Image

കൃസ്തുമസ് സുദിനം (ഒരു കൃസ്തുമസ് സന്ദേശം) ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍

ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍ Published on 24 December, 2019
കൃസ്തുമസ് സുദിനം (ഒരു കൃസ്തുമസ് സന്ദേശം)  ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍
പരിശുദ്ധിയുടെ, നിഷ്‌കളങ്കതയുടെ, ആത്മാര്‍ത്ഥതയുടെ, പവിത്രമായ പ്രണയത്തിന്റെ  പ്രതീകമാണ് ഹിമകണങ്ങള്‍. കവികളും ഗായകരും കലാകാരന്മാരും സുതാര്യമായ ഹിമ ബിന്ദുക്കളെ നോക്കി വാചാലരാകുന്നു. മനുഷ്യന്റെ ചേതോവികാരങ്ങളെ ഹിമകണങ്ങളായി പ്രകൃതി ചൊരിയുന്ന ഡിസംബര്‍ മാസം. 

എട്ടു കലമാനുകളാല്‍ നയിയ്ക്കുന്ന ഹിമശകടത്തില്‍ സഞ്ചരിച്ച് കുട്ടികള്‍ക്ക് സമ്മാനവുമായി 'ഹോ ഹോ മെറി ക്രിസ്തുമസ്സ്' പാടി  എത്തുന്നു സാന്താ ക്‌ളോസ്. മഞ്ഞുതുള്ളികളില്‍ ഉഷസ്സും സന്ധ്യയും മറഞ്ഞിരിയ്‌ക്കേ അകലങ്ങളില്‍ നിന്നും എത്തിനോക്കുന്ന  അലംകൃതമായ പള്ളികുരിശുകള്‍. മഞ്ഞിന്റെ ആശ്ലേഷത്തില്‍ മയങ്ങി നിശബ്ദമായി ഉറങ്ങുന്ന പ്രകൃതിയെ തട്ടിയുണര്‍ത്തുന്ന പള്ളിമണികള്‍.  മഞ്ഞുമറയിലുടെ നടന്നു നീങ്ങുന്ന ഭക്തജനങ്ങള്‍.   മൂളിപ്പാട്ടും പാടി ഓടിനടക്കുന്ന  ധനുമാസകാറ്റിന്റെ കൈകളില്‍ തത്തികളിച്ച് ദേവാലയങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ഭക്തിസാന്ദ്രമായ കൂട്ടഭക്തിഗാനങ്ങള്‍.  ഒരു കൃസ്തുമസ് കൂടി സമാഗതമായി.!!

ഇടവഴികള്‍ക്കപ്പുറത്തും നിന്നും ജിംഗില്‍ ബെല്‍ ജിംഗില്‍ ബെല്‍ എന്ന് കേട്ടാല്‍ ഉറക്കം പോലും കളഞ്ഞു ക്രിസ്തുമസ്സ് അപ്പൂപ്പനെ കാണാന്‍ ഓടിയെത്തുന്ന ഹര്‍ഷാലോലരായ കുട്ടികള്‍.  നന്മകളും തിന്മകളും ഇടകലര്‍ന്ന വര്‍ഷത്തിന്റെ പരിണാമത്തില്‍ പരസ്പര വിദ്വേഷങ്ങള്‍ മറന്നു, പാപങ്ങളും, തെറ്റുകളും ഏറ്റുപറഞ്ഞു ഭൂമിയില്‍ ദൈവപുത്രന്റെ ജന്മദിനത്തിനായി കാത്തിരിയ്ക്കുന്ന ജനതയെ മാലാഖമാര്‍ ആകാശപരപ്പില്‍ നക്ഷത്രങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് നിരീക്ഷിയ്ക്കുന്നു. 

ഡിസംബറിനെ അലങ്കരിയ്ക്കാന്‍ ക്രിസ്തുമസ്സ് ചെടിയില്‍ പൊട്ടിവിരിയുന്ന രക്തവര്ണപുഷ്പങ്ങള്‍. അലങ്കാരവസ്തുക്കളാലും നക്ഷത്രവിളക്കുകളാലും അലങ്കരിക്കപ്പെട്ട  ക്രിസ്ത്യന്‍ ഭവനങ്ങളും, പള്ളി അങ്കണങ്ങളും. കാലില്‍തൊഴുത്തില്‍ പിറന്നുവീണ ദൈവപുത്രന്റെ ജനന സ്മരണയ്ക്കായി ദേവാലയങ്ങളിലും വീടുകളിലും ഒരുക്കുന്ന പുല്‍കൂടുകളും, ക്രിസ്തുമസ്സ് ട്രീകളും. മനസ്സിന്റെ വാതായനങ്ങള്‍ തുറക്കുമ്പോള്‍ പൊടിപറ്റാത്ത ഒരുപാട് ഓര്‍മ്മകള്‍ കണ്മുന്നിലൂടെ  മിന്നിമായുന്നു കുട്ടികാലത്ത് എന്റെ ഗ്രാമത്തില്‍  ക്രിസ്തുമസ് ഒരിയ്ക്കലും ഒരു ക്രിസ്തീയ ആഘോഷമായി തോന്നിയിട്ടില്ല. കാരണം ക്രിസ്തുമസ് കരോള്‍ പാടി വരുന്ന സംഘത്തിനൊപ്പമുള്ള കൃസ്തുമസ് അപ്പൂപ്പന്‍ ക്രിസ്താനികളുടെ അല്ല ഗ്രാമത്തിലെ     മുഴുവന്‍ കുട്ടികളുടെ ക്രിസ്മസ് അപ്പുപ്പനായിരുന്നു. ഗ്രാമത്തിന്റെ മടിത്തട്ടില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീമുകളും ഇടകലര്‍ന്നുണ്ടായിരുന്നുവെങ്കിലും, അവരെല്ലാവരും വേണ്ടുവോളം അഭ്യസ്തവിദ്യരല്ല എങ്കിലും അവരെ മതങ്ങള്‍ ഭരിച്ചിരുന്നില്ല, ഭ്രാന്തരാക്കിയിരുന്നില്ല, വൈരികളാക്കിയിരുന്നില്ല ഓരോരുത്തരും  അവര്‍ക്ക് ജന്മം നല്‍കിയ മതത്തിന്റെ വിശ്വാസങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു, പരസ്പരം മതങ്ങളെ ബഹുമാനിച്ചിരുന്നു. ക്രിസ്തീയ   ഭവനങ്ങളില്‍   തെളിഞ്ഞിരുന്ന നക്ഷത്രവിളക്കുകള്‍ ഹിന്ദുകുടുംബത്തിലെ അംഗമായ എന്നിലും ആഘോഷത്തിന്റെ ആനന്ദം പകര്‍ന്നിരുന്നു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ സമൂഹത്തെ കയ്യടക്കാതിരുന്ന ആ കാലഘട്ടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും അയച്ചിരുന്ന ക്രിസ്തുമസ്സ് ആശംസാകാര്‍ഡുകള്‍ ഞങ്ങളുടെയും പ്രതീക്ഷകളും ആനന്ദവും അതിലേറെ മനസ്സില്‍ ഒരുപാട് സ്‌നേഹത്തിന്റെ വിലമതിയ്ക്കുന്നതുമായിരുന്നു.

ക്രിസ്തുമസ്സ്  വെറുമൊരു ആഘോഷവും, ദൈവപുത്രന്റെ ജന്മദിനവുമല്ല. തിന്മയേയും, അനീതിയേയും വൈരാഗ്യങ്ങളെയും തോല്‍പ്പിച്ച് നീതി, ന്യായം,  നന്മ, പരസ്പരസ്‌നേഹം, ദയ എന്നീ വികാരങ്ങളെ മനുഷ്യ മനസ്സുകളില്‍ തൊട്ടുണര്‍ത്തുന്ന ഒരു സുദിനമാണ്. പുല്‍ക്കൂട്ടില്‍ പിറന്നുവീണ ദൈവപുത്രന്റെ ജന്മദിനാഘോഷം ആചരിയ്ക്കപ്പെടുമ്പോള്‍ മനുഷ്യമനസ്സില്‍ ജനിയ്‌ക്കേണ്ടത് നന്മയുടെയും, ദയയുടെയും, സത്യസന്ധതയുടെയും സന്ദേശമാണ്.  'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിയ്ക്കണം' എന്ന ക്രിസ്ത്യുവചനം നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനായ ക്രിസ്ത്യാനിയെയും സ്‌നേഹിയ്ക്കണം എന്ന് മനുഷ്യന്റെ മനോഭാവങ്ങള്‍ കൊണ്ട് മാറ്റിയെഴുതാന്‍ ഒരിയ്ക്കലും  ഇടവരാതിരിയ്ക്കണം. 

അയല്‍ക്കാരനെ സ്‌നേഹിയ്ക്കണം എന്ന ദൈവപുത്രന്റെ വചനം ഒരുപക്ഷെ അര്‍ത്ഥമാക്കിയത് അടുത്തുതാമസിയ്ക്കുന്നവരെ ആകാം, സമൂഹത്തിലുള്ളവരെ ആകാം, അയല്‍  സംസ്ഥാനങ്ങളെയാകാം, അയല്‍ രാജ്യങ്ങളെയാകാം. ബൈബിളിലെന്നല്ല ഏതൊരു മതഗ്രന്ഥങ്ങളിലും പറയപ്പെട്ടിരിയ്ക്കുന്ന വചനങ്ങള്‍ ഇടുങ്ങിയ വഴിയിലൂടെ ചിന്തിയ്ക്കാതെ വിശാലമായി മനുഷ്യനെ ചിന്തിപ്പിയ്ക്കുന്നതാണെന്നു കാണാം. അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ എടുക്കേണ്ടത് ഓരോ മതവിശ്വാസിയുടെയും മതങ്ങളുടെയും കര്‍ത്തവ്യമാണ്. മതങ്ങള്‍ വ്യക്തികളെ തിരിച്ചറിയാനുള്ള ഉപാധിയല്ല, പകരം മനുഷ്യനെ നന്മയിലേക്ക് നയിയ്ക്കാനുള്ള അദൃശ്യമായ വിശ്വാസമാണ്. 

ദൈവപുത്രന്റെ ജന്മദിനാഘോഷത്തിലൂടെ ജനിയ്‌ക്കേണ്ടത് തിന്മയെ തോല്‍പ്പിയ്ക്കുന്ന നന്മയാണ്, സ്വാര്‍ത്ഥതയെ തോല്‍പ്പിയ്ക്കുന്ന സൗഹാര്‍ദ്ദമാണ്, ദുഷ്ടതകളെ കീഴ്‌പ്പെടുത്തുന്ന കരുണയാണ്, മതവൈരാഗ്യങ്ങളെ മനുഷ്യമനസ്സില്‍ നിന്നും മായ്ക്കുന്ന പവിത്രമായ ഭക്തിയാണ്, ദുഖങ്ങളുടെ ഇരുട്ടില്‍ നിന്നും വഴികാണിയ്ക്കുന്ന നക്ഷത്രവിളക്കുകളാണ്, ജയപരാജയങ്ങളില്‍ പരസ്പരം കൈകോര്‍ക്കുവാന്‍ കഴിയുന്ന ഒരുമയാണ്. അശാന്തി ഉപേക്ഷിച്ച് സ്‌നേഹത്തിന്റെ വിഹായസ്സിലേക്ക് പറന്നുയരേണ്ട സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ്.

ഇമലയാളി കുടുംബത്തിലെ ഓരോ വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആനന്ദകരമായ കൃസ്തുമസ്സും, നന്മയുടെ പുതുവര്ഷവും ആശംസിക്കുന്നു.    
Join WhatsApp News
ജോർജ് പുത്തൻകുരിശ് 2019-12-24 11:05:28
"ക്രിസ്തുമസ്സ്  വെറുമൊരു ആഘോഷവും, ദൈവപുത്രന്റെ ജന്മദിനവുമല്ല. തിന്മയേയും, അനീതിയേയും വൈരാഗ്യങ്ങളെയും തോല്‍പ്പിച്ച് നീതി, ന്യായം,  നന്മ, പരസ്പരസ്‌നേഹം, ദയ എന്നീ വികാരങ്ങളെ മനുഷ്യ മനസ്സുകളില്‍ തൊട്ടുണര്‍ത്തുന്ന ഒരു സുദിനമാണ്. പുല്‍ക്കൂട്ടില്‍ പിറന്നുവീണ ദൈവപുത്രന്റെ ജന്മദിനാഘോഷം ആചരിയ്ക്കപ്പെടുമ്പോള്‍ മനുഷ്യമനസ്സില്‍ ജനിയ്‌ക്കേണ്ടത് നന്മയുടെയും, ദയയുടെയും, സത്യസന്ധതയുടെയും സന്ദേശമാണ്.  'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിയ്ക്കണം' എന്ന ക്രിസ്ത്യുവചനം നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനായ ക്രിസ്ത്യാനിയെയും സ്‌നേഹിയ്ക്കണം എന്ന് മനുഷ്യന്റെ മനോഭാവങ്ങള്‍ കൊണ്ട് മാറ്റിയെഴുതാന്‍ ഒരിയ്ക്കലും  ഇടവരാതിരിയ്ക്കണം. 

