്പം വിഡ്ഡികളാക്കാമെന്നു കരുതരുത്.
ഒരു രാജ്യത്തെ പൗരനു കൊടുക്കുന്നതാണ് പാസ്‌പോര്‍ട്ട്. പക്ഷെ പൗരത്വം തെളിയിക്കാന്‍ അതു പോരാ എന്നു പറഞ്ഞാല്‍ എന്തു ചെയ്യും?
നാലു ചക്രത്തിനു എങ്ങോട്ടും മറിയുന്ന ഉദ്യോഗസ്ഥരും പോലീസും ഉള്ള നാടാണ് ഇന്ത്യ. നീതിപൂര്‍വം കാര്യം നടക്കില്ല എന്നു വ്യക്തം.
വളരെ ബുദ്ധിമുട്ടി എന്തിനാണു പൗരത്വം തെളിയിക്കുന്നത്? വിദേശികള്‍ കുറച്ചു പേര്‍ ബംഗാളിലും ആസാമിലും കാണും അവിടെ പൗരത്വം തെളിയിച്ചാല്‍ പോരെ? ഉത്തരേന്ത്യയിലെ വ്രുത്തികേടെല്ലാം എന്തിനു ദക്ഷിണേന്ത്യയില്‍ അടിച്ചേല്പ്പിക്കുന്നു?
ഇനി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനു ആരാണ് എതിര്? ആകെ പറയുന്നത് അത് മതത്തിന്റെ അടിസ്ഥാനത്തില്‍ ആകരുത് എന്നു മാത്രം. തസ്ലീമ നസ്രീനെ പോലുള്ള മുസ്ലിംകള്‍ അവിടെ മതപീഡനം മൂലം ഇന്ത്യയില്‍ അഭയം പ്രാപിച്ചതാണ്. മതം മാത്രം നോക്കുമ്പോള്‍ അവര്‍ക്ക് യോഗ്യത ഇല്ലാതാവുന്നു.
അതിലുപരി ഇന്ത്യന്‍ മുസ്ലിംകള്‍ ഭീതിയിലാണെന്നതാണ് സത്യം. മുത്തലാക്ക്, ബാബരി മസ്ജിദ് വിധി, കശ്മീർ തുടങ്ങി ഒന്നിനു പുറകെ ഒന്നായി മുസ്ലിംകളെ ദോഷമായി ബാധിക്കുന്ന നടപടികള്‍ ഉണ്ടാവുന്നു. ഇങ്ങനെ പോയാല്‍ നിലനില്പ് തന്നെ അപകടത്തിലാവുമെന്നവര്‍ ഭയപ്പെടുന്നു. അവരെ കുറ്റം പറയണോ?