നല്ലവനായ ഒരു മനുഷ്യന്‍ മരിച്ച് ദൈവ സന്നിധിയില്‍ എത്തി. അദ്ദേഹം ചെയ്ത ഒരേ ഒരു തെറ്റ് ജീവിത കാലത്തിലൊരിക്കലും വിശുദ്ധ കുര്‍ബാനയുടെ അനുഭവത്തിലേക്ക് വന്നിട്ടില്ല എന്നുള്ളതായിരുന്നു. പക്ഷെ ദൈവം തമ്പുരാന്‍ ഇതൊരു അപരാധമായി കണക്കാക്കിയില്ല. അതു കൊണ്ട് അവിടെ വച്ചുതന്നെ കുര്‍ബാന നല്‍കി അയക്കുവിന്‍ തീരുമാനിച്ചു. അതിലേക്ക് ഒരു പട്ടക്കാരന്റെ ആവശ്യം ഉണ്ടല്ലോ. സ്വര്‍ഗ്ഗത്തില്‍ മുഴുവന്‍ പരതിയിട്ട് ഒരു അച്ചനെപ്പോലും കിട്ടിയില്ല. പിന്നെയുള്ള ഏക ആശ്രയം നരകമേയുള്ളല്ലോ. അവിടെ പരതേണ്ടി വന്നില്ല. എല്ലാ അച്ചന്‍മാരും അവിടെ ഉണ്ടായിരുന്നു. ആ വലിയ ബഹളത്തിനിടയില്‍ നിന്നു ഒരച്ചനെ കുപ്പായത്തില്‍ വലിച്ച് എടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ അച്ചന്‍ പറയുകയാണ്
' പതുക്കെ പിടിയടോ താഴെ ബിഷപ്പ് കിടക്കുന്നു'
ഇങ്ങനെ ഒരു കഥയുണ്ടാക്കാന്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനിക്കല്ലാതെ ആര്‍ക്ക് കഴിയും.
നൂറ്റിമൂന്നാം വയസിലേക്ക് കടക്കുമ്പോള്‍ പുഞ്ചിരിയോടെ ജീവിതം ആസ്വദിക്കയാണ് ക്രിസോസ്റ്റം തിരുമേനി. നൂറ്റി രണ്ട് ക്രിസ്മസ് രാവുകള്‍ ആഘോഷിച്ച തിരുമേനി ഈ വര്‍ഷം ക്രിസ്മസ് ആഘോഷിക്കുന്നത് കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലില്‍ ആണ്.
പ്രായാധിക്യത്തിലും പ്രസരിപ്പോടെ വിശ്രമജീവിതം നയിക്കുന്ന തിരുമേനി നന്മയുടെ ആള്‍രൂപമായി നമ്മുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം നൂറ്റിമൂന്നു വയസ്സിന്റെ നിറവിലാണ് .
തിരുമേനി നല്‍കിയ ക്രിസ്മസ് സന്ദേശങ്ങളുടെ കണക്കെടുത്താല്‍ എത്രയുണ്ടാകും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.അതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചാല്‍ നര്‍മ്മം കലര്‍ന്ന ഉത്തരമായിരിക്കും ഉടന്‍ അദ്ദേഹത്തിന്റെ നാവില്‍ നിന്നും വരിക . നൂറ്റി മൂന്ന് വയസിലേക്ക് അദ്ദേഹം കടക്കുമ്പോള്‍ ദൈവം ഒപ്പം നടക്കുന്ന ഒരാള്‍ ഇന്ന് മലയാളത്തില്‍ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ് .കേരളത്തിന്റെ സാമൂഹിക സാംസ്‌ക്കാരികരംഗത്ത് സജീവസാന്നിധ്യമായ ക്രിസോസ്റ്റം തിരുമേനി ചിരിയും ചിന്തയും സമന്വയിപ്പിക്കാന്‍ ഭൂമിയില്‍ വന്നിട്ട് നൂറ്റിരണ്ട് ക്രിസ്മസ് രാവുകള്‍ പിന്നിടുന്നു .
ദൈവത്തിന്റെ നിയോഗം. അങ്ങനെ വലിയ സൗഭാഗ്യങ്ങള്‍ ദൈവം നമുക്ക് നല്‍കുന്നു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ മതവും ജാതിയുമൊക്കെ ചര്‍ച്ചയായ കേരളത്തില്‍ തിരുമേനിയുടെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല. ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി; ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട് . ഒരു യോഗിവര്യന്റെ കര്‍മ്മപഥവും ജീവിത വീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇനി ആ ചിന്തകള്‍ക്കൊപ്പം മലയാളി നടന്നാല്‍ മാത്രം മതി . അദ്ദേഹം നമ്മുടെ മുന്നില്‍ നമ്മെക്കാള്‍ ഉര്‍ജ്ജസ്വലനായി നടന്നു നീങ്ങുന്നു.
അദ്ദേഹത്തെ അളന്നെടുക്കാന്‍ ഒരു കഥ പറയാം .അദ്ദേഹം റെയില്‍വേ പോര്‍ട്ടര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന കാലം .
പെട്ടിയെടുക്കാന്‍ ഒരിക്കല്‍ ഒരു വലിയ ഉദ്യോഗസ്ഥനോട് പ്രതിഫലം ആവശ്യപ്പെട്ടു. നിയമം അനുവദിക്കുമെങ്കില്‍ തരാമെന്ന അദ്ദേഹത്തിന്റെ മറുപടി. ആ ഉദ്യോഗസ്ഥന്റെ പെട്ടി എടുത്തു വയ്ക്കാന്‍ 20 മിനിട്ട് വേണം. ഇതിനായി ഉദ്യോഗസ്ഥന്‍ 20 മിനിട്ട് ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന വേതനം വേണമെന്നായി തിരുമേനി. ഇത് കേട്ട് ഉദ്യോഗസ്ഥന്‍ തന്റെ ബുദ്ധിയെ പുകഴ്ത്തിയപ്പോള്‍ പറഞ്ഞ മറുപടിയും രസകരമായി അവതരിപ്പിച്ചു അദ്ദേഹം. ബുദ്ധിയുണ്ടായിരുന്നേല്‍ സാര്‍ എന്റെ സ്ഥാനത്തും ഞാന്‍ സാറിന്റെ സ്ഥാനത്തും ഇരുന്നേനെ. സംഭാഷണം അല്‍പ സമയം നീണ്ടു. ഇതോടെ ചോദിക്കുന്നതെന്തും നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാഗ്ദാനം. ഇതുകേട്ടതോടെ ഒന്നും വേണ്ട ഈ മനസ്സ് മതിയെന്നായി ഉത്തരം. പരസ്പരം ആവശ്യങ്ങളറിഞ്ഞ് സഹായിക്കുന്നവരുടെ ലോകം തങ്ങള്‍ക്കിടയില്‍ രൂപം കൊണ്ടതായി ഇരുവരും തിരിച്ചറിഞ്ഞു. ഇത്തരത്തില്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തന്റെ ആവശ്യങ്ങളായി കരുതുന്നവരുടെ ലോകം വരണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പൂര്‍ണ്ണമായും വിശ്രമജീവിതത്തില്‍ ആണെങ്കിലും റിട്ടയര്‍ ചെയ്താല്‍ പലരുടേയും തിരക്ക് കുറയുമെന്ന് വയ്പ്പ് . അപൂര്‍വ്വം ചിലര്‍ക്ക് തിരക്ക് കൂടും. അക്കൂട്ടത്തിലാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. തിരുമേനിയുടെ ഡയറി നോക്കുന്നവര്‍ അന്തംവിട്ടു പോകും. ചില ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് എട്ടു മണിവരെയുള്ള പരിപാടികളില്‍ വിശ്രമമില്ലാതെ പങ്കെടുക്കുവാന്‍ മടിയില്ലാത്ത പ്രായമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ അദ്ദേഹത്തിന്റേത്.
8 വര്‍ഷം മുമ്പ് എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തു വരവേ തിരുമേനിക്കു ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
''തിരുമേനി ഒരു ദിവസം രണ്ടു പ്രോഗ്രാമില്‍ കൂടുതല്‍ എടുക്കരുത്.'' ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു. ''ജനത്തെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. പരിപാടികളില്‍ എന്നെ സ്വാഗതം ചെയ്തുകൊണ്ട് ഒരു പ്രസംഗമുണ്ട്. എനിക്ക് ഇല്ലാത്തതും ഉള്ളതുമായ എല്ലാ മേന്മകളും തട്ടിവിടും. സാറെ ഇത് കേള്‍ക്കുന്നത് എനിക്കൊരു സന്തോഷമാണ്. പറയുന്ന പകുതിയും സത്യമല്ലാത്തതിനാല്‍ സ്വാഗത പ്രസംഗകന്‍ സ്വര്‍ഗ്ഗത്തില്‍ പോകത്തില്ലായെന്നറിയാം. പക്ഷെ എനിക്ക് അതൊരു ആവേശമാ''.
പരിപൂര്‍ണ്ണമായും വിശ്രമ ജീവിതം നയിക്കുന്ന ക്രിസോസ്റ്റം തിരുമേനിയെ സന്ദര്‍ശിക്കുവാന്‍ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലേക്ക് അനവധി ആളുകള്‍ ദിവസവും വരാറുണ്ട് . ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും മുന്‍പൊക്കെ അദ്ദേഹം എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു .തന്റെ സന്ദര്‍ശകരില്‍ പലരേയും ആദ്യമായി കാണുന്നതായിരിക്കും. എന്നാലും അദ്ദേഹം താല്‍പ്പര്യപൂര്‍വം അവരുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കും . പ്രവര്‍ത്തന മേഖലകളെ കുറിച്ച് ആരായും. സംശയങ്ങള്‍ ചോദിക്കും. പുതിയ കാര്യങ്ങള്‍ മനസിലാക്കും.
തിരുമേനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ''എന്റെ തല പഴയ താണ്. പഴയ കാര്യങ്ങള്‍ എനിക്ക് മനസിലാകും. പുതിയ കാര്യങ്ങള്‍ ഞാന്‍ മനസിലാക്കുന്നത് എന്നോട് സംസാരിക്കുവാന്‍ വരുന്നവരിലൂടെയാണ്. അതാണ് ഞാന്‍ പ്രസംഗത്തിലൂടെ തട്ടി വിടുന്നത്. തിരുമേനിക്ക് വലിയ വിവരമുണ്ടെന്ന് പലരും കരുതും. എന്റെ വിവരം മിടുക്കരായ ചെറുപ്പക്കാര്‍ നല്‍കുന്നതാണ്.''
മന്ത്രി ആയിരിക്കെ മുല്ലക്കര രത്നാകരന്‍ തിരുമേനിയോട് കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ കുട്ടികളുടെ കരിക്കുലത്തില്‍ കൃഷിക്ക് പ്രാധാന്യം നല്‍കി അവതരിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാം കേട്ട തിരുമേനി അടുത്ത ദിവസം ഒരു സ്‌കൂള്‍ വാര്‍ഷികത്തിന് പ്രസംഗിച്ചപ്പോള്‍ ഇവ ഭംഗിയായി അവതരിപ്പിച്ചു. തിരുമേനിയുടെ വാക്കുകളില്‍ ''എന്റെ പ്രസംഗം മുഴുവനും വല്ലവരും പറഞ്ഞ കാര്യങ്ങളാ.''
തന്നെ സന്ദര്‍ശിക്കുന്നവരെ തിരുമേനി സൂക്ഷ്മമായി നിരീക്ഷിക്കും. അവരിലെ നന്മ മടി കൂടാതെ പറയും. അതുകൊണ്ടാകാം, ജാതിമതരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും തിരുമേനിയെ ഇഷ്ടപ്പെടുന്നതും.
വലിയ തിരുമേനിയുടെ അടുത്ത് ഒരിക്കലെങ്കിലും ചെന്നുപെട്ടിട്ടുള്ളവരെല്ലാം അദ്ദേഹത്തിന്റെ നര്‍മ ഭാഷണ സുഖം അനുഭവിച്ചിട്ടുണ്ടാവും. പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ കോഴിയെ ലേലത്തില്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍, നേര്‍ച്ചക്കോഴിയെ കണ്ടിച്ചു കറിവച്ച്, ഒപ്പം സേവിക്കാന്‍ ബ്രാന്‍ഡിക്കടയില്‍ നിന്നു മദ്യവും വാങ്ങിക്കുടിച്ച ശേഷം, ചെലാവാകാതിരുന്ന മുതല്‍ ചെലവാക്കാന്‍ ഉണ്ടായ ചെലവ് എന്നു കണക്കെഴുതി വച്ച കൈക്കാരനെ കൈയോടെ പിടികൂടുന്നതാണ് അദ്ദേഹത്തിന്റെ ഫലിത സ്‌റ്റൈല്‍.
എന്തൊക്കെ നല്ല കാര്യം ചെയ്താലും ഒപ്പമുണ്ടായിരുന്ന കുശിനിക്കാരനെ വല്ലാതെ ശകാരിക്കുമായിരുന്ന വൈദികനെക്കുറിച്ചും (അതു തിരുമേനി തന്നെയെന്നും വ്യംഗ്യം) മാര്‍ ക്രിസോസ്റ്റം വിസ്തരിച്ചിട്ടുണ്ട്. ഒരിക്കല്‍ മാനസാന്തരപ്പെട്ട വൈദികന്‍ കുശിനിക്കാരനെ വിളിച്ചു ചേര്‍ത്തു നിര്‍ത്തി. എന്നിട്ടു വളരെ ശാന്തനായി പറഞ്ഞു. നീ ഇവിടെ വളരെ കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ഞാനെപ്പോഴും നിന്നെ വഴക്കു പറയുന്നു. വലിയ തെറ്റാണു ഞാന്‍ ചെയ്തത്. ഇനി ഏതായാലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. നിന്നെ ഇനി ഒരിക്കലും വഴക്കു പറയില്ല.
തിരുമേനിയുടെ കുമ്പസാരത്തില്‍ കുശിനിക്കാരനും മാനസാന്തരമുണ്ടായി. അയാള്‍ പറഞ്ഞു. ശരി തിരുമേനി, അങ്ങ് എന്നെ ഇനി വഴക്കു പറയില്ലെന്ന് ഉറപ്പാണെങ്കില്‍ ഞാനും ഒരുറപ്പു തരുന്നു. അങ്ങേയ്ക്കു വിളമ്പി വയ്ക്കുന്ന ഭക്ഷണത്തില്‍ ഇനി മേലില്‍ ഞാന്‍ തുപ്പി വയ്ക്കില്ല..! തിരുമേനി ഫ്‌ളാറ്റ്. ഇത്തരം ഫലിതങ്ങള്‍ പറഞ്ഞു പറഞ്ഞു പതം വന്നപ്പോള്‍ തിരുമേനിയുടെ ഇഷ്ടക്കാര്‍ അതൊരു പുസ്തകമാക്കി.
ക്രിസോസ്റ്റം ഫലിതങ്ങള്‍ എന്ന പേരില്‍ പുസ്തകമിറക്കി സൂപ്പര്‍ ഹിറ്റ് ആക്കുകയും ചെയ്തു. തിരുമേനി പറഞ്ഞ കഥകള്‍ എത്രയോ പുറത്തു വരാനിരിക്കുന്നു ...
എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ ...
തിരുമേനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്
ദൈവം ഒപ്പം നടക്കുന്ന തിരുമേനിക്ക് നൂറ്റി രണ്ടാം ക്രിസ്മസിന് E-മലയാളിയുടെ ആശംസകള്‍ ..