അയല്‍ക്കാരനെ സ്‌നേഹിയ്ക്കണം എന്ന ദൈവപുത്രന്റെ വചനം ഒരുപക്ഷെ അര്‍ത്ഥമാക്കിയത് അടുത്തുതാമസിയ്ക്കുന്നവരെ ആകാം, സമൂഹത്തിലുള്ളവരെ ആകാം, അയല്‍  സംസ്ഥാനങ്ങളെയാകാം, അയല്‍ രാജ്യങ്ങളെയാകാം. ബൈബിളിലെന്നല്ല ഏതൊരു മതഗ്രന്ഥങ്ങളിലും പറയപ്പെട്ടിരിയ്ക്കുന്ന വചനങ്ങള്‍ ഇടുങ്ങിയ വഴിയിലൂടെ ചിന്തിയ്ക്കാതെ വിശാലമായി മനുഷ്യനെ ചിന്തിപ്പിയ്ക്കുന്നതാണെന്നു കാണാം. അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ എടുക്കേണ്ടത് ഓരോ മതവിശ്വാസിയുടെയും മതങ്ങളുടെയും കര്‍ത്തവ്യമാണ്. മതങ്ങള്‍ വ്യക്തികളെ തിരിച്ചറിയാനുള്ള ഉപാധിയല്ല, പകരം മനുഷ്യനെ നന്മയിലേക്ക് നയിയ്ക്കാനുള്ള അദൃശ്യമായ വിശ്വാസമാണ്. "

അപരിമിതമായ, നിരുപാധികമായ സ്നേഹമായിരുന്നു യെരുശലേമിൽ ജനിച്ച യേശുവിന്റ ജീവിത സന്ദേശം.  അതിന്റെ അന്തസത്തയാണ് 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന ലക്ഷ്യപ്രഖ്യാപനത്തിൽ നാം കാണുന്നത് .   ഇതിന്റ വികസിത രൂപമാണ് മത്തായിയുടെ സുവിശേഷത്തിൽ കാണാൻ കഴിയുന്നത് "എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. "  ഇതിലൂടെ ഒരു 'പുതിയ ഭൂമിയും പുതിയ ആകാശവും' അദ്ദേഹം വിഭാവനം ചെയ്തത് . എന്നാൽ ഈ ക്രിസ്തുമസ്സ് ആഘോഷ തിമിർപ്പിൽ , ഞാനുൾപ്പടെ , അദ്ദേഹത്തിന്റ ജീവിത സന്ദേശത്തെ മുക്കി കളഞ്ഞവരാണ് .  നല്ല ഒരു ലേഖനത്തിലൂടെ വീണ്ടും ഞങ്ങളെ ക്രിസ്തുമസ്സിന്റെ യഥാർത്ഥമായ സന്ദേശത്തെക്കുറിച്ച് ഓർപ്പിച്ചതിന് . ശ്രീമതി . ജ്യോതിലക്ഷ്മി നമ്പ്യാർക്ക് നന്ദി 

Mathew V. Zacharia, New Yorker 2019-12-24 12:46:57
Joy this: Zacharia family from New York wish and bless you and your loved ones a very very merryChristmas and blessed and prosperous years of love.Mathew V. Zacharia of Kuttanad in New York.
amerikkan mollakka 2019-12-24 15:59:55
ഇങ്ങടെ പടം കണ്ടപ്പോ വേറെ ആരോ എന്ന് 
തോന്നി. പിന്നെ പേര് വായിച്ചപ്പോഴല്ലേ 
ഇമ്മടെ നമ്പ്യാര് കുട്ടിയാണെന്ന് മനസ്സിലായത്.
ഇങ്ങളൊരു സർവമത സ്നേഹിയാണ്. നല്ല 
ഖൽബ് ഉള്ളൊരു ഇ ലോകത്തിന്റെ പുണ്യം.നല്ലൊരു സന്ദേശമാണ് ഇങ്ങള് എയ്തിയിരിക്കുന്നത്. മനുജന്മാര് അതൊക്കെ ബായിക്കെങ്കിലും 
ചെയ്യുമല്ലോ.പടച്ചോൻ, അല്ല ഈശോ മിസിഹ തമ്പുരാൻ 
സർവരെയും കാത്തു രക്ഷിക്കട്ടെ. അപ്പൊ 
അസ്സലാമു അലൈക്കും. 

അലിയാര് 2019-12-24 17:57:26
ഇങ്ങടെ കൽബ് , നബിന്റെ കൽബ്, ശ്രീകൃഷ്ണന്റെ കൽബ് ഇതിന്റ ഒക്കെ ബാതില് ഇളക്കി മാറ്റി ബച്ചിരിക്കല്ലേ മൊല്ലാക്ക .  ഇങ്ങളെന്താണ് ബാക്ക്‌കൊണ്ടൊരു ചുറ്റി കളി . അല്ല മനസിലാകാഞ്ഞിട്ടു ചോദിച്ചതാ .  മൊഞ്ചുള്ള മൂന്നെണ്ണം ഇല്ലേ . ഇങ്ങള് ഇനി ആ കൽബിന്റെ ബാതില് പൂട്ടി ബച്ചേര് . അല്ലങ്കിൽ അബിടെ ബലിയ പൂക്കേറ് ഉണ്ടാകും .


പൂതി 2019-12-24 21:25:50
മൊല്ലാക്കേനെ നാട്ടാര് പിടിച്ച് സുന്നത്ത് കല്യാണം കയിപ്പിച്ചപ്പോ നേരെയാവുമെന്ന് പ്രതീച്ചേന്. എന്നിട്ടും പൂതി മാറിയിട്ടില്ല. ഇനിയെന്താ ചെയ്യെണ്ടെ പടച്ചോനേ?
Jyothylakshmy Nambiar 2019-12-25 11:10:05
 ശ്രീ മാത്യു സക്കറിയാ സാറിൻറെ ആശംസകൾക്ക് പ്രത്യേകം നന്ദി. ലേഖനം വായിച്ച് അഭിപ്രായം പറഞ്ഞു പ്രോത്സാഹിപ്പിച്ച ശ്രീ ജോർജ്ജ് തുമ്പയിൽ സാറിനും, മൊല്ലാക്കയ്ക്കും കൃതജ്ഞത അറിയിയ്ക്കട്ടെ 
Das 2019-12-25 12:36:16
Article on X'mas that too on the X'mas eve is fabulous, indeed ... Wish you & your family a joyous season. Cheers !
Giri Warrier 2019-12-26 01:23:46
കുറെ വര്ഷങ്ങളോളം നാട്ടിലെ പള്ളി ക്വയറിൽ അംഗമായിരുന്നു അതുകൊണ്ടുതന്നെ എല്ലാ ഞായറാഴ്ചകളിലും മറ്റു വിശേഷങ്ങൾക്കും കുർബാനയിൽ പങ്കെടുക്കാനുള്ള വലിയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ നിരവധി പള്ളികളിൽ ആ ക്വയറിന്റെ കൂടെ പോകാനും വിശേഷങ്ങൾക്ക് പങ്കു ചേരാനും കഴിഞ്ഞിട്ടുണ്ട്. ഒരു വെജിറ്റേറിയൻ ആയ എനിക്ക് പ്രത്യേക പച്ചക്കറി ഭക്ഷണം തയ്യാറാക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ കൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ ക്രിസ്തുമസും വരുമ്പോൾ ഓർമ്മകളിൽ പാതിരാകുർബാനയും, കൂട്ടുകാരുടെ സ്നേഹവും, കളിയും ചിരിയും എല്ലാം മനസ്സിൽ തെളിഞ്ഞുവരും.

മനസ്സിലെ നന്മയാണ് ഓരോ മതങ്ങളും പഠിപ്പിക്കുന്നത്, അതുണ്ടായാൽ മനസ്സുകൾക്കിടയിലുള്ള മതിലുകൾ ഇല്ലാതാവുന്നു. വളരെ നന്നായി എഴുതി. എല്ലാവര്ക്കും ഹ്യദയം നിറഞ്ഞ ക്രിസ്മസ് - നവവത്സരാശംസകൾ.
Girish Nair 2019-12-26 06:23:57
നല്ല വരികള്‍ കൊണ്ട് മികച്ച ആസ്വാദനം നല്‍കുന്ന ജ്യോതിലക്ഷ്മിയുടെ ക്രിസ്തുമസ് സന്ദേശം ഉന്നത നിലവാരം പുലര്‍ത്തി. ലളിതമായ ഭാഷയിൽ വായനക്കാർക്ക് ഇമ്പം പകരത്തക്ക വിധം പഴയ ഓർമ്മകൾ പൊടിതട്ടി യെടുത്ത്ഴുതിയിരിക്കുന്നു. വായനക്കാരെ തന്റെ ബാല്യകാലത്തേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു സുന്ദര ലേഖനത്തിനു അഭിനന്ദനങ്ങൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